Sunday, February 17, 2008

ചവറുകള്‍

വീല്‍ചെയര്‍ ഡം‌പിങ്ങ് എന്ന വാക്ക് കേട്ടിട്ടുണ്ടോ? പുതിയ വാക്ക്‌. പക്ഷെ പഴയ പ്രതിഭാസം.

ഇക്കഴിഞ്ഞ ജനുവരി അവസാനം ഫ്ലോറിഡയില്‍ ബ്രിയാന്‍ സ്റ്റെര്‍ണര്‍ എന്ന കാലുകള്‍ക്കും കൈകള്‍ക്കും സ്വാധീനമില്ലാത്ത ഒരാളെ പോലീസ് അയാളുടെ വീല്‍ചെയറില്‍ നിന്ന് വലിച്ചു പുറത്തിടുകയും വലിച്ചിഴക്കുകയും കൈകള്‍ ബന്ധിക്കുകയുമൊക്കെ ചെയ്യുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ യുട്യൂബില്‍ വന്നിരുന്നു. ശാരീരികമായ അവശതകളുള്ള ഒരു വ്യക്തിയെ പോലീസുകാരന്‍ മനഃസാക്ഷിപോലുമില്ലാതെ കൈകാര്യം ചെയ്യുമ്പോഴും കൂടെയുള്ള പോലീസുകാര്‍ ഏതോ നിസ്സാരസംഭവം നടക്കുന്ന മട്ടില്‍ ചിരിക്കുകയും തമാശപറയുകയും ചെയ്യുകയായിരുന്നുവെന്ന് വീഡിയോ ദൃശ്യങ്ങള്‍ വെളിപ്പെടുത്തുന്നു. മനുഷ്യന്‍ ഹാ എത്ര മനോഹരമായ പദം എന്നു പറഞ്ഞതാരാണ്?

ഇതിനെക്കുറിച്ച് പത്രങ്ങളില്‍ വന്ന വാര്‍ത്തകളുടെ തലക്കെട്ടുകളൊക്കെ വായിച്ചാല്‍ ഒരു മനുഷ്യനോടാണിങ്ങനെ പെരുമാറിയത് എന്നു തോന്നുകില്ല. അദ്ദേഹത്തിന്റെ അസുഖവുമായി ബന്ധമുള്ള പക്ഷാഘാതം ബാധിച്ചവന്‍‍, ശരീരം തളര്‍ന്നവന്‍ എന്നൊക്കെ അര്‍ത്ഥം വരുന്ന paralyzed", "paraplegic", "quadriplegic" തുടങ്ങിയ വാക്കുകള്‍ ഉപയോഗിച്ച് തലക്കെട്ട് നിറക്കുകയായിരുന്നു മാധ്യമങ്ങളൊക്കെ. ചില പത്രങ്ങളില്‍ Police suspended for wheelchair dumping എന്ന മട്ടിലുള്ള തലക്കെട്ടുകളായിരുന്നു.

"Wheelchair dumping" is ambiguous, obnoxiously imprecise, and goes for the shock value at the expense of even mentioning the victim involved. "Man dumped from wheelchair by cop" would have preserved the news shock value while also speaking the truth.

വീല്‍ചെയര്‍ ഡം‌പിങ്ങ് എന്ന പ്രയോഗം തന്നെ എത്രയോ അവ്യക്തമാണ്? ഒരു മനുഷ്യനെ പോലീസുകാരന്‍ വീല്‍ചെയറില്‍ നിന്നും വലിച്ചു താഴെ ഇട്ടു എന്നായിരുന്നു ശീര്‍ഷകമെങ്കില്‍ ആ വാര്‍ത്ത ഷോക്ക് വാല്യു മാത്രമല്ല നല്‍കുക സത്യസന്ധമായ റിപ്പോര്‍ട്ടിംഗ് കൂടി ആകുമായിരുന്നു. എന്നാല്‍ ഈ വാര്‍ത്തയെ മനുഷ്യാവകാശ ലംഘനത്തിന്റെ കാഴ്ച്ചപ്പാടില്‍ നിന്നു കൊണ്ട് അവതരിപ്പിക്കാന്‍ ഒരു മുഖ്യധാരാ മാധ്യമവും തയ്യാറായില്ല. ഒന്നു വായിച്ച്, ഞെട്ടി, മറന്നുപോകേണ്ട വസ്തുതകളായി എല്ലാം മാറിക്കൊണ്ടിരിക്കുന്നു, മാറ്റിക്കൊണ്ടിരിക്കുന്നു.

ഇത്തരത്തില്‍ ശാരീരിക/മാനസിക അവശതകളുള്ളവര്‍ക്ക് നേരെയുള്ള ആക്രമം ആദ്യത്തേതല്ല. ഇത്തവണത്തെ പ്രത്യേകത അത് സര്‍വെയ്‌ലന്‍സ് കാമറകളില്‍ പതിഞ്ഞു എന്നത് മാത്രമാണ്. അത്തരത്തില്‍ സ്റ്റെര്‍ണര്‍ ഭാഗ്യവാനാനെന്ന് പറയാം. അവിടത്തെ പോലീസ് ഷെറീഫ് പരസ്യമായി സ്റ്റെര്‍ണറോട് മാപ്പു പറയുകയും ചെയ്തിട്ടുണ്ട്.

ശാരീരികമോ മാനസികമോ ആയ അവശതകള്‍ ഉള്ളവരെ ഒഴിവാക്കുന്ന ഏതൊരു അവസ്ഥയും ഡം‌പിങ്ങ് അല്ലേ? നമ്മുടെ പല പൊതുസ്ഥാപനങ്ങള്‍ക്കും ഇത്തരക്കാരെ ആവശ്യമില്ല. അവരെ ഒരു ശല്യം എന്നതിനപ്പുറം നമുക്ക് കാണാനാവുന്നുമില്ല. സാമൂഹികമായ നിലനില്‍പ്പില്ലാത്ത ഏതൊരു വ്യക്തിയേയും ഒഴിവാക്കാനുള്ള സൌകര്യപ്രദമായ ചിലവുകുറഞ്ഞ വഴിയാണ് ഈ പുറംതള്ളല്‍‍.
സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് അവരെക്കൂടി കൊണ്ടുവരിക എന്ന അര്‍ത്ഥത്തില്‍, അവരുടെ ജീവിക്കാനുള്ള അവകാശം അംഗീകരിച്ചു കിട്ടാനുള്ള ശ്രമത്തിന്റെ ഭാഗമായി, അവശതകളുള്ളവരുടെ പൌരാവകാശത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനകളും വ്യക്തികളും ഉള്‍ച്ചേര്‍ക്കല്‍ അഥവാ inclusion എന്ന പദം സാര്‍വത്രികമായി ഉപയോഗിച്ചുവരുന്നുണ്ട്. അതിനായുള്ള പ്രവര്‍ത്തനങ്ങളും പോരാട്ടങ്ങളും നടത്തിവരുന്നുമുണ്ട്. കോടതികളിലും വിദ്യാഭാസ സ്ഥാപനങ്ങളിലുമൊക്കെയാണ് അവക്ക് ഏറ്റവും കൂടുതല്‍ എതിര്‍പ്പ് നേരിടേണ്ടിവരുന്നത്.

ഉള്‍ച്ചേര്‍ക്കല്‍ അഥവാ inclusion എന്ന പദം മുന്നോട്ട് വെക്കുന്ന ആശയങ്ങളുടെ നേര്‍ വിപരീതമാണ് ഡം‌പിങ്ങ് അഥവാ പുറംതള്ളല്‍ എന്ന കലാപരിപാടി‍. അവശതകളുള്ളവരുടെ അവകാശങ്ങള്‍ കണ്ടില്ലെന്ന് നടിക്കുക എന്നത് അത് നടപ്പില്‍ വരുത്തുന്നതിനേക്കാള്‍ ചിലവുകുറഞ്ഞതും സൌകര്യപ്രദവുമായ നടപടി ആക കൊണ്ട് പുറംതള്ളല്‍ ഒരു നടപ്പു രീതിയായിരിക്കുന്നു. ശാരീരിക, മാനസിക അവശതകള്‍ ഉള്ളവര്‍ മാത്രമല്ല സാമ്പത്തികമായും സാമൂഹികമായും ഒക്കെ “അത്രയ്ക്കങ്ങട് പോരാത്തവര്‍” ഒക്കെ പുറം തള്ളപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഉദാഹരണങ്ങള്‍ നമ്മുടെ മുന്നില്‍ത്തന്നെ ഉണ്ട്.

തങ്ങളുടേത് മാത്രമായ സോണുകള്‍ നിര്‍മ്മിക്കുന്നതില്‍, അതിന്റെ സുഗമമായ നിലനില്‍പ്പ് ഉറപ്പുവരുത്തുന്നതില്‍, ആ മേഖലകളുടെ വിസ്താരം വര്‍ദ്ധിപ്പിക്കുന്നതില്‍ ഒക്കെ അതിന് ‘അധികാരം’ ഉള്ളവര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന വിജയിച്ചുകൊണ്ടിരിക്കുന്ന കാഴ്ച നമ്മളും കാണുന്നുണ്ടല്ലോ.

William Peace എഴുതിയ ലേഖനവും മറ്റു ചിലതും വായിച്ചപ്പോള്‍ എഴുതാന്‍ തോന്നിയത്.

Thursday, February 14, 2008

പ്രണയമൊന്നുമല്ല

നമ്മുടെ ശ്വാസത്തിന്റെ വില ഞാനിപ്പോള്‍ അറിയുന്നു
മുഖം‌മൂടി കൊണ്ട് മറയ്ക്കപ്പെടാത്ത
ഒരു മുഖം കാണാന്‍ ഞാന്‍ കൊതിക്കുന്നു
ഈ നിമിഷത്തില്‍ നമ്മള്‍ പങ്കുവെക്കേണ്ടത്
ഇതുപോലും പറയാനാകാതെ കടന്നുപോകുന്ന,
നമ്മള്‍ക്കിടയിലെ പലരേയും കുറിച്ചാണ്.

സാമാന്യം നല്ലൊരു വാലന്റൈന്‍ ദിന സന്ദേശം അല്ലേ?നഷ്ടബോധവും പങ്കുവെക്കലുമൊക്കെ നിറഞ്ഞ, എന്നാല്‍ അല്പം വ്യത്യസ്തയുള്ള ഒരു പ്രണയദിന സന്ദേശം?

എന്നാല്‍ അല്ല.....

ചൈനയില്‍ സാര്‍സ് രോഗം പടര്‍ന്നുകൊണ്ടിരുന്ന കാലത്ത് ശ്വാസത്തിലൂടെ രോഗം പകരുമെന്ന് ഭയന്ന്, മുഖം‌മൂടി ധരിച്ച്, സംസാരിക്കുകപോലും ചെയ്യാതെ ജനങ്ങള്‍ ജീവിച്ചുകൊണ്ടിരുന്ന സമയത്ത് ആരോ അയച്ച ഒരു എസ്.എം.എസ് സന്ദേശമാണിത്..

എല്ലാവരും അവരുടെ ശബ്ദം തന്നെ
അടക്കിനിര്‍ത്തിയിരിക്കുന്നു
നമുക്കിനി വാതിലുകളടയ്ക്കാം
വീടുകള്‍ കുറ്റിയിട്ട് ഉള്‍വലിയാം
വിറങ്ങലിച്ച ഈ നഗരത്തില്‍ നിന്ന്‌
വിരലുകള്‍ കൊണ്ട് പരസ്പരം സംസാരിക്കാം

ഇത് മറ്റൊരെണ്ണം

മൊബൈലും എസ്.എം.എസ്സുമൊക്കെ ഇല്ലായിരുന്നെങ്കില്‍ ഇതുപോലുള്ള പല രചനകളും ജനിക്കാതെ പോയേനെ.... എന്തായാലും പുത്തന്‍ സാങ്കേതിക വിദ്യകളും അവയുടേതായ രീതിയില്‍ ക്രിയാത്മകതയെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. ബ്ലോഗ് ഇല്ലായിരുന്നെങ്കില്‍ ഈ കുറിപ്പും ഉണ്ടാവില്ലായിരുന്നു.

ജനയുഗം പത്രത്തില്‍ കെ.ആര്‍.സുമി എസ്.എം.എസ്സിന്റെ ഉത്ഭവവും ചരിത്രവുമൊക്കെ വിവരിക്കുന്ന ഒരു കുറിപ്പ് എഴുതിയിട്ടുണ്ട്. അതിലെ ഒരു ഭാഗം വായിച്ചതിന്റെ രസത്തില്‍ എഴുതിയത്. ഉദാഹരണങ്ങള്‍ ആ ലേഖനത്തിലേത്.

അരുന്ധതി റോയ് - ഒരു അഭിമുഖം

തുര്‍ക്കിയിലെ അര്‍മേനിയന്‍ ന്യൂനപക്ഷത്തിന്റെ അവകാശങ്ങള്‍ക്കുവേണ്ടിയും തുര്‍ക്കി-അര്‍മേനിയ സമവായത്തിനുവേണ്ടിയുമൊക്കെ പ്രവര്‍ത്തിച്ചിരുന്ന, Agos എന്ന ടര്‍ക്കിഷ്-അര്‍മേനിയന്‍ പത്രത്തിന്റെ പത്രാധിപരായിരുന്ന Hrant Dink 2007 ജനുവരി 19ന് ഇസ്താംബുളില്‍ തന്റെ പത്രസ്ഥാപനത്തിനു സമീപം വധിക്കപ്പെട്ടിരുന്നു. വളരെയധികം ഒച്ചപ്പാടുണ്ടാക്കിയ ഈ കൊലപാതകം കടുത്ത പ്രതിഷേധങ്ങള്‍ക്കു കാരണമായി. ഡിങ്കിന്റെ ശവസംസ്കാരച്ചടങ്ങിനോടനുബന്ധിച്ച് നടന്ന പ്രകടനത്തില്‍ പ്ലക്കാര്‍ഡുകളുമേന്തി ഏതാണ്ട് ഒരു ലക്ഷം പേര്‍ പങ്കെടുത്തിരുന്നു.

ഇക്കഴിഞ്ഞ ജനുവരി 18ന് ഇസ്താംബുള്ളിലെ Bosphorus Universityയില്‍ Hrant Dink അനുസ്മരണ പ്രഭാഷണം നടത്തിയത് അരുന്ധതി റോയ് ആയിരുന്നു. തന്റെ പ്രഭാഷണത്തില്‍ അവര്‍ വംശഹത്യയുടെ ചരിത്രവും അതിന്റെ പിന്നിലെ പ്രചോദനവുമൊക്കെ വിശദമായി അവതരിപ്പിച്ചിരുന്നു. 1915ല്‍ തുര്‍ക്കിയിലെ ഒട്ടോമാന്‍ ഭരണകൂടം അര്‍മേനിയന്‍ വംശജര്‍ക്കെതിരെ നടത്തിയ വംശഹത്യ, അത് തുര്‍ക്കി സര്‍ക്കാര്‍ നിഷേധിക്കുന്നത്, ഗുജറാത്തില്‍ നടന്ന വംശഹത്യ, അത് ഇന്ത്യയില്‍ പലരാലും ആഘോഷിക്കപ്പെടുന്നത് അങ്ങിനെ പലതും ആ പ്രഭാഷണത്തില്‍ ഇടം കണ്ടിരുന്നു.

Listening to Grasshoppers: Genocide, Denial and Celebration എന്ന തലക്കെട്ടില്‍ അത് കൌണ്ടര്‍ കറന്റ്സ് സൈറ്റില്‍ ഉണ്ട്.

ആ പ്രഭാഷണത്തിനു ശേഷം Armenian Weeklyയുടെ പത്രാധിപരായ Khatchig Mouradian അരുന്ധതി റോയുമായി നടത്തിയ ടെലഫോണ്‍ ഇന്റര്‍വ്യൂവിന്റെ സ്വതന്ത്ര വിവര്‍ത്തനം ഇവിടെ പോസ്റ്റു ചെയ്യുന്നു.

Khatchig Mouradian: ഇസ്റ്റാംബുള്ളിലെ Hrant Dink അനുസ്മരണ പ്രഭാഷണം എഴുതിക്കൊണ്ടിരുന്നപ്പോള്‍ എന്തായിരുന്നു മനസ്സിലുണ്ടായിരുന്ന ചിന്ത?

അരുന്ധതി റോയ്: ഇന്ത്യയില്‍ ഞങ്ങളൊരുതരം അപസ്മാരം (psychotic convulsion) ബാധിച്ച അവസ്ഥയിലൂടെ കടന്നുപൊയ്ക്കൊണ്ടിരിക്കുകയാണ്. വംശീയഹത്യയും അതിന്റെ ആഘോഷവും അന്തരീക്ഷത്തിലുണ്ട്. ആളുകള്‍ വംശീയഹത്യ ആഘോഷിക്കുന്നത് കാണുന്നത് എന്നെ ഭീതിപ്പെടുത്തുന്നു. ഇന്ത്യയിലെ ആഘോഷങ്ങളും തുര്‍ക്കിയിലെ നിഷേധവും എന്നെ അസ്വസ്ഥയാക്കിയ ഒരു സമയത്താണ് ഇസ്താംബുള്ളിലേക്ക് ചെല്ലുവാന്‍ അവര്‍ എന്നോടാവശ്യപ്പെട്ടത്.

ഇസ്റ്റാംബുള്ളില്‍ എത്തിയപ്പോള്‍ എനിക്ക് മനസ്സിലായി അര്‍മേനിയക്കാര്‍ക്കും തുര്‍ക്കികള്‍ക്കും മറ്റുള്ളവര്‍ക്കും അര്‍മേനിയന്‍ വംശഹത്യയെപ്പറ്റി തുര്‍ക്കിക്കകത്ത് വെച്ച് പറയാവുന്നതിനും പുറത്ത് വെച്ച് പറയാവുന്നതിനും (അര്‍മേനിയന്‍ വംശഹത്യയെക്കുറിച്ച് തുര്‍ക്കിക്ക് പുറത്ത് എല്ലാം തുറന്ന് തന്നെ പറയാം) തമ്മില്‍ വലിയ വ്യത്യാസമുണ്ടെന്ന്‌. ഉദാഹരണമായി Hrant Dink തുര്‍ക്കിക്കകത്ത് ജീവന്‍ നഷ്ടപ്പെടാതെ കാര്യങ്ങള്‍ പറയാനൊരു വഴി തേടുകയായിരുന്നു. അദ്ദേഹത്തിന്റെ ആശയം കാര്യങ്ങള്‍ തുറന്ന് പറയുക എന്നതായിരുന്നു, മരിക്കുക എന്നതല്ലായിരുന്നു. (His idea was to speak out, but not to die.)

ഇസ്റ്റാംബുള്ളില്‍ ഞാന്‍ നിരവധി ആളുകളുമായി സംസാരിച്ചു. അവിടെ പറന്നെത്തി, ഒരു പ്രസംഗം നടത്തി മറ്റെല്ലാവരെയും കുഴപ്പത്തിലാക്കി തിരിച്ചു പറന്നു എന്ന ഒരു തോന്നല്‍ ആര്‍ക്കും ഉണ്ടാകരുത് എന്ന കാര്യത്തില്‍ ഞാന്‍ വളരെയധികം ശ്രദ്ധിച്ചിരുന്നു. അര്‍മേനിയന്‍ വംശഹത്യയെക്കുറിച്ച് എല്ലാവര്‍ക്കും അന്യോന്യം സംസാരിക്കാവുന്ന ഒരു അന്തരീക്ഷം ഉണ്ടാക്കുവാന്‍ സഹായിക്കുക എന്നതിലായിരുന്നു എന്റെ താല്പര്യം. തുര്‍ക്കിയില്‍ ജീവിക്കുകയും നിലനില്‍ക്കുവാന്‍ പരിശ്രമിക്കുകയും ചെയ്യുന്ന എല്ലാ അര്‍മേനിയക്കാരുടെ ആശയവും അത് തന്നെയാണല്ലോ?

അതേ സമയം, ഞാന്‍ ഇന്ത്യയില്‍ ഇത്തരം പ്രശ്നങ്ങളിലൊക്കെ ആഴത്തില്‍ ഇടപെട്ടിട്ടുള്ള ആളാണ്, പറന്നു വരികയും ഉപരിപ്ലവമായ ചില അഭിപ്രായപ്രകടനങ്ങള്‍ നടത്തി തിരിച്ചു പറക്കുകയും ചെയ്യുന്ന ഒരു ആഗോള ബുദ്ധിജീവി ആകുന്നതില്‍ എനിക്കു താല്പര്യമില്ല. ഈ പ്രശ്നത്തെ എനിക്ക് നേരിട്ട് അറിയാവുന്ന, ഞാന്‍ പങ്കെടുത്തിട്ടുള്ള, ഭാഗഭാക്കായ പോരാട്ടങ്ങളുമായി ബന്ധപ്പെടുത്തുവാനും അങ്ങനെ അവയെ കുറേശ്ശെ കുറേശ്ശെയായി മുന്നോട്ട് കൊണ്ടുപോകാനുമാണ് ഞാന്‍ ശ്രമിച്ചത്. അതത്ര എളുപ്പമുള്ള കാര്യമല്ല എന്ന്‌ എനിക്ക് ബോധ്യമുണ്ട്.

മൌറാദിയന്‍: താങ്കളുടെ പ്രഭാഷണത്തെ ഒരുമിച്ചു നെയ്യുന്നത് സുഹൃത്തായ ഡേവിഡ് ബാര്‍സാമിയന്റെ അമ്മ അറാക്സീ ബാര്‍സാമിയന്റെ കഥയാണല്ലോ? ഒരു ഇന്റര്‍വ്യൂവില്‍ താങ്കള്‍ തന്നെ ഇങ്ങനെ പറയുന്നുണ്ട് “ ഒരു കഥയെന്നാല്‍ ജലത്തിന്റെ ഉപരിതലം പോലെയാണ്. നിങ്ങള്‍ക്ക് എന്തൊക്കെ വേണോ അതൊക്കെ അതില്‍ നിന്നെടുക്കാം” എന്ന്‌. അറാക്സി ബാര്‍സാമിയന്റെ കഥയില്‍ നിന്ന് താങ്കള്‍ എന്താണെടുത്തത്?

അരുന്ധതി റോയ് : ഞാന്‍ തുര്‍ക്കിക്ക് തിരിക്കുന്നതിനു മുന്‍പ് ഡേവിഡ് ഇന്ത്യയിലുണ്ടായിരുന്നു, ഞങ്ങള്‍ പ്രശ്നങ്ങളെക്കുറിച്ച് സംസാരിച്ചതുമാണ്. അദ്ദേഹത്തെ അറിയാം എന്നത് എനിക്ക് വളരെ സഹായകമായിരുന്നു. എനിക്കദ്ദേഹത്തെ അറിയില്ലായിരുന്നുവെങ്കില്‍ ഞാന്‍ അതിനെക്കുറിച്ച് സംസാരിക്കില്ലായിരുന്നു എന്ന് ഇതിനു അര്‍ത്ഥമില്ല, പക്ഷെ എനിക്കത് പെട്ടെന്ന് കുറച്ചുകൂടി വ്യക്തിപരമായ സംഗതിയായി. ഉദ്ബോധനപരമായ(informative) രാഷ്ട്രീയം സംസാരിക്കുന്നവരും , മാറ്റം വരുത്തുന്ന(transformative) രാഷ്ട്രീയം സംസാരിക്കുന്നവരുമായ ആളുകള്‍ ഉണ്ട് എന്ന രീതിയില്‍ ഒരു സംഭാഷണം ഞാനും സുഹൃത്തുമായി നടന്നിരുന്നു. ഇതൊക്കെ വളരെ നിസ്സാരമായ ആയ വ്യത്യാസങ്ങളാണ്.

ഉദാഹരണത്തിനു തുര്‍ക്കിയില്‍ എന്താണ് നടന്നത് എന്നതിനെപ്പറ്റി എല്ലാവര്‍ക്കും അറിയാം. അതിനെപ്പൊതിഞ്ഞ് ഒരു നിശബ്ദതയുണ്ടെന്നും എന്ത് സംഭവിച്ചു എന്നതിനെപ്പറ്റി സംസാരിക്കുവാന്‍ നിങ്ങള്‍ക്ക് അനുവാദമില്ല എന്നും മാത്രം. എങ്കിലും അതിനെപ്പറ്റി നിങ്ങള്‍ സംസാരിക്കുമ്പോള്‍ അത് തന്നത്താന്‍ മാറ്റങ്ങള്‍ വരുത്തുന്ന ഒന്നാവുന്നു.

“നോക്കൂ Hrant Dinkനെ നിശബ്ദനാക്കുവാന്‍ ഉദ്ദേശിച്ച ആ വെടിയുണ്ട യഥാര്‍ത്ഥത്തില്‍ എന്നെപ്പോലൊരാളെ ചരിത്രപുസ്തകങ്ങള്‍ വായിക്കുവാന്‍ പ്രേരിപ്പിക്കുകയാണ് ചെയ്തത്. ഞാന്‍ പറഞ്ഞാലും ഇല്ലെങ്കിലും എന്താണ് സംഭവിച്ചതെന്ന് നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാം. നിങ്ങള്‍ക്കീ ശാന്തത നിലനിര്‍ത്തണമെങ്കില്‍, നിങ്ങള്‍ ഓരോരുത്തരും പോരാടേണ്ടതുണ്ട്, വംശഹത്യയോടനുബന്ധിച്ച് നടക്കുന്ന ആഘോഷങ്ങള്‍ക്കെതിരെ എനിക്ക് ഇന്ത്യയില്‍ പോരാടേണ്ടതുള്ളതുപോലെ” എന്നു പറയുന്നതിനു പകരം ഞാന്‍ എനിക്ക് പറയാനുള്ളത് ഡേവിഡിന്റെ അമ്മയുടെ വാക്കുകളിലൂടെ അവതരിപ്പിക്കുകയായിരുന്നു.

ഒരു നോവലെഴുത്തുകാരന്‍ ചെയ്യുന്ന സംഗതിയാണത്. നിങ്ങള്‍ക്ക് പറയാനുള്ളത് നിങ്ങള്‍ എങ്ങനെ പറയുന്നു എന്നത് നിങ്ങള്‍ക്ക് പറയാനുള്ളതെന്ത് എന്നതുപോലെത്തന്നെ പ്രധാനമാണ്. അറാക്സി ബാര്‍സാമിയന്റെ കഥ പറയുന്നതിലൂടെ ചരിത്രം സജീവമായി മുന്നില്‍ വരികയാണ്. പതിനഞ്ച് ലക്ഷം പേര്‍ കൊല്ലപ്പെട്ടുവെന്ന് നിങ്ങള്‍ക്ക് പറയാം ഇല്ലെങ്കില്‍ വെട്ടുകിളിക്കൂട്ടം അറാക്സിയുടെ ഗ്രാമത്തില്‍ എത്തി എന്നു പറയാം.

മൌറാദിയന്‍: അര്‍മേനിയന്‍ വംശഹത്യയെക്കുറിച്ചു തുര്‍ക്കിക്കകത്തുവെച്ചും പുറത്ത് വെച്ചും സംസാരിക്കുന്നതിലെ വ്യത്യാസത്തെക്കുറിച്ച് പറഞ്ഞല്ലോ. പക്ഷെ പ്രസംഗത്തിലുടനീളം താങ്കള്‍ തികച്ചും നിര്‍ഭയ ആയിരുന്നല്ലോ. കാര്യങ്ങള്‍ നേരിട്ട് തന്നെ പറയാതെ സൂചനകളിലൂടെ പറയുന്ന ശൈലി സ്വീകരിച്ചില്ല. വംശഹത്യ എന്ന പദം ഒഴിവാക്കാന്‍ ശ്രമിച്ചുമില്ല.....

അരുന്ധതി റോയ്: വംശഹത്യ എന്ന വാക്കിനെക്കുറിച്ച് പറഞ്ഞുതുടങ്ങിയപ്പോള്‍, അതിനു നിര്‍വചനം നല്‍കിയപ്പോള്‍, വംശഹത്യയുടെ ചരിത്രത്തെക്കുറിച്ചും ഇന്ത്യയില്‍ ഇന്നെന്താണ് സംഭവിക്കുന്നത് - ഇന്ത്യന്‍ ഫാസിസ്റ്റുകള്‍ എങ്ങിനെ മുസ്ലീങ്ങളെ കൊല ചെയ്തു- എന്നതിനെക്കുറിച്ചും സംസാരിച്ചപ്പോള്‍ വംശഹത്യക്കുള്ള ത്വര(genocidal impulse) എല്ലാ മതങ്ങളിലുമുണ്ടെന്നും തുര്‍ക്കികള്‍ അര്‍മേനിയന്‍ വംശജര്‍ക്കെതിരെ പ്രയോഗിച്ച അതേ വൃത്തികെട്ട ഫാസിസ്റ്റ് വാചോടോപം(fascist rhetoric) കൃസ്ത്യാനികള്‍ അമേരിക്കന്‍ ഇന്ത്യക്കാര്‍ക്കെതിരായും, നാസികള്‍ ജൂതര്‍ക്കെതിരായും ഹിന്ദുക്കള്‍ മുസ്ലീമുകള്‍ക്കെതിരായും ഉപയോഗിച്ചിരുന്നു എന്ന് വ്യക്തമായി പറയുവാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നു. വംശഹത്യ എന്നത് ഒരു സങ്കീര്‍ണ്ണമായ പ്രക്രിയയാണ്. അതിനുള്ള ത്വര ഏതെങ്കിലും ഒരു മതവുമായി മാത്രമായോ ഒരു സംസ്കാരവുമായി മാത്രമായോ ബന്ധപ്പെട്ടിട്ടുള്ള ഒന്നല്ല. അര്‍മേനിയന്‍ വംശഹത്യയെക്കുറിച്ചും അത് (തുര്‍ക്കി സര്‍ക്കാര്‍) നിഷേധിക്കുന്നതിനെക്കുറിച്ചും കേള്‍വിക്കാര്‍ പിരിഞ്ഞുപോകാതിരിക്കുന്ന രീതിയില്‍ എത്രത്തോളം തുറന്നു പറയാമോ അത്രത്തോളം തുറന്നു സംസാരിച്ചു.

എന്റെ വായനക്കിടയില്‍ ഞാന്‍ മനസ്സിലാക്കിയ ഒരു പ്രശ്നം സൂചിപ്പിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അര്‍മേനിയന്‍ വംശഹത്യയെക്കുറിച്ച് വിശദമായി പഠിച്ചിട്ടുള്ള പണ്ഡിതരൊക്കെ-മിക്കവാറും എല്ലാവരും- ഊന്നിപ്പറയുന്ന ഒരു കാര്യം അത് ഇരുപതാം നൂറ്റാണ്ടിലെ ആദ്യത്തെ വംശഹത്യയാണെന്നാണ്. അങ്ങനെ ഉറപ്പിക്കുമ്പോള്‍ അവര്‍ മറ്റു വംശഹത്യകളെ നിഷേധിക്കുകയാണ്, ഉദാഹരണമായി 1904ല്‍ ഹെറേറോ ജനതക്കെതിരെ നടന്ന വംശഹത്യ. അതുകൊണ്ട് ഏതെങ്കിലും ഇരകള്‍ മറ്റേതെങ്കിലും ഇരകളേക്കാള്‍ ഗണനീയരാണെന്ന സൂചന ഇല്ലാതെ അര്‍മേനിയന്‍ വംശഹത്യയെക്കുറിച്ച് സംസാരിക്കുവാന്‍ ഞാന്‍ ശ്രമിച്ചിരുന്നു.

മൌറാദിയന്‍. പ്രഭാഷണം എങ്ങനെ സ്വീകരിക്കപ്പെട്ടു?

അരുന്ധതി റോയ്: അത് സ്വീകരിക്കപ്പെട്ടു എന്നതാണ് പ്രധാന കാര്യം. അത് തടയപ്പെട്ടില്ല. അത് നിഷേധിക്കപ്പെട്ടില്ല. “ഓ..നമ്മുടെത്തന്നെ ഭൂതകാലത്തെക്കുറിച്ച് നമ്മോട് പറയുവാനായി ഇതാ ഒരാള്‍ വന്നിരിക്കുന്നു” എന്നാരും പറഞ്ഞില്ല. അതിനു കാരണം ഞാന്‍ തുര്‍ക്കിയുടെ ഭൂതകാലത്തെക്കുറിച്ച് മാത്രമായി സംസാരിക്കുകയായിരുന്നില്ല എന്നതാണ്. എന്റെ പ്രസംഗം സ്വീകരിക്കപ്പെട്ടു എന്നത് ഉറപ്പു വരുത്താനുള്ള വഴിയായിരുന്നു എനിക്കത്.

ഏറ്റവും വലിയ കാര്യം അത് സ്വീകരിക്കപ്പെട്ടു എന്നതാണ്. കുറെപ്പേരെങ്കിലും അത് ഉള്‍ക്കൊള്ളുകയും അതിനെക്കുറിച്ച് ചിന്തിക്കുകയും ചെയ്തു എന്നത് ശ്രദ്ധേയമാണ്. കണ്ണീര്‍ തുടയ്ക്കുന്ന പല മുഖങ്ങളും ഞാന്‍ ഹാളില്‍ കണ്ടു. ഈ വിഷയം സംസാരിക്കുന്ന രീതിയില്‍, ഇത് ചെറിയ ചെറിയ രീതിയിലുള്ള മാറ്റം വരുത്തുമെന്ന് ഞാന്‍ പ്രത്യാശിക്കുന്നു. ഒരു പക്ഷെ ഞാന്‍ കൂടുതല്‍ സങ്കല്‍പ്പിക്കുകയായിരിക്കാം.

മൌറാദിയന്‍: പ്രഭാഷണത്തില്‍ ചൂണ്ടിക്കാണിച്ച പോലെ വംശഹത്യയും കടുത്ത മനുഷ്യാവകാശലംഘനങ്ങളും നൂറ്റാണ്ടുകളായി ഒരു മഹാമാരിപോലെ നമ്മെ ബാധിച്ചിരിക്കുന്നു, അതങ്ങിനെത്തന്നെ തുടരുകയും ചെയ്യുന്നു. എന്താണ് മാറിയിട്ടുള്ളത്?

അരുന്ധതി റോയ്: വംശഹത്യക്കുള്ള പ്രേരണയുടെ കാര്യത്തില്‍ വലിയ മാറ്റം ഉണ്ടായിട്ടുള്ളതായി ഞാന്‍ കരുതുന്നില്ല. സാങ്കേതികവിദ്യയും വ്യവസായവല്‍ക്കരണവുമൊക്കെ വലിയ തോതില്‍ അന്യോന്യം കൊല്ലുവാന്‍ മനുഷ്യരെ പ്രാപ്തരാക്കിയിട്ടേ ഉള്ളൂ. ഇന്ത്യയില്‍ ഗുജറാത്തില്‍ 2000 മുസ്ലീമുകളെ കൂട്ടക്കൊല ചെയ്തതിനെപ്പറ്റി ഞാന്‍ സംസാരിച്ചു. അതെല്ലാം(ഗുജറാത്ത് സംഭവങ്ങള്‍) ടി.വിയില്‍ വന്നിരുന്നു.

ഏതാണ്ട് മൂന്നു മാസം മുന്‍പ്, തങ്ങളെങ്ങനെ മുസ്ലീം സമുദായത്തെ ലക്ഷ്യമിടുവാന്‍ തീരുമാനിച്ചു, എങ്ങനെ അതിനൊക്കെ പദ്ധതിയിട്ടു, പോലീസ് എങ്ങനെ ഇതുമായി ബന്ധപ്പെട്ടു, മുഖ്യമന്ത്രി എങ്ങനെ ബന്ധപ്പെട്ടു, അവര്‍ എങ്ങനെ കൊലകള്‍ നടത്തി, എങ്ങനെ ബലാത്സംഗങ്ങള്‍ ചെയ്തു എന്നതിനെക്കുറിച്ച് കൊലപാതകികള്‍ സംസാരിക്കുന്നത് കാമറയില്‍ പിടിച്ചിരുന്നു. അതൊക്കെ ടെലിവിഷനില്‍ പ്രക്ഷേപണം ചെയ്തെങ്കിലും അത് ആ പാര്‍ട്ടിക്ക് ഗുണകരമായി ഭവിക്കുകയാണ് ഉണ്ടായത്. അവര്‍ക്ക് വോട്ട് ചെയ്ത ജനങ്ങള്‍ പറഞ്ഞത് ഈ ആക്രമണങ്ങളുടെ ഇരകള്‍ ഇതാണര്‍ഹിക്കുന്നത് എന്നാണ്. എനിക്ക് ശരിക്കും തോന്നുന്നത് ഈ ഉദാരമായ മനഃസാക്ഷി, മനുഷ്യമനഃസാക്ഷി എന്നതൊക്കെ തികച്ചും കപടമായ സങ്കല്‍പ്പങ്ങളാണെന്നാണ്. ഇന്ത്യയില്‍ ഞങ്ങള്‍ ഭീതിജനകമായ ഒന്നിന്റെ വക്കിലാണ്. ലേഖനത്തില്‍ ഞാന്‍ പറഞ്ഞതുപോലെ വെട്ടുകിളികള്‍ എത്തിയിരിക്കുന്നു, ദരിദ്രര്‍ അവരുടെ വിഭവങ്ങളില്‍ ജീവിതവൃത്തിയില്‍ നിന്നും പുറത്താക്കപ്പെടുന്നു, അവരുടെ ഭൂമിയില്‍ നിന്നും പുഴകളില്‍ നിന്നും ആട്ടിയോടിക്കപ്പെടുന്നു. ജനങ്ങള്‍ വെറുതെ നോക്കിയിരിക്കുകയാണ്. അവരുടെ കണ്ണുകള്‍ തുറന്നാണിരിക്കുന്നതെങ്കിലും അവര്‍ മറുവശത്തേക്കാണ് നോക്കുന്നത്. ജര്‍മ്മനിയില്‍ ജൂതവംശജരെ ഉന്മൂല നാശം ചെയ്തുകൊണ്ടിരുന്നപ്പോള്‍ ജനങ്ങള്‍ ഒരു പക്ഷെ തങ്ങളുടെ കുട്ടികളെ പിയാനോ ക്ലാസിലേക്ക് കൊണ്ടുപോകുകയും, വയലിന്‍ ക്ലാസിലേക്ക് കൊണ്ടു പോകുകയും, കുട്ടികളുടെ ഗൃഹപാഠത്തെക്കുറിച്ചോര്‍ത്ത് വ്യാകുലരാകുകയും ചെയ്തുകൊണ്ടിരുന്നിരിക്കയായിരിക്കണം എന്ന് യാഥാര്‍ത്ഥ്യത്തെക്കുറിച്ച് നമ്മള്‍ ആവര്‍ത്തിച്ച് ആവര്‍ത്തിച്ച് ചിന്തിക്കണം. അത്തരത്തിലുള്ള പരിപൂര്‍ണ്ണമായ മനസ്സാക്ഷിയില്ലായ്മ ഇന്നുമുണ്ട്. എത്ര തന്നെ അഭ്യര്‍ത്ഥിച്ചാലും മാറ്റം വരുവാന്‍ സാധ്യതയില്ല. ദുരന്തം ഒഴിവാക്കാനുള്ള ഏക വഴി ദുരന്തത്തിനു ഇരയാകുന്നവര്‍ക്ക് പ്രതിരോധിക്കുവാന്‍ കഴിയുക എന്നത് മാത്രമാണ്.

അഭിമുഖ സംഭാഷണത്തിന്റെ ആംഗലേയരൂപം Mouradianന്റെ കുറിപ്പോടു കൂടി അദ്ദേഹത്തിന്റെ ബ്ലോഗില്‍ of grasshoppers and men എന്ന പോസ്റ്റായി ഇട്ടിട്ടുണ്ട്.

ഈ അഭിമുഖം മലയാളത്തിലാക്കുവാനും പ്രസിദ്ധീകരിക്കുവാനും അനുവാദം തന്ന മൌറാദിയനു നന്ദി.

Sunday, February 10, 2008

പത്രമേവ ജയതേ...

ഇന്നു (10/02/08) രാവിലത്തെ മാതൃഭൂമി വെണ്ടക്ക സൂപ്പറാണ്.

കമ്യൂണിസ്റ്റ് ഐക്യം സംഭവിക്കാം - വി. എസ്.

ഫോണ്ടിന്റെ കളര്‍ നല്ല ചുവപ്പ്.

കമ്യൂണിസ്റ്റ് ഐക്യം തള്ളിക്കളയാനാവില്ലെന്നും അതു ചിലപ്പോള്‍ സംഭവിച്ചെന്ന് വരാമെന്നും മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ പറഞ്ഞു. ഇതാണ് വാര്‍ത്തയിലെ ആദ്യവാചകം.

മാതൃഭൂമി ഇങ്ങനെ ഒരു വെണ്ടക്ക വിളമ്പിയാല്‍ അതിലെന്തെങ്കിലും കാണും എന്ന് ചിരപരിചയമുള്ളവര്‍ക്ക് തോന്നുമന്നതുറപ്പല്ലേ..

ഒന്നുകൂടി വായിച്ചു നോക്കി. ഐക്യം ഉണ്ടാവരുത് എന്നാണോ? അതോ എല്ലാം കണക്ക് എന്ന കാര്യം കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ കാര്യത്തിലും ശരിയാണ് അത് കൊണ്ട് അവന്മാര്‍ ഒറ്റ പാര്‍ട്ടിയാ‍വുന്നത് തന്നെയാണ് നല്ലത് എന്നാണോ?

ഇത് രണ്ടും അതിലുള്ളതായി വരികള്‍ക്കിടയിലൂടെ വായിച്ചിട്ടും പിടികിട്ടിയില്ല ...

എന്നാലും വിശദമായി ഒന്നു കൂടി നോക്കി..

കാകദൃഷ്ടി എന്ന കാര്‍ട്ടൂണ്‍ കണ്ടപ്പോള്‍ കാള വാലു പൊക്കിയത് എന്തിനായിരുന്നുവെന്ന് പിടി കിട്ടി.

അതാണ് സംഭവം...വിഭാഗീയത....

കാര്‍ട്ടൂണില്‍ പിണറായിയും വി.എസും തമ്മില്‍ അടി.

ഐക്യം: വെളിയത്തിന്റെ ആഗ്രഹം നടക്കില്ല - പിണറായി

ഭാവിയില്‍ സംഭവിച്ചേക്കാം - വി.എസ്.

അലക്കു കഴിഞ്ഞിട്ട് കാശിക്ക് പോകാം എന്ന ഒരു രസികന്‍ അടിക്കുറിപ്പും. അലക്കിനു രണ്ടര്‍ത്ഥമുണ്ടല്ലോ..

കണ്ടോ വി.എസും പിണറായിയും ഐക്യത്തിന്റെ കാര്യത്തില്‍ പോലും രണ്ടഭിപ്രായം വെച്ച് പുലര്‍ത്തുന്നു.

അവരുടെ ഒരു കാര്യം. നട്ടുച്ചക്ക് ഇത് രാത്രിയോ പകലോ എന്ന് ചോദിച്ചാല്‍ ഒരാള്‍ പറയും ഇത് നട്ടപ്പാതിരാ. മറ്റെയാള്‍ പറയും ഇത് നട്ടുച്ച. വിഭാഗീയത എന്നു പറഞ്ഞാല്‍ ഇങ്ങനെയും ഉണ്ടോ?

എന്തായാലും ദിവസവും പത്രം വായിക്കുന്നതായി അഭിനയിക്കുന്നതു കൊണ്ട് ചില വാര്‍ത്തകളൊക്കെ ഓര്‍മ്മയിലുണ്ടായിരുന്നു...

കമ്യൂണിസ്റ്റ് ഐക്യത്തെക്കുറിച്ച് പിണറായിയും വെളിയവുമൊക്കെ ഈയടുത്ത ദിവസങ്ങളില്‍ എന്തൊക്കെയോ അഭിപ്രായ പ്രകടനങ്ങള്‍ നടത്തിയിരുന്നു. പിണറായി ഇന്നലെയും എന്തോ പറഞ്ഞിരുന്നു. അതെന്താണെന്ന് ദേശാഭിമാനി തപ്പി നോക്കി...

“കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഒരുമിക്കുന്നതിന് ആരും എതിരല്ല. പക്ഷെ, വിശദാംശങ്ങളിലേക്ക് പോകുമ്പോള്‍ ചില കാര്യങ്ങള്‍ കൂടി പരിഹരിക്കേണതുണ്ടെന്ന് കാണാം.”

അച്യുതാനന്ദന്‍ പറഞ്ഞതിന്റെ വിശദീകരണം മാതൃഭൂമിയിലുണ്ടോ എന്ന് നോക്കി..ഉണ്ട്..

“കമ്യൂണിസ്റ്റ് ഐക്യത്തെക്കുറിച്ച് ഞങ്ങള്‍ സൌഹൃദമായ അന്തരീക്ഷത്തില്‍ ചര്‍ച്ച ചെയ്യും. ഇടത്, മത നിരപേക്ഷ ഐക്യം വളര്‍ത്തിക്കൊണ്ടുവന്ന്, അതിന്റെ ഒരു ഘട്ടത്തില്‍ കമ്യൂണിസ്റ്റ് ഐക്യം സംഭവിച്ചെന്ന് വരാം.” - അച്യുതാനന്ദന്‍.

സംശയമായി.

പിണറായി പറഞ്ഞ “പരിഹരിക്കേണ്ട പ്രശ്നങ്ങള്‍“ തന്നെയല്ലേ അച്യുതാനന്ദന്‍ പറഞ്ഞ “സൌഹൃദമായ അന്തരീക്ഷത്തില്‍ ചര്‍ച്ച“ ചെയ്യപ്പെടുക? “ആരും എതിരല്ലാത്തതുകൊണ്ടു“ തന്നെയല്ലേ അച്ച്യുതാനന്ദന്‍ പറഞ്ഞ “കമ്യൂണിസ്റ്റ് ഐക്യം സംഭവിക്കാം” എന്നു വരുന്നത്?

ആര്‍ക്കറിയാം അല്ലേ?

എന്തായാലും മൈക്കേല്‍ പാരെന്റി (Michael Parenti) എഴുതിയ Methods of Media Manipulation എന്ന ലേഖനം വായിക്കാന്‍ പറ്റിയ ടൈം...

(കാര്‍ട്ടൂണ്‍ മാതൃഭൂമിയില്‍ നിന്ന്)

Sunday, February 3, 2008

മണ്ണപ്പം തിന്നാല്‍ രണ്ടുണ്ടോ കാര്യം?

പാചകക്കുറിപ്പ് - മണ്ണപ്പം

ആവശ്യം വേണ്ട സാധനങ്ങള്‍

ചെളിമണ്ണ്‌ - ആവശ്യത്തിന്

ഉപ്പ് ‌- രുചിക്കനുസരിച്ച്

പച്ചക്കറി - കിട്ടുന്നതെന്തെങ്കിലും വളരെക്കുറച്ച്

ദാരിദ്ര്യം - വേണ്ടുവോളം

വിശപ്പ് ‌‌‌‌- സഹിക്കാവുന്നതിനുമപ്പുറം

പാചകം ചെയ്യുന്ന വിധം

മണ്ണിലെ കല്ലു കളഞ്ഞ്, അരിച്ച് വെള്ളം ചേര്‍ത്ത് വൃത്തിയായി കുഴയ്ക്കുക. അതിനുശേഷം ചേരുവ രണ്ട് ആവശ്യത്തിനു തൂവി, മൂന്നാം ചേരുവ ഉണ്ടെങ്കില്‍ അതും ഇട്ട് നന്നായി കൂട്ടിയോജിപ്പിക്കുക. എന്നിട്ട് ചെറിയ ചെറിയ കഷണങ്ങളായി മുറിച്ച് പരത്തി സൂര്യപ്രകാശത്തില്‍ ഉണക്കാന്‍ വെയ്ക്കുക. നല്ലവണ്ണം ഉണങ്ങിക്കഴിയുമ്പോള്‍ വാങ്ങി സൂക്ഷിക്കുക. നല്ല ഒന്നാം തരം മണ്ണപ്പം റെഡി. ചേരുവ നാലും അഞ്ചും ആവശ്യത്തില്‍ കൂടുതലാണെങ്കില്‍ ഉണ്ടാക്കുന്നതിനിടക്ക് ടേസ്റ്റ് നോക്കുകയുമാവാം..

തമാശ പറഞ്ഞതല്ല...

ദാരിദ്ര്യം കൊണ്ട് വീര്‍പ്പുമുട്ടുന്ന (ഈ മുടിഞ്ഞ ക്ലീഷെ! ) ഹെയ്തിയിലെ ചേരിനിവാസികളായ ജനങ്ങള്‍ വിശപ്പടക്കുന്നത് മുകളില്‍പ്പറഞ്ഞ വിശിഷ്ട്യഭോജ്യം കൊണ്ടാണെന്ന് പത്രറിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. മണ്ണപ്പത്തിന്റെ ചേരുവകളും അതുണ്ടാക്കുന്ന വിധവും ചില റിപ്പോര്‍ട്ടുകളില്‍ കണ്ടത് ഒന്ന് എടുത്ത് എഴുതിയതാണ് മുകളില്‍. കടകളിലും മറ്റും മണ്ണപ്പം വില്പനക്കും വെച്ചിട്ടുണ്ടത്രേ.

ഉയരുന്ന എണ്ണവിലയും, വെള്ളപ്പൊക്കം, വരള്‍ച്ച, ബയോഫ്യുവലിനുവേണ്ടി ഭക്ഷ്യവസ്തുക്കള്‍ വകമാറ്റി “ചിലവു ചെയ്യുമ്പോള്‍“ ഉണ്ടാകുന്ന ക്ഷാമം എല്ലാം കൂടിച്ചേര്‍ന്ന് ലോകമാസകലം ഭക്ഷണ പദാര്‍ത്ഥങ്ങളുടെ വിലയില്‍ വര്‍ദ്ധനവുണ്ടാക്കിയിരിക്കുകയാണ്. ഹെയ്തി പോലെ ഇറക്കുമതിയെ ആശ്രയിക്കുന്ന ഒരു രാജ്യത്തിന് ഇത് താങ്ങാന്‍ പറ്റാതായിരിക്കുന്നു. ഇവിടുത്തെ 80% ജനങ്ങളും ദിവസം 2 ഡോളറില്‍ താഴെ മാത്രം വരുമാനത്തില്‍ ജീവിക്കുന്നവരാണ്. ഒരു ചെറിയ ന്യൂനപക്ഷത്തിന്റെ കയ്യില്‍ എല്ലാ അധികാരങ്ങളും സമ്പത്തും കേന്ദ്രീകരിച്ചിരിക്കുന്നു.

അപ്പോള്‍പ്പിന്നെ മണ്ണു തിന്നാതെ എന്തു ചെയ്യും?

റിപ്പബ്ലിക് ഓഫ് ഹെയ്തി എന്ന ഔദ്യോഗിക നാമമുള്ള ഹെയ്തി എന്ന ലാറ്റിന്‍ അമേരിക്കന്‍ രാജ്യം, കരീബിയന്‍ ദ്വീപുകളിലൊന്നായ ഹിസ്പനിയൊല(Hispaniola)യില്‍ സ്ഥിതി ചെയ്യുന്നു. തലസ്ഥാനം പോര്‍ട്ട് ഓഫ് പ്രിന്‍സ് (Port-au-Prince). ഒരു കാലത്ത് തികച്ചും സമ്പന്നമായിരുന്ന ഈ രാജ്യം കറുത്തവര്‍ഗക്കാര്‍ നേതൃത്വം നല്‍കപ്പെട്ട ലോകത്തിലെ ആദ്യത്തെ സ്വതന്ത്ര റിപ്പബ്ലിക്ക് ആണ്. അതുപോലെത്തന്നെ അടിമകളുടെ വിപ്ലവത്തെത്തുടര്‍ന്ന് രൂപം കൊണ്ടിട്ടുള്ള ഏക രാജ്യവും. ലാറ്റിന്‍ അമേരിക്കയിലെ ഏറ്റവും ആദ്യത്തെയും പഴക്കം ചെന്നതുമായ സ്വതന്ത്ര രാഷ്ട്രവും.

മൊത്തം ചരിത്രം ഇവിടെ വിക്കിയില്‍.

ഒരു കാലത്ത് തികച്ചും സമ്പന്നമായ കോളനിയായിരുന്ന ഈ രാജ്യം ഇന്ന് പശ്ചിമാര്‍ദ്ധഗോളത്തിലെ ഏറ്റവും ദരിദ്രമായ രാജ്യമായതെങ്ങിനെ എന്നതിനെക്കുറിച്ച് വിശകലനം ചെയ്യുന്ന ഒരു ലേഖനം ഇവിടെ ഉണ്ട്. ഫ്രഞ്ച് അധിനിവേശം, 1804ല്‍ കറുത്ത വര്‍ഗക്കാരായ അടിമകളുടെ നേതൃത്വത്തില്‍ രൂപം കൊണ്ട വിപ്ലവാനന്തര രാഷ്ട്രത്തിന് ഉപരോധം ഏര്‍പ്പെടുത്തിയ രാജ്യങ്ങളുടെ നടപടി, അടിമകള്‍ ഫ്രഞ്ചുകാരായ ഭൂവുടമകളില്‍ നിന്നും പിടിച്ചെടുത്ത ഭൂമിക്കു പകരമായി ഫ്രാന്‍സിനു കൊടുക്കേണ്ടി വന്ന തുകയും അതിന്റെ പത്തിരട്ടിയോളം വന്ന പലിശയും, 1915 മുതല്‍ 1934 വരെയുള്ള അമേരിക്കന്‍ അധിനിവേശം, വീണ്ടും രണ്ടാം ലോകമഹായുദ്ധത്തിനുശേഷമുള്ള അമേരിക്കന്‍ മേല്‍ക്കോയ്മ, ഹെയ്തിയിലെ ഭരണാധികാരികളുടെ അഴിമതി, കയ്യിലിരിപ്പ്, സമ്പത്ത് ചെറുന്യൂനപക്ഷത്തിന്റെ കയ്യില്‍ കേന്ദ്രീകരിച്ചതും അവര്‍ അത് സംരക്ഷിക്കാന്‍ ശ്രമിച്ചതും, മണ്ണൊലിപ്പ്, കൃഷിരീതികളിലെ പിഴവ്, വിദ്യാഭ്യാസത്തിന്റെതായ പ്രശ്നങ്ങള്‍, ഭാഷയുടെ പ്രശ്നം അങ്ങിനെ നിരവധി കാരണങ്ങള്‍.......

ആദ്യം ഫ്രാന്‍സും പിന്നീട് അമേരിക്കയും ഹെയ്തിയില്‍ നടപ്പാക്കിയ “ജനാധിപത്യ പുനഃസ്ഥാപന”ത്തെക്കുറിച്ച് വിശദീകരിച്ചുകൊണ്ട് 2004ല്‍ ചോംസ്കി എഴുതിയ ഒരു ലേഖനം ഇവിടെ.

ഹെയ്തിയില്‍ നിരവധികാലം സേവനമനുഷ്ടിച്ചിട്ടുള്ള പോള്‍ ഫാര്‍മര്‍ എന്ന ഡോക്ടറുടെ/നരവംശ ശാസ്ത്രജ്ഞന്റെ ഒരു ലേഖനം ഇവിടെ. സി.ഐ.എയും പെന്റഗണുമൊക്കെ ഇതില്‍ കടന്നു വരുന്നുണ്ട്.

പണ്ട് ഹെയ്തിയില്‍ നിന്ന് ഫ്രാന്‍സ് നിര്‍ബന്ധപൂര്‍വം വാങ്ങിയ പണത്തിന്റെ മൂല്യം ഹെയ്തിയിലെ ജനാധിപത്യരീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ പ്രസിഡണ്ടായിരുന്ന Jean-Bertrand Aristideന്റെ കണക്ക് പ്രകാരം 21 ബില്യണ്‍ അമേരിക്കന്‍ ഡോളര്‍. അരിസ്റ്റൈഡ് അത് തിരിച്ചു ചോദിച്ചുകൊണ്ടിരിക്കുകയായിരുന്നു.

(Taking up the question of the historic French debt, Aristide declared that France ‘extorted this money from Haiti by force and should give it back to us so that we can build primary schools, primary healthcare, water systems and roads.’ He did the maths, adding in interest and adjusting for inflation, to calculate that France owes Haiti $21,685,135,571.48 and counting.)

അദ്ദേഹത്തെ 2004ല്‍ അധികാരത്തില്‍ നിന്നും രണ്ടാംവട്ടവും പുറത്താക്കി.

Haiti is a classic case of the tension between the stated aim of the U.S. to build democracies around the world and its desire to ensure that such governments remain pliant and reflect its own policies. After nine decades of U.S. involvement, Haiti is the poorest country in the western hemisphere. For 30 years from 1958, Washington nurtured the tyrannical regimes of the Duvaliers (father and son) so that they remained allies during the Cold War. ഹിന്ദുവിലെ ഒരു വാര്‍ത്തയില്‍ നിന്ന്.

പശ്ചിമാര്‍ദ്ധഗോളത്തിലെ ഏറ്റവും ദരിദ്രരാജ്യമായിട്ടും ഐ.എം.ഫിന്റെയും ലോക ബാങ്കിന്റെയും കടാശ്വാസ പദ്ധതികളുടെ ആനുകൂല്യം ലഭിക്കുന്ന കാര്യത്തില്‍ മറ്റു അമേരിക്കന്‍ രാജ്യങ്ങളുടെ പുറകിലാണ് ഹെയ്തിയെന്ന് Haiti's Debt എന്ന ഈ ലേഖനത്തില്‍ പറയുന്നു. ഹെയ്തിയുടെ കടം അല്പം പോലും വൈകാതെ റദ്ദാക്കണം എന്ന് അതിനെക്കുറിച്ച് പഠനം നടത്തിയ Mark Weisbrot and Luis Sandoval എന്നിവര്‍ പറയുന്നു.

അങ്ങിനെയൊക്കെയാണ് കാര്യങ്ങള്‍....

ഒരു ഡിസ്കഷന്‍ ഗ്രൂപ്പില്‍ ഒരു അമേരിക്കക്കാരന്‍ തങ്ങളോട് തന്നെ ചോദിച്ച ചോദ്യം തന്നെ എന്തുകൊണ്ടിവര്‍ മണ്ണു തിന്നുന്നു എന്ന ചോദ്യത്തിന്റെ നാടന്‍ ഉത്തരം.

“Why is it that we can dump trillions of dollars in to Iraq - more than 6,000 miles away - to wage war on a nation and a people whom WE armed, and whom did NOTHING to us, yet we allow people to starve and hold themselves from death by eating mud cookies, right here, practically in our back yard in Haiti? “

സിമിയുടെ അച്ഛാ എനിക്ക് വിശക്കുന്നു എന്ന പോസ്റ്റ് കൂടി വായിക്കുക.