Sunday, April 29, 2007

ഒരു റിപ്പോര്‍ട്ട് - Feminisation of Poverty

Poverty means working for more than 18 hours a day, but still not earning enough to feed myself, my husband, and my two children.”

കംബോഡിയയിലെ വനിത പറഞ്ഞത്

“When I had to go to work, I used to worry about my child. I
would take him with me to the tobacco field. But my employer objected. Then I would leave him at home, but I still worried about him. But what could I do? I had to earn, and I had no option.

ഒരു ഇന്ത്യന്‍ വനിതാ തൊഴിലാളി പറഞ്ഞത്

തൊഴിലെടുക്കുന്ന സ്ത്രീകളെക്കുറിച്ചുള്ള അന്താരാഷ്ട്ര തൊഴില്‍ സംഘടനയുടെ(ILO) പുതിയ റിപ്പോര്‍ട്ട് തൊഴില്‍ മേഖലയിലെ വര്‍ദ്ധിക്കുന്ന ലിംഗാസമത്വത്തെക്കുറിച്ച് കൃത്യമായ സൂചന നല്‍കുന്നുണ്ട്. കഴിഞ്ഞ ഒരു ദശകത്തിനിടയില്‍ തൊഴിലെടുക്കുന്നവരോ, തൊഴില്‍ അന്വേഷിക്കുന്നവരോ ആയ സ്ത്രീകളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായിട്ടുണ്ടെങ്കിലും കൂലിയിലോ തൊഴില്‍ സാഹചര്യങ്ങളിലോ സ്ത്രീകള്‍ക്കനുകൂലമായ മാറ്റങ്ങളുണ്ടായിട്ടില്ലെന്നാണ് സാര്‍വദേശീയ വനിത ദിനത്തോടനുബന്ധിച്ച് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ നിന്നും വ്യക്തമാകുന്നുണ്ട്.

ലോകത്തിലെ 290 കോടി തൊഴിലാളികളില്‍ 120 കോടിയാണ് വനിതാ തൊഴിലാളികളുടെ അനുപാതം. പത്തുവര്‍ഷത്തിനു മുന്‍പ് തൊഴിലെടുക്കുന്ന സ്ത്രീകളില്‍ 43 ശതമാനം പേരാണ് കൂലിയോ വേതനമോ ഉള്ള ജോലികളില്‍ ഏര്‍പ്പെട്ടിരുന്നതെങ്കില്‍ ഇന്നത് 50 ശതമാനം ആയിട്ടുണ്ട്. ഇത് ഒരു നല്ല വസ്തുതയാണെങ്കിലും പുരുഷന്മാരെ അപേക്ഷിച്ച് തുച്ഛമായ കൂലിയാണ് ഇവര്‍ക്ക് ലഭിക്കുന്നത്. അസംഘടിതമേഖലയിലാണ് ഇവരില്‍ ഭൂരിപക്ഷവും ജോലി ചെയ്യുന്നത്. ആവശ്യമായ നിയമ സുരക്ഷിതത്വമോ സാമൂഹ്യ സുരക്ഷിതത്വമോ ഇല്ലാത്ത അവസ്ഥ എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. തൊഴിലെടുക്കുന്ന സ്ത്രീകളില്‍ പകുതിപേരും നേരിട്ട് വരുമാനം ലഭിക്കാത്ത, വീടുമായി ബന്ധപ്പെട്ട തൊഴിലുകളിലോ നാമമാത്രമായ കൂലിയുള്ള പണികളിലോ ആണ് ഏര്‍പ്പെട്ടിരിക്കുന്നത് എന്നത് ആശങ്കയുളവാക്കുന്ന വസ്തുതയാണ്.

കഴിഞ്ഞ പത്തു വര്‍ഷത്തിനിടയില്‍ സ്ത്രീകളുടെ തൊഴില്‍ സാദ്ധ്യതയുടെ കാര്യത്തില്‍ വലിയ പുരോഗതിയൊന്നും ഉണ്ടായിട്ടില്ല. തൊഴിലെടുക്കാവുന്ന പ്രായത്തിലുള്ള (15 വയസ്സിനു മുകളില്‍) സ്ത്രീകളില്‍ പകുതിപ്പേര്‍ക്കേ തൊഴില്‍ കിട്ടുന്നുള്ളൂ. ആഫ്രിക്കന്‍ രാജ്യങ്ങളിലും മദ്ധ്യേഷ്യയിലും സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്തം ഇരുപത് ശതമാനം മാത്രമാണത്രേ. സ്ത്രീ സാക്ഷരതയുടെ കാര്യത്തില്‍ കഴിഞ്ഞ പത്തു വര്‍ഷത്തിനിടയില്‍ പുരോഗതി ഉണ്ടായിട്ടുണ്ട്. എങ്കിലും പുരുഷനെ അപേക്ഷിച്ച് സ്ത്രീ ഇക്കാര്യത്തിലും പുറകിലാണ്.

ഈ റിപ്പോര്‍ട്ടില്‍ പറയുന്നത് ലോകത്തിലെ 80 കോടി ജനങ്ങള്‍ക്ക് ഇന്ന്‌ ഒരു തരത്തിലുള്ള വിദ്യാഭ്യാസവും ലഭിച്ചിട്ടില്ല എന്നാണ്.(UNESCO has defined literacy as ‘a person’s ability to read and write, with understanding, a simple statement about one’s everyday life’.) ഇതില്‍ മൂന്നില്‍ രണ്ടു ഭാഗവും സ്ത്രീകളാണത്രെ. പഠിപ്പു നിര്‍ത്തുന്ന കുട്ടികളില്‍ അറുപത് ശതമാനവും പെണ്‍കുട്ടികളാണ്. സ്ത്രീ വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ ഏറ്റവും പുറകില്‍ നില്‍ക്കുന്നത് ദക്ഷിണ, പശ്ചിമ ഏഷ്യ, ആഫ്രിക്ക, അറേബ്യന്‍ രാജ്യങ്ങള്‍ എന്നിവയാണ്. അടിസ്ഥാന വിദ്യാഭ്യാസം ലഭിച്ചിട്ടുണ്ട് എന്നത് കൂടുതല്‍ നല്ല തൊഴില്‍ ലഭിക്കുവാന്‍ സ്ത്രീകളെ സഹായിക്കുന്നില്ല എന്നും റിപ്പോര്‍ട്ട് പറയുന്നു.

വിദ്യാഭ്യാസം തുടരേണ്ടതിന്റെ ആവശ്യകത ഇത് വെളിവാക്കുന്നുണ്ട്.

സേവനമേഖലയിലെ അവസരങ്ങള്‍ സ്ത്രീകള്‍ക്ക് ഗുണകരമാണെന്നും റിപ്പോര്‍ട്ട് പറയുന്നു. തൊഴിലെടുക്കുന്ന സ്ത്രീകളില്‍ 42.4% സേവന മേഖലയിലും, 40.4% കാര്‍ഷികമേഖലയിലും 17.2% വ്യാവസായിക മേഖലയിലുമാണ്. പുരുഷന്മാരുടെ കാര്യത്തില്‍ ഇത് യഥാക്രമം 38.4%, 37.5%, 24% എന്നിങ്ങനെ ആണ്.

ദാരിദ്ര്യ സൂചികയുടെ കാര്യത്തിലും ആശങ്കയുളവാക്കുന്ന ചില കാര്യങ്ങള്‍ ഈ റിപ്പോര്‍ട്ടിലുണ്ട്. സാധാരണയായി ദിവസം 1 ഡോളര്‍ അല്ലെങ്കില്‍ 2 ഡോളറിനു തുല്യമായ വരുമാനമെങ്കിലും ലഭിക്കാത്തവരെയാണ് ദരിദ്രരായി പലരാജ്യങ്ങളിലും കണക്കാക്കുന്നത്. സ്ത്രീകളുടെ ഇടയിലെ ദാരിദ്രത്തെക്കുറിച്ച് പ്രത്യേകം സ്റ്റാറ്റിസ്റ്റിക്സ് ലഭ്യമല്ലത്രെ. കാരണം കുടുംബത്തിന്റെ കണക്കാണ് ഇക്കാര്യത്തില്‍ എടുക്കുന്നത്. എങ്കിലും ലഭ്യമായ മറ്റു കണക്കുകളുടേയും തെളിവുകളുടേയും അടിസ്ഥാനത്തില്‍ ഈ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത് ലോകത്തിലെ ദരിദ്രരായ, തൊഴിലില്ലാത്ത ജനങ്ങളില്‍ ഭൂരിഭാഗവും സ്ത്രീകളാണെന്നാണ്. ദാരിദ്ര്യത്തിന്റെ സ്ത്രീവത്ക്കരണം എന്നോ സ്ത്രീകളുടെ ദാരിദ്ര്യവത്ക്കരണം എന്നോ (feminisation of poverty) വിശേഷിപ്പിക്കാവുന്ന അവസ്ഥ.

മറ്റെല്ലാം കാര്യത്തിലുമെന്നപോലെ, ഇക്കാര്യത്തിലും ഏറ്റവും കൂടുതലായി ബാധിക്കപ്പെടുന്നത് സ്ത്രീകള്‍ തന്നെ.

ഏറ്റവും അവസാനം കഴിക്കുകയും ഏറ്റവും കുറച്ച് കഴിക്കുകയും, ഏറ്റവും മോശം ഭാഗം തനിക്കായി മാറ്റിവെക്കുകയുമൊക്കെ ചെയ്ത്, പ്രതിഫലമില്ലാതെ, സ്വന്തം വീട്ടിലെ മൊത്തം ജോലികള്‍ ചെയ്തു തീര്‍ത്ത് നമ്മുടെ ലോകത്തെ നിലനിര്‍ത്തുന്ന ഇവരില്ലായിരുന്നെങ്കില്‍ ......

പിന്‍ കുറിപ്പ്

മാര്‍ച്ച് 8 ആണ് ഐക്യരാഷ്ട്രസഭ ലോക വനിതാദിനമായി തിരഞ്ഞെടുത്തിരിക്കുന്നത്. എങ്കിലും അതാത് രാജ്യത്തിന്റെ ചരിത്രപരവും ദേശീയവുമായ പ്രത്യേകതകള്‍ക്കനുസരിച്ച് വര്‍ഷത്തിലെ ഏതെങ്കിലുമൊരു ദിനം United Nations Day for Women's Rights and International Peace ആയി ആചരിക്കുവാന്‍ അംഗരാജ്യങ്ങള്‍ക്ക് ഐക്യരാഷ്ട്ര സഭ 1977ലെ ഒരു പ്രമേയമനുസരിച്ച് അനുമതി നല്‍കിട്ടുണ്ട്.2007 ലെ തീം സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍‍ ശിക്ഷിക്കപ്പെടാതെ പോകുന്നത് അവസാനിപ്പിക്കുക (Ending impunity for violence against women) എന്നതാണ്.

കൂടുതല്‍ വായനയ്ക്ക്

United Nations Develpoment Fund for Women (UNIFEM)ന്റെ റിപ്പോര്‍ട്ട്

UNIFEM വെബ് സൈറ്റ്

അവലംബം: ഏപ്രില്‍ ലക്കം സ്ത്രീശബ്ദം വാരികയിലെ ഒരു കുറിപ്പ്

അവരുടെ ഇമെയില്‍ വിലാസം:aidwakerala at sancharnet dot in

Friday, April 27, 2007

നമ്പൂതിരി ഫലിതങ്ങള്‍ മൂന്നാം ഭാഗം

ഇവിടുത്തെ ആനേ ഇക്കൊല്ലം തിരുവമ്പാടിക്ക് പകരം പാറമ്മേക്കാവിലിക്ക് കൊടക്കണംന്ന് അമ്മുണ്ണി പറഞ്ഞയച്ചിട്ട് വന്നതാ

ആവാലോ....അമ്മുണ്ണി പറഞ്ഞാ കൊടക്കാണ്ടിരിക്കാന്‍ പറ്റുവോ?

എത്രയാവോ ഏക്കം വേണ്ടത്?

ഹായ് ഹായ് ഒന്നും വേണ്ട.ആനേ കൊടക്കണേന് അവള്‍ടേന്ന് ഞാന്‍ ഏക്കം വാങ്ങുകേ?

അവളല്ല അവനാ...

ഓഹോ..അമ്മുണ്ണി ആണാണെങ്കി് ഇവടത്തെ ആനക്ക് ഏക്കം ആയിരം രൂപാ

*****

മോഷണം കലയാക്കിയ ഒരു നമ്പൂതിരി അസുഖം വന്നു കിടപ്പിലായി.

ഡോക്ടര്‍: മോഷനുണ്ടോ?

നമ്പൂതിരി: പണ്ടുണ്ടായിരുന്നു..കിടപ്പിലായതിനു ശേഷം മോഷണൊന്നും തരാവ്ണില്യ.

*****

നമ്പൂതിരി വീട്ടുകോലായില്‍ ഇരിക്കുന്ന ഒരാളോട്

മജിസ്ട്രേട്ടില്ലെ ഇവടെ?

ഇവടെക്കെന്താ വേണ്ടത്?

ചോയ്‌ചതിനു മറുപടി പറഞ്ഞാ മതി നീയ്യ്.

ഇവിടുന്ന് എവിടുന്നാണാവോ?

എട ഏഭ്യാ..നെന്നോടല്ലേ പറഞ്ഞത് ചോയ്‌ച്ചതിനു മറുപടി പറഞ്ഞാ മതീന്ന്‌. മജിസ്ട്രേട്ടില്ലേ ഇവിടെ?

ഞാനാ മജിസ്ട്രേട്ട്..

വിഡ്ഡി..നെണക്കത് നേര്‍ത്തേ പറയാര്‍ന്നില്ലേ..എന്നാ നിന്നെ ഞാന്‍ ഇങ്ങനെ നീയ്യ്, എടാ, ഏഭ്യാ എന്നൊക്കെ വിളിക്യോ?

*****

നമ്പൂതിരിയും കാര്യസ്ഥനും യാത്ര കഴിഞ്ഞു വരുന്ന വഴി രണ്ടുപേരേയും പാമ്പ് കടിച്ചു.

ആശുപത്രിയില്‍ ഇവരെ പരിശോധിച്ച ഡോക്ടര്‍ നേഴ്സിനോട് പറഞ്ഞു

” രണ്ടു പേര്‍ക്കും മൂര്‍ഖന്റെ അന്റി വെനം കുത്തിവെച്ചോളൂ”

ഇതു കേട്ട നമ്പൂതിരി “ ഡോക്ടറേ..മാനം കളയരുത്..അവന് നീര്‍ക്കോലീടെ ആന്റിവെനം കുത്തിവെച്ചാല്‍ മതി”

*****

നമ്പൂതിരി നൂറു രൂപക്ക് കൊടുക്കാം എന്നു പറഞ്ഞ മരത്തിന് കച്ചവടക്കാരന്‍ അന്‍പതു രൂപ പറഞ്ഞു. നമ്പൂതിരി സമ്മതിച്ചില്ല. തര്‍ക്കമായി. അവസാനം കച്ചവടക്കാരന്‍ പറഞ്ഞു

” എന്നാ അറുപതു രൂപ തരാം. തിരുമേനിക്ക് നഷ്ടം വരണ്ട.”

ഇതുകേട്ട നമ്പൂതിരി “എനിക്ക് നഷ്ടം വരരുത് എന്നുള്ളതു കൊണ്ടു തന്നെയാ നൂറു രൂപ തന്നെ വേണംന്ന് പറഞ്ഞത്”

*****

ഇല്ലത്ത് ഇത്തവണ ചക്കേം മാങ്ങേം ധാരാളണ്ടോ?

ഉവ്വ്. രണ്ടും ധാരാളണ്ട്.

ചക്കയോളം തന്നെ ഉണ്ടോ മാങ്ങേം?

അതില്ല. ഇത്തവണയും ചക്ക തന്നെയാ വലുത്

*****

വളരെകാലത്തിനുശേഷം കണ്ട സുഹൃത്ത് നമ്പൂതിരിയോട് “ മക്കളൊക്കെ എങ്ങനെ?’

നമ്പൂതിരി “ ഞാന്‍ ഓരോരുത്തരേയും ഓരോ വഴിക്കാക്കി. ഇപ്പോ അവരൊക്കെച്ചേന്ന എന്നെ ഒരു വഴീലാക്കാന്‍ നോക്വാ..“

*****

സന്ധയായിട്ടും കുളിക്കാതിരിക്കുന്ന നമ്പൂതിരിയോട് മറ്റൊരു നമ്പൂതിരി “ ന്താ കുളീല്യേ?’

ണ്ട് ണ്ട്..

കുറെനേരത്തിനുശേഷവും കുളിക്കാന്‍ പോകാതിരിക്കുന്നതു കണ്ട് വീണ്ടും ചോദിച്ചു. ന്താ കുളീല്യാന്ന്ണ്ടോ?

അല്ല. ണ്ട്..ണ്ട്..

പിന്നെന്താ ഇങ്ങനെ ഇരിക്കണേ?

അല്ലാ നാളെ മതിയോന്നാലോചിക്യാ..

*****

നമ്പൂതിരി എങ്ങോട്ടോ പോകാന്‍ സ്റ്റേഷനില്‍ നില്‍ക്കുകയാണ്.

വണ്ടി വന്നപ്പോള്‍ കമ്പാര്‍ട്ട്മെന്റിലുള്ളവരെല്ലാം ഇതില്‍ സ്ഥലമില്ല എന്നു പറഞ്ഞുകൊണ്ട് വാതില്‍ അടച്ചുപിടിച്ചു. നമ്പൂതിരി ഇതൊന്നും വക വെയ്ക്കാതെ തള്ളി അകത്തുകയറി.

ഇതില്‍ കുപിതരായി കയര്‍ത്തവരോട് നമ്പൂതിരി

“ ദേഷ്യപ്പെടണ്ടാ.. അടുത്ത സ്റ്റേഷന്‍ മുതല്‍ ഞാനും നിങ്ങളോടൊപ്പം ഉത്സാഹിച്ചോളാം“

യാത്രക്കാര്‍ “ എന്തിന്?“

നമ്പൂതിരി “ ഇനി കേറാന്‍ നോക്കണോരെ തടുക്കാന്‍”

നമ്പൂതിരി ഫലിതങ്ങള്‍ ഒന്നാം ഭാഗം

നമ്പൂതിരി ഫലിതങ്ങള്‍ രണ്ടാം ഭാഗം

ഏറ്റവും സുഖായിട്ടുള്ള കാര്യം

സനോജ് കമന്റിലൂടെ നല്‍കിയ നിദ്ദേശം സീകരിച്ചിരിക്കുന്നു. കടപ്പാട്: കുഞ്ഞുണ്ണി മാഷ്,എന്റെ സുഹൃത്തുക്കള്‍ ശ്രീകുമാര്‍, മണികണ്ഠന്‍ ‍

Thursday, April 26, 2007

കാമുകിക്ക് ഒരു ലോകബാങ്ക് സമ്മാനം

മൂന്നാം ലോക രാജ്യങ്ങള്‍ക്ക് മുഴുവന്‍ "Good Governance" മന്ത്രം ഓതിക്കൊടുത്തുകൊണ്ടിരുന്ന ലോക ബാങ്കിന്റെ ആസ്ഥാനത്ത് ജീവനക്കാര്‍ ഇന്ന് പ്രതിഷേധത്തിലാണ്. നീല റിബ്ബണ്‍ കെട്ടി അവര്‍ അതിന്റെ മേധാവിയായ പോള്‍ ഡി വോള്‍ഫോവിറ്റ്സിനോട് പറയുന്നു

“ ഇതിനകത്തും വേണം good governance."

സ്വജനപക്ഷപാതത്തിനും അഴിമതിക്കും ഒരതിരു വേണ്ടേ എന്നാണവരുടെ ചോദ്യം.

തന്റെ സെക്രട്ടറിയായിരുന്ന (കാമുകിയും) ഷാഹ അലി റിസക്ക് വര്‍ഷം 1,93,590 ഡോളര്‍ വേതനം ലഭിക്കുന്ന ഒരു ജോലി സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റില്‍ തരപ്പെടുത്തിക്കൊടുത്തു എന്ന ആരോപണത്തിന്റെ ഇടയിലാണ് ഇന്ന്‌ ഈ ബാങ്ക് മേധാവി. 2005ല്‍ ബാങ്കിന്റെ ചീഫ് എക് സിക്യൂട്ടീവ് ആയി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ അദ്ദേഹത്തിന്റെ പ്രധാന തലവേദന ഏഴു വര്‍ഷമായി അവിടെ ജോലി ചെയ്തിരുന്ന കാമുകിയായ ഷാഹയെ എന്തു ചെയ്യും എന്നതായിരുന്നു.

ബാങ്കിന്റെ നിയമമനുസരിച്ച് ജീവനക്കാരും സൂപ്പര്‍വൈസര്‍മാരും തമ്മില്‍ ബന്ധുത്വം പാടില്ല. ബാങ്കിന്റെ എത്തിക്‍സ് കമ്മിറ്റി ഷാഹയെ മാറ്റാന്‍ ആവശ്യപ്പെട്ടതുമാണ്. വോല്‍ഫോവിറ്റ്സ് ചെയ്തത്ത് അവര്‍ക്ക് മേല്‍പ്പറഞ്ഞ ജോലി ശരിപ്പെടുത്തിക്കൊടുക്കുകയാണ്.

സ്റ്റേറ്റ് സെക്രട്ടറി കോണ്ടലീസ റെയ്‌സിനു ലഭിക്കുന്നതിനേക്കാള്‍ (2005ല്‍ ഇവരുടെ വാര്‍ഷിക വേതനം 1,57,000 ഡോളര്‍) ശമ്പളമുള്ള ജോലി!

ഇതുമാത്രമല്ല അദ്ദേഹത്തിന്റെ മേലുള്ള ആരോപണം. കുടുംബാസൂത്രണം, കാലാവസ്ഥാ വ്യതിയാനം എന്നിവയിലൊക്കെ ബുഷ് ഭരണകൂടത്തിന്റെ നയങ്ങള്‍ നടപ്പിലാക്കുകയായിരുന്നുവത്രെ അദ്ദേഹം. വന്‍ ശമ്പളം പറ്റുന്ന ഒരു ഉപജാപക സംഘത്തിന്റെ സഹായത്തോടെ.

അദ്ദേഹം തുടരുമോ ഇല്ലയോ എന്നത് ബുഷിന്റെ തീരുമാനമനുസരിച്ചായിരിക്കും എന്ന് പറയാം. കാരണം വികസ്വര രാജ്യങ്ങള്‍ മൊത്തം ചേര്‍ന്നാലും ലോകബാങ്കിലും സഹോദര സ്ഥാപനമായ ഐ.എം.എഫ്ഫിലും അമേരിക്കക്കുള്ള വോട്ട് ഇല്ല. ജപ്പാനും യൂറോപ്പിയന്‍ രാജ്യങ്ങളും ചേര്‍ന്നാല്‍ സാങ്കേതികമായി വോട്ടിന്റെ കാര്യത്തില്‍ അമേരിക്കയെ കടത്തിവെട്ടാം എങ്കിലും ഇതുവരെ അവര്‍ അങ്ങിനെ ചെയ്തിട്ടില്ല.

ഒരു നിയോ-കൊളോണിയല്‍ സ്ഥാപനമായ ലോക ബാങ്കിന്റെ good governance മന്ത്രം, സ്വന്തം സാമ്പത്തിക പരിഷകരണ കുറിപ്പടികളുടെ പരാജയം മറച്ചുവെക്കാനുള്ള തന്ത്രം ആയാണ് വിലയിരുത്തപ്പെടുന്നത്. ബാങ്ക് വായ്പയായി നല്‍കുന്ന സഹസ്രകോടി ഡോളറുകള്‍ എന്തു മെച്ചമാന് ദരിദ്ര രാജ്യങ്ങള്‍ക്ക് ഉണ്ടാക്കിയത് എന്ന് ചോദിച്ചാല്‍ ബാങ്കിനു ചൂണ്ടിക്കാണിക്കുവാന്‍ ഒന്നുമില്ല. ലോകബാങ്ക് /ഐ.എം.എഫ് കുറിപ്പടി പരീക്ഷിച്ച മിക്കവാറും എല്ലാ രാജ്യങ്ങളും സാമ്പത്തിക വളര്‍ച്ചയുടെ കാര്യത്തില്‍ പിറകോട്ടാണ്.

ഐ.എം.എഫിന്റെ തന്നെ സ്വതന്ത്ര മൂല്യനിര്‍ണ്ണയ കാര്യാലയം (Independent Evaluation Office) പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത് , ഐ.എം.എഫ് ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്ക് 1999 മുതല്‍ നല്‍കിയ ഫണ്ടിന്റെ മൂന്നിലൊന്ന് ഐ.എം.എഫിന്റെ തന്നെ നിര്‍ദ്ദേശപ്രകാരം ചിലവഴിക്കപ്പെടാതിരിക്കുകയാണന്നാണ്.

ജനങ്ങള്‍ പട്ടിണിയും ജലദൌര്‍ലഭ്യവും ഒക്കെ മൂലം മരിച്ചുകൊണ്ടിരിക്കെ ഇത്തരമൊരു തീരുമാനമെടുത്തതിനെതിരെ "doctors without borders" ഉള്‍പ്പെടെ നിരവധി സംഘടനകളും മനുഷ്യാവകാശ പ്രവര്‍ത്തകരും ശബ്ദമുയര്‍ത്തിയിട്ടുണ്ട്.

ഐ.എം.എഫിന്റെ ഈ നടപടിയുടെ പഴി ലോക ബാങ്കിലും വന്നു വീഴുന്നുണ്ട്. ഒരു തരം Creditors Cartel ആണല്ലോ അവര്‍.

വോല്‍ഫോവിറ്റ്സിന്റെ രാജിക്കുവേണ്ടി ജര്‍മ്മന്‍ സര്‍ക്കാരും മുന്നോട്ടു വന്നു എന്നുള്ളത് അപൂര്‍വമായൊരു കാഴ്ച്ചയാണ്. 2005ലെ വോള്‍ഫോവിറ്റ്സിന്റെ സ്ഥാനാരോഹണം തന്നെ യൂറോപ്പിയന്‍ രാജ്യങ്ങള്‍ക്ക് സഹിച്ചിട്ടില്ല. അധാര്‍മ്മികവും നിയമ വിരുദ്ധവുമായ ഇറാഖ് അധിനിവേശത്തിന്റെ ഒരു ശില്‍പ്പി കൂടിയാണ് വോള്‍ഫോവിറ്റ്സ്. ഡെപ്യൂട്ടി ഡിഫന്‍സ് സെക്രട്ടറിയായിരുന്നു അന്ന് അദ്ദേഹം.

വോള്‍‍ഫോവിറ്റ്സ് തുടരുമോ ഇല്ലയോ എന്നത് നമുക്ക് കാത്തിരുന്നു കാണാം. എങ്കിലും നഷ്ടപ്പെട്ട പ്രതിച്ഛായ തിരിച്ചു പിടിക്കുവാന്‍ ലോക ബാങ്കിന് അവുമോ? പ്രത്യേകിച്ചും ലോക ബാങ്ക് വരുത്തുന്ന നയപരമായ ഓരോ പിഴവിനും കോടിക്കണക്കിനു ജനങ്ങള്‍ ബലിയാടാവുന്ന സ്ഥിതിയിരിക്കെ..

അവലംബം:മാര്‍ക്ക് വെയിസ്ബ്രോട്ടിന്റെ ലേഖനം, വിക്കിപീഡിയ,മറ്റു ചില സൈറ്റുകള്‍

Monday, April 23, 2007

പുസ്തകങ്ങളിലേക്ക് ... ഗൃഹാതുരമായ ഒരെത്തിനോട്ടം

ഏപ്രില്‍ 23 - ലോകപുസ്തകദിനം

യുനെസ്കോയുടെ ആഹ്വാനപ്രകാരം 1996 മുതല്‍ ഈ ദിനം ലോകപുസ്തകദിനമായി ആചരിക്കുന്നു. ഷേക്സ്പിയറുടെ ജനനവും മരണവും ഏപ്രില്‍ 23ന് ആയിരുന്നു.

തിരക്കുപിടിച്ച ജീവിതരീതിയും ദൃശ്യമാധ്യമങ്ങളുടെ കടന്നുകയറ്റവും മലയാളിയുടെ വായനാശീലത്തെ ഇല്ലാതാക്കുന്നുവോ?

ഞാന്‍ വായിച്ചിട്ടുള്ള, എനിക്കിഷ്ടപ്പെട്ട ചില കൃതികളില്‍ നിന്ന് ചിലവരികള്‍ ഈ ദിനത്തിനായി കുറിക്കുന്നു.

നിങ്ങള്‍ക്കിഷ്ടപ്പെട്ട വരികള്‍ നിങ്ങളും കുറിക്കുക.

പണ്ട് പണ്ട് ഓന്തുകള്‍ക്കും ദിനോസറുകള്‍ക്കും മുന്‍പ് രണ്ട് ജീവബിന്ദുക്കള്‍ നടക്കാനിറങ്ങി...അസ്തമയത്തിലാറാടി നിന്ന താഴ്വരയിലെത്തി അവര്‍ നിന്നു...മൂത്ത ബിന്ദു ഇളയ ബിന്ദുവിനോട് ചോദിച്ചു...നീ എന്നെ മറന്നു അല്ലേ?

ഖസാക്കിന്റെ ഇതിഹാസം - ഒ.വി.വിജയന്‍

എല്ലാ‍വരാലും ഒറ്റുകൊടുക്കപ്പെട്ട്, രണ്ടു കൈകളും വിടര്‍ത്തി ഗോളി പെനാല്‍റ്റി കിക്ക് കാത്തുനില്‍ക്കുന്നു. ഗാലറികളില്‍ അന്‍പതിനായിരം തുപ്പല്‍ വറ്റിയ തൊണ്ടകള്‍ അപ്പോള്‍ നിശബ്ദരായിരിക്കും. ഒരു കാണി മാത്രം ഇടക്ക് മൂന്നു തവണ കൂവും.

ഹിഗ്വിറ്റ - എന്‍.എസ്.മാധവന്‍

അര്‍ശ്ശോരോഗികളുടെ കമ്മ്യൂണ്‍ എന്ന പരിഹാസപ്പേരിലറിയപ്പെടുന്ന, പുരോഗമനവാദികളായ ഇടത്തരക്കാര്‍ താമസിക്കുന്ന, കോളനിയിലെ ചെറിയ വീട്ടില്‍ ഒരു ദുഃഖവെള്ളിയാഴ്ച്ച നാളില്‍ ഞങ്ങള്‍ വീണ്ടും താമസം തുടങ്ങി.

പ്രകൃതി നിയമം - സി.ആര്‍. പരമേശ്വരന്‍

കത്തിപ്പൊട്ടിപ്പൊരിഞ്ഞപ്പൊരികനല്‍ ചിതറും

പട്ടടത്തീയിലമ്പോ

നൃത്തം തത്തിത്തകര്‍ക്കെ, പ്പടകലികയറി

പ്രോഗ്രഹാസം മുഴക്കെ,

ഞെട്ടിത്തൊട്ടില്‍ക്കകത്തിങ്ങലമുറയിടുമി-

പ്പേടിമാറാത്ത പാവം,

കുട്ടിക്കമ്മിഞ്ഞയേകാന്‍ വരിക ദയചുര-

ന്നെന്‍ പെരുങ്കാളിയമ്മേ

ഒരു മുക്തകം - ബാലചന്ദ്രന്‍ ചുള്ളിക്കാട്

ഇന്നലെ രാത്രിയില്‍. പതിവുള്ള മറ്റൊരു പേടിസ്വപ്നത്തിനുവേണ്ടി കാത്തുകിടക്കെ, അപൂര്‍വമായ ചില ഓര്‍മ്മകളുടെ നിറപ്പകിട്ടുള്ള കുപ്പിച്ചില്ലുകള്‍ ചിതറിച്ചുകൊണ്ട് പാണ്ഡവപുരം എന്റെ മനസ്സിലേക്ക് കടന്നു വന്നു.

പാണ്ഡവപുരം - സേതു

പ്രിയപ്പെട്ട സാറാമ്മേ, ജീവിതം യൌവനതീക്ഷ്ണവും ഹൃദയം പ്രേമസുരഭിലവുമായിരിക്കുന്ന, ഈ അസുലഭ കാലഘട്ടത്തെ എന്റെ പ്രിയ സുഹൃത്ത് എങ്ങനെ വിനിയോഗിക്കുന്നു? ഞാനാണെങ്കില്‍ - എന്റെ ജീവിതത്തിലെ നിമിഷങ്ങള്‍ ഓരോന്നും സാറാമ്മയോടുള്ള പ്രേമത്തില്‍ കഴിയുകയാണ്. സാറാമ്മയോ? ഗാഢമായി ചിന്തിച്ച്, പ്രേമോദാരമായ ഒരു മറുപടിയാല്‍ എന്നെ അനുഗ്രഹിക്കണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട് - സാറാമ്മയുടെ കേശവന്‍ നായര്‍.

പ്രേമലേഖനം - വൈക്കം മുഹമ്മദ് ബഷീര്‍

ബനിഹാലിലെത്തിയപ്പോള്‍ നേരം രാത്രിയായിരുന്നു. ഹോട്ടലിനു മുന്‍പില്‍ മഖന്‍സിങ്ങ് ബസ് നിര്‍ത്തി. ആളുകള്‍ തിരക്കിട്ട് പുറത്തിറങ്ങിയപ്പോള്‍ അയാള്‍ സ്റ്റിയറിങ്ങിന്റെ മുകളില്‍ തല ചായ്ച്ച് കണ്ണടച്ചു കിടന്നു. എന്തെന്നില്ലാത്ത ഒരു ക്ഷീണവും വല്ലായ്മയും അയാളെ ബാധിച്ചിരുന്നു.

മഖന്‍സിങ്ങിന്റെ മരണം - ടി.പദ്മനാഭന്‍

Wednesday, April 18, 2007

ശൂന്യാദ്ധ്യാപക വിദ്യാലയങ്ങള്‍

ഭാരതത്തിലെ 9503 പ്രാഥമിക വിദ്യാലയങ്ങളില്‍ ഒരദ്ധ്യാപകന്‍ പോലും ഇല്ലത്രേ.

1,22,355 വിദ്യാലയങ്ങളില്‍ ഒരദ്ധ്യാപകന്‍ മാത്രം.

National University of Educational Planning and Administration പുറത്തിറക്കിയ രാജ്യത്തെ പ്രാഥമിക വിദ്യാലയങ്ങളെ സംബന്ധിച്ച അടിസ്ഥാന വിവര റിപ്പോര്‍ട്ടിലാണ് പ്രൈമറി വിദ്യാലയങ്ങളുടെ ശോച്യാവസ്ഥയെക്കുറിച്ച് വിവരിക്കുന്നത്.

എല്‍.പി യു.പി വിഭാഗങ്ങള്‍ മൊത്തമായെടുത്താല്‍ നിലവാരത്തിന്റെ കാര്യത്തില്‍ കേരളം ഒന്നാം സ്ഥാനത്താണെങ്കിലും ലോവര്‍ പ്രൈമറി വിദ്യാലയങ്ങളുടെ കാര്യത്തില്‍ മൂന്നാം സ്ഥാനത്താണ്. ദല്‍ഹിയും തമിഴ്‌നാടും ഒന്നും രണ്ടും സ്ഥാനങ്ങളില്‍.

National University of Educational Planning and Administration രാജ്യത്തെ 11.2 ലക്ഷം ലോവര്‍ പ്രൈമറി/അപ്പര്‍ പ്രൈമറി വിദ്യാലയങ്ങളെക്കുറിച്ചുള്ള വിശദമായ ഡാറ്റാബേസ് തയ്യാറാക്കിയിട്ടുണ്ട്. District Information System for Education (DISE) എന്നറിയപ്പെടുന്ന ഇതില്‍ രാജ്യത്തെ എല്ലാ ജില്ലകളിലേയും ലോവര്‍ പ്രൈമറി/ അപ്പര്‍ പ്രൈമറി വിദ്യാലയങ്ങളെക്കുറിച്ചുള്ള വിശദമായ വിവരങ്ങള്‍ ഉള്‍പ്പെടുന്നു. യൂനിസെഫിന്റേയും മാനവ വിഭവശേഷി വികസന മന്ത്രാലയത്തിന്റേയും (Ministry of Human Resource Development) സഹായത്തോടെയാണ് ഇത് തയ്യാറാക്കപ്പെട്ടിട്ടുള്ളത്. വിദ്യാഭ്യാസ സംബന്ധിയായ സ്ഥിതി വിവരക്കണക്കുകള്‍ എളുപ്പത്തില്‍ ലഭ്യമാക്കുവാന്‍ ഇത് മൂലം കഴിയുന്നു. പണ്ട് ഏഴോ എട്ടോ വര്‍ഷം എടുത്തിരുന്ന സ്ഥാനത്ത് ഇപ്പോള്‍ ഒരു വര്‍ഷം മതി സ്ഥിതി വിവരക്കണക്കുകള്‍ ലഭ്യമാക്കുവാന്‍. ജില്ലാതല വിവരങ്ങളാണെങ്കില്‍ മൂന്നോ നാലോ മാസങ്ങള്‍ മതി.

ഏകാദ്ധ്യാപക വിദ്യാലയങ്ങള്‍ കേരളത്തില്‍ 0.08% മാത്രമാണ് എങ്കില്‍ അരുണാചല്‍ പ്രദേശിലെ വിദ്യാലയങ്ങളില്‍ 48.8 ശതമാനവും ഏകാദ്ധ്യാപക വിദ്യാലയങ്ങളാണ്. വിദ്ധ്യാര്‍ത്ഥി-അദ്ധ്യാപക അനുപാതം ബീഹാറില്‍ 1:65 ഉം കേരളത്തില്‍ 1:29 ഉം സിക്കിമില്‍ 1:15 ഉം ആണ്. കേരളത്തിലെ 92.29 ശതമാനം വിദ്യാലയങ്ങള്‍ക്കും സ്കൂള്‍ വികസന ഗ്രാന്റ് ലഭിക്കുമ്പോള്‍ ഏറ്റവും കുറച്ച് വിദ്യാലയങ്ങള്‍ക്ക് ഗ്രാന്റ് ലഭിക്കുന്നത് ഗോവ-ദാമന്‍-ദിയുവിലാണ്. 2 ശതമാനത്തില്‍ താഴെ. കേരളത്തിലെ 4 ശതമാനം വിദ്യാലയങ്ങളില്‍ ബ്ലാക്ക് ബോര്‍ഡ് ഇല്ല എന്നും ഇതില്‍ കാണുന്നു.

ശുദ്ധജല ലഭ്യത, കമ്പ്യൂട്ടര്‍ ലഭ്യത എന്നിങ്ങനെ പലതരം സ്ഥിതിവിവരക്കണക്കുകള്‍ പി.ഡി.എഫ് ഫോര്‍മാറ്റിലുള്ള ഈ റിപ്പോര്‍ട്ടുകളില്‍ ഉണ്ട്.

രാജ്യത്തെ പ്രൈമറി വിദ്യാലയങ്ങളെക്കുറിച്ചുള്ള വിശദവിവരമുള്‍ക്കൊള്ളുന്ന സ്കൂള്‍ റിപ്പോര്‍ട്ട് കാര്‍ഡ് ഇവിടെ.

Saturday, April 14, 2007

Wednesday, April 11, 2007

ഇറാഖിലെ ദുരിതപര്‍വ്വം

നാലു വര്‍ഷത്തെ അധിനിവേശം പൂര്‍ത്തിയായ ഇറാഖില്‍ സാധാരണ ജനങ്ങള്‍ വന്‍ ദുരിതമനുഭവിക്കുകയാണെന്ന് റെഡ് ക്രോസ് സൊസൈറ്റി പറയുന്നു. മൂന്നര വര്‍ഷം മുന്‍പ് ഓഫീസ് ബോംബിട്ട് തകര്‍ക്കപ്പെട്ടെങ്കിലും ഇറാഖില്‍ റെഡ് ക്രോസ് സൊസൈറ്റിയുടെ സാന്നിദ്ധ്യം ഇപ്പോഴും ഉണ്ട്. civilians without protection - the ever worsening humanitarian crisis എന്നു പേരിട്ട അവരുടെ പുതിയ റിപ്പോര്‍ട്ടില്‍ ഇറാഖി ജനത അനുഭവിക്കുന്ന ദുരിതത്തിന്റെ ചിത്രമുണ്ട്.

ഇറാഖിലെ സ്ത്രീകളും പുരുഷന്മാരും കുട്ടികളും അനുഭവിക്കുന്ന ദുരിതം അസഹനീയമാണെന്ന്‌ ഇന്റര്‍നാഷണല്‍ കമ്മിറ്റി ഓഫ് റെഡ് ക്രോസ്സിന്റെ ഡയറക്ടറായ പിയറി (Pierre Kraehenbuehl) പറയുന്നു. ഇറാഖിലെ കാര്യങ്ങളില്‍ സ്വാധീനം ചെലുത്താന്‍ കഴിവുള്ള എല്ലാവരോടും ഇതിലിടപെടാനും പരിഹാരം കാണുവാനും ഈ കമ്മിറ്റി ആവശ്യപ്പെടുന്നു. അന്താരാഷ്ട്ര നിയമങ്ങളനുസരിച്ച് ഇത് അവരുടെ ബാദ്ധ്യതയാണെന്ന് അവര്‍ ഓര്‍മ്മപ്പെടുത്തുന്നു.

ചന്തയില്‍‌പോയി തിരിച്ചു വരിക എന്നത് പോലും ജീവിതത്തിനും മരണത്തിനുമിടയ്ക്കുള്ള കളിയാണവിടെ.

“പൊട്ടിത്തെറിയില്‍ ചിതറിപ്പോയ അമ്മയുടെ ശരീരത്തിനരുകിലിരുന്ന്‌ അമ്മയെ വിളിച്ച് കരയുന്ന നാലുവയസ്സുകാരനെ ഞാന്‍ കണ്ടു” എന്ന് സഹദ് എന്ന ജീവകാരുണ്യപ്രവര്‍ത്തക പറയുന്നു.

ഇറാഖിലെ ആരോഗ്യമേഖല പാടെ തകര്‍ന്നിരിക്കുന്നതായും, തങ്ങള്‍ അക്രമണത്തിന്റെ ലക്ഷ്യമായേക്കും എന്ന ഭീതിമൂലം ഡോക്ടര്‍മാരും നേഴ്സുമാരും രോഗികള്‍ തന്നെയും ആശുപത്രികളില്‍ ചെല്ലുവാന്‍ ഭയപ്പെടുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ശുദ്ധജല വിതരണ, മലിനജല നിര്‍മ്മാര്‍ജ്ജന സംവിധാനങ്ങളും വൈദ്യുതിവിതരണ സംവിധാനങ്ങളും പാടെ തകര്‍ന്നിരിക്കുന്നുവെന്നും, ഭക്ഷണ ദൌര്‍ലഭ്യവും പോഷകാഹാ‍രക്കുറവും വ്യാപകമാണെന്നും റിപ്പോര്‍ട്ടില്‍ സൂചനയുണ്ട്.

നിഷ്പക്ഷതയ്ക്ക് പ്രസിദ്ധമായ റെഡ് ക്രോസ്സ് ആരേയും ഈ റിപ്പോര്‍ട്ടില്‍ പേരെടുത്ത് പറഞ്ഞ് കുറ്റപ്പെടുത്തുന്നില്ല.

പക്ഷെ നമുക്ക് അറിയാം.അല്ലേ?

ഓക്സ്ഫാം എന്ന സംഘടനയുടെ റിപ്പോര്‍ട്ടിലെ വാചകങ്ങള്‍ ഇതിന്റെ കൂടെ ചേര്‍ത്ത് വായിക്കാം.

ഇറാഖിലെ അധിനിവേശവും മറ്റു ചില വിദേശനയങ്ങളും അന്യഥാ മികച്ചതായ ബ്രിട്ടന്റെ ഇമേജിന് ഇടിവുണ്ടാക്കി.

അമേരിക്കയുടെയും ബ്രിട്ടന്റേയും ഇറാഖ് നയങ്ങള്‍ പുതിയ ഭീകരതയ്ക്ക് വിത്തുപാകി എന്ന ഓക്സ്ഫോര്‍ഡ് റിസര്‍ച്ച് ഗ്രൂപ്പിന്റെ റിപ്പോര്‍ട്ടില്‍ നിന്നുള്ള വാചകം കൂടി ഉദ്ധരിക്കുന്നത് അസ്ഥാനത്താവില്ല

അവലംബം: ബിബിസി

Tuesday, April 10, 2007

ഒരു ആരോഗ്യദിനം കൂടി കടന്നു പോയി

അങ്ങനെ ഒരു ആരോഗ്യദിനം കൂടി കടന്നുപോയി.

രോഗം വന്നശേഷം ചികിത്സിക്കുന്നതിനേക്കാള്‍ രോഗം വരാതെ നോക്കുന്നതു തന്നെ എന്തുകൊണ്ടും ഉത്തമം. ആഗോളവല്‍ക്കരണത്തിന്റെ ഈ കാലഘട്ടം ചികിത്സകന്റെ മുന്നില്‍ തുറന്നു കൊടുക്കുന്ന അപാരസാദ്ധ്യതകള്‍ അംഗീകരിക്കുമ്പോള്‍ത്തന്നെ പുത്തന്‍ നയങ്ങള്‍ ചികിത്സാരംഗത്തു വരുത്തുന്ന മാറ്റങ്ങള്‍ ശ്രദ്ധാപൂര്‍വ്വം വിലയിരുത്തപ്പെടേണ്ടതുണ്ട്. വികസിത രാഷ്ട്രങ്ങളുടെ ചുവടുപിടിച്ച് നമ്മുടെ നാട്ടിലും രോഗചികിത്സ ആരോഗ്യ ഇന്‍ഷുറന്‍സ് ഉള്ളവര്‍ക്കു മാത്രമായി പരിമിതപ്പെടുത്താനുള്ള നീക്കം നടക്കുന്ന ഈ അവസരത്തില്‍ നാം അവശ്യം അറിഞ്ഞിരിക്കേണ്ട ചില വസ്തുതകള്‍ ഉണ്ട്.

നമ്മുടെ നാട്ടിലെ പ്രമാണിമാരെല്ലാം രോഗം വന്നാല്‍ ചികിത്സക്കായി അമേരിക്കയിലേക്ക് പോകുകയാണല്ലോ പതിവ്. അമേരിക്കയിലെ ആരോഗ്യരംഗം വളരെ ഉയര്‍ന്ന നിലവാരമുള്ളതാണെന്നാണ് വയ്പ്പ്. കാര്യം ശരിതന്നെ. എങ്കിലും സ്വര്‍ണ്ണക്കട്ടികള്‍ കൈവശം ഉള്ളവനുമാത്രമേ അത് ലഭിക്കൂ എന്നതാണ് വാസ്തവം. അമേരിക്കയിലെ ആരോഗ്യരംഗം ഇന്നു വലിയ പ്രതിസന്ധിയെ നേരിടുകയാണ്. ആരോഗ്യ ഇന്‍ഷുറന്‍സ് ഇല്ലാതെ പനിക്കുള്ള ഗുളിക പോലും കിട്ടില്ല എന്ന അവസ്ഥയുള്ള അവിടെ 46 ദശലക്ഷം ജനങ്ങള്‍ ഇന്‍ഷുറന്‍സ് ഇല്ലാത്തവരാണത്രെ. ഇതില്‍ത്തന്നെ ആഫ്രിക്കന്‍ വംശജരുടെ അനുപാതം വളരെ കൂടുതലാണ്. വികസിത രാജ്യങ്ങളിലെ ഏറ്റവും മോശം ചികിത്സാരംഗം അമേരിക്കയിലാണെന്നത് വിശ്വസിക്കാന്‍ ഇത്തിരി ബുദ്ധിമുട്ടായിരിക്കും അല്ലേ? ഗുരുതരമായ അസുഖം ബാധിച്ചാല്‍ ഒരു വിധം ഉയര്‍ന്ന സാമ്പത്തിക സ്ഥിതി ഉള്ളവര്‍ പോലും പാപ്പരായിപ്പോകുന്ന ‘ചികിത്സ’യാണവിടെ.

ആരോഗ്യപരിപാലനം എന്നത് ഒരു ചരക്ക് ആയി കണക്കാക്കപ്പെടുന്നതുകൊണ്ടാണ് ഈയൊരു തലതിരിഞ്ഞ അവസ്ഥയെന്ന് യുണൈറ്റഡ് ഫോര്‍ എ ഫെയര്‍ എക്കണോമിയുടെ(United for a fair economy) എക്സിക്യൂട്ടീവ് ഡയറക്ടറായ മെയ്‌ഷു ലൂയ് അഭിപ്രായപ്പെടുന്നു. ആരോഗ്യപരിപാലനം മിക്കവാറും സ്വകാര്യവത്കരിക്കപ്പെട്ടിട്ടുള്ള അവിടെ ജനങ്ങള്‍ നേരിട്ടോ അവരുടെ തൊഴിലുടമവഴിയോ കമ്പോളം നിശ്ചയിക്കുന്ന നിരക്കിനനുസരിച്ച് ആരോഗ്യ ഇന്‍ഷുറന്‍സ് വാങ്ങേണ്ട ഗതികേടിലാണ്. പ്രായമായവര്‍ക്കും അംഗവൈകല്യമുള്ളവര്‍ക്കും ചിലവിന്റെ ഒരു ഭാഗം സര്‍ക്കാര്‍ സബ്‌സിഡിയായി നല്‍കും എന്ന്‌ മാത്രം.

ഫാമിലീസ് യുഎസ്‌എ എന്ന സംഘടനയുടെ കണക്ക് പ്രകാരം, ഇന്‍ഷുറന്‍സ്, ഡോക്ടര്‍മാരുടെ ഫീസ്, മരുന്ന്, മറ്റു ചികിത്സാചിലവുകള്‍ എന്നിവക്കൊക്കെയായി സര്‍ക്കാരും ജനങ്ങളും കൂടി 2.3 ട്രില്ല്യണ്‍(അതായത് 2.3 ലക്ഷം കോടി) ഡോളറാണ് ഓരോ വര്‍ഷവും ചിലവഴിക്കുന്നത്. 2007 ഫെബ്രുവരിയില്‍ പ്രസിഡന്റ് ബുഷ് അവതരിപ്പിച്ച 2007- 2008 വര്‍ഷത്തേയ്ക്കുള്ള ബജറ്റില്‍ അരോഗ്യരംഗത്തെ പ്രതിസന്ധികളെപ്പറ്റി സമ്മതിക്കുന്നുണ്ടെങ്കിലും പ്രശ്നപരിഹാരത്തിനു ക്രിയാത്മകമായ നിര്‍ദ്ദേശങ്ങള്‍ അവതരിപ്പിക്കുന്നില്ല എന്ന് ഈ സംഘടന അഭിപ്രായപ്പെടുന്നു. മെഡികെയര്‍, മെഡിക്എയ്‌ഡ്, കുട്ടികള്‍ക്കായുള്ള ചികിത്സാ പദ്ധതി എന്നിവക്ക് വകയിരുത്തുന്ന തുകയില്‍ വന്‍ കുറവ് ഏര്‍പ്പെടുത്തുകയാണ് ഭരണകൂടം ചെയ്തതെന്ന്‌ അവര്‍ പറയുന്നു. ഇന്നത്തെ ശരാശരി നിരക്കു വെച്ച് ഒരാള്‍ക്ക് ഒരു വര്‍ഷം 6000 ഡോളര്‍ ആകും ഇന്‍ഷുറന്‍സ് തുക. ആസ്മയോ അതുപോലുള്ള നീണ്ടുനില്‍ക്കുന്ന അസുഖങ്ങളോ ഉണ്ടെങ്കില്‍ ഇന്‍ഷുറന്‍സ് തുക ഇരട്ടിയാകുകയോ ഇന്‍ഷുറന്‍സ് തന്നെ നിഷേധിക്കപ്പെടുകയോ ചെയ്യും. പ്രമേഹവും രക്തസമ്മര്‍ദ്ദവുമൊക്കെ ചികിത്സിക്കപ്പെടാതെ പോകുന്നത് ഏറ്റവും കൂടുതല്‍ അമേരിക്കയിലാണ് എന്നുള്ളത് വളരെ വിചിത്രമായ സത്യമാണ്.

വളരെയധികം പണം ചിലവഴിച്ചിട്ടും ചികിത്സയെത്തിക്കാന്‍ കഴിയുന്നവരുടെ എണ്ണം പരിമിതമാണെന്നത് ശ്രദ്ധയര്‍ഹിക്കുന്ന വിഷയമാണെന്ന്‌ ഹെല്‍ത്ത് റിഫോം പ്രോജക്ടിന്റെ കോ-ഡയറക്ടരായ അലന്‍ സാജര്‍ അഭിപ്രായപ്പെടുന്നു.

ഹൈ-ടെക് ചികിത്സയുടെ കാര്യത്തില്‍ കൂടുതല്‍ ‍ശ്രദ്ധയും പ്രാഥമിക ചികിത്സാരംഗത്ത് കടുത്ത‍ അവഗണനയും. അതാണ് സ്ഥിതി. അമേരിക്കന്‍ ഓപ്പണ്‍ മാര്‍ക്കറ്റില്‍ നിന്നും മാത്രം മരുന്നു വാങ്ങണം എന്ന നിര്‍ദ്ദേശം പിന്‍‌വലിക്കണമെന്നും, കാനഡയില്‍ നിന്നും മൊത്തവിലയ്ക്ക് മരുന്ന് ഇറക്കുമതി ചെയ്യാന്‍ അനുവദിക്കുന്ന നിയമം കൊണ്ടുവരണമെന്നും ഉള്ള ആരോഗ്യരംഗത്തെ സംഘടനകളുടേയും, തൊഴിലാളി യൂണിയനുകളുടേയും, പ്രാ‍യം ചെന്നവരുടെ സംഘടനകളുടേയുമൊക്കെ ആവശ്യം ആരോഗ്യരംഗത്തെ മറ്റു പലകാര്യങ്ങളുമെന്ന പോലെ കോണ്‍ഗ്രസ്സ് പരിഗണിച്ചിട്ടില്ല. തിരശ്ശീലക്കു പിന്നില്‍, മരുന്നു കമ്പനികളും ആസ്പത്രികളും ഇന്‍ഷുറന്‍സ് കമ്പനികളും ഡോക്ടര്‍മാരുടെ സംഘടനകളുമൊക്കെച്ചേര്‍ന്ന് തങ്ങള്‍ക്കനുകൂലമായ ആരോഗ്യനയങ്ങള്‍ കൊണ്ടുവരുന്നതിനുവേണ്ടി(lobbying നു വേണ്ടി) 2005ലും 2006ലും 400 ദശലക്ഷം ഡോളര്‍ ചിലവഴിച്ചതായി, ഈ രംഗം സസൂക്ഷ്മം വീക്ഷിക്കുന്ന ഓപ്പണ്‍ സീക്രട്ട് (The Center for Responsive Politics) വെളിപ്പെടുത്തുന്നു.

ജനങ്ങളെ സഹായിക്കുന്നതിനു പകരം മരുന്നു കമ്പനികളുടെ കെണിയില്‍‌പ്പെട്ട് പ്രവര്‍ത്തിക്കുകയാണ് സര്‍ക്കാര്‍ എന്ന് മെയ്‌ഷു ലൂയ് കുറ്റപ്പെടുത്തുന്നു. സര്‍ക്കാരാകട്ടെ മരുന്നു കമ്പനികള്‍ക്കു നികുതിയിളവുകള്‍ നല്‍കുകമാത്രമല്ല, ആരോഗ്യരംഗത്ത് അവശ്യം വേണ്ട കര്‍ശനമായ നിബന്ധനകള്‍ കൊണ്ടുവരാതിരിക്കുക കൂടി ‍ ചെയ്യുന്നു.

കാര്യമിങ്ങനെയൊക്കെയാണെങ്കിലും 2005ല്‍ ജോണ്‍സണ്‍&ജോണ്‍സണ്‍ 10 ബില്ല്യണ്‍ ഡോളറും ഫൈസര്‍ 8 ബില്ല്യണുമാണ് (ഒരു ബില്ല്യണ്‍ ഡോളര്‍= 100 കോടി ഡോളര്‍/ഏതാണ്ട് 4300കോടി ഇന്ത്യന്‍ രൂപ)ലാഭം കൊയ്തത്. ഫോര്‍ച്യൂണ്‍ മാഗസിന്റെ കണക്കാണിത്. മരുന്നുകമ്പനികളായ പ്രോക്ടര്‍ & ഗാംബിള്‍, മെര്‍ക്, ആംജെന്‍, അബ്ബോട്ട്, ഇന്‍ഷുറന്‍സ് കമ്പനിയായ യുണൈറ്റഡ് ഹെല്‍ത്ത് ഗ്രൂപ്പ് എന്നിവ 2005ല്‍ അമേരിക്കയിലെ മികച്ച 50 ഫൊര്‍ച്യൂണ്‍ 500 കമ്പനികളില്‍പ്പെട്ടിരുന്നു.

അമേരിക്കയിലെ മേല്‍‌വിവരിച്ച ആരോഗ്യപരിപാലനരീതികളില്‍ നിന്നും തുലോം വ്യത്യസ്തമാണ് പൊതു ആരോഗ്യ വ്യവസ്ഥ അംഗീകരിച്ചിട്ടുള്ള രാജ്യങ്ങളിലെ അവസ്ഥ. ഈ വ്യവസ്ഥയില്‍ ആരോഗ്യപരിപാലനം എന്നത് ഒരു പൌരന്റെ അവകാശമാണ്; ആരുടേയെങ്കിലും ഔദാര്യമല്ല. ഇത് ഓരോ വ്യക്തിക്കും ആരോഗ്യപരിപാലനം ഉറപ്പ് വരുത്തുന്നു. ഇതിന്റെ ചിലവ് വഹിക്കുന്നത് പല രീതികളിലാകാമെന്നു മാത്രം. അര്‍ജന്റീന, ആസ്ട്രേലിയ, ബ്രസീല്‍, കാനഡ, ക്യൂബ, ഫ്രാന്‍സ്, ജര്‍മ്മനി, യുണൈറ്റഡ് കിങ്ങ്ഡം, ചൈന, ദക്ഷിണ കൊറിയ, സ്വീഡന്‍ എന്നിവ ഈ രീതി അവലംബിച്ചിട്ടുള്ള ചില രാജ്യങ്ങളാണ്. ഇതില്‍ത്തന്നെ ക്യൂബയുടേയും ബ്രിട്ടന്റേയും കാനഡയുടേയും ആരോഗ്യരംഗത്തെക്കുറിച്ചുകൂടി ചെറുതായി പരാമര്‍ശിക്കുന്നത് ഉചിതമായിരിക്കും എന്ന് തോന്നുന്നു.

അമേരിക്കയില്‍ നിന്നും 90 കി.മി. മാത്രം അകലെയുള്ള ക്യൂബയില്‍ വിപ്ലവത്തെത്തുടര്‍ന്ന് വന്ന സര്‍ക്കാര്‍ ആരോഗ്യപരിപാലനം ഏറ്റവും പ്രാധാന്യമുള്ളതാണെന്ന് തീര്‍ച്ചപ്പെടുത്തുകയും അതിനനുസരിച്ച് ഒരു നയം കൊണ്ടുവരികയും ചെയ്തു . ആരോഗ്യമേഖലയുടെ ദേശസാത്ക്കരണം നടപ്പിലാക്കിയിട്ടുള്ള രാജ്യമാണ് ക്യൂബ. ആരോഗ്യപരിപാലനത്തിന്റെ സാമ്പത്തികവും ഭരണപരവുമായ എല്ല്ലാ ഉത്തരവാദിത്വങ്ങളും സര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുകയാണ് ഇവിടെ. പ്രതിരോധ ചികിത്സ, ആശുപത്രികളില്‍ കിടക്കുന്നവര്‍ക്കുള്ള പരിശോധന, ചികിത്സ എന്നിവയൊക്കെ സൌജന്യമാണ്. അമേരിക്കന്‍ ഉപരോധത്തെത്തുടര്‍ന്ന് കടുത്ത പ്രതിസന്ധിയിലാണെങ്കിലും ആരോഗ്യപരിപാലനം മുഖ്യ അജണ്ട തന്നെയാണ്. രോഗി-ഡോക്ടര്‍ അനുപാതത്തിന്റെയും(170-1), ശിശു മരണനിരക്കിന്റേയും, ഒക്കെ കാര്യത്തില്‍ പടിഞ്ഞാറന്‍ യൂറോപ്യന്‍ രാജ്യങ്ങളോടും അമേരിക്കയോടും ഒപ്പം നില്ക്കുന്ന രാജ്യമാണിത്. 2006ല്‍ ബിബിസി ലോകത്തിലെ ഏറ്റവും മികച്ച പൊതുസേവന മേഖലയായി തിരഞ്ഞെടുത്തത് ക്യൂബന്‍ ആരോഗ്യരംഗത്തെയാണ്.

ബ്രിട്ടനിലെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസ് ലോകത്തിലെ ഏറ്റവും മികച ആരോഗ്യപരിപാലന സംവിധാനങ്ങളിലൊന്നാണ്. ആരോഗ്യപരിപാലനം എന്നത് ഓരോ പൌരന്റേയും അവകാശമാണെന്നും, സാമ്പത്തിക സ്ഥിതി നോക്കാതെ ഓരോരുത്തര്‍ക്കും അവര്‍ക്കാവശ്യമായ ചികിത്സ ലഭിക്കുവാന്‍ അര്‍ഹതയുണ്ടെന്നും ഇതിന്റെ മുഖ്യ മുദ്രാവാക്യങ്ങളിലൊന്നാണ്. കാനഡയിലേയും സ്ഥിതി വ്യത്യസ്തമല്ല. കനേഡിയന്‍ ഹെല്‍ത്ത് ആക്ട് സാമൂഹിക പ്രതിബദ്ധതയുള്ള ഒരു ആരോഗ്യപരിപാലന സംവിധാനത്തിന് ഊന്നല്‍ നല്‍കുന്നു. പൊതു ഫണ്ടില്‍നിന്നും പണം ചിലവഴിക്കുന്ന ഇന്‍ഷുറന്‍സ് പദ്ധതികളിലൂടെ (Socialised Insurance Schemes) എല്ലാവര്‍ക്കും ആരോഗ്യപരിപാലനം ഇത് ഉറപ്പുവരുത്തുന്നു. 2001ല്‍ ആരോഗ്യപാലനത്തിനായി ചിലവഴിച്ചത് 100 ബില്ല്യണ്‍ ഡോളറാണ്. ജി.ഡി.പി യുടെ 9.5 ശതമാനം ഈ രംഗത്ത് ചിലവഴിക്കുന്നുണ്ട്. സ്വകാര്യ ചികിത്സാ സംവിധാനങ്ങളാണ് ഉത്തമം എന്ന് വാദിക്കുന്നവര്‍, ക്യൂബയിലേയും കാനഡയിലേയും ബ്രിട്ടനിലേയുമൊക്കെ സംവിധാനങ്ങള്‍ക്കെതിരെ ഉയര്‍ത്തുന്ന പ്രധാന വാദം, ചികിത്സ ലഭിക്കുവാന്‍ കാലതാമസം നേരിടുന്നു എന്നതാണ്.

ഇനി നമുക്ക് നമ്മുടെ കൊച്ചു കേരളത്തിലേക്ക് വരാം.

സാമ്പത്തിക പരാധീനതകള്‍ക്കിടയിലും ആരോഗ്യ രംഗത്ത് കേരളം കൈവരിച്ചിട്ടുള്ള പുരോഗതി വികസിത രാഷ്ട്രങ്ങളോടു താരതമ്യം ചെയ്യാവുന്നതാണ്. പ്രതിവര്‍ഷം ഒരാള്‍ക്ക് വെറും 10 ഡോളറിനു തുല്യമായ തുക ചിലവഴിച്ചിട്ടാണ് (അമേരിക്ക ചിലവഴിക്കുന്നത് പ്രതിവര്‍ഷം ഒരാള്‍ക്ക് 3500 ഡോളര്‍) ഈ നേട്ടം എന്നത് എടുത്തുപറയേണ്ടതുണ്ട്. ഇല്ലാത്തവനോട് ആഭിമുഖ്യം പുലര്‍ത്തുന്ന രാഷ്ട്രീയ കാലാവസ്ഥ, സാമൂഹിക പരിഷ്കരണങ്ങളുടേതായ ചരിത്രം, ഉയര്‍ന്ന സാക്ഷരത; പ്രത്യേകിച്ച് സ്ത്രീ സാക്ഷരത, കാര്‍ഷിക പരിഷ്കരണം, നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന പൊതു വിതരണ സമ്പ്രദായം, പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍, ഗ്രാമ-നഗര വ്യത്യാസമില്ലാതെ ഏതാണ്ട് തുല്യമായി ലഭിക്കുന്ന ചികിത്സാസൌകര്യങ്ങള്‍ ഇവയൊക്കെ ‘കേരള മോഡല്‍” എന്നു വിളിക്കപ്പെടുന്ന ഈ മുന്നേറ്റത്തിനുള്ള കാരണങ്ങളാണ്. എങ്കിലും ഈ രംഗത്ത് നാം പുറകോട്ട് പോയിക്കൊണ്ടിരിക്കുകയാണെന്നു പറയേണ്ടി വരും.

ആരോഗ്യ പരിപാലനം എന്നത് അവകാശമാണെന്നത് മാറി, അത് അങ്ങാടിയില്‍ നിന്നും വിലകൊടുത്തു വാങ്ങേണ്ട ഒരു ചരക്ക് ആയി മാറിക്കൊണ്ടിരിക്കുകയാണ്. പ്രാഥമികാരോഗ്യകേന്ദ്രങ്ങളുടേയും, സര്‍ക്കാര്‍ ആശുപത്രികളുടേയും മെഡിക്കല്‍ കോളേജുകളുടേയുമൊക്കെ സ്ഥിതി മെച്ചപ്പെടുത്തുന്നതിനുള്ള പരിശ്രമത്തിനു പകരം, പുത്തന്‍ സാമ്പത്തിക നയങ്ങളുടെ ചുവടു പിടിച്ച് സര്‍ക്കാരുകള്‍ കമ്പോളശക്തികള്‍ക്കായി ഈ രംഗത്ത് നിന്നും പിന്മാറുകയാണെങ്കില്‍ വര്‍ഷങ്ങള്‍ കൊണ്ട് നാം നേടിയെടുത്തതെല്ലാം ഇല്ലാതാവില്ലേ?

അവലംബം: Zmag ല്‍ അഡ്രിയാന്‍ അപ്പേല്‍ എഴുതിയ ലേഖനം

ഡോ.ഇക്‍ബാലിന്റെ ലേഖനം, വിക്കിപീഡിയ

ബ്ലോഗ്ഗിങ്ങിനൊരു പെരുമാറ്റച്ചട്ടം?

  • ന്യൂയോര്‍ക്ക് ടൈംസിലെ സാങ്കേതിക വിഭാഗത്തില്‍ കണ്ട ഒരു വാര്‍ത്തയാണ് ഈ പോസ്റ്റിനാധാരം.

    വിക്കിപീഡിയയുടെ സ്ഥാപകരില്‍ ഒരാളായ ജിമ്മി വെയിത്സും പുസ്തക പ്രസാധകനും web 2.0 ( വിക്കികളും, സാമൂഹിക നെറ്റ്വര്‍ക്കുകളും ഒക്കെ ഉള്‍പ്പെടുന്ന രണ്ടാം തലമുറ വെബ് എന്ന് തല്‍കാലം മനസ്സിലാക്കുക‍) എന്ന പദത്തിന്റെ സ്രഷ്ടാവുമായ ടിം ഓ’ റെയ്‌ലിയും ചേര്‍ന്ന് ബ്ലോഗോസ്പിയര്‍ എന്നറിയപ്പെടുന്ന ബ്ലോഗ് ഉലകത്തിലേക്കായി ഒരു പെരുമാറ്റച്ചട്ടം ഉണ്ടാക്കാനുള്ള ശ്രമത്തിലാണ്. ഇവിടെ നടക്കുന്ന ചര്‍ച്ചകളുടേയും സംവാദങ്ങളുടേയുമൊക്കെ നിലവാരം ഉയര്‍ത്തുവാനും, ഇന്റര്‍നെറ്റും വെബുമൊക്കെ നല്‍കുന്ന അഭിപ്രായസ്വാതന്ത്ര്യം പരിധികള്‍ ലംഘിക്കുന്നതു തടയാനുമൊക്കെയുള്ള ഒരു ശ്രമം എന്ന നിലയ്ക്കാണ് ഈ പെരുമാറ്റച്ചട്ട രൂപീകരണത്തെക്കുറിച്ചുള്ള ആശയ സംവാദത്തിന് തുടക്കം കുറിച്ചിട്ടുള്ളത്.

    ഓ’ റെയ്‌ലിയുടെ സുഹൃത്തും ഹൈ-ടെക് പുസ്തകരചയിതാവുമായ കാത്തി സിയേറായ്ക്ക് ടെക്‍നോളജി ബ്ലോഗ്ഗര്‍മാര്‍ തമ്മില്‍ നടന്ന തര്‍ക്കങ്ങള്‍ക്കിടയില്‍ ലഭിച്ച വധഭീഷണികളാണത്രേ ഇത്തരമൊരു നീക്കത്തിനുള്ള കാരണം. ബ്ലോഗിലെ കമന്റുകളില്‍ നിന്നും നിലവാരം കുറഞ്ഞവയോ, പരുക്കനോ ആയവ നീക്കം ചെയ്യാമോ എന്നതായിരുന്നു ചൂടേറിയ വിഷയം. കാത്തിയുടെ വികൃതമാക്കപ്പെട്ട ചിത്രങ്ങള്‍ ചില സൈറ്റുകളില്‍ വരുകയുമൊക്കെ ചെയ്തതോടെ പോലീസില്‍ പരാതിപ്പെടാനും അവര്‍ തയാറായി. ബ്ലോഗ്ഗിങ്ങ് തന്നെ നിര്‍ത്തിയാലോ എന്ന് അവര്‍ ചിന്തിച്ചത്രേ.

    2007 മാര്‍ച്ച് 31 ല്‍ തന്റെ പോസ്റ്റിലൂടെ ഓ’ റെയ്‌ലിയാണ് ആദ്യമായി ഇത്തരമൊരു നീക്കത്തിനു തുടക്കം കുറിച്ചത്. അദ്ദേഹത്തിന്റെ കരടിന്റെ പരിഷ്കരിച്ച ഒരു രൂപംപൊതുജനാഭിപ്രായത്തിനായി വിക്കിയില്‍ കൊടുത്തിട്ടുണ്ട്. ആ പെരുമാറ്റച്ചട്ടങ്ങളുടെ ഒരു സംക്ഷിപ്ത രൂപം താഴെ കൊടുക്കുന്നു.

    We take responsibility for our own words and reserve the right to restrict comments on our blog that do not conform to basic civility standards

    We won't say anything online that we wouldn't say in person.

    If tensions escalate, we will connect privately before we respond publicly

    When we believe someone is unfairly attacking another, we take action

    We do not allow anonymous comments

    We ignore the trolls

    We encourage blog hosts to enforce more vigorously their terms of service

    ഇത്തരത്തിലുള്ള ഒന്നില്‍കൂടുതല്‍ സെറ്റ് ഓഫ് റൂള്‍സ് ഉണ്ടാക്കാനും ഓരോ സൈറ്റിനും അതിന്റെ സ്വഭാവത്തിനനുസരിച്ച് ഇഷ്ടമുള്ളത് /യോജിച്ചത് തിരഞ്ഞെടുക്കാനും അതിനനുസരിച്ച് ഒരു ലോഗോ സൈറ്റില്‍ ഇടാനുമൊക്കെയാണ് പരിപാടി.

    ഇത്തരമൊരു നീക്കം അനാവശ്യം എന്ന അഭിപ്രായവും പ്രബലമാണ്. ഇത്തരം നിയന്ത്രണങ്ങളൊന്നും കര്‍ശനമായി നടപ്പിലാക്കുക പ്രായോഗികമല്ല എന്നും
    അഭിപ്രായസ്വാതന്ത്ര്യത്തിന്റെ കടക്കല്‍ കത്തിവെയ്ക്കാലാവും അവസാനം ഇത്
    എന്നുമൊരഭിപ്രായമുണ്ട്.

    യാതൊരു നിയന്ത്രണവുമില്ലാത്ത അഭിപ്രായ പ്രകടനങ്ങളും പരദൂഷണങ്ങളും വെബ്ബിനു പുത്തരിയല്ല. ഇവ ഇന്ന് ഏറ്റവും കൂടുതല്‍ നടക്കുന്നത് ബ്ലോഗുകളിലാണ്. സ്ത്രീകളുടെ ബ്ലോഗുകളിലാണ് നിയന്ത്രണമില്ലാത്ത കമന്റടിവീരന്മാര്‍ പരാക്രമം കാണിക്കുന്നത് എന്നും പെരുമാറ്റച്ചട്ടങ്ങള്‍ അവര്‍ക്ക് സഹായകമാകും എന്ന് ചിലര്‍ അഭിപ്രായപ്പെടുന്നു.

    ലോകത്ത് ഇന്ന് 70 ദശലക്ഷം ബ്ലോഗുകള്‍
    ഉണ്ടെന്നും ദിവസേന 1.4 ദശലക്ഷം പൊസ്റ്റുകള്‍ പുതിയതായി ചേര്‍ക്കപ്പെടുന്നുവെന്നും ടെക്‍‍നോറാറ്റിയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നു.

    ഇന്റര്‍നെറ്റിലേയും വെബ്ബിലേയും അഭിപ്രായസ്വാതന്ത്ര്യത്തിന്റെയും സ്വകാര്യതയുടെയും ഒക്കെ സംരക്ഷണത്തിനും, ഉപഭോക്താക്കളുടെ അവകാശങ്ങളുടെ സംരക്ഷണത്തിനും, പകര്‍പ്പവകാശ സംരക്ഷണത്തിനും, ശാക്തീകരണത്തിനുമൊക്കെയായി 1990ല്‍ രൂപം കൊണ്ട ഇലക്‍ട്രോണിക് ഫ്രണ്ടിയര്‍ ഫൌണ്ടേഷന്‍ (Electronic Frontier Foundation) ബ്ലോഗ്ഗര്‍മാര്‍ക്കായി ഒരു നിയമ സഹായിക്ക് രൂപം നല്‍കിയിട്ടുണ്ട്. ബ്ലോഗ്ഗര്‍മാരുടെ നിയമപരമായ ഉത്തരവാദിത്വം , പോസ്റ്റുകളിലെ/കമന്റുകളിലെ അഭിപ്രായങ്ങളുടെ നിയമപരമായ ഉത്തരവാദിത്വം എന്നിവയക്കുറിച്ചെല്ലാം വിശദമാക്കുന്ന ആ മാര്‍ഗദര്‍ശി ഇവിടെ.

ഇ മെയില്‍ അയക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവിടെ

Friday, April 6, 2007

ആഗോളതാപനം പാവങ്ങളുടെ പള്ളയ്ക്കടിക്കും

ആഗോളതാപനത്തെത്തുടര്‍ന്നുണ്ടാകുന്നം കാലാവസ്ഥാ വ്യതിയാനം ദരിദ്രരില്‍
ദരിദ്രരെയായിരിക്കും ഏറ്റവും കൂടുതല്‍ ബാധിക്കുകയെന്ന്‌ അന്താരാഷ്ട്ര പാരിസ്ഥിതിക വിദഗ്ദരടങ്ങുന്ന ഇന്റര്‍ ഗവണ്മന്റല്‍ പാനല്‍ ഫോര്‍ ക്ലൈമെറ്റ് ചെയ്ന്‍‌ചിന്റെ (Intergovernmental Panel on Climate Change) പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

“വികസിത രാജ്യങ്ങളിലേതുള്‍പ്പെടെയുള്ള ദരിദ്രനാരായണന്മാരായിരിക്കും കാലാവസ്ഥാ വ്യതിയാനത്തിന്റെ ദൂഷ്യഫലങ്ങള്‍ ഏറ്റവും അനുഭവിക്കുക” IPCC ചെയര്‍മാന്‍ ശ്രീ. രാജേന്ദ്ര പചോറി അഭിപ്രായപ്പെട്ടു.

റിപ്പോര്‍ട്ടിലെ പ്രധാന കണ്ടെത്തലുകള്‍

‍ആഫ്രിക്കയിലെ 75-250 ദശലക്ഷം ജനങ്ങള്‍ 2020 ഓടെ വെള്ളമില്ലാതെ വലയും

കിഴക്ക് തെക്കുകിഴക്ക് ഏഷ്യയില്‍ കാര്‍ഷിക ഉല്‍‌പ്പാദനത്തില്‍ 20% വര്‍ദ്ധനയുണ്ടാവുമെങ്കിലും, മദ്ധ്യേഷ്യയിലും ദക്ഷിണേഷ്യയിലും ഉല്‍‌പ്പാദനം 30% വരെ കുറയും

ജലസേചനത്തിനായി മഴയെ മാത്രം ആശ്രയിക്കുന്ന ആഫ്രിക്കന്‍ രാജ്യങ്ങളിലെ കൃഷിഭൂമിയില്‍ 50% കണ്ട് കുറയും

20-30% മൃഗങ്ങളും വൃക്ഷലതാദികളും ഒന്നോ ഒന്നരയോ ഡിഗ്രി താപവര്‍ദ്ധനയുണ്ടായാല്‍ വംശനാശം നേരിടും

മഞ്ഞുപാളികളുടെ നാശം ജലദൌര്‍ലഭ്യത്തിനിടയാക്കും.

മരണനിരക്കിലും, പകര്‍ച്ചവ്യാധികളുടെ വ്യാപനത്തിലും വര്‍ദ്ധന...

നാലു ഭാഗങ്ങളുള്ള രണ്ടാം ഭാഗമാണിത്. ഇതിന്റെ മൂന്നാംഭാഗം മേയ് മാസത്തിലും അവസാനഭാഗം നവംബര്‍ മാസത്തിലും പുറത്തുവരും.ഒന്നാം ഭാഗം ഫെബ്രുവരിയില്‍ പുറത്തിറങ്ങിയിരുന്നു.

റിപ്പോര്‍ട്ടിന്റെ ഒരു സംക്ഷിപ്തരൂപം ഇവിടെ.

കാലാവസ്ഥാ വ്യതിയാനം - ചില യാഥാര്‍ത്ഥ്യങ്ങള്‍ ഇവിടെ

Thursday, April 5, 2007

ഒരുനാള്‍ അരാഷ്ട്രീയ ബുദ്ധിജീവികള്‍ ചോദ്യം ചെയ്യപ്പെടും


ഗ്വാട്ടിമാലയിലെ വിപ്ലവകാരിയും ഗറില്ല പോരാളിയും കവിയുമായ ഒട്ടോ റെനെ കാസില്ലോ (Otto Rene Castillo) 1936ല്‍ ജനിച്ചു. 1954ല്‍ സി.ഐ.എയുടെ പിന്തുണയോടെ നടന്ന അട്ടിമറിയില്‍ ആര്‍ബെന്‍ ജനാധിപത്യ സര്‍ക്കാര്‍ നിലപതിച്ചപ്പോള്‍ അദ്ദേഹം എല്‍സാല്‍‌വദോറിലേക്ക് ഒളിവില്‍ പൊയി.

ഏകാധിപതിയായ അര്‍മാസ് 1957ല്‍ അന്തരിച്ചപ്പോള്‍ ഒട്ടോ തിരിച്ച് ഗ്വാട്ടിമാലയിലെത്തി. 1959ല്‍ പഠനത്തിനായി ജര്‍മ്മനിയിലേക്ക് പോയ അദ്ദേഹം മാസ്റ്റേഴ്സ് ബിരുദം സമ്പാദിച്ച ശേഷം 1964ല്‍ സ്വന്തം നാട്ടിലേക്ക് തിരിച്ചെത്തി, തൊഴിലാളി പാര്‍ട്ടിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചു. ആ വര്‍ഷം അറസ്റ്റിലായെങ്കിലും രക്ഷപ്പെട്ട് യൂറോപ്പിലേക്ക് ഒളിവില്‍ പോയി. തിരിച്ച് നാട്ടില്‍ വന്ന ശേഷം കിഴക്കന്‍ മലനിരകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന ഗറില്ലാ പോരാളികളുമായി ചേര്‍ന്നു പ്രവര്‍ത്തനം ആരംഭിച്ച അദ്ദേഹം ആശയപ്രചരണത്തിന്റേയും പ്രത്യയശാസ്ത്ര വിദ്യാഭ്യാസത്തിന്റേയും ചുമതലയാണ് നിര്‍വഹിച്ചിരുന്ന‍ത്. 1967ല്‍ അദ്ദേഹത്തേയും, കൂട്ടാളികളായ വിപ്ലവകാരികളേയും ‍ സര്‍ക്കാര്‍ സൈന്യം പിടികൂടുകയും സകാപ ബാരക്കുകളിലെ ക്രൂരമായ ചോദ്യം ചെയ്യലിനും പീഢനങ്ങള്‍ക്കു ശേഷം ജീവനോടെ ചുട്ടുകൊല്ലുകയും ചെയ്തു. (മലയാളം വിക്കിയിലെ കുറച്ചുകൂടി വിശദമായ കുറിപ്പ് ഇവിടെ)

അദ്ദേത്തിന്റെ പ്രശസ്തമായ 'അരാഷ്ട്രീയ ബുദ്ധിജീവികള്‍' എന്ന കവിത താഴെ കൊടുക്കുന്നു. വിവര്‍ത്തനം ചെയ്ത് കൊല്ലാന്‍ താല്പര്യമില്ലാത്തതുകൊണ്ട് ഇംഗ്ലീഷില്‍ത്തന്നെ നല്‍കുന്നു. ക്ഷമിക്കുമല്ലോ...

ഹിന്ദി വിവര്‍ത്തനം ഇവിടെ

One day
the apolitical intellectuals of my country
will be interrogated
by the simplest of our people.

They will be asked
what they did when their nation died out slowly,
like a sweet fire small and alone.

No one will ask them
about their dress,
their long siestas after lunch,
no one will want to know
about their sterile combats
with "the idea of the nothing"
no one will care about their higher financial learning.
They won't be questioned on Greek mythology,
or regarding their self-disgust
when someone within them
begins to die the coward's death.

They'll be asked nothing
about their absurd justifications,
born in the shadow of the total life.

On that day
the simple men will come.
Those who had no place
in the books and poems of the apolitical intellectuals,
but daily delivered their bread and milk,
their tortillas and eggs,
those who drove their cars,
who cared for their dogs and gardens
and worked for them,

and they'll ask:

"What did you do
when the poor suffered,
when tenderness and life burned out of them?"

Apolitical intellectuals of my sweet country,
you will not be able to answer.
A vulture of silence will eat your gut.
Your own misery will pick at your soul.
And you will be mute in your shame.

Tuesday, April 3, 2007

ഒരു കോര്‍പ്പറേറ്റ് ഫലിതം!

പ്രമുഖ ചിന്തകനായ നോം ചോംസ്കി ആംഗ്ലോ-അമേരിക്കന്‍ കോര്‍പ്പറേറ്റ് നിയമത്തിന് അടിസ്ഥാനമായ ഒരു കോടതി വ്യവഹാരത്തെക്കുറിച്ച് രസകരമായ ഒരു വിവരണം തന്റെ ഇന്റര്‍വ്യൂവില്‍ നല്‍കുന്നു.

ഹെന്‍‌ട്രി ഫോര്‍ഡ് തന്റെ തൊഴിലാളികള്‍ക്ക് അന്ന് നിലവിലുണ്ടായിരുന്നതിനേക്കാള്‍ അല്പം കൂടിയ തുക ശമ്പളമായി കൊടുക്കുവാന്‍ തീരുമാനിക്കുകയാണ്. രണ്ട്‌ കാരണങ്ങള്‍ അതിനുണ്ട്. തിയറി പഠിച്ച് സാമ്പത്തിക വിദഗ്ദന്‍ ആയ ആളല്ല അദ്ദേഹം എന്നത്‌ ഒരു കാരണം. മറ്റൊന്ന് താന്‍ തന്റെ തൊഴിലാളികള്‍ക്ക് ആവശ്യത്തിന് വേതനം കൊടുത്തില്ലെങ്കില്‍ മറ്റുള്ള കമ്പനികളും തങ്ങളുടെ തൊഴിലാളികള്‍ക്ക് ആവശ്യത്തിന് വേതനം കൊടുക്കുകയില്ല. അവസാനം തന്റെ ഉല്‍പ്പന്നം വാങ്ങാന്‍ ആരുമുണ്ടാവില്ല എന്ന ചിന്ത.

പക്ഷെ സംഭവം കോടതിയില്‍ എത്തി. 1916 ലൊ മറ്റൊ. ഡോഡ്‌ജ് v/s ഫോര്‍ഡ് എന്ന പേരില്‍ പ്രസിദ്ധമായ ഈ കേസ് ആംഗ്ലോ-അമേരിക്കന്‍ കോര്‍പ്പറേറ്റ് നിയമത്തിന്റെ അടിസ്ഥാനശിലകളിലൊന്നായി.

കേസ് മറ്റൊന്നുമല്ല. തൊഴിലാളികള്‍ക്ക് നിലവിലുള്ളതിനേക്കാള്‍ വേതനം കൊടുക്കുകയും, ആവശ്യത്തില്‍ക്കൂടുതല്‍ മെച്ചപ്പെട്ട കാര്‍ ഉണ്ടാക്കുകയും വഴി ഫോര്‍ഡ് തന്റെ കമ്പനിയുടെ ഷെയര്‍ഹോള്‍ഡേഴ്സിനു ലഭിക്കേണ്ടുന്ന ലാഭത്തില്‍ കുറവുണ്ടാക്കി.

കമ്പനിയിലെ രണ്ടു ഷെയര്‍ ഹോള്‍ഡേഴ്സായ ഡോഡ്‌ജ് സഹോദരന്മാരാണ് കേസ് കൊടുത്തത്.

കേസ് അവര്‍ ജയിച്ചു.

കോടതിയുടെ തീരുമാനം ഇതായിരുന്നു. കമ്പനിയുടെ മാനേജ്മെന്റിന് തങ്ങളുടെ ഷെയര്‍ ഹോള്‍ഡേഴ്സിന് ഏറ്റവും കൂടുതല്‍ ലാഭം ഉണ്ടാക്കിക്കൊടുക്കേണ്ട നിയമപരമായ ബാദ്ധതയുണ്ട്. അതാണവരുടെ ജോലി.

കോര്‍പ്പറേഷനുകള്‍ക്ക് വ്യക്തി എന്ന നിലയിലുള്ള അവകാശങ്ങല്‍ അന്നേ ഉണ്ടായിരുന്നു എന്ന് ചോംസ്കി. ലാഭവും മാര്‍ക്കറ്റ് ഷെയറിലെ വര്‍ദ്ധനയും മാത്രം ലക്ഷ്യമായ ഒരു തരം രോഗാതുര വ്യക്തിത്വങ്ങള്‍! ഇന്നും ലാഭം മാത്രം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്നത് ആംഗ്ലോ അമേരിക്കന്‍ കോര്‍പ്പറെറ്റ് നിയമമനുസരിച്ച് കോര്‍പ്പറേറ്റ് മാനേജ്മെന്റുകളുടെ ബാദ്ധ്യതയാണെന്ന് ചോംസ്കി പറയുന്നു.

ഡോഡ്‌ജ് സഹോദരന്മാര്‍ കേസ് കൊടുത്തതിന്റെ ഉദ്ദേശം എന്തായിരുന്നു?

മറ്റൊന്നുമല്ല...

അവര്‍ക്കൊരു കാര്‍കമ്പനി തുടങ്ങണമായിരുന്നു...

അതാണ് ഡോഡ്‌ജ്, ക്രിസ്‌ലര്‍, ഡൈം‌ലെര്‍-ക്രിസ്‌ലര്‍....അങ്ങനെ പോയ കാര്‍ കമ്പനി

Zmag ലെ മുഴുവന്‍ ഇന്റര്‍വ്യൂ ഇവിടെ

Sunday, April 1, 2007

വിശ്വനാഥന്‍ ആനന്ദിന് ഒന്നാം സ്ഥാനം നിഷേധിക്കപ്പെട്ടു!

പ്രതീക്ഷിച്ചിരുന്നതില്‍ നിന്നും വിരുദ്ധമായി , ഇന്ന്‌ പുറത്തിറങ്ങിയ ഫിഡെയുടെ ലോകചെസ്സ് റേറ്റിങ്ങ് ലിസ്റ്റില്‍ വിശ്വനാഥന്‍ ആനന്ദിന് ഒന്നാം സ്ഥാനം ഇല്ല. ബള്‍ഗേറിയയുടെ വാസലിന്‍ ടൊപലോവ് തന്നെയാണ് 2791 പോയിന്റോടെ പുതിയ ലിസ്റ്റിലും ഒന്നാം സ്ഥാനത്ത്. ആനന്ദ് 2778 പോയിന്റോടെ രണ്ടാം സ്ഥാനത്താണ്. മാര്‍ച്ചില്‍ സമാപിച്ച മൊറേലിയ-ലിനാറസ് ടൂര്‍ണ്ണമെന്റിലെ വിജയത്തോടെ ആനന്ദ് ലോകചെസ്സില്‍ ഒന്നാം സ്ഥാനത്ത് എത്തുമെന്ന് ഉറപ്പിച്ചിരിക്കെയാണ് ഈ തിരിച്ചടി.

സാധാരണ ഗതിയില്‍ ഫെബ്രുവരി 28നുള്ളില്‍ സമാപിക്കുന്ന ടൂര്‍ണ്ണമെന്റുകളാണ് എപ്രില്‍ ലിസ്റ്റില്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുക എങ്കിലും കഴിഞ്ഞ വര്‍ഷങ്ങളിലെല്ലാം തന്നെ മേല്‍പ്പറഞ്ഞ ലിനാറസ് ടൂര്‍ണ്ണമെന്റ് ഏപ്രില്‍ ലിസ്റ്റിനായി കണക്കിലെടുത്തിട്ടുണ്ട്. ഇത് ഫിഡെയുടെ ഇരട്ടത്താപ്പാണെന്ന് ആള്‍ ഇന്ത്യ ചെസ്സ് ഫെഡറേഷന്‍ ട്രഷറര്‍ ഭരത് സിങ്ങ് ചൌഹാന്‍ അഭിപ്രായപ്പെട്ടു. മാര്‍ച്ച് 1 മുതല്‍ 9 വരെ നടന്ന ഏഷ്യന്‍ സിറ്റീസ് ചാമ്പ്യന്‍ഷിപ്പ് ഈ ലിസ്റ്റിനായി കണക്കിലെടുത്തിട്ടുണ്ട്. കഴിഞ്ഞ 15 വര്‍ഷങ്ങളിലും ചെയ്തതുപോലെ ഇത്തവണയും ലിനാറസ് ടൂര്‍ണ്ണമെന്റ് ഏപ്രില്‍ ലിസ്റ്റിനായി കണക്കിലെടുക്കണമെന്ന് ആള്‍ ഇന്ത്യ ചെസ്സ് ഫെഡറേഷന്‍ തങ്ങളുടെ വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ച പ്രസ്ഥാവനയില്‍ പറഞ്ഞു.

എങ്കിലും ഫെഡെ പ്രസിഡന്റ് ബോര്‍ഡ് മെംബര്‍ നിജേല്‍ ഫ്രീമാന്‍ ഫിഡെയുടെ നിലപാടിനെ ന്യായീകരിച്ചു. പൂര്‍ണ്ണമായും നീതിപൂര്‍വ്വം ആയിരിക്കാന്‍ വേണ്ടിയാണ് ലിനാറസ് ടൂര്‍ണ്ണമെന്റ് ഉള്‍പ്പെടുത്താതിരുന്നതെന്നും ലിസ്റ്റിനു ഒരു മാസം മുന്‍പ് അവസാനിച്ച ടൂര്‍ണ്ണമെന്റുകള്‍ മാത്രം ഉള്‍പ്പെടുത്തിയാല്‍ മതിയെന്ന് തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.

വാല്‍ക്കഷണം : പ്രമുഖ ചെസ്സ് വെബ് സൈറ്റായ ചെസ്സ്ബേസിലെ റിപ്പോര്‍ട്ട് അനുസരിച്ച് ഫിഡെ ലിനാറസ് ടൂര്‍ണ്ണമെന്റ് കൂടി ഏപ്രില്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചതായി അറിയുന്നു.

ആനന്ദ് ലോക ഒന്നാം നമ്പര്‍.ഫിഡെ തെറ്റ് തിരുത്തുന്നു

മൊറേലിയ-ലിനാറസ് ടൂര്‍ണ്ണമെന്റുകൂടി ഏപ്രിലിലെ റേറ്റിങ്ങിനായി കണക്കിലെടുക്കാന്‍ ഫിഡെ തീരുമാനിച്ചു. ഫിഡെ റേറ്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ കാസ്ട്രോ അബുന്‍ഡോ അറിയിച്ചതാണ് ഇക്കാര്യം.

വിശ്വനാഥന്‍ ആനന്ദിന് അഭിനന്ദനങ്ങള്‍!