Saturday, December 20, 2008

ജനാധിപത്യപരമായ നിയമനം

അന്തുലെ രാജിവെയ്ക്കുമോ, വെച്ചാല്‍ രാജി സ്വീകരിക്കുമോ, നിരസിക്കപ്പെട്ടാല്‍ ആ രാജി അന്തുലെ തിരിച്ച് സ്വീകരിക്കുമോ എന്നൊക്കെ ആലോചിച്ച് തല പുകച്ചു കൊണ്ടിരിക്കുന്ന സമയത്താണ് നമ്മുടെ ഹൈബി ഈഡനെക്കുറിച്ചുള്ള മാതൃഭൂമി വാര്‍ത്ത കണ്ണില്‍പ്പെട്ടത്. രമേശ് ചെന്നിത്തലക്ക് ശേഷം ഈ നേട്ടം കൈവരിക്കുന്ന ആദ്യമലയാളി എന്നൊക്കെ ഓര്‍ത്തപ്പോള്‍ ശരിക്കും സന്തോഷം തോന്നി. ഒരു മല്ലുവിനു മറ്റൊരു മല്ലു നന്നാവുന്നത് ഇഷ്ടമല്ല എന്ന് പറയുന്നതൊക്കെ ചുമ്മാ ആണെന്നേ.. സന്തോഷവാര്‍ത്ത ദാ താഴെ
സന്തോഷമായെങ്കിലും വായിച്ച് കഴിഞ്ഞപ്പോള്‍ എന്തോ ഒരു സുഖമില്ലാത്ത പോലെ. ഹൈബിയെക്കുറിച്ചുള്ള വാര്‍ത്തക്ക് പകരം വല്ല പി.എസ്.സി ബുള്ളറ്റിനുമാണോ വായിച്ചത് എന്നായി സംശയം. നിയമിച്ചു, നിയമനം എന്നൊക്കെ കാണുന്നു. ജനാധിപത്യ വ്യവസ്ഥിതിയില്‍ തെരഞ്ഞെടുക്കപ്പെടുകയല്ലേ ചെയ്യുക? മാതൃഭൂമിക്ക് വെള്ളി വീണതായിരിക്കും, ഒരു പോസ്റ്റിനു സ്കോപ്പുണ്ടല്ലോ എന്ന മറ്റൊരു സന്തോഷവും. മനോരമ കൂടി നോക്കാം. അതിലാവുമ്പോള്‍ തെറ്റു വരാന്‍ സാധ്യതയില്ലല്ലോ. നോക്കി. ദാ .....
ശ്ശെടാ..ഇതിലും നിയമിച്ചു എന്നു തന്നെ. എന്നാപ്പിന്നെ കേരള കൌമുദി നോക്കിയിട്ട് തന്നെ കാര്യം. അത് അച്ചട്ടായിരിക്കും.
എന്ത് കഷ്ടമാണിത്।മലയാള പത്രങ്ങളെല്ലാം പി.എസ്.സിക്ക് വിട്ടോ? അതിലും നിയമിച്ചു എന്ന് തന്നെ. ജനാധിപത്യപരമായ കാര്യങ്ങള്‍ എങ്ങനെ റിപ്പോര്‍ട്ട് ചെയ്യണം എന്നറിയാത്ത മലയാള പത്രങ്ങളെ പുച്ഛത്തോടെ വലിച്ചെറിഞ്ഞ് ആംഗലേയ (ആന്തുലേയ അല്ല) വാര്‍ത്തയെ ശരണം പ്രാപിച്ചു. അതിലാവുമ്പോള്‍ ജനാധിപത്യമില്ലെങ്കിലും ഡെമോക്രസിയെങ്കിലും കാണുമല്ലോ. കേരള ഓണ്‍ലയിനിലെ വാര്‍ത്ത.
ഭാഗ്യം. നിയമിച്ചു എന്ന് അതില്‍ പറയുന്നില്ല. എന്നാലും appointed എന്നു കാണുന്നു. രാമലിംഗം പിള്ളയുടെ നിഘണ്ടു (പുതിയ പതിപ്പ്) എടുത്ത് അര്‍ത്ഥം നോക്കി. വാക്കുകളുടെ അര്‍ത്ഥം എപ്പോഴാണ് മാറുന്നതെന്നറിയില്ലല്ലോ. ഇപ്പോഴും ആ വാക്കിന്റെ അര്‍ത്ഥം നിയമിച്ചു എന്നു തന്നെ.

ആകെ നിരാ‍ശയായി. കോണ്‍ഗ്രസ്സില്‍, അതിന്റെ പോഷകസംഘടനകളില്‍ ജനാധിപത്യം ഇല്ലെങ്കില്‍പ്പിന്നെ, തെരഞ്ഞെടുപ്പില്ലെങ്കില്‍പ്പിന്നെ വേറെ ഏത് സംഘടനയില്‍ ഇതൊക്കെ കാണും? അപ്പോഴാണ് വീക്ഷണം വീണ്ടും പ്രസിദ്ധീകരിച്ച് തുടങ്ങിയത് ഓര്‍മ്മ വന്നത്. നോക്കി. സമാധാനമായി. ജനാധിപത്യം മരിച്ചിട്ടില്ല.
ഹൈബി ഈഡനെ എന്‍.എസ്. യു. പ്രസിഡന്റായി തെരഞ്ഞെടുത്തു എന്ന് കറകറക്ടായി വാര്‍ത്ത കൊടുത്തിരിക്കുന്നു. പത്രങ്ങളായാല്‍ ഇങ്ങനെ വേണം.

എന്നാലും ചിലരൊക്കെ സൈഡിലിരുന്ന് ചോദിക്കുന്നത് കേള്‍ക്കുന്നുണ്ടേ... “പ്രവര്‍ത്തനമികവ് കണക്കിലെടുത്താണ് തീരുമാനം“ എന്നു പറയുമ്പോള്‍ അത് നിയമിച്ചു എന്നത് ഭംഗിയാക്കി പറയുന്നതല്ലേ എന്നല്ലേ അസൂയാലുക്കളേ നിങ്ങള്‍ ചോദിക്കുന്നത്?

കഷ്ടമുണ്ട് കേട്ടോ.. അസൂയക്ക് മരുന്നില്ല സഖാക്കളേ..ഇങ്ങനെയാണോ ദേശാഭിമാനിയൊക്കെ വാര്‍ത്ത കൊടുക്കുന്നത്?
പാവം നദീം ജാവെദിനെക്കൂടി നിയമിച്ചു അല്ലേ?