Friday, March 30, 2007

ഏപ്രില്‍ ഫൂളാകുവാന്‍ 101 വഴികള്‍!

ഒരു വഴി ഇതാണ്.
ബാക്കി നൂറെണ്ണം സമയം കിട്ടുമ്പോള്‍ പറഞ്ഞു തരാം.
:)

Tuesday, March 27, 2007

ക്രിക്കറ്റിനെക്കുറിച്ചല്ല സുഹൃത്തേ!

ബൌളിങ്ങും ബാറ്റിങ്ങും ഫീല്‍ഡിങ്ങും
ശരിയാവാത്തത് നമുക്ക് മനസ്സിലാക്കാം!
ദേ! അവന്മാരുടെ പാര്‍ക്കിങ്ങും ഒരു വകയായി!

Monday, March 26, 2007

നമ്പൂതിരി ഫലിതങ്ങള്‍ രണ്ടാം ഭാഗം

ഒരു ഹോട്ടലിനു മുന്‍‌വശത്ത് അവിടെ ലഭ്യമാവുന്ന സൌകര്യങ്ങള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന
പരസ്യപ്പലകക്കു സമീപം NO PARKING എന്നെഴുതിവെച്ചിരിക്കുന്നതു കണ്ട്‌ നമ്പൂതിരി
“ങ്ഹേ! ഇബടെ നോപാര്‍ക്കിങ്ങ് സൌകര്യോണ്ടോ? കേമം തന്നെ”

സദ്യക്കിരുന്ന നമ്പൂതിരിയുടെ ഇലയില്‍ വിളമ്പുകാരന്‍ തന്റെ മന്തുകാല്‍ ചവുട്ടി
നില്‍ക്കുകയായിരുന്നു. അല്പം കഴിഞ്ഞപ്പോള്‍ നമ്പൂതിരി “എടോ സുബ്ബയ്യന്‍, തന്റെ കാലിനി ഓലനില്‍നിന്ന്‌ കാളനിലിക്കി മാറ്റിച്ചവിട്ട്വാ..എനിക്കാ ഓലനിത്തിരി കൂട്ടിയാ കൊള്ളാന്ന്ണ്ട്‌“

നമ്പൂതിരി ഊണുകഴിക്കാനായി ഹോട്ടലില്‍ കയറി. അവിടെ homely meals
എന്നെഴുതിവെച്ചിരിക്കുന്നു.
ഇതു കണ്ട നമ്പൂതിരി“ദെന്താ എഴുതിവെച്ചിരിക്കണത്?”
ഉടമ : “ഹോം‌ലി മീത്സ്ന്ന്‌. എന്നു വെച്ചാ ഇല്ലത്തുള്ള ഊണുപോലെത്തന്നെ എന്നര്‍ത്ഥം”
നമ്പൂതിരി : “ നല്ല്ലതു വല്ലതും കഴിക്കാനാ ഇബടെ വന്നെ.ഇബടേം ഇല്ലത്തുള്ള
പോലാണെങ്കില്‍ കഷ്ടാവും. ഞാന്‍ വേറെ എവ്ട്‌ന്നെങ്കിലും കഴിച്ചോളാം”

മര്‍മ്മ വിദഗ്ദനായ നമ്പൂതിരി തന്നെ കുത്താന്‍ വന്ന പശുവിനെ അടിച്ചോടിക്കാന്‍
നോക്കുകയാണ്. പക്ഷെ എവിടെ നോക്കിയാലും മര്‍മ്മം. മര്‍മ്മത്തടിച്ചാല്‍
പശുവിനെന്തെങ്കിലും പറ്റിയാലോ? നമ്പൂതിരിയുടെ വിഷമം കണ്ട ഒരു വഴിപോക്കന്‍
വടിവാങ്ങി പശുവിനെ ഒറ്റയടി. പശു ഓടറാ ഓട്ടം.
ഇതു കണ്ട നമ്പൂതിരി അത്ഭുതത്തോടെ “സമര്‍ത്ഥന്‍.ദെങന്യാ നീ രണ്ടു മര്‍മ്മത്തിന്റെ എടേല് ഇത്ര കൃത്യായിട്ട് അടിച്ചേ?”

നമ്പൂതിരിക്ക് ഷൊര്‍ണ്ണൂരില്‍ നിന്ന്‌ കണ്ണൂരിലേക്ക് പോണം. പക്ഷെ ആദ്യം വന്നത്
എറണാകുളത്തേയ്ക്കുള്ള വണ്ടിയാണ്. ഇതറിയാതെ അകത്തുകയറി ബര്‍ത്തില്‍ ഒരു
തോര്‍ത്തും വിരിച്ച് കിടന്നുകൊണ്ട് നമ്പൂതിരി താഴെയുള്ളയാളോട് “ എബടെയ്ക്കാ?”
“എറണാകുളത്തേയ്ക്ക്”
അത്ഭുതത്തോടെ നമ്പൂതിരി “ എന്താ കഥ?. ശാസ്ത്രത്തിന്റെ ഓരോ കണ്ടുപിടുത്തങ്ങളേയ്..ഒരേ വണ്ടീല് മോളിലിരിക്കണയാള് വടക്കോട്ടേയ്ക്ക്, താഴെയുള്ളയാള് തെക്കോട്ടേയ്ക്ക്”

കവിതാപാരായണ മത്സരത്തില്‍ ഒരുത്തന്‍ ആഞ്ഞു കവിതചൊല്ലുകയാണ്“ പന്ത്രണ്ടു മക്കളെപ്പെറ്റൊരമ്മേ...നിന്റെ മക്കളില്‍ ഞാനാണു ഭ്രാന്തന്‍”
ഇതു കേട്ട നമ്പൂതിരി
“ഇക്കാലത്ത് പന്ത്രണ്ടെണ്ണത്തിനെപ്പെറ്റ ഇവന്റെ തള്ളയ്ക്കാ പ്രാന്ത്”

നമ്പൂതിരി കാര്യസ്ഥനോട് “ ഇന്നലെ നെന്റവടെ ആരോ മരിച്ചൂന്ന് കേട്ടൂലോ. ആരേ മരിച്ചത്? നീയോ നെന്റെ ഏട്ടനോ?”
കാര്യസ്ഥന്‍ “ അടിയന്‍”

Saturday, March 24, 2007

ഏറ്റവും സുഖായിട്ട് ള്ള കാര്യം!

നമ്പൂതിരിക്ക് ഏറ്റവും സുഖായിട്ട് ള്ളതെന്താ?
അതോ? ഇരിഞ്ഞാലക്കൊട ഉത്സവത്തിനങ്ങ്ട് പൂവ്വ് ആ.
ന്ന്ട്ട്
അതാ അങ്ങേയറ്റം സുഖായിട്ട് ള്ള കാര്യം!ന്ന്ട്ട് പകല് മുഴോനും എഴുന്നള്ളത്തും മേളോം ഓട്ട്ന്തുള്ളലും കൊറത്ത്യാട്ടോം ഞ്ഞാണ്മ്മക്കളീം ചാക്യാര്കൂത്തും ഒക്കെയങ്ങട്ട് കണ്ട് രാത്രിയെഴുന്നള്ളിപ്പും കാണ്വാ.
അത് നല്ല രസാണേയ്
അത് നല്ല രസാ..പക്ഷേ അതോണ്ട് മാത്രം സുഖങ്ങട്ട് മുഴ്വോനാവില്ല
സുഖം മുഴ്വോനാ‍വാന്‍ പിന്നെന്താ വേണ്ടെ?
അത്താഴശീവേലി കഴിഞ്ഞ് രാത്രിക്ക് വെളക്ക് വെച്ചാ വിസ്തരിച്ചിരുന്നങ്ങ്ട് കഥകളി കാണ്വാ..
അത് സാധിക്യോ?
സാധിക്കും..എന്നാലും സുഖങ്ങ്ട് മുഴ്വോനാവില്യ...ങ്ങനെ ഉത്സവം ഏഴുദിവസോം രാത്രീം
പകലും ഒന്നും വിടാണ്ട് ഒക്ക്യങ്ങ്ട് കണ്ട്‌ പിറ്റേന്ന് വെളിച്ചാവ്മ്പോ എളവെയിലും കൊണ്ട്
ഇല്ലത്തയ്ക്കങ്ങ്ട് മടങ്ങാ.ന്ന്ട്ട് തല നെറച്ചെണ്ണ തേച്ചങ്ങ്ട് കുളിക്യ. ന്ന്ട്ട് വന്ദനോം
തേവാരോക്കെ കഴിച്ചൂന്ന് വരുത്തി ചെന്നിരിന്നങ്ങ്ട് പുളിച്ച മോരും കൂട്ടി വയറു നെറച്ചങ്ങ്ട്
ഉണ്ണ്വാ..

അയായെന്റെ നമ്പൂരി, പുളിച്ചമോരുകൂട്ടി ഉണ്ണണത് ത്ര സുഖാ?
ഉണ്ണണതല്ല..ഊണ് കഴിഞ്ഞച്ച് കയ്യ് കഴ്‌കീന്ന് വര്ത്തി ഓടിച്ചെന്നൊര് കെടത്തങ്ങ്ട്
കെടക്കാ. ന്ന്ട്ടൊരൊറക്കങ്ങ്ട് ഒറങ്ങാ..

ഇപ്പോ മനസ്സിലായി..ഒറങ്ങണതാ നമ്പൂരിക്ക് ഏറ്റവും സുഖള്ള കാര്യം ല്ലേ?
അല്ലാ...ഉച്ചയ്ക്ക് ഉണ്ണാറായീന്ന് അകത്തുള്ളാള് വന്ന് കുലുക്കി വിളിച്ചാ നേര്യങ്ങ്ട്
കണ്ണ്‌മിഴിക്കാണ്ടങ്ങ്ട് ഉണ്ണാ - ന്ന്ട്ട് കയ്യ് കഴ്‌കീന്ന് വര്ത്തീട്ട് ഒന്നൂറ്റ്യങ്ങ്ട് ഒറങ്ങാ..

ന്നട്ടെന്താ നമ്പൂരി ഒറക്കല്ല സുഖംന്ന് പറഞ്ഞേ?
ഒറക്കല്ല സുഖംന്ന് ള്ളോണ്ടന്നെ
പിന്നെന്താ സുഖം?
അങ്ങനെയങ്ങ്ട് കെടന്നൊറങ്ങ്മ്പോ മൂത്രം മുത്താന്‍ ചുടും. ന്നാലോ എണീക്കില്യ. കാക്കൂട്ടില്
കയ്യും തിരുകിയങ്ങ്ട് കെടക്കും..

അപ്പോ മൂത്രം മുട്ടിക്കെടക്കലാ നമ്പൂരിക്ക് സുഖം..ഇത് അസുഖാണേയ്.
എനിക്കതസുഖാ..അതോണ്ട് തീരെ നിവൃത്തീല്യാണ്ടായാ..ഇപ്പൊപ്പൂവും
ഇപ്പൊപ്പൂവുംന്നാവുമ്പോ ഓടി ഓവകത്ത് ചെന്ന് നിന്ന്, ഇരിക്യാന്‍ കൂടി നേരല്യാത്തോണ്ട്,
നിന്നോണ്ടന്നെ ശറോ‍ാ‍ാ‍ാ‍ാ‍ാ‍ാന്നങ്ങ്ട് ഒഴിക്യാ...അപ്പോണ്ടല്ലോ ഒരു സുഖം. ആ
സുഖം പോലൊരു സുഖം! ഹായ്..ഒന്ന് അനുഭവിച്ചറിയേണ്ടത് തന്ന്യാ..

നമ്പൂതിരി ഫലിതങ്ങള്‍ ഒന്നാം ഭാഗം

ഈ നമ്പൂതിരിയും നമ്പൂതിരിപ്പാടും തമ്മിലുള്ള വ്യത്യാസെന്താ?
നമ്പൂതിരി : ഒരു പാട് വ്യത്യാസണ്ട്‌

തീവണ്ടിയാപ്പീസില്‍ വണ്ടി കാത്തു നില്‍ക്കുന്ന നമ്പൂതിരി കാര്യസ്ഥനോട്‌“ രാമാ വണ്ടി വരാറായാ പറയണംട്ടോ..പരിഭ്രമിക്കാന്‍ തൊടങ്ങാനാ..”

ഒരാള്‍ നമ്പൂതിരിയോട്‌ “ പ്രേതങ്ങളില്‍ വിശ്വാസണ്ടോ?”
നമ്പൂതിരി “ താനിങ്ങനെ മുന്‍പീ വന്നു നിന്നു ചോദിക്കുമ്പോ വിശ്വസിക്കാണ്ടെ പറ്റ്വോ?”

നമ്പൂതിരി വണ്ടിയില്‍ നിന്നും ഇറങ്ങാന്‍ ഭാവിക്കുകയാണ്. ഇതിനിടെ കുറെപ്പേര്‍ കയറാന്‍
തിടുക്കം കാണിച്ചു
നമ്പൂതിരി : “ഞാനെറങ്ങട്ടെ”
ഞങ്ങളു കയറട്ടെ
നമ്പൂതിരി: “നിങ്ങക്ക് ഇനി വരണ വണ്ടീലും കേറാം..എനിക്കെറങ്ങണെങ്കില് ഇതീന്നേ പറ്റൂ”

കള്ളുകുടിച്ച് വഴക്കുണ്ടാക്കി ആസ്പത്രിയിലാക്കിയ ഒരാള്‍ക്ക് നല്ല മുറിവുണ്ട്..ബോധം
കെടുത്തണമെന്ന് ഡോക്ടര്‍ പറയുന്നതു കേട്ട്
നമ്പൂതിരി “ അതിനി വേണോ?”
ഡോക്ടര്‍ :“അതെന്താ?”
നമ്പൂതിരി “ അല്ലാ..ബോധണ്ടായിരുന്നൂച്ചാ ഇങ്ങനെയൊന്നും വരില്ലാലോ”

നമ്പൂതിരിയുടെ കയ്യില്‍ ഒരു വലിയ പഴവും ചെറിയ പഴവും ഉണ്ട്. ചെറിയ പഴം
മറ്റെയാള്‍ക്ക് കൊടുത്തിട്ട് നമ്പൂതിരി വലിയ പഴം തിന്നുവാന്‍ തുടങ്ങി. ഇതു കണ്ട അയാള്‍
“ച്ഛെ! മോശം..ഞാനായിരുന്നൂച്ചാ വലിയ പഴം തനിക്ക് തന്നിട്ട് ചെറിയ പഴം
ഞാനെടുക്കുകയേയുള്ളൂ”
നമ്പൂതിരി “ഞാനും അതന്നെയല്ലേ ചെയ്തത്?”

നമ്പൂതിരി സര്‍ക്കസ് കാണുവാന്‍ പോയി...അഭ്യാസി വളയത്തിലൂടെ ചാടുകയാണ്..ആദ്യം
വലിയ വളയത്തിലൂടെ, പിന്നെ ചെറുതിലൂടെ, പിന്നെ അതിലും ചെറുതിലൂടെ. ഇതു കണ്ട
നമ്പൂതിരി ‘ ഇക്കണക്കിന്‌ ഇവന്‍ വളയം ഇല്യാണ്ടും ചാടൂലോ”

കാര്യസ്ഥന്‍ ശങ്കുണ്ണി കള്ളുകുടിച്ച് പലപ്പോഴും നമ്പൂതിരിയുടെ മുന്നില്‍ ചെല്ലുമായിരുന്നു.
എങ്കിലും നമ്പൂതിരിക്ക് ഇതൊന്നും അറിയില്ലായിരുന്നു. ഒരു ദിവസം രണ്ടുപേരും കൂടി ഒരു
യാത്ര പോവുകയായിരുന്നു..കള്ളുഷാപ്പിനു സമീപമെത്തിയപ്പോള്‍
നമ്പൂതിരി“ ഇതെന്താ ശങ്കൂ..ഇവ്ടെ എത്തിയപ്പോ നെന്റൊരു വാസന?’

ഒരില്ലത്ത് അതിഥിയായി ചെന്ന മാടമ്പ് കുഞ്ഞുകുട്ടനോട് പിശുക്കനായ നമ്പൂതിരി
“ട്ടോ മാടമ്പ്...ഇവ്ടെ മുറുക്കണോരാരൂല്യ”
മാടമ്പ് : “ അതോണ്ട് വിരോധല്യാ”
“ബീഡി, സിഗരറ്റ് അതും പതിവില്യ”
മാടമ്പ് : “അതോണ്ടും വിരോധല്യ”
“ചായ, കാപ്പി അതൂല്യ..ഒക്കെ ഒരു പഴയ മട്ടാ ഇവ്ടെ. ആട്ടെ..മാടമ്പിന്റവിടെ എങ്ങനാ?”
മാടമ്പ് :“അവ്ടെം ഇതൊക്കെ പതിവില്ലാത്തോര്ണ്ട്..പക്ഷെ അവരൊക്കെ തൊഴുത്തിലാന്ന്
മാത്രം”

Thursday, March 22, 2007

ജലം അമൂല്യമാണ്. അതു സംരക്ഷിക്കൂ...

പല്ലുതേയ്ക്കാന്‍ 5 മിനിറ്റ് പൈപ്പ് തുറന്നിടുകയാണെങ്കില്‍ ചിലവ് 45 ലിറ്റര്‍ വെള്ളമാണ്.കപ്പില്‍ വെള്ളമെടുത്ത് പല്ലു തേയ്ക്കുകയാണെങ്കില്‍ 1/2 ലിറ്റര്‍ വെള്ളം മതി.
ലാഭം 44.5 ലിറ്റര്‍

‍2 മിനിറ്റ് പൈപ്പ് തുറന്ന്‌ ഷേവ് ചെയ്യുകയോ കൈ കഴുകുകയോ ചെയ്യുമ്പോള്‍ ചെലവ് 18 ലിറ്റര്‍ വെള്ളമാണ്. കപ്പില്‍ വെള്ളമെടുത്ത് ഷേവ് ചെയ്യുവാനും കൈകഴുകുവാനും 1/2 ലിറ്റര്‍ വെള്ളം മാത്രം മതി.
ലാഭം 17.5 ലിറ്റര്‍

‍ഷവര്‍ കുളിക്ക് വേണ്ടത് 72 ലിറ്റര്‍ വെള്ളമാണ്. ഇതിനുപകരം ദേഹമാദ്യം നനച്ച് സോപ്പ് തേയ്ക്കുക. 2 മിനിറ്റ് ഷവര്‍ തുറന്നിടുക. 1/2 മിനിറ്റ് പൈപ്പ് തുറന്ന്‌ തോര്‍ത്ത് നനയ്ക്കുക. എങ്കില്‍ 22.5 ലിറ്റര്‍ വെള്ളമേ വേണ്ടൂ.
ലാഭം 49.5 ലിറ്റര്‍

‍10 മിനിറ്റ് ഹോസ് തുറന്നിട്ടാല്‍ 90 ലിറ്റര്‍ വെള്ളമാണ് ചെലവാകുന്നത്. ചെടി നനയ്ക്കുന്നതിന് ക്യാന്‍ ഉപയോഗിച്ചാല്‍ 5 ലിറ്റര്‍ വെള്ളമേ വേണ്ടൂ.ലാഭം 85 ലിറ്റര്‍2 ബക്കറ്റ് വെള്ളത്തില്‍ കാര്‍ കഴുകിയാല്‍ 18 ലിറ്റര്‍ വെള്ളമേ വേണ്ടൂ. 10 മിനിറ്റ് ഹോസ് തുറന്നിട്ട് കാര്‍ കഴുകിയാല്‍ നഷ്ടം 72 ലിറ്റര്‍ വെള്ളമാണ്.

ചിന്തിക്കൂ...പ്രവര്‍ത്തിക്കൂ...
ജലം അമൂല്യമാണ്. അതു സംരക്ഷിക്കൂ

Wednesday, March 21, 2007

ഒരു കുടക്കീഴില്‍


ഒരു പരീക്ഷണം. ഇമേജില്‍ ക്ലിക്ക് ചെയ്താല്‍ അത് തുറന്നു വരും.വായിക്കുവാന്‍ എളുപ്പമായിരിക്കും. വ്യൂ അഡ്ജസ്റ്റ് ചെയ്താല്‍ ഒറ്റ പേജില്‍ നില്‍ക്കും.

Sunday, March 18, 2007

ഇറാഖ് - ആരുടേതാണീ എണ്ണ?

ഇറാഖില്‍ അമേരിക്കന്‍ സൈന്യം നടത്തുന്ന അധിനിവേശം അഞ്ചാം വര്‍ഷത്തിലേക്ക് കടന്നിരിക്കുകയാണ്. ലോകത്തിന്റെ നാനാഭാഗങ്ങളില്‍ വന്‍പിച്ച പ്രതിഷേധപ്രകടനങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. ദിവസേനയെന്നോണം ഇറാഖില്‍ നിന്നും വന്നുകൊണ്ടിരിക്കുന്ന അമേരിക്കന്‍ ഭടന്മാരുടെ ശവപ്പെട്ടികള്‍ അമേരിക്കന്‍ അമ്മമാരെ തെരുവിലിറങ്ങാന്‍ നിര്‍ബന്ധിതരാക്കുന്ന സാഹചര്യമാണ് അവിടെ ഉള്ളത്. യുദ്ധത്തിന് ഒരു കാരണമായി ഉയര്‍ത്തിക്കാട്ടിയ സര്‍വവിനാശകായുധങ്ങള്‍ (Weapons of mass destruction) ഒരെണ്ണം പോലും കണ്ടെത്താനായില്ലെങ്കിലും, യഥാര്‍ത്ഥ കാരണമായ എണ്ണ അമേരിക്കന്‍/ബ്രിട്ടീഷ് കുത്തകകളുടെ കയ്യിലേക്കെത്താന്‍ സഹായകമായേക്കാവുന്ന ഒരു പുതിയ എണ്ണ നിയമത്തിന് ഇറാഖ് മന്ത്രിസഭ അനുമതി നല്‍കിയിട്ടുണ്ട്. അതിന്റെ വിശദാംശങ്ങളിലേക്ക് ഒരു ചെറിയ എത്തിനോട്ടം.

ഇറാഖിലെ എണ്ണശേഖരം

ലോകത്തിലെ ഏറ്റവും മികച്ച എണ്ണശേഖരത്തിന്റെ ഉടമയാണ് ഇറാഖ്. യു.എസ്.എനര്‍ജി ഡിപ്പാര്‍ട്ട്മെന്റിന്റെ കണക്കുപ്രകാരം പഠനം നടത്തി കണ്ടെത്തിയിട്ടുള്ള 112 ബില്യണ്‍ ബാരല്‍ എണ്ണ ശേഖരത്തിന് (സൌദി അറേബ്യ ഒന്നാമത്) പുറമെ മറ്റൊരു 220ബില്യണ്‍ ബാരല്‍ നിക്ഷേപം കൂടി ഇറാഖിലുണ്ട്. ഉപരോധങ്ങളും അധിനിവേശങ്ങളും തുടര്‍ക്കഥയായതുകൊണ്ടും പഠനങ്ങളും പര്യവേക്ഷണവുമൊന്നും നടക്കാത്തതുകൊണ്ടും ഒരു പക്ഷെ ഇതിലും എത്രയോ അധികമായിരിക്കും യഥാര്‍ത്ഥ നിക്ഷേപം.

കുഴിച്ചെടുക്കാന്‍ വളരെ എളുപ്പമായ രീതിയില്‍ ഭൂതലത്തിനു തൊട്ടു താഴെ തന്നെയാണ് ഈ നിക്ഷേപങ്ങള്‍ എന്നതുകൊണ്ട് ഏതാണ്ട് ഒന്നര ഡോളറിനു എല്ലാ ചിലവും ഉള്‍പ്പെടെ ഒരു ബാരല്‍ എണ്ണ ഉല്‍‌പാദിപ്പിക്കുവാന്‍ സാധിക്കും. ഇപ്പോള്‍ ചിലവു കുറഞ്ഞത് എന്ന് കരുതപ്പെടുന്ന ഇടങ്ങളില്‍ അഞ്ച് ഡോളറാണ് ഏറ്റവും കുറഞ്ഞ ചെലവ്. മറ്റു ചിലയിടങ്ങളില്‍ 12 മുതല്‍ 16 ഡോളര്‍ വരെയാണെന്നതും ഇതോടൊപ്പം ഓര്‍ക്കേണ്ടതുണ്ട്.

ഇറാഖിലെ മുന്‍ എണ്ണ മന്ത്രി അഹമ്മദ് ചലാബി പറയുന്നത് 526 ഇടങ്ങളില്‍ നിന്ന് എണ്ണ കുഴിച്ചെടുക്കാമെങ്കിലും ഇപ്പോള്‍ 125 എണ്ണമേ ഉപയോഗിക്കുന്നുള്ളൂ എന്നാണ്. ഇറാഖിലെ വടക്കന്‍ മരുഭൂമികളിലെ നിക്ഷേപം കൂടി കണക്കിലെടുക്കുകയാണെങ്കില്‍ ലോകത്തിലെ ഏറ്റവും കൂടുതല്‍ എണ്ണ നിക്ഷേപം ഉള്ള രാജ്യമായിരിക്കും ഇറാഖ്.

എല്ലാവരുടേയും കണ്ണ് എണ്ണ നിക്ഷേപത്തില്‍

ഈ എണ്ണനിക്ഷേപത്തിലാണ് എല്ലാവരുടേയും കണ്ണ്`. ഒരു പക്ഷെ ബിഗ് ഫോര്‍’ എന്നറിയപ്പെടുന്ന, ലോകത്തിലെ ഏറ്റവും വലിയ എണ്ണക്കമ്പനികളായ എക്സോണ്‍ -മൊബൈല്‍, ചെവ് രോണ്‍ (അമേരിക്കന്‍ കമ്പനികള്‍),ബി.പി അമോകൊ, റോയല്‍ ഡച്ച് ഷെല്‍ (ബ്രിട്ടീഷ് കമ്പനികള്‍) എന്നിവ ഇതിന്റെ സിംഹഭാഗത്തിന്റേയും നിയന്ത്രണം കയ്യടക്കിയേക്കും. 12 വര്‍ഷം നീണ്ടു നിന്ന ഉപരോധത്തിന്റെ കാലത്ത് സദ്ദാം ഗവര്‍ണ്മെന്റ് ചൈനീസ്, റഷ്യന്‍, ഫ്രഞ്ച് കമ്പനികളുമായി കരാറിലേര്‍പ്പെട്ടതുകൊണ്ട് നിരാശരായിരിക്കുകയായിരുന്നു ഇവര്‍. ഇറാഖില്‍ ഒരു ഭരണമാറ്റത്തിനായി 1990 മുതല്‍ ഇവരൊക്കെ ശ്രമിച്ചുവരികയായിരുന്നു. രണ്ടായിരാമാണ്ടോടെ, അമേരിക്കന്‍ ചരിത്രത്തിലാദ്യമായി എണ്ണ മേഖലയിലെ രണ്ടു താപ്പാനകളായ ജോര്‍ജ് ബുഷും ഡിക്‌ചെനിയും രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട രണ്ടു പദവികളിലെത്തിയതോടെഇതിനുള്ള നീക്കം ശക്തിപ്പെടുകയും വിജയിക്കുകയും ചെയ്തു.

ഇറാഖ് എണ്ണ-വാതക (ഹൈഡ്രോകാര്‍ബണ്‍) നിയമം

ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ഇറാഖി മന്ത്രിസഭ അംഗീകരിച്ച ‘ഇറാഖ് എണ്ണ-വാതക (ഹൈഡ്രോകാര്‍ബണ്‍) നിയമം’ , ഇറാഖിലെ എണ്ണ നിക്ഷേപം മുഴുവന്‍ ബഹുരാഷ്ട്രക്കുത്തകകള്‍ക്ക് അടിയറ വെക്കുന്നതാണെന്ന വിമര്‍ശനം ഉയര്‍ന്നു കഴിഞ്ഞു. ഇറാഖി മന്ത്രിസഭയുടെ പരിഗണനക്ക് ഈ കരട്‌ വന്ന സമയത്ത് തന്നെ ചോര്‍ന്ന് ഇന്റര്‍നെറ്റില്‍ വരികയായിരുന്നു. ഈ നിയമത്തിന്റെ കൂടെയുള്ള മൂന്ന് പ്രധാ‍ന സപ്ലിമെന്റുകള്‍ ലഭ്യമല്ല എന്നും പറയപ്പെടുന്നു. ഒരു പക്ഷേ അവസാനം പുറത്തുവരുന്ന, ഔദ്യോഗിക പതിപ്പിലെ വാചകങ്ങളും വാക്കുകളും ഇപ്പോള്‍ പുറത്തുവന്നിട്ടുള്ള കരടില്‍ നിന്നും വ്യത്യാസപ്പെട്ടിരിക്കുവാനും സാധ്യതയുണ്ട്‌. സ്വതന്ത്ര വിശകലന വിദഗ്ദരും തൊഴിലാളി സംഘടനകളുമൊക്കെ ഈ നിയമത്തിന്റെ കരട് തയ്യാറാക്കിയ രീതിയേയും കുത്തകകള്‍ക്ക് അനുകൂലമായ വ്യവസ്ഥകളെയും ശക്തമായി വിമര്‍ശിക്കുന്നുണ്ട്. രാജ്യം കൂടുതല്‍ കുഴപ്പങ്ങളിലേക്ക് നീങ്ങുകയായിരിക്കും ചെയ്യുക എന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞ മൂന്ന് ദശകത്തിലേറെക്കാലമായി പൊതുമേഖലയില്‍ നില നിന്നിരുന്ന ഇറാഖി എണ്ണ വ്യവസായത്തെ ഈ നിയമം സ്വകാര്യവത്കരണത്തിലെക്ക് നയിക്കും എന്നവര്‍ പറയുന്നു. ഉദാഹരണമായി രാജ്യത്തെ എണ്ണ നിക്ഷേപത്തിന്റെ മൂന്നില്‍ രണ്ട് ഭാഗവും വികസിപ്പിക്കപ്പെടുക ഇനി കുത്തകകളുടെ നിയന്ത്രണത്തിലായിരിക്കും. പതിനഞ്ച് വര്‍ഷം മുതല്‍ ഇരുപത് വര്‍ഷം വരെ (ചില കരാറുകള്‍ 35 വര്‍ഷം വരെയും) നീണ്ടുനില്ക്കുന്ന കരാറായിരിക്കും അവര്‍ക്ക് ലഭിക്കുക. ലാഭം മുഴുവന്‍ പുറത്തുകടത്തുവാനുള്ള പൂര്‍ണാധികാരം കമ്പനികള്‍ക്ക് ലഭിക്കുക വഴി, ഇറാഖി ജനതക്ക് അര്‍ഹതപ്പെട്ട സമ്പത്ത് കവര്‍ന്നെടുക്കപ്പെടും. ഈ കമ്പനികള്‍ക്ക് സംരക്ഷണം ആവശ്യമുണ്ട് എന്ന നാട്യം അധിനിവേശം തുടരുന്നതിനുള്ള ന്യായീകരണമായി മാറും എന്നവര്‍ ഭയപ്പെടുന്നു.

ഈ നിയമത്തിന്റെ കരട് തയാറാക്കുന്ന സമയത്ത് ഏണ്ണ മേഖലയിലെ യൂണിയന്‍ പ്രതിനിധികളേയും പൌരാവകാശ ഗ്രൂപ്പുകളേയും ഒക്കെ ഒഴിവാക്കിയിരുന്നതായി അവര്‍ കുറ്റപ്പെടുത്തുന്നു. തര്‍ക്കങ്ങളും മറ്റും അന്താരാഷ്ട്രകോടതികളില്‍ പരിഹരിക്കണം എന്ന കരടിലെ വ്യവസ്ഥ ഇറാഖിന്റെ സ്വയംഭരണാവകാശത്തെ ഹനിക്കുന്നതാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. നിയമമനുസരിച്ച് ഇറാഖിലെ എണ്ണ നിക്ഷേപത്തിന്റെ ഉടമസ്ഥാവകാശം ഇറാഖിനു തന്നെയായിരിക്കുമെങ്കിലും നടക്കുന്നത് മറിച്ചായിരിക്കുമെന്ന് വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ഇതിലെ പര്യവേക്ഷണ-അപകട സാധ്യതാ കരാറുകളും (Exploration Risk Contracts), പര്യവേക്ഷണത്തിനും ഉല്പന്നങ്ങള്‍ പങ്കുവെക്കുന്നതിനുമുള്ള കരാറുകളും (Exploration and Product Contracts), ബഹുരാഷ്ട്രകുത്തകകള്‍ക്ക് പ്രിയങ്കരമായ Product Sharing Agreementsല്‍ നിന്നും വ്യത്യസ്ഥമല്ല എന്നതാണിതിനു കാരണം. 1960കളില്‍ അന്നു വരെ നിലവിലുണ്ടായിരുന്ന ‘കണ്‍സെഷണല്‍ കരാറുകള്‍ക്ക്’ പകരമായി രൂപം നല്‍കിയതാണ് ഈ PSA. പഴയനിയമത്തിലെ തങ്ങള്‍ക്ക് അനുകൂലമായ എല്ലാ വ്യവസ്ഥകളും നിലനിര്‍ത്തിക്കൊണ്ട് കൂടുതല്‍ മെച്ചപ്പെട്ട ലാഭവിഹിതം നേടാന്‍ ഇത് കുത്തകകളെ സഹായിക്കുന്നു എന്ന് ചില വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു. പിന്നീട് വരുന്ന സര്‍ക്കാരുകള്‍ക്ക് പിന്മാറാന്‍ അധികാരമില്ലാത്ത തരത്തിലുള്ള ദീര്‍ഘകാല കരാറുകളാണ് ഇതിന്റെ മുഖ്യ സവിശേഷതകളിലൊന്ന്‌. നിയമത്തിലെ പന്ത്രണ്ടാം വകുപ്പു പ്രകാരം, ദീര്‍ഘകാല കരാറുകള്‍ നല്‍കാനുള്ള അധികാരം ഫെഡറല്‍ ഓയില്‍ ആന്‍ഡ് ഗ്യാസ് ഏജന്‍സിക്കാണ്. ഇറാഖ് പാര്‍ലിമെന്റിനുതന്നെയായിരിക്കണം ഈ അധികാരം ഉണ്ടായിരീക്കേണ്ടതെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. ഇറാഖ് ഭരണഘടനയിലെ ചില വകുപ്പുകളുടെ അടിസ്ഥാനത്തിലാണ് ഈ നിയമം തയാറാക്കിയിരിക്കുന്നത്. ആ വകുപ്പുകള്‍ തന്നെ (ഉദാ:112,113,115) പുനഃപരിശോധിക്കപ്പെടാനിരിക്കെ അതിന്റെ അടിസ്ഥാനത്തിലുള്ള ഈ പുതിയ നിയമത്തിന്റെ സാധുതയും ചോദ്യം ചെയ്യപ്പെടുന്നുണ്ട്.

ഈ നിയമത്തിന്റെ ആദ്യ കരട് കണ്ടിട്ടുള്ളത് ഇതു തയ്യാറാക്കിയ ഇറാഖിലെ ടെക്‌നോക്രാറ്റ്സും, (ബുഷ് ഭരണകൂടം നിയമിച്ച ബേര്‍ണിംഗ് പോയിന്റ് എന്ന അമേരിക്കന്‍ കണ്‍സള്‍ട്ടന്‍സി കമ്പനിയുടെ സഹായത്തോടെ) ഒന്‍പത് അന്താരാഷ്ട്ര എണ്ണക്കമ്പനികളും, ബ്രിട്ടീഷ് യു,എസ്. ഗവര്‍മെന്റുകളും ഐ.എം.എഫും മാത്രമാണ്. ഇറാഖിലെ പാര്‍ലിമെന്റ് ഇതു കാണാനിരിക്കുന്നതേയുള്ളൂ. പാര്‍ലിമെന്റിന്റെ അംഗീകാ‍രം ലഭിക്കും എന്നു തന്നെ വിശ്വസിക്കപ്പെടുന്നു.

ബ്രിട്ടീഷ് മനുഷ്യാവകാശ പ്രവര്‍ത്തകയും ഈ രംഗത്തെ വിദഗ്ദയുമായ ഈവ ജാസീവിക്സ് പറയുന്നത് തികച്ചും ജനാധിപത്യവിരുദ്ധമായ അധിനിവേശത്തില്‍ കഴിയുന്ന ഇറാഖില്‍, അതിലേറെ ജനാധിപത്യവിരുദ്ധമായും രഹസ്യസ്വഭാവത്തോടെയും, വിദേശശക്തികളുടെ മേല്‍നോട്ടത്തിലും സൈനിക നിയന്ത്രണത്തിലുമാണ് ഈ നിയമം തയ്യാറാക്കിയിട്ടുള്ളത് എന്നാണ്. ഒരു യുദ്ധകുറ്റകൃത്യമായിട്ടേ (war crime) ഈ നിയമത്തെ കണക്കാക്കാന്‍ പറ്റൂ എന്നവര്‍ കൂട്ടിച്ചേര്‍ക്കുന്നു.

പൊട്ടാന്‍കാത്തിരിക്കുന്ന ബോംബ്

‘പൊട്ടാന്‍ കാത്തിരിക്കുന്ന ബോംബ്” എന്നാണ് ഈ നിയമത്തെ ഇറാഖ് പാര്‍ലിമെന്റിലെ ഏണ്ണ കമ്മിറ്റി തലവനായ ഡോ.അല്‍ ഹബുദി അല്‍ ഹസാനി വിശേഷിപ്പിച്ചത്.

ഇറാഖ് ഗവര്‍മെന്റിന്റെ ഔദ്യോഗികവിശദീകരണം പക്ഷെ ഈ നിയമം രാഷ്ട്രനിര്‍മ്മാണത്തിലെ ഒരു അടിസ്ഥാനശിലയാണെന്നാണ്. “ ഭാവി തലമുറക്കു കൂടി ഇറാഖിന്റെ സമ്പത്ത് ഉപയോഗപ്പെടുന്ന തരത്തിലാണ് ഈ നിയമം“ എന്ന് ഇറാഖ് എണ്ണ മന്ത്രി ഹുസൈന്‍ അല്‍-ഷാഹ്രിസ്താന്‍ അഭിപ്രായപ്പെടുന്നു. ബുഷ് ഭരണകൂടവും,ഡെമോക്രാറ്റുകളും, വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ അടക്കമുള്ള അമേരിക്കയിലെ മുഖ്യധാരാമാധ്യമങ്ങളും ഈ നിയമത്തെ സര്‍വാത്മനാ സ്വാഗതം ചെയ്യുന്നുണ്ട്.

ഇറാഖ് ഭരണഘടനയനുസരിച്ച് “എണ്ണ എല്ലാ ഇറാഖി ജനതയുടെയും സ്വന്തമാണെന്നും” കുര്‍ദിഷ് മേഖലയില്‍ കേന്ദ്രീകരിക്കപ്പെട്ടിട്ടുള്ള ഈ നിക്ഷേപത്തില്‍ നിന്നുള്ള ലാഭം, മുഴുവന്‍ ഇറാഖി ജനതക്കുമായി വിതരണം ചെയ്യപ്പെടാന്‍ ഈ നിയമം സഹായിക്കുമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. ഇതുവഴി സുന്നി വിഭാഗത്തിന്റെ ഭീതി അകറ്റാന്‍ കഴിയുമെന്ന വശവും അവര്‍ എടുത്തുപറയുന്നുണ്ട്. 2003നുശേഷം ഇറാഖിലെ എല്ലാ ജനവിഭാഗങ്ങളും (സുന്നി, ഷിയ, കുര്‍ദ്) ഒത്തുചേര്‍ന്ന് പാസ്സാക്കുന്ന ഈ നിയമം രാജ്യത്തിന്റെ അഖണ്ഡതക്കൊരു നെടുംതൂണായിരിക്കും എന്ന് സ്ഥാനമൊഴിയുന്ന യു.എസ്. അംബാസ്സഡര്‍ സല്‍മെ ഖലില്‍ സദ് അഭിപ്രായപ്പെടുന്നു.

എന്തായാലും നമുക്ക് കാത്തിരുന്നു കാണാം

കൂടുതല്‍ വായനയ്ക്ക്

 1. ഇംഗ്ലീഷില്‍ തയ്യാറാക്കി അറബിയിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട ഈ നിയമത്തിന്റെ, തിരിച്ച് ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട കോപ്പി ഇവിടെ ലഭ്യമാണ്.
 2. മുനീര്‍ ചലാബിയുടെ ലേഖനം 1
 3. മുനീര്‍ ചലാബിയുടെ ലേഖനം 2
 4. ഇറാഖ് എനര്‍ജി ഡാറ്റ

  Friday, March 16, 2007

  ക്രിക്കറ്റിലെ ഡക്ക് വര്‍ത്ത്-ലൂയിസ് രീതി

  ലോകകപ്പ് ക്രിക്കറ്റ് നടക്കുകയല്ലേ..ചില കളികളെങ്കിലും മഴ തടസ്സപ്പെടുത്തിയേക്കാം..മഴമൂലമോ മറ്റു കാരണങ്ങളാലോ കളികള്‍ തടസ്സപ്പെടുമ്പോള്‍ വിജയിയെ നിര്‍ണ്ണയിക്കുന്നതിനും ടാര്‍ജെറ്റ് സ്കോര്‍ നിര്‍ണ്ണയിക്കുന്നതിനുമൊക്കെ ഉപയോഗിക്കുന്നത് Duckworth-Lewis (D/L) രീതിയാണ്. അതിനെപ്പറ്റിയുള്ള വിക്കിപീഡിയ ലേഖനം ഇവിടെ.

  Duckworth-Lewis രീതിക്കു പകരമായി, മലയാളിയായ വി.ജയദേവന്‍ രൂപപ്പെടുത്തിയിട്ടുള്ള, ജെ-മെത്തേഡ് (J-Method) ഇവിടെ.

  Duckworth-Lewis നിയമത്തെക്കുറിച്ചുള്ള FAQ (Frequently Asked Questions) ഇവിടെ.

  Sunday, March 11, 2007

  ‘ബോറടിപ്പിക്കുന്ന‘ ചില സത്യങ്ങള്‍

  1998ലെ ഹ്യൂമന്‍ റിസോഴ്സ് റിപ്പോര്‍ട്ടില്‍ നിന്നു എടുത്ത കണക്കുകളാണിവ.

  ലോകത്തിലെ ധനികരില്‍ ധനികരായ 5 ശതമാനം പേര്‍‍ ലഭ്യമായ മത്സ്യത്തിന്റെയും മാംസത്തിന്റെയും 45% ഉപയോഗിക്കുമ്പോള്‍ ദരിദ്രരില്‍ ദരിദ്രരായ 5 ശതമാനം പേര്‍ ‍ഉപയോഗിക്കുന്നത് വെറും 5% മാത്രം. ഉപയോഗിക്കുന്ന ഊര്‍ജ്ജത്തിന്റെ കാര്യത്തില്‍ ഇത് യഥാക്രമം 58 ശതമാനവും 4 ശതമാനവുമാണ്. പേപ്പര്‍, ‍ ലഭ്യമായ ടെലിഫോണ്‍ ലെയിനുകള്‍ , വാഹനങ്ങള്‍ എന്നിവയുടെയെല്ലാം കാര്യത്തിലും ഇത് തന്നെയാണ് സ്ഥിതി. (blogger's devil: ധനികരില്‍ ധനികരായ 5% എന്നതും ദരിദ്രരില്‍ ദരിദ്രരായ 5% എന്നതും 20% എന്ന് തിരുത്തി വായിക്കാനപേക്ഷ. തെറ്റ് ചൂണ്ടിക്കാണിച്ചു തന്ന സുഹൃത്തിനു നന്ദി)

  ഈ ലിസ്റ്റ് എത്രവേണമെങ്കിലും നീട്ടാം.

  മറ്റൊരു കണക്കുകൂട്ടലനുസരിച്ച് ഭൂമിയില്‍ ഓരോ വ്യക്തിക്കും അവനാവശ്യമായ വിഭവങ്ങള്‍ ഉല്പാദിപ്പിക്കുന്നതിനും, അവനുണ്ടാക്കുന്ന പാഴ്വസ്തുക്കള്‍ കളയുന്നതിനുമൊക്കെയായി 1.9 ഹെക്ടര്‍ (ഒരു ഹെക്ടര്‍=2.47 ഏക്കര്‍) ഭൂമിയാണ് ലഭിക്കുക. പക്ഷെ, ഇപ്പോള്‍ത്തന്നെ ഈ ഉപയോഗത്തിന്റെ ശരാശരി 2.3 ഹെക്ടര്‍ ആണ്. ശരാശരി അമേരിക്കക്കാരന് ഇത് 9.7 ഹെക്ടര്‍ !‍ മൊസാംബിക്കുകാരന് 0.47 ഹെക്ടര്‍ !!‍

  അവലംബം: (www.worldwatch.org)

  കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ നോക്കുക. (ലിങ്കിനെക്കുറിച്ച് വിവരം തന്ന കൈയൊപ്പിനു നന്ദി)

  “ആറടി മണ്ണിന്റെ“ കാര്യത്തില്‍പ്പോലും തുല്യത ഇല്ല അല്ലേ?

  വിശ്വനാഥന്‍ ആനന്ദ് ലോക ഒന്നാം നമ്പര്‍ പദവിയിലേക്ക്

  ഇന്ത്യയുടെ സൂപ്പര്‍ ഗ്രാന്റ്മാസ്റ്റര്‍ വിശ്വനാഥന്‍ ആനന്ദ് ലോകചെസ്സില്‍ ഒന്നാം നമ്പര്‍ പദവിലേക്കെത്തുന്നു. ഇന്നലെ സമാപിച്ച ലിനാറെസ് സൂപ്പര്‍ ഗ്രാന്റ്മാസ്റ്റര്‍ ചെസ്സ് ടൂര്‍ണമെന്റില്‍ ചാമ്പ്യനായ ആനന്ദ് ഈ വരുന്ന ഏപ്രിലില്‍ പുറത്തിറങ്ങുന്ന ഫിഡെ റേറ്റിങ്ങ് ലിസ്റ്റില്‍ ഒന്നാമതായിരിക്കും. ഒരു ദശകത്തൊളമായി തൊട്ടു തൊട്ടില്ല എന്ന മട്ടില്‍ ആനന്ദിനെ വിട്ടൊഴിഞ്ഞു കൊണ്ടിരുന്ന ഈ പദവി ഇത്തവണ എന്തായാലും അദ്ദേഹത്തിനു ലഭിക്കും.

  വിശ്വനാഥന്‍ ആനന്ദിനു അഭിനന്ദനങ്ങള്‍ !

  ഭാരതീയര്‍ എന്ന നിലക്ക് നമുക്ക് അഭിമാനിക്കാം

  കൂടുതല്‍ വിവരങ്ങള്‍ക്ക്
  www.chessbase.com സന്ദര്‍ശിക്കുക.

  Saturday, March 10, 2007

  അതിസമ്പന്നപ്പട്ടിക!

  ഇന്നത്തെ (11 മാര്‍ച്ച് 2007) മാതൃഭൂമി ദിനപ്പത്രത്തിലെ ഒന്നാം പേജില്‍ ഫോര്‍ബ്സ് അതി സമ്പന്ന പട്ടികയില്‍ ഇടം പിടിച്ച രണ്ടു മലയാളികളെക്കുറിച്ച് ഒരു വാര്‍ത്ത ഉണ്ട്. സമ്പന്നരുടെ പേരോ അവരുടെ കൈയ്യിലെ കോടികളുടെ കണക്കോ നമുക്ക് വിടാം. ആ വാര്‍ത്തയിലെ അവസാനത്തെ ഖണ്ഡിക ഇതാണ്

  “അതിസമ്പന്നരുടെ പട്ടികയില്‍ ഇത്തവണ 36 ഇന്ത്യക്കാരാണ് ഇടം പിടിച്ചിരിക്കുന്നത്. ഇതാദ്യമായാണ് അതിസമ്പന്നരുടെ എണ്ണത്തില്‍ ഏഷ്യയില്‍ ഇന്ത്യക്ക് ഒന്നാം സ്ഥാനം ലഭിക്കുന്നത്. ജപ്പാന്റെ കുത്തക തകര്‍ത്തുകൊണ്ടാണ് ഈ നേട്ടം.”

  ഒളിമ്പിക്സ് മെഡല്‍നിലയെക്കുറിച്ചു നാം വായിച്ചിട്ടുള്ള വാര്‍ത്തകളുടെ അതേ ശൈലി! അതേ പദപ്രയോഗം‍!

  സംഗതി സമ്പത്തിന്റെ ഒരു തരം ആഘോഷമാണ് ഈ വാര്‍ത്തയെങ്കിലും അറിയാതെ ഒരു സത്യം
  പറഞ്ഞുപോകുന്നുണ്ട്. എല്ലാവര്‍ക്കും ഒന്നാം സ്ഥാനത്തെത്താനുള്ള “തുല്യ അവസരം“ ഇവിടെ ഉണ്ടെങ്കിലും എത്തുന്നത്/വിജയിക്കുന്നത് മറ്റേതു മത്സരത്തിലുമെന്നപോലെ വളരെക്കുറച്ച് പേര്‍ മാത്രം.

  ആത്മഹത്യ ചെയ്ത കര്‍ഷകരുടെ വാര്‍ത്തകൂടി ഇതിന്റെ കൂടെ നമുക്ക് ചേര്‍ത്ത് വായിക്കാം.