Sunday, October 28, 2007

ഇമെയില്‍ അയക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഇ മെയില്‍ എന്നത് ഒരു പ്രധാന ആശയ വിനിമയോപാധി ആയിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് മെയില്‍ അയക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഇവിടെ കുറിക്കുന്നു.

1. എല്ലാം കാപിറ്റല്‍ ലെറ്ററില്‍ ടൈപ്പ് ചെയ്യുന്നത് ഒഴിവാക്കുക. അങ്ങനെ ചെയ്യുന്നത് അലറുകയോ നിലവിളിക്കുകയോ ചെയ്യുന്നതായാണ് കണക്കാക്കപ്പെടുക. എല്ലാം ചെറിയ അക്ഷരങ്ങള്‍ ആക്കുന്നതും അത്ര ശരിയല്ല. അമിത വിനീതത്വം എന്നൊരു കുഴപ്പം അതിനുള്ളതായി കേട്ടിട്ടുണ്ട്.

2. വിഷയം എഴുതുന്ന സ്ഥലം ശൂന്യമായി ഇടാതിരിക്കുക. കത്തിലെ വിഷയവുമായി ബന്ധപ്പെട്ട എന്തെങ്കിലും പദം നല്‍കുക. പിന്നീട് തിരയേണ്ടി വരുമ്പോള്‍ ഇത് സംഗതി എളുപ്പമാക്കും. അക്ഷരത്തെറ്റുകള്‍ ഒഴിവാക്കുവാന്‍ സ്പെല്‍‌ചെക്ക് ശീലമാക്കുക.

3. കളറുകളും ബാക്ക് ഗ്രൌണ്ടുമൊക്കെ നല്‍കി ഫോര്‍മാറ്റ് ചെയ്ത് ഭംഗി വരുത്തുന്നത് ദൈനംദിന മെയില്‍ സന്ദേശങ്ങളില്‍ ഒഴിവാക്കുക. മെയിലിന്റെ വലിപ്പം കൂടും എന്നതു മാത്രമല്ല, കിട്ടുന്നയാള്‍ ഈ സംവിധാനങ്ങളൊക്കെ disable ചെയ്തിട്ടുണ്ടെങ്കില്‍ നമ്മുടെ പണി വെറുതെ ആകും.

4. കൂടുതല്‍ പേര്‍ക്ക് മെയില്‍ അയക്കുന്നുണ്ടെങ്കില്‍ To ഫീല്‍ഡില്‍ ഒരഡ്രസ് (നിങ്ങളുടേത് തന്നെ ആയാല്‍ അത്രയും നല്ലത്) ബാക്കി എല്ലാം bcc ഫീല്‍ഡില്‍ ഉള്‍പ്പെടുത്തുക. ഇങ്ങനെ ചെയ്യുമ്പോള്‍ ആര്‍ക്കൊക്കെ അയച്ചു എന്നത് മറ്റുള്ളവര്‍ അറിയുകയില്ല. അവരുടെ ഇമെയില്‍ വിലാസങ്ങള്‍ സ്പാമര്‍മാരുടെ കൈകളില്‍ എത്തുന്നതിനുള്ള സാധ്യത ഇല്ലാതാകുകയും ചെയ്യും. മറ്റുള്ളവര്‍ക്കും അയച്ചിട്ടുണ്ട് എന്ന് അറിയിക്കേണ്ട അവസരങ്ങളില്‍ മാത്രം To ഫീല്‍ഡിലോ cc ഫീല്‍ഡിലോ അഡ്രസ്സുകള്‍ ഉള്‍പ്പെടുത്തുക.

5. ചെയിന്‍ ലെറ്ററുകള്‍, അനാവശ്യ ഫോര്‍വേഡുകള്‍ മുതലായവ ഒഴിവാക്കുക. മറ്റുള്ളവരുടെ ഇന്‍‌ബോക്സ് നിറക്കുക വഴി ‍ അവര്‍ക്ക് മറ്റു പ്രധാന മെയിലുകള് ലഭിക്കാതിരിക്കാന്‍ നിങ്ങളുടെ മെയിലുകള്‍ ഇടവരുത്തിയേക്കാം എന്നതാണ് കാരണം. ഒരു പക്ഷെ, അവര്‍ നിങ്ങളയക്കുന്ന മെയില്‍ ഒരു പത്തു തവണയെങ്കിലും കണ്ടതായിരിക്കും.

6. സൈറ്റുകളില്‍ നിന്നോ സ്ഥാപനങ്ങളില്‍ നിന്നോ വിവരങ്ങള്‍ ആരാഞ്ഞുകൊണ്ട് മെയില്‍ അയക്കുന്നതിനു മുന്‍പായി അവരുടെ സൈറ്റിലെ Frequently Asked Questions/Help വിഭാഗങ്ങള്‍ പരിശോധിക്കുക. നിങ്ങള്‍ക്കാവശ്യമുള്ള വിവരങ്ങള്‍ അവിടെ കണ്ടേക്കും.

7. എല്ലാ മെയിലിലും Return Receipt Request (മെയില്‍ എപ്പോള്‍ തുറന്നു എന്നറിയാനുള്ള സംവിധാനം) ഉള്‍പ്പെടുത്തുന്ന ശീലം ഉണ്ടെങ്കില്‍ ഒഴിവാക്കുക. പ്രൈവസിയെ ബാധിക്കുന്ന ഒന്നായി മെയില്‍ ലഭിക്കുന്നയാള്‍ ഇതിനെ കണ്ടേക്കാം. മാത്രമല്ല നിങ്ങള്‍ ഉള്‍പ്പെടുത്തി എന്നതു കൊണ്ടു മാത്രം എപ്പോള്‍ വായിച്ചു എന്ന വിവരം നിങ്ങള്‍ക്ക് ലഭിക്കണം എന്നില്ല. അത്തരമൊരു വിവരം നല്‍കുന്നത് ഒഴിവാക്കാനുള്ള സംവിധാനം ഔട്ട്‌ലുക്കിലൊക്കെ ഉണ്ട്. ആവശ്യത്തിനു മാത്രം ഇത് ഉപയോഗിക്കുക.

8. മെയിലുകള്‍ക്ക് അധികം വൈകാതെ മറുപടി അയക്കുന്നത് ശീലമാക്കുക. മെയിലും ഒരു സംഭാഷണം തന്നെയാണെന്നും നിങ്ങളുടെ തുടര്‍ച്ചയായ നിശബ്ദത സംഭാഷണം മുറിയാനും അതു വഴി ഒരു പക്ഷെ സൌഹൃദം തന്നെ ഇല്ലാതാകുന്നതിനോ ഇടയാക്കിയേക്കാം.

9. മെയിലുകള്‍ ഫോര്‍വേഡ് ചെയ്യുമ്പോള്‍ നിങ്ങള്‍ക്ക് ആരില്‍ നിന്നു കിട്ടി എന്ന വിവരങ്ങളൊക്കെ ഡിലിറ്റ് ചെയ്യുക. >,< തുടങ്ങിയ ചിഹ്നങ്ങളൊക്കെ ഒഴിവാക്കി മെയിലിനെ കുട്ടപ്പനാക്കുക.

10. വ്യക്തിപരമായ കത്തുകള്‍ അനുവാദമില്ലാതെ മറ്റാര്‍ക്കെങ്കിലും അയക്കുന്നതും എവിടെയെങ്കിലും പോസ്റ്റ് ചെയ്യുന്നതും തീര്‍ത്തും ഒഴിവാക്കുക.

11. വലിയ ഫയലുകള്‍ അറ്റാച്‌മെന്റ് ആയി അയക്കുന്നതിനു മുന്‍പ് zip ചെയ്തതിനു ശേഷം മാത്രം അയക്കുക.

12. മെയില്‍ എത്രയും സംക്ഷിപ്തമാക്കാമോ അത്രയും ആക്കുക. സമയം വിലയേറിയതല്ലേ...അയക്കുന്നത് സ്വന്തം പേരില്‍ത്തന്നെ ആക്കുക. “സുഹൃത്ത്‘, “കൂട്ടുകാരന്‍“ എന്നിവയൊക്കെ ഇമെയില്‍ അക്കൌണ്ടില്‍ നിങ്ങളുടെ പേരിന്റെ സ്ഥാനത്ത് കൊടുക്കുന്നത് ഒഴിവാക്കുക.

(ഒരു ഇ മെയില്‍ സന്ദേശത്തില്‍ നിന്നും തയ്യാറാക്കിയത്)

ബ്ലോഗിങ്ങുമായി ബന്ധമുള്ള ഒരു പോസ്റ്റ് - ബ്ലോഗിങ്ങിനൊരു പെരുമാറ്റച്ചട്ടം

Saturday, October 6, 2007

മാധ്യമങ്ങള്‍‍ക്കെന്ത് പറ്റി?

രാവിലെ മാതൃഭൂമിയെടുത്ത് മൊത്തത്തിലൊന്ന് ഓടിച്ചു നോക്കിയപ്പോഴേ എന്നിലെ സംശയരോഗിക്ക് എന്തോ ഒരു പന്തികേട് തോന്നി.

എം.എന്‍.വിജയന്‍ മാഷെക്കുറിച്ച് ഒന്നും കാണുന്നില്ല.

ഇത്ര പെട്ടെന്ന് വേണ്ടാതായോ എന്ന സംശയത്തില്‍ അരിച്ചുപെറുക്കിയപ്പോള്‍ ചെറിയ ഒരു വാര്‍ത്ത കണ്ടു. പത്താം പേജില്‍, ഒറ്റക്കോളം.

“ വിജയന്‍ മാഷോട് കാണിച്ചത് ക്രൂരത”. എം. മുകുന്ദന്‍.

അതെന്തു പറ്റി ഒറ്റ വാര്‍ത്ത മാത്രം? പ്രത്യേകിച്ച് സുകുമാര്‍ അഴീക്കോടിന്റെ വാക്കുകള്‍ ചില വിവാദങ്ങളൊക്കെ ഉണ്ടാക്കിയിരിക്കെ. അതിന്റെ ഒരു ഫോളൊ അപ്പ് ഇല്ലാതെ പോയതെന്തേ? വിവാദമുണ്ടാക്കി സര്‍ക്കുലേഷന്‍ കൂട്ടാന്‍ പറ്റിയ അവസരമല്ലേ?

സംശയമായി.

മറ്റു പത്രങ്ങള്‍ എന്തു പറയുന്നു എന്ന് അറിയാനായി അവയുടെ നെറ്റ് എഡിഷനുകളില്‍ കേറി നോക്കി...

മംഗളത്തില്‍ ഒരു വാര്‍ത്ത. പ്രൊ. സുധീഷ് പറയുന്ന ചില കാര്യങ്ങള്‍. പത്രസമ്മേളനം പൂര്‍ത്തിയാക്കിയിരുന്നുവെങ്കില്‍ വിജയന്‍ മാഷ് എന്തൊക്കെ പറയുമായിരുന്നു എന്ന് സുധീഷ് ഈ വാര്‍ത്തയില്‍ വിശദീകരിക്കുന്നു. അഴീക്കോട് പറഞ്ഞതിനെക്കുറിച്ചെന്തെങ്കിലും വാര്‍ത്ത?ങേഹേ.

മാധ്യമത്തില്‍ ഒരു വാര്‍ത്ത. താന്‍ പത്രപ്രവര്‍ത്തകരെ വിമര്‍ശിച്ചിട്ടില്ലെന്ന് സുകുമാര്‍ അഴിക്കോട്.

മനോരമയില്‍ ഒരു വാര്‍ത്ത. വിജയന്റെ മരണം ഒഴിവാക്കാമായിരുന്നു. മുകുന്ദന്‍.

ദീപികയില്‍ ഒറ്റ വാര്‍ത്ത പോലും ഇല്ല.

കേരളകൌമുദിയില്‍ ഒരു വാര്‍ത്ത . എം.എന്‍.വിജയന്റെ മരണം പത്രപ്രവര്‍ത്തകര്‍ വീഴ്ച വരുത്തിയില്ല എന്ന് സുകുമാര്‍ അഴീക്കോട് പറയുന്നു.

ദേശാഭിമാനിയില്‍ മാത്രം സുകുമാര്‍ അഴീക്കോടിന്റെ പ്രസ്താവനയെക്കുറിച്ചും മറ്റും കവറേജ് ഉണ്ട്. അന്വേഷണം വേണമെന്ന് ബാലചന്ദ്രന്‍ ചുള്ളിക്കാട് പറഞ്ഞതുണ്ട്.

ദേശാഭിമാനി പക്ഷം പിടിക്കുകയാണെന്ന് പറയാം. പാഠംകാരെ തല്ലാന്‍ കിട്ടിയ വടി വെറുതെ കളയണോ എന്നായിരിക്കും.

എങ്കിലും എന്നിലെ സംശയരോഗി വിടുന്നില്ല.

വിവാദമുണ്ടാക്കാനുള്ള വടി വെറുതെ കളഞ്ഞേക്കാം എന്ന് മറ്റു പത്രങ്ങള്‍ കരുതിയതെന്തേ?

നമ്മുടെ ആളുകളല്ലേ അവര്‍ക്കൊരു ദോഷം വന്നാല്‍ നാം തന്നെ വേണ്ടേ കണ്ടില്ല കേട്ടില്ല എന്നു നടിക്കാന്‍ എന്നു വിചാരിച്ചിട്ടായിരിക്കുമോ?

ഇനി അതല്ല, സുകുമാര്‍ അഴീക്കോടിന്റെ പ്രസ്താവനയില്‍ ഒന്നും ഇല്ല എന്നു പൂര്‍ണ്ണമായും ബോദ്ധ്യപ്പെട്ടതുകൊണ്ടായിരിക്കുമോ?

എങ്കില്‍ അവര്‍ക്ക് അതെങ്കിലും പറഞ്ഞ് കൂടെ?

പണ്ടൊരു കാമുകന്‍ പറഞ്ഞത് പോലെ...നിന്റെ മൌനം എന്നെ ഭ്രാന്തനാക്കുന്നു പ്രിയേ...

മുന്‍‌പിന്‍ നോക്കാതെ ഏത് വാര്‍ത്തയും കൊടുക്കുകയും പിന്നീട് ഗതികെട്ടാല്‍ തിരുത്ത് കൊടുക്കുകയും, വിവാദങ്ങളുണ്ടാക്കി ഇഷ്യൂകള്‍ ലൈവായി നിലനിര്‍ത്തുകയുമൊക്കെ ചെയ്തിരുന്ന ഇവര്‍ക്കിതെന്ത് പറ്റി?

ആരെങ്കിലും ഒന്ന്‌ പറഞ്ഞു തന്നിരുന്നെങ്കില്‍....

Wednesday, October 3, 2007

കാസ്പറോവിനും ഒരു വിജയം

വിശ്വനാഥന്‍ ആനന്ദ് ലോകചെസ്സ് ചാമ്പ്യന്‍ഷിപ്പിന്റെ സമ്മാന ദാനത്തിനുശേഷം

2007 ഒക്ടോബറിലെ ഫിഡെ റേറ്റിങ്ങ് ലിസ്റ്റ് അനുസരിച്ച് റേറ്റിങ്ങിലെ 2800 എന്ന മാന്ത്രിക സംഖ്യ ആനന്ദ് വീണ്ടും കടന്നു. ഇപ്പോള്‍ 2801 ആണ് ആനന്ദിന്റെ റേറ്റിങ്ങ്. 2800നു മുകളില്‍ റേറ്റിങ്ങ് ഉള്ള ഏക കളിക്കാരന്‍ ഈ ലിസ്റ്റനുസരിച്ച് ആനന്ദ് മാത്രമാണ്.

ഇതിനിടയില്‍ മുന്‍ ലോക ചെസ്സ് ചാമ്പ്യനായ ഗാരി കാസ്പറോവിനും ഒരു വിജയം. അത് ചെസ്സിലല്ല മറിച്ച് രാഷ്ട്രീയക്കളത്തിലാണെന്നു മാത്രം.

അടുത്ത വര്‍ഷം നടക്കുന്ന റഷ്യന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ അദര്‍ റഷ്യ (Other Russia) എന്ന സര്‍വകക്ഷി സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുക ഗാരി കാസ്പറോവ് ആയിരിക്കും. 494ല്‍ 379 വോട്ട് നേടിയാണ് മറ്റു അഞ്ചു പേരെ പിന്‍‌തള്ളി കാസ്പറോവ് സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുക്കപ്പെട്ടത്. മുന്‍‌പ്രധാനമന്ത്രി മിഖായേല്‍ കസ്യനോവ് (Mikhail Kasyanov), അവിടത്തെ സെന്‍ട്രല്‍ ബാങ്കിന്റെ മുന്‍‌മേധാവി വിക്ടര്‍ ഗെരാഷ്‌ചെങ്കോ(Viktor Gerashchenko) എന്നിവരും പരാജയപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.

യുനൈറ്റഡ് സിവില്‍ ഫ്രണ്ട് എന്ന പ്രസ്ഥാനത്തിന്റെ സ്ഥാപകനാണ് ഗാരി കാസ്പറോവ്. 2005ല്‍ സ്ഥാപിതമായ ഈ ഗ്രൂപ്പ് അദര്‍ റഷ്യ സഖ്യത്തിലെ ഒരംഗം കൂടിയാണ്.

''അദര്‍ റഷ്യയുടെ ആശയങ്ങള്‍ വിജയിക്കാനാവുന്നതെല്ലാം ഞാന്‍ ചെയ്യും. എങ്കിലും നാം യോജിച്ച് നിന്നാല്‍ മാത്രമെ ഇത് നടപ്പിലാക്കാനാവൂ”. കാസ്പറോവ് പറഞ്ഞു.''

"പാത ദുഷ്കരമാണ്”. പോലീസും അദര്‍ റഷ്യ പ്രവര്‍ത്തകരും തമ്മില്‍ നിരന്തരമായി നടക്കുന്ന ഏറ്റുമുട്ടലുകളേയും, മറ്റു പ്രതിപക്ഷകക്ഷികളുമായി നടക്കുന്ന ചര്‍ച്ചകളേയും പരാമര്‍ശിച്ച് കാസ്പറോവ് കൂട്ടിച്ചേര്‍ത്തു.

അദര്‍ റഷ്യ എന്നത് പുടിനെ എതിര്‍ക്കുന്ന ചെറിയ ചെറിയ ഗ്രൂപ്പുകളുടെ ഒരു സഖ്യം ആണ്. ഇടത്-വലത് പ്രതിപക്ഷനേതാക്കള്‍ ഈ സഖ്യത്തില്‍ അംഗങ്ങളാണ്.

ഇതിലെ പ്രധാന അംഗങ്ങള്‍ ഇവരൊക്കെയാണ്.

Lyudmila Alekseeva – Moscow Helsinki Group

Viktor Anpilov – Workers’ Russia

Mikhail Delyagin – Institute for Globalization Issues

Yuri Dzhibladze - Center for Development of Democracy and Human Rights

Garry Kasparov – United Civil Front

Mikhail Kasyanov – People’s Democratic Union

Eduard Limonov – National Bolshevik Party

Yelena Lukyanova – Law Professor at Moscow State University

Vladimir Ryzhkov – Republican Party of Russia

Georgy Satarov – Information Science for Democracy (INDEM)

Andrei Illarionov – Former senior economic advisor to the president

അദര്‍ റഷ്യ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിജയിക്കാനുള്ള സാധ്യത ഒരു പക്ഷെ വിരളമായിരിക്കും. ഒരു അഭിപ്രായ സര്‍വെ അനുസരിച്ചു 3 ശതമാനം പേര്‍ മാത്രമാണ് അദര്‍ റഷ്യക്ക് വോട്ട് ചെയ്യും എന്ന് പറഞ്ഞത്.

എന്തായാലും കാസ്പറോവിന്റെ രാഷ്ട്രീയ ചതുരംഗക്കളത്തിലെ നീക്കങ്ങള്‍ കാത്തിരുന്നു കാണാം.

(ചിത്രങ്ങള്‍ സൂസന്‍ പോള്‍ഗാറിന്റെ ബ്ലോഗില്‍ നിന്ന്)