നമ്മുടെ ബാങ്ക് അക്കൌണ്ടിലുള്ള നിക്ഷേപത്തിന് എത്ര രൂപയാണ് മാസാമാസം പലിശയായി വരവുവെച്ചിട്ടുള്ളതെന്ന് നമ്മളില്‍ എത്രപേര്‍ക്കറിയാം?
കുറേപ്പേര്‍ക്കെങ്കിലും അറിയാമായിരിക്കും. കുറെപ്പേരെങ്കിലും പാസ്‌ബുക്ക് കൃത്യമായി പരിശോധിക്കുന്നുമുണ്ടാകും.
പക്ഷേ, എങ്ങിനെയാണ് പലിശ കണക്കാക്കുന്നതെന്നും വരവുവെക്കുന്നതെന്നും എത്രപേര്‍ക്കറിയാം?
പലര്‍ക്കും അറിയില്ല എന്നതാണ് വാസ്തവം.
2007 മെയിലെ റിസര്‍വ് ബാങ്ക് ബുള്ളറ്റിന്‍ അനുസരിച്ച് വിവിധ വാണിജ്യ ബാങ്കുകളിലായി 32 കോടി ബാങ്ക് അക്കൌണ്ടുകളാണുള്ളത്. ഇവയിലെല്ലാമായി 4,30,000 കോടി രൂപയുടെ നിക്ഷേപം ഉണ്ട്.
മിക്കവാറും ബാങ്കുകള്‍ പലിശ കണക്കാക്കുന്നത് ഓരോ മാസത്തിലേയും പത്താം തീയതിക്കും മുപ്പത്/ മുപ്പത്തിഒന്ന് തീയതിക്കും ഇടയിലുള്ള ദിവസങ്ങളിലെ ഏറ്റവും കുറഞ്ഞ നിക്ഷേപത്തുകയ്ക്കാണ്.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ വെബ് സൈറ്റ് നോക്കുക.
കണക്കിലെ കളി മനസ്സിലാക്കുവാന്‍ നമുക്കൊരു ഉദാഹരണം പരിശോധിക്കാം.
നിങ്ങളുടെ അക്കൌണ്ടില്‍ ഏപ്രില്‍ പത്തിനു ബാലന്‍സ് ഒന്നുമില്ല എന്നു കരുതുക. പതിനൊന്നാം തീയതി നിങ്ങള്‍ 1,00,000 രൂപ നിക്ഷേപിക്കുന്നു. അതിനുശേഷം മെയ് 31ന് ആ തുക മുഴുവനായും പിന്‍വലിക്കുന്നു എന്നും കരുതുക.
അങ്ങിനെയെങ്കില്‍ ഇടയിലുള്ള 51 ദിവസത്തിനു നിങ്ങള്‍ക്ക് എത്ര പലിശ ലഭിക്കും?
ഞെട്ടണ്ട...ഒറ്റപൈസ പോലും ലഭിക്കുകയില്ല. :-(കാരണം.....
ബാങ്കിന്റെ കണക്കു പ്രകാരം ഏപ്രില്‍ 10നും(ബാലന്‍സ് പൂജ്യം രൂപ ) ഏപ്രില്‍ 30നും(ബാലന്‍സ് ഒരു ലക്ഷം രൂപ) ഇടയിലെ ഏറ്റവും കുറഞ്ഞ ബാലന്‍സ് ഏപ്രില്‍ 10നാണ്. പൂജ്യം രൂപ.
അതുകൊണ്ട് ഏപ്രില്‍ മാസത്തില്‍ നിങ്ങള്‍ക്ക് പലിശ ഇല്ല. ഓക്കെ?
ഇനി മെയ് മാസത്തെ കാര്യമെടുത്താലോ?
മെയ് 10നും ( ബാലന്‍സ് ഒരു ലക്ഷം രൂപ) മെയ് 31നും (ബാലന്‍സ് പൂജ്യം രൂപ) ഇടയിലെ ഏറ്റവും കുറഞ്ഞ നിക്ഷേപം മെയ് 31 നാണ്. അതും പൂജ്യം രൂപ.
അതുകൊണ്ടു മെയ്‌മാസത്തിനും നിങ്ങള്‍ പലിശക്ക് അര്‍ഹനല്ല.
ചുരുക്കത്തില്‍ ഒരു നയാ പൈസ പോലും പലിശ തരാതെ നിങ്ങളുടെ ഒരു ലക്ഷം രൂപ ബാങ്ക് 51 ദിവസം ഉപയോഗിക്കുന്നു. ഈ പലിശരഹിത നിക്ഷേപം പലിശക്ക് കൊടുത്ത് ബാങ്കുകള്‍ തങ്ങളുടെ ലാഭം വര്‍ദ്ധിപ്പിക്കുന്നു. ഒരു പക്ഷെ, ബാങ്കുകളുടെ ലാഭത്തിലെ ഒരു പ്രധാന ഭാഗം ഇതായിരിക്കും.
ഇനി നിങ്ങള്‍ ഒരു മിടുക്കനാണെന്നു കരുതുക.
ഏപ്രില്‍ 11നു പകരം ഏപ്രില്‍ 10നു ഒരു ലക്ഷം രൂപ നിക്ഷേപിക്കുന്നു. എന്നിട്ട് മെയ് 1ന് അത് പിന്‍വലിക്കുന്നു.
ഏപ്രില്‍ 10നും ഏപ്രില്‍ 30നും ഇടക്ക് നിങ്ങളുടെ അക്കൌണ്ടിലെ ഏറ്റവും കുറഞ്ഞ നിക്ഷേപം 1 ലക്ഷം രൂപ.
ബാങ്കിന്റെ കണക്കനുസരിച്ച് നിങ്ങള്‍ ഒരു ലക്ഷം രൂപയുടെ പലിശക്ക് അര്‍ഹനാണ്
അതായത് 20 ദിവസം അക്കൌണ്ടില്‍ ഒരു ലക്ഷം രൂപ നില നിര്‍ത്തിയതിനു നിങ്ങള്‍ക്ക് മുഴുവന്‍ മാസത്തിനും പലിശ ലഭിക്കുന്നു.
കൃത്യമായി പറഞ്ഞാല്‍, 3.5% പലിശയുള്ള സേവിങ്ങ്സ് ബാങ്ക് അക്കൌണ്ടിനു നിങ്ങള്‍ക്ക് 5.425% പലിശ ലഭിക്കുന്നു.
സാങ്കേതിക വിദ്യ ഇത്രയും പുരോഗമിച്ചിട്ടുള്ള ഇക്കാലത്തും ഈ പഴഞ്ചന്‍ പലിശകണക്കാക്കല്‍ സമ്പ്രദായം തുടരണോ എന്ന ചോദ്യം ഉയരുന്നുണ്ട്. ബാങ്കുകള്‍ക്ക് ഇത് സൌകര്യപ്രദവും(ലാഭകരവും :) ) ആണെങ്കിലും നിക്ഷേപകര്‍ക്ക് നഷ്ടം തന്നെയാണ്.
അപ്പോ...ഏറ്റവും കൂടുതല്‍ പലിശ ലഭിക്കുവാന്‍ എന്തു ചെയ്യണം?
ഓരോ മാസത്തിലേയും പത്താം തീയതിക്കും അവസാന തീയതിക്കും ഇടയില്‍ നിക്ഷേപം പൂര്‍ണ്ണമായി നിലനിര്‍ത്തുക. പണം പിന്‍വലിക്കുന്നത് മാസത്തിലെ അവസാന ദിവസത്തിനുശേഷം മാത്രം ചെയ്യുക.
പിന്നെ, ആവശ്യത്തിനുള്ള പണം മാത്രം സേവിങ്ങ്സ് ബാങ്കില്‍ നിലനിര്‍ത്തി ബാക്കിയൊക്കെ ഉയര്‍ന്ന പലിശ ലഭിക്കുന്ന സ്ഥിര നിക്ഷേപങ്ങളിലേക്ക് മാറ്റുക... :)
അവലംബം: ഒരു റീഡിഫ് ഡോട്ട് കോം ലേഖനം