ഉണ്ടേ ഉണ്ടേ..ഞങ്ങള്‍ വായിച്ചേ..
കാരണം ജൂണ്‍ 18ലെ മംഗളത്തിലെ വാര്‍ത്ത ഇതായിരുന്നു.

ഇ.പി.ജയരാജന്റെ നീന്തല്‍ക്കുളം പാര്‍ട്ടിയെ വെള്ളം കുടിപ്പിക്കുന്നു.
സി.പി.എം കേന്ദ്രക്കമ്മറ്റി അംഗത്തിന്റെ വീട്ടില്‍ ലക്ഷങ്ങള്‍ മുടക്കി നീന്തല്‍ക്കുളം നിര്‍മ്മിച്ചത് പാര്‍ട്ടിയില്‍ വിവാദമാകുന്നു.
ശ്രീ. ജയരാജന്‍ പാപ്പിനിശ്ശേരിയിലെ തന്റെ വീട്ടില്‍ 10 ലക്ഷം രൂപ മുടക്കി നീന്തല്‍ക്കുളം നിര്‍മ്മിച്ചുവെന്നും അത് അവിടത്തെ ബ്രാഞ്ച് ലോക്കല്‍ കമ്മിറ്റികളില്‍ അത് വിവാദമാകുന്നു എന്നും റിപ്പോര്‍ട്ട് ചെയ്തു മംഗളം.
അദ്ദേഹത്തെക്കുറിച്ചുള്ള മറ്റ് ആരോപണങ്ങളും അതിന്റെ കൂടെ നിരത്താന്‍ അവര്‍ മറന്നില്ല.വസ്തുതകള്‍ മനസ്സിലാക്കിയാണോ വാര്‍ത്ത കൊടുത്തത് എന്ന് പത്രത്തിനു മാത്രമേ അറിയൂ.
സ്വാഭാവികമായും തന്റെ വീട്ടുമുറ്റത്ത് കുളമില്ല, 10 ലക്ഷം രൂപ ചിലവാക്കിയിട്ടില്ല എന്നറിയാവുന്ന ജയരാജന്‍ അപകീര്‍ത്തികരമായ ഈ വാര്‍ത്തക്കെതിരെ, ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്തതുപോലെ മംഗളത്തിനു വക്കീല്‍ നോട്ടീസ് അയച്ചുവത്രേ.
രണ്ടാഴ്ചയോളം മിണ്ടാതിരുന്ന മംഗളം ഈ ജൂലായ് ഒന്നിനു ഒന്നാം പേജില്‍ പ്രാമുഖ്യത്തോടെ തിരുത്തും ഖേദപ്രകടനവും കൊടുത്തിരിക്കുന്നു.

കുളം ജയരാജന്റേതല്ല ഭാര്യാസഹോദരന്റേത്.
അവിടങ്ങളിലെ ബ്രാഞ്ച് ലോക്കല്‍ കമ്മിറ്റികളിലെ ചൂടുപിടിച്ച ചര്‍ച്ചയാണത്രെ മംഗളം വാര്‍ത്തക്ക് അടിസ്ഥാനമായത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കുളം വീട്ടുമുറ്റത്തല്ലെന്നും വാര്‍ത്തയില്‍ പറയുന്നത്ര തുക ചിലവായിട്ടില്ലെന്നും ബോധ്യമായത്രേ മംഗളത്തിന്.
(6000 പുതിയ കല്ല് ഉപയോഗിച്ച് പഴയ ഒരു കുളം പുതുക്കിപ്പണിയുകയായിരുന്നു. ഭാര്യാസഹോദരന്റെയാണ് കുളം. നികത്തിയിരുന്നെങ്കില്‍ മറ്റൊരു വിവാദമാകുമായിരുന്നത് ഒഴിവാക്കുകയായിരുന്നു പുതുക്കിപ്പണിയുക വഴി. ഇതും മംഗളം പറയുന്നതാണ്. പാര്‍ട്ടി വൃത്തങ്ങള്‍ അങ്ങിനെ പറഞ്ഞുവത്രെ)
വീട്ടുമുറ്റത്ത് എന്ന പരാമര്‍ശം വന്നതില്‍ ജയരാജന് എന്തെങ്കിലും തരത്തിലുള്ള മാനഹാനി ഉണ്ടായിട്ടുണ്ടെങ്കില്‍ തങ്ങള്‍ ഖേദിക്കുന്നു എന്നും മംഗളം പറയുന്നു.
അത്രയും നല്ലത്. എങ്കിലും ഇത് വായിക്കുമ്പോള്‍ മനസ്സില്‍ വരുന്ന ചോദ്യം ഉണ്ട്.
ഈ തുടര്‍ന്ന് നടത്തുന്ന അന്വേഷണങ്ങള്‍ വാര്‍ത്ത കൊടുക്കുമ്പോള്‍ത്തന്നെ പത്രങ്ങള്‍ നടത്താത്തതെന്തുകൊണ്ടാണ്?
ആരെക്കുറിച്ചും എന്തും കൊടുക്കും. നിങ്ങള്‍ വേണമെങ്കില്‍ തിരുത്തുകൊണ്ടുവാ അതും കൊടുക്കാം എന്നതല്ലെ ഇന്നത്തെ രീതി.
ഇക്കഴിഞ്ഞ 2 ആഴ്ച ജയരാജനു നേരിട്ട മാനഹാനിക്ക് ഈ തിരുത്ത് സമാധാനമാകുമോ?