Sunday, July 22, 2007

വരികകള്‍ക്കിടയിലൂടെ മാതൃഭൂമി വായിക്കുമ്പോള്‍

മാതൃഭൂമി പത്രത്തിന്റെ ഒരു സ്ഥിരം വായനക്കാരനാണ് ഞാന്‍.

ഓര്‍മ്മ വെച്ചപ്പോള്‍ മുതല്‍ കണ്ടു തുടങ്ങിയതു കൊണ്ടായിരിക്കണം രാവിലെ അതെടുത്തൊന്ന് മറിച്ചുനോക്കുകയെങ്കിലും ചെയ്തില്ലെങ്കില്‍ ഒരിതാണ്. വര്‍ഷങ്ങളായി വായിക്കുന്നതു കൊണ്ടായിരിക്കണം വെറുതെ മാതൃഭൂമി വായിച്ചാലും അത് വരികള്‍ക്കിടയിലൂടെ ആയിപ്പോകുന്നത്.

സ്ഥിരമായി ഒരേ പത്രം വായിക്കുന്നതിന് അതിന്റേതായ ഗുണവും ദോഷവുമുണ്ട്.

1. നമ്മള്‍ ആ പത്രത്തെ വിശ്വസിച്ചുപോകും.

2. പക്ഷെ, വരികള്‍ക്കിടയിലൂടെ വായിക്കാന്‍ നാം പഠിച്ചുകഴിഞ്ഞാല്‍ തലകുത്തി മറിഞ്ഞാലും ആ പത്രത്തിന് നമ്മെ പറ്റിക്കാന്‍ പറ്റില്ല.

മുകളില്‍ പറഞ്ഞിരിക്കുന്നതില്‍ ഏതാണ് ഗുണം ഏതാണ് ദോഷം എന്നത് നിങ്ങള്‍ വായനക്കാരനാണോ പത്രമുടമയാണോ എന്നതിനെ ആശ്രയിച്ചിരിക്കും.

പറയാന്‍ വന്നത് വിജിലന്‍സ് അന്വേഷണങ്ങളെക്കുറിച്ചുള്ള ചില വാര്‍ത്തകളെക്കുറിച്ചാണ്.

ഈയടുത്ത ദിവസങ്ങളില്‍ കണ്ട രണ്ട് വിജിലന്‍സ് അന്വേഷണ വാര്‍ത്തകള്‍ മാതൃഭൂമി പ്രസിദ്ധീകരിച്ചിരിക്കുന്നത് വായിക്കുന്നതും താരതമ്യം ചെയ്യുന്നതും തികച്ചും രസകരമാണ്.

ആദ്യം രമേഷ് ചെന്നിത്തലക്കെതിരായ അന്വേഷണത്തെക്കുറിച്ചുള്ള ഒരു വാര്‍ത്ത തന്നെ ആയിക്കോട്ടെ. വേണമെങ്കില്‍ മാതൃഭൂമിയുടെ വീക്ഷണം (No pun intended) എന്നും പറയാം.

ജൂലായ് 21 ലെ പത്രത്തിലെ‍ വാര്‍ത്തയാണിത്. ‘വിജിലന്‍സ് അന്വേഷണം നിലനില്‍ക്കില്ല’ എന്ന് തലക്കെട്ടില്‍ത്തന്നെ മാതൃഭൂമി നമ്മെ പഠിപ്പിക്കുകയാണ്. വാര്‍ത്തയിലേക്ക് കടന്നാലുള്ള പദപ്രയോഗങ്ങള്‍ ഒന്നിനൊന്നു മെച്ചം.

1. തൊടുത്തുവിട്ട ആരോപണം -ആരോപണത്തില്‍ കാര്യമൊന്നുമില്ല എന്ന് സൂചന

2. പ്രതിപക്ഷത്തെ കൂച്ചുവിലങ്ങിടാനും, പൊടി തട്ടിയെടുത്ത്, തിടുക്കത്തില്‍ - മുകളില്‍ പറഞ്ഞ സൂചന തന്നെ

3. അന്വേഷണം വഴി മുട്ടുന്ന സ്ഥിതിയിലുമായി - തെളിവൊന്നുമില്ല എന്നര്‍ത്ഥം

4. അന്വേഷണം നിലനില്‍ക്കില്ല -പത്രം വിധിയെഴുതിക്കഴിഞ്ഞു

ഈ സൂചനകളിലൂടെ ചെന്നിത്തലയെ വെള്ള പൂശുന്ന പത്രം, ആ വാര്‍ത്തയില്‍ത്തന്നെ സി.പി.എമ്മിനെതിരെ ഉപയോഗിച്ചിട്ടുള്ള വാക്കുകള്‍ നോക്കാം. ഊഹോപോഹങ്ങള്‍ മാത്രമായ പലതും ഇതിന്റെ കൂട്ടത്തില്‍ പത്രം കയറ്റി വിടുന്നുമുണ്ട്.

1. ആരോപണം സി.പി.എമ്മിനു തന്നെ തലവേദനയാകുന്നു.

2. സജിത്തിന്റെ കുടുംബാംഗങ്ങള്‍ സി.പി.എമ്മിനെതിരെ ആഞ്ഞടിക്കുകയായിരുന്നു.

3. പാര്‍ട്ടി അണികളില്‍ ആശങ്ക നിലനില്‍ക്കുന്നു.

4. പാര്‍ട്ടി അണികളില്‍ എതിര്‍പ്പുണ്ടാക്കി.

5. പാര്‍ട്ടി അണികളെ ഞെട്ടിച്ചിട്ടുണ്ട്.

6. (സി.പി.എം) പ്രാദേശിക നേതൃത്വമാണ് ആദ്യം പ്രതിക്കൂട്ടിലാകുന്നത്

7. പാര്‍ട്ടി അണികളില്‍ വീണ്ടും സജീവ ചര്‍ച്ചാ വിഷയമാവുകയാണ്.

ഈ പ്രയോഗങ്ങളുടെ ഒക്കെ സൂചന എന്താണെന്ന് പ്രത്യേകിച്ച് പറയേണ്ടല്ലോ.

രമേഷ് ചെന്നിത്തലക്കെതിരായ വിജിലന്‍സ് അന്വേഷണത്തെക്കുറിച്ചുള്ള വാര്‍ത്തയാണിതെന്ന് ഒന്നു കൂടി ഓര്‍മ്മിപ്പിക്കട്ടെ. അന്വേഷണം തുടങ്ങുന്നതിനു മുന്‍പ് തന്നെ ചെന്നിത്തല നിരപരാധിയാണെന്ന് വിധിയെഴുതുന്ന പത്രം വാര്‍ത്തയുടെ ഭൂരിഭാഗവും സി.പി.എമ്മിനെതിരെയാണ് ചിലവഴിക്കുന്നത്.

പക്ഷെ, അതിബുദ്ധിമാന്‍ ആപത്തില്‍ച്ചാടും എന്നു പറഞ്ഞതുപോലെയാണ് ഇതിന്റെ സ്ഥിതി. തങ്ങളുടെ നേതാക്കളെക്കുറിച്ച് എന്തെങ്കിലും ചെറിയ വാര്‍ത്ത വന്നാല്‍പ്പോലും ആശങ്കാകുലരാവുകയും, ഞെട്ടുകയും ഒക്കെചെയ്യുന്ന ജാഗരൂകരായ അണികളാണ് സി.പി.എമ്മിനുള്ളതെന്ന് പത്രം അറിയാതെ പറഞ്ഞുതരികയാണ്.

കോണ്‍ഗ്രസ്സ് എന്ന പാര്‍ട്ടിക്ക് അണികളേ ഇല്ലെന്നും അഥവാ ഉണ്ടെങ്കിലും അവര്‍ക്കിതൊന്നും വിഷയമല്ലെന്നും കൂടി പത്രം വായിക്കുമ്പോള്‍ നമുക്ക് തോന്നും.

ഇനി ഇതുകൊണ്ടാണോ മാതൃഭൂമിയെ “ഇടത് ചായ്‌വുള്ള” പത്രം എന്ന്‌ ചിലരെങ്കിലും വിശേഷിപ്പിക്കുന്നത്‌?

അടുത്ത വിജിലന്‍സ് വാര്‍ത്ത ദേശാഭിമാനി മുന്‍ ഡി.ജി.എം വേണുഗോപാലിനെക്കുറിച്ചും, വികസനബോണ്ടിനെക്കുറിച്ചുമാണ്.

ജൂലായ് 22ലെ പത്രത്തില്‍ നിന്ന്. ഇതിലെ ചില പ്രയോഗങ്ങള്‍ നമുക്ക് നോക്കാം

1. വിജിലന്‍സ് ആഴത്തില്‍ അന്വേഷിക്കേണ്ടി വരും -കഴിഞ്ഞ വാര്‍ത്തയിലെപ്പോലെ നിലനില്‍ക്കാത്തതല്ല എന്നു സൂചന.

2. കോഴ’ക്കേസുകള്‍’-ബഹുവചനം ശ്രദ്ധിക്കുക. രശീതി കൊടുത്ത് വാങ്ങിയാല്‍പ്പോലും കോഴയാകുന്നു.

തുടര്‍ന്ന് വിജിലന്‍സ് എന്തൊക്കെച്ചെയ്യും എന്ന് പറഞ്ഞുതരികയാണ്.

1. ലോക്കല്‍ കമ്മിറ്റി മറ്റ് ഭാരവാഹികളേയും ചോദ്യം ചെയ്യും.

2. സംസ്ഥാന നേതാക്കളെ ചോദ്യം ചെയ്യേണ്ടി വരും.

3. കൊടിയേരി, പിണറായി, ജയരാജന്‍, വേണുഗോപാല്‍ എന്നിവരെ ചോദ്യം ചെയ്യേണ്ടി വരും

അത് കൂടാതെ വിജിലന്‍സിന്റെ അന്വേഷണ നടപടിക്രമങ്ങളെക്കുറിച്ച് പഠിപ്പിക്കുന്നുമുണ്ട്. മൊത്തത്തില്‍ എന്തൊക്കെയോ സംഭവിക്കാന്‍ പോകുന്നു എന്ന ഒരു ഇഫക്ട് സൃഷ്ടിക്കുകയാണ്.

മുകളില്‍പ്പറഞ്ഞ രണ്ട് വാര്‍ത്തകളിലും ആരെങ്കിലും കുറ്റക്കാരാണെന്ന് അന്വേഷണത്തില്‍ തെളിയുമോ ഇല്ലയോ എന്നൊന്നും വായനക്കാരനോ പത്രത്തിനോ ഒരു തരത്തിലും പറയാന്‍ കഴിയില്ല. പക്ഷെ, ഒരു പത്രം അത് പറയാതെ പറയാന്‍ നോക്കുമ്പോള്‍ നിഷ്പക്ഷതാ നാട്യത്തിന്റെ മുഖം മൂടിയാണ് അഴിഞ്ഞു വീഴുന്നത്.

കൌതുകത്തിനുവേണ്ടി, രമേഷ് ചെന്നിത്തലക്കെതിരായ വിജിലന്‍സ് അന്വേഷണം വന്ന ദിവസത്തെ മാതൃഭൂമി എടുത്ത് വീണ്ടും മറിച്ചു നോക്കി. പതിവുപോലെ വാര്‍ത്തക്കൊപ്പം തന്നെ ചെന്നിത്തലയുടേയും കോണ്‍ഗ്രസ്സിന്റേയും വീക്ഷണങ്ങളുമുണ്ട്.



കഴിഞ്ഞ കുറേദിവസങ്ങളിലെ മാതൃഭൂമി പത്രമെടുത്ത് പരിശോധിച്ച് കണക്കെടുക്കുകയാണെങ്കില്‍, ആ പത്രം‍ ഗിന്നസ്സ് ബുക്കില്‍ വരാനുള്ള എല്ലാ സാദ്ധ്യതകളും ഉണ്ട്. ഒരു പ്രത്യേക പാര്‍ട്ടിയെക്കുറിച്ച് ഒരു പ്രത്യേക പത്രം ചില പ്രത്യേകതരം വാര്‍ത്തകള്‍ ഏറ്റവും കുറഞ്ഞ കാലയളവിനുള്ളില്‍ ഏറ്റവും കൂടുതല്‍ കൊടുത്തതിന്. :)

സംഭവാമി യുഗേ യുഗേ!!

Wednesday, July 18, 2007

ബാങ്കുകള്‍ പലിശ കണക്കാക്കുന്നതെങ്ങനെ?

നമ്മുടെ ബാങ്ക് അക്കൌണ്ടിലുള്ള‍ നിക്ഷേപത്തിന് എത്ര രൂപയാണ് മാസാമാസം പലിശയായി വരവുവെച്ചിട്ടുള്ളതെന്ന് നമ്മളില്‍ എത്രപേര്‍ക്കറിയാം?

കുറേപ്പേര്‍ക്കെങ്കിലും അറിയാമായിരിക്കും. കുറെപ്പേരെങ്കിലും പാസ്‌ബുക്ക് കൃത്യമായി പരിശോധിക്കുന്നുമുണ്ടാകും.

പക്ഷേ, എങ്ങിനെയാണ് പലിശ കണക്കാക്കുന്നതെന്നും വരവുവെക്കുന്നതെന്നും എത്രപേര്‍ക്കറിയാം?

പലര്‍ക്കും അറിയില്ല എന്നതാണ് വാസ്തവം.

2007 മെയിലെ റിസര്‍വ് ബാങ്ക് ബുള്ളറ്റിന്‍ അനുസരിച്ച് വിവിധ വാണിജ്യ ബാങ്കുകളിലായി 32 കോടി ബാങ്ക് അക്കൌണ്ടുകളാണുള്ളത്. ഇവയിലെല്ലാമായി 4,30,000 കോടി രൂപയുടെ നിക്ഷേപം ഉണ്ട്.

മിക്കവാറും ബാങ്കുകള്‍ പലിശ കണക്കാക്കുന്നത് ഓരോ മാസത്തിലേയും പത്താം തീയതിക്കും മുപ്പത്/ മുപ്പത്തിഒന്ന് തീയതിക്കും ഇടയിലുള്ള ദിവസങ്ങളിലെ ഏറ്റവും കുറഞ്ഞ നിക്ഷേപത്തുകയ്ക്കാണ്.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ വെബ് സൈറ്റ് നോക്കുക.

കണക്കിലെ കളി മനസ്സിലാക്കുവാന്‍ നമുക്കൊരു ഉദാഹരണം പരിശോധിക്കാം.

നിങ്ങളുടെ അക്കൌണ്ടില്‍ ഏപ്രില്‍ പത്തിനു ബാലന്‍സ് ഒന്നുമില്ല എന്നു കരുതുക. പതിനൊന്നാം തീയതി നിങ്ങള്‍ 1,00,000 രൂപ നിക്ഷേപിക്കുന്നു. അതിനുശേഷം മെയ് 31ന് ആ തുക മുഴുവനായും പിന്‍‌വലിക്കുന്നു എന്നും കരുതുക.

അങ്ങിനെയെങ്കില്‍ ഇടയിലുള്ള 51 ദിവസത്തിനു നിങ്ങള്‍ക്ക് എത്ര പലിശ ലഭിക്കും?

ഞെട്ടണ്ട...ഒറ്റപൈസ പോലും ലഭിക്കുകയില്ല. :-(

കാരണം.....

ബാങ്കിന്റെ കണക്കു പ്രകാരം ഏപ്രില്‍ 10നും(ബാലന്‍സ് പൂജ്യം രൂപ ) ഏപ്രില്‍ 30നും(ബാലന്‍സ് ഒരു ലക്ഷം രൂപ) ഇടയിലെ ഏറ്റവും കുറഞ്ഞ ബാലന്‍സ് ഏപ്രില്‍ 10നാണ്. പൂജ്യം രൂപ.

അതുകൊണ്ട് ഏപ്രില്‍ മാസത്തില്‍ നിങ്ങള്‍ക്ക് പലിശ ഇല്ല. ഓക്കെ?

ഇനി മെയ് മാസത്തെ കാര്യമെടുത്താലോ?

മെയ് 10നും ( ബാലന്‍സ് ഒരു ലക്ഷം രൂപ) മെയ് 31നും (ബാലന്‍സ് പൂജ്യം രൂപ) ഇടയിലെ ഏറ്റവും കുറഞ്ഞ നിക്ഷേപം മെയ് 31 നാണ്. അതും പൂജ്യം രൂപ.

അതുകൊണ്ടു മെയ്‌മാസത്തിനും നിങ്ങള്‍ പലിശക്ക് അര്‍ഹനല്ല.

ചുരുക്കത്തില്‍ ഒരു നയാ പൈസ പോലും പലിശ തരാതെ നിങ്ങളുടെ ഒരു ലക്ഷം രൂപ ബാങ്ക് 51 ദിവസം ഉപയോഗിക്കുന്നു. ഈ പലിശരഹിത നിക്ഷേപം പലിശക്ക് കൊടുത്ത് ബാങ്കുകള്‍ തങ്ങളുടെ ലാഭം വര്‍ദ്ധിപ്പിക്കുന്നു. ഒരു പക്ഷെ, ബാങ്കുകളുടെ ലാഭത്തിലെ ഒരു പ്രധാന ഭാഗം ഇതായിരിക്കും.

ഇനി നിങ്ങള്‍ ഒരു മിടുക്കനാണെന്നു കരുതുക.

ഏപ്രില്‍ 11നു പകരം ഏപ്രില്‍ 10നു ഒരു ലക്ഷം രൂപ നിക്ഷേപിക്കുന്നു. എന്നിട്ട് മെയ് 1ന് അത് പിന്‍‌വലിക്കുന്നു.

ഏപ്രില്‍ 10നും ഏപ്രില്‍ 30നും ഇടക്ക് നിങ്ങളുടെ അക്കൌണ്ടിലെ ഏറ്റവും കുറഞ്ഞ നിക്ഷേപം 1 ലക്ഷം രൂപ.

ബാങ്കിന്റെ കണക്കനുസരിച്ച് നിങ്ങള്‍ ഒരു ലക്ഷം രൂപയുടെ പലിശക്ക് അര്‍ഹനാണ്

അതായത് 20 ദിവസം അക്കൌണ്ടില്‍ ഒരു ലക്ഷം രൂപ നില നിര്‍ത്തിയതിനു നിങ്ങള്‍ക്ക് മുഴുവന്‍ മാസത്തിനും പലിശ ലഭിക്കുന്നു.

കൃത്യമായി പറഞ്ഞാല്‍, 3.5% പലിശയുള്ള സേവിങ്ങ്സ് ബാങ്ക് അക്കൌണ്ടിനു നിങ്ങള്‍ക്ക് 5.425% പലിശ ലഭിക്കുന്നു.

സാങ്കേതിക വിദ്യ ഇത്രയും പുരോഗമിച്ചിട്ടുള്ള ഇക്കാലത്തും ഈ പഴഞ്ചന്‍ പലിശകണക്കാക്കല്‍ സമ്പ്രദായം തുടരണോ എന്ന ചോദ്യം ഉയരുന്നുണ്ട്. ബാങ്കുകള്‍ക്ക് ഇത് സൌകര്യപ്രദവും(ലാഭകരവും :) ) ആണെങ്കിലും നിക്ഷേപകര്‍ക്ക് നഷ്ടം തന്നെയാണ്.

അപ്പോ...ഏറ്റവും കൂടുതല്‍ പലിശ ലഭിക്കുവാന്‍ എന്തു ചെയ്യണം?

ഓരോ മാസത്തിലേയും പത്താം തീയതിക്കും അവസാന തീയതിക്കും ഇടയില്‍ നിക്ഷേപം പൂര്‍ണ്ണമായി നിലനിര്‍ത്തുക. പണം പിന്‍‌വലിക്കുന്നത് മാ‍സത്തിലെ അവസാന ദിവസത്തിനുശേഷം മാത്രം ചെയ്യുക.

പിന്നെ, ആവശ്യത്തിനുള്ള പണം മാത്രം സേവിങ്ങ്സ് ബാങ്കില്‍ നിലനിര്‍ത്തി ബാക്കിയൊക്കെ ഉയര്‍ന്ന പലിശ ലഭിക്കുന്ന സ്ഥിര നിക്ഷേപങ്ങളിലേക്ക് മാറ്റുക... :)

കൂടുതല്‍ വായനയ്ക്ക്

അവലംബം: ഒരു റീഡിഫ് ഡോട്ട് കോം ലേഖനം

Sunday, July 8, 2007

ആഗോള സമാധാന സൂചിക

സമാധാനത്തെക്കുറിച്ച് കണക്കെടുക്കുകയും ഒരു സൂചിക തയ്യാറാക്കുകയും ചെയ്താല്‍ ഇന്ത്യ എവിടെ നില്‍‌ക്കും?

പാകിസ്ഥാന്‍? അമേരിക്ക? യു.കെ? ഇറാഖ്?

വിഷന്‍ ഓഫ് ഹ്യുമാനിറ്റി എന്ന സൈറ്റില്‍ ഇത്തരത്തിലുള്ള ഒരു സൂചിക കണ്ടു.

ലോകത്തിലെ 121 രാജ്യങ്ങളെ ആഭ്യന്തരവും വൈദേശികവുമായ സംഘര്‍ഷങ്ങള്‍, സാമൂഹ്യ രക്ഷയും സുരക്ഷിതത്വവും, സൈനികവത്കരണം എന്നീ വിഭാഗങ്ങളിലായുള്ള 24 സൂചകങ്ങളുടെ അടിസ്ഥാനത്തില്‍ വിലയിരുത്തിയിരിക്കുന്നു. രാജ്യത്തിനകത്തെ സമാധാനത്തിനു 60 ശതമാനവും പുറത്തുള്ളവരുമായുള്ള പ്രശ്നങ്ങള്‍ക്ക് 40 ശതമാനവും വെയിറ്റേജ് നല്‍കിക്കൊണ്ടുള്ള ഒരു സൂചിക.

ദി എക്കണോമിക് ഇന്റലിജന്‍സ് യൂണിറ്റ്, അന്തര്‍ദേശീയതലത്തിലെ വിദഗ്ദര്‍ അടങ്ങുന്ന ഒരു സംഘത്തിന്റെ സഹായത്തോടെ 2004-06 വര്‍ഷങ്ങളിലെ ഡാറ്റ ഉപയോഗിച്ചാണിത് തയ്യാറാക്കിയിരിക്കുന്നത്. ഈ സൂചിക തയ്യാറാക്കിയതിന്റെ മെത്തഡോളജി ഇവിടെ.

സമാധാനവും സുസ്ഥിരതയും ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ മനുഷ്യവര്‍ഗത്തിന്റെ അതിജീവനത്തിന്റെ മൂലക്കല്ലുകളാണെന്നും, കാലാവസ്ഥാ വ്യതിയാനം, നഷ്ടപ്പെടുന്ന ജൈവവൈവിധ്യം, ജനസംഖ്യാപ്പെരുപ്പം എന്നിവയൊക്കെ ഈ നൂറ്റാണ്ടിന്റെ വെല്ലുവിളികളാണെന്നും ഇവര്‍ അഭിപ്രായപ്പെടുന്നു.

ഈ സൂചികയനുസരിച്ച് സമാധാനത്തിന്റെ കാര്യത്തില്‍ ഒന്നാം സ്ഥാനത്ത് വരുന്നത് നോര്‍വേയാണ്.

ന്യൂസിലാന്റ്, ഡെന്മാര്‍ക്ക്, അയര്‍ലന്റ്, ജപ്പാന്‍, ഫിന്‍‌ലണ്ട്, സ്വീഡന്‍, കാനഡ, പോര്‍ചുഗല്‍, ആസ്ത്രിയ എന്നീ രാജ്യങ്ങള്‍ രണ്ടു മുതല്‍ പത്തു വരെ സ്ഥാനങ്ങളില്‍.

സ്വാഭാവികമായും നമ്മള്‍ എവിടെ എന്ന ചോദ്യം ഉണ്ടാകും.

കുഴപ്പമൊന്നുമില്ല. ഫുട്ബോളിനേക്കാള്‍ മെച്ചമാണ്. :)

ഇന്ത്യ നൂറ്റിഒന്‍പതാം സ്ഥാനത്ത് നില്‍ക്കുന്നു.

പാകിസ്ഥാന്‍ നൂറ്റിപ്പതിനഞ്ചിലും.

അമേരിക്ക, കൂട്ടാളിയായ യു.കെ എന്നിവര്‍ യഥാക്രമം തൊണ്ണൂറ്റിയാറാം സ്ഥാനത്തും സ്ഥാനത്തും നാല്പത്തി ഒന്‍പതാം സ്ഥാനത്തും ഉണ്ട്.

ഏറ്റവും താഴെ ആര് എന്ന ചോദ്യം വളരെ സ്വാഭാവികം. But no marks for intelligent guesses..

ഇറാഖ് എന്നുത്തരം.

ഈ സൂചികയെക്കുറിച്ചും സൈറ്റിനെക്കുറിച്ചും സംസാരിച്ചപ്പോള്‍ ഒരു സുഹൃത്തിനു തോന്നിയ സംശയം ഇതായിരുന്നു.

ഇറാഖിലെ നിയമ വിരുദ്ധ അധിനിവേശത്തിനു ശേഷവും, മറ്റു രാജ്യങ്ങളെ ഭീഷണിപ്പെടുത്തുന്ന അന്താരാഷ്ട്ര പോലീസിന്റെ റോള്‍ തുടരുന്നതിനിടയിലും അമേരിക്കക്ക് എങ്ങിനെ തൊണ്ണൂറ്റിയാറാം സ്ഥാനം കിട്ടി?

ഇന്ത്യ എങ്ങിനെ അവര്‍ക്ക് താഴെയായി?

നിയമവിരുദ്ധ അധിനിവേശത്തിനും കൊള്ളക്കുമൊക്കെ ഇരയായ, ഇരയായിക്കൊണ്ടിരിക്കുന്ന ഇറാഖിനു നല്‍കിയ അവസാന സ്ഥാനം ന്യായീകരിക്കത്തക്കതോ?

ചോദ്യങ്ങള്‍ പ്രസക്തം. അല്ലേ?

Tuesday, July 3, 2007

മംഗളം കുളമാക്കിയ നീന്തല്‍ക്കുളം

സി.പി.എം കേന്ദ്രകമ്മിറ്റി അംഗം ശ്രീ. ഇ.പി.ജയരാജനു നീന്തല്‍ക്കുളമുണ്ടോ ഇല്ലയോ എന്നും അതിനു 10 ലക്ഷം രൂപ ചിലവായോ എന്നും കഴിഞ്ഞ ജൂണ്‍ 18 മുതല്‍ ഇക്കഴിഞ്ഞ ജൂലായ് 1 വരെ മംഗളം വായനക്കാരോട് ചോദിച്ചാല്‍ എല്ലാവരും ഒറ്റ സ്വരത്തില്‍ ഉത്തരം പറഞ്ഞേനേ..

ഉണ്ടേ ഉണ്ടേ..ഞങ്ങള്‍ വായിച്ചേ..

കാരണം ജൂണ്‍ 18ലെ മംഗളത്തിലെ വാര്‍ത്ത ഇതായിരുന്നു.


ഇ.പി.ജയരാജന്റെ നീന്തല്‍ക്കുളം പാര്‍ട്ടിയെ വെള്ളം കുടിപ്പിക്കുന്നു.

സി.പി.എം കേന്ദ്രക്കമ്മറ്റി അംഗത്തിന്റെ വീട്ടില്‍ ലക്ഷങ്ങള്‍ മുടക്കി നീന്തല്‍ക്കുളം നിര്‍മ്മിച്ചത് പാര്‍ട്ടിയില്‍ വിവാദമാകുന്നു.

ശ്രീ. ജയരാജന്‍ പാപ്പിനിശ്ശേരിയിലെ തന്റെ വീട്ടില്‍ 10 ലക്ഷം രൂപ മുടക്കി നീന്തല്‍ക്കുളം നിര്‍മ്മിച്ചുവെന്നും അത് അവിടത്തെ ബ്രാഞ്ച് ലോക്കല്‍ കമ്മിറ്റികളില്‍ അത് വിവാദമാകുന്നു എന്നും റിപ്പോര്‍ട്ട് ചെയ്തു മംഗളം.

അദ്ദേഹത്തെക്കുറിച്ചുള്ള മറ്റ് ആരോപണങ്ങളും അതിന്റെ കൂടെ നിരത്താന്‍ അവര്‍ മറന്നില്ല.വസ്തുതകള്‍ മനസ്സിലാക്കിയാണോ വാര്‍ത്ത കൊടുത്തത് എന്ന് പത്രത്തിനു മാത്രമേ അറിയൂ.

സ്വാഭാവികമായും തന്റെ വീട്ടുമുറ്റത്ത് കുളമില്ല, 10 ലക്ഷം രൂപ ചിലവാക്കിയിട്ടില്ല എന്നറിയാവുന്ന ജയരാജന്‍ അപകീര്‍ത്തികരമായ ഈ വാര്‍ത്തക്കെതിരെ, ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്തതുപോലെ മംഗളത്തിനു വക്കീല്‍ നോട്ടീസ് അയച്ചുവത്രേ.

രണ്ടാഴ്ചയോളം മിണ്ടാതിരുന്ന മംഗളം ഈ ജൂലായ് ഒന്നിനു ഒന്നാം പേജില്‍ പ്രാമുഖ്യത്തോടെ തിരുത്തും ഖേദപ്രകടനവും കൊടുത്തിരിക്കുന്നു.


കുളം ജയരാജന്റേതല്ല ഭാര്യാസഹോദരന്റേത്.

അവിടങ്ങളിലെ ബ്രാഞ്ച് ലോക്കല്‍ കമ്മിറ്റികളിലെ ചൂടുപിടിച്ച ചര്‍ച്ചയാണത്രെ മംഗളം വാര്‍ത്തക്ക് അടിസ്ഥാനമായത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കുളം വീട്ടുമുറ്റത്തല്ലെന്നും വാര്‍ത്തയില്‍ പറയുന്നത്ര തുക ചിലവായിട്ടില്ലെന്നും ബോധ്യമായത്രേ മംഗളത്തിന്.

(6000 പുതിയ കല്ല് ഉപയോഗിച്ച് പഴയ ഒരു കുളം പുതുക്കിപ്പണിയുകയായിരുന്നു. ഭാര്യാസഹോദരന്റെയാണ് കുളം. നികത്തിയിരുന്നെങ്കില്‍ മറ്റൊരു വിവാദമാകുമായിരുന്നത് ഒഴിവാക്കുകയായിരുന്നു പുതുക്കിപ്പണിയുക വഴി. ഇതും മംഗളം പറയുന്നതാണ്. പാര്‍ട്ടി വൃത്തങ്ങള്‍ അങ്ങിനെ പറഞ്ഞുവത്രെ)

വീട്ടുമുറ്റത്ത് എന്ന പരാമര്‍ശം വന്നതില്‍ ജയരാജന് എന്തെങ്കിലും തരത്തിലുള്ള മാനഹാനി ഉണ്ടായിട്ടുണ്ടെങ്കില്‍ തങ്ങള്‍ ഖേദിക്കുന്നു എന്നും മംഗളം പറയുന്നു.

അത്രയും നല്ലത്. എങ്കിലും ഇത് വായിക്കുമ്പോള്‍ മനസ്സില്‍ വരുന്ന ചോദ്യം ഉണ്ട്.

ഈ തുടര്‍ന്ന് നടത്തുന്ന അന്വേഷണങ്ങള്‍ വാര്‍ത്ത കൊടുക്കുമ്പോള്‍ത്തന്നെ പത്രങ്ങള്‍ നടത്താത്തതെന്തുകൊണ്ടാണ്?

ആരെക്കുറിച്ചും എന്തും കൊടുക്കും. നിങ്ങള്‍ വേണമെങ്കില്‍ തിരുത്തുകൊണ്ടുവാ അതും കൊടുക്കാം എന്നതല്ലെ ഇന്നത്തെ രീതി.

ഇക്കഴിഞ്ഞ 2 ആഴ്ച ജയരാജനു നേരിട്ട മാനഹാനിക്ക് ഈ തിരുത്ത് സമാധാനമാകുമോ?

ടെലിക്കോമില്‍ സംഭവിക്കുന്നത്

“ഹലോ”
“രാമേട്ടനല്ലേ...എന്തൊക്കെയുണ്ട്‌ വിശേഷങ്ങള്‍ ? ചേച്ചിയില്ലേ അവിടെ? ഒന്നു കൊടുക്കുമോ? ഹലോ..
ചേച്ചിയണോ? ...ച്ചേ...കട്ടായി..ഈ ബി.എസ്.എന്‍.എല്ലിന്റെ ഒരു കാര്യം, വീണ്ടും വിളിക്കണം”.

മറ്റു ചിലപ്പോഴോ

“ഹലോ”
നിങ്ങള്‍ വിളിക്കുന്ന സബ്‌സ്ക്രൈബര്‍ പരിധിക്കു പുറത്താണ്.ദയവായി അല്പസമയം കഴിഞ്ഞ് വിളിക്കുക

“ഇവളിത് പറയാന്‍ തുടങ്ങിയിട്ട് നേരം കുറെയായല്ലോ..എപ്പോള്‍ വിളിച്ചാലും ഇത് തന്നെ. ഈ ബി.എസ്.എന്‍.എല്ലിന്റെ കാര്യം”

നമ്മളൊക്കെ പലപ്പോഴും ഇത് പോലുള്ള ഡയലോഗ് ആരെങ്കിലുമൊക്കെ പറയുന്നത് കേട്ടുകാണും. നമ്മള്‍ തന്നെ പറഞ്ഞിട്ടുമുണ്ടാകും

ബി..എസ്.എന്‍.എല്‍ മൊബൈല്‍ വിളിച്ചാല്‍ കിട്ടുകയില്ല. കിട്ടിയാലും കട്ടായിപ്പോകും, പീക് ടൈമില്‍ നോക്കുകയേ വേണ്ട എന്നിങ്ങനെയും ...ഈ സര്‍ക്കാര്‍ വക ഒക്കെ ഇങ്ങനെ ആണ് , മൊബൈല്‍ വലിച്ചെറിയണം എന്നൊക്കെ ഏത് സമാധാന പ്രിയനെക്കൊണ്ടും പറയിക്കുന്ന ഒരു അവസ്ഥ...അല്പം കാശ് കൂടുതല്‍ കൊടുത്താലെന്താ ആ മറ്റേക്കമ്പനി എന്ത് നല്ല സേവനമാ നല്‍കുന്നത് എന്നൊക്കെ തോന്നിപ്പിക്കുന്ന അവസ്ഥ...ബി.എസ്.എന്‍.എല്ലിന്റെ സേവനം മോശമാവുക വഴി മറ്റവര്‍ കയറി ഗോളടിക്കുന്ന ഒരു സ്ഥിതിവിശേഷം...

സ്വകാര്യ മൊബൈലിലേക്ക് മാറണം എന്ന് തോന്നുന്നവരെ കുറ്റം പറയാന്‍ പറ്റില്ല..

എങ്കിലും

പുത്തന്‍ സാമ്പത്തിക നയങ്ങളുടേതായ ഈ കാലഘട്ടത്തില്‍ സ്വകാര്യമേഖലക്ക് പ്രാധാന്യം നല്‍കി സര്‍ക്കാരുകള്‍ വിവിധ മേഖലകളില്‍ നിന്നും പിന്‍‌മാറിക്കൊണ്ടിരിക്കെ, എല്ല്ലാം കമ്പോളത്തിന്റെ നിയമങ്ങള്‍ക്ക് വിട്ടുകൊടുക്കപ്പെട്ടു കൊണ്ടിരിക്കെ സ്വകാര്യ സേവനദാതാക്കള്‍ക്ക് അനുകൂലമായ ഒരു അന്തരീക്ഷം ബോധപൂര്‍വം സൃഷ്ടിക്കപ്പെട്ടുകൊണ്ടിരിക്കുകയാണോ എന്ന് ദോഷൈകദൃക്കുകള്‍ സംശയിച്ചാല്‍ അവരെ കുറ്റം പറയാമോ?

അതും പറ്റില്ല എന്നാണ് ടെലികോം മേഖലയില്‍ നിന്നുള്ള വാര്‍ത്തകളും വിശകലനങ്ങളും സൂചിപ്പിക്കുന്നത്..

ഇക്കഴിഞ്ഞ ജൂണ്‍ 25 മുതല്‍ 29 വരെ ബി.എസ്.എന്‍.എല്ലിലെ തൊഴിലാളികളും എക്സിക്യൂട്ടീവുകളും രാജ്യവ്യാപകമായി പ്രതിഷേധ സമരത്തിലായിരുന്നു..ശമ്പളക്കൂടുതലോ മറ്റ് ആനുകൂല്യങ്ങളോ അല്ലായിരുന്നു വിഷയം...

ബി.എസ്.എന്‍.എല്ലിനെ തകര്‍ക്കാന്‍ സര്‍ക്കാര്‍ കൂട്ടുനില്‍ക്കരുത് എന്നതായിരുന്നു അവരുടെ ആവശ്യം..

ഇന്ന് ബി.എസ്.എന്‍.എല്‍ എത്തിപ്പെട്ടിരിക്കുന്നത് തികച്ചും ഗുരുതരമായ ഒരു അവസ്ഥയിലാണ്. ജി.എസ്.എം വിഭാഗത്തില്‍ രണ്ടാമതായിരുന്ന അവര്‍ ഇന്ന് മൂന്നാം സ്ഥാനത്താണ്. വോഡാഫോണ്‍ എന്ന യു.കെ. കമ്പനി ഈയിടെ ഹച്ച് എസ്സാര്‍ എന്ന സ്വകാര്യ കമ്പനിയുടെ ഷെയറിന്റെ സിംഹഭാഗവും കൈക്കലാക്കുകയുണ്ടായി. അതിനു ശേഷം ഹച്ച് എസ്സാര്‍ 5.4% ശതമാനം വളര്‍ച്ചയോടെ.1.5 ദശലക്ഷം പുതിയ കണക്ഷനുകളുമായി ബി.എസ്.എന്‍.എല്ലിനെ പിന്‍‌തള്ളി രണ്ടാംസ്ഥാനത്തെത്തി. ബി.എസ്.എന്‍.എല്ലിന്റെ വളര്‍ച്ചയാകട്ടെ വെറും 0.24 ദശലക്ഷം പുതിയ കണക്ഷനുകള്‍ മാത്രമായിരുന്നു.കണക്കുകളെ വിശ്വസിക്കാമെങ്കില്‍ മെയ് 2007ല്‍ ജി.എസ്.എം വിഭാഗത്തില്‍ ഹച്ച് എസ്സാറിന് 29.2 ദശലക്ഷം ഉപഭോക്താക്കളും 22.36% മാര്‍ക്കറ്റ് ഷെയറും ഉണ്ട്. ബി.എസ്.എന്‍.എല്ലിന് ഇത് യഥാക്രമം 27.9 ദശലക്ഷവും 21.43 ശതമാനവും ആയിരുന്നു.സി.ഡി.എം.എയും ജി.എസ്.എമ്മും ചേര്‍ത്ത് മൊത്തം കണക്കെടുത്താല്‍ ബി.എസ്.എന്‍.എല്‍ ഇന്ന് രാജ്യത്ത് നാലാമതാണ്. ഭാരതി എയര്‍ടെല്‍(40.7 ദശലക്ഷം ഉപഭോക്താക്കള്‍), റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ്(30.5 ദശലക്ഷം ഉപഭോക്താക്കള്‍) ഹച്ച് എസ്സാര്‍ എന്നിവരാണ് ആദ്യ മൂന്നു സ്ഥാനങ്ങളില്‍.

സത്യത്തില്‍ ഈയൊരു ഭീഷണമായ സംഭവ വികാസം ബി.എസ്.എന്‍.എല്ലിന്റെ നിലനില്പിനെത്തന്നെ മാരകമായി ബാധിച്ചേക്കാം എന്നത് അതിന്റെ യഥാര്‍ത്ഥ ഗൌര്‍വത്തോടുകൂടി വിലയിരുത്തപ്പെടുകയോ വേണ്ട തിരുത്തല്‍ നടപടികള്‍ എടുക്കപ്പെടുകയോ ചെയ്യുന്നുണ്ടോ? ഒരു വര്‍ഷം മുന്‍പെ 45.5 ദശലക്ഷം ജി.എസ്.എം ഉപകരണങ്ങള്‍ വാങ്ങുന്നതിനുള്ള ടെണ്ടറിനു അനുമതി ലഭിച്ചിരുന്നു. എങ്കിലും മോട്ടോറോള കമ്പനി നല്‍കിയ കേസ് ഇതിനു തടസ്സം സൃഷ്ടിച്ചിരുന്നു. രണ്ടു മാസം മുന്‍പേ കമ്പനി കേസ് പിന്‍‌വലിച്ചിട്ടും വാങ്ങാനുള്ള ഓര്‍ഡറുകള്‍ നല്‍കിയില്ല. ഈ കാലതാമസം മറ്റു കമ്പനികള്‍ ശരിക്കും ഉപയോഗിക്കുകയും തങ്ങളുടെ മാര്‍ക്കറ്റ് ഷെയറും ഉപഭോക്താക്കളുടെ എണ്ണവും വര്‍ദ്ധിപ്പിക്കുകയും ചെയ്തു.

ശ്രീ. സീതാറാം യെച്ചൂരി പ്രധാനമന്ത്രി ഡോ.മന്‍‌മോഹന്‍ സിങ്ങിനു എഴുതിയ കത്തില്‍ ഇക്കാര്യം എടുത്ത് ചോദിക്കുകയുണ്ടായി.

2006 ആഗസ്റ്റ് 24 നു രാജ്യസഭയില്‍ സീതാറാം യെച്ചൂരി പ്രധാനമന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ത്തന്നെ, കമ്മ്യൂണിക്കേഷന്‍ മന്ത്രിയോട് ഒരു ചോദ്യം ചോദിച്ചിരുന്നു..

ഗവര്‍മ്മെണ്ട് സ്വകാര്യ മൊബൈല്‍ കമ്പനികള്‍ക്കു വേണ്ടി ബി.എസ്.എന്‍.എല്ലിന്റെ പ്രവര്‍ത്തനവും സേവനവുമൊക്കെ മന:പൂര്‍വം മന്ദീഭവിപ്പിക്കുകയാണോ?

ഇതിനു തികച്ചും അഹന്ത നിറഞ്ഞ പ്രതികരണമാണ് മന്ത്രിയില്‍ നിന്നും ഉണ്ടായത്. ഈ ആരോപണവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും അയച്ചുകൊടുത്തിട്ടും ഒരു മറുപടിയും ലഭിച്ചില്ല എന്ന് യെച്ചൂരി പറയുന്നു.

എല്ലാം കൂടി ചേര്‍ത്ത് വായിക്കുമ്പോള്‍ എവിടെയൊക്കെയോ എന്തൊക്കെയോ ചീഞ്ഞുനാറുന്നുണ്ട് എന്ന് പറയേണ്ടി വരും...