Monday, August 31, 2009

ഏതാണ് വിശ്വസിക്കേണ്ടത്?

മംഗളം പത്രത്തില്‍ വന്ന രണ്ട് വാര്‍ത്തകള്‍ താഴെ

ഒന്നാം വാര്‍ത്ത:


പോള്‍ വധം: സി.പി.എമ്മില്‍ ഭിന്നത: കോടിയേരി ഒറ്റപ്പെടുന്നു

തിരുവനന്തപുരം: പോള്‍ വധത്തെ തുടര്‍ന്നുണ്ടായ രാഷ്‌ട്രീയ ധ്രുവീകരണത്തില്‍ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍ സി.പി.എമ്മില്‍ ഒറ്റപ്പെടുന്നു. സംസ്‌ഥാന സെക്രട്ടറി പിണറായി വിജയനും അദ്ദേഹത്തോട്‌ അനുകൂലമായ നിലപാടല്ല സ്വീകരിക്കുന്നത്‌. അന്വേഷണത്തിലെ ദുരൂഹതകള്‍ പാര്‍ട്ടി നേതൃത്വത്തിലും കീഴ്‌ഘടകങ്ങളിലും അതൃപ്‌തിക്കിടയാക്കിയിട്ടുണ്ട്‌.

മുഖ്യമന്ത്രി വി.എസ്‌.അച്യുതാനന്ദന്‍ കേസ്‌ അന്വേഷണത്തിന്റെ പുരോഗതിയെക്കുറിച്ച്‌ അന്വേഷിക്കുകയോ ഇടപെടുകയോ ചെയ്‌തിട്ടില്ല.

കോടിയേരിയുടെ നടപടികളെ അനുകൂലിച്ച്‌ പാര്‍ട്ടി നേതാക്കളില്‍ ആരും തന്നെ രംഗത്തെത്തിയിട്ടില്ല. മാധ്യമങ്ങള്‍ക്കെതിരേ അദ്ദേഹം നടത്തിയ പ്രകോപനപരമായ പരാമര്‍ശം അസ്‌ഥാനത്തായിപ്പോയി എന്ന വികാരം അവര്‍ക്കിടയിലുണ്ട്‌. ക്രമസമാധാന പ്രശ്‌നത്തിന്റെ പേരില്‍ പിണറായി വിജയന്‍ പത്രസമ്മേളനം വിളിച്ചു ചേര്‍ത്തത്‌ എല്ലാവരെയും അത്ഭുതപ്പെടുത്തി. കേസന്വേഷണത്തില്‍ പോലീസിന്റെ നടപടികളില്‍ വീഴ്‌ചയുണ്ടോ എന്ന ചോദ്യത്തിനു നല്ല രീതിയില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നു മാത്രമാണ്‌ പിണറായി പറഞ്ഞത്‌. വീഴ്‌ചയില്ലെന്നു പറയാന്‍ അദ്ദേഹം തയാറായില്ല.

മന്ത്രിപുത്രന്‍മാര്‍ക്കെതിരായ ആരോപണങ്ങള്‍ക്കു വ്യക്‌തമായ മറുപടി പറയാന്‍ അദ്ദേഹം തയാറായില്ല. പകരം ഏതു മന്ത്രിയുടെ പുത്രന്‍ എന്നു വ്യക്‌തമാക്കണമെന്നും ഇതെല്ലാം കെട്ടിച്ചമച്ച കഥകളാണെന്നും ഒഴുക്കന്‍മട്ടില്‍ പറഞ്ഞുപോവുക മാത്രമാണു ചെയ്‌തത്‌.

പൊതുവില്‍ പോലീസിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും സംസ്‌ഥാനത്തിന്റെ ക്രമസമാധാനത്തെക്കുറിച്ചും ഏറെ വാചാലനായ പിണറായിയുടെ വാക്കുകള്‍ സൂക്ഷ്‌മമായി പരിശോധിച്ചാല്‍ കോടിയേരിക്കെതിരാണെന്നു തോന്നിപ്പിക്കുന്ന പലതും പറഞ്ഞതായി കാണാനുമാവും. ആഭ്യന്തര വകുപ്പിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചു വിശദമായി ചര്‍ച്ച ചെയ്യണമെന്ന ആവശ്യം പാര്‍ട്ടിവേദികളില്‍ സജീവമാണ്‌. സംസ്‌ഥാനത്തു നടക്കുന്ന സാമ്പത്തിക ക്രമസമാധാന വിവാദങ്ങളിലെല്ലാം മന്ത്രിമാരുടെയും പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളുടെയും മക്കളുടെ പേരുകള്‍ ഉയര്‍ന്നുവരുന്നത്‌ ആശങ്കയോടെയാണു കാണുന്നത്‌.

പാര്‍ട്ടി വിഭാഗീയതയുടെ മറവില്‍ ഇത്രയും കാലം കണ്ടില്ലെന്നു നടിച്ചെങ്കിലും ഇനി ഇക്കാര്യങ്ങള്‍ പരിശോധിക്കാതിരിക്കാനാവില്ലെന്ന
വികാരമാണ്‌ ഉയരുന്നത്‌. പാര്‍ട്ടിയിലെ പുതിയ രാഷ്‌ട്രീയ ധ്രുവീകരണങ്ങളില്‍ തോമസ്‌ ഐസക്ക്‌ എടുക്കുന്ന നിലപാടിനാണ്‌ ഏറെ പ്രാധാന്യം കല്‍പ്പിക്കപ്പെടുന്നത്‌.

ഇ.പി. ജയരാജന്‍ ഉള്‍പ്പെടെ കണ്ണൂരില്‍ നിന്നുള്ള നേതാക്കള്‍ കോടിയേരിക്ക്‌ അനുകൂലമായ നിലപാടു സ്വീകരിച്ചാല്‍ ഐസക്ക്‌ വിപരീത നിലപാടെടുക്കുമെന്നു സൂചനയുണ്ട്‌.


രണ്ടാം വാര്‍ത്ത: അതേ പത്രത്തില്‍ നിന്ന്..അതേ ദിവസം

കോടിയേരിക്ക്‌ പിന്തുണയുമായി പിണറായി രംഗത്ത്‌

തിരുവനന്തപുരം: പോള്‍ എം.മുത്തൂറ്റിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട ദുരൂഹതകള്‍ മുറുകുന്നതിനിടെ പാര്‍ട്ടിക്കും ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണനുമെതിരായ ആരോപണങ്ങള്‍ക്കുള്ള മറുപടിയുമായി സി.പി.എം സംസ്‌ഥാന സെക്രട്ടറി പിണറായി വിജയന്‍ രംഗത്തെത്തി.

ആര്‍.എസ്‌.എസുകാരനാണ്‌ കൊലയാളിയെന്നു പത്രസമ്മേളനത്തില്‍ അദ്ദേഹം ആരോപിച്ചു. പോള്‍ എം.മുത്തൂറ്റിന്റെ ഭൂതകാലത്തെക്കുറിച്ചു വിശദമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു. രാഷ്‌ട്രീയമായി ചിലരെ ക്രൂശിക്കാന്‍ ശ്രമിക്കുന്നു എന്നു തോന്നിയതിനാലാണ്‌ താന്‍ വിശദീകരണവുമായി രംഗത്തെത്തിയതെന്നും പിണറായി വ്യക്‌തമാക്കി.

വഴിവിട്ട ചില രീതികളും അതിന്റെ തുടര്‍ച്ചയായി വഴിവിട്ട ബന്ധങ്ങളും പോളിനുണ്ടായിരുന്നതായും അദ്ദേഹം ആരോപിച്ചു. 2007ല്‍ ഡല്‍ഹിയില്‍ പോളിനെ മയക്കുമരുന്ന്‌ ഉപയോഗിച്ചതിന്റെ പേരില്‍ പോലീസ്‌ അറസ്‌റ്റ് ചെയ്യുകയും രണ്ടു ദിവസം ലോക്കപ്പിലിടുകയും ചെയ്‌തിട്ടുണ്ട്‌.

ഓംപ്രകാശ്‌, രാജേഷ്‌ തുടങ്ങിയ ഗുണ്ടകള്‍ പോളിനൊപ്പം സഞ്ചരിച്ചത്‌ ഒന്നുകില്‍ ഏതെങ്കിലും സംഘത്തെ തടയാന്‍ ഉദ്ദേശിച്ചായിരിക്കും. അല്ലെങ്കില്‍ ആരെയെങ്കിലും നേരിടാനാവണം. കൊലയ്‌ക്കു പിന്നില്‍ കുടുംബവഴക്കിന്റെ പ്രശ്‌നങ്ങള്‍ ഉണ്ടെന്നു ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌. അതിന്റെ അപ്പുറവും ഇപ്പുറവും രാഷ്‌ട്രീയത്തില്‍ സജീവമായി നില്‍ക്കുന്നവരുമുണ്ടെന്ന്‌ അദ്ദേഹം പറഞ്ഞു. പോള്‍ ഗുണ്ടകളെയും കൂട്ടി സഞ്ചരിച്ചത്‌ എന്തിനാണെന്ന്‌ അന്വേഷിക്കണം. ട ആകൃതിയിലുള്ള കത്തി സാധാരണ ആര്‍.എസ്‌.എസുകാര്‍ ഉപയോഗിക്കുന്നതാണ്‌. ഇത്‌ ഉപയോഗിച്ചത്‌ ആര്‍.എസ്‌.എസുകാരനാണെന്ന്‌ പിന്നീട്‌ വ്യക്‌തമായതായും പിണറായി ചൂണ്ടിക്കാട്ടി.

ആര്‍.എസ്‌.എസുകാരനാണ്‌ കൊലപാതകി എന്നതിനാല്‍ അവര്‍ക്കും ബി.ജെ.പിക്കും പലതും ഒളിക്കാനുണ്ട്‌. കോണ്‍ഗ്രസിനും പോള്‍ വധക്കേസില്‍ മറച്ചുവയ്‌ക്കാന്‍ എന്തോ ഉണ്ടെന്നാണ്‌ മനസിലാകുന്നത്‌. അന്വേഷണം വഴിതെറ്റിക്കാനുള്ള ശ്രമങ്ങളാണ്‌ തെറ്റിദ്ധാരണ പരത്തുന്ന വാര്‍ത്തകള്‍ക്കു പിന്നില്‍. ഇതുവരെയുള്ള അന്വേഷണം ഫലപ്രദമായി നടത്തിയിട്ടുണ്ട്‌. ഇപ്പോള്‍ നടത്തുന്ന അന്വേഷണം തടയേണ്ടതുണ്ട്‌ എന്ന്‌ ചിലര്‍ ആഗ്രഹിക്കുന്നു. ഓംപ്രകാശിനു പാര്‍ട്ടിയുമായി യാതൊരു ബന്ധവുമില്ല. അയാളെ ഗുണ്ടാപട്ടികയില്‍ പെടുത്തിയതും വാറണ്ട്‌ പുറപ്പെടുവിച്ചതും എല്‍.ഡി.എഫ്‌ സര്‍ക്കാരാണ്‌. മന്ത്രിപുത്രന്‍മാരെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്‌ ഏതു മന്ത്രിയുടെ പുത്രന്‍ എന്നു വ്യക്‌തമാക്കാത്തത്‌ കാപട്യം നിറഞ്ഞ വാര്‍ത്താരീതിയാണെന്നായിരുന്നു പിണറായിയുടെ മറുപടി. ഏതെങ്കിലും മന്ത്രിപുത്രന്‍ എന്നു പറയുമ്പോള്‍ എല്ലാ മന്ത്രിമാരുടെയും പുത്രന്‍മാര്‍ വിശദീകരണവുമായി വരേണ്ട കാര്യമില്ല. ഇടതു മുന്നണി സര്‍ക്കാരിന്റെ പ്രവര്‍ത്തന ഫലമായി ഭദ്രമായ ക്രമസമാധാനനിലയാണ്‌ കേരളത്തിലുള്ളത്‌. ഇവിടെ യാതൊരു രക്ഷയുമില്ല എന്ന പ്രതീതി ഉണ്ടാക്കാനാണ്‌ തല്‍പരകക്ഷികള്‍ ശ്രമിക്കുന്നത്‌. യുവവ്യവസായിയായ പോളിന്റെ കൊലപാതകം എല്ലാവരിലും അമ്പരപ്പുണ്ടാക്കി. റിപ്പോര്‍ട്ട്‌ കിട്ടിയ ഉടന്‍ സ്‌തുത്യര്‍ഹമായ പ്രവര്‍ത്തനമാണ്‌ പോലീസ്‌ കാഴ്‌ചവച്ചത്‌.

സംഭവത്തിന്റെ യഥാര്‍ത്ഥ വസ്‌തുതകള്‍ അന്വേഷണത്തിലൂടെ പുറത്തുകൊണ്ടുവന്നത്‌ പോലീസ്‌ തന്നെയാണ്‌. പോളിന്റെ കൂടെ സഞ്ചരിച്ച ഓംപ്രകാശ്‌, രാജേഷ്‌ എന്നിവരെക്കുറിച്ചുള്ള വിവരം പുറത്തുകൊണ്ടുവന്നത്‌ പോലീസ്‌ ആണ്‌. സംഭവത്തില്‍ പങ്കെടുത്ത ആളുകള്‍ ആരൊക്കെയെന്നു പെട്ടെന്നു മനസിലാക്കാനും പോലീസിനു കഴിഞ്ഞു പോള്‍ സഞ്ചരിച്ച വാഹനം ചവറയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.

ഇതു പോലീസ്‌ വിട്ടുകൊടുത്തു എന്നുവരെ പറയുന്ന അവസ്‌ഥയുണ്ടായി. കാര്‍ ഇപ്പോഴും പോലീസിന്റെ കസ്‌റ്റഡിയില്‍ തന്നെയാണ്‌. സംശയകരമായി കണ്ടെത്തിയ കാര്‍ കൊലപാതകത്തില്‍ ഉള്‍പ്പെട്ടതാണെന്ന്‌ പോലീസിന്‌ അറിയില്ലായിരുന്നു. അറിഞ്ഞതിനു ശേഷം എടുത്തുകൊണ്ടുപോകാന്‍ ശ്രമിച്ചവര്‍ക്കു വിട്ടുകൊടുത്തില്ല.

പെരിയ ബാങ്ക്‌ കവര്‍ച്ച, ചേലമ്പ്ര ബാങ്ക്‌ കവര്‍ച്ച, സന്തോഷ്‌ മാധവന്‍, ടോട്ടല്‍ ഫോര്‍ യു തുടങ്ങി ഒട്ടേറെ കേസുകള്‍ ഫലപ്രദമായി തെളിയിക്കാന്‍ എല്‍.ഡി.എഫ്‌ സര്‍ക്കാരിനും ആഭ്യന്തര വകുപ്പിനും കഴിഞ്ഞിട്ടുണ്ട്‌. എന്തു കഥയും മെനയാമെന്ന അവസ്‌ഥയിലാണ്‌ കേരളം.

പോലീസിന്റെ ഭാഗത്തുനിന്ന്‌ കേസന്വേഷണത്തില്‍ എന്തെങ്കിലും വീഴ്‌ച ഉണ്ടായിട്ടുണ്ടോ എന്ന ചോദ്യത്തിനു നല്ല രീതിയിലാണ്‌ കേസന്വേഷണം മുന്നോട്ടുപോകുന്നതെന്നായിരുന്നു പിണറായിയുടെ മറുപടി।


*

രണ്ട് വാര്‍ത്തയിലേയും ഊന്നലുകള്‍ എന്റേത്.

ഒരേ പത്രത്തില്‍ ഒരേ ദിവസം വന്ന ഈ രണ്ട് വാര്‍ത്തകളില്‍ ഏത് വിശ്വസിക്കണം എന്ന് നിങ്ങള്‍ തന്നെ തീരുമാനിക്കുക।

ഈ വിഷയത്തില്‍ ശ്രീ। പി।എം മനോജ് എഴുതിയ ‘ചത്തത് കീചകനെങ്കില്‍’ എന്ന പോസ്റ്റ് ഇവിടെ.

അതില്‍ നിന്നൊരു ഭാഗം മാത്രം കോപ്പി പേസ്റ്റ് ചെയ്യുന്നു।

26ന്റെ മനോരമയില്‍ 'എന്‍ഡവര്‍ കാറിലെ ആ 40 ലക്ഷം എവിടെ?' എന്നൊരു വാര്‍ത്തയുണ്ട്. നാല്‍പ്പതുലക്ഷം രൂപയടങ്ങിയ ബാഗ് കാറിലുണ്ടായിരുന്നു എന്ന് മനോരമ മാത്രം എങ്ങനെ കണ്ടെത്തി എന്നതവിടെ നില്‍ക്കട്ടെ. ആ വാര്‍ത്തയില്‍ പറയുന്നു: "തലസ്ഥാനത്തെ പ്രമുഖ ക്വട്ടേഷന്‍ ഗുണ്ടാത്തലവന്മാരായ ഓംപ്രകാശിനെയും പുത്തന്‍പാലം രാജേഷിനെയും വിശ്വസിച്ച് അവര്‍ക്കൊപ്പം കാറില്‍ കയറിയ പോളിനെ ചങ്ങനാശേരിയില്‍ നിന്നെത്തിയ ക്വട്ടേഷന്‍ സംഘത്തില്‍നിന്ന് രക്ഷിക്കാന്‍ ഓംപ്രകാശിനും രാജേഷിനും കഴിഞ്ഞില്ലത്രേ. അവര്‍ അതിനു ശ്രമിച്ചതായി സൂചനയുമില്ല''. അതേ പത്രം ഒന്നാം പേജില്‍തന്നെ, 'ഓംപ്രകാശിനും പരിക്കേറ്റിരുന്നതായി സൂചന' എന്ന തലക്കെട്ടില്‍ മറ്റൊരു വാര്‍ത്തയും നല്‍കിയിരിക്കുന്നു. "പോള്‍ എം. ജോര്‍ജിനെ ആക്രമിക്കുന്നതു തടയാന്‍ ശ്രമിച്ചപ്പോള്‍ ഒപ്പമുണ്ടായിരുന്ന ഗുണ്ടാത്തലവന്‍ ഓംപ്രകാശിനും പരിക്കേറ്റിരുന്നതായി സൂചന.'' എന്നാണ് കോട്ടയത്തുനിന്നുള്ള ആ വാര്‍ത്ത. തിരുവനന്തപുരത്തിനും നാഗര്‍കോവിലിനുമിടയിലെ രഹസ്യകേന്ദ്രത്തിലുള്ള ഓംപ്രകാശ് അവിടെ ചികിത്സ തേടിയെന്നാണ് പോലീസിനു ലഭിച്ച സൂചനയെന്നും പത്രം എഴുതുന്നു. ഏതാണ് വിശ്വസിക്കേണ്ടത്?

ശ്രീ। പി।എം മനോജിന്റെ ചോദ്യം ഒന്നു കൂടി ആവര്‍ത്തിക്കാം॥

ഏതാണ് വിശ്വസിക്കേണ്ടത്?

Sunday, August 30, 2009

ഒരു വണ്ടിച്ചെക്ക്, പല പത്രങ്ങള്‍

'ആളുവില കല്ലുവില’ എന്നാണ് പഴമൊഴി. കടം വാങ്ങി തിരിച്ച് കൊടുക്കാതിരിക്കുന്നതായാലും ശരി, നിങ്ങള്‍ കൊടുത്ത ചെക്ക് മടങ്ങിയാലും ശരി, അല്ല ഇനി നിങ്ങള്‍ വണ്ടിച്ചെക്ക് കൊടുത്താലും ശരി, പഴമൊഴി പഴമൊഴിയാണ്. മാധ്യമങ്ങളെ നിങ്ങളാരും റിപ്പോര്‍ട്ടിംഗ് പഠിപ്പിക്കണ്ട.

മുന്‍‌മന്ത്രി മുനീറുമായി ബന്ധപ്പെട്ട് ഇന്നത്തെ പത്രങ്ങളില്‍ വന്ന വാര്‍ത്തകളിലൂടെ വെറുതെ ഒരു ഓട്ടപ്രദക്ഷിണം....

ആദ്യം ദേശാഭിമാനി..വാര്‍ത്ത മുഴുവനായും താഴെ.

വണ്ടിച്ചെക്ക് കേസ് : എം കെ മുനീറിന് തടവും പിഴയും
സ്വന്തം ലേഖകന്‍

കോട്ടയം: വണ്ടിച്ചെക്ക് കേസില്‍ മുസ്ളിംലീഗ് നേതാവും മുന്‍ മന്ത്രിയുമായ എം കെ മുനീറിനെ തടവിനും 25 ലക്ഷം രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചു. പൊതുമരാമത്തുമന്ത്രിയായിരിക്കെ കരാറുകാരനില്‍നിന്ന് വായ്പ എന്ന പേരില്‍ വാങ്ങിയ 25 ലക്ഷം രൂപ തിരിച്ചുകൊടുക്കാതെ വണ്ടിച്ചെക്ക് നല്‍കി കബളിപ്പിച്ചതിനാണ് ശിക്ഷ. കരാറുകാരനായ കോട്ടയം വെള്ളാപ്പള്ളിയില്‍ മാത്യു അലക്സില്‍നിന്ന് 25 ലക്ഷം രൂപ വാങ്ങി തിരിച്ചുകൊടുക്കാതെ വഞ്ചിച്ച കേസിലാണ് ശിക്ഷ. ഇന്ത്യാവിഷന്‍ ചാനല്‍ ചെയര്‍മാന്‍ എന്ന നിലയിലാണ് മുനീര്‍ വണ്ടിച്ചെക്ക് നല്‍കിയത്. മുനീറിനെ കൂടാതെ ഇന്ത്യാ വിഷന്‍ കമ്പനി സെക്രട്ടറി എസ് യോഗേന്ദ്രനാഥ്, റസിഡന്റ് ഡയറക്ടര്‍ ജമാലുദ്ദീന്‍ ഫാറൂഖി എന്നിവരും പ്രതികളാണ്. മൂന്നു പേരും ചേര്‍ന്നോ ഇന്ത്യാവിഷനോ 25 ലക്ഷം പിഴയായി അടയ്ക്കണം. ഇത് പരാതിക്കാരനു നല്‍കണമെന്ന് കോടതി ഉത്തരവിട്ടു. മൂന്നു പ്രതികളെയും ഒരു ദിവസംവീതം തടവിനാണ് കോട്ടയം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് അമീര്‍ അലി ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ രണ്ടുമാസം തടവുകൂടി അനുഭവിക്കണം. മാത്യു അലക്സില്‍നിന്ന് 2005 മാര്‍ച്ച് 29നാണ് മുനീര്‍ കടമെന്ന പേരില്‍ 25 ലക്ഷം രൂപ വാങ്ങിയത്. ഉറപ്പിനായി ചെക്കും നല്‍കി. 15 ലക്ഷത്തിന്റെയും 10 ലക്ഷത്തിന്റെയും രണ്ട് ചെക്ക്. ഫെഡറല്‍ബാങ്ക് എറണാകുളം ശാഖയിലെ ചെക്കുകളായിരുന്നു ഇത്. മാത്യു അലക്സ് പലവട്ടം ആവശ്യപ്പെട്ടിട്ടും മുനീര്‍ പണം തിരിച്ചുകൊടുത്തില്ല. ചെക്ക് ബാങ്കില്‍ ഹാജരാക്കിയെങ്കിലും പണമില്ലാതെ മടങ്ങി. തുടര്‍ന്നാണ് കരാറുകാരന്‍ കോടതിയെ സമീപിച്ചത്. പരാതിക്കാരനുവേണ്ടി അഭിഭാഷകരായ സുരേഷ്ബാബു തോമസ്, വിനീത് ജേക്കബ് വര്‍ഗീസ് എന്നിവര്‍ ഹാജരായി.

യുഡിഎഫ് ഭരണകാലത്ത് ഇന്ത്യാ വിഷന്‍ ചാനല്‍ ചെയര്‍മാന്‍ എന്ന നിലയില്‍ മുനീര്‍ കരാറുകാരില്‍നിന്ന് കോടികളാണ് പിരിച്ചത്. 20 ലക്ഷം രൂപ കടമായി വാങ്ങി വണ്ടിച്ചെക്ക് നല്‍കി വഞ്ചിച്ചതിന് മുനീറിനെതിരെ കൊല്ലം പ്രിന്‍സിപ്പല്‍ സബ് കോടതിയില്‍ കേസ് നിലവിലുണ്ട്. ഇന്ത്യാവിഷന്റെ പേരില്‍ വായ്പയെടുത്ത് സംസ്ഥാന സഹകരണബാങ്കിനെ കബളിപ്പിച്ചതു സംബന്ധിച്ച് മുനീറിനും കൂട്ടര്‍ക്കുമെതിരെ നേരത്തെ വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. എട്ടു കോടി രൂപയാണ് സംസ്ഥാന സഹകരണബാങ്കിനു നഷ്ടപ്പെട്ടത്. ലക്ഷങ്ങള്‍ വാങ്ങി മുനീര്‍ ധാരാളം വണ്ടിച്ചെക്ക് നല്‍കിയിട്ടുണ്ട്. വിവിധ കാരണങ്ങളാല്‍ പലരും കോടതിയില്‍ പോകുന്നില്ല. പൊതുമരാമത്ത് കരാറുകാരില്‍നിന്ന് ഭീഷണിപ്പെടുത്തിയും കരാറുകള്‍ മറിച്ചുകൊടുത്തതിന് പ്രത്യുപകാരമായും വന്‍ തുക മുനീര്‍ ഇന്ത്യാവിഷനുവേണ്ടി സംഘടിപ്പിച്ചു. വായ്പ എന്നു പേരിട്ടാണ് ചാനലിനായി കോടികള്‍ വാങ്ങിയത്. പത്തു ലക്ഷം മുതല്‍ 50 ലക്ഷംവരെ പലരോടും പലപ്പോഴായി വാങ്ങി. ഒട്ടേറെ കരാറുകാര്‍ പണം നഷ്ടപ്പെട്ട വിവരം പുറത്തു പറഞ്ഞിട്ടില്ല. വായ്പയെന്നു പറഞ്ഞ് വാങ്ങുന്ന പണം ആരും തിരികെ ചോദിക്കില്ലെന്ന ഉറപ്പിലായിരുന്നു മുനീര്‍. എന്നാല്‍, പലരും പണം മടക്കിച്ചോദിച്ചു. ചിലര്‍ കോടതിയെ സമീപിക്കാന്‍ തയ്യാറായതോടെ മുനീര്‍ നിയമക്കുരുക്കിലകപ്പെട്ടു. പിഡബ്ള്യുഡി കരാറുകാരന്‍ ചവറ പുത്തന്‍ചന്ത വലിയകത്ത് ഹൌസില്‍ ഇബ്രാഹിം കുട്ടിയില്‍നിന്ന് 20 ലക്ഷം വാങ്ങി കബളിപ്പിച്ചതിനാണ് കൊല്ലം കോടതിയില്‍ കേസ്. പൊതുമരാമത്ത് പ്രവൃത്തികള്‍ വീതം വെച്ചതിന്റെ മറവില്‍ മുനീറിന്റെ ഭരണകാലത്ത് 1000 കോടിയോളം രൂപയുടെ വെട്ടിപ്പ് നടന്നിരുന്നു. ചില പരാതികള്‍ അന്വേഷണത്തിലാണ്.



സംഭവം പിടി കിട്ടിയല്ലോ അല്ലേ? യാഹൂ/വെബ് ദുനിയ സൈറ്റുകളും നോക്കാം. വാര്‍ത്തയുടെ ടോണില്‍ വലിയ വ്യത്യാസമില്ല. വണ്ടിച്ചെക്ക് കേസ് തന്നെ.

ഇനി മാതൃഭൂമി

വാര്‍ത്തയില്‍ ഇത്തിരി വ്യത്യാസമൊക്കെ വന്നിട്ടുണ്ടല്ലേ? ഇത്തിരിയൊന്ന് പോളിഷ് ചെയ്ത് എടുത്ത പോലെ തോന്നുന്നില്ലേ? മുനീറിന്റെ സുന്ദരരൂപത്തിനു ചേര്‍ന്നതല്ല വണ്ടിച്ചെക്ക് എന്ന ദുഷ്ടലാക്കുള്ള പ്രയോഗം എന്ന് മാതൃഭൂമിക്ക് അറിയാം. ‘മടങ്ങിയ ചെക്ക്‘ എന്ന സൌമ്യമധുരമായ വാക്കുള്ളപ്പോള്‍ എന്തിനാണ് വണ്ടിച്ചെക്ക്? അതും ‘നമ്മുടെ കുട്ടി’ക്കെതിരെ.

കേരള കൌമുദി

വണ്ടി കാണുന്നില്ല. ചെക്ക് മാത്രം ഉണ്ട്. പൈസ കിട്ടിയില്ലെങ്കിലും ചെക്കെങ്കിലും കിട്ടിയല്ലോ എന്ന് സമാധാനിക്കുക..

മനോരമ


ഇതാണ് ഇതാണ് വാര്‍ത്ത . തമസ്കരണി മന്ത്രം പ്രയോഗിച്ചപ്പോള്‍ വന്ന മാറ്റം നോക്കണേ. വണ്ടിയും ഇല്ല, ചെക്കും ഇല്ല. ‘കടം വാങ്ങി തിരികെ നല്‍കാതിരുന്ന കേസില്‍’ എന്ന സുന്ദരന്‍ പ്രയോഗം മാത്രം. ‘നമ്മുടെ കുട്ടികള്‍’ക്കെതിരെയുള്ള വാര്‍ത്തയെ സോപ്പിട്ട് കുളിപ്പിക്കുന്നെങ്കില്‍ ഇങ്ങനെ വേണം..

ഈ മുനീറിന്റെ സ്ഥാനത്ത് വല്ല സി.പി.എം സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനോ അല്ലെങ്കില്‍ മറ്റേതെങ്കിലും അപ്പാവിയോ ആകണമായിരുന്നു. അപ്പോള്‍ കാണാമായിരുന്നു മാതൃഭൂമി മാതൃഭൂമി ആകുന്നത്. പോയ വണ്ടിയൊക്കെ തന്നെ തിരികെ വരും.



ഇന്ത്യാ വിഷനിലും മംഗളത്തിലും വാര്‍ത്തയേ ഇല്ല. പോള്‍ വധക്കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട തിരക്കു കാണും. ക്ഷമിച്ചേക്കാം.

Monday, August 3, 2009

മാധ്യമങ്ങള്‍ സ്റ്റോറി മെനയുമ്പോള്‍

പാര്‍ട്ടിക്കനുകൂലമായ ഉദ്ധരിണിയില്‍ നിന്നും പാര്‍ട്ടിക്കെതിരായ സ്റ്റോറി വികസിപ്പിക്കുന്നതിന്റെ രസതന്ത്രത്തെക്കുറിച്ച് കഴിഞ്ഞ പോസ്റ്റില്‍ പറഞ്ഞിരുന്നു. അത് തമാശിക്കാന്‍ വേണ്ടി എഴുതിയതല്ലെന്നും വാസ്തവം തന്നെയെന്നും ഇത്ര പെട്ടെന്ന് തെളിയിച്ചു തന്ന മംഗളം ദിനപ്പത്രത്തിനു നന്ദി പറഞ്ഞുകൊണ്ട്....

സി.പി.എം നേതാവായിരുന്ന സഖാവ് ഹര്‍കിഷന്‍ സിംഗ് സുര്‍ജിത്തിനെ അനുസ്മരിച്ചുകൊണ്ടും അദ്ദേഹത്തിന്റെ സംഭാവനകളെപ്പറ്റി പരാമര്‍ശിച്ചുകൊണ്ടും പീപ്പിള്‍സ് ഡെമോക്രസിയില്‍ ‘REMEMBERING COMRADE SURJEET‘ എന്ന തലക്കെട്ടില്‍ ഇപ്പോഴത്തെ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ഒരു ലേഖനമെഴുതിയിരുന്നു. സാമാന്യം നല്ലൊരു അനുസ്മരണക്കുറിപ്പ്. അതിവിടെ വാ‍യിക്കാം. {അത് വായിച്ചിട്ട് വന്നാല്‍ പോസ്റ്റ് വായിക്കാന്‍ ഒരു ഗും കിട്ടും :) }

സാധാരണക്കാരനു അതൊരു അനുസ്മരണക്കുറിപ്പാണെങ്കിലും മംഗളം പത്രത്തിലെ ടി.അഭിജിത് അത് വായിച്ചപ്പോഴാണ് മനസ്സിലായത് പാര്‍ട്ടിക്കെതിരെ നല്ലൊരു സ്റ്റോറി വികസിപ്പിച്ചെടുക്കാനുള്ള അസംസ്കൃതവസ്തുവാണ് ആ ലേഖനമെന്ന്..

അസംസ്കൃതവസ്തുവിലെ എല്ലാ ഭാഗവും കറിക്കാവശ്യമില്ലല്ലോ। ഈ സ്റ്റോറി വികസിപ്പിക്കാന്‍ അഭിജിത്തിന് ആവശ്യമായത് രണ്ടേ രണ്ട് പാരഗ്രാഫുകള്‍ മാത്രം.അതിലൊന്ന് ഇങ്ങനെ॥

Surjeet made a valuable contribution in the struggle for establishing and defending the basic principles of Marxism-Leninism disavowing revisionist and sectarian positions

പിന്നൊന്ന് ഏറ്റവും അവസാനത്തെ പാരഗ്രാഫ്. അതില്‍ ഇങ്ങനെ പറയുന്നു...

We deeply miss his presence at this juncture when the Party has to face many challenges. But we should be fortified in our resolve by the example he has set and the legacy he has left behind for us.

മംഗളം പത്രകാരകന്റെ ഭാവന വിരിഞ്ഞപ്പോള്‍ അത് ഇങ്ങനെ ഒരു സ്റ്റോറിയായി...


പാര്‍ട്ടി പ്രതിസന്ധിഘട്ടത്തിലെന്നു കാരാട്ട്‌; പരാമര്‍ശം പീപ്പിള്‍ ഡെമോക്രസിയിലെ ലേഖനത്തില്‍

കൊച്ചി: സി।പി.എം ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ടിന്റെ ലേഖനത്തില്‍ പാര്‍ട്ടി പ്രതിസന്ധിഘട്ടത്തിലെന്നു വെളിപ്പെടുത്തല്‍. അന്തരിച്ച സി.പി.എം നേതാവ്‌ ഹര്‍കിഷന്‍ സിംഗ്‌ സുര്‍ജിത്തിനെ അനുസ്‌മരിച്ച്‌ സി.പി.എം മുഖമാസിക 'പീപ്പിള്‍ ഡെമോക്രസിയില്‍' കാരാട്ട്‌ എഴുതിയിരിക്കുന്ന ലേഖനത്തിലാണ്‌ പാര്‍ട്ടിയുടെ വര്‍ത്തമാന സ്‌ഥിതി പരാമര്‍ശിക്കുന്നത്‌.

പാര്‍ട്ടി പ്രതിസന്ധി ഘട്ടത്തിലാണെന്നും നിരവധി വെല്ലുവിളികളെ അഭിമുഖീകരിക്കുന്ന അവസരത്തില്‍ സുര്‍ജിത്തിന്റെ അഭാവം നികത്താനാവാത്തതാണെന്നുമാണ്‌ ലേഖനത്തിലൂടെ കാരാട്ട്‌ അണികളെ ബോധ്യപ്പെടുത്തുന്നത്.

എന്നാല്‍ പ്രതിസന്ധികളെ മാര്‍ക്‌സിസ്‌റ്റ് ലെനിനിസ്‌റ്റ് പാതയില്‍ സുര്‍ജിത്തിന്റെ മാതൃകയില്‍ അതിജീവിക്കുമെന്നും കാരാട്ടിന്റെ ലേഖനത്തിലുണ്ട്‌.

സി.പി.എമ്മിന്റെ മുന്‍ ജനറല്‍ സെക്രട്ടറിയെ സ്‌മരിക്കുന്നതിനിടയില്‍ മാര്‍ക്‌സിസ്‌റ്റ് ലെനിനിസ്‌റ്റ് സംഘടനാതത്വങ്ങളുടെ പ്രസക്‌തിയും വിഭാഗീയതയും കാരാട്ട്‌ ലേഖനത്തില്‍ പരാമര്‍ശിക്കുന്നുണ്ട്‌. മാര്‍ക്‌സിസം-ലെനിനിസം അടിസ്‌ഥാന പ്രമാണങ്ങള്‍ പാര്‍ട്ടിയില്‍ ഉറപ്പിച്ച്‌ വിഭാഗീയതയേയും തിരുത്തല്‍വാദത്തേയും നിരാകരിക്കുന്നതിനു സുര്‍ജിത്തിന്റെ സംഭാവന മഹത്തരമായിരുന്നെന്നാണ്‌ ലേഖനം പറയുന്നത്‌.

മികച്ച രാഷ്‌ട്രീയ തന്ത്രജ്‌ഞനായിരുന്ന സുര്‍ജിത്തിന്റെ രാഷ്‌ട്രീയനീക്കങ്ങള്‍ മാത്രമാണ്‌ പാര്‍ട്ടിക്ക്‌ ഇന്ത്യന്‍ രാഷ്‌ട്രീയത്തില്‍ അവസരങ്ങളൊരുക്കിയതെന്ന വെളിപ്പെടുത്തലും ലേഖനത്തിലുണ്ട്‌. ഇതു പാര്‍ട്ടിയുടെ ഇന്നത്തെ ഉയര്‍ച്ചയ്‌ക്ക് അടിസ്‌ഥാനമായി കാരാട്ട്‌ പറയുന്നു.

സി.പി.എം പൊളിറ്റ്‌ ബ്യൂറോ അംഗമായിരിക്കേ 2008 ഓഗസ്‌റ്റ് ഒന്നിനായിരുന്നു സുര്‍ജിത്തിന്റെ മരണം. ഒന്നാം ചരമവാര്‍ഷികം ആചരിക്കുന്നതിനിടെ ഇന്നലെ പുറത്തിറങ്ങിയ പീപ്പിള്‍ ഡെമോക്രസിയിലാണ്‌ സുര്‍ജിത്തിനെ അനുസ്‌മരിച്ച്‌ കാരാട്ടിന്റെ ലേഖനം.

ടി. അഭിജിത്‌

കാരാട്ടിന്റെ ലേഖനമെവിടെ കിടക്കുന്നു, അതില്‍ നിന്ന് മംഗളം ഉണ്ടാക്കിയ വാര്‍ത്ത എവിടെ കിടക്കുന്നു। കാരാട്ട് ലേഖനത്തില്‍ revisionist and sectarian എന്നുപയോഗിച്ചിട്ടുള്ളത് മംഗളത്തിനും മനോരമയ്ക്കും ഒക്കെ പ്രിയപ്പെട്ട വിഭാഗീയതയെ സൂചിപ്പിക്കാനല്ലെന്നും മറിച്ച് 60 കളിലെ ഇടത് വലത് വ്യതിയാ‍നങ്ങളെ സൂചിപ്പിക്കാനാണെന്നും മനസ്സിലാക്കാനുള്ള രാഷ്ട്രീയപ്രബുദ്ധത ലേഖകനില്ലാതെ പോയതാവില്ല। factionalism എന്ന വാക്ക് അദ്ദേഹത്തിനറിയാഞ്ഞിട്ടും ആയിരിക്കില്ല। ഏത് വിധേനയും തങ്ങള്‍ മുന്‍‌കൂട്ടി തയ്യാറാക്കി വെച്ചിട്ടുള്ള ഫ്രെയിമിലേക്ക് സംഭവങ്ങളെ ഒതുക്കാനുള്ള വ്യഗ്രതയില്‍ കൃത്യതയും അര്‍ത്ഥശുദ്ധിയുമൊക്കെ അദ്ദേഹം വേണ്ടെന്നു വെച്ചതായിരിക്കും॥

‘ഭാവനാസമ്പന്നനായ‘ പത്രപ്രവര്‍ത്തകന്‍ ലേഖകനില്‍ ഒളിഞ്ഞിരിപ്പുണ്ടെങ്കിലും, തന്റെ ഭാവനയെയും അസംസ്കൃതവസ്തുവിനെയും വേണ്ട വിധത്തില്‍ അദ്ദേഹം ഉപയോഗിക്കുന്നില്ല എന്നൊരു തോന്നല്‍..

കൃത്യതയും വ്യക്തതയും സത്യസന്ധതയും ഒക്കെ വേണ്ടെന്നുവെക്കുകയാണെങ്കില്‍ ഉപയോഗിക്കാവുന്ന എത്രയെത്ര സുന്ദരന്‍ കഥാ സന്ദര്‍ഭങ്ങളാണ് അദ്ദേഹം മിസ് ചെയ്തത്...പഴയ കാലത്തെ പാര്‍ട്ടിയായിരുന്നു പാര്‍ട്ടി എന്നും ഇപ്പോഴൊക്കെ എന്ത് പാര്‍ട്ടി എന്നും തെളിയിക്കാമായിരുന്ന ഒന്നാംതരം സന്ദര്‍ഭങ്ങള്‍..

Surjeet belonged to a generation in the Communist Party whose political activities spanned both the pre-independence period of the struggle against British imperialism and the subsequent post-independence era.

പാര്‍ട്ടിയിലെ പഴയ തലമുറയില്‍പ്പെട്ട നേതാക്കള്‍ നല്ല അനുഭവസമ്പത്തുള്ളവരായിരുന്നുവെന്നും ഇപ്പോള്‍ ഉള്ള നേതാക്കള്‍ ഒരു വകയ്ക്ക് കൊള്ളാത്തവരെന്നും കാരാട്ട് വെളിപ്പെടുത്തി.

Surjeet made a valuable contribution in the struggle for establishing and defending the basic principles of Marxism-Leninism

ഇപ്പോഴുള്ളവര്‍ അടിസ്ഥാന ആശയങ്ങള്‍ പോലും അറിയാത്തവരാണെന്ന് കാരാട്ട് വിമര്‍ശനമുന്നയിച്ചു.

As general secretary, he steered the Party through a difficult period.....

സുര്‍ജിത്തുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇപ്പോഴത്തെ ജനറല്‍ സെക്രട്ടറി ആയ താന്‍ അത്ര പോരാ എന്ന് കാരാട്ട് സ്വയം വിമര്‍ശനപരമായി ചിന്തിക്കുന്നു..

Surjeet was imbued with the spirit of internationalism.

ഇപ്പോഴുള്ള നേതാക്കള്‍ പ്രാദേശിക വാദത്തിന്റെ പിടിയിലെന്ന് കാരാട്ട് ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു..

We deeply miss his presence...

ഇപ്പോഴത്തെ നേതാക്കളുടെ സാന്നിദ്ധ്യം കൊണ്ട് ഒരു പ്രയോജനവും ഇല്ലെന്നും കാരാട്ട് തുറന്നടിക്കുന്നു..

പോയത് പോയി. അടുത്ത അനുസ്മരണക്കുറിപ്പെങ്കിലും കൂടുതല്‍ വിശാലമായ സ്റ്റോറിയാക്കി മാറ്റാന്‍ ‘മ’ ചേട്ടന്മാര്‍ക്ക് കഴിയട്ടെ എന്നാശംസിച്ചുകൊണ്ട്..