Monday, January 28, 2008

ഒരു ഉപഗ്രഹം താഴേക്ക് വരുന്നുണ്ട്...

ഒരു വമ്പന്‍ അമേരിക്കന്‍ ചാര ഉപഗ്രഹം കണ്‍‌ട്രോള്‍ പോയി താഴേക്ക് വരുന്നുണ്ട്...ഫെബ്രുവരി അവസാനമോ മാര്‍ച്ച് ആദ്യമോ അത് ഭൂമിയില്‍ വീഴും എന്ന് ഔദ്യോഗികവൃത്തങ്ങള്‍ പറയുന്നു. 10000 പൌണ്ട് ഭാരവും ഏതാണ്ട് ഒരു ബസ്സിന്റെ വലിപ്പവുമുള്ള ഒന്ന്‌. 7700 പൌണ്ട്/3300 കിലോ ആണെന്ന് മറ്റു ചിലയിടങ്ങളില്‍ കാണുന്നു. NROL-21 USA-193 എന്നു പേരായ ഉപഗ്രഹമായിരിക്കാം താഴേക്ക് വന്നുകൊണ്ടിരിക്കുന്നതെന്ന് ഗ്ലോബല്‍ സെക്യൂരിറ്റി എന്ന സൈറ്റില്‍ കാണുന്നു.

2006 ഡിസംബര്‍ 14ന് Vandenberg എയര്‍ ഫോഴ്സ് ബെയ്സില്‍ നിന്നും വിക്ഷേപിക്കപ്പെട്ട ഈ ഉപഗ്രഹം വിക്ഷേപണം കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം തന്നെ സോളാര്‍ പാനലുകളുടെ തകരാര്‍ മൂലം പ്രവര്‍ത്തിക്കാതെ ആയി. 2007 ജനുവരിയില്‍ ഈ ക്ലാസിഫൈഡ് ഉപഗ്രഹവുമായുള്ള വാര്‍ത്താവിനിമയ ബന്ധവും നഷ്ട്രപ്പെട്ടു. 351 x 367 km ഭ്രമണപഥത്തിലേക്ക് വിക്ഷേപിക്കപ്പെട്ട ഇത് ഇപ്പോള്‍ 271 x 282 km ഭ്രമണപഥത്തിലാണെന്നും ദിവസേന 0.7 കി.മി വെച്ച് താഴ്ന്നു കൊണ്ടിരിക്കുകയാണെന്നുമാണ് വിദഗ്ദര്‍ പറയുന്നത്. താഴുന്നതിന്റെ വേഗത ഇനിയും കൂടിയേക്കും.

എവിടെ വന്ന് വീഴുമെന്നു പറയാന്‍ പറ്റില്ലത്രേ...

സര്‍ക്കാര്‍ ഏജന്‍സികള്‍ ഉപഗ്രഹത്തെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് പെന്റഗണ്‍ വക്താവ് Lieutenant Colonel Karen Finn അസോസിയേറ്റ് പ്രസ്സിനോട് പറഞ്ഞു. The satellite is "de-orbiting എന്നാണ് വക്താവ് പറഞ്ഞത്. ഉപഗ്രഹത്തില്‍ ഹൈഡ്രസീന്‍ (Hydrazine, a colorless liquid with an ammonia-like odor, is a toxic chemical and can cause harm to anyone who contacts it.) എന്ന/അടങ്ങിയ റോക്കറ്റ് ഇന്ധനം ഉണ്ടെന്ന റിപ്പോര്‍ട്ടുകളെക്കുറിച്ചും ഏത് തരത്തിലുള്ള ഉപഗ്രഹമാണിത് എന്നതിനെക്കുറിച്ചും വെളിപ്പെടുത്തുവാന്‍ ഇവര്‍ വിസമ്മതിച്ചു.. വിശദവിവരങ്ങള്‍ വെളിപ്പെടുത്താന്‍ പല ബുദ്ധിമുട്ടുകളും കാണും.

ഹൈഡ്രസീന്‍ കേന്ദ്ര നാഡീവ്യൂഹത്തെ ബാധിക്കുന്ന ഒന്നാണെങ്കിലും ചൂടും അള്‍ട്രാവയലറ്റ് രശ്മികളുമേറ്റാല്‍ പെട്ടെന്ന് വിഘടിക്കപ്പെടുമെന്ന് ഫ്രഞ്ച് സെക്യൂരിറ്റി ഏജന്‍സി Ineris അവരുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇതിനു മുന്‍പും കണ്‍‌ട്രോള്‍‍ പോയ കുറെ ഉപഗ്രഹങ്ങള്‍ ഭൂമിയില്‍ വീണിട്ടുണ്ട്. വലിയ കുഴപ്പമൊന്നുമില്ലാതെ. ഇതിന്റെ കാര്യത്തിലും പ്രശ്നങ്ങളൊഴിവാക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ് ഏജന്‍സികള്‍. ഒരു മിസൈല്‍ വെച്ച് ഇതിനെ തകര്‍ക്കാന്‍ പറ്റുമോ എന്ന കാര്യത്തെക്കുറിച്ചോ മറ്റു വിശദവിവരങ്ങളെക്കുറിച്ചോ ഇപ്പോള്‍ ഒന്നും പറയുന്നില്ലെന്ന് വക്താക്കള്‍ പറയുന്നു. മറ്റു രാജ്യങ്ങളെ വിവരമറിയിച്ചിട്ടുണ്ടെന്ന് ഇവര്‍ കൂട്ടിച്ചേര്‍ക്കുന്നു.

ഭൌമാന്തരീക്ഷത്തിലേക്ക് പ്രവേശിക്കുന്നതോടെ ഇതിന്റെ കുറെ ഭാഗങ്ങള്‍ കത്തിനശിക്കും. 2003ല്‍ കൊളംബിയ സ്പേസ് ഷട്ടില്‍ തകര്‍ന്നപ്പോള്‍ ഉണ്ടായതിലും വളരെ കുറച്ച് അവശിഷ്ട്രങ്ങള്‍ മാത്രമേ ഈ ഉപഗ്രഹത്തിന്റെ കാര്യത്തില്‍ ഭൂമിയില്‍ പതിക്കൂ എന്ന് വിദഗ്ദര്‍ പറയുന്നു.

ഇങ്ങിനെ കണ്‍‌ട്രോള്‍ ഇല്ലാതെ ചാര ഉപഗ്രഹങ്ങള്‍ വീഴുന്നത് അമേരിക്കന്‍ രഹസ്യങ്ങള്‍ക്ക് ഭീഷണിയായേക്കാം. സാധാരണ ഗതിയില്‍ (ചാ‍ര) ഉപഗ്രഹങ്ങളൊക്കെ തിരിച്ചുവീഴുമ്പോള്‍ നിയന്ത്രണ വിധേയമായി ലാന്‍‌ഡ് ചെയ്യിക്കാറുണ്ട്. അവശിഷ്ടങ്ങള്‍ മറ്റാര്‍ക്കും ലഭിക്കാത്ത രീതിയില്‍. ശത്രു രാജ്യങ്ങളിലെ ചാരസംഘടനകള്‍ക്ക് ഇതിന്റെ അവശിഷ്ടങ്ങള്‍ ലഭിക്കുന്നതിനെക്കുറിച്ചായിരിക്കും അമേരിക്കയുടെ ഏറ്റവും വലിയ വേവലാതി.

2002ല്‍ ഒരുപഗ്രഹത്തിന്റെ അവശിഷ്ടങ്ങള്‍ പേര്‍ഷ്യന്‍ ഗള്‍ഫ് പ്രദേശത്ത് പതിച്ചിരുന്നു.

രണ്ടായിരാമാണ്ടില്‍ നാസയുടെ എഞ്ചിനീയര്‍മാര്‍ റോക്കറ്റുകളുപയോഗിച്ച് 17 ടണ്ണുണ്ടായിരുന്ന ഒരുപഗ്രഹത്തെ പസഫിക് സമുദ്രത്തില്‍ സുരക്ഷിതമായി ലാന്‍‌ഡ് ചെയ്യിച്ചിരുന്നു...

1979ല്‍ സ്കൈലാബ് എന്ന 78 ടണ്‍ ഭീമന്‍ കണ്‍‌ട്രോള്‍ നഷ്ടപ്പെട്ട് ഭൂമിയില്‍ വന്നു വീണതായിരുന്നു ഇതിനു മുന്‍പത്തെ സംഭവം. അതിന്റെ അവശിഷ്ടങ്ങള്‍ ഇന്ത്യാ മഹാസമുദ്രത്തിലും പടിഞ്ഞാറന്‍ ആസ്ത്രേലിയയിലും പ്രശ്നമുണ്ടാക്കാതെ വന്നു വീണു.

സ്കൈലാബ് വീണ സമയത്ത് എന്ത് മാത്രം ചര്‍ച്ചകളായിരുന്നു...എല്ലാവര്‍ക്കും അത് തന്നെയായിരുന്നു പറയാനുണ്ടായിരുന്നത്...സ്കൈലാബ് ഫാന്‍സ് അസോസിയേഷന്‍ വരെ ഉണ്ടായിരുന്നോ എന്നു സംശയം.. സ്കൈലാബിനെക്കുറിച്ച് പറയാനറിയുന്ന മാഷന്മാര്‍ക്കായിരുന്നു സ്കൂളില്‍ അന്ന് വന്‍‌ ഡിമാന്‍‌ഡ്.

സ്കൈലാബിന്റെ പതനം ജാതകത്തില്‍ ചെലുത്തുന്ന ഫലം പ്രവചിച്ച് കാശുണ്ടാക്കാന്‍ ധാരാളം ജ്യോത്സ്യന്മാരും ഉണ്ടായിരുന്നു. അവരെ കളിയാക്കുന്ന ഒരു രസികന്‍ ലേഖനം ഇവിടെ

എന്തായാലും എല്ലാവരും ഒന്നു സൂക്ഷിച്ച് നടക്കുന്നത് കൊള്ളാം..(ഒരു സ്മൈലി)

ഇത് കൂടി വായിക്കാം..

U.S. Spy Satellite, Power Gone, May Hit Earth

Saturday, January 26, 2008

വാക്കിലെ ചതികള്‍

കൂട്ടക്കൊല എന്നര്‍ത്ഥം വരുന്ന carnage, bloodbath എന്നീ വാക്കുകള്‍ കേള്‍ക്കുമ്പോള്‍ മനസ്സിലേക്ക് വരുന്നത് എന്താണ്?

കൊല്ലപ്പെടുന്ന നിസ്സഹായരായ മനുഷ്യരാണോ അതോ പട പട എന്ന് ശബ്ദം കേള്‍പ്പിക്കുന്ന കറന്‍സി നോട്ടുകളാണോ? അതോ ഷെയര്‍ സര്‍ട്ടിഫിക്കറ്റുകളോ?

ഇപ്പോഴുണ്ടായ സ്റ്റോക്ക് മാര്‍ക്കറ്റ് തകര്‍ച്ചയെ വിശേഷിപ്പിക്കുവാന്‍ മുഖ്യധാരാ മാധ്യമങ്ങളും ടി.വി.ചാനലുകളും കൂട്ടക്കൊല എന്നര്‍ത്ഥം വരുന്ന carnage, bloodbath എന്നീ വാക്കുകള്‍ ഉപയോഗിക്കുന്നതില്‍ എന്ത് മാത്രം നൈതികത ഉണ്ട്?

ചോദിക്കുന്നത് ബദ്രി റൈന എന്ന എഴുത്തുകാരന്‍...

നാല്പത് വര്‍ഷത്തോളം ഇംഗ്ലീഷ് അദ്ധ്യാപകനായിരുന്ന അദ്ദേഹത്തിന് ആ വാക്ക് കേള്‍ക്കുമ്പോള്‍ ഓര്‍മ്മ വരുന്നത് വലിയൊരു വിഭാഗം മനുഷ്യജീവിതങ്ങള്‍ ഇല്ലായ്മ ചെയ്യപ്പെടുന്നതാണ്. അശോകന്‍ കലിംഗ പിടിച്ചടക്കിയപ്പോള്‍, അലക്സാണ്ടറുടെ പടയോട്ടക്കാലത്ത്, കുരിശു യുദ്ധത്തിന്റെ സമയത്ത്, ചെങ്കിസ് ഖാന്റെ കാലത്ത്, ഇറാഖില്‍, ബോസ്നിയയില്‍, റുവാണ്ടയില്‍, 1984ല്‍ ദെല്‍ഹിയില്‍, 1992-93 കാലത്ത് മുംബൈയില്‍, ഈയടുത്ത് ഗുജറാത്തില്‍ ഒക്കെ നടന്ന കാര്യങ്ങള്‍......

പക്ഷെ മുഖ്യധാരാ മാധ്യമങ്ങളുടെ രീതി വേറെയാണ്...

സ്റ്റോക്ക് മാര്‍ക്കറ്റ് തകര്‍ച്ചയെ വിശേഷിപ്പിക്കുവാന്‍ കൂട്ടക്കൊല എന്ന വാക്ക് വീണ്ടും വീണ്ടും ഉപയോഗിക്കുന്ന അവര്‍, ദുര്‍ബല വിഭാഗങ്ങളെ ഉയര്‍ന്ന വര്‍ഗക്കാര്‍ ഇല്ലായ്മ ചെയ്യുമ്പോഴൊന്നും ഇത്തരം കട്ടിയുള്ള പദങ്ങള്‍ ഉപയോഗിക്കാറില്ല. ലഹള, രണ്ടു വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം എന്നിങ്ങനെയുള്ള ലളിതപദങ്ങളില്‍ അവര്‍ സംഭവം ഒതുക്കും.

ദശലക്ഷക്കണക്കിനു മനുഷ്യര്‍ പോഷകാഹാരമില്ലാതെയും, തടയാമായിരുന്ന മഹാമാരികള്‍ തടയാനുള്ള സംവിധാനങ്ങള്‍ ഇല്ലാത്തതുകൊണ്ടും മരിക്കുമ്പോള്‍, ലക്ഷക്കണക്കിനു കര്‍ഷകര്‍ ആത്മഹത്യ ചെയ്യുമ്പോള്‍ ഒന്നും തന്നെ മുഖ്യധാരാ മാധ്യമങ്ങള്‍ ശക്തവും കൃത്യവുമായ പദങ്ങളുപയോഗിച്ച് അവയെ വിശേഷിപ്പിക്കുയോ, അങ്ങിനെ അതിന്റെയൊക്കെ കാരണമായ നമ്മുടെ സാമൂഹ്യ വ്യവസ്ഥയിലെ കുഴപ്പങ്ങളെക്കുറിച്ച് വ്യക്തമായ ഒരു കാഴ്ചപ്പാട് ഉണ്ടാക്കുവാന്‍ ശ്രമിക്കുകയോ ചെയ്യുന്നില്ല.

സ്റ്റോക്ക് മാര്‍ക്കറ്റ് തകര്‍ച്ചയുടെ വാര്‍ത്തക്കിടയില്‍ കൂട്ടക്കൊല എന്ന വാക്ക് നിരന്തരം കേട്ടുകൊണ്ടിരുന്നപ്പോഴും ചോരപ്പുഴക്ക് പകരം റൈനക്കു കാണുവാന്‍ കഴിഞ്ഞത് ചുവന്ന ഗ്രാഫുകള്‍ മാത്രമാണത്രെ...

സെന്‍സെക്സ് വീണ തിങ്കളാഴ്ചയെ ദുഃഖദിനമായി വിശേഷിപ്പിച്ച ഇവരൊന്നും 1984ല്‍ ദല്‍ഹി, 1992-93ല്‍ മുംബൈ, 2002ല്‍ ഗുജറാത്ത് എന്നിവിടങ്ങളില്‍ കൂട്ടക്കൊല നടന്ന സമയത്തൊന്നും ആ ദിവസങ്ങളെ ദുഃഖദിനം എന്ന് വിശേഷിപ്പിച്ചതായി കണ്ടിട്ടില്ല എന്നദ്ദേഹം പറയുന്നു.

ഒരേ വാക്കിനു പലര്‍ക്കും പല അര്‍ത്ഥം....

കൂട്ടക്കൊല എന്ന വാക്ക് മനുഷ്യജീവിതങ്ങളെ കൊല ചെയ്യുന്നതിനെ വിശേഷിപ്പിക്കുവാന്‍ തെറ്റായി ഉപയോഗിക്കുകയാണെന്ന് ഒരല്പം പരിഹാസത്തോടെ റൈന പറയുന്നു. ആ വാക്ക് ശരിക്കും ഉപയോഗിക്കേണ്ടത് ബാങ്ക് ക്രെഡിറ്റ്, ഹൌസിങ്ങ് മാര്‍ക്കറ്റ്, വിദേശ നിക്ഷേപകര്‍, എന്നിവക്കൊക്കെ എന്തെങ്കിലും സംഭവിക്കുമ്പോഴാണ്.

മുതലാളിത്തത്തെ സംബന്ധിച്ചിടത്തോളം ശരിയായ മനുഷ്യജീ‍വി എന്നത് പുതുപുത്തന്‍ കറന്‍സി നോട്ടുകളും, ഷെയര്‍ സര്‍ട്ടിഫിക്കറ്റുകളും ഒക്കെ ആണല്ലോ...

അല്ലെങ്കിലും ഉള്ളവനും ഇല്ലാത്തവനും സംസാരിക്കുന്നത് രണ്ടു തരം ഭാഷ തന്നെയല്ലേ?

സെഡ് മാഗിലെ‍ ലേഖനം ഇവിടെ

Friday, January 25, 2008

അധിനിവേശത്തിന് എത്ര കിലോ നുണ വേണം?

പ്രസിഡന്റ് ബുഷും അദ്ദേഹത്തിന്റെ കൂട്ടാളികളായ 7 ഉന്നത ഉദ്യോഗസ്ഥരും ചേര്‍ന്ന് 2001 സെപ്റ്റംബര്‍ 11നു ശേഷമുള്ള രണ്ട് വര്‍ഷത്തിനിടെ സദ്ദാം ഹുസൈന്റെ ഇറാഖ് ഉയര്‍ത്തുന്ന ദേശീയ സുരക്ഷാ ഭീഷണിയെപ്പറ്റി 935 തവണ നുണ പറഞ്ഞെന്ന് ഒരു പഠനം.

നുണ പറഞ്ഞവരില്‍ കോണ്ടലീസ റൈസും, ഡിക്ക് ചെനിയും ഡൊണാള്‍ഡ് റംസ്‌ഫെല്‍ഡും ഒക്കെ ഉള്‍പ്പെടുന്നു. ഇതങ്ങനെ ചുമ്മാ പറഞ്ഞതല്ലെന്നും പൊതുജനാഭിപ്രായത്തേയും ഒപ്പീനിയന്‍ പോളുകളേയുമൊക്കെ സ്വാധീനിക്കാന്‍ വേണ്ടി ബോധപൂര്‍വം നടത്തിയ ഒന്നായിരുന്നെന്നും ആള്‍ട്ടര്‍ നെറ്റ് മാഗസിനില്‍ Charles Lewis, Mark Reading-Smith (Centre for Public Integrity) എന്നിവര്‍ ചേര്‍ന്ന് എഴുതിയ ലേഖനത്തില്‍ പറയുന്നു. ഈ നുണപ്രചരണത്തിലൂടെ അമേരിക്കയെ അവര്‍ യാതൊരു ന്യായീകരണവും ഇല്ലാത്ത ഒരു യുദ്ധത്തിലേക്ക് നയിക്കുകയായിരുന്നു.

കുറഞ്ഞത് 532 തവണയെങ്കിലും ഇറാഖില്‍ സര്‍വനാശക ആയുധങ്ങള്‍ ഉണ്ടെന്ന് ഇവരൊക്കെക്കൂടി പറഞ്ഞിട്ടുണ്ടത്രെ.

ബുഷ് 232 തവണ സര്‍വനാശകായുധങ്ങളെക്കുറിച്ചും 28 തവണ ഇറാഖിനു അല്‍ ക്വയിദയുമായുള്ള ബന്ധത്തെക്കുറിച്ചും നുണ പറഞ്ഞ് ഒന്നാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍, കോളിന്‍ പവല്‍ 244 തവണ സര്‍വ നാശകായുധങ്ങളെക്കുറിച്ചും 10 തവണ അല്‍ ക്വയിദ ബന്ധത്തെക്കുറിച്ചും പറഞ്ഞ് രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നു. മറ്റുള്ളവരുടെ നുണക്കണക്ക് ഇങ്ങനെ: റംസ്‌ഫെള്‍ഡ്, വൈറ്റ് ഹൌസ് പ്രെസ്സ് സെക്രട്ടറി ആരി ഫ്ലെച്ചര്‍ എന്നിവര്‍ 109 നുണ വീതം. ഡെപ്യൂട്ടി ഡിഫന്‍സ് സെക്രട്ടറി പോള്‍ വോള്‍ഫോവിറ്റ്സ് 85 തവണ, കോണ്ടലീസ റൈസ് 56 തവണ, വൈസ് പ്രസിഡന്റ് ഡിക് ചെനി 48 തവണ......

ഇറാഖില്‍ ഒരു പുണ്ണാക്കും ഉണ്ടായിരുന്നില്ലെന്ന് സെലക്ട് കമ്മിറ്റി ഓണ്‍ ഇന്റലിജന്‍സും, 9/11 കമ്മീഷനും, ബഹുരാഷ്ട്ര ഇറാഖ് സര്‍വെ ഗ്രൂപ്പും ഒക്കെ സംശയാതീതമായി പറഞ്ഞിട്ടുണ്ട്. ചുരുക്കത്തില്‍ തെറ്റായ പ്രചരണങ്ങളുടേയും വസ്തുതകളുടേയു അടിസ്ഥാനത്തിലായിരുന്നു ഇറാഖ് അധിനിവേശം.

2001ല്‍ തുടങ്ങിയ ഈ കലാ പരിപാടി 2002 ആഗസ്തില്‍ യുദ്ധത്തെക്കുറിച്ച് കോണ്‍ഗ്രസ് ചര്‍ച്ച ചെയ്യുന്ന സമയമായപ്പോഴേക്കും നാടകീയമായി ഉയരുകയും, ഇടക്കാല തെരഞ്ഞെടുപ്പിന്റെ സമയത്ത് ഒന്നു കൂടി മൂക്കുകയും 2003 ജനുവരിയില്‍ അധിനിവേശത്തിന്റെ സമയമായപ്പോഴേക്കും ഒന്നു കൂടി മൂക്കുകയും ചെയ്തു.

ആരൊക്കെ എപ്പോഴൊക്കെ എന്തൊക്കെ നുണ പറഞ്ഞു എന്നറിയുവാന്‍ ഇവിടെ ക്ലിക്കുക.

ഇതിനെ കൂടെ മാധ്യമങ്ങളുടെ എല്ലാം മറന്നുള്ള പ്രചരണവും കൂടിയായപ്പോള്‍ ബലേ ഭേഷ്....അധിനിവേശം നടത്തിയില്ലെങ്കില്‍ ജനം ബുഷിനെ കൈവെക്കും എന്ന അവസ്ഥയായി.

അവസാനം എന്തായാലും ചെമ്പ് പുറത്ത് വരും എന്നു പറഞ്ഞ പോലെ 2004ല്‍ എന്‍.ബി.സിയിലെ മീറ്റ് ദി പ്രസ് പരിപാടിയില്‍ ബുഷിനും സമ്മതിക്കേണ്ടിവന്നു ഇറാഖില്‍ ആയുധങ്ങളൊന്നും കണ്ടെടുത്തില്ലെന്ന്.

2005 ഡിസംബറില്‍ ബുഷ് പറഞ്ഞത് അതു പോലെ ഇവിടെ ചേര്‍ക്കുന്നു.

"It is true that Saddam Hussein had a history of pursuing and using weapons of mass destruction. It is true that he systematically concealed those programs, and blocked the work of U.N. weapons inspectors. It is true that many nations believed that Saddam had weapons of mass destruction. But much of the intelligence turned out to be wrong. As your president, I am responsible for the decision to go into Iraq. Yet it was right to remove Saddam Hussein from power."

മുഴുവന്‍ റിപ്പോര്‍ട്ട് ഇവിടെ

Sunday, January 20, 2008

നാനൂറോളം ഔഷധച്ചെടികള്‍ വംശനാശ ഭീഷണിയില്‍

ഔഷധനിര്‍മാണത്തിനുപയോഗിക്കുന്ന നൂറു കണക്കിനു സസ്യങ്ങള്‍ വംശനാശഭീഷണിയിലെന്ന് പഠനം.

നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ വന്‍ തോതില്‍ കണ്ടിരുന്ന കുറുന്തോട്ടി, കറ്റാര്‍വാഴ, തഴുതാമ, പൂവാംകുറുന്തല്‍, പഞ്ചാരക്കൊല്ലി തുടങ്ങി വിദേശികളായ മഗ്നോളിയാസ്, ഹൂഡിയ, ക്രോക്കസ്, യൂ മരം എന്നിങ്ങനെ നാനൂറോളം സസ്യങ്ങളാണ് കുറ്റിയറ്റുപോകുന്നത്. 120 രാജ്യങ്ങളിലായി ബൊട്ടാണിക് ഗാര്‍ഡന്‍സ് കണ്‍സര്‍വേഷന്‍ ഇന്റര്‍നാഷണല്‍(BCGI) നടത്തിയ പഠനത്തിലാണ് ഈ വെളിപ്പെടുത്തല്‍. കുറ്റിയറ്റു പോകുന്ന ഏതാണ്ട് നാനൂറോളം സസ്യങ്ങളുടെ ലിസ്റ്റ് അവര്‍ തയ്യാറാക്കിയിട്ടുണ്ട്.

പ്രധാനമായും യൂറോപ്പില്‍ കണ്ടുവരുന്ന യൂ മരത്തിന്റെ തൊലിയില്‍നിന്നാണ് ക്യാന്‍സറിനുള്ള മരുന്നായ പാക്ളിടാക്സല്‍(paclitaxel) നിര്‍മിക്കുന്നത്. ഒരു ഡോസ് മരുന്നിന് ആറു മരങ്ങള്‍ വേണ്ടിവരും. അതിനാല്‍ത്തന്നെ ഈ മരങ്ങള്‍ നട്ടുവളര്‍ത്തുകയെന്നത് ബുദ്ധിമുട്ടാണ്.

കള്ളിമുള്‍ച്ചെടിവിഭാഗത്തില്‍പ്പെട്ട ഹൂഡിയ വിശപ്പില്ലായ്മക്കുള്ള മരുന്ന് നിര്‍മാണത്തിന് ഉപയോഗിക്കുന്നതാണ്. നമീബിയയാണ് ഹൂഡിയയുടെ ജന്മദേശം.അര്‍ബുദം, ചിത്തഭ്രമം, ഹൃദ്രോഗം എന്നിവയ്ക്കുള്ള മരുന്നായി ചൈനക്കാര്‍ 5000 വര്‍ഷമായി ഉപയോഗിക്കുന്ന ചെടിയാണ് മഗ്നോളിയ. ഇതിന്റെ അമ്പതു ശതമാനത്തോളം വനനശീകരണംമൂലം നശിച്ചു കഴിഞ്ഞു.

വനനശീകരണവും വന്‍തോതിലുള്ള ചൂഷണവുമാണ് ഈ ഔഷസസ്യങ്ങളുടെ നിലനില്‍പ്പ് അപകടത്തിലാക്കിയിരിക്കുന്നത്. ക്യാന്‍സറിനും എയ്‌ഡ്‌സിനും വരെ മരുന്ന് നിര്‍മിക്കാന്‍ കഴിയുന്ന സസ്യങ്ങള്‍ ഇനിയും കണ്ടെത്തി സംരക്ഷിച്ചില്ലെങ്കില്‍ അവയൊക്കെ ഈ ഭൂമുഖത്തുനിന്നുതന്നെ ഇല്ലാതാകും.

ഈ റിപ്പോര്‍ട്ട് പറയുന്നത് 5 ബില്യണ്‍ ജനങ്ങള്‍ ഇപ്പോഴും പരമ്പരാഗതമായ ചികിത്സാരീതിയാണ് പിന്‍‌തുടരുന്നതെന്നും അവരെ ഈ സസ്യങ്ങളുടെ നാശം ബാധിക്കും എന്നുമാണ്. ഈ സസ്യങ്ങളുടെ നാശം ആഗോളതലത്തില്‍ ആരോഗ്യ സംരക്ഷണ സംവിധാനങ്ങളെ ഗുരുതരമായി ബാധിക്കും എന്ന് ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയവരില്‍ ഒരാളായ Belinda Hawkins പറയുന്നു.

(അവലംബം: ബി.ബി.സി, ദേശാഭിമാനി വാര്‍ത്തകള്‍)

പഠനത്തിന്റെ പി.ഡി.എഫ് ഫയല്‍ ഇവിടെ

Friday, January 18, 2008

ബോബി ഫിഷറിന് ആദരാഞ്ജലികള്‍

ചെസ്സ് ഇതിഹാസം ബോബി ഫിഷര്‍‍(Robert James Fischer) അന്തരിച്ചു.

റെയ്‌ജാവിക്കിലെ(Reykjavik) ഒരു ആശുപത്രിയില്‍ വെച്ചായിരു‍ന്നു അന്ത്യം. മരിക്കുമ്പോള്‍ 64 വയസ്സായിരുന്നു. ഫിഷറുടെ വക്താവായ ഗര്‍ദര്‍ സ്വെറിസണ്‍(Gardar Sverrisson) അറിയിച്ചതാണ് ഇക്കാര്യം.

ലോകചെസ്സിലെ എക്കാലത്തേയും മികച്ച പ്രതിഭകളില്‍ ഒരാളായിരുന്നു ഫിഷര്‍.

1943 മാര്‍ച്ച് 9 ന് അമേരിക്കയില്‍ ജനിച്ച ഫിഷര്‍ അമേരിക്കയുടെ ഒരേയൊരു ലോകചെസ്സ് ചാമ്പ്യനാണ്. 1972ല്‍ റെയ്‌ജാവിക്കില്‍ നടന്ന നടന്ന ലോക ചെസ്സ് ചാമ്പ്യന്‍ഷിപ്പില്‍ സോവിയറ്റ് യൂണിയന്റെ ബോറിസ് സ്പാസ്കിയെ തോല്‍പ്പിച്ച് ലോകചാമ്പ്യനായതോടെയാണ് ഫിഷര്‍ പ്രശസ്തിയിലേക്ക് ഉയര്‍ന്നത്.. ഫിഷര്‍- സ്പാസ്കി യുദ്ധം എന്നായിരുന്നു ഈ പോരാട്ടം വിശേഷിപ്പിക്കപ്പെട്ടിരുന്നത്.

തുടര്‍ന്ന് 1975ല്‍ കാര്‍പ്പോവിനെതിരെ മത്സരിക്കാന്‍ വിസമ്മതിച്ചതുകൊണ്ട്, അദ്ദേഹത്തിനു കിരീടം നഷ്ടമായി.

1992ല്‍ ബോറിസ് സ്പാസ്കിക്കെതിരെ യുഗോസ്ലാവിയയില്‍ വെച്ച് ഒരു മാച്ച് കളിച്ചതിന് അമേരിക്കന്‍ അധികാരികളുടെ അപ്രീതിക്ക് പാത്രമായിരുന്നു അദ്ദേഹം.

ആ മത്സരത്തിനുശേഷം അപ്രത്യക്ഷനായ ഫിഷര്‍, 2001 സെപ്തംബര്‍ 11ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിനുശേഷമാണ് അമേരിക്കയിലേക്ക് തിരിച്ചെത്തിയത്. ഫിലാഡെല്‍‌ഫിയ റേഡിയോക്ക് നല്‍കിയ ഒരു അഭിമുഖത്തില്‍ അദ്ദേഹം ഈ ആക്രമണത്തെ പ്രശംസിക്കുകയും അമേരിക്ക തുടച്ചു നീക്കപ്പെടണമെന്ന് അഭിപ്രായപ്പെടുകയും ചെയ്തു.

2005ല്‍ അദ്ദേഹത്തിനു ഐസ്‌ലാന്‍ഡ് പൌരത്വം ലഭിച്ചു.

ഇന്ന് ചെസ്സില്‍ ഉപയോഗിക്കുന്ന ഫിഷര്‍ ക്ലോക്ക് എന്ന ഡിജിറ്റല്‍ ക്ലോക്ക് ഇദ്ദേഹത്തിന്റെ സംഭാവനയാണ്. അതുപോലെ തന്നെ ഫിഷറാന്‍‌ഡം അഥവാം ചെസ്സ് 960 എന്ന ചെസ്സിന്റെ വക ഭേദം ഇദ്ദേഹത്തിന്റെ കണ്ടുപിടുത്തമാണ്.

My 60 memorable games എന്ന കൃതി ചെസ്സിലെ ഒരു ക്ലാസിക് ആയാണ് കരുതപ്പെടുന്നത്.

ബോബി ഫിഷറിന് ആദരാഞ്ജലികള്‍...

(വിവരങ്ങള്‍ വിക്കിപീഡിയ, റീഡിഫ്.കോം എന്നിവിടങ്ങളില്‍ നിന്ന്)