Sunday, November 1, 2009

നെഗറ്റീവ് ലിസ്റ്റുണ്ടോ സഖാവേ, ആസിയാന്‍ കരാറൊപ്പിടാന്‍‍?

ആസിയാന്‍ കരാറിനോടനുബന്ധിച്ച് നെഗറ്റീവ് ലിസ്റ്റുണ്ടോ ഉണ്ടെങ്കില്‍ തന്നെ അക്കാര്യത്തില്‍ തീരുമാനമായോ എന്ന വിഷയം ഇത്തിരി കണ്‍ഫ്യൂഷനുണ്ടാക്കിക്കൊണ്ടിരിക്കുകയാണ്. ഉണ്ടെന്ന് ചാണ്ടിയും കൂട്ടരും, ഇല്ലെന്ന് ഇടതുപക്ഷവും പറയുന്ന ലിസ്റ്റിനെപ്പറ്റി അന്നും ഇന്നും ഒക്കെയായി വന്ന ചില വാര്‍ത്തകളും പ്രസ്താവനകളും പരിശോധിക്കുന്നത് രസകരമായിരിക്കും.

ഇക്കഴിഞ്ഞ ദിവസം ഉമ്മന്‍ ചാണ്ടി പറഞ്ഞത് ഇതായിരുന്നു. വീക്ഷണത്തില്‍ നിന്നുള്ള വാര്‍ത്തയാകുമ്പോള്‍ വിശ്വസനീയത കൂടുമെന്നതിനാല്‍ അതു തന്നെ വായിക്കാം.

ആലപ്പുഴ: ആസിയാന്‍ കരാറുമായി ബന്ധപ്പെട്ട നെഗേറ്റെവ്‌ ലിസ്റ്റില്ലെന്ന്‌ തന്നെ ധരിപ്പിച്ചത്‌ ദേശാഭിമാനി ലേഖകനാണെന്ന മുഖ്യമന്ത്രിയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ തെറ്റായ വസ്തുത എവിടെ നിന്ന്‌ ലഭിച്ചെന്ന്‌ ലേഖകന്‍ വ്യക്തമാക്കണമെന്ന്‌ പ്രതിപക്ഷ നേതാവ്‌ ഉമ്മന്‍ ചാണ്ടി പറഞ്ഞു. ആരോപണമുന്നയിക്കുന്നവരെ അതു തെളിയിക്കാന്‍ താന്‍ വെല്ലുവിളിയ്ക്കുകയാണന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആലപ്പുഴ പ്രസ്ക്ലബ്ബില്‍ നടന്ന മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഉമ്മന്‍ ചാണ്ടി.

ആസിയാന്‍ കരാറില്‍ നെഗേറ്റെവ്‌ ലിസ്റ്റില്ലന്ന്‌ പ്രധാനമന്ത്രിക്കൊപ്പം യാത്ര ചെയ്ത ദേശാഭിമാനിയുടെ ലേഖകന്‍ തന്നോട്‌ പറഞ്ഞെന്നാണ്‌ മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞത്‌. നെഗേറ്റെവ്‌ ലിസ്റ്റു സംബന്ധിച്ച്‌ ചര്‍ച്ച നടക്കുന്നതെയുള്ളുവെന്നു വാണിജ്യകാര്യ സെക്രട്ടറി എന്‍.രവി പറഞ്ഞുവെന്ന ഇവരുടെ പ്രചരണവും തെറ്റാണ്‌.വാണിജ്യമന്ത്രാലയത്തില്‍ രവി എന്നു പേരുള്ള ആള്‍ ഇല്ല. ജനുവരി ഒന്നിനു കരാര്‍ നടപ്പാകുമ്പോള്‍ ഒപ്പം നെഗേറ്റെവ്‌ ലിസ്റ്റും ഉണ്ടാകും ഇതില്‍ തര്‍ക്കമില്ലന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

ഇതില്‍ നിന്നും വ്യക്തമാകുന്ന കാര്യങ്ങള്‍..

1. ആസിയാന്‍ കരാറിനോടനുബന്ധിച്ച് നെഗറ്റീവ് ലിസ്റ്റ് ഉണ്ട്.
2. നെഗറ്റീവ് ലിസ്റ്റിനെക്കുറിച്ച് ചര്‍ച്ച നടക്കുന്നെ ഉള്ളൂവെന്ന് വാണിജ്യകാര്യ സെക്രട്ടറി എന്‍. രവി പറഞ്ഞിട്ടില്ല.
3. എന്‍. രവി എന്നൊരു ഉദ്യോഗസ്ഥന്‍ വാണിജ്യമന്ത്രാലയത്തില്‍ ഇല്ല.
4. മുഖ്യമന്ത്രിയെ പാര്‍ട്ടി പത്രപ്രവര്‍ത്തകന്‍ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു.

ഇവ ഓരോന്നായി പരിശോധിക്കാം.

1. ആസിയാന്‍ കരാറിനോടനുബന്ധിച്ച് നെഗറ്റീവ് ലിസ്റ്റ് ഉണ്ട്. 2. നെഗറ്റീവ് ലിസ്റ്റിനെക്കുറിച്ച് ചര്‍ച്ച നടക്കുന്നെ ഉള്ളൂവെന്ന് വാണിജ്യകാര്യ സെക്രട്ടറി എന്‍. രവി പറഞ്ഞിട്ടില്ല.

ഉണ്ടോ ഇല്ലയോ എന്ന കാര്യം വ്യക്തമല്ല. ഇനി അഥവാ ലിസ്റ്റ് ഉണ്ടെങ്കില്‍ തന്നെ അത് അംഗീകരിക്കപ്പെട്ടിട്ടില്ല. കാരണം 24 ഒക്ടോബര്‍ 2009നു നടന്ന പ്രസ് ബ്രീഫിങ്ങില്‍ ചോദിച്ച ഒരു ചോദ്യവും ഉത്തരവും നോക്കുക.

Question: Two questions. In any of these ASEAN-India meetings, was there a demand for pruning the negative list which is already there? Secondly, there is the ASEAN Chairman‘s statement which says that there is an India-ASEAN Business Advisory Council to be formed. There is no mention about that in PM‘s speech or anywhere else.

Secretary (East): The Business Advisory Council is actually an ASEAN suggestion to which we have agreed. It used to meet quite regularly but after the discussions on the FTA started, there were certain delays in getting all the business people together. But now it will begin again. So, that revival is more or less on the cards. As regards negative list, from what little I have gathered, as against India‘s one list, ASEAN has ten lists. So, there has to be some degree of coordination. That is why I think some amount of delay is being encountered. But the desire of both sides is to move ahead but some amount of delay perhaps cannot be avoided.

സെക്രട്ടറിക്കു കിട്ടിയ പരിമിതമായ വിവരം അനുസരിച്ച് ഒന്നിനു പകരം 10 ലിസ്റ്റുണ്ടെന്നാണ് പറയുന്നത്। അവ തമ്മില്‍ പൊരുത്തപ്പെടുത്താനുള്ള ചര്‍ച്ച നടക്കുകയാണ് സ്വാഭാവികമായും തര്‍ക്കമുണ്ടാകും। തര്‍ക്കം പരിഹരിക്കാതെ നെഗറ്റീവ് ലിസ്റ്റിന്റെ കാര്യത്തില്‍ ഒരു ഉറപ്പും പറയാനാവില്ല. അതുകൊണ്ടായിരിക്കണം ചില കാലതാമസം ഉണ്ടാകുന്നത്. എന്നാണദ്ദേഹം പറയുന്നത്.

3. എന്‍. രവി എന്നൊരു ഉദ്യോഗസ്ഥന്‍ വാണിജ്യമന്ത്രാലയത്തില്‍ ഇല്ല. 4. മുഖ്യമന്ത്രിയെ പാര്‍ട്ടി പത്രപ്രവര്‍ത്തകന്‍ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു.

മുകളിലെ ചോദ്യത്തിനു ഉത്തരം നല്‍കിയ ഉദ്യോഗസ്ഥന്റെ പേര്‍ എന്‍. രവി എന്നു തന്നെയാണ്. ഈ ലിങ്ക് നോക്കുക. ഇന്ത്യന്‍ വിദേശവകുപ്പിലെ പൌരസ്ത്യരാജ്യങ്ങളുടെ ചുമതലയുള്ള സെക്രട്ടറിയാണ് ശ്രീ. എന്‍. രവി. ആ നിലയ്ക്ക് ഉമ്മന്‍ ചാണ്ടിയുടെ വെല്ലുവിളി കാര്യങ്ങള്‍ ശരിക്ക് അറിയാതെയോ അതോ എന്ത് പറഞ്ഞാലും എതിര്‍ ചോദ്യങ്ങളില്ലാതെ പത്രങ്ങള്‍ അവ പ്രചരിപ്പിച്ചുകൊള്ളും എന്ന ധൈര്യത്തിലോ? പാര്‍ട്ടി പത്രപ്രവര്‍ത്തകന്‍ ഒരു തെറ്റിദ്ധരിപ്പിക്കലും നടത്തിയിട്ടില്ല എന്നതും വ്യക്തമാണല്ലോ.

നെഗറ്റീവ് ലിസ്റ്റുണ്ടോ വൈകുമോ അവസാനം ഇല്ല എന്നു വരുമോ എന്ന തര്‍ക്കം മാറ്റി വെക്കുക. എന്നിട്ട് കുറച്ച് കാലം മുന്‍പ് വരെ ഉമ്മന്‍ ചാണ്ടിയും വലതുപക്ഷ നേതാക്കളും ആവര്‍ത്തിച്ചു പറഞ്ഞിരുന്ന ഒരു കാര്യത്തിലേക്ക് ഒന്ന് കണ്ണോടിക്കുക. വീക്ഷണത്തില്‍ ഉമ്മന്‍ ചാണ്ടി എഴുതിയ ലേഖനത്തില്‍ നിന്നൊരു ഭാഗം:
.....റബറും മത്സ്യോല്‍പന്നങ്ങളും നെഗേറ്റെവ്‌ ലിസ്റ്റിലാണ്‌. ഇന്ത്യയ്ക്കു മാത്രമാണ്‌ നെഗേറ്റെവ്‌ ലിസ്റ്റ്‌ അനുവദിച്ചത്‌. രാജ്യത്തിനു ഹാനികരമാണെങ്കില്‍ ഒരു വര്‍ഷത്തെ നോട്ടീസ്‌ നല്‍കി ആസിയാന്‍ കരാറില്‍ നിന്നു പിന്മാറാം (ആര്‍ട്ടിക്കിള്‍ 9). ഇറക്കുമതിമൂലം തദ്ദേശീയ ഉല്‍പന്നത്തിനു പ്രതിസന്ധി ഉണ്ടായാല്‍ നാലു വര്‍ഷത്തേക്ക്‌ ആ ഉല്‍പന്നത്തിന്റെ ഇറക്കുമതി നിയന്ത്രിക്കാം (ആര്‍ട്ടിക്കിള്‍ 10). 15 വര്‍ഷത്തേക്ക്‌ ഈ വകുപ്പിനു പ്രാബല്യമുണ്ട്‌. ഇറക്കുമതി നിയന്ത്രിക്കാന്‍ ആന്റി ഡമ്പിംഗ്‌ ഡ്യൂട്ടി ചുമത്താം. പരസ്പര ധാരണ പ്രകാരം കരാര്‍ വ്യവസ്ഥയില്‍ ഭേദഗതി വരുത്താനും കഴിയും (ആര്‍ട്ടിക്കിള്‍ 21).

ഉമ്മന്‍ ചാണ്ടി കുറച്ച് കാലം മുന്‍പ് എഴുതിയ ഈ ലേഖനത്തില്‍ പറയുന്നത് ഇന്ത്യക്ക് മാത്രമേ നെഗറ്റീവ് ലിസ്റ്റ് അനുവദിച്ചിട്ടുള്ളൂ എന്നാണ്। അങ്ങിനെ അല്ല എന്ന് ഈ ഒക്ടോബറില്‍ നമുക്ക് മനസ്സിലായി. പത്ത് ലിസ്റ്റ് ഉണ്ട് എന്ന് ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥന്‍ തന്നെ നമ്മോട് പറയുന്നു॥ കോണ്‍ഗ്രസും യു.ഡി.എഫും പ്രചരിപ്പിക്കുന്നതുപോലെ ഇന്ത്യക്ക് പ്രത്യേക പരിഗണനയൊന്നും ലഭിച്ചിട്ടില്ല എന്ന് ചുരുക്കം. ഇന്ത്യക്ക് മാത്രം എന്നു പറഞ്ഞ നെഗറ്റീവ് ലിസ്റ്റ് പത്ത് ആയതുപോലെ തന്നെയായിരിക്കുമോ മറ്റു കാര്യങ്ങളും? കണ്ടു തന്നെ അറിയേണ്ടിയിരിക്കുന്നു. ഇക്കാര്യങ്ങളെക്കുറിച്ചും, നെഗറ്റീവ് ലിസ്റ്റിന്റെയൊക്കെ പൊള്ളത്തരത്തെക്കുറിച്ചും ധനമന്ത്രി തോമസ് ഐസക്കും മറ്റും വിശദമായി തന്നെ മുന്‍പേ തന്നെ പറഞ്ഞിട്ടുണ്ട്. ഇവിടെയും ഇവിടെയും ഒക്കെ അത് വായിച്ച് ഒരു ധാരണയിലത്തുക.

ഉപതെരഞ്ഞെടുപ്പില്‍ ആസിയാന്‍ കരാര്‍ വിഷയമല്ലെന്ന് പി.പി. തങ്കച്ചനൊക്കെ പറയുന്നുണ്ടെങ്കിലും പുറത്ത് വരുന്ന വാര്‍ത്തകള്‍ തെരഞ്ഞെടുപ്പില്‍ തങ്ങളുടെ സാധ്യതയെ ബാധിച്ചാലോ എന്ന ഭയം ആയിരിക്കാം ഉമ്മന്‍‌ചാണ്ടിയെക്കൊണ്ട് വെല്ലുവിളി മുഴക്കാന്‍ പ്രേരിപ്പിക്കുന്നത്. ലിസ്റ്റ് എന്തായാലും വൈകും എന്ന കാര്യം ആസിയന്‍ ഉച്ചകോടി നടന്ന തായ്ലന്‍ഡിലെ ഹുവാ ഹിന്നില്‍ ഉണ്ടായിരുന്ന മാതൃഭൂമി, മലയാള മനോരമ {അതെ മലയാള മനോരമ തന്നെ :) }പത്രങ്ങളുടെ ലേഖകരും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ദേശാഭിമാനിയുടെ വാര്‍ത്തയില്‍ നിന്ന് തുടര്‍ന്നുള്ള ദിവസം നടന്ന കാര്യങ്ങള്‍ വായിക്കാം.

....തൊട്ടടുത്ത ദിവസത്തെ പ്രധാനമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തില്‍ ചോദ്യം ഉയര്‍ന്നപ്പോള്‍ വാണിജ്യമന്ത്രി മറുപടി പറയുമെന്നു പറഞ്ഞു. ചോദ്യത്തില്‍ കേരളത്തെ സംബന്ധിച്ച രാഷ്ട്രീയപ്രശ്നമുണ്ടെന്നു മനസ്സിലാക്കി വാണിജ്യമന്ത്രി ആനന്ദ് ശര്‍മ മറുപടി പറഞ്ഞു.

'ഇന്ത്യയുടെ കാര്‍ഷികോല്‍പ്പന്നങ്ങളുടെ പ്രാധാന്യം കണക്കിലെടുത്ത് സംരക്ഷിത പട്ടിക, സംവേദന പട്ടിക (സെന്‍സിറ്റീവ് ലിസ്റ്റ്) എന്നിവയുമായാണ് ഇന്ത്യ ആസിയനുമായി ചര്‍ച്ച നടത്തിയത്. സംരക്ഷിത പട്ടികയില്‍ 489 ഉല്‍പ്പന്നമുണ്ട്. ഇവയുടെ വിശദാംശങ്ങള്‍ മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്. ഈ ലിസ്റ്റുകള്‍ വാണിജ്യമന്ത്രാലയത്തിന്റെ വെബ്സൈറ്റിലുണ്ട്. ചിലര്‍ ബോധപൂര്‍വം തെറ്റിദ്ധാരണ പരത്തുകയാണ്'-മന്ത്രി പറഞ്ഞു.

എന്നാല്‍,ഇന്ത്യ മുന്നോട്ടുവച്ച സംരക്ഷിത പട്ടിക ആസിയന്‍ രാജ്യങ്ങള്‍ അംഗീകരിച്ചെന്ന് മന്ത്രി പറഞ്ഞില്ല. മന്ത്രിയുടെ മറുപടിക്കുശേഷം പ്രധാനമന്ത്രി 'സംരക്ഷിത പട്ടിക ഉണ്ടെന്നാണ് നിങ്ങളുടെ ചോദ്യത്തിനുള്ള ഉത്തരം' എന്ന് കൂട്ടിച്ചേര്‍ക്കുകയായിരുന്നു. ഇന്ത്യ മുന്നോട്ടുവച്ച സംരക്ഷിത പട്ടിക ആസിയന്‍ രാജ്യങ്ങള്‍ അംഗീകരിച്ചിട്ടില്ല എന്ന വിദേശകാര്യ ജോയിന്റ് സെക്രട്ടറിയുടെ പരസ്യപ്രസ്താവന പിന്‍വലിക്കുകയോ വാണിജ്യമന്ത്രാലയമോ പ്രധാനമന്ത്രിയോ തള്ളിപ്പറയുകയോ ചെയ്തിട്ടില്ല.

എന്തായാലും എല്ലാവര്‍ക്കും കേരളപ്പിറവിദിന ആശംസകള്‍.

Tuesday, September 1, 2009

ഐ.ജി.പറഞ്ഞാല്‍ കഥ, വക്കീലു പറഞ്ഞാല്‍ നിജം

ഇത് 30/08/09 ലെ മാതൃഭൂമിയിലെ വാര്‍ത്ത.

പോളിനെ സഹയാത്രികര്‍ കാറിലിട്ട്‌ വധിച്ചതാകാമെന്ന്‌ അറസ്റ്റിലായവര്‍

ചങ്ങനാശ്ശേരി: മുത്തൂറ്റ്‌ പോള്‍ എം. ജോര്‍ജിനെ, സ്വന്തം കാറിലുണ്ടായിരുന്ന സഹയാത്രികര്‍ വധിച്ചതാകാമെന്നും ഇതിനുള്ള പിടിവലിയില്‍ നിയന്ത്രണംവിട്ടപ്പോഴാണ്‌ വാഹനം റോഡിലൂടെപ്പോയ ബൈക്കില്‍ തട്ടിയതെന്നും ഈ കേസില്‍ അറസ്റ്റിലായവര്‍ പറഞ്ഞതായി ഇവരുടെ അഭിഭാഷകര്‍ വ്യക്തമാക്കി.

പോളിനെ വധിച്ചെന്ന്‌ സമ്മതിക്കാന്‍വേണ്ടി ചെറിയ നാളികേരം ചാക്കില്‍ക്കെട്ടി ഇതുകൊണ്ട്‌ തങ്ങളെ പോലീസ്‌ ഇടിച്ചെന്നും ഇവര്‍ അഭിഭാഷകരോട്‌ പറഞ്ഞു.

അറസ്റ്റിലായവര്‍ ആലപ്പുഴയിലെ ഒരാളുടെ വധഭീഷണി നേരിടാന്‍ രണ്ട്‌ വാഹനങ്ങളില്‍ പോകുമ്പോഴാണ്‌ ആലപ്പുഴ - ചങ്ങനാശ്ശേരി റോഡിലെ സംഭവം. ഇവര്‍ സഞ്ചരിച്ച വണ്ടികളില്‍ ഒന്നായ ടെമ്പോ ട്രാവലര്‍ കേടായ സമയത്ത്‌, എതിര്‍ദിശയില്‍ വന്ന ഫോര്‍ഡ്‌ എന്‍ഡവര്‍ കാര്‍ ചങ്ങനാശ്ശേരി ഭാഗത്തേക്ക്‌ പോയ ബൈക്ക്‌യാത്രികനെ തട്ടിയിട്ട്‌ നിര്‍ത്താതെപോയി. കേടാകാത്ത മറ്റൊരു കാറില്‍ ഇവര്‍ നിര്‍ത്താതെപോയ വാഹനം പിന്തുടര്‍ന്നു.

പൊങ്ങ ജ്യോതി ജങ്‌ഷനില്‍ എന്‍ഡവര്‍ കാര്‍ നിര്‍ത്തിയ നിലയില്‍ കണ്ടു. ബൈക്ക്‌ യാത്രികനെ നോക്കാതെ പോയതിനെച്ചൊല്ലി ഇവര്‍ തമ്മില്‍ വാക്കേറ്റമായി. ഇതിനിടെ എന്‍ഡവര്‍ കാറില്‍ ഉണ്ടായിരുന്ന ഒരാള്‍ സംഘത്തില്‍പ്പെട്ട കാരി സതീശനുനേരെ കത്തിവീശി. ഇത്‌ ചെറുക്കുന്നതിനിടെയാണ്‌ കൈക്ക്‌ ആഴത്തില്‍ മുറിവേറ്റതെന്നും ഇവര്‍ പറഞ്ഞു.

ഈസമയം കാരി സതീശന്റെ കൂട്ടത്തില്‍പ്പെട്ട ഒരാള്‍ എന്‍ഡവര്‍ കാറിന്റെ ഡോര്‍ പുറത്തുനിന്ന്‌ തുറന്നു. അപ്പോള്‍ പോളിന്റെ ജഡം പുറത്തേക്ക്‌ മറിഞ്ഞുവരുന്നതായി കണ്ടുവെന്നും ഇവര്‍ പറഞ്ഞിട്ടുണ്ട്‌. പോളിന്റെ കൂട്ടാളികളായ മറ്റൊരു സംഘവും ഇതേ സ്ഥലത്തേക്ക്‌ വരുന്നതുകണ്ട്‌ ഇവര്‍ രക്ഷപ്പെടുകയായിരുന്നു.

അറസ്റ്റിലായവരുടെ വെളിപ്പെടുത്തല്‍പ്രകാരം പോള്‍ കൊല്ലപ്പെട്ടത്‌ കാറിനുള്ളില്‍ത്തന്നെയാകാമെന്ന്‌ ഇവരുടെ അഭിഭാഷകര്‍ ചൂണ്ടിക്കാട്ടുന്നു. ചില പ്രമുഖരെ രക്ഷിക്കാനാണ്‌ പോലീസ്‌ ശ്രമിക്കുന്നതെന്നും അഭിഭാഷകര്‍ പറഞ്ഞു.

ഇത് കേസന്വേഷണത്തെക്കുറിച്ച് ഐ.ജി പറഞ്ഞതായി പത്രങ്ങള്‍ മുന്‍പ് റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്തയുടെ ഭാഗം.

കേസന്വേഷണത്തെക്കുറിച്ചും സംഭവത്തെക്കുറിച്ചും ഐ.ജി പറയുന്നത്‌ ഇങ്ങനെ: എറണാകുളത്തുനിന്നും സുഹൃത്തുക്കള്‍ക്കൊപ്പം പോള്‍ മാരാരിക്കുളത്ത്‌ സ്വന്തമായുള്ള റിസോര്‍ട്ടിലെത്തി ഭക്ഷണം കഴിക്കുകയും പിന്നീട്‌ ചമ്പക്കുളത്തുള്ള റിസോര്‍ട്ടിലേക്ക്‌ പോകുകയുമായിരുന്നു. എ.സി റോഡില്‍ പള്ളാത്തുരുത്തിയിലെത്തിയപ്പോള്‍ ഇവിടുത്തെ റിസോര്‍ട്ടില്‍നിന്നും ചമ്പക്കുളത്ത്‌ പുതുതായി വാങ്ങിയ റിസോര്‍ട്ടിന്റെ താക്കോല്‍ എടുക്കുന്നതിനായി പിന്നാലെ മറ്റൊരു വാഹനത്തിലുണ്ടായിരുന്ന ഡ്രൈവര്‍ ഷിബുവിനെ പറഞ്ഞുവിട്ടശേഷം എന്‍ഡവര്‍ കാറില്‍ പോളും സംഘവും ചമ്പക്കുളത്തേക്ക്‌ പോകുകയായിരുന്നു. മനു എന്നയാളും കുപ്രസിദ്ധ ഗുണ്ടകളായ ഓംപ്രകാശ്‌, പുത്തന്‍പാലം രാജേഷ്‌ എന്നിവരാണ്‌ വാഹനത്തിലുണ്ടായിരുന്നതെന്ന്‌ സൂചനയുണ്ട്‌. യാത്രയ്ക്കിടെ പള്ളാത്തുരുത്തിയ്ക്ക്‌ കിഴക്കുഭാഗത്തുവച്ച്‌ ചങ്ങനാശ്ശേരിയിലെ ഭാര്യവീട്ടിലേയ്ക്ക്‌ പോകുകയായിരുന്ന ബിജു എന്ന ബൈക്ക്‌ യാത്രക്കാരനെ ഇവരുടെ വാഹനം തട്ടിയിട്ടശേഷം നിര്‍ത്താതെ പോകുകയുമായിരുന്നു. ഈ സമയം ആലപ്പുഴ മണ്ണഞ്ചേരിയിലെ ഒരു ഗുണ്ടാസംഘത്തിന്റെ പ്രശ്നം പരിഹരിക്കുന്നതിനായി വരുകയായിരുന്ന ചങ്ങനാശേരി റെയില്‍വേ സ്റ്റേഷന്‍ കോളനിയിലെ ക്വട്ടേഷന്‍ സംഘത്തിന്റെ ടെമ്പോട്രാവലറിന്റെ വീല്‌ ഊരിപ്പോയതുമൂലം ഇവര്‍ വഴിയില്‍ കിടക്കുകയായിരുന്നു.

ഈ സമയമാണ്‌ ബൈക്ക്‌ യാത്രക്കാരനെ തട്ടിയ വാഹനം നിര്‍ത്താതെ പോയത്‌ ഗുണ്ടാസംഘത്തെ ക്ഷുഭിതരാക്കിയത്‌. മൂന്നു വാഹനങ്ങളിലായി എത്തിയ 22 ഓളം വരുന്ന ഗുണ്ടാസംഘത്തിലെ ചിലര്‍ മറ്റൊരു വാഹനത്തില്‍ പോളിന്റെ വാഹനത്തെ പിന്‍തുടരുകയും നെടുമുടി ജ്യോതി ജംഗ്ഷനില്‍വെച്ച്‌ ഇവരുമായി വാക്കുതര്‍ക്കമുണ്ടാകുകയുമായിരുന്നു. ബൈക്കില്‍ തട്ടിയ കാറിന്‌ എന്തെങ്കിലും സംഭവിച്ചോ എന്നറിയാന്‍ റോഡിനരികു ചേര്‍ത്ത്‌ പോളും സംഘവും സഞ്ചരിച്ച കാര്‍ നിര്‍ത്തിയിട്ടിരിക്കുമ്പോഴാണ്‌ ഗുണ്ടാസംഘം എത്തിയത്‌. പിന്നീട്‌ പോളിനും വാഹനത്തിലുണ്ടായിരുന്ന മനുവിനും കുത്തേല്‍ക്കുകയായിരുന്നു. സംഭവസ്ഥലത്തുവച്ചുതന്നെ പോള്‍ മരിച്ചു. ഈ സമയം വാഹനത്തിലുണ്ടായിരുന്നു എന്ന്‌ കരുതപ്പെടുന്ന ഓം പ്രകാശും രാജേഷും എന്‍ഡവര്‍ കാറുമായി രക്ഷപെടുകയായിരുന്നു. ഇവരുടെ നിലപാടുകള്‍ സംശയാസ്പദമായി തുടരുകയാണെന്നും ഐ ജി പറഞ്ഞു.

പോളും ഗുണ്ടാസംഘവും തമ്മിലുള്ള ബന്ധത്തെക്കറിച്ചും കേസില്‍ ഇവര്‍ക്ക്‌ എന്തെങ്കിലും തരത്തില്‍ പങ്കുണ്ടോ എന്നും അന്വേഷിക്കുന്നുണ്ടെന്ന്‌ ഐ ജി വ്യക്തമാക്കി. സംഭവദിവസം ഗുണ്ടാസംഘം ചങ്ങനാശേരിയിലെ ബാറില്‍നിന്നും മദ്യപിച്ചശേഷമാണ്‌ എത്തിയത്‌.

പോളിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലും മദ്യപിച്ചതായി തെളിഞ്ഞിട്ടുണ്ടെന്നും ഐ.ജി വ്യക്തമാക്കി. അന്വേഷണത്തിന്റെ ആദ്യപടി മാത്രമെ ആയിട്ടുള്ളു. കേസിന്റെ ഓരോ വശങ്ങള്‍ പരിശോധിച്ച്‌ സാധ്യതകള്‍ വിലയിരുത്തി അന്വേഷണം ഊര്‍ജ്ജിതമാക്കി വരികയാണെന്നും ഐ ജി വിന്‍സന്‍ എം പോള്‍ പറഞ്ഞു.

പോലീസ് നല്‍കിയ സംഭവവിവരണവുമായി മാതൃഭൂമിയില്‍ പ്രതികളുടെ അഭിഭാഷകന്‍ നല്‍കിയ വിവരണം ഏതാണ്ട് ഒത്തു പോകുന്നില്ലേ? അഭിഭാഷകന്‍ തന്റെ കക്ഷികളെ രക്ഷിക്കാനുള്ള വഴി നോക്കും എന്നതും, ഈ വാര്‍ത്ത നല്‍കുമ്പോഴും മാതൃഭൂമിക്ക് അവരുടേതായ ഉദ്ദേശ്യം കാണും എന്നതും സത്യം. നോക്കാം.

എന്നാലും നമുക്കിതിലെ വസ്തുതകള്‍ എടുത്ത് പഴയ വാര്‍ത്തകളുമായി താരതമ്യം ചെയ്ത് നോക്കാം.

ഐജി പറഞ്ഞത് മുച്ചൂടും തെറ്റാണെന്ന് സ്ഥാപിക്കുകയായിരുന്നു മാധ്യമങ്ങള്‍. “മാധ്യമങ്ങള്‍ക്കു മുന്നില്‍ പോലീസ്‌ അവതരിപ്പിച്ച കഥ“ എന്നതായിരുന്നു സ്ഥിരമായി ആവര്‍ത്തിച്ചിരുന്ന പ്രയോഗം.

അവരുടെ പ്രധാന ചോദ്യങ്ങള്‍

1.ടയര്‍ ഊരിപ്പോയാല്‍ വണ്ടി നിലത്തിടിക്കില്ലേ? അതുകൊണ്ട് പോലീസ് പറയുന്നത് നുണയാണ്

2.കൊട്ടേഷനു പോകുന്നവര്‍ വഴിയില്‍ ഒരു ബൈക്കിനെ ഇടിച്ചിടുന്ന വാഹനത്തിനു പിറകെ പോകുമോ, അതിനു മാത്രം സാമൂഹ്യ ബോധം ഗുണ്ടകള്‍ക്കുണ്ടാകുമോ? (ഇന്ത്യാവിഷന്‍ ചാനലില്‍ നികേഷ് കൈകൊണ്ട് ഒരു അപ്പോസ്റ്റഫി കാണിച്ചുകൊണ്ടായിരുന്നു ചര്‍ച്ച അവതരിപ്പിക്കുമ്പോള്‍ സാമൂഹ്യബോധം എന്ന വാക്ക് പ്രയോഗിച്ചിരുന്നത്.) “അതിവേഗത്തില്‍ പായുന്ന എന്‍ഡവര്‍ കാറിനെ പിന്തുടര്‍ന്നു ചെന്നു തടയാന്‍ ടെംപോ ട്രാവലറിനു കഴിയുമോയെന്ന സംശയം ചില കോണുകളില്‍ നിന്നുയര്‍ന്നു‍“ എന്നു പറഞ്ഞ് ഈ പിന്തുടരല്‍ കഥ നുണയാണെന്ന് സ്ഥാപിക്കുകയായിരുന്നു അവര്‍. സാമൂഹ്യബോധത്തിന്റെ പുറത്തല്ല അകത്തുള്ള വെള്ളത്തിന്റെ പുറത്താണ് പിന്തുടരല്‍ എന്ന് ആരു കണ്ടതായി ഭാവിക്കാന്‍?

3. സതീഷിനിതുമായി ബന്ധമില്ല, 15 ലക്ഷം രൂപയ്ക്ക് കുറ്റം ഏറ്റതാണ്

ആദ്യദിവസത്തെ(24/08/09) പത്രങ്ങള്‍ വായിച്ചാല്‍ അതിലൊരിടത്തും പോലീസ് എന്തോ കള്ളക്കളി കളിക്കുന്നു എന്നതിന്റെ സൂചന പോലുമില്ല. മാതൃഭൂമി വളരെ വിശദമായി തന്നെ അതീവ ഗൌരവത്തോടെ പോലീസ് കേസന്വേഷിക്കുന്നതിനെപ്പറ്റി പറയുന്നുണ്ട്.

വലിയ ഒരു വ്യവസായ ശൃംഖലയിലെ പ്രധാന വ്യക്തിയുടെ കൊലപാതകം അതീവ ഗൗരവത്തോടെയാണ്‌ പോലീസ്‌ കൈകാര്യം ചെയ്യുന്നത്‌. ഐജി വിന്‍സന്‍ എം. പോള്‍ ശനിയാഴ്‌ച സ്ഥലത്തെത്തി അന്വേഷണ പുരോഗതി വിലയിരുത്തി. എസ്‌പി ഇ. ദിവാകരന്‍, ഡിവൈഎസ്‌പി കെ.എം.ടോമി, ആലപ്പുഴ നോര്‍ത്ത്‌ സിഐ കെ.എ.തോമസ്‌ എന്നിവരാണ്‌ അന്വേഷണത്തിന്‌ മേല്‍നോട്ടം വഹിക്കുന്നത്‌.“

അതേ ദിവസത്തെ മംഗളത്തില്‍ ഉള്ള ഒരു വരി ഇങ്ങനെയായിരുന്നു

കൊലപാതകത്തിന് പിന്നില്‍ തിരുവനന്തപുര​െ​ത്ത രണ്ട് കുപ്രസിദ്ധ ഗുണ്ടാത്തലവന്മാര്‍ക്ക് പങ്കുള്ളതായി പോലീസ് അറിയിച്ചു.“

ഈ ദിവസങ്ങളില്‍ പത്രങ്ങള്‍ക്കറിയില്ലായിരുന്നു രണ്ട് കുപ്രസിദ്ധ ഗുണ്ടകള്‍ എന്നു പറയുന്നത് ഓം പ്രകാശും രാജേഷും ആയിരുന്നുവെന്ന്. രണ്ട് ഗുണ്ടകള്‍ ഉണ്ടായിരുന്നതായി അറിയിക്കുന്നതും പോലീസ് തന്നെ. “തിരുവനന്തപുരം ജില്ല കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന രണ്ട്‌ ഗുണ്ടാ സംഘങ്ങളില്‍പ്പെട്ടവരാണിവരെന്ന്‌ അറിയുന്നു.“ എന്ന മാത്രമാണ് മാതൃഭൂമിക്ക് അന്ന് അറിവുണ്ടായിരുന്നത്.

പിറ്റേന്നും അതിന്റെ പിറ്റേന്നുമായി പത്രങ്ങളില്‍ കഥകള്‍ ആകെ മാറി മറയുകയാണ്. “ഭരണ, രാഷ്‌ട്രീയ, സിനിമാ, സാംസ്‌കാരിക മേഖലകളിലുള്ളവരുമായി അടുത്ത ബന്ധമാണ്‌ ഓംപ്രകാശിനുള്ളത്‌" എന്നെഴുതിയവര്‍ ഇതിലെ ഭരണ, രാഷ്ട്രീയ ബന്ധങ്ങളില്‍ നിന്ന് തങ്ങള്‍ക്ക് താല്പര്യമുള്ളവരെ മാറ്റുകയും, തങ്ങള്‍ക്ക് താല്പര്യമില്ലാത്തവര്‍ക്ക് ഓം പ്രകാശുമായി ബന്ധമുണ്ടായിരുന്നെവെന്ന് സ്ഥാപിക്കുവാന്‍ ഭൂതകാലം ചികയാന്‍ ആരംഭിക്കുകയുമാണ്। പോലീസ് പറയുന്ന ഓരോ വസ്തുതയും തെറ്റാണെന്ന് സ്ഥാപിക്കുവാനായി പരസ്പരവിരുദ്ധമായ വാര്‍ത്തകളുടെ ഒരു നിര തന്നെ ഇവര്‍ പടുത്തുയര്‍ത്തുകയായി. പോലീസിന്റേത് പ്രാഥമിക നിഗമനം മാത്രമാണെന്നും, എല്ലാ വശങ്ങളും അന്വേഷിക്കുന്നുണ്ടെന്നുമുള്ളതുമൊന്നും പിന്നീടിവര്‍ കണ്ടതേയില്ല. പോലീസ് കണ്ടെത്തിയ പ്രതിയെ നിരപരാധിയാക്കാനും ഇവര്‍ ശ്രമിച്ചു. അതിനായി അയാളുടെ ബന്ധുക്കളെ വരെ ഉപയോഗിച്ചു. പത്ത് വര്‍ഷം മുന്‍പത്തെ ഒരു രശീത്, അതും മറ്റാരുടെയോ പേരിലുള്ളത് ഇവര്‍ക്ക് അടിസ്ഥാന തെളിവായി. രാഷ്ട്രീയവശം പറയുകയാണെങ്കില്‍ കൊടിയേരി ഒറ്റപ്പെടുകയാണെന്ന് വാര്‍ത്തയില്‍ പറഞ്ഞിരിക്കുന്നതിനു നേരെ എതിരായ കാര്യങ്ങള്‍ “പിണറായി കൊടിയേരിക്ക് പിന്തുണയുമായി രംഗത്ത്” എന്ന വാര്‍ത്തയില്‍ കൊടുക്കാനും ഇവര്‍ മടിച്ചില്ല. പരസ്പരവിരുദ്ധമായ വാര്‍ത്തകളിലും സി.പി.എം വിരുദ്ധത ആവോളം ചെലുത്താന്‍ ഇവര്‍ മറന്നുമില്ല. താന്‍ ഓടിച്ചിരുന്ന വണ്ടി നിര്‍ത്താനായി ഓം പ്രകാശ് ബൈക്കുകാരനെ മനഃപൂര്‍വം ഇടിച്ചിടുകയായിരുന്നു എന്നു വരെ ഇവര്‍ എഴുതി വിട്ടിരുന്നു. (അതല്ലാതെ വണ്ടി നിര്‍ത്താന്‍ ഡ്രൈവര്‍ക്ക് വഴിയൊന്നുമില്ലെന്ന് നാം വിശ്വസിച്ചുകൊള്ളണം.)

ഇപ്പോഴിതാ പ്രതികളുടെ അഭിഭാഷകരെ കോട്ട് ചെയ്ത് എഴുതിയിരിക്കുന്ന വാര്‍ത്തയിലൂടെ പോലീസ് പറഞ്ഞതായിരുന്നു ശരി എന്ന് മാതൃഭൂമി പറയുകയാണ്. അവരത് പ്രത്യക്ഷത്തില്‍ സമ്മതിക്കുന്നില്ലെങ്കിലും.

മുകളില്‍ നല്‍കിയ 3 ചോദ്യങ്ങള്‍ക്ക് ഈ വാര്‍ത്തയില്‍ നിന്നും ലഭിക്കുന്ന ഉത്തരങ്ങള്‍

1. ഇവര്‍ സഞ്ചരിച്ച വണ്ടികളില്‍ ഒന്നായ ടെമ്പോ ട്രാവലര്‍ കേടായിരുന്നു. വഴിയില്‍ നിര്‍ത്തി നന്നാക്കുകയായിരുന്നു.

2. എതിര്‍ദിശയില്‍ വന്ന ഫോര്‍ഡ്‌ എന്‍ഡവര്‍ കാര്‍ ചങ്ങനാശ്ശേരി ഭാഗത്തേക്ക്‌ പോയ ബൈക്ക്‌യാത്രികനെ തട്ടിയിട്ട്‌ നിര്‍ത്താതെപോയി. കേടാകാത്ത മറ്റൊരു കാറില്‍ ഇവര്‍ നിര്‍ത്താതെപോയ വാഹനം പിന്തുടര്‍ന്നു.

3. സതീഷാണോ കൊന്നത് അല്ലയോ എന്നത് തെളിയേണ്ട കാര്യമാണ്. പക്ഷേ കശപിശ നടക്കുന്ന സമയത്ത് സതീഷ് അവിടെ ഉണ്ടായിരുന്നതായി സതീഷ് തന്നെ സമ്മതിക്കുന്നു. പോലീസിനോടല്ല, അഭിഭാഷകന്‍ വഴി പത്രക്കാരോട്. പരിക്ക് അവിടെ വെച്ച് പറ്റിയതാണെന്നും ഈ വാര്‍ത്തയില്‍ നിന്ന് വെളിവാകുന്നുണ്ട്.

വണ്ടി കേടായെന്നും, അപകടം നടന്നെന്നും, അതു കണ്ട് പിന്തുടര്‍ന്നെന്നും, കശപിശ ഉണ്ടായെന്നും ഉള്ള സാഹചര്യത്തെളിവുകള്‍ ഇവരുടെ അഭിഭാഷകന്‍ തന്നെ സമ്മതിക്കുന്നുവെങ്കില്‍ പോലീസ് നല്‍കിയ വിവരണം പ്രഥമദൃഷ്ട്യാ ശരിയാകുകയാണ്.

കേസിലെ യഥാര്‍ഥ പ്രതികള്‍ അകത്താകേണ്ടതുണ്ട് എന്ന കാര്യത്തില്‍ സംശയമൊന്നുമില്ല. പക്ഷേ, മാധ്യമങ്ങള്‍ ചൂണ്ടിക്കാണിക്കുന്നവരെ പ്രതിയാക്കുക എന്നതല്ല പോലീസിന്റെ ചുമതല. ഒരു വിധ സമ്മര്‍ദ്ദത്തിനും വഴങ്ങാതെ കേസ് അന്വേഷിക്കുക എന്നത് തന്നെയാണ് അവര്‍ ചെയ്യേണ്ടത്. പോലീസിന്റെ ഭാഗത്തു നിന്ന് അനാസ്ഥയുണ്ടാകുന്നുവെങ്കില്‍ സത്യസന്ധമായി ചൂണ്ടിക്കാണിക്കുന്നതിനു പകരം, തങ്ങളുടെ രാഷ്ട്രീയ താല്പര്യത്തിനനുസരിച്ച് കഥകള്‍ മെനയുകയാണെങ്കില്‍, ധാര്‍മ്മികത കയ്യൊഴിയുകയാണെങ്കില്‍, ചിലരെ പ്രതിയാക്കുകയും, ചിലരെ പ്രതിയല്ലാതാക്കുകയും ഒക്കെ ചെയ്യുകയാണെങ്കില്‍ പിന്നെ അവര്‍ക്ക് നാലാം തൂണിന്റെ പരിരക്ഷ കൊടുക്കേണ്ട കാര്യമില്ല.

ഓം പ്രകാശിനെ ഗുണ്ടാ ലിസ്റ്റില്‍ പെടുത്തിയതും, അയാളുടെ സ്വത്ത് കണ്ടുകെട്ടാനുള്ള നടപടികള്‍ തുടരുന്നതും എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷമാണ്. യു.ഡി.എഫ് അധികാരത്തില്‍ ഇരിക്കുന്ന സമയത്താണ് ഓം പ്രകാശിനു പാസ്പോര്‍ട്ട് ലഭിച്ചിട്ടുള്ളത് എന്നതും ഈ വാര്‍ത്താതിസാരത്തിന്റെ കൂട്ടത്തില്‍ നാം ഓര്‍ക്കേണ്ടതുമുണ്ട്.

അന്വേഷണാത്മക പത്രപാരായണം എന്ന പോസ്റ്റും നോക്കാം.

എല്ലാവര്‍ക്കും ഓണാശംസകള്‍.