Thursday, May 13, 2010
ഇനി ആനന്ദിന് ഉറങ്ങാം
ലോക ചാമ്പ്യന്‍ഷിപ്പില്‍ എതിരാളിയായ വെസ്ളിന്‍ ടോപ്പലോവ് കടുത്ത വെല്ലുവിളി ഉയര്‍ത്തിയ ശേഷമാണ് കീഴടങ്ങിയതെന്ന് ആനന്ദ് പറഞ്ഞു.
"രണ്ടുമുതല്‍ അഞ്ചുവരെ ഗെയിമുകളില്‍ എനിക്കായിരുന്നു മുന്‍തൂക്കം. എന്നാല്‍ എട്ടാം ഗെയിംമുതല്‍ എതിരാളി ശക്തമായി തിരിച്ചുവന്നു. ഒമ്പതാം ഗെയിം നേടാനാകുമായിരുന്നു. പക്ഷെ ഞാന്‍ തോറ്റു. വെസ്ളിന്‍ എങ്ങനെ കളിക്കുമെന്നതിനെക്കുറിച്ച് എനിക്ക് ഒരു ധാരണയുമുണ്ടായിരുന്നില്ല. ശൂന്യമായ മനസ്സുമായാണ് ഞാന്‍ ഓരോ ദിവസവും എഴുന്നേല്‍ക്കുക. മത്സരം എങ്ങനെയായിത്തീരുമെന്ന് എനിക്ക് ഒരു ധാരണയുമില്ലായിരുന്നു. എന്തും സംഭവിക്കാവുന്ന നില. ചാമ്പ്യന്‍ഷിപ്പില്‍ ആര്‍ക്കും വ്യക്തമായ മുന്‍തൂക്കം ഉണ്ടായിരുന്നില്ല. ടോപ്പലോവിന് മുന്‍തൂക്കം, സ്വന്തം നാട്ടില്‍ കളിക്കുന്നതിന്റെ ആനുകൂല്യം തുടങ്ങിയ പ്രചാരണങ്ങള്‍ ശക്തമായിരുന്നു. മത്സരം കാണാനെത്തിയവര്‍ ഒന്നടങ്കം അദ്ദേഹത്തെയാണ് പിന്തുണച്ചത്. എന്നാല്‍ എനിക്കൊപ്പമുള്ളവര്‍ എന്റെ ശ്രദ്ധ പതറാതിരിക്കാന്‍ ആവുന്നത് ശ്രമിച്ചു. അതില്‍ അവര്‍ വിജയിക്കുകയും ചെയ്തു. അവസാന ഗെയിമായിരുന്നു ഏറ്റവും കടുപ്പമേറിയത്. ജീവിതത്തില്‍ ഇതിനു മുമ്പ് ഇത്രയും കടുത്ത മത്സരം ഞാന്‍ കളിച്ചിട്ടില്ല. നേരത്തെ പറഞ്ഞപോലെ ചാമ്പ്യന്‍ഷിപ്പില്‍ ആര്‍ക്കും മുന്‍തൂക്കമില്ലാത്തതിനാല്‍ ജയിക്കുമെന്ന പ്രതീക്ഷ എനിക്കുണ്ടായിരുന്നില്ല. ആര് സമ്മര്‍ദത്തിനടിപ്പെടും എന്നതു മാത്രമായിരുന്നു പ്രശ്നം. കളി പുരോഗമിച്ചപ്പോള്‍ എനിക്ക് സമ്മര്‍ദമില്ലെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. ഇതോടെ കിരീടം എനിക്കുതന്നെയെന്ന് ഞാനുറപ്പിച്ചു. ഇനി ഒന്നുറങ്ങണം. അത്രക്കധികം ക്ഷീണമുണ്ട്." ആനന്ദ് പറഞ്ഞു.
വാര്‍ത്തക്ക് കടപ്പാട് ദേശാഭിമാനി ദിനപ്പത്രം, ചിത്രത്തിനു കടപ്പാട്: ഹിന്ദു ദിനപ്പത്രം
ഔദ്യോഗിക വെബ് സൈറ്റ് ഇവിടെ
മാച്ചിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇവിടെ (വിക്കിപീഡിയ ലേഖനം)
Anand's win very special: parents
Friday, January 18, 2008
ബോബി ഫിഷറിന് ആദരാഞ്ജലികള്‍
ചെസ്സ് ഇതിഹാസം ബോബി ഫിഷര്‍(Robert James Fischer) അന്തരിച്ചു.
റെയ്‌ജാവിക്കിലെ(Reykjavik) ഒരു ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. മരിക്കുമ്പോള്‍ 64 വയസ്സായിരുന്നു. ഫിഷറുടെ വക്താവായ ഗര്‍ദര്‍ സ്വെറിസണ്‍(Gardar Sverrisson) അറിയിച്ചതാണ് ഇക്കാര്യം.
ലോകചെസ്സിലെ എക്കാലത്തേയും മികച്ച പ്രതിഭകളില്‍ ഒരാളായിരുന്നു ഫിഷര്‍.
1943 മാര്‍ച്ച് 9 ന് അമേരിക്കയില്‍ ജനിച്ച ഫിഷര്‍ അമേരിക്കയുടെ ഒരേയൊരു ലോകചെസ്സ് ചാമ്പ്യനാണ്. 1972ല്‍ റെയ്‌ജാവിക്കില്‍ നടന്ന നടന്ന ലോക ചെസ്സ് ചാമ്പ്യന്‍ഷിപ്പില്‍ സോവിയറ്റ് യൂണിയന്റെ ബോറിസ് സ്പാസ്കിയെ തോല്‍പ്പിച്ച് ലോകചാമ്പ്യനായതോടെയാണ് ഫിഷര്‍ പ്രശസ്തിയിലേക്ക് ഉയര്‍ന്നത്.. ഫിഷര്‍- സ്പാസ്കി യുദ്ധം എന്നായിരുന്നു ഈ പോരാട്ടം വിശേഷിപ്പിക്കപ്പെട്ടിരുന്നത്.
തുടര്‍ന്ന് 1975ല്‍ കാര്‍പ്പോവിനെതിരെ മത്സരിക്കാന്‍ വിസമ്മതിച്ചതുകൊണ്ട്, അദ്ദേഹത്തിനു കിരീടം നഷ്ടമായി.
1992ല്‍ ബോറിസ് സ്പാസ്കിക്കെതിരെ യുഗോസ്ലാവിയയില്‍ വെച്ച് ഒരു മാച്ച് കളിച്ചതിന് അമേരിക്കന്‍ അധികാരികളുടെ അപ്രീതിക്ക് പാത്രമായിരുന്നു അദ്ദേഹം.
ആ മത്സരത്തിനുശേഷം അപ്രത്യക്ഷനായ ഫിഷര്‍, 2001 സെപ്തംബര്‍ 11ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിനുശേഷമാണ് അമേരിക്കയിലേക്ക് തിരിച്ചെത്തിയത്. ഫിലാഡെല്‍ഫിയ റേഡിയോക്ക് നല്‍കിയ ഒരു അഭിമുഖത്തില്‍ അദ്ദേഹം ഈ ആക്രമണത്തെ പ്രശംസിക്കുകയും അമേരിക്ക തുടച്ചു നീക്കപ്പെടണമെന്ന് അഭിപ്രായപ്പെടുകയും ചെയ്തു.
2005ല്‍ അദ്ദേഹത്തിനു ഐസ്‌ലാന്‍ഡ് പൌരത്വം ലഭിച്ചു.
ഇന്ന് ചെസ്സില്‍ ഉപയോഗിക്കുന്ന ഫിഷര്‍ ക്ലോക്ക് എന്ന ഡിജിറ്റല്‍ ക്ലോക്ക് ഇദ്ദേഹത്തിന്റെ സംഭാവനയാണ്. അതുപോലെ തന്നെ ഫിഷറാന്‍ഡം അഥവാം ചെസ്സ് 960 എന്ന ചെസ്സിന്റെ വക ഭേദം ഇദ്ദേഹത്തിന്റെ കണ്ടുപിടുത്തമാണ്.
My 60 memorable games എന്ന കൃതി ചെസ്സിലെ ഒരു ക്ലാസിക് ആയാണ് കരുതപ്പെടുന്നത്.
ബോബി ഫിഷറിന് ആദരാഞ്ജലികള്‍...
(വിവരങ്ങള്‍ വിക്കിപീഡിയ, റീഡിഫ്.കോം എന്നിവിടങ്ങളില്‍ നിന്ന്)
Sunday, December 2, 2007
പുസ്തകവും എതിര്‍ പുസ്തകവും
പുസ്തകത്തിനു എതിര്‍ പുസ്തകമെന്നു കേട്ടിട്ടുണ്ടോ?
ഒരു പക്ഷെ ചെസ്സില്‍ മാത്രമായിരിക്കും ഇത്തരമൊരു സംഭവം ഉള്ളത്.
ലോകത്തില്‍ ഏറ്റവും കൂടുതല്‍ പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുന്ന കളി ചെസ്സ് ആയിരിക്കും.(എതിരഭിപ്രായങ്ങള്‍ക്ക് സ്വാഗതം. ബ്രിഡ്ജ് ആവാം.) ഒരു മള്‍ട്ടി മില്യണ്‍ ഡോളര്‍ ബിസിനസ് ആണ് ചെസ്സ് പുസ്തകങ്ങളുടെ വില്പനയും എഴുത്തുമൊക്കെ. ഇന്ത്യന്‍ ഭാഷകളില്‍ ആധികാരികത അവകാശപ്പെടാവുന്ന ചെസ്സ് പുസ്തകങ്ങള്‍ അധികമായി ഇറങ്ങുന്നില്ല. ഇറങ്ങാറില്ല എന്നതാണ് ശരി. തുടക്കക്കാര്‍ക്കുള്ള പുസ്തകങ്ങള്‍ക്കപ്പുറത്തേക്ക് നമ്മുടെ നാട് വികസിച്ചിട്ടില്ല.
ഇംഗ്ലണ്ടിലും അമേരിക്കയിലുമൊക്കെ ഇന്റര്‍നാഷണല്‍ മാസ്റ്റര്‍മാരും അതിനു താഴെ നിലവാരത്തിലുള്ളവരും പോലും സാമാന്യ നിലവാരമുള്ളതെങ്കിലുമായ പുസ്തകങ്ങള്‍ ധാരാളമായി രചിക്കുമ്പോള്‍ ഇവിടെ അതൊന്നുമില്ല.
വിവരം പങ്കു വെക്കുന്നതിലുള്ള മടിയാവാം, കളിയില്‍ മാത്രം ശ്രദ്ധിക്കുന്നു എന്നതാവാം, എഴുതുന്നതും കളിക്കുന്നതും രണ്ട് മേഖലകളാണ് എന്നതാവാം, വിപണി ആവാം, ഡാറ്റാ ബേസ് ഉപയോഗിക്കുന്നതിലെ സാമര്‍ത്ഥ്യക്കുറവാകാം....
എന്തായാലും ആരും പുസ്തകങ്ങള്‍ എഴുതുന്നില്ല...
ഭാരതത്തിനു പുറത്ത് പുസ്തകം-എതിര്‍ പുസ്തകം രീതിയിലുള്ള അങ്കമാണ്...ബോര്‍ഡിനു പുറത്ത്...
ഓപ്പണിങ്ങ് (പ്രാരംഭ മുറ) പുസ്തകങ്ങളാണ് അങ്കത്തട്ട്...
വെളുപ്പിന്റെ ഭാഗത്തു നിന്നുള്ള കളി പഠിപ്പിക്കുന്നതിനും കറുപ്പിന്റെ ഭാഗത്തു നിന്നുള്ള കളി പഠിപ്പിക്കുന്നതിനും പ്രത്യേകം പ്രത്യേകം പുസ്തകങ്ങള്‍ ഇറങ്ങും.
കിങ്സ് ഇന്ത്യന്‍ ഡിഫന്‍സ് എന്നത് ഒരു പ്രാരംഭ മുറ ആണ്. കറുപ്പിന്റെ ഭാഗത്തു നിന്നുള്ള ഒരു മുറയാണിത്.
അത് പഠിപ്പിക്കാന്‍ ഒരു പുസ്തകമിറങ്ങും...
"King's Indian Defence"
ഈ ബുക്കൊക്കെ നോക്കിയാല്‍ ആ ഓപ്പണിങ്ങ് ശരിക്ക് കളിക്കാന്‍ പഠിക്കാം എന്നു വിചാരിച്ചാല്‍ ...
കുറച്ചു കാലം കഴിഞ്ഞാല്‍ അതിന്റെ എതിരാളി രംഗത്ത്, വെള്ളയുടെ ഭാഗത്ത് നിന്ന് വരും...
"Anti King‘s Indian"അല്ലെങ്കില്‍ "Beating King's Indian"
അത് കൂടി പഠിച്ചില്ലേല്‍ എതിരാളിയുടെ തന്ത്രങ്ങള്‍ അറിയില്ല എന്നതുറപ്പല്ലേ...അതു പഠിച്ച് (അതെ പഠിച്ച്..) കഴിയുമ്പോള്‍
ദാ വരുന്നു....
" Beating Anti King‘s Indian"
ശ്ശെടാ...ഇതെന്തൊരു കഷ്ടം..ഇത് ലാസ്റ്റ്..ഇത് കൂടി പഠിച്ചേക്കാം എന്നു വിചാരിച്ചിരിക്കുന്നവന്റെ തലച്ചോറിലേക്ക് അടുത്ത ഇടി വരുന്നു...
"Winning Against beating the Anti King‘s Indian"
ഇത് വൈറ്റിനു വേണ്ടിയുള്ള പുസ്തകമാണോ ബ്ലാക്കിനു വേണ്ടിയുള്ള പുസ്തകമാണോ എന്നത് മനസ്സിലാക്കാന്‍ തന്നെ ടൈം എടുക്കും.
ബിസിനസ്സ് താല്പര്യങ്ങള്‍ ഉണ്ടെങ്കിലും പുസ്തകങ്ങള്‍ കളിയുടെ നിലവാരം വര്‍ദ്ധിപ്പിക്കുന്നുണ്ട് എന്നതില്‍ തര്‍ക്കമൊന്നുമില്ല.
ഇവിടെ പുസ്തകങ്ങള്‍ അധികം ഇറങ്ങാത്തത് ഒരു പക്ഷെ, നമ്മള്‍ കൂടുതല്‍ മിടുക്കന്മാരായതു കൊണ്ടുമാവാം...
സായിപ്പ് എഴുതട്ടെ..നമുക്കത് വെച്ച് സായിപ്പിനെത്തന്നെ തോല്‍പ്പിച്ചാല്‍ പോരേ?
ഏത് പുസ്തകത്തിന്റേയും ഫോട്ടോ കോപ്പി സുലഭം...
ചെസ്സ് കളിക്കാരനാണോ ബുദ്ധി ഇല്ലാത്തത്...
Wednesday, October 3, 2007
കാസ്പറോവിനും ഒരു വിജയം
2007 ഒക്ടോബറിലെ ഫിഡെ റേറ്റിങ്ങ് ലിസ്റ്റ് അനുസരിച്ച് റേറ്റിങ്ങിലെ 2800 എന്ന മാന്ത്രിക സംഖ്യ ആനന്ദ് വീണ്ടും കടന്നു. ഇപ്പോള്‍ 2801 ആണ് ആനന്ദിന്റെ റേറ്റിങ്ങ്. 2800നു മുകളില്‍ റേറ്റിങ്ങ് ഉള്ള ഏക കളിക്കാരന്‍ ഈ ലിസ്റ്റനുസരിച്ച് ആനന്ദ് മാത്രമാണ്.

ഇതിനിടയില്‍ മുന്‍ ലോക ചെസ്സ് ചാമ്പ്യനായ ഗാരി കാസ്പറോവിനും ഒരു വിജയം. അത് ചെസ്സിലല്ല മറിച്ച് രാഷ്ട്രീയക്കളത്തിലാണെന്നു മാത്രം.
അടുത്ത വര്‍ഷം നടക്കുന്ന റഷ്യന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ അദര്‍ റഷ്യ (Other Russia) എന്ന സര്‍വകക്ഷി സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുക ഗാരി കാസ്പറോവ് ആയിരിക്കും. 494ല്‍ 379 വോട്ട് നേടിയാണ് മറ്റു അഞ്ചു പേരെ പിന്‍തള്ളി കാസ്പറോവ് സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുക്കപ്പെട്ടത്. മുന്‍പ്രധാനമന്ത്രി മിഖായേല്‍ കസ്യനോവ് (Mikhail Kasyanov), അവിടത്തെ സെന്‍ട്രല്‍ ബാങ്കിന്റെ മുന്‍മേധാവി വിക്ടര്‍ ഗെരാഷ്‌ചെങ്കോ(Viktor Gerashchenko) എന്നിവരും പരാജയപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.
യുനൈറ്റഡ് സിവില്‍ ഫ്രണ്ട് എന്ന പ്രസ്ഥാനത്തിന്റെ സ്ഥാപകനാണ് ഗാരി കാസ്പറോവ്. 2005ല്‍ സ്ഥാപിതമായ ഈ ഗ്രൂപ്പ് അദര്‍ റഷ്യ സഖ്യത്തിലെ ഒരംഗം കൂടിയാണ്.''അദര്‍ റഷ്യയുടെ ആശയങ്ങള്‍ വിജയിക്കാനാവുന്നതെല്ലാം ഞാന്‍ ചെയ്യും. എങ്കിലും നാം യോജിച്ച് നിന്നാല്‍ മാത്രമെ ഇത് നടപ്പിലാക്കാനാവൂ”. കാസ്പറോവ് പറഞ്ഞു.''
"പാത ദുഷ്കരമാണ്”. പോലീസും അദര്‍ റഷ്യ പ്രവര്‍ത്തകരും തമ്മില്‍ നിരന്തരമായി നടക്കുന്ന ഏറ്റുമുട്ടലുകളേയും, മറ്റു പ്രതിപക്ഷകക്ഷികളുമായി നടക്കുന്ന ചര്‍ച്ചകളേയും പരാമര്‍ശിച്ച് കാസ്പറോവ് കൂട്ടിച്ചേര്‍ത്തു.
അദര്‍ റഷ്യ എന്നത് പുടിനെ എതിര്‍ക്കുന്ന ചെറിയ ചെറിയ ഗ്രൂപ്പുകളുടെ ഒരു സഖ്യം ആണ്. ഇടത്-വലത് പ്രതിപക്ഷനേതാക്കള്‍ ഈ സഖ്യത്തില്‍ അംഗങ്ങളാണ്.
ഇതിലെ പ്രധാന അംഗങ്ങള്‍ ഇവരൊക്കെയാണ്.
Lyudmila Alekseeva – Moscow Helsinki Group
Viktor Anpilov – Workers’ Russia
Mikhail Delyagin – Institute for Globalization Issues
Yuri Dzhibladze - Center for Development of Democracy and Human Rights
Garry Kasparov – United Civil Front
Mikhail Kasyanov – People’s Democratic Union
Eduard Limonov – National Bolshevik Party
Yelena Lukyanova – Law Professor at Moscow State University
Vladimir Ryzhkov – Republican Party of RussiaGeorgy Satarov – Information Science for Democracy (INDEM)Andrei Illarionov – Former senior economic advisor to the president
അദര്‍ റഷ്യ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിജയിക്കാനുള്ള സാധ്യത ഒരു പക്ഷെ വിരളമായിരിക്കും. ഒരു അഭിപ്രായ സര്‍വെ അനുസരിച്ചു 3 ശതമാനം പേര്‍ മാത്രമാണ് അദര്‍ റഷ്യക്ക് വോട്ട് ചെയ്യും എന്ന് പറഞ്ഞത്.
എന്തായാലും കാസ്പറോവിന്റെ രാഷ്ട്രീയ ചതുരംഗക്കളത്തിലെ നീക്കങ്ങള്‍ കാത്തിരുന്നു കാണാം.
(ചിത്രങ്ങള്‍ സൂസന്‍ പോള്‍ഗാറിന്റെ ബ്ലോഗില്‍ നിന്ന്)
Sunday, September 30, 2007
വിശ്വനാഥന്‍ ആനന്ദ് 2007ലെ വിശ്വ ചെസ്സ് ചാമ്പ്യന്‍
ഭാരതത്തിന്റെ വിശ്വനാഥന്‍ ആനന്ദിന് 2007ലെ വിശ്വചെസ്സ് കിരീടം.
മെക്സിക്കോ സിറ്റിയിലെ ഷെറാട്ടന്‍ സെന്റ്രോ ഹിസ്റ്റൊറിക്കോ ഹോട്ടലില്‍ നടക്കുന്ന ഫിഡെ ലോകചെസ്സ് ചാമ്പ്യന്‍ഷിപ്പില്‍ ആനന്ദ് വിജയിയായതോടെ വിശ്വചെസ്സിന്റെ തലപ്പത്ത് വീണ്ടും ഒരു ഭാരതീയന്‍ അവരോധിതനായി.
എല്ലാ ഭാരതീയര്‍ക്കും അഭിമാനിക്കാവുന്ന നിമിഷം
ആനന്ദിനു പുറമെ, റഷ്യയുടെ വാദിമിര്‍ ക്രാംനിക്ക് (Elo2769) , അലക്സാണ്ടര്‍ മൊറോസോവിച്ച്(Elo2758), ഹംഗറിയുടെ പീറ്റര്‍ ലീക്കോ(Elo2751), അര്‍മേനിയയുടെ ലെവോണ്‍ അരോണിയന്‍(Elo2750), റഷ്യയുടെ പീറ്റര്‍ സ്വിഡ്‌ലര്‍(Elo2735), ഇസായേലിന്റെ ബോറിസ് ഗെല്‍ഗാന്‍ഡ്(Elo2733), റഷ്യയുടെ അലക്സാണ്ടര്‍ ഗ്രിഷ്‌ചുക്(Elo2726) എന്നിവരാണ് ഈ മത്സരത്തിലെ മറ്റു കളിക്കാര്‍. ലോകത്തിലെ ഏറ്റവും മികച്ച 14 കളിക്കാരിലെ എട്ടു പേരാണിവര്‍. ഇവരില്‍ ആനന്ദ്, മൊറോസെവിച്ച്, സ്വിഡ്‌ലര്‍ എന്നിവര്‍ 2005ലെ ഫിഡെ ലോക ചെസ്സ് ചാമ്പ്യന്‍ഷിപ്പിലെ സ്ഥാനം വഴിയും , ക്രാംനിക്ക് 2006ലെ സംയുക്ത ലോകചാമ്പ്യന്‍ഷിപ്പിലെ വിജയി എന്ന നിലക്കും, മറ്റുള്ളവര്‍ 2007ലെ കാന്‍ഡിഡേറ്റ്സ് മത്സരങ്ങളിലൂടെയുമാണ് ഈ കലാശക്കളിക്ക് അര്‍ഹത നേടിയത്.
ഡബിള്‍ റൌണ്ട് റോബിന്‍ അടിസ്ഥാനത്തില്‍ (എല്ലാ കളിക്കാരും അന്യോന്യം രണ്ട് തവണ വീതം ഏറ്റുമുട്ടും) നടന്ന ഈ ടൂര്‍ണ്ണമെന്റില്‍ മൊത്തം 9 പോയിന്റ് നേടിയാണ് ആനന്ദ് ചാമ്പ്യനായത്.
പതിമൂന്നാമത്തെ റൌണ്ട് മത്സരത്തില്‍ അലക്സാണ്ടര്‍ ഗ്രിഷ്‌ചുക്കിനെതിരെ 74 നീക്കം നീണ്ട മാരത്തോണ്‍ മത്സരത്തില്‍ സമനില നേടിയ ആനന്ദ് അവസാന റൌണ്ടില്‍ ഹംഗറിയുടെ പീറ്റര്‍ ലീക്കോയുമായും സമനില നേടി.
ഒരു മത്സരം പോലും തോല്‍ക്കാതെയാണ് ആനന്ദ് വിജയിയായത്. തന്റെ വിജയ യാത്രയില്‍ ആനന്ദ് മൊറൊസോവിച്ചിനേയും, അരോണിയനേയും, ഗ്രിഷ്‌ചുക്കിനേയും, സ്വിഡ്‌ലറേയും ഓരോ തവണ തോല്‍പ്പിച്ചു. മറ്റു മത്സരങ്ങളെല്ലാം സമനിലയിലാക്കി. ഈ ചാമ്പ്യന്‍ഷിപ്പിന്റെ മൊത്തം സമ്മാനത്തുക 1.3 ദശലക്ഷം യു.എസ്.ഡോളറാണ്.
ഇതിനു മുന്‍പ് രണ്ടായിരാമാണ്ടില്‍ ടെഹ്‌റാനില്‍ വെച്ച് നടന്ന ഫിഡെ ലോകചെസ്സ് ചാമ്പ്യന്‍ഷിപ്പില്‍ അലെക്സി ഷിറോവിനെ 3.5-0.5 എന്ന സ്കോറിനു തോല്പിച്ച് ആനന്ദ് ചാമ്പ്യനായിട്ടുണ്ട്. 2003ലെ ലോക റാപ്പിഡ് ചെസ്സ് ചാമ്പ്യന്‍ഷിപ്പിലും ആനന്ദ് ആയിരുന്നു ചാമ്പ്യന്‍. 2002ലെ ലോക ചാമ്പ്യന്‍ഷിപ്പില്‍ റസ്‌ലിന്‍ പോനോമറിയോവിനോട് തോല്‍വിയടഞ്ഞു. 2005ലെ ചാമ്പ്യന്‍ഷിപ്പില്‍ പീറ്റര്‍ സ്വിഡ്‌ലറുമൊത്ത് രണ്ടാംസ്ഥാനം പങ്കുവെച്ചു. വാസലിന്‍ റ്റോപ്പലോവ് ആയിരുന്നു അത്തവണ ചാമ്പ്യന്‍. 1988ലെ ലോക ജൂനിയര്‍ ചാമ്പ്യനുമായിരുന്നു ആനന്ദ്.
1969 ഡിസംബര്‍ 11ന് ചെന്നെയില്‍ വിശ്വനാഥന്‍-സുശീല ദമ്പതികളുടെ മകനായി ജനിച്ച വിശ്വനാഥന്‍ ആനന്ദ് ചെസ്സ് രംഗത്ത് ഒരു തരംഗം തന്നെ സൃഷ്ടിച്ചുകൊണ്ടാണ് കടന്നു വന്നത്. അമ്മയില്‍ നിന്നും ആറാം വയസ്സില്‍ പഠിച്ചു തുടങ്ങിയ പാഠങ്ങളുമായി, മിന്നല്‍ വേഗത്തില്‍ തന്റെ നീക്കങ്ങള്‍ നടത്തുന്ന ‘വിഷി’ 1983ല്‍ പതിനാലാമത്തെ വയസ്സില്‍ നാഷണല്‍ സബ് ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ 9ല്‍ 9 പോയിന്റും നേടി ചാമ്പ്യനായി. പതിനഞ്ചാമത്തെ വയസ്സില്‍ അന്നത്തെ ഇന്ത്യയുടെ ഏറ്റവും പ്രായം കുറഞ്ഞ ഇന്റര്‍നാഷണല്‍ മാസ്റ്റര്‍ പദവി നേടിയ ആനന്ദ് പതിനാറാമത്തെ വയസ്സില്‍ നാഷണല്‍ ചാമ്പ്യനായി. തുടര്‍ന്ന് രണ്ടു തവണ അദ്ദേഹം ഈ പദവി നേടിയിട്ടുണ്ട്. പതിനെട്ടാമത്തെ വയസ്സില്‍ രാജ്യത്തെ ആദ്യത്തെ ഗ്രാന്‍ഡ്‌മാസ്റ്ററായി.
1997, 1998, 2003, and 2004 വര്‍ഷങ്ങളില്‍ ചെസ്സ് ഓസ്കാര്‍ നേടിയിട്ടുള്ള ആനന്ദ് ഫിഡേ റേറ്റിങ്ങില്‍ 2800 കടന്നിട്ടുള്ള ആറുകളിക്കാരില്‍ ഒരാളാണ്. ഫിഷര്‍, കാസ്പറോവ്, കാര്‍പ്പോവ്, ക്രാംനിക്ക്, റ്റോപ്പലോവ് എന്നിവരാണ് മറ്റു അഞ്ച് പേര്‍. ഇപ്പോള്‍ 2792 റേറ്റിങ്ങ് ഉള്ള ആനന്ദിന്റെ ഏറ്റവും ഉയര്‍ന്ന റേറ്റിങ്ങ് 2803 ആയിരുന്നു. (ഏപ്രില്‍ 2006ലെ ഫിഡെ റേറ്റിങ്ങ് ലിസ്റ്റില്‍). ഫിഡെയുടെ ഏറ്റവും പുതിയ ലിസ്റ്റ് അനുസരിച്ച് ലോകത്തിലെ ഒന്നാം നമ്പര്‍ താരമാണ് വിശ്വനാഥന്‍ ആനന്ദ്. (കാസ്പറോവ് ഇപ്പോള്‍ ഫിഡെയുടെ ലിസ്റ്റില്‍ ഇല്ല.)
ആനന്ദിനു ലഭിച്ചിട്ടുള്ള ബഹുമതികള്‍
1985 - മികച്ച കായികതാരത്തിനുള്ള അര്‍ജുന അവാര്‍ഡ്
1987- പദ്മശ്രീ, നാഷണല്‍ സിറ്റിസണ്‍സ് അവാര്‍ഡ്, സോവിയറ്റ് ലാന്‍ഡ് നെഹ്രു അവാര്‍ഡ്
1991-92 - ആദ്യത്തെ രാജീവ് ഗാന്ധി ഖേല്‍ രത്ന അവാര്‍ഡ്
1998 - ആനന്ദ് എഴുതിയ “മൈ ബെസ്റ്റ് ഗെയിംസ്” എന്ന പുസ്തകത്തിന് ബ്രിട്ടീഷ് ചെസ്സ് ഫെഡറേഷന്റെ(BCF) ബുക്ക് ഓഫ് ദി ഇയര്‍ അവാര്‍ഡ്
2000- പദ്മഭൂഷണ്‍
2001 - സ്പെയിനിലെ Jameo de Oro ബഹുമതി. അസാധാരണ നേട്ടങ്ങള്‍ കൈവരിക്കുന്ന വ്യക്തികള്‍ക്കാണ് ഈ അവാര്‍ഡ് നല്‍കുന്നത്.
അരുണയാണ് ഭാര്യ. ഇപ്പോള്‍ രണ്ടുപേരും സ്പെയിനില്‍ താമസം.
ആനന്ദിന്റെ 1984മുതല്‍ 2007 വരെയുള്ള മികച്ച പ്രകടങ്ങളുടെ ഒരു പട്ടിക ഇവിടെ
ഒരു ഇന്റര്‍വ്യൂവില്‍ ആനന്ദ് പറഞ്ഞ ഒരു തമാശ
ലോക ജൂനിയര്‍ ചെസ്സ് ചാമ്പ്യനും ഗ്രാന്‍ഡ്‌മാസ്റ്ററുമൊക്കെയായി പയ്യന്‍ ആനന്ദ് പ്രശസ്തനായി കത്തി നില്‍ക്കുന്ന സമയം.
ഒരു ദിവസം ട്രെയിനില്‍ യാത്ര ചെയ്യവെ, അടുത്തിരിക്കുന്ന ആള്‍ ആനന്ദിനോട് എന്തു ചെയ്യുന്നു എന്ന് ചോദിച്ചു.
താനൊരു ചെസ്സ് കളിക്കാരനാണെന്ന് ആനന്ദ് പറഞ്ഞു.
യാത്രക്കാരന് ഒട്ടും പിടിച്ചില്ല. അയാള്‍ വീണ്ടും ചോദിച്ചു. ജീവിക്കാനെന്തു ചെയ്യും? അച്ഛനു വല്ല ബിസിനസ്സും?
ആനന്ദ് പറഞ്ഞു “ ഇല്ല”
യാത്രക്കാരന്‍ കുറച്ചു നേരം ആനന്ദിന്റെ മുഖത്ത് തന്നെ നോക്കിക്കൊണ്ട് പറഞ്ഞു
“ചെസ്സ് കളിക്കുന്നതൊക്കെ നല്ലത് തന്നെ. പക്ഷെ കളിക്കുന്നുണ്ടെങ്കില്‍ ആ വിശ്വനാഥന്‍ ആനന്ദിനെപ്പോലെ കളിക്കണം. ഇല്ലെങ്കില്‍ ഇക്കാലത്ത് ഇതുകൊണ്ടൊന്നും ഒരു കാര്യവുമില്ല.“
യാത്രകളും, ജ്യോതിശാസ്ത്രവും ഇഷ്ടപ്പെടുന്ന ആനന്ദ് ഒന്നാംതരം ഫലിതബോധത്തിനും ഉടമയാണ്.
വിശ്വനാഥന്‍ ആനന്ദിന് അഭിനന്ദനങ്ങള്‍
വിശദമായ റിസല്‍ട്ടും പോയിന്റ് പട്ടികയും ഇവിടെയും അവിടെയും
ചിത്രങ്ങള്‍ക്ക് കടപ്പാട്: ചെസ്സ്ബേയ്‌സ്.കോം.
വിവരങ്ങള്‍ക്ക് കടപ്പാട്: വിക്കിപീഡിയ , വിക്കിപീഡിയ
Saturday, September 29, 2007
ആനന്ദ് ലോക ചെസ്സ് ചാമ്പ്യനാകുമോ?

മെക്സിക്കോയില്‍ നടക്കുന്ന ഫിഡെ ലോകചെസ്സ് ചാമ്പ്യന്‍ഷിപ്പിലെ നിര്‍ണ്ണായകമായ അവസാന റൌണ്ട് മത്സരത്തില്‍ ഇന്ന് ഭാരതത്തിന്റെ വിശ്വനാഥന്‍ ആനന്ദ് ഹംഗറിയുടെ പീറ്റര്‍ ലീക്കോയെ നേരിടുന്നു. ഈ മത്സരത്തില്‍ ആനന്ദ് ജയിക്കുകയോ സമനില നേടുകയോ ചെയ്താല്‍ ആനന്ദ് ആയിരിക്കും 2007 ലെ ലോക ചെസ്സ് ചാമ്പ്യന്‍.
13 റൌണ്ടില്‍ നിന്നും 8.5 പോയിന്റ് നേടിയിട്ടുള്ള ആനന്ദിന്റെ തൊട്ടുപുറകെ ഇസ്രായേലിന്റെ ഗ്രാന്‍ഡ്‌മാസ്റ്റര്‍ ബോറിസ് ഗെല്‍ഫാന്‍ഡ് 7.5 പോയിന്റോടെ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നു. ഇന്ന് ഗെല്‍ഫാന്‍ഡും റഷ്യയുടെ അലക്സാണ്ടര്‍ മോറോസോവിച്ചും തമ്മില്‍ നടക്കുന്ന കളിയില്‍ ഗെല്‍ഫാന്‍ഡ് ജയിക്കുകയും ആനന്ദ് തന്റെ കളി തോല്‍ക്കുകയും ചെയ്താല്‍ ഗെല്‍ഫാന്‍ഡ് ആവും ലോക ചാമ്പ്യന്‍. ഇവര്‍ രണ്ടുപേര്‍ക്കും മാത്രമേ ചാമ്പ്യനാവാനുള്ള സാധ്യതയുള്ളൂ.
മത്സരങ്ങള്‍ ഇന്ത്യന്‍ സമയം രാത്രി ഏതാണ്ട് 12.30ന് ആരംഭിക്കും. ലോക ചെസ്സ് ചാമ്പ്യന്‍ഷിപ്പിന്റെ ഔദ്യോഗിക സൈറ്റായ ചെസ്സ്‌മെക്‍സിക്കോ ലൈവ് ആയി ഇത് കാണിക്കുന്നുണ്ട്. ലിങ്ക് ഇവിടെ
ആനന്ദ് ലോകചാമ്പ്യനാവുമെന്ന് പ്രതീക്ഷിക്കാം അല്ലേ?
നിലവിലെ ഫിഡേ റേറ്റിങ്ങ് ലിസ്റ്റനുസരിച്ച് ലോകത്തിലെ ഒന്നാം നമ്പര്‍ താരമാണ് ആനന്ദ്.
ആനന്ദിന് എല്ലാവിധ ആശംസകളും..
***********
(ചിത്രം മൂവ് ചെയ്തത് ചെസ്സ് മെക്സിക്കോ എന്ന സൈറ്റില്‍ നിന്ന്)
(chessbase ല്‍ ചാമ്പ്യന്‍ഷിപ്പിനെക്കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ടുകളും, കളികളും , ചിത്രങ്ങളും, വീഡിയോയും ഉണ്ട്.)
Friday, August 31, 2007
ആദ്യ മലയാളി ഗ്രാന്‍ഡ് മാസ്റ്റര്‍ - ജി.എന്‍. ഗോപാല്‍

കേരളത്തില്‍ നിന്നുളള ആദ്യത്തെ ഗ്രാന്‍ഡ് മാസ്റ്ററെന്ന ചരിത്രനേട്ടത്തിന് ചെസ് താരം ജി.എന്‍.ഗോപാല്‍ അര്‍ഹനായി.ആലുവ സ്വദേശിയും പ്ളസ് ടു വിദ്യാര്‍ഥിയുമാണ് ഗോപാല്‍.
ബംഗ്ളാദേശിലെ ധാക്കയില്‍ നടക്കുന്ന ഏഷ്യന്‍ സോണല്‍ ചെസ് ചാമ്പ്യന്‍ഷിപ്പില്‍ മൂന്നാമത്തെ ഗ്രാന്‍ഡ് മാസ്റ്റര്‍ നോം സ്വന്തമാക്കിയതോടെയാണ് ആദ്യ മലയാളി ഗ്രാന്‍ഡ് മാസ്റ്ററെന്ന പദവി ഗോപാലിന് സ്വന്തമായത്. കേരളത്തില്‍ നിന്നുളള ആദ്യത്തെ ഇന്റര്‍നാഷണലും ഗോപാലായിരുന്നു.
11 റൌണ്ടുകളുളള മത്സരത്തില്‍ ഇതുവരെ ഒമ്പതു കളി പൂര്‍ത്തിയായി. ഇതുവരെ തോല്‍വിയറിയാതെ നാലു സമനിലകളും അഞ്ച് വിജയങ്ങളുമായി ഗോപാല്‍ മുന്നേറുകയാണ്. ഒമ്പതില്‍ ഏഴു പോയിന്റുമായി ടൂര്‍ണമെന്റിലെ ടോപ് സ്കോററാണ് ഗോപാല്‍. ബംഗ്ളാദേശിന്റെ ഫിഡെ മാസ്റ്ററായ അമിനുള്‍ ഇസ്ളാമിനെ ഒമ്പതാം റൌണ്ട് മത്സരത്തില്‍ പരാജയപ്പെടുത്തിയതോടെയാണ് ഗോപാല്‍ ഈ നേട്ടത്തിന് അര്‍ഹനായത്. ഇന്ത്യന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ സൂര്യശേഖര്‍ ഗാംഗുലി(ഇന്ത്യയിലെ നാലാം റാങ്കുകാരന്‍), മറ്റൊരു ഇന്ത്യന്‍ ഗ്രാന്‍ഡ് മാസ്റ്ററായ ദീപന്‍ ചക്രവര്‍ത്തി, ബംഗ്ളാദേശിന്റെ ഇന്റര്‍നാഷണല്‍ മാസ്റ്ററായ ഇമാനുള്‍ ഹുസൈന്‍, ശ്രീലങ്കക്കാരന്‍ റസല്‍ എന്നിവരുമായാണ് ഗോപാല്‍ സമനില കൈവരിച്ചത്.
ബംഗ്ളാദേശിന്റെ ഗ്രാന്‍ഡ് മാസ്റ്റര്‍ അല്‍റക്കിബ്, ഇന്ത്യയുടെ രോഹിത് എന്നിവരുമായുളള മത്സരമാണ് ഗോപാലിന് ബാക്കിയുളളത്. ഈ മത്സരങ്ങളില്‍ വിജയിക്കാനായാല്‍ ഗോപാലിനെ കാത്തിരിക്കുന്നത് മറ്റൊരു ചരിത്രനേട്ടമാണ്.
സൈബീരിയയില്‍ നടക്കുന്ന ലോക ചെസ് ചാമ്പ്യന്‍ഷിപ്പിലേക്കുളള എന്‍ട്രി ഗോപാലിന് ലഭിക്കും.
കഴിഞ്ഞമാസം അര്‍മേനിയയില്‍ നടന്ന ലെയ്ക്ക് സെവാന്‍ ടൂര്‍ണമെന്റില്‍ നിന്നും, കല്‍ക്കത്തയില്‍ നടന്ന രാജ്യാന്തര ഗ്രാന്‍ഡ് മാസ്റ്റര്‍ ടൂര്‍ണമെന്റില്‍ നിന്നുമാണ് ഗോപാല്‍ മറ്റു രണ്ടു ഗ്രാന്‍ഡ് മാസ്റ്റര്‍ നോമുകള്‍ നേടിയിരുന്നത്.
കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സീനിയര്‍ ചെസ് ചാമ്പ്യനും, ഇന്ത്യയിലെ സീനിയര്‍ ടീമില്‍ അംഗവുമാണ് നിലവില്‍ ഗോപാല്‍.
ആലുവ പവര്‍ഹൌസിനരികില്‍ 'ഗോകുല' ത്തില്‍ കോളജ് അധ്യാപക ദമ്പതികളായ ബി. നാരായണപിളളയുടെയും ഗീതാ പ്രകാശിനിയുടെയും മകനാണ്. സഹോദരന്‍ ഗോകുല്‍.
ശ്രീ. ജി.എന്‍.ഗോപാലിന് അഭിനന്ദനങ്ങള്‍. കൂടുതല്‍ ഉയരങ്ങള്‍ താണ്ടുവാന്‍ ഗോപാലിന് സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.
(വാര്‍ത്തക്ക് കടപ്പാട്: മംഗളം ദിനപ്പത്രം, ചിത്രത്തിനു കടപ്പാട്: മാതൃഭൂമി ദിനപ്പത്രം)
Friday, June 1, 2007
കുതിര 64 കളങ്ങളിലേയ്ക്കും

കുതിരയെ 64 കളങ്ങളിലേക്കും ചാടിക്കാമോ?
ഇത് ചെസ്സുമായോ ചതുരംഗവുമായോ ബന്ധമുള്ള എല്ലാവരും കേട്ടിട്ടുള്ള ചോദ്യമായിരിക്കും.
ഒരു കളത്തില്‍ നിന്നും ആരംഭിക്കുന്ന കുതിര ഒരു കളത്തിലും രണ്ടു വട്ടം ചവിട്ടാതെ 64 കളങ്ങളിലും എത്തണം.
ഗൂഗിള്‍ എടുത്ത് Knight's Tour എന്നു തിരഞ്ഞാല്‍ എത്ര രീതിയില്‍ ചാടിക്കാം എന്നതിന്റെ ഒക്കെ വിശദമായ വിവരം കിട്ടും.
ചതുരംഗം പ്രചാരത്തിലിരുന്ന കാലത്ത് ഇത്തരത്തില്‍ കുതിരയെ ചാടിക്കുന്നതിനു സഹായിക്കുന്ന ഒരു പദ്യശകലം നിങ്ങളുടെ ശ്രദ്ധയില്‍ കൊണ്ടു വരിക ഈ പോസ്റ്റിന്റെ ഉദ്ദേശം.
ഉമേഷ്‌ജിയുടെ സൈറ്റില്‍ ഒരു കമന്റിനു മറുപടിയായി പണ്ട് ഞാനിത് അവിടെ എഴുതിയിരുന്നു.
എങ്കിലും എത്ര പേര്‍ ശ്രദ്ധിച്ചു എന്നറിയില്ല.
ചതുരംഗത്തില്‍ കളങ്ങള്‍ അടയാളപ്പെടുത്തുന്നത് കചടതപയലസ എന്ന രീതിയിലാണ്.
മുകളിലെ ബോര്‍ഡ് നോക്കുക.
ഇത് ഒരു ചെസ്സ് ബോര്‍ഡ് ആണ്. ചതുരംഗത്തില്‍ രണ്ടു നിറങ്ങള്‍ ഉപയോഗിക്കാറില്ല. മറ്റു വ്യത്യാസം ഒന്നും കളത്തിന്റെ കാര്യത്തില്‍ ഇല്ല
ഇടതു നിന്ന് വലതു വശത്തേക്ക് കചടതപയലസ എന്നും മുകളിലേക്ക് ക കി കു കെ, ച ചി ചു ചെ..എന്നിങ്ങനെയും ആണ് അടയാളപ്പെടുത്തുന്നത്.
മറുവശത്തുനിന്നും അതുപോലെ ത്തന്നെ.
കടിതെലെ കുചടുത
പുലിപതു ചികെയെപെ
ചെകിടപി ലുസയിസു
ലയുസിയ തിടെസെചു
ഇതാണ് ചതുരംഗത്തിലെ പ്രസിദ്ധമായ നാലുവരിക്കവിത.
ഇത് 32 കളങ്ങള്‍ക്കുള്ളതായി.
അങ്ങിനെ ക യില്‍ നിന്നും തുടങ്ങി ചു വിലെത്തുന്ന കുതിര വീണ്ടും അടുത്ത ക വഴി ചു വിലെത്തുമ്പോള്‍ 64 കളങ്ങളുമായി.
വേണമെങ്കില്‍ ഒന്നു വെച്ചുനോക്കാം.
ചെസ്സ് ബേസിലെ ഒരു ലേഖനം ഇവിടെ.
കുതിരച്ചാട്ടം പരിശീലിക്കുന്നതിനുള്ള ജാവ ആപ്‌ലെറ്റുകളും ഈ ലിങ്കില്‍ ഉണ്ട്.
ആ ലേഖനത്തിലെ ലിങ്കുകള്‍ ക്ലിക്കിയാല്‍ വളരെ വിശദമായ വിവരം കിട്ടും.
Sunday, April 1, 2007
വിശ്വനാഥന്‍ ആനന്ദിന് ഒന്നാം സ്ഥാനം നിഷേധിക്കപ്പെട്ടു!
സാധാരണ ഗതിയില്‍ ഫെബ്രുവരി 28നുള്ളില്‍ സമാപിക്കുന്ന ടൂര്‍ണ്ണമെന്റുകളാണ് എപ്രില്‍ ലിസ്റ്റില്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുക എങ്കിലും കഴിഞ്ഞ വര്‍ഷങ്ങളിലെല്ലാം തന്നെ മേല്‍പ്പറഞ്ഞ ലിനാറസ് ടൂര്‍ണ്ണമെന്റ് ഏപ്രില്‍ ലിസ്റ്റിനായി കണക്കിലെടുത്തിട്ടുണ്ട്. ഇത് ഫിഡെയുടെ ഇരട്ടത്താപ്പാണെന്ന് ആള്‍ ഇന്ത്യ ചെസ്സ് ഫെഡറേഷന്‍ ട്രഷറര്‍ ഭരത് സിങ്ങ് ചൌഹാന്‍ അഭിപ്രായപ്പെട്ടു. മാര്‍ച്ച് 1 മുതല്‍ 9 വരെ നടന്ന ഏഷ്യന്‍ സിറ്റീസ് ചാമ്പ്യന്‍ഷിപ്പ് ഈ ലിസ്റ്റിനായി കണക്കിലെടുത്തിട്ടുണ്ട്. കഴിഞ്ഞ 15 വര്‍ഷങ്ങളിലും ചെയ്തതുപോലെ ഇത്തവണയും ലിനാറസ് ടൂര്‍ണ്ണമെന്റ് ഏപ്രില്‍ ലിസ്റ്റിനായി കണക്കിലെടുക്കണമെന്ന് ആള്‍ ഇന്ത്യ ചെസ്സ് ഫെഡറേഷന്‍ തങ്ങളുടെ വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ച പ്രസ്ഥാവനയില്‍ പറഞ്ഞു.
എങ്കിലും ഫെഡെ പ്രസിഡന്റ് ബോര്‍ഡ് മെംബര്‍ നിജേല്‍ ഫ്രീമാന്‍ ഫിഡെയുടെ നിലപാടിനെ ന്യായീകരിച്ചു. പൂര്‍ണ്ണമായും നീതിപൂര്‍വ്വം ആയിരിക്കാന്‍ വേണ്ടിയാണ് ലിനാറസ് ടൂര്‍ണ്ണമെന്റ് ഉള്‍പ്പെടുത്താതിരുന്നതെന്നും ലിസ്റ്റിനു ഒരു മാസം മുന്‍പ് അവസാനിച്ച ടൂര്‍ണ്ണമെന്റുകള്‍ മാത്രം ഉള്‍പ്പെടുത്തിയാല്‍ മതിയെന്ന് തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.
വാല്‍ക്കഷണം : പ്രമുഖ ചെസ്സ് വെബ് സൈറ്റായ ചെസ്സ്ബേസിലെ റിപ്പോര്‍ട്ട് അനുസരിച്ച് ഫിഡെ ലിനാറസ് ടൂര്‍ണ്ണമെന്റ് കൂടി ഏപ്രില്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചതായി അറിയുന്നു.ആനന്ദ് ലോക ഒന്നാം നമ്പര്‍.ഫിഡെ തെറ്റ് തിരുത്തുന്നു
മൊറേലിയ-ലിനാറസ് ടൂര്‍ണ്ണമെന്റുകൂടി ഏപ്രിലിലെ റേറ്റിങ്ങിനായി കണക്കിലെടുക്കാന്‍ ഫിഡെ തീരുമാനിച്ചു. ഫിഡെ റേറ്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ കാസ്ട്രോ അബുന്‍ഡോ അറിയിച്ചതാണ് ഇക്കാര്യം.
വിശ്വനാഥന്‍ ആനന്ദിന് അഭിനന്ദനങ്ങള്‍!
Sunday, March 11, 2007
വിശ്വനാഥന്‍ ആനന്ദ് ലോക ഒന്നാം നമ്പര്‍ പദവിയിലേക്ക്
വിശ്വനാഥന്‍ ആനന്ദിനു അഭിനന്ദനങ്ങള്‍ !
ഭാരതീയര്‍ എന്ന നിലക്ക് നമുക്ക് അഭിമാനിക്കാം
കൂടുതല്‍ വിവരങ്ങള്‍ക്ക് www.chessbase.com സന്ദര്‍ശിക്കുക.


