Sunday, September 30, 2007

വിശ്വനാഥന്‍ ആനന്ദ് 2007ലെ വിശ്വ ചെസ്സ് ചാമ്പ്യന്‍

ഭാരതത്തിന്റെ വിശ്വനാഥന്‍ ആനന്ദിന് 2007ലെ വിശ്വചെസ്സ് കിരീടം.

മെക്സിക്കോ സിറ്റിയിലെ ഷെറാട്ടന്‍ സെന്റ്രോ ഹിസ്റ്റൊറിക്കോ ഹോട്ടലില്‍ നടക്കുന്ന ഫിഡെ ലോകചെസ്സ് ചാമ്പ്യന്‍ഷിപ്പില്‍ ആനന്ദ് വിജയിയായതോടെ വിശ്വചെസ്സിന്റെ തലപ്പത്ത് വീണ്ടും ഒരു ഭാരതീയന്‍ അവരോധിതനായി.

എല്ലാ ഭാരതീയര്‍ക്കും അഭിമാനിക്കാവുന്ന നിമിഷം

ആനന്ദിനു പുറമെ, റഷ്യയുടെ വാദിമിര്‍ ക്രാംനിക്ക് (Elo2769) , അലക്സാണ്ടര്‍ മൊറോസോവിച്ച്(Elo2758), ഹംഗറിയുടെ പീറ്റര്‍ ലീക്കോ(Elo2751), അര്‍മേനിയയുടെ ലെവോണ്‍ അരോണിയന്‍(Elo2750), റഷ്യയുടെ പീറ്റര്‍ സ്വിഡ്‌ലര്‍(Elo2735), ഇസായേലിന്റെ ബോറിസ് ഗെല്‍ഗാന്‍ഡ്(Elo2733), റഷ്യയുടെ അലക്സാണ്ടര്‍ ഗ്രിഷ്‌ചുക്(Elo2726) എന്നിവരാണ് ഈ മത്സരത്തിലെ മറ്റു കളിക്കാര്‍. ലോകത്തിലെ ഏറ്റവും മികച്ച 14 കളിക്കാരിലെ എട്ടു പേരാണിവര്‍. ഇവരില്‍ ആനന്ദ്, മൊറോസെവിച്ച്, സ്വിഡ്‌ലര്‍ എന്നിവര്‍ 2005ലെ ഫിഡെ ലോക ചെസ്സ് ചാമ്പ്യന്‍ഷിപ്പിലെ സ്ഥാനം വഴിയും , ക്രാംനിക്ക് 2006ലെ സംയുക്ത ലോകചാമ്പ്യന്‍ഷിപ്പിലെ വിജയി എന്ന നിലക്കും, മറ്റുള്ളവര്‍ 2007ലെ കാന്‍ഡിഡേറ്റ്സ് മത്സരങ്ങളിലൂടെയുമാണ് ഈ കലാശക്കളിക്ക് അര്‍ഹത നേടിയത്.

ഡബിള്‍ റൌണ്ട് റോബിന്‍ അടിസ്ഥാനത്തില്‍ (എല്ലാ കളിക്കാരും അന്യോന്യം രണ്ട് തവണ വീതം ഏറ്റുമുട്ടും) നടന്ന ഈ ടൂര്‍ണ്ണമെന്റില്‍ മൊത്തം 9 പോയിന്റ് നേടിയാണ് ആനന്ദ് ചാമ്പ്യനായത്.

പതിമൂന്നാമത്തെ റൌണ്ട് മത്സരത്തില്‍ അലക്സാണ്ടര്‍ ഗ്രിഷ്‌ചുക്കിനെതിരെ 74 നീക്കം നീണ്ട മാരത്തോണ്‍ മത്സരത്തില്‍ സമനില നേടിയ ആനന്ദ് അവസാന റൌണ്ടില്‍ ഹംഗറിയുടെ പീറ്റര്‍ ലീക്കോയുമായും സമനില നേടി.

ഒരു മത്സരം പോലും തോല്‍ക്കാതെയാണ് ആനന്ദ് വിജയിയായത്. തന്റെ വിജയ യാത്രയില്‍ ആനന്ദ് മൊറൊസോവിച്ചിനേയും, അരോണിയനേയും, ഗ്രിഷ്‌ചുക്കിനേയും, സ്വിഡ്‌ലറേയും ഓരോ തവണ തോല്‍പ്പിച്ചു. മറ്റു മത്സരങ്ങളെല്ലാം സമനിലയിലാക്കി. ഈ ചാമ്പ്യന്‍ഷിപ്പിന്റെ മൊത്തം സമ്മാനത്തുക 1.3 ദശലക്ഷം യു.എസ്.ഡോളറാണ്.

ഇതിനു മുന്‍പ് രണ്ടായിരാമാണ്ടില്‍ ടെഹ്‌റാനില്‍ വെച്ച് നടന്ന ഫിഡെ ലോകചെസ്സ് ചാമ്പ്യന്‍ഷിപ്പില്‍ അലെക്സി ഷിറോവിനെ 3.5-0.5 എന്ന സ്കോറിനു തോല്പിച്ച് ആനന്ദ് ചാമ്പ്യനായിട്ടുണ്ട്. 2003ലെ ലോക റാപ്പിഡ് ചെസ്സ് ചാമ്പ്യന്‍ഷിപ്പിലും ആനന്ദ് ആയിരുന്നു ചാമ്പ്യന്‍. 2002ലെ ലോക ചാമ്പ്യന്‍ഷിപ്പില്‍ റസ്‌ലിന്‍ പോനോമറിയോവിനോട് തോല്‍‌വിയടഞ്ഞു. 2005ലെ ചാമ്പ്യന്‍ഷിപ്പില്‍ പീറ്റര്‍ സ്വിഡ്‌ലറുമൊത്ത് രണ്ടാംസ്ഥാനം പങ്കുവെച്ചു. വാസലിന്‍ റ്റോപ്പലോവ് ആയിരുന്നു അത്തവണ ചാമ്പ്യന്‍. 1988ലെ ലോക ജൂനിയര്‍ ചാമ്പ്യനുമായിരുന്നു ആനന്ദ്.

1969 ഡിസംബര്‍ 11ന് ചെന്നെയില്‍ വിശ്വനാഥന്‍-സുശീല ദമ്പതികളുടെ മകനായി ജനിച്ച വിശ്വനാഥന്‍ ആനന്ദ് ചെസ്സ് രംഗത്ത് ഒരു തരംഗം തന്നെ സൃഷ്ടിച്ചുകൊണ്ടാണ് കടന്നു വന്നത്. അമ്മയില്‍ നിന്നും ആറാം വയസ്സില്‍ പഠിച്ചു തുടങ്ങിയ പാഠങ്ങളുമായി, മിന്നല്‍ വേഗത്തില്‍ തന്റെ നീക്കങ്ങള്‍ നടത്തുന്ന ‘വിഷി’ 1983ല്‍ പതിനാലാമത്തെ വയസ്സില്‍ നാഷണല്‍ സബ് ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ 9ല്‍ 9 പോയിന്റും നേടി ചാമ്പ്യനായി. പതിനഞ്ചാമത്തെ വയസ്സില്‍ അന്നത്തെ ഇന്ത്യയുടെ ഏറ്റവും പ്രായം കുറഞ്ഞ ഇന്റര്‍നാഷണല്‍ മാസ്റ്റര്‍ പദവി നേടിയ ആനന്ദ് പതിനാറാമത്തെ വയസ്സില്‍ നാഷണല്‍ ചാമ്പ്യനായി. തുടര്‍ന്ന് രണ്ടു തവണ അദ്ദേഹം ഈ പദവി നേടിയിട്ടുണ്ട്. പതിനെട്ടാമത്തെ വയസ്സില്‍ രാജ്യത്തെ ആദ്യത്തെ ഗ്രാന്‍ഡ്‌മാസ്റ്ററായി.

1997, 1998, 2003, and 2004 വര്‍ഷങ്ങളില്‍ ചെസ്സ് ഓസ്കാര്‍ നേടിയിട്ടുള്ള ആനന്ദ് ഫിഡേ റേറ്റിങ്ങില്‍ 2800 കടന്നിട്ടുള്ള ആറുകളിക്കാരില്‍ ഒരാളാണ്. ഫിഷര്‍, കാസ്പറോവ്, കാര്‍പ്പോവ്, ക്രാംനിക്ക്, റ്റോപ്പലോവ് എന്നിവരാണ് മറ്റു അഞ്ച്‌ പേര്‍. ഇപ്പോള്‍ 2792 റേറ്റിങ്ങ് ഉള്ള ആനന്ദിന്റെ ഏറ്റവും ഉയര്‍ന്ന റേറ്റിങ്ങ് 2803 ആയിരുന്നു. (ഏപ്രില്‍ 2006ലെ ഫിഡെ റേറ്റിങ്ങ് ലിസ്റ്റില്‍). ഫിഡെയുടെ ഏറ്റവും പുതിയ ലിസ്റ്റ് അനുസരിച്ച് ലോകത്തിലെ ഒന്നാം നമ്പര്‍ താരമാണ് വിശ്വനാഥന്‍ ആനന്ദ്. (കാസ്പറോവ് ഇപ്പോള്‍ ഫിഡെയുടെ ലിസ്റ്റില്‍ ഇല്ല.)

ആനന്ദിനു ലഭിച്ചിട്ടുള്ള ബഹുമതികള്‍

1985 - മികച്ച കായികതാരത്തിനുള്ള അര്‍ജുന അവാര്‍ഡ്

1987- പദ്മശ്രീ, നാഷണല്‍ സിറ്റിസണ്‍സ് അവാര്‍ഡ്, സോവിയറ്റ് ലാന്‍ഡ് നെഹ്രു അവാര്‍ഡ്

1991-92 - ആദ്യത്തെ രാജീവ് ഗാന്ധി ഖേല്‍ രത്ന അവാര്‍ഡ്

1998 - ആനന്ദ് എഴുതിയ “മൈ ബെസ്റ്റ് ഗെയിംസ്” എന്ന പുസ്തകത്തിന് ബ്രിട്ടീഷ് ചെസ്സ് ഫെഡറേഷന്റെ(BCF) ബുക്ക് ഓഫ് ദി ഇയര്‍ അവാര്‍ഡ്

2000- പദ്മഭൂഷണ്‍

2001 - സ്പെയിനിലെ Jameo de Oro ബഹുമതി. അസാധാരണ നേട്ടങ്ങള്‍ കൈവരിക്കുന്ന വ്യക്തികള്‍ക്കാണ് ഈ അവാര്‍ഡ് നല്‍കുന്നത്.

അരുണയാണ് ഭാര്യ. ഇപ്പോള്‍ രണ്ടുപേരും സ്പെയിനില്‍ താമസം.

ആനന്ദിന്റെ 1984മുതല്‍ 2007 വരെയുള്ള മികച്ച പ്രകടങ്ങളുടെ ഒരു പട്ടിക ഇവിടെ

ഒരു ഇന്റര്‍വ്യൂവില്‍ ആനന്ദ് പറഞ്ഞ ഒരു തമാശ

ലോക ജൂനിയര്‍ ചെസ്സ് ചാമ്പ്യനും ഗ്രാന്‍ഡ്‌മാസ്റ്ററുമൊക്കെയായി പയ്യന്‍ ആനന്ദ് പ്രശസ്തനായി കത്തി നില്‍ക്കുന്ന സമയം.

ഒരു ദിവസം ട്രെയിനില്‍ യാത്ര ചെയ്യവെ, അടുത്തിരിക്കുന്ന ആള്‍ ആനന്ദിനോട് എന്തു ചെയ്യുന്നു എന്ന് ചോദിച്ചു.

താനൊരു ചെസ്സ് കളിക്കാരനാണെന്ന് ആനന്ദ് പറഞ്ഞു.

യാത്രക്കാരന് ഒട്ടും പിടിച്ചില്ല. അയാള്‍ വീണ്ടും ചോദിച്ചു. ജീവിക്കാനെന്തു ചെയ്യും? അച്ഛനു വല്ല ബിസിനസ്സും?

ആനന്ദ് പറഞ്ഞു “ ഇല്ല”

യാത്രക്കാരന്‍ കുറച്ചു നേരം ആനന്ദിന്റെ മുഖത്ത് തന്നെ നോക്കിക്കൊണ്ട് പറഞ്ഞു

“ചെസ്സ് കളിക്കുന്നതൊക്കെ നല്ലത് തന്നെ. പക്ഷെ കളിക്കുന്നുണ്ടെങ്കില്‍ ആ വിശ്വനാഥന്‍ ആനന്ദിനെപ്പോലെ കളിക്കണം. ഇല്ലെങ്കില്‍ ഇക്കാലത്ത് ഇതുകൊണ്ടൊന്നും ഒരു കാര്യവുമില്ല.“

യാത്രകളും, ജ്യോതിശാസ്ത്രവും ഇഷ്ടപ്പെടുന്ന ആനന്ദ് ഒന്നാംതരം ഫലിതബോധത്തിനും ഉടമയാണ്.

വിശ്വനാഥന്‍ ആനന്ദിന് അഭിനന്ദനങ്ങള്‍

വിശദമായ റിസല്‍ട്ടും പോയിന്റ് പട്ടികയും ഇവിടെയും അവിടെയും

ചിത്രങ്ങള്‍ക്ക് കടപ്പാട്: ചെസ്സ്ബേയ്‌സ്.കോം.

വിവരങ്ങള്‍ക്ക് കടപ്പാട്: വിക്കിപീഡിയ , വിക്കിപീഡിയ

Saturday, September 29, 2007

ആനന്ദ് ലോക ചെസ്സ് ചാമ്പ്യനാകുമോ?

മെക്സിക്കോയില്‍ നടക്കുന്ന ഫിഡെ ലോകചെസ്സ് ചാമ്പ്യന്‍ഷിപ്പിലെ നിര്‍ണ്ണായകമായ അവസാന റൌണ്ട് മത്സരത്തില്‍ ഇന്ന് ഭാരതത്തിന്റെ വിശ്വനാഥന്‍ ആനന്ദ് ഹംഗറിയുടെ പീറ്റര്‍ ലീക്കോയെ നേരിടുന്നു. ഈ മത്സരത്തില്‍ ആനന്ദ് ജയിക്കുകയോ സമനില നേടുകയോ ചെയ്താല്‍ ആനന്ദ് ആയിരിക്കും 2007 ലെ ലോക ചെസ്സ് ചാമ്പ്യന്‍.

13 റൌണ്ടില്‍ നിന്നും 8.5 പോയിന്റ് നേടിയിട്ടുള്ള ആനന്ദിന്റെ തൊട്ടുപുറകെ ഇസ്രായേലിന്റെ ഗ്രാന്‍ഡ്‌മാസ്റ്റര്‍ ബോറിസ് ഗെല്‍‌ഫാന്‍‌ഡ് 7.5 പോയിന്റോടെ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നു. ഇന്ന് ഗെല്‍ഫാന്‍‌ഡും റഷ്യയുടെ അലക്സാണ്ടര്‍ മോറോസോവിച്ചും തമ്മില്‍ നടക്കുന്ന കളിയില്‍ ഗെല്‍ഫാന്‍‌ഡ് ജയിക്കുകയും ആനന്ദ് തന്റെ കളി തോല്‍ക്കുകയും ചെയ്താല്‍ ഗെല്‍‌ഫാന്‍‌ഡ് ആവും ലോക ചാമ്പ്യന്‍. ഇവര്‍ രണ്ടുപേര്‍ക്കും മാത്രമേ ചാമ്പ്യനാവാനുള്ള സാധ്യതയുള്ളൂ.

മത്സരങ്ങള്‍ ഇന്ത്യന്‍ സമയം രാത്രി ഏതാണ്ട് 12.30ന് ആരംഭിക്കും. ലോക ചെസ്സ് ചാമ്പ്യന്‍ഷിപ്പിന്റെ ഔദ്യോഗിക സൈറ്റായ ചെസ്സ്‌മെക്‍സിക്കോ ലൈവ് ആയി ഇത് കാണിക്കുന്നുണ്ട്. ലിങ്ക് ഇവിടെ

ആനന്ദ് ലോകചാമ്പ്യനാവുമെന്ന് പ്രതീക്ഷിക്കാം അല്ലേ?

നിലവിലെ ഫിഡേ റേറ്റിങ്ങ് ലിസ്റ്റനുസരിച്ച് ലോകത്തിലെ ഒന്നാം നമ്പര്‍ താരമാണ് ആനന്ദ്.

ആനന്ദിന് എല്ലാവിധ ആശംസകളും..

***********

(ചിത്രം മൂവ് ചെയ്തത് ചെസ്സ് മെക്സിക്കോ എന്ന സൈറ്റില്‍ നിന്ന്)

(chessbase ല്‍‍ ചാമ്പ്യന്‍ഷിപ്പിനെക്കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ടുകളും, കളികളും , ചിത്രങ്ങളും, വീഡിയോയും ഉണ്ട്.)

Sunday, September 2, 2007

ഏകധ്രുവലോകം

മനുഷ്യര്‍ പണ്ട് വളരെ ഒത്തൊരുമയോടെ ഒരു ഭാഷ സംസാരിച്ച് ജീവിച്ചിരുന്നവരായിരുന്നെന്നും, ആ ഒത്തൊരുമയോടെ ഒരു നഗരവും സ്വര്‍ഗത്തിലേക്ക് എത്തുന്ന ഒരു ഗോപുരവും പണിയാന്‍ നോക്കിയെന്നും, അത് കണ്ട് അസ്വസ്ഥനായ ദൈവം, മനുഷ്യരെ തമ്മില്‍ പിരിക്കാന്‍ വേണ്ടി ഭാഷയുടെ കാര്യത്തില്‍ ഒരു കണ്‍ഫ്യൂഷന്‍ ഉണ്ടാക്കിയെന്നും, അങ്ങനെ മനുഷ്യന്‍ ചിന്നിച്ചിതറിപ്പോകുകയും വ്യത്യസ്ത ഭാഷകള്‍ സംസാരിക്കാന്‍ തുടങ്ങുകയും ചെയ്തു എന്ന് ഉല്പത്തിപുസ്തകം പറയുന്നു.

അതെന്തായാലും നാം വ്യത്യസ്ത ഭാഷകളും സംസ്കാരങ്ങളും ജീവിതരീതികളുമായി മുന്നോട്ട് പോയിക്കൊണ്ടിരിക്കുകയാണ്.

സംശയം വേറൊന്നുമല്ല...

അമേരിക്കന്‍ വിമാനങ്ങളില്‍ ഏതൊക്കെ ഭാഷ സംസാരിക്കാം?

വിമാനത്തില്‍ വെച്ച് അറബി ഭാഷ സംസാരിച്ചതിന് 6 ഇറാഖികളെ സാന്‍‌ഡിയാഗോ-ചിക്കാഗോ വിമാനത്തില്‍ നിന്നും ഇറക്കി വിടുകയും ചോദ്യം ചെയ്യുകയുമൊക്കെ ചെയ്തത്രേ. പറഞ്ഞു കൊണ്ടിരിക്കുന്ന വിമാനത്തിലെ ഇവരുടെ പെരുമാറ്റത്തില്‍ സംശയം തോന്നി എന്ന് ഒരു വനിത പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണിത്. തിരിച്ചിറക്കിയ വിമാനത്തിന്റെ യാത്ര മുടങ്ങുകയും ചെയ്തു.

അവസാനം എല്ലാ പരിശോധനയും കഴിഞ്ഞപ്പോള്‍ തെളിഞ്ഞത് ഈ ഇറാഖി യുവാക്കള്‍ യു.എസ്. മറൈന്‍സിലെ ട്രെയിനിങ്ങുമായി ബന്ധപ്പെട്ട് വന്നവരാണെന്നാണ്.

ചിക്കാഗോയിലെ കൌണ്‍സില്‍ ഓണ്‍ അമേരിക്കന്‍ -ഇസ്ലാമിക് റിലേഷന്‍സിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായ അഹ്‌മദ് രഹാബ് വിമാനക്കമ്പനിയുടെ പെരുമാറ്റത്തില്‍ അസ്വസ്ഥനായത്രേ. അദ്ദേഹത്തിന്റെ വാക്കുകള്‍ സണ്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തത് അത്പോലെ താഴെകൊടുക്കുന്നു.

"It is one thing to flag suspicious behavior, but to flag a global language? We are deplaning people for who they are, not what they do,"

ഒരേ ഭാഷയും സംസ്കാരവും ജീവിത രീതികളുമൊക്കെ ഉള്ള ആളുകളായെങ്കില്‍ മാത്രമെ നമുക്ക് ഭാവിയില്‍ ഈ ലോകത്ത് ജീവിക്കാന്‍ പറ്റൂ എന്ന സ്ഥിതി വരുമോ?

ഒരു തരം ഏകധ്രുവലോകം!

Saturday, September 1, 2007

മറവി

"The name of the author is the first to go followed obediently by the title, the plot,the heart breaking conclusion, the entire novel which suddenly becomes one you have never read..."

- US Poet Laureate Billy Collins



ഉച്ചക്ക് ഹോട്ടലില്‍ ചെന്നതാണ്.

പാര്‍സലും വാങ്ങി പൈസ എത്ര എന്നു പറയുന്നതിനു മുന്‍പ്‌ തന്നെ നൂറു രൂപ കൌണ്ടറിലിരിക്കുന്ന പയ്യനെ ഏല്‍പ്പിച്ചു. അവനതു വാങ്ങി മേശക്കകത്തിട്ടു.
എന്നിട്ട് കണക്കുകൂട്ടി നോക്കിപ്പറഞ്ഞു 36 രൂപ.

അതും പറഞ്ഞ് പയ്യന്‍ എന്നെത്തന്നെ നോക്കിനില്‍പ്പായി.

ഞാന്‍ പ്രതീക്ഷയോടെ അവനേയും...ബാലന്‍സ് കിട്ടണമല്ലോ..

കുറച്ചു നേരത്തേക്ക് രണ്ടുപേരും പ്രതീക്ഷയോടെ അന്യോന്യം നോക്കി നിന്നു...

പൈസ എന്റെതായതു കൊണ്ട് ഞാന്‍ മുരടനക്കി.

ഭായീ..എന്റെ ബാക്കി..

സാര്‍ നീങ്ക പൈസ കുടുക്കലൈ...

ഭായീ ഞാന്‍ 100 രൂപ കൊടുത്തു ആദ്യം തന്നെ

ഇല്ലൈ സാര്‍ നീങ്ക കുടുക്കലൈ..

ഞാന്‍ ഉറപ്പിച്ച് പറഞ്ഞു 100 രൂപായ് കുടുത്തേന്‍ ഭായീ...ഉള്ളേ പാര് എന്നിട്ട് ബാക്കി താ..

എന്റെ മുഖത്തേക്ക് ഒന്നുകൂടി നോക്കി, തല കുറച്ചു നേരം അങ്ങോട്ടുമിങ്ങോട്ടുമാട്ടി അവന്‍ പൈസ തന്നു...സ്ഥിരം കുറ്റിയായതിന്റെ വിശ്വാസത്തിന്റെ പുറത്താണെന്ന് കൂട്ടിക്കോളൂ..

തന്നില്ലായിരുന്നെങ്കില്‍ അവിടെ അടി ആവുമാ‍യിരുന്നു.

ആ പയ്യന്‍ നൂറു ശതമാനം വിശ്വാസത്തില്‍ത്തന്നെയാണ് പറഞ്ഞത് ഞാന്‍ പൈസ കൊടുത്തിട്ടില്ലെന്ന്.. ഞാനാണെങ്കില്‍ കണ്ണുകൊണ്ട് കണ്ടതുമാണ് ഞാന്‍ പൈസ കൊടുക്കുന്നത്.

ഇങ്ങനെ അടി ഉണ്ടാക്കാനിടയാക്കുന്ന രീതിയില്‍ സ്‌പ്ലിറ്റ് സെക്കന്റില്‍ മനുഷ്യനു സംഭവിക്കുന്ന മറവികളുടെ രഹസ്യമെന്താണാവോ?

കാലത്തിനു മായ്ക്കാന്‍ കഴിയാത്ത മുറിവുകളില്ലാതിരിക്കുന്നതും മറവി കൊണ്ട് തന്നെ അല്ലേ?