Saturday, December 20, 2008

ജനാധിപത്യപരമായ നിയമനം

അന്തുലെ രാജിവെയ്ക്കുമോ, വെച്ചാല്‍ രാജി സ്വീകരിക്കുമോ, നിരസിക്കപ്പെട്ടാല്‍ ആ രാജി അന്തുലെ തിരിച്ച് സ്വീകരിക്കുമോ എന്നൊക്കെ ആലോചിച്ച് തല പുകച്ചു കൊണ്ടിരിക്കുന്ന സമയത്താണ് നമ്മുടെ ഹൈബി ഈഡനെക്കുറിച്ചുള്ള മാതൃഭൂമി വാര്‍ത്ത കണ്ണില്‍പ്പെട്ടത്. രമേശ് ചെന്നിത്തലക്ക് ശേഷം ഈ നേട്ടം കൈവരിക്കുന്ന ആദ്യമലയാളി എന്നൊക്കെ ഓര്‍ത്തപ്പോള്‍ ശരിക്കും സന്തോഷം തോന്നി. ഒരു മല്ലുവിനു മറ്റൊരു മല്ലു നന്നാവുന്നത് ഇഷ്ടമല്ല എന്ന് പറയുന്നതൊക്കെ ചുമ്മാ ആണെന്നേ.. സന്തോഷവാര്‍ത്ത ദാ താഴെ
സന്തോഷമായെങ്കിലും വായിച്ച് കഴിഞ്ഞപ്പോള്‍ എന്തോ ഒരു സുഖമില്ലാത്ത പോലെ. ഹൈബിയെക്കുറിച്ചുള്ള വാര്‍ത്തക്ക് പകരം വല്ല പി.എസ്.സി ബുള്ളറ്റിനുമാണോ വായിച്ചത് എന്നായി സംശയം. നിയമിച്ചു, നിയമനം എന്നൊക്കെ കാണുന്നു. ജനാധിപത്യ വ്യവസ്ഥിതിയില്‍ തെരഞ്ഞെടുക്കപ്പെടുകയല്ലേ ചെയ്യുക? മാതൃഭൂമിക്ക് വെള്ളി വീണതായിരിക്കും, ഒരു പോസ്റ്റിനു സ്കോപ്പുണ്ടല്ലോ എന്ന മറ്റൊരു സന്തോഷവും. മനോരമ കൂടി നോക്കാം. അതിലാവുമ്പോള്‍ തെറ്റു വരാന്‍ സാധ്യതയില്ലല്ലോ. നോക്കി. ദാ .....
ശ്ശെടാ..ഇതിലും നിയമിച്ചു എന്നു തന്നെ. എന്നാപ്പിന്നെ കേരള കൌമുദി നോക്കിയിട്ട് തന്നെ കാര്യം. അത് അച്ചട്ടായിരിക്കും.
എന്ത് കഷ്ടമാണിത്।മലയാള പത്രങ്ങളെല്ലാം പി.എസ്.സിക്ക് വിട്ടോ? അതിലും നിയമിച്ചു എന്ന് തന്നെ. ജനാധിപത്യപരമായ കാര്യങ്ങള്‍ എങ്ങനെ റിപ്പോര്‍ട്ട് ചെയ്യണം എന്നറിയാത്ത മലയാള പത്രങ്ങളെ പുച്ഛത്തോടെ വലിച്ചെറിഞ്ഞ് ആംഗലേയ (ആന്തുലേയ അല്ല) വാര്‍ത്തയെ ശരണം പ്രാപിച്ചു. അതിലാവുമ്പോള്‍ ജനാധിപത്യമില്ലെങ്കിലും ഡെമോക്രസിയെങ്കിലും കാണുമല്ലോ. കേരള ഓണ്‍ലയിനിലെ വാര്‍ത്ത.
ഭാഗ്യം. നിയമിച്ചു എന്ന് അതില്‍ പറയുന്നില്ല. എന്നാലും appointed എന്നു കാണുന്നു. രാമലിംഗം പിള്ളയുടെ നിഘണ്ടു (പുതിയ പതിപ്പ്) എടുത്ത് അര്‍ത്ഥം നോക്കി. വാക്കുകളുടെ അര്‍ത്ഥം എപ്പോഴാണ് മാറുന്നതെന്നറിയില്ലല്ലോ. ഇപ്പോഴും ആ വാക്കിന്റെ അര്‍ത്ഥം നിയമിച്ചു എന്നു തന്നെ.

ആകെ നിരാ‍ശയായി. കോണ്‍ഗ്രസ്സില്‍, അതിന്റെ പോഷകസംഘടനകളില്‍ ജനാധിപത്യം ഇല്ലെങ്കില്‍പ്പിന്നെ, തെരഞ്ഞെടുപ്പില്ലെങ്കില്‍പ്പിന്നെ വേറെ ഏത് സംഘടനയില്‍ ഇതൊക്കെ കാണും? അപ്പോഴാണ് വീക്ഷണം വീണ്ടും പ്രസിദ്ധീകരിച്ച് തുടങ്ങിയത് ഓര്‍മ്മ വന്നത്. നോക്കി. സമാധാനമായി. ജനാധിപത്യം മരിച്ചിട്ടില്ല.
ഹൈബി ഈഡനെ എന്‍.എസ്. യു. പ്രസിഡന്റായി തെരഞ്ഞെടുത്തു എന്ന് കറകറക്ടായി വാര്‍ത്ത കൊടുത്തിരിക്കുന്നു. പത്രങ്ങളായാല്‍ ഇങ്ങനെ വേണം.

എന്നാലും ചിലരൊക്കെ സൈഡിലിരുന്ന് ചോദിക്കുന്നത് കേള്‍ക്കുന്നുണ്ടേ... “പ്രവര്‍ത്തനമികവ് കണക്കിലെടുത്താണ് തീരുമാനം“ എന്നു പറയുമ്പോള്‍ അത് നിയമിച്ചു എന്നത് ഭംഗിയാക്കി പറയുന്നതല്ലേ എന്നല്ലേ അസൂയാലുക്കളേ നിങ്ങള്‍ ചോദിക്കുന്നത്?

കഷ്ടമുണ്ട് കേട്ടോ.. അസൂയക്ക് മരുന്നില്ല സഖാക്കളേ..ഇങ്ങനെയാണോ ദേശാഭിമാനിയൊക്കെ വാര്‍ത്ത കൊടുക്കുന്നത്?
പാവം നദീം ജാവെദിനെക്കൂടി നിയമിച്ചു അല്ലേ?

Tuesday, September 16, 2008

രണ്ടു കുറിപ്പുകള്‍

വീക്ഷണം ദിനപ്പത്രത്തില്‍ വന്ന “അമേരിക്കയെ ആര്‍ക്കാണ് പേടി“ എന്ന ആണവ കരാര്‍ അനുകൂല ലേഖനത്തിലെ വളരെ രസകരമായി തോന്നിയ ഒരു പാരഗ്രാഫ് താഴെ.

“വളരുന്ന ഇന്ത്യക്ക്‌ എതിരെ അമേരിക്കന്‍ പ്രതിലോമ ശക്തികളുമുണ്ട്‌. ഇവര്‍ സ്വാധീനമുള്ളവരാണ്‌. ഇന്‍ന്തോ-യു.എസ്‌. കരാര്‍ നിലവില്‍ വന്നാല്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച അമേരിക്കയെ തളര്‍ത്തുമെന്ന്‌ അവര്‍ക്കറിയാം. ചൈനയില്‍ നിന്നുള്ള കയറ്റുമതിയും സാമ്പത്തിക കടന്നുകയറ്റവും അമേരിക്കന്‍ തൊഴില്‍ മേഖലയേയും സാമ്പത്തിക മേഖലയേയും ബാധിച്ചിട്ടുണ്ട്‌. ഇനി ഇന്ത്യയില്‍ നിന്ന്‌ അത്തരം അനുഭവം ഉണ്ടാകാന്‍ ഈ പ്രബല ശക്തികള്‍ ആഗ്രഹിക്കുന്നില്ല. അവരാണ്‌ അമേരിക്കയില്‍ ഇന്‍ന്തോ യു.എസ്‌. കരാറിനെ എതിര്‍ക്കുന്നത്‌. അവര്‍ക്കു കൂട്ടുനില്‍ക്കുകയാണ്‌ ഇന്ത്യയിലെ ഇടതുപക്ഷം. ബി.ജെ.പി. തല്‍ക്കാലം എതിര്‍ക്കുന്നുവെങ്കിലും അവര്‍ അധികാരത്തില്‍ വന്നാല്‍ കൂടുതല്‍ ഇളവുകളോടെ കരാര്‍ നടപ്പാക്കും.“

അമേരിക്കന്‍ പ്രതിലോമ ശക്തികള്‍ എന്ന് ആരെയാണ് വിശേഷിപ്പിക്കുന്നത് എന്നത് അത്ര മനസ്സിലായില്ല. ആരെങ്കിലും ആകട്ടെ. എന്നാലും ഇന്ത്യ വളരുന്നത് അമേരിക്കയെ തകര്‍ക്കും എന്നറിഞ്ഞ് അതിനൊരു തട ഇടാന്‍ നോക്കുന്നവര്‍ എന്തായാലും അമേരിക്കന്‍ വിരുദ്ധരാവില്ല എന്ന് കരുതാം. ചൈനയില്‍ നിന്നുള്ള അനുഭവം ഇന്ത്യയില്‍ നിന്നു കൂടി ഉണ്ടാവാന്‍ ഈ പ്രബല ശക്തികള്‍ ആഗ്രഹിക്കുന്നില്ല, അവര്‍ കരാറിനെ എതിര്‍ക്കുന്നു. ആ നിലക്ക് അമേരിക്കയെ തളര്‍ത്താന്‍ ആഗ്രഹിക്കാത്ത അവര്‍ അമേരിക്കന്‍ രാജ്യസ്നേഹികള്‍ തന്നെ. സംശയമൊന്നുമില്ല.

എന്നാലും ഒരു ചിന്ന സന്ദേഹം...

ഈ കരാറിനു വേണ്ടി മരിച്ചു നില്‍ക്കുന്ന ബുഷും റൈസും കൂട്ടരും അപ്പോ ഏത് ടൈപ്പില്‍ വരും? ഇന്ത്യയെ വളര്‍ത്തി അമേരിക്കയെ കൊല്ലാന്‍ ആഗ്രഹിക്കുന്നവര്‍? അതോ 1,2,3 കരാറിലൂടെ ‘ഇന്ത്യ വളരും എന്നും അമേരിക്ക തകരും‘ എന്നും മനസ്സിലാകാത്ത മന്ദബുദ്ധികള്‍?

രണ്ട്

ഇന്ത്യയിലെ മുഴുവന്‍ ജനാധിപത്യവിശ്വാസികള്‍ക്കും ആഹ്ലാദം പകരുന്ന പ്രസ്താവന സോണിയാ ഗാന്ധിയില്‍ നിന്നുണ്ടായി.

യോഗ്യതയും വിജയസാധ്യതയും മാത്രം കണക്കിലെടുത്താവും സ്ഥാനാര്‍ഥികളെ നിശ്ചയിക്കുകയെന്ന്‌ കോണ്‍ഗ്രസ്‌ പ്രസിഡന്റ്‌ സോണിയാഗാന്ധി വ്യക്തമാക്കി. ജനസംഖ്യാ ഘടകങ്ങളും പരിഗണിക്കപ്പെടും. നേതാക്കന്മാരുടെയും ഗ്രൂപ്പുകളുടെയും താത്‌പര്യത്തിനനുസരിച്ച്‌ ആര്‍ക്കും ടിക്കറ്റ്‌ നല്‍കില്ല. സ്ഥാനാര്‍ഥികളെ നിശ്ചയിക്കുന്നതില്‍ ഇടപെടാന്‍ ആരെയും അനുവദിക്കില്ല.“

എല്ലാ ജനാധിപത്യ വിശ്വാസികള്‍ക്കും സന്തോഷമുണ്ടാകേണ്ട പ്രസ്താവന തന്നെ. ഇതുവരെ ഇങ്ങനെയൊക്കെയായിരുന്നോ സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചിരുന്നത് എന്ന് ചോദിക്കുന്നില്ല. കോണ്‍ഗ്രസ് ആണ് ഏറ്റവും വലിയ ജനാധിപത്യകക്ഷി എന്നു വിശ്വസിക്കുന്നവരുടെ വികാരത്തെ മാനിക്കണമല്ലോ.

എന്നാലും ഇത്രയും കാലം യോഗ്യതയില്ലാതെ, വിജയസാധ്യതയില്ലാതെ, നേതാക്കന്മാരുടെയും ഗ്രൂപ്പുകളുടെയും സ്വാധീനത്തിനനുസരിച്ച് സ്ഥാനാര്‍ത്ഥികളായിക്കൊണ്ടിരുന്നവര്‍ ഈ പ്രസ്താവനയെ എങ്ങിനെ കാണും എന്നൊരു ശങ്ക ഇല്ലാതില്ല.

അവക്ക് രക്ഷ കപില്‍ സിബലും കൂട്ടരും തന്നെ.

മുടക്കമില്ലാതെ ഇന്ധനവിതരണം ഉറപ്പു വരുത്തുവാന്‍ അമേരിക്കക്ക് ബാദ്ധ്യതയില്ലെന്ന് ജോര്‍ജ് ബുഷിന്റെ ഡിറ്റര്‍മിനേഷനെക്കുറിച്ച് ചോദിച്ചപ്പോള്‍ കപില്‍ സിബല്‍ പറഞ്ഞത് ‘ക്ലാസിക്‘ മറുപടിയായിരുന്നു.

ലോകത്തുള്ളവരുടെ പ്രസ്താവനകളല്ല നമ്മെ നയിക്കുന്നത്.” ബുഷ് പറഞ്ഞതെന്താണെന്നോ അതിന്റെ അന്തരാര്‍ത്ഥങ്ങള്‍ എന്താണെന്നോ ഒന്നും വിഷയമല്ല. “ഉദ്ധരിക്കാവുന്ന ഉദ്ധരണി“ കൃത്യസമയത്ത് വായില്‍ വരണം. അങ്ങിനെ വന്നതാണാ വാചകം. ആ വാര്‍ത്തയുടെ വീക്ഷണം തലക്കെട്ടും കൊള്ളാവുന്ന ഒന്നാണ്. “ബുഷിന്റെ പരാമര്‍ശത്തില്‍ കാര്യമില്ലെന്ന്‌ കപില്‍ സിബല്‍“

ഗ്രൂപ്പുകാരുടെയും ഒരു രക്ഷ അതു തന്നെ..

“ലോകത്തുള്ളവരുടെ പ്രസ്താവനകളല്ല നമ്മെ നയിക്കുന്നത്.” “സോണിയാജിയുടെ പരാമര്‍ശത്തില്‍ കാര്യമില്ല.”

നിക്കോളാസ് ബേണ്‍സ് ഹൈഡ് ആക്ട് 123 കരാറിനു ബാധകമാണെന്ന് പറഞ്ഞപ്പോള്‍ ഇവിടെ ചിലര്‍ പറഞ്ഞിരുന്നു “ അത് അമേരിക്കയിലെ പൊതുജനത്തിനുവേണ്ടി പറഞ്ഞതാണ്. നമ്മളോടല്ല.”

ഗ്രൂപ്പുകളിക്കാരുടെ രണ്ടാമത്തെ രക്ഷ അതാണ്...സോണിയാജിയുടെ പ്രസ്താവന മാധ്യമങ്ങള്‍ക്കും,. ജനാധിപത്യ വിശ്വാസികള്‍ക്കും വേണ്ടിയുള്ളതാണ്. ഗ്രൂപ്പുകളിക്കാര്‍ക്ക് അതൊന്നും ബാധകമല്ല.

Monday, September 15, 2008

കണ്ണടയ്ക്കൂ, വോട്ട് ചെയ്യൂ

ഗ്യാ‍ലപ്പ് പോള്‍ നടത്തുന്നുണ്ടെങ്കില്‍ ദാ ഇങ്ങനെ നടത്തണം.

മംഗളം വെബ് സൈറ്റില്‍ കണ്ട ഒരു പോള്‍ നിങ്ങളോട് ചോദിക്കുന്നു..

ഡല്‍ഹി സ്ഫോടന പരമ്പരയുടെ പശ്ചാത്തലത്തില്‍ ‘പോട്ട’ പിന്‍വലിക്കണമെന്ന B.J.Pയുടെ അഭിപ്രായത്തോട് താങ്കള്‍ യോജിക്കുന്നുണ്ടോ?“

കുത്താന്‍ മൂന്ന് ഓപ്‌ഷന്‍സ് ഉണ്ട്. ഇല്ല, ഉവ്വ്, അഭിപ്രായമില്ല

ഒന്നിലും കുത്തിയില്ല. എന്നാലും റിസള്‍ട്ട് അറിഞ്ഞേക്കാം എന്നു കരുതി പതുക്കെ ക്ലിക്കി നോക്കി. അതു വരെ 303 പേര്‍ വോട്ട് ചെയ്തിട്ടുണ്ട്. ഇല്ല എന്നു 148 പേരും, ഉവ്വ് എന്ന് 142 പേരും, അഭിപ്രായമില്ലെന്ന് 13 പേരും വോട്ട് ചെയ്തിട്ടുണ്ട്...ഒരു നെക്ക് ആന്‍ഡ് നെക്ക് ഫൈറ്റ് തന്നെ....

എന്നാലും എന്നാലും....

വോട്ട് ചെയ്യുന്നതിനു മുന്‍പ് ഈ 303 പേരില്‍ ആരെങ്കിലും ചോദ്യം വായിച്ചു നോക്കിയോ ആവോ? പോള്‍ ഇടുന്നതിനു മുന്‍പ് മംഗളം വെബ് എഡിറ്റര്‍ എന്ത് പോള്‍ ആണ് താന്‍ ഇടുന്നത് എന്ന് വായിച്ചു നോക്കിയോ ആവോ?

ബി.ജെ.പി പോട്ട പിന്‍‌വലിക്കണമെന്ന് അഭിപ്രായപ്പെട്ടത്രെ..അതും ഇപ്പോള്‍ നിലവിലില്ലാത്ത പോട്ട...

തങ്ങള്‍ അധികാരത്തില്‍ വന്നാല്‍ 100 ദിവസത്തിനുള്ളില്‍ പോട്ട തിരികെ കൊണ്ടു വരും എന്ന് പറഞ്ഞ് അദ്വാനി നാക്കെടുത്തില്ല. അതിനു മുന്‍പേ അദ്വാനി പറഞ്ഞതിനു നേരെ വിരുദ്ധമായ ഒരു അഭിപ്രായത്തിന്റെ പുറത്ത് ഒരു പോളും അതിനൊരു റിസല്‍ട്ടും.

എന്തായാലും വോട്ട് ചെയ്തവരെ സമ്മതിച്ചു.

പോട്ട നിരോധനം പിന്‍‌വലിക്കണം എന്നായിരിക്കാം മംഗളം ഉദ്ദേശിച്ചത് എന്ന് കൃത്യമായി ഊഹിച്ച് വോട്ട് ചെയ്തു എന്നു മാത്രം പറയല്ലേ..പ്ലീസ്....

:)

Tuesday, August 26, 2008

അതീന്ദ്രിയ ജ്ഞാനം, ഹനുമാന്‍ സേവ, സായിബാബ

കുറെക്കാലം മുന്‍പ് നാട്ടില്‍ വന്ന കൂട്ടുകാരനെ കാണുവാന്‍ വീട്ടില്‍ ചെന്നപ്പോഴാണ് ഒരു വിശിഷ്ടവ്യക്തിയെ പരിചയപ്പെട്ടത്. ഏഷ്യയില്‍ തന്നെ 3 പേര്‍ക്ക് മാത്രം സ്വായത്തമാണ് എന്ന് അയാള്‍ അവകാശപ്പെടുന്ന ക്ലെയര്‍‌വോയന്‍സ് എന്ന അത്ഭുതവിദ്യയുടെ മര്‍മ്മമറിഞ്ഞ മഹാന്‍. പ്രവചനങ്ങളുടേയും ആളെ കയ്യിലെടുക്കുന്നതിന്റെയും മഹാമഹം നടക്കുന്നതിന്റെ ഇടയിലേക്കാണ് ഞാന്‍ കയറിച്ചെന്നത്. സുഹൃത്തിന്റെ കുറെയേറെ ബന്ധുക്കളെ തന്റെ അതീന്ദ്രിയജ്നാനത്തില്‍ വീഴ്ത്തി ഷൈന്‍ ചെയ്ത് ഇരിപ്പായിരുന്നു അയാള്‍.

സുഹൃത്തിന്റെ അമ്മ അയാള്‍ പറയുന്ന ഓരോ കാര്യങ്ങള്‍ക്കും “ അയ്യോ എങ്ങനെ മനസ്സിലായി” എന്നൊക്കെ വണ്ടറടിച്ച് കറങ്ങി നടക്കുകയായിരുന്നു. ഈ ഫീല്‍ഡില്‍ കുറച്ച് കാലം പയറ്റിയിട്ടുള്ള ഏതൊരാള്‍ക്കും നിഷ്പ്രയാസം പറയാവുന്ന കാര്യങ്ങള്‍ മാത്രമെ അയാള്‍ തന്റെ അത്ഭുതവിദ്യയിലൂടെ പ്രവചിക്കുന്നുണ്ടായിരുന്നുള്ളൂ എന്നത് മറ്റൊരു കാര്യം.

ഇടക്ക് വെച്ച് സുഹൃത്തിന്റെ അമ്മ അയാളോട് ചോദിച്ചു “ ഞാന്‍ ഒരു കാര്യം മനസ്സില്‍ വിചാരിക്കുന്നുണ്ട്. അത് നടക്കുമോ ജോത്സ്യരേ?”. പാവം ഒന്നു ഞെട്ടിപ്പോയി. ക്ലെയര്‍‌വോയന്റ് അസ്ട്രോളജര്‍ എന്നൊക്കെ സ്വയം കരുതിയിരുന്ന ആളെപ്പിടിച്ചാണ് അമ്മ ലോക്കല്‍ ജോത്സ്യരാക്കിയത്. ജോത്സ്യര്‍ ഗൌരവം വിടാതെ പറഞ്ഞു.

“ അമ്മ ഒന്നിങ്ങോട്ട് മാറി നില്‍കൂ”

അമ്മ മാറി നിന്നു. ജോത്സ്യര്‍ ചൂണ്ടിക്കാണിച്ച സ്ഥലത്ത് ഒരു ബന്ധു നില്‍പ്പുണ്ടായിരുന്നു. അവര്‍ക്ക് മാറേണ്ടി വന്നു അമ്മക്കവിടെ വന്ന് നില്‍ക്കാന്‍.

“ അമ്മ കണ്ടോ അമ്മക്ക് ഇവിടെ വന്നു നില്‍ക്കണമെങ്കില്‍ ഒരാള്‍ മാറേണ്ടി വന്നു. അതു പോലെ ഒരാള്‍ മാറിയാലെ അമ്മ വിചാരിച്ച കാര്യം നടക്കൂ. ഒരു ശത്രു ഉണ്ട്.’

അമ്മ ഉടനെ തുടങ്ങി “അയ്യോ എത്ര കൃത്യം.. ഞാന്‍ പണ്ടേ വിചാരിച്ചിരുന്നതാ. ഇന്ന ആളാണിത് മുടക്കുന്നത് എന്ന്. ഇപ്പോ ഉറപ്പായി.”

പാവം ഏതോ ബന്ധുവിന്റെ തല..അതില്‍ ഇടിത്തീ വീഴണേ എന്നായിരിക്കും അത് പറഞ്ഞ അമ്മ പ്രാര്‍ത്ഥിച്ചത്.

അങ്ങിനെ പല നമ്പറുകള്‍ ഇറക്കി, ഉത്തരങ്ങളില്‍ നിന്നും മുഖഭാവത്തില്‍ നിന്നും സൂചനകളെടുത്ത് പുള്ളി തന്റെ വാഗ്‌വിലാസത്തിലൂടെ മിക്കവാറും എല്ലാവരേയും കയ്യിലെടുത്തു. കുറെക്കഴിഞ്ഞ് സുഹൃത്ത് പറഞ്ഞു “ ഇനി ഇവന്റെ കാര്യം നോക്ക്” എന്ന്...

പുള്ളി എന്റെ കാര്യങ്ങള്‍ പറയാന്‍ തുടങ്ങി. മുഖത്ത് ഒരു ഭാവവും ഇല്ലാതെ, മറുപടി പറയാതെ ഞാന്‍ നിസ്സംഗനായി കേട്ടുകൊണ്ടിരുന്നു. പുള്ളി പറഞ്ഞത് എല്ലാം പൊട്ടത്തെറ്റുകള്‍..

എല്ലാം കഴിഞ്ഞ് അയാള്‍ പോയിക്കഴിഞ്ഞപ്പോള്‍ സുഹൃത്ത് എന്നോട് പറഞ്ഞു

“അയാളുടെ നമ്പറ് നിന്റെ ആ ഇരുപ്പില്‍ പൊളിഞ്ഞല്ലോടേ”

*

കൂടുതല്‍ അത്ഭുതപ്പെടുത്തിയ ഒരു സംഭവം മറ്റൊരു സുഹൃത്ത് മദ്രാസിലെ ഏതോ ഹനുമാന്‍ സേവക്കാരന്റെ വലയില്‍ വീണതാണ്. ഹനുമാന്‍ കയറുമ്പോള്‍ ഉറഞ്ഞുതുള്ളി പ്രവചനങ്ങള്‍ നടത്തുന്ന ഒരാള് മദ്രാസിലെ എവിടെയോ ഉണ്ട്‍. ജോലിക്ക് ശ്രമിക്കാന്‍ പോയി തിരിച്ചുവന്ന സുഹൃത്ത് ഭയങ്കര ഹനുമാന്‍ സേവ ആരാധകന്‍. ചോദിച്ചപ്പോള്‍ മദ്രാസിലെ ആ മോനെ കണ്ടകാര്യം വിശദീകരിച്ചു. കൂട്ടുകാരന്റെ കുറെക്കാര്യങ്ങള്‍ കൃത്യമായി പറഞ്ഞു എന്നും പുള്ളി ഭയങ്കര പ്രവാചകനാണെന്നുമൊക്കെയായി. ഞാന്‍ ചോദിച്ചു നോക്കിയപ്പോള്‍ മിക്കവാറും എല്ലാം തന്നെ സുഹൃത്തിന്റെ ബന്ധുക്കളില്‍ ആര്‍ക്കെങ്കിലും അറിയാവുന്ന കാര്യങ്ങള്‍ മാത്രം. ചെരിപ്പു പോയതും, തിരിച്ചു കിട്ടിയതും ഒക്കെ. കൂട്ടുകാരന്റെ അച്ഛനും അമ്മയും പുള്ളിക്ക് ഇടാന്‍ വെച്ചിരുന്ന ഒരു പേരുണ്ടായിരുന്നു. അവസാന നിമിഷം അവര്‍ അത് മാറ്റി മറ്റൊരു പേരിടുകയായിരുന്നു. ആ ഇടാതെ പോയ പഴയ പേര് അയാള്‍ പറഞ്ഞു എന്നതില്‍ നിന്നാണ് വിശ്വാസം ആരംഭിക്കുന്നത്. ഹനുമാന്‍ സേവക്കാരന്റെ കടുത്ത ഭക്തയായ കൂട്ടുകാരന്റെ ചെറിയമ്മക്ക് ഇത് അറിയാം എന്നും അവര്‍ വഴി അറിഞ്ഞ് അയാള്‍ ഇറക്കിയ നമ്പര്‍ ആണതെന്നും സുഹൃത്ത് ചിന്തിച്ചുകൂടിയില്ല. ഹനുമാന്‍ സേവക്കാരന്‍ പറഞ്ഞ എല്ലാ ഭൂത/വര്‍ത്തമാനങ്ങളും ബന്ധുക്കളില്‍ ആര്‍ക്കെങ്കിലും അറിയാവുന്നവ മാത്രം. ഭാവിയില്‍ എന്റെ ഒരു ചെരിപ്പു കൂടി പോകും എന്ന് ഹനുമാന്‍ സേവക്കാരന്‍ പറഞ്ഞിട്ടുണ്ട്.ഞാന്‍ അത് വെയിറ്റ് ചെയ്ത് ഇരിക്കുകയാണ് എന്നായിരുന്നു ഇക്കാര്യത്തെപ്പറ്റി ഞങ്ങള്‍ തമ്മില്‍ അവസാനം സംസാരിച്ചത്. പിന്നെ എന്തായി എന്നറിയില്ല. ആ സമയത്ത് മാനസികമായി ചില നിരാശകള്‍ ബാധിച്ചിരുന്നു എന്നതാണ് അന്യഥാ ചിന്തിക്കുന്നവനും വായിക്കുന്നവനുമായ സുഹൃത്തിനെ വലയില്‍ വീഴ്ത്തിയത് എന്ന് ഉറപ്പാണ്. ഇപ്പോള്‍ രക്ഷപ്പെട്ടു കാണണം.

*

ബന്ധുക്കള്‍ വഴി അറിഞ്ഞ വിവരങ്ങള്‍ ഉപയോഗിച്ച് നമ്പര്‍ ഇറക്കി ആരാധകരെ നേടുന്ന ഹനുമാന്‍‌സേവക്കാരന്റെ കാര്യം പറഞ്ഞപ്പോഴാണ് പണ്ട് വായിച്ച ഒരു സംഭവം ഓര്‍മ്മ വന്നത്. കഥാനായകന്‍ പുട്ടപര്‍ത്തിയിലെ സായി ബാബ.

ദര്‍ശനത്തിനു വരുന്ന പുരുഷാരത്തിനിടയില്‍ നിന്ന് നിങ്ങളുടെ പേരു വിളിച്ച് കാര്യങ്ങള്‍ പറയുന്ന അത്ഭുത സിദ്ധിയെക്കുറിച്ച് വായിച്ച രണ്ടു പേര്‍ അതൊന്ന് പരീക്ഷിക്കണം എന്ന് കരുത് സായിബാബയുടെ ആശ്രമത്തില്‍ ചെന്നു. കുറെ ദിവസം പ്രാര്‍ത്ഥനയിലൊക്കെ പങ്ക് കൊണ്ടെങ്കിലും ഇവരെ ബാ‍ബ വിളിക്കുകയോ പറയുകയോ ഒന്നു ചെയ്തില്ല. അങ്ങനെ ഇവര്‍ ആശ്രമത്തിലെ ഒരു സഹായിയെ സമീപിക്കുന്നു. ബാബ തങ്ങളെ മാത്രം വിളിച്ചില്ലെന്നും നിരാശയുണ്ടെന്നുമൊക്കെ അയാളോട് കാച്ചുന്നു. ഇവരുടെ കാര്യങ്ങള്‍ ഒക്കെ ചോദിച്ചു മനസ്സിലാക്കിയ അയാള്‍ നാളെ ഒരു പ്രത്യേക തൂണിനു സമീപം ഇരുന്നാല്‍ ചിലപ്പോള്‍ ബാബ വിളിച്ചേക്കുമെന്നുമൊക്കെ പറയുന്നു. സഹായിയോട് ഇവര്‍ പറഞ്ഞ വിവരങ്ങള്‍ ഒക്കെ സത്യസന്ധമായിരുന്നെങ്കിലും ഒരു നമ്പര്‍ ഇറക്കിയിരുന്നു. ഒരാള്‍ തന്റെ വിവരങ്ങള്‍ എന്ന മട്ടില്‍ സഹായിയോട് പറഞ്ഞത് മറ്റെയാളുടെ കാര്യങ്ങളായിരുന്നു. മറ്റെയാള്‍ തിരിച്ചും.

പിറ്റേന്ന് തൂണിനു സമീപമിരുന്നെങ്കിലും ബാബ വിളിച്ചില്ല. വീണ്ടും സഹായിയെ കാണുന്നു. അയാള്‍ കുറച്ച് കൂടി കുശലപ്രശ്നം നടത്തുന്നു. നാളെ എന്തായാലും വിളിക്കും എന്ന് ഉറപ്പുകൊടുക്കുന്നു.

പിറ്റേന്ന് സായി ബാബ വരുന്നു...അതിലൊരാളെ വിളിക്കുന്നു...അയാളെ സംബന്ധിച്ച കാര്യങ്ങള്‍ മുഴുവന്‍ കൃത്യമായി പറയുന്നു. കുറച്ച് കഴിഞ്ഞ് മറ്റെയാളെ വിളിക്കുന്നു. അയാളുടേയും കാര്യങ്ങള്‍ പറയുന്നു..കൃത്യമായിത്തന്നെ...

ഒറ്റ കുഴപ്പമേയുള്ളൂ....

സഹായിയോട് പറഞ്ഞു കൊടുത്തപോലെ ഒരാളെ വിളിച്ച് സായി ബാബ പറഞ്ഞത് മറ്റെയാളുടെ കാര്യങ്ങളായിരുന്നു. രണ്ടാമനെ വിളിച്ച് പറഞ്ഞത് ആദ്യത്തെ ആളുടെ കാര്യങ്ങളും!!

Wednesday, July 30, 2008

നമ്മള്‍ നമ്മുടേതെന്നും ചൈന ചൈനയുടേതെന്നും

"ഇതൊരു കെട്ടുപിണഞ്ഞ കാര്യമാണ്. അതിര്‍ത്തിയെ സംബന്ധിച്ചിടത്തോളം കൂടുതല്‍ അവ്യക്തമായ പ്രദേശമാണ്. കാരണം മക്‍മോഹന്‍ രേഖയുടെ കാര്യത്തിലെന്ന പോലെ ഇവിടെ കൃത്യമായ അതിര്‍ത്തി എന്ത് എന്നത് ഒട്ടും തന്നെ സ്പഷ്ടമല്ല."

ചൈനയുമായുള്ള അതിര്‍ത്തിയെക്കുറിച്ചുള്ള പരാമര്‍ശമാണിത്. 1962ല്‍ പറഞ്ഞത്. ആരായിരിക്കാം ഇത്തരമൊരു വാചകം പറഞ്ഞിട്ടുണ്ടാവുക? “നമ്മള്‍ നമ്മുടേതെന്നും ചൈന ചൈനയുടേതെന്നും പറയുന്ന ഭൂവിഭാഗം“ എന്ന പ്രസിദ്ധമായ വാചകത്തിന്റെ ഉടമ അതേ വാചകം കുറച്ചൊന്ന് മിനുക്കി മറ്റൊരു തരത്തില്‍ പറഞ്ഞതു തന്നെ ഇത്. അല്ലേ?

പറഞ്ഞത് ഇ.എം.എസ് ....സംശയമില്ല അല്ലേ?

എന്നാലിത് പറഞ്ഞത് പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രുവാണ്. ലോക്‍സഭയില്‍ അദ്ദേഹം ചെയ്ത പ്രസ്താവനയിലെ ഒരു ഭാഗമാണ് മുകളില്‍ ഉദ്ധരിച്ചത്.

ഇനി മറ്റു ചിലത് കൂടി നോക്കാം...

"ഇന്ത്യയുടെ ഒരു തരി മണ്ണ്‌ മറ്റൊരു ശത്രു രാജ്യവും കൈവശപ്പെടുത്തുവാന്‍ പാടില്ല. ഇന്ത്യയുടെ അവസാനത്തെ തരി മണ്ണില്‍ നിന്നും അവസാനത്തെ ചൈനീസ് ഭടനെ വരെ അകറ്റുന്നതിന് ഇന്ത്യാ ഗവര്‍മെന്റ് എടുക്കുന്ന എല്ലാ ദേശരക്ഷാ ഏര്‍പ്പാടുകളേയും പാര്‍ട്ടി പിന്താങ്ങുന്നു. പാര്‍ട്ടിയുടെ ഈ തീരുമാനത്തിനെതിരായി ഏതെങ്കിലും പാര്‍ട്ടി അംഗം പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ അയാളെ സര്‍ക്കാര്‍ അറസ്റ്റ് ചെയ്യട്ടെ. "

"ഇന്ത്യയുടെ ഒരിഞ്ചു സ്ഥലം കടന്നാക്രമിച്ചു പിടിക്കുന്നതിനെ തടയാന്‍ ഇന്ത്യാ ഗവര്‍മെന്റ് എടുക്കുന്ന ഏത് നടപടിക്കും പാര്‍ട്ടിയുടെ പിന്തുണ ഗവര്‍മെണ്ടിനുണ്ടാകും. ചൈനീസ് ആക്രമികളെ അതിര്‍ത്തിക്കപ്പുറത്തേക്ക് തുരത്തുന്നതിന് എന്ത് ത്യാഗവും സഹിക്കുവാന്‍ പാര്‍ട്ടി തയ്യാറാണ്. ഇക്കാര്യം പാര്‍ട്ടി പല തവണ വ്യക്തമാക്കിയിട്ടുണ്ട്."

കൂറും ചോറും ഇന്ത്യയോട് തന്നെയായ, ദേശസ്നേഹത്താല്‍ പ്രചോദിതരായ ഏതോ രാഷ്ട്രീയപാര്‍ട്ടിയായിരിക്കണം 1962ല്‍ ഇത് പറഞ്ഞിട്ടുള്ളത്. ചൈനയോട് കൂറു പുലര്‍ത്തുന്ന കമ്യൂണിസ്റ്റുകാര്‍ ആയിരിക്കുവാന്‍ ഒരു സാധ്യതയും ഇല്ല.

അങ്ങിനെയേ വിശ്വസിക്കാനൊക്കൂ...കാരണം ആ രീതിയിലാണ് പ്രചരണങ്ങള്‍ കൊടുമ്പിരി കൊണ്ടിരുന്നത്. അതിന്റെ അനുനരണങ്ങള്‍ ഇപ്പോഴും അന്തരീക്ഷത്തില്‍ നിറയുന്നത്.

എന്നാല്‍ മുകളിലെ പ്രസ്താവനകള്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടേതാണ്.

ചരിത്രം ചിലപ്പോളിങ്ങനെയൊക്കെയാണ്. വട്ടം ചുറ്റിച്ചുകളയും.

അതിന്റെ കൂട്ടത്തില്‍ അന്നും ഇന്നും ഒരു സ്റ്റാന്‍ഡ് അവര്‍ എടുത്തിരുന്നു..ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കം സൈനിക നടപടികളിലൂടെ പരിഹരിക്കുവാന്‍ സാധ്യമല്ല. തുറന്ന ചര്‍ച്ചകളിലൂടെ, രണ്ട് വശത്തു നിന്നുമുള്ള വിട്ടുവീഴ്ചകളിലൂടെ മാത്രമേ പരിഹരിക്കാനാകൂ. പിന്നീട് ഇതുവരെ വന്ന സര്‍ക്കാരുകള്‍ക്കും സമ്മതിക്കേണ്ടി വന്ന യാഥാര്‍ത്ഥ്യം.

( അവലംബം: ഇ.എം.എസ് കൃതികളുടെ സഞ്ചയിക)

Wednesday, July 9, 2008

സേവ് ദ കിഡ് - ഒരു ബൌദ്ധിക വ്യായാമം

കോവാലകൃഷ്ണന്‍ ശൈലിയില്‍ അതും ഇതും ഇതും വായിക്കാന്‍ പറയണം എന്നുണ്ട്. വേണ്ട..എന്തിനു മറ്റൊരു ഭൌതികവ്യായാമം?

നടുറോഡില്‍ കുട്ടി..

വളവു തിരിഞ്ഞു വണ്ടികള്‍ വന്നേക്കും..

രക്ഷിക്കണോ വേണ്ടയോ?

രക്ഷിക്കാതിരുന്നാല്‍ പാപമല്ലേ?

അതിനു പാപവും പുണ്യവും ഉണ്ടോ? പാപവും പുണ്യവും അല്ലാത്ത ഒരു അവസ്ഥ ആയിക്കൂടേ?

എന്നാലും കുറ്റബോധം എന്നൊന്നില്ലേ?

കുറ്റബോധത്തിനു ജനിതകമായ അടിത്തറ ഉണ്ടോ? അതോ വെറും തോന്നല്‍ മാത്രമോ?

രക്ഷിക്കുകയാണെങ്കില്‍ തന്നെ എങ്ങിനെ?

നേരെ പോയി കുട്ടിയെ പൊക്കി എടുക്കണോ?

നമ്മുടെ തടി നോക്കണ്ടേ?

നമുക്ക് വല്ലതും പറ്റിയാല്‍ നോക്കാന്‍ ആരെങ്കിലും..

ആകെ കണ്‍ഫ്യൂഷന്‍... ആ വാക്ക് ശരിയാണോ? ഗണ്‍ഫ്യൂഷന്‍ എന്നല്ലേ? അതും കണ്‍ഫ്യൂ ആയോ..

അയ്യോ...ലോറിയുടെ ചക്രങ്ങള്‍ ഉരയുന്ന ശബ്ദമല്ലേ..ചോരപ്പാടുകള്‍ ആണല്ലോ..

പോയേക്കാം..മെനക്കേട്..സാക്ഷിപറയാന്‍ നിന്നാല്‍ പണിയാവും..

Tuesday, July 1, 2008

ആകാശമിഠായിയുടെ മതം

'നമ്മള്‍ ശ്രീജിത് കേശവന്‍നായരും ശ്രീമതി സാറാമ്മയും ഭാര്യാഭര്‍ത്താക്കന്മാരായി ജീവിക്കുമ്പോള്‍ വലിയ കുഴപ്പങ്ങള്‍ ഞാന്‍ കാണുന്നുണ്ട്. ഒരാള്‍ ക്ഷേത്രത്തില്‍ പോകുമ്പോള്‍ മറ്റേയാള്‍ പോകുന്നത് ചര്‍ച്ചിലാണ്. രണ്ടു സമൂഹം! എപ്പോഴും നമ്മുടെ ഇടയില്‍ ചര്‍ച്ചും അമ്പലവും!'

'നമ്മുടെ ഹൃദയങ്ങളുടെ ഇടയില്‍ മതിലുകള്‍ ഉണ്ടാവരുത്. ക്ഷമ, സഹാനുഭൂതി, കാരുണ്യം ഇവ മറക്കരുത്, തിരിഞ്ഞോ?'

'തിരിഞ്ഞു.' സാറാമ്മ ആലോചനയോടെ പറഞ്ഞു: 'സംശയങ്ങള്‍ വേറെയുമുണ്ടെങ്കിലോ?

'ഉണ്ടെങ്കില്‍ ദിസ് കേശവന്‍നായര്‍ തീര്‍ത്തു തരും. പറയൂ. കേള്‍ക്കട്ടെ'.

'പറയാന്‍ നാണം തോന്നുന്നു'.

'നാണിച്ചുതന്നെ സുന്ദരമായി പറയൂ.'

സാറാമ്മ ചോദിച്ചു:

'നമുക്കു കുഞ്ഞുങ്ങളുണ്ടാവില്ലേ?-അവര്‍ എന്തു ജാതിയായിരിക്കും? ഹിന്ദുക്കളായിട്ടു വളര്‍ത്താന്‍ എനിക്ക് ഇഷ്ടമില്ല. ക്രിസ്ത്യാനിയായിട്ടു വളര്‍ത്താന്‍ എന്റെ - എന്റെ ഭര്‍ത്താവിനും ഇഷ്ടം കാണുകയില്ല! അങ്ങനെ വരുമ്പോള്‍ അവരുടെ ജാതി?

കേശവന്‍നായര്‍ വിയര്‍ത്തുപോയി. അയാള്‍ അതിനെപ്പറ്റി ഒന്നും ചിന്തിച്ചിട്ടില്ല. പരമാര്‍ഥമല്ലേ- കുഞ്ഞുങ്ങള്‍ എന്തു ജാതിയായിരിക്കും? കേശവന്‍നായര്‍ ചിന്തിച്ചു. ഗാഢമായി ചിന്തിച്ചു. തലപുകഞ്ഞു. ചെന്നികളിലെ ഞരമ്പുകള്‍ വീര്‍ത്തുപൊന്തി. നെറ്റി ഭയങ്കരമായി വിയര്‍ത്തു. പരിഹാരം കാണുന്നില്ല. ചിന്ത ഇരുളില്‍ തപ്പിത്തടഞ്ഞു നടക്കുകയാണ്. വെളിച്ചം കാണുന്നില്ല. അങ്ങനെയിരിക്കെ, മിന്നല്‍പോലെ ഒരു തോന്നല്‍. വെളിച്ചത്തിന്റെ ഒരു വാതില്‍ തുറന്നു. മനോഹരമായ ഒരുദ്യാനം കണ്ടതുപോലെ അയാള്‍ സാവേശം പ്രസ്താവിച്ചു:

'കണ്ടിരിക്കുന്നു!'

'എന്ത്?'

'പറയാം' കേശവന്‍നായര്‍ പറഞ്ഞു: 'നമുക്കു നമ്മളുടെ കുഞ്ഞുങ്ങളെ ഒരു മതത്തിലും വളര്‍ത്തണ്ട! അവരങ്ങനെ നിര്‍മതരായി വളരട്ടെ!'

'മൃഗങ്ങളെപ്പോലെ? പക്ഷികളെപ്പോലെ? പാമ്പുകളെപ്പോലെ? ചീങ്കണ്ണികളെപ്പോലെ?

'അല്ല!'

'പിന്നെ?'

'പണിയുണ്ട്; പ്രായമായി വരുമ്പോള്‍ അവരെ പഠിപ്പിക്കുക. എല്ലാ മതങ്ങളെപ്പറ്റിയും-പക്ഷപാതരാഹിത്യത്തോടുകൂടി. അങ്ങനെ പത്തിരുപതു വയസ്സാകുമ്പോള്‍, എല്ലാ മതങ്ങളിലുംവെച്ച് അവര്‍ക്കു ഹൃദ്യമായതു സ്വീകരിക്കട്ടെ!

സാറാമ്മ കേശവന്‍ നാ‍യരുടെ മുഖത്ത് നോക്കാതെ സന്തോഷത്തോടെ പറഞ്ഞു:

“ന്യായം. പേരോ? നെറ്റെ ആദ്യത്തെ കുഞ്ഞ് ആണാണെന്നിരികട്ടെ. ആ തങ്കക്കുട്ടന് എന്തു പേരിടും?”

കേശവന്‍ നായര്‍ വിഷമിച്ചു.

“വാസ്തവമാണ്. ആ തങ്കക്കുട്ടന് എന്ത് പേരിടും? ഹിന്ദുവിന്റെ പേരിടുക വയ്യ. ക്രിസ്ത്യാനിയുടേയും അതുപോലെത്തന്നെ.”

തെല്ല് ആലോചിച്ചപ്പോള്‍ കേശവന്‍ നായര്‍ വീണ്ടും ആവേശഭരിതനായി.

“നമുക്കുണ്ടല്ലോ“ അയാള്‍ പറഞ്ഞു “മറ്റ് ഏതെങ്കിലും സമുദാ‍യത്തിലെ ജഗജില്ലന്‍ പേരിടാം.”

“അപ്പോള്‍ ആ സമുദായക്കാരനാണ് എന്റെ തങ്കക്കുട്ടനെന്ന് ആളുകള്‍ വിചാരിക്കയില്ലേ?”

“റൈറ്റ്” കേശവന്‍ നായര്‍ക്ക് ബോദ്ധ്യം വന്നു, “മുസല്‍മാന്റെ പേരിട്ടാല്‍ ആളുകള്‍ വിചാരിക്കും മുസല്‍മാനാണെന്ന്. ഫാര്‍സിയുടേതും അതുപോലെത്തന്നെ..ചൈനാക്കാരന്റേതും റഷ്യാക്കാരന്റേതും---എന്നുവേണ്ട, കുഴപ്പമാണ്.”

.........

അവര്‍ ചെറിയ കടലാസു തുണ്ടുകളില്‍ പേരുകള്‍ എഴുതി ചുരുട്ടി, കൂട്ടിക്കുഴച്ച്,ഒന്ന് സാറാമ്മയും, വേറൊന്ന് കേശവന്‍ നായരും എടുത്തു. കേശവന്‍ നായര്‍ കടലാസുകഷണം വിതിര്‍ത്തു നോക്കി പ്രഖ്യാപനം ചെയ്തു.

“മിഠായി”

സാറാമ്മയും വിതിര്‍ത്തു നോക്കി പതുക്കെ പറഞ്ഞു.

“ആ‍കാശം”

രണ്ട് പേരും മുഖത്തോടുമുഖം നോക്കി.

സാറാമ്മ ധീരതയോടെ മകന്റെ പേരു വിളിച്ചു.

“മിഠായി ആകാശം! എടാ മോനേ, മിഠായി ആകാശം!...എടാ മോനേ, മിഠായി ആകാശം.”

“തെറ്റ്!” കേശവന്‍ നായര്‍ ശരിയായതു പറഞ്ഞു. തന്റെ തങ്കക്കുട്ടനായ മകന്റെ പേരു ഗാംഭീര്യത്തോടെ വിളിച്ചു.

“ആകാശമിഠായി!”


(ബഷീറിന്റെ പ്രേമലേഖനത്തില്‍നിന്ന്... )

Monday, June 30, 2008

പഴയൊരു പത്രക്കുറിപ്പ്

കുറച്ച് വാക്കുകള്‍ അങ്ങോട്ടും ഇങ്ങോട്ടും മാറ്റിയാല്‍ ഇന്നിറക്കിയത് പോലെ തോന്നും..1957 ജൂലൈ 18ന് അന്നത്തെ സര്‍ക്കാര്‍ പുറത്തിറക്കിയ ഒരു പത്രക്കുറിപ്പ്. മലയാളമാക്കാന്‍ സമയക്കുറവുള്ളതിനാല്‍ അങ്ങിനെ തന്നെ പോസ്റ്റ് ചെയ്യുന്നു.

Public Warned Against “Crusaders”

Government have been carefully watching the trend of public opinion, both in support of and in opposition to the Education Bill now before the Legislative Assembly. Government are reassured by the large volume of support for the measure and are also taking note of the objections to certain clauses in the Bill genuinely left by individual sections ;or interests concerned. The Legislature, which is the sovereign body, empowered to give form and finality to the measure will doubtless consider all aspects of the Bill.

At the same time, Government cannot help taking notice of certain unhealthy trends in the present organised opposition to the measure. Among the documents that have come to the possession of Government proving beyond doubt that such unhealthy trends are at work is a circular letter issued by an organisation in Trichur, addressed to the religious heads and senior ecclesiastical dignitaries of a major community in Kerala. The circular letter says that the main object of the plan adopted by the organisation is “to save our country and its culture from the influence of Communistic regime”. The circular further points out that “issues as the ‘Education Bill’ will be taken very seriously and timely informations will be given to the people at large so that Mass-Sensation can be easily created.............. If, at least, all our parish priests are co-operating with this move, we can form here in Kerala, some 2,000 small units of youths, well-informed and active against Communists. I expect a good deal of support from non-Christian circles also”. The circular promptly proceeds to add: “We will approach you for a ‘Two Rupees monthly donation’ to meet the expense of this crusade”.

Government wish to point out that, while they have no objection to any form of legitimate expression of opinion or peaceful demonstration against any measure initiated by them, attempts, such as the one cited above, to organise a crusade (as mentioned in the circular letter) particularly with the intention of whipping up “Mass-Sensation” among the youths, are fraught with danger to peaceful and orderly life in the State and might even cause repercussions which the promoters of the crusade may not themselves be in a position to control. Government wish to warn the people against being led astray by such attempts to exploit their emotions, religious or cultural, and fall a victim to the designs of those who seek sectarian or other benefits by whipping up agitation against a measure primarily intended to ensure protection for teachers and better organisation of education in the State.


(Press release issued on 18th July 1957)

Sunday, June 29, 2008

സമരാഭാസത്തിന്റെ വിശുദ്ധന്യായം

വര്‍ഷങ്ങള്‍ക്കു മുന്‍പ്, കൃത്യമായി പറഞ്ഞാല്‍ കേരളത്തിലെ ആദ്യ സര്‍ക്കാരിന്റെ കാലത്ത്, അതിലും കൃത്യമായി പറഞ്ഞാല്‍ വിമോചനസമരം എന്ന കുപ്രസിദ്ധമായ(പ്രസിദ്ധമായ എന്ന് ആരും തന്നെ വിശേഷിപ്പിച്ചു കേട്ടിട്ടില്ലെന്നത് പ്രത്യേകം ഓര്‍ക്കുക) സമരം നടക്കുന്നതിന് തൊട്ടുമുന്‍പ് അന്നത്തെ വിദ്യാഭ്യാസമന്ത്രി ജോസഫ് മുണശ്ശേരിക്കെതിരെ ഉണ്ടായ ആരോപണം ഒരു അശ്ലീല കഥ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയെന്നതായിരുന്നു. ആ കഥയുടെ കര്‍ത്താവിന്റെ പേര് വൈക്കം മുഹമ്മദ് ബഷീര്‍ എന്നായിരുന്നു. കഥയുടെ പേര് ബാല്യകാലസഖിയെന്നും. അന്നും കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തിലായിരുന്നു സമരം. വൈക്കം മുഹമ്മദ് ബഷീറിന്റെ അവര്‍ വായിച്ചിട്ടുണ്ടോ എന്ന ചോദ്യം അന്ന് പ്രസക്തമായിരുന്നു. കാരണം ആ കഥാകാരന്റെ രചനകള്‍ വായിച്ചിട്ടുണ്ടെങ്കില്‍ ബാല്യകാലസഖിയെന്ന വിശ്വോത്തര സാഹിത്യസൃഷ്ടിയെ എതിര്‍ക്കാനുള്ള ഉളുപ്പ് അവര്‍ക്ക് എവിടെ നിന്ന് കിട്ടി എന്ന ചോദ്യം സ്വാഭാവികമായും അന്നത്തെ, വായനയും സര്‍ഗാത്മകതയുമുള്ള സമൂഹത്തില്‍ നിന്ന് ഉയര്‍ന്നിട്ടുണ്ടാകുമെന്ന് തീര്‍ച്ച. ഇത് ഒരു പഴയ കഥ.

ഇന്ന് കാലം ഏറെ കഴിഞ്ഞിരിക്കുന്നു.

വൈക്കം മുഹമ്മദ് ബഷീറിന്റെ അറിയാത്ത, മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ അറിയാം പക്ഷേ വായിച്ചിട്ടില്ലാത്ത, അതുമല്ലെങ്കില്‍ ഒരു പക്ഷേ തലേക്കുന്നില്‍ ബഷീറിനെയും ഇ.ടി.മുഹമ്മദ് ബഷീറിനെയും മാത്രം അറിയാവുന്ന ഒരു തലമുറ അതേ പാഠപുസ്തക സമരത്തിന്റെ രണ്ടാം ഖണ്ഡം ഏറ്റെടുത്തിരിക്കുകയാണിന്ന്. അവര്‍ മതേതരത്വത്തെക്കുറിച്ച് ഏഴാം ക്ലാസിലെ സാമൂഹ്യപാഠം പുസ്തകത്തില്‍ പറഞ്ഞ കര്യങ്ങള്‍ മതവിരുദ്ധമാണെന്ന് പ്രചരിപ്പിച്ച് കലാപം നടത്തുന്നു. എന്നുവെച്ചാല്‍ ജോസഫ് മുണ്ടശ്ശേരി പേരിനൊപ്പം തെറി ചേര്‍ത്തുവിളിച്ച് പ്രകടനം നടത്താന്‍ കഴിഞ്ഞ ഒരു വിദ്യാര്‍ത്ഥി സംഘടനയാണ് ഈ പുതിയ സമരാഭാസത്തിന് പുറകിലും എന്നു സാരം. മുണ്ടശ്ശേരിയുടെ സാഹിത്യവിമര്‍ശനത്തിനു പാത്രമായവര്‍ പോലും അദ്ദേഹത്തോട് വിനയത്തോടും ബഹുമാനത്തോടും മാത്രമേ പെരുമാറിയിട്ടുള്ളൂ. പക്ഷേ സമരക്കാര്‍ അന്ന് വിളിച്ചത് അങ്ങേയറ്റം അധിക്ഷേപകരമായ മുദ്രാവാക്യമായിരുന്നുവെന്നത് ചരിത്രം.

ഇന്ന് പാഠപുസ്തകങ്ങള്‍ തെരുവിലിട്ട് കത്തിച്ചുകളയുവാന്‍ കഴിയുന്നതും ഇത്തരം മാനസികാവസ്ഥ മൂലമാണ്. കേരളത്തിലെ ഏതെങ്കിലും ഒരു മതസംഘടനയല്ല ഈ പൊറാട്ടുനാടകം(ക്ഷമിക്കണം, പൊറാട്ടുനാടകം ഇപ്പോള്‍ നടക്കുന്ന സമരം പോലെ അത്ര മാന്യതയില്ലാത്ത ഒന്നായിരുന്നില്ലെന്നറിയാം, എങ്കിലും ഒരു പ്രയോഗം എന്ന നിലയില്‍) തുടങ്ങിയത് എന്നതാണ് ഏറെ വിചിത്രം. അത് തുടങ്ങിയത് നെഹ്രുവിന്റേയും ഗാന്ധിയുടേയും പൈതൃകം അവകാശപ്പെടുന്ന ഒരു പ്രസ്ഥാനമാണ്. ഏതായാലും ഇവിടെ ഒരു കാര്യം വ്യക്തമായിരിക്കുന്നു. തികച്ചും മതനിരപേക്ഷമോ സാമൂഹികമോ ആയ ആദര്‍ശങ്ങള്‍ക്കനുസൃതമായല്ല കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നത്. മറിച്ച്, ഏതെങ്കിലും മതത്തിന് എവിടെയെങ്കിലും പൊള്ളിയാല്‍ അത് കൂടുതല്‍ മുതലെടുത്തുകൊണ്ടാണ് എന്നതാണത്. ഒരു ജനാധിപത്യരാജ്യത്ത് ഒരു വ്യക്തിക്ക് മതസ്ഥനായി മാത്രമല്ല മതവിമുക്തനായും ജീവിക്കാന്‍ കഴിയുമെന്ന ഭരണഘടനാപരമായ അവകാശത്തെ കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കുന്നത് എങ്ങനെയാണ് മതവിരുദ്ധമാകുക, മതേതരത്വം എന്നാല്‍ എല്ലാ മതത്തിനും തുല്യപരിഗണന നല്‍കല്‍ എന്നുമാത്രമല്ല ഒരു മതത്തിനുന്‍ അവശ്യമില്ലാത്ത പരിഗണന നല്‍കാതിരിക്കല്‍ എന്നും അര്‍ത്ഥമുണ്ടെന്ന് പഴയ വിമോചനസമരനായകന്മാരുടെ പുതു തലമുറ മനസ്സിലാക്കാത്തതെന്താണ്? വയലാര്‍ രവി മിശ്രവിവാഹിതനാണ്, എ.കെ.ആന്റണി മതവിശ്വാസിയല്ലെന്നും കേള്‍ക്കുന്നു. ഇവര്‍ രണ്ടുപേരും ഇക്കാര്യത്തില്‍ മൌനം പാലിക്കുന്നതെന്തുകൊണ്ടാണ്?

വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ പേരില്‍ എന്തു വില കുറഞ്ഞ നാടകവും കളിക്കാനുള്ള തൊലിക്കട്ടിയുള്ള ഒരു ആള്‍ക്കൂട്ടമായി ഒരു ജനാധിപത്യ പാര്‍ട്ടിക്ക് എങ്ങനെ മാറാന്‍ കഴിഞ്ഞുവെന്ന ചോദ്യമാണ് സമകാലിക കേരളം ഉയര്‍ത്തേണ്ടത്. കാള പെറ്റു എന്നു കേള്‍ക്കുമ്പോഴേക്കും കയറെടുക്കുന്നവന്റെ ആരംഭശൂരത്വം മാത്രമായിരുന്നു ഈ വിവാദകോലാഹലങ്ങളെന്ന് ഏഴാം ക്ലാസിലെയെന്നല്ല നാലാം ക്ലാസിലെ കുട്ടിക്ക് പോലും ഇപ്പോള്‍ ബോധ്യപ്പെട്ടിരിക്കുന്നു. കാരണം അവര്‍ക്ക് യൂത്ത് കോണ്‍ഗ്രസ്സുകാരെക്കാളും ചിന്താശേഷിയുണ്ട്. ഇപ്പോള്‍ നടക്കുന്ന പാഠപുസ്തകവിവാദം കൊണ്ട് അതിന്റെ പേരില്‍ നടക്കുന്ന പഠിപ്പ് മുടക്ക് കൊണ്ട് കേരളത്തിലെ ഏതെങ്കിലും കോണ്‍ഗ്രസ് നേതാവിന്റെ മക്കളുടെ പഠിപ്പ് മുടങ്ങിയിട്ടില്ല എന്നും ഉറപ്പാണ്. അവരില്‍ എത്ര പേരുടെ മക്കള്‍ സര്‍ക്കാര്‍ സ്കൂളില്‍ പഠിക്കുന്നുണ്ട്? വിരലിലെണ്ണാവുന്നവര്‍ മാത്രമായിരിക്കും അത്. പിന്നെ 12000 പാഠപുസ്തകം കത്തിച്ചാലെന്ത്? ക്ലാസ് മുടക്കിയാലെന്ത്?

ഒരമ്പലം നശിച്ചാല്‍ അത്രയും അന്ധവിശ്വാസം നശിച്ചുവെന്ന കോണ്‍ഗ്രസുകാരന്‍ തന്നെയായ സി.കേശവന്റെ പ്രസിദ്ധമായ പ്രസംഗം കോണ്‍ഗ്രസിന് ഓര്‍മയില്ലെന്നുണ്ടോ? അതു മത വിരുദ്ധമായിരുന്നില്ലേ? ഞാന്‍ മരിച്ചാല്‍ എന്നെ ഒരു മതവിശ്വാസവും അനുസരിച്ച് സംസ്കരിക്കരുതെന്ന നെഹ്രുവിന്റെ മഹത്തരമായ ദര്‍ശനത്തെ അവര്‍ ചര്‍ച്ചകളില്‍ നിന്ന് മനപ്പൂര്‍വം മറന്നുകളയുന്നതെന്താണ്? രാജ്യത്തിന്റെ ഭരണഘടനയില്‍ രാഷ്ട്രത്തെക്കുറിച്ച് പറഞ്ഞ നിര്‍വചനം ജനാധിപത്യ-മതേതര-സോഷ്യലിസ് റിപ്പബ്ലിക്ക് എന്നാണെന്ന ചരിത്രം അറിയാത്ത കോണ്‍ഗ്രസാണോ കേരളത്തിലുള്ളത്? അവരാണോ പാഠപുസ്തകത്തില്‍ സോഷ്യലിസം കൊണ്ടുവരാന്‍ ശ്രമിക്കുകയാണെന്ന് വിമര്‍ശിക്കുന്നത്>

എന്‍.സി.ഇ.ആര്‍.ടിയുടെ സിലബസ് പ്രകാരം നിലനില്‍ക്കുന്ന അതാത് സമൂഹങ്ങളുടെ പ്രാദേശിക ചരിത്രം, അത്ത കാലത്തെ പ്രാദേശികമായ ചെറുത്തുനില്‍പ്പുകള്‍ക്ക് നേതൃത്വം നല്‍കിയ വ്യക്തികള്‍, വിവിധ ധാരകള്‍ തുടങ്ങിയ വിവരങ്ങള്‍ പുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തണമെന്ന വ്യവസ്ഥയെയാണ് കെ.ദാമോദരന്റെയും എ.കെ.ജിയുടേയുമെല്ലാം പേരുകള്‍ ഉദ്ദരിച്ച് സമരക്കാര്‍ അധിക്ഷേപിക്കുന്നത്. അവര്‍ക്ക് ആ സിലബസ് വായിക്കാനുള്ള ക്ഷമ ഇല്ലാത്തതാണോ? പ്രസിദ്ധമായ ചമ്പാരന്‍ സമരം, ബംഗാളിലെ നീലം കര്‍ഷകരുടെ സമരം തുടങ്ങി കേരളഗാന്ധി എന്നറിയപ്പെടുന്ന കെ.കേളപ്പന്‍ നേതൃത്വം നല്‍കിയ ഗുരുവായൂര്‍ സത്യാഗ്രഹം, വൈക്കം സത്യാഗ്രഹം അടക്കമുള്ളവയെക്കുറിച്ചും ഈ പുസ്തകത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. അതെല്ലാം നീക്കം ചെയ്യണോ എന്ന കാര്യവും കോണ്‍ഗ്രസ് പറയണം.

ഇതിനൊക്കെ കോണ്‍ഗ്രസിന് എന്തു മറുപടിയാണ് പറയാനുള്ളത്? എല്ലാ കാലത്തും ഹിറ്റ്ലറിന്റെയും അലക്സാണ്ടറുടേയും നെപ്പോളിയന്റെയും ചരിത്രം മാത്രം വായിച്ചാല്‍ മതിയെന്ന സങ്കുചിതത്വമാണ് ഇവിടെ അടിച്ചേല്‍പ്പിക്കുവാന്‍ ശ്രമിക്കുന്നത് എന്ന കാര്യം സമരക്കാര്‍ മറക്കരുത്. ഒപ്പം മത വര്‍ഗീയ കക്ഷികള്‍ക്ക് കൂടുതല്‍ വളം വെച്ചുകൊടുക്കാനാണ് ഈ സമരം കാരണമാകുക എന്ന കാര്യവും വിസ്മരിക്കരുത്.

മതവിരുദ്ധതയെന്നത് ഒരു ക്രിമിനല്‍ കുറ്റമൊന്നുമല്ല എന്ന കാര്യം മതത്തില്‍ വിശ്വസിക്കുന്നതു പോലെ അതില്‍ വിശ്വസിക്കാതിരിക്കാനും അവകാശമുണ്ടെന്ന ഭരണഘടനാപരമായ സത്യം, ജനങ്ങളെ ബോധ്യപ്പെടുത്താനാണ് സര്‍ക്കാര്‍ ഇനി മുന്‍‌കൈ എടുക്കേണ്ടത്.

കോടികളുടെ കള്ളപ്പണവും മറ്റ് അനാശാസ്യങ്ങളും ഒഴുകുന്ന പല സന്ന്യാസി മഠങ്ങളുടേയും ധ്യാനകേന്ദ്രങ്ങളുടെയും വ്യാജ മൌലവിമാരുടേയും യഥാര്‍ത്ഥ മുഖം ജനമധ്യത്തില്‍ വെളിവാക്കപ്പെട്ടതോടെ അവശേഷിക്കുന്ന സ്വത്തുക്കളെങ്കിലും സംരക്ഷിക്കാനും ജനശ്രദ്ധ തിരിച്ചുവിടാനും വേണ്ടി രൂപപ്പെടുത്തിയ ഒരു അവിശുദ്ധ കൂട്ടുകെട്ടിന്റെ സൃഷ്ടിയാണ് ഈ സമരം എന്നതില്‍ തര്‍ക്കമില്ല.

മുസ്ലീം ലീഗിന്റെയും അവരുടെ വിദ്യാര്‍ത്ഥി സംഘടനയായ എം.എസ്.എഫിന്റെയും പുസ്തകം കത്തിക്കല്‍ സമരവീര്യം ജനം അത്ര കാര്യമായെടുക്കുമെന്ന് തോന്നുന്നില്ല. കാരണം പുസ്തകവും എം.എസ്.എഫും തമ്മില്‍ വലിയ ബന്ധമൊന്നുമില്ല എന്ന് എല്ലാവര്‍ക്കുമറിയാം. അല്ലെങ്കില്‍ ആറാം ക്ലാസിലെ അറബി പാഠപുസ്തകങ്ങളടക്കമുള്ളവ ഏഴാം ക്ലാസിലെ സാമൂഹ്യപാഠത്തിന്റെ പേരില്‍ കത്തിക്കുമായിരുന്നോ?

മരങ്ങളും കാടുകളുമാണ് മഴ പെയ്യാന്‍ സഹായിക്കുന്നതെന്ന് പറഞ്ഞവരോട് അപ്പോള്‍ കടലില്‍ മഴപെയ്യുന്നതോ, അവിടെ മരമുണ്ടോ എന്ന് ചോദിച്ച ഒരു നേതാവിന്റെ/പാര്‍ട്ടിയുടെ വിദ്യാര്‍ത്ഥി സംഘടനയാണവര്‍. അത് കൊണ്ട് തന്നെ പുസ്തകം കത്തിക്കല്‍ സമരത്തെ വിവരമുള്ള ജനങ്ങള്‍ തിരിച്ചറിയുമെന്ന് തീര്‍ച്ചയാണ്.

എന്നാല്‍ രാജ്യത്തെ യഥാര്‍ത്ഥ വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള ഈ സമരാഭാസത്തിന് കൂട്ടുനില്‍ക്കുന്ന കോണ്‍ഗ്രസിന് നെഹ്രുവിന്റെ പാരമ്പര്യം അവകാശപ്പെടാന്‍ ഇനിയെന്താണവകാശം?

(കടപ്പാട്: വി.എസ്.സനോജ്, ജനയുഗം ദിനപ്പത്രം )

കേരള വിദ്യാഭ്യാസം എന്ന ബ്ലോഗ് സന്ദര്‍ശിക്കുകയും ചര്‍ച്ചയില്‍ പങ്കെടുക്കുകയും ചെയ്യുമല്ലോ. ഈ ലേഖനം അവിടെയും ഇട്ടിട്ടുണ്ട്. കമന്റുകള്‍ അവിടെ ഇടുമല്ലോ.

Friday, June 27, 2008

പാഠപുസ്തക വിവാദം: വ്യത്യസ്ഥമായ ഒരു ചര്‍ച്ച, സമരരൂപം

കുറിപ്പ് ഡാലിയുടെ ചൂട്ടഴിയിലെ പോസ്റ്റില്‍ നിന്ന്:

ആളിക്കത്തുകയാണ് ഏഴാം ക്ലാസ്സിലെ സാമൂഹ്യശാസ്ത്ര പാഠ പുസ്തക വിവാദം. പുസ്തകം വായിച്ചുപോലും നോക്കാതെ തെരുവില്‍ കത്തിക്കാനും തെരുവ് കത്തിക്കാനും ആളിറങ്ങിക്കഴിഞ്ഞു. മോഷണക്കേസില്‍ ജയിലില്‍ കിടന്നവന്‍ വരെ ഏഴാം ക്ലാസുകാരനെ രക്ഷിക്കാന്‍ പെട്രോള്‍ കാനും തീപ്പെട്ടിയുമായി തെരുവിലുണ്ട്.

ഈ സമരം അനാവശ്യമാണെന്ന് പാഠപുസ്തകം ഒരിക്കലെങ്കിലും വായിച്ചു നോക്കിയിട്ടുള്ള ഏതൊരാള്‍ക്കും ബോധ്യപ്പെടും. രണ്ടാം വിമോചന സമരത്തിന് പടയൊരുക്കം നടത്തുകയാണത്രെ അരമനകള്‍. അതിനെ നേരിടാനായി ഇപ്പോഴേ ഒരുങ്ങുക. കല്ലും, കവിണിയും, കുന്തവുമാണ് അവര്‍ക്ക് പരിചയമുളള ആയുധങ്ങള്‍. അതിനെ എതിര്‍ക്കാന്‍ അക്ഷരവും പുസ്തകവും സംവാദവുമാണ് നമ്മുടെ ആയുധം.

സംവാദത്തിന്റെ വാതിലുകള്‍ മുഴുവന്‍ അടച്ച്, സ്വന്തം മുന്‍വിധികളുടെയും സ്ഥാപിത താല്‍പര്യക്കാരുടെയും താളത്തിനൊത്ത് തുളളുന്നവര്‍ കൊണ്ടാടുന്ന വാദങ്ങളുടെ കാമ്പും കഴമ്പും നമുക്ക് പരിശോധിക്കാം, ഒന്നൊന്നായി.

അതിന്, ഇതാ ഇവിടെയൊരവസരം:

ഇതാ ഇതിലേ പോവുക അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുക.

കിരണ്‍, മാരീചന്‍, സെബിന്‍, രാധേയന്‍, മൂര്‍ത്തി, റോബി, ഡാലി,സൂരജ് എന്നിവരുടെ ചിന്തകള്‍ ആമുഖമായി അവതരിക്കപ്പെട്ടിരിക്കുന്നു.

വിവാദമായിരിക്കുന്നത് ഏഴാം ക്ലാസ്സിലെ സാമൂഹ്യപാഠം പുസ്തകത്തിലെ ഒന്നാം റ്റേം പുസ്തകത്തിലെ അഞ്ച് അദ്ധ്യയങ്ങളില്‍ ആദ്യത്തെ മൂന്ന് അദ്ധ്യയമാണ്.

അദ്ധ്യായം തിരിച്ചുള്ള ചര്‍ച്ചകള്‍
ഒന്നാം അദ്ധ്യായം ചര്‍ച്ച, പഴയതും പുതിയതും താരതമ്യം

അദ്ധ്യായം രണ്ട് ചര്‍ച്ച

അദ്ധ്യയം മൂന്ന് ചര്‍ച്ച
പുസ്തകം വായിക്കാനും ചര്‍ച്ചയില്‍ പങ്കെടക്കാനും എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു. പുസ്തകം വായിക്കാനുളളതാണ്, കത്തിക്കാനുളളതല്ല എന്ന് തിരിച്ചറിയുന്നവര്‍ക്കും, ലോകം കത്തിച്ചിട്ടായാലും തങ്ങളുടെ വാശിയും ഈഗോയും ജയിക്കണമെന്നുളളവര്‍ക്കും ഈ സംവാദത്തില്‍ പങ്കെടുക്കാം.

സത്യമേ ജയിക്കൂ.... സത്യം മാത്രം. സത്യത്തെ ജയിപ്പിക്കാനും നമ്മുടെ കുട്ടികളെ നല്ല മനുഷ്യരായി വളര്‍ത്താനും മാനവികതയും മതനിരപേക്ഷതയും ഉയര്‍ത്തിപ്പിടിക്കാനും ഈ സമരത്തില്‍ പങ്കു ചേരുക.

കമന്റുകള്‍ മുകളിലെ ലിങ്കിലെ പോസ്റ്റുകളില്‍ ഇടുക.

Wednesday, June 25, 2008

ഒരു വനിതാ ചാവേറിന്റെ മനസ്സ്

ഹസ്‌ന മാരി എപ്പോഴെങ്കിലും കുടുംബ ഖുറാന്‍ തുറക്കുന്നത് കണ്ടതായി ആരും ഓര്‍ക്കുന്നില്ല. അവള്‍ ഒരിക്കലും പള്ളിയില്‍ പോകാറില്ലെന്നു മാത്രമല്ല പള്ളിയിലെ ഇമാമിനെ ഒരു സ്ത്രീലമ്പടനായാണ് താന്‍ കാണുന്നതെന്ന് അവള്‍ പലപ്പോഴും പറയുമായിരുന്നു. അതുകൊണ്ട് തന്നെ മതവിശ്വാസവുമായി ബന്ധപ്പെട്ട തീവ്രവാദമല്ല അന്‍ബാര്‍ പ്രവിശ്യയില്‍ നിന്നുള്ള ഈ ഗ്രാമീണയെ കഴിഞ്ഞ വേനല്‍ക്കാലത്ത് ഇറാഖി ചെക്ക് പോസ്റ്റുകളിലൊന്നില്‍ വെച്ച് സ്വയം പൊട്ടിച്ചിതറുവാന്‍ പ്രേരിപ്പിച്ചത്. അവളുടെ കൂടെ മൂന്ന് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെടുകയും പത്ത് സാധാരണക്കാര്‍ക്കെങ്കിലും പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

മതം ആവണമെന്നില്ല അവളുടെ പ്രേരകശക്തി, എങ്കിലും വിശുദ്ധ യുദ്ധത്തിന്റെ മുന്നണിയില്‍ വനിതകളെ ഉപയോഗിക്കുക എന്ന പുതിയ രീതിയുടെ സ്വയംസന്നദ്ധയായ ആദ്യ ഇരകളിലൊന്നായിരുന്നു അവള്‍. അധിനിവേശത്തിനു ശേഷം നടന്ന ആയിരത്തോളം ചാവേര്‍ ബോംബാക്രമണങ്ങളില്‍ സ്ത്രീകള്‍ ഉള്‍പ്പെട്ടത് ഏതാണ്ട് മുപ്പതോളം എണ്ണത്തില്‍ മാത്രമാണെങ്കിലും, അമേരിക്കന്‍- ഇറാഖി ഉദ്യോഗസ്ഥര്‍ പറയുന്നത് അമേരിക്കന്‍ ആക്രമണതന്ത്രത്തിന്റെ നട്ടെല്ലായ സെക്യൂരിറ്റി സംവിധാനങ്ങളെ മറികടക്കുവാന്‍ ജിഹാദി ഗ്രൂപ്പുകള്‍ കൂടുതല്‍ കൂടുതലായി വനിതകളെ ഉപയോഗിക്കുന്നുണ്ട് എന്നാണ്. കഴിഞ്ഞ ഞായറാഴ്ച ബക്കൂബയില്‍ നടന്ന ഒരു വനിതാ ചാവേര്‍ ആക്രമണത്തില്‍ പതിനാറ് പേര്‍ കൊല്ലപ്പെടുകയും മുപ്പത്തി അഞ്ചോളം പേര്‍ക്ക് പരിക്കേല്‍ക്കുകയുമുണ്ടായി. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് രണ്ട് പുരുഷന്മാരും നാലു സ്ത്രീകളും ഉത്തരപടിഞ്ഞാറന്‍ ബാഗ്ദാദിലെ തിരക്കേറിയ ഒരു മാര്‍ക്കറ്റില്‍ കാര്‍ ബോംബാക്രമണം നടത്തിയത്. ഇതില്‍ 63 പേര്‍ കൊല്ലപ്പെട്ടിരുന്നു.

എല്ലാ അവസരങ്ങളിലും, പല തട്ടിലുള്ള സുരക്ഷാസംവിധാനങ്ങള്‍ മറികടന്ന് തങ്ങളുടെ ലക്ഷ്യസ്ഥാനത്ത് എത്തുവാന്‍ വനിതാ ചാവേറുകള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. പുരുഷ പോലീസുകാരോ ചെക്ക് പോയിന്റ് ഉദ്യോഗസ്ഥരോ വനിതകളെ പരിശോധിക്കുന്നത് വിലക്കുന്ന ഒരു സംസ്കാരം നിലവിലിരിക്കെ, പോലീസ് സ്റ്റേഷനുകളും മാര്‍ക്കറ്റുകളും പോലുള്ള സുപ്രധാന ലക്ഷ്യങ്ങളിലേക്ക് എത്തിച്ചേരുവാന്‍ ഇവര്‍ക്ക് കഴിയുന്നുണ്ട്. ഒരു പുരുഷനു എത്തിച്ചേരാമെന്ന് സ്വപ്നം കാണാന്‍ പോലും കഴിയാത്ത ഇടങ്ങളിലേക്ക് ഒരു പരിശോധനയും ഇല്ലാതെ കടന്നു ചെല്ലുവാന്‍ ഇവര്‍ക്ക് സാധിക്കുന്നു.

ഒരോ ആത്മഹത്യാ ബോംബറും തന്റെ ജീവിതം അവസാനിപ്പിക്കുന്നത് ഒരേ രീതിയിലായിരിക്കാം, എങ്കിലും അവരുടെ ഉദ്ദേശലക്ഷ്യങ്ങളെക്കുറിച്ച് ഒറ്റക്കഥയില്‍ നിന്നുമാത്രം എന്തെങ്കിലും നിഗമനത്തിലെത്തുന്നത് ബുദ്ധിശൂന്യമയിരിക്കും. എങ്കിലും, ഹസ്‌ന എങ്ങിനെ സ്വയം പൊട്ടിച്ചിതറുവാന്‍ തയ്യാറായി എന്നത് ഇറാഖിലെ സ്ത്രീകള്‍ അകപ്പെട്ടിരിക്കുന്നതായ നിസ്സഹായാവസ്ഥയുടെ വിഷമവൃത്തത്തിലേക്ക് അല്‍പം വെളിച്ചം വീശുവാന്‍ സഹായിക്കും എന്നു തോന്നുന്നു..

ഇപ്പോള്‍ സിറിയയില്‍ ഒളിച്ച് താമസിക്കുന്ന അവളുടെ സഹോദരി സദിയയില്‍ നിന്നും അമ്മ ഷാഫിക്വയില്‍ നിന്നുമാണ് ടൈം ഹസ്‌നയെക്കുറിച്ച് അറിഞ്ഞത്. ( പേരുകള്‍, ഹസ്‌നയുടേതടക്കം സാങ്കല്‍പ്പികമാണ്). അവര്‍ പറഞ്ഞ കഥ ശരിയോ തെറ്റോ എന്നു പരിശോധിക്കുക അസാദ്ധ്യമാണെങ്കിലും, അവര്‍ പറഞ്ഞതിലെ പ്രധാന സംഗതികള്‍ അന്‍ബാറിലെ ഇറാഖി ഉദ്യോഗസ്ഥര്‍ നല്‍കുന്ന സംഭവ വിവരണവുമായി ഒത്തുപോകുന്നുണ്ട്. (അമേരിക്കന്‍ സൈന്യം ആകെ സ്ഥിരീകരിക്കാന്‍ തയ്യാറായത് ജൂലൈ 23ന് അഞ്ചാം കിലോമീറ്ററിലെ ചെക്‍പോയിന്റില്‍ ഒരു വനിതാ ചാവേര്‍ ആക്രമണം ഉണ്ടായി എന്നത് മാത്രമാണ്). സദിയയും ഷഫിക്വയും ഒരു അല്‍-ഖ്വൈദ പോരാളി അവര്‍ക്ക് നല്‍കിയ രണ്ട് ഡി.വി.ഡി പരിശോധിക്കുവാന്‍ സമ്മതിച്ചു, അതിന്റെ കോപ്പി എടുക്കുവാന്‍ അനുവദിച്ചില്ലെങ്കിലും. ഒന്നില്‍ ഹസ്‌നയുടെ അന്ത്യ യാത്രാമൊഴിയും, മറ്റൊന്നില്‍ അവളുടെ ദൌത്യത്തിന്റെ ചിത്രീകരണവും ആയിരുന്നു. സ്വന്തം സഹോദരന്റെ മരണം സൃഷ്ടിച്ച ദു:ഖത്താല്‍ ഭ്രാന്തമായ അവസ്ഥയിലെത്തിയ, ഒരിക്കല്‍ അസാമാന്യ മന:ശക്തിയുണ്ടായിരുന്ന ഒരു വനിതയുടെ ചിത്രമാണ് നമുക്ക് കാണാനാവുക.

സഹോദരനായ താമര്‍ 2007 ആദ്യം ഒരു ചാവേര്‍ ആക്രമണത്തിനു സ്വയം സന്നദ്ധനാവുകയായിരുന്നു. ഹസ്‌ന അവനെ സഹായിക്കുകയും. ഫെബ്രുവരിയിലെ ഒരു പ്രഭാതത്തില്‍ താമര്‍ ചെക്ക് പോയിന്റ് അഞ്ചിലേക്ക് സഹജിഹാദികളോടൊത്ത് കാറോടിച്ച് പൊയ്ക്കൊണ്ടിരിക്കെ അബദ്ധത്തില്‍ ബോംബ് പൊട്ടുകയും എല്ലാവരും കൊല്ലപ്പെടുകയുമായിരുന്നു.

ഹസ്‌നയെ ഇത് ദുഖത്തിലാഴ്ത്തി - സഹോദരന്‍ മരിച്ചു എന്നതിലല്ല, മറിച്ച് അവന്‍ ഏറ്റെടുത്ത ദൌത്യം പൂര്‍ത്തിയാക്കാനായില്ലല്ലോ എന്നതായിരുന്നു അവളുടെ ദുഖം. "അവന്റെ മരണവാര്‍ത്ത അവള്‍ പ്രതീക്ഷിച്ചതായിരുന്നു, എങ്കിലും അവന്‍ ഒരു രക്തസാക്ഷിയായി കരുതപ്പെടുകയില്ല എന്നത് അവള്‍ക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു." സദിയ പറഞ്ഞു. ഒരാഴ്ചയോളം അവള്‍ ഒരു മുറിയില്‍ കയറി കതകടച്ചിരുന്നു. അവസാനം അയല്‍ക്കാര്‍ അവള്‍ മരിച്ചുവെന്നുറപ്പിച്ച് സദിയയെ വിളിക്കുകയായിരുന്നു. വാതില്‍ പൊളിച്ച് അകത്ത് കടന്ന അവര്‍ കണ്ടത് വിസര്‍ജ്യങ്ങളുടെ നടുവില്‍ അബോധാവസ്ഥയില്‍ കിടന്നിരുന്ന ഹസ്‌നയെയാണ്. സദിയയുടെ പരിചരണത്താല്‍ ഹസ്‌ന തന്റെ ആരോഗ്യം കുറെയൊക്കെ വീണ്ടെടുത്തു, എങ്കിലും താമറിനു സംഭവിച്ച പരാജയത്തെക്കുറിച്ചുള്ള ഓര്‍മകള്‍ അവളെ വേട്ടയാടുകയായിരുന്നു. "അപൂര്‍ണമായ രക്തസാക്ഷിത്വം" എന്നാണവള്‍ അതിനെ വിശേഷിപ്പിച്ചത്. അധികം കഴിയുന്നതിനു മുന്‍പ് തന്നെ അവള്‍ ഒരു തീരുമാനത്തിലെത്തി : സഹോദരന്റെ മാനം കാക്കാനുള്ള ഏക വഴി അവന്‍ പൂര്‍ത്തിയാക്കാതെ പോയ ദൌത്യം പൂര്‍ത്തിയാക്കുക എന്നതാണെന്ന്.

തുടര്‍ന്ന് ഹസ്‌ന ഒരു നിര്‍ദ്ദേശവുമായി തന്റെ സഹോദരന്റെ സഹപ്രവര്‍ത്തകരെ സമീപിച്ചു. അവള്‍ക്കൊരു ബെല്‍റ്റ് സംഘടിപ്പിച്ചുകൊടുക്കാമെങ്കില്‍ കിലോമീറ്റര്‍ 5 അവള്‍ ബോംബായി മാറി തകര്‍ക്കും. അവര്‍ ആദ്യം സംശയിച്ചു ,കാരണം ഒരു വനിതയെ അതു വരെയും ഇത്തരം പ്രവര്‍ത്തനത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല, മാത്രമല്ല അവസാന നിമിഷം അവളുടെ മനസാന്നിദ്ധ്യം നഷ്ടപ്പെടും എന്നതവര്‍ക്ക് ഉറപ്പായിരുന്നു. എങ്കിലും അവസാനം അവര്‍ക്ക് ഹസ്നയുടെ നിര്‍ബന്ധത്തിനു വഴങ്ങേണ്ടി വന്നു. അങ്ങിനെ അവര്‍ അവളെ ഉന്നത ജിഹാദി തലവന്മാരുടെ അംഗീകാരത്തിനായും ബെല്‍ട്ട് ബോംബ് ഘടിപ്പിക്കുന്നതിനായും സിറിയയിലേക്ക് അയച്ചു. (നിരവധി തവണ അവള്‍ സിറിയ സന്ദര്‍ശിച്ചുവെന്ന് റമാദിയിലെ ഇറാഖി ഉദ്യോഗസ്ഥര്‍ പറയുന്നു.)

അടുത്ത തവണ സദിയ ഹസ്‌നയെ കണ്ടപ്പോള്‍ ചെയ്യാന്‍ പോകുന്ന കാര്യത്തെക്കുറിച്ചുള്ള പ്രതീക്ഷയില്‍ അവള്‍ ഒരു തരം ചാപല്യം ബാധിച്ചവളെപ്പോലെ കാണപ്പെട്ടു. സിറിയയില്‍ ഉണ്ടായ അനുഭങ്ങളെക്കുറിച്ച് രസകരമായ കഥകള്‍ അവള്‍ സദിയക്ക് പറഞ്ഞു കൊടുത്തു. സ്ത്രീയെ സ്പര്‍ശിക്കുന്നത് ജിഹാദികളുടെ മതവിശ്വാസം വിലക്കുന്നതിനാല്‍ ബെല്‍ട്ടിനായി എങ്ങിനെ അവളുടെ അളവുകള്‍ എടുക്കും എന്നതിനെക്കുരിച്ച് അവര്‍ക്കൊരു രൂപവും ഇല്ലായിരുന്നു. എങ്കില്‍ തന്റെ ബ്രേസിയര്‍ തരാമെന്നായി അവള്‍. പക്ഷെ ഒരു സ്ത്രീയുടെ അടിവസ്ത്രം സ്പര്‍ശിക്കന്‍ ഇസ്ലാം അനുവദിക്കുന്നുണ്ടോ എന്നത് ഒരു ഇമ്മാമിനോട് ചോദിച്ച് അവര്‍ക്ക് ഉറപ്പു വരുത്തേണ്ടിവന്നുവത്രെ.

അവള്‍ സ്വയം ഒരു ബോംബായി മാറിയ കഴിഞ്ഞ ജൂലായിലെ ആ ദിവസം ചെക്ക് പോയിന്റില്‍ ഏതാണ്ട് നാല്‍പതോളം പോലീസുകാര്‍ ഉണ്ടായിരുന്നു. അതില്‍ ഒറ്റ സ്ത്രീ പോലും ഇല്ലായിരുന്നു. രാവിലെ 9.30ന് ഇളം നിറത്തിലുള്ള ഒരു ഓപ്പല്‍ സലൂണ്‍ ചെക്ക് പോയിന്റിനു ഏതാണ്ട് 100 വാര അകലെ ഒരു സ്ത്രീയെ വിട്ടതിനുശേഷം റമാദിയിലേക്ക് യാത്രയായി. തിളങ്ങുന്ന കറുത്ത ഗൌണും പര്‍ദയും ധരിച്ച കുറിയതും ബലിഷ്ടവുമായ ശരീരമുള്ള സ്ത്രീയെ.

ചെക്ക് പോയിന്റിന്റെ ചുമരുകള്‍ക്ക് സമീപമെത്തിയപ്പോള്‍ അവള്‍ വസ്ത്രം തടഞ്ഞ് വീഴുന്നതായി ഭാവിച്ചു. ദൃക്‍സാക്ഷി വിവരണം അനുസരിച്ച് അവള്‍ ഒരു പോലീസുകാരനെ വിളിക്കുകയും തന്നെ സഹായിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. അവര്‍ സമീപത്തെത്തിയപ്പോള്‍ അവള്‍ ബോംബിന്റെ ട്രിഗര്‍ വലിക്കുകയും രണ്ട് പൊലീസുകാരും തല്‍ക്ഷണം കൊല്ലപ്പെടുകയും ഒരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ഒരു വലിയ തീഗോളം സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ ചെന്ന് പതിക്കുകയും അതിനുള്ളിലുണ്ടായിരുന്നവരെ ഗുരുതരമായി പൊള്ളലേല്‍പ്പിക്കുകയും ചെയ്തു.

ഹസ്‌നയുടെ മരണത്തിനു ഒരു ആഴ്ച കഴിഞ്ഞ്, സദിയക്ക് രണ്ട് ഡി.വി.ഡി കള്‍ ലഭിച്ചു. ആ റെക്കോര്‍ഡിങ്ങുകളിലെ സ്ത്രീയെ തിരിച്ചറിയാന്‍ കഴിയുന്നില്ലെന്ന് സദിയ പറയുന്നു. "അത് ഹസ്‌ന തന്നെയാണ്. പക്ഷെ താമര്‍ കൂടെ ഇല്ലാത്ത ഹസ്‌ന. അവന്‍ മരിച്ചപ്പോള്‍ അവള്‍ ഒരു പകുതി വ്യക്തി ആയി മാറിയിരുന്നു. ആ അര്‍ദ്ധവ്യക്തിയെ നിങ്ങള്‍ക്ക് ഈ വീഡിയോയില്‍ കാണാം." തങ്ങളുടെ മരണമൊഴി രേഖപ്പെടുത്തിവെക്കുക എന്നത് ചാവേര്‍ ബോംബര്‍മാരുടെ ഇടയില്‍ പതിവാണ്. പലതും ജിഹാദി വെബ് സൈറ്റുകളില്‍ പോസ്റ്റ് ചെയ്യപ്പെടും. പലതിലും ബോംബര്‍മാര്‍ മുഖം മൂടി ധരിച്ച് ഖുറാനില്‍ നിന്നുള്ള വരികള്‍ ചൊല്ലി പ്രാര്‍ത്ഥിക്കുകയും രക്തസാക്ഷിത്വത്തിന്റെ നന്മകളെ പ്രകീര്‍ത്തിക്കുകയും തങ്ങളുടെ എതിരാളികള്‍ (മിക്കവാറും അമേരിക്കയെ) നരകത്തില്‍ പോകട്ടെ എന്ന് ശപിക്കുകയും ചെയ്യും.

ഹസ്‌നയുടെ അവസാന റെക്കോര്‍ഡിങ്ങില്‍ അവള്‍ മുഖം മറച്ചിട്ടില്ല, തലമുടി സ്വതന്ത്രമായി വിടര്‍ത്തിയിട്ടിരിക്കുമയുമാണ്. ക്യാമറയിലേക്ക് തന്നെ ഉറ്റുനോക്കിക്കൊണ്ട് പതറാത്ത ഉറച്ച ശബ്ദത്തില്‍ അവള്‍ സംസാരിക്കുന്നു. സംസാരിക്കുമ്പോള്‍ കുറിപ്പുകളെയൊന്നും ആശ്രയിക്കുന്നില്ലെങ്കിലും റിഹേഴ്സല്‍ നടത്തിയിട്ടുണ്ടെന്ന് തോന്നും. ഒരിക്കല്‍പ്പോലും അവള്‍വാക്കുകള്‍ക്കായി നിര്‍ത്തുന്നില്ല. പതിനഞ്ച് മിനിറ്റ് സംസാരം മുഴുവന്‍ അവളുടെ സഹോദരനെക്കുറിച്ചാണ് - നല്ലൊരു യുവാവായി വളര്‍ന്ന, എന്ത് അനുസരണയുള്ള കുട്ടിയായിരുന്നു അവന്‍, കുടുംബത്തെ സ്നേഹിക്കുകയും അവരുടെ സന്തോഷത്തിനു വേണ്ടി എന്ത് ചെയ്യുവാനും തയ്യാറാകുന്ന നല്ല കുട്ടി. അവന്റെ സ്കൂള്‍ കാലത്തെ സംഭവങ്ങളെക്കുറിച്ചും ചിത്രരചനയിലുള്ള അവന്റെ കഴിവിനെക്കുറിച്ചും, ഇലക്‍ട്രോണിക്‍സ് വസ്തുക്കള്‍ നന്നാക്കുന്നതിലുള്ള മിടുക്കിനെക്കുറിച്ചുമൊക്കെ ഹസ്‌ന സംസാരിക്കുന്നു. " അടുത്തുള്ള ഏത് വീട്ടിലും ഫ്രിഡ്‌ജോ, ടീവിയോ കേടു വന്നാല്‍ അവര്‍ എന്റെ സഹോദരനെയാവും എപ്പോഴും സമീപിക്കുക. അതൊക്കെ ചെയ്യുന്നതില്‍ അവന്‍ ആനന്ദം കണ്ടെത്തിയിരുന്നു."

മതത്തെയോ രാഷ്ട്രീയത്തെയോ സംബന്ധിച്ച ഒറ്റ വാക്കു പോലും ആ സംഭാഷണത്തില്‍ ഇല്ല, അതു കൊണ്ടായിരിക്കണം അത് ജിഹാദി സൈറ്റുകളില്‍ പ്രസിദ്ധീകരിക്കാത്തത്. ഇറാഖിലെ അമേരിക്കന്‍ സാന്നിദ്ധ്യത്തെക്കുറിച്ച് ഒരു പരാമര്‍ശം മാത്രമെ അതിലുള്ളൂ. "അമേരിക്കക്കാര്‍ ആദ്യം ഗ്രാമത്തില്‍ വന്നപ്പോള്‍ താമര്‍ അതിലെ ഗായകന്റെ ചിത്രം വരയ്ക്കുകയും അത് കമാണ്ടറെ ഏല്‍പ്പിക്കുകയും ചെയ്തു. എത്ര പെട്ടെന്നാണ് അവന്‍ ഈ ചിത്രം വരച്ചതെന്ന് കമാണ്ടര്‍ അത്ഭുതപ്പെട്ടു.'

ഹസ്‌ന ഒരു ചെറിയ പ്രഖ്യാപനത്തോടെ തന്റെ സംസാരം അവസാനിപ്പിക്കുന്നു. " സ്വര്‍ഗത്തില്‍ വെച്ച് ഞാന്‍ അവനുമായി ചേരുവാന്‍ പോകുകയാണ്."

അവളെ ചെക്ക് പോയിന്റിലെത്തിച്ചവരില്‍ ഒരാള്‍ ഷൂട്ട് ചെയ്ത മറ്റേ ഡി.വി.ഡിയില്‍ വികാരഭേദമില്ലാതെ ഹസ്‌ന വാഹനത്തിന്റെ ജനലിലൂടെ പുറത്തേക്ക് നോക്കിയിരിക്കുന്നത് ചിത്രീകരിച്ചിരിക്കുന്നു. തുടര്‍ന്ന് പുറത്തിറങ്ങുന്നതിനു മുന്‍പായി അവള്‍ തന്നെ മുഖകവചം ധരിക്കുകയും ബെല്‍ട്ട് ശരിയാക്കുകയും ചെയ്യുന്നു. "ദൈവം മഹാനാണ് " കാറിലിരുന്നു ഒരാള്‍ മന്ത്രിക്കുന്നു. അവള്‍ പ്രതികരിക്കുകയോ തിരിഞ്ഞു നോക്കുകയോ ചെയ്യുന്നില്ല. കാര്‍ മടങ്ങിപ്പോകവേ, പിന്നിലെ വാതിലിലൂടെ ഷൂട്ട് ചെയ്ത വീഡിയോ അവള്‍ ചെക്ക് പോസ്റ്റിനു സമീപമെത്തുന്നത് കാണിക്കുന്നു. കാര്‍ ഉയര്‍ത്തുന്ന പൊടിപടലത്തില്‍ അവളെ കാണാതാവുന്നു. ഏതാണ്ട് ഒരു നിമിഷത്തിനുശേഷം ഒരു വെളിച്ചവും സ്ഫോടനശബ്ദവും കറുത്ത പുകയും മാത്രം. "ദൈവം മഹാനാണ്" ക്യാമറാമാന്‍ പറയുന്നു. "ആ ബുദ്ധിയില്ലാത്ത പെണ്ണ് അത് ചെയ്തു."

(ടൈം പ്രസിദ്ധീകരിച്ച The Mind of a Female Suicide Bomber എന്ന ലേഖനത്തിന്റെ പരിഭാഷ)

Monday, June 23, 2008

പ്രണയം,വൈധവ്യം,മരണം

പ്രണയം

"ഇറാഖിലെ പ്രണയകഥകളൊക്കെ ഇപ്പോള്‍ പറയുന്നത് മരണത്തെക്കുറിച്ചും വേര്‍പാടിനെക്കുറിച്ചുമാണ്‌‍...അറേബ്യന്‍ രാത്രികളുടേയും മനോഹരമായ കവിതകളുടേതുമായിരുന്ന ഈ രാജ്യം ഇപ്പോള്‍ പ്രണയത്തിനു പറ്റിയതല്ല.”

പറയുന്നത് കവിയും രാഷ്ട്രീയ നിരീക്ഷകനുമായ Maki al-Nazzal.

അധിനിവേശത്തില്‍ മരിച്ച ഇറാഖികളുടെ എണ്ണം 6,65,000 എന്ന ലാന്‍സെറ്റ് കണക്ക് ഒന്നു കൂടി ആവര്‍ത്തിക്കട്ടെ..മരിച്ചവരിലോരോരുത്തരും കരയാനായി ആരെയെങ്കിലുമൊക്കെ ബാക്കി വെച്ചിട്ടാണ് കടന്നു പോകുന്നത്..

28കാരനായ ഹുസാം അബ്ദുള്ളയുടെ കല്യാണമുറപ്പിച്ചതായിരുന്നു. യുദ്ധം കഴിഞ്ഞ് വിവാഹമാകാം എന്നു തീരുമാനിക്കുകയും ചെയ്തു. ഒരു മാസത്തിനകം എല്ലാ പ്രശ്നങ്ങളും തീരുമെന്നും 2003 മേയില്‍ വിവാഹിതനാകാമെന്നും കരുതിയിരുന്നതാണ്. എന്നാല്‍ നടന്നത് രണ്ട് വര്‍ഷത്തെ ജയില്‍‌വാസം. അതിനിടയില്‍ വധുവിന്റെ കുടുംബത്തിനു ഈജിപ്തിലേക്ക് പാലായനം ചെയ്യേണ്ടിയും വന്നു.

ഇത് 2008 ജൂണ്‍...ഹുസൈം ഇപ്പോഴും അവിവാഹിതന്‍..

നാടുവിടാന്‍ സാധിച്ചവര്‍ ഇറാഖിലെ ഭാഗ്യവാന്മാര്‍. മരണമോ, തടവോ, നരകതുല്യമായ ജീവിതമോ ആണ് നിര്‍ഭാഗ്യവാന്മാര്‍ക്ക് ഇറാഖില്‍ വിധിച്ചിട്ടുള്ളത്.

25 കാരിയാ‍യ അര്‍ദയോട് കാമുകന്‍ പറഞ്ഞിരുന്നത് ജോര്‍ദ്ദാനില്‍ ജോലിക്ക് പോകുകയാണെന്നും ജോലികിട്ടിയാലുടന്‍ അവളെ വിളിക്കാമെന്നുമായിരുന്നു...കാലം കുറെക്കഴിഞ്ഞിട്ടും പോയ ആളുടെ വിവരമൊന്നുമില്ല..തന്നെ പറ്റിച്ച് കടന്നു കളഞ്ഞു എന്നു തന്നെ ആര്‍ദ കരുതി..പിന്നെ എപ്പോഴോ ആണ് അവള്‍ അറിഞ്ഞത് കാമുകന്‍ ജോര്‍ദ്ദാന്‍ അതിര്‍ത്തിയില്‍ വെച്ച് അമേരിക്കന്‍ സൈന്യത്തിന്റെ പിടിയിലായെന്ന്. രേഖകളില്‍ അയാളുടെ പേരില്ലെങ്കിലും കാത്തിരിക്കാനാണ് ആര്‍ദയുടെ തീരുമാനം. വേണമെങ്കില്‍ ജീവിതാവസാനം വരെ.

32കാരനായ ഖാലിക് ഒബൈദി തന്റെ വധുവിനോട് പറഞ്ഞത് മറ്റാരെയെങ്കിലും കല്യാണം കഴിച്ചുകൊള്ളാനാണ്. ജോലിയും നഷ്ടപ്പെട്ട് ഉള്ള വീടും ബോബാക്രമണത്തില്‍ തകര്‍ന്നവന്‍ ഒബൈദി..പക്ഷെ വധു ഇപ്പോഴും പറയുന്നത്...കാത്തിരിക്കാം എന്നാണ്. അവള്‍ക്കു വട്ടാണെന്ന് സ്നേഹത്തോടെ ഒബൈദി...

കല്യാണം കഴിച്ചാലും ജീവിക്കുന്നതും കുട്ടികളെ വളര്‍ത്തുന്നതും അതിലേറെ കഷ്ട്രം എന്നത് വേറെ കാര്യം.

വൈധവ്യം

ഇറാഖിലെ ഓരോ വ്യക്തിയും ആരെയെങ്കിലുമൊക്കെ, എന്തെങ്കിലുമൊക്കെ നഷ്ടപ്പെട്ടവരാണ്..അതില്‍ത്തന്നെ വലിയ നഷ്ടം മറ്റെല്ലാ യുദ്ധങ്ങളിലും ദുരന്തങ്ങളിലും എന്ന പോലെ സ്ത്രീകള്‍ക്കും.

23 ലക്ഷ്യം സ്ത്രീകള്‍ വൈധവ്യദുഃഖം അനുഭവിക്കുന്നവരായി ഇറാഖിലുണ്ടെന്ന് Iraqiyat (Iraqi women) എന്ന ഗ്രൂപ്പിന്റെ കണക്ക്...1980-88 കാലത്തെ ഇറാനുമായുള്ള യുദ്ധത്തില്‍ മരിച്ച അഞ്ചുലക്ഷം പേരുടെയും സാധാരണഗതിയില്‍ മരണമടഞ്ഞവരുടെയും വിധവകള്‍ ഉള്‍പ്പെടെ.

അധിനിവേശത്തിന്റെ ദുരന്തത്തിനു പുറമെ, സാമൂഹികമായ പല വിലക്കുകളും ഇവരുടെ ജീവിതം തീര്‍ത്തും കഷ്ടതരമാക്കുന്നു.

വിധവയാകുക എന്നത് ഇറാഖില്‍ ഇന്ന് മരിക്കുന്നതിനു തുല്യമാണെന്ന് ദിയാല യൂണിവേഴ്സിറ്റിയിലെ പേരു വെളിപ്പെടുത്താനാഗ്രഹിക്കാത്ത പ്രൊഫസര്‍ പറയുന്നു. വ്യക്തിപരമായുണ്ടായ നഷ്ടത്തിന്റെ കൂടെ അവരുടെ ചുമലില്‍ വീഴുന്ന ഭാരിച്ച ഉത്തരവാദിത്വവും ഏകാന്തതയുമൊക്കെ ജീ‍വിതം ദുരന്തമാക്കുന്നു.

ഇസ്ലാം മതം വിധവകള്‍ക്ക് സ്വാതന്ത്ര്യം അനുവദിക്കുന്നുണ്ടെങ്കിലും അതിനെക്കുറിച്ചുള്ള അജ്ഞതമൂലം നിരവധി അനാവശ്യ വിലക്കുകള്‍ ഇവര്‍ക്കുമേല്‍ സമൂഹം കല്പിക്കുന്നുവെന്നുമാണ് ഇറാഖിലെ ഒരു മത പുരോഹിതന്‍ പറയുന്നത്.

മരണം

മുകളില്‍പ്പറഞ്ഞ ലാന്‍സെറ്റ് കണക്കനുസരിച്ച് ഇറാഖില്‍ മരിച്ചവരുടെ എണ്ണം 6,65,000...

അത് ശരിയായ എണ്ണത്തിന്റെ പകുതി മാത്രമെ ആകുന്നുള്ളൂ എന്ന് ഒപ്പീനിയന്‍ റിസര്‍ച്ച് ഗ്രൂപ്പും മറ്റും നടത്തിയ സര്‍വെയില്‍ പറയുന്നു. 12 ലക്ഷം പേരെങ്കിലും മരിച്ചുകാണുമെന്നാണ് അവരുടെ കണക്കുകൂട്ടല്‍..12,25,898 എന്നതാണിന്ന് ജസ്റ്റ് ഫോറിന്‍ പോളിസിയുടെ വെബ് സൈറ്റില്‍ കാണുന്ന കൌണ്ട്.

എത്ര പേര്‍ മരിച്ചാലെന്ത്? നമ്മുടെ ഹൃദയം അവര്‍ക്കുവേണ്ടി തുടിച്ചാല്‍പ്പോരെ എന്നാണ് അമേരിക്കന്‍ ഭരണകൂടത്തിന്റെ ചിന്താഗതി.

2006 അവസാനം മകന്‍ ബുഷിന്റെ വക്താവായ സ്കോട്ട് സ്റ്റാന്‍സെല്‍ ഇറാഖിലെ അമേരിക്കന്‍ ഭടന്മാരുടെ മരണസംഖ്യ 3000 എത്തിയപ്പോള്‍ ഇങ്ങനെ പറഞ്ഞല്ലോ...

“ ഓരോ ജീവനും അമൂല്യമാണെന്നു ബുഷ് കരുതുന്നു. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്കായി അദ്ദേഹത്തിന്റെ ഹൃദയം തുടിക്കുന്നു.”

ഹൃദയമൊക്കെ വീണ്ടും തുടിച്ചുകാണണം...അതിന്റെ രേഖകള്‍ പുറത്ത് വരുന്നത് കാത്തിരിക്കാം...

(അവലംബം : ദാര്‍ ജമൈലിന്റെ മിഡ്‌ഈസ്റ്റ് കുറിപ്പുകള്‍. )

The Love Stories Are Gone

Home to Too Many Widows

IRAQ: Death Toll 'Above Highest Estimates'

Sunday, June 15, 2008

എത്ര ഭാരതങ്ങള്‍!


Inside Gate, India’s Good Life; Outside, the Servants’ Slums

ന്യൂയോര്‍ക്ക് ടൈസില്‍ സോമിനി സെന്‍‌ഗുപ്ത എഴുതിയ റിപ്പോര്‍ട്ടിന്റെ തലക്കെട്ടാണിത്.

ഗേറ്റിനുള്ളില്‍ സ്കൂളും, വെട്ടിയൊതുക്കിയ പുല്‍ത്തകിടിയും, ഒരിക്കലും നിലയ്ക്കാത്ത തിളങ്ങുന്ന കുടിവെള്ളവും, മുഴുവന്‍ സമയ വൈദ്യുതിയും, സെക്യൂരിറ്റി ഗാര്‍ഡുകളുമൊക്കെയുള്ള ഒരു ലോകം. സ്വയം പര്യാപ്തമായ ടൌണ്‍‌ഷിപ്പുകള്‍ തന്നെയാണിവ. ഒരു കാര്യത്തിനും പുറത്ത് പോകേണ്ടതില്ലാത്ത, പുറം ലോകത്തിന്റെ യാഥാര്‍ത്ഥ്യങ്ങള്‍ കണ്ട് മനസ്സു മടുപ്പിക്കേണ്ടതില്ലാത്ത സുന്ദരന്‍ ലോകം. ഗുര്‍‌ഗാവോണിലേയും ബാംഗ്ലൂരിലേയും മറ്റു മഹാനഗരങ്ങളിലേയും നഗരാതിര്‍ത്തികളില്‍ ഇന്ത്യയിലെ പുതിയ ധനിക വര്‍ഗത്തിനായി പണിയപ്പെടുന്ന കൂറ്റന്‍ എന്‍‌ക്ലേവുകള്‍.

ഗേറ്റിനു പുറത്ത് കഥ പഴയതു തന്നെ...വെള്ളമില്ലാത്ത, വെളിച്ചമില്ലാത്ത, ഭക്ഷണമില്ലാത്ത.......

വാക്കുകളേക്കാള്‍ ശക്തി ചിത്രത്തിനുണ്ടെന്നത് എത്ര ശരി.

ന്യൂ‍യോര്ക്ക് ടൈംസിലെ റിപ്പോര്‍ട്ട് ഇവിടെ. ചിത്രങ്ങളും കാണുക.

(Courtesy: Newyork Times)

Wednesday, June 11, 2008

പാഠപുസ്തകത്തിലെ സത്യങ്ങള്‍

പാഠപുസ്തക വിമര്‍ശനത്തിലെ തമാശകള്‍ എന്ന പോസ്റ്റിട്ടു കഴിഞ്ഞതിനുശേഷമാണ് ആ വിഷയത്തില്‍ വന്ന രണ്ട് വാര്‍ത്തകള്‍ കണ്ടത്. പുസ്തകത്തിലൂടെ സ്വാതന്ത്ര്യസമരത്തെ അവഹേളിച്ചു, ഗാന്ധിജിക്കും നെഹ്റുവിനും പ്രാധാന്യം നല്‍കിയില്ല എന്നീ വിമര്‍ശനങ്ങള്‍ മറ്റു വിമര്‍ശനങ്ങള്‍ പോലെ പുസ്തകം കാണാതെയുള്ള വിമര്‍ശനമാണെന്ന് ഈ വാര്‍ത്തകള്‍ അനുസരിച്ച് പറയേണ്ടിയിരിക്കുന്നു. രണ്ടാം ഘട്ടത്തില്‍ പുറത്തിറങ്ങുന്ന പുസ്തകത്തിന്റെ രണ്ടാം ഭാഗത്തില്‍ ഇനിയും മുന്നോട്ട്' എന്ന പതിനാല് പേജുള്ള പാഠഭാഗത്തില്‍ നാലുപേജോളം ഗാന്ധിജി നേതൃത്വംകൊടുത്ത ഉപ്പുസത്യഗ്രഹവും ക്വിറ്റ് ഇന്ത്യാസമരവുമാണ് പരാമര്‍ശിക്കുന്നത്. ഇതേ പുസ്തകത്തിന്റെ 39-ാം പേജില്‍ നെഹ്റുവിന്റെ പാര്‍ലമെന്റ് പ്രസംഗത്തിന്റെ ഉള്ളടക്കം നല്‍കിയിട്ടുണ്ട്.

അതു പോലെ 'മനുഷ്യത്വം വിളയുന്ന ഭൂമി' എന്ന പാഠത്തില്‍ നെഹ്റുവിന്റെ ആശയങ്ങള്‍ക്ക് നല്ല പ്രാധാന്യം നല്‍കിയിട്ടുണ്ട്. നെഹ്റുവിന്റെ ഫോട്ടോയും ചിത്രീകരണവും ചേര്‍ത്തിട്ടുണ്ട്. അഹിംസാ സമരത്തെക്കുറിച്ച് പാഠഭാഗങ്ങളില്ലെന്നു വിമര്‍ശിക്കുന്നവര്‍ കാണാതെ പോയത് 'വളയിട്ട കൈകളില്‍ ഗര്‍ജിക്കുന്ന തോക്ക്' എന്ന തലക്കെട്ടിനുകീഴിലെ പത്തുവരിയൊഴികെ ബാക്കിയെല്ലാം സഹനസമരത്തെക്കുറിച്ചാണ് എന്നതാണ്. കേരളത്തിന്റെ സ്വാതന്ത്ര്യസമരമായി വാഗണ്‍ ട്രാജഡി മാത്രമല്ല പുസ്തകത്തില്‍ പരാമര്‍ശിക്കുന്നത്. 37, 38 പേജുകളില്‍ 'സ്വാതന്ത്ര്യത്തിന്റെ ഉപ്പ്' എന്ന തലക്കെട്ടില്‍ ഉപ്പ് സത്യഗ്രഹത്തെക്കുറിച്ച് വിശദമാക്കിയിട്ടുണ്ട്. ശ്രീനാരായണഗുരുവിനെപ്പറ്റി സാമൂഹ്യശാസ്ത്രം ആരംഭിക്കുന്ന അഞ്ചാംക്ളാസില്‍തന്നെ പഠിച്ചുതുടങ്ങണമെന്നാണ് കാഴ്ചപ്പാട്. അഞ്ചാംക്ളാസിലെ പുതിയ പുസ്തകത്തില്‍ 'വേര്‍തിരിവില്ലാത്ത ലോക'മെന്ന പാഠഭാഗത്ത് ഒരു പേജ് മുഴുവന്‍ ഗുരുവിന്റെ ചിത്രത്തോടുകൂടിയ വിവരണമുണ്ട്. ഇതേ പാഠത്തില്‍ മംഗല്‍ പാണ്ഡെ, പീര്‍മുഹമ്മദ്, ഭഗത്സിങ്, മഹാത്മാഗാന്ധി, ജവഹര്‍ലാല്‍ നെഹ്റു എന്നിവരെപ്പറി വിശദമായി പ്രതിപാദിക്കുന്നുണ്ട്. എന്നാല്‍, സ്വാതന്ത്ര്യസമരത്തിലെ ദേശാഭിമാനികളെ പരിചയപ്പെടുത്താതെ വിപ്ലവചിന്തകള്‍ പങ്കുവയ്ക്കുന്ന കമ്യൂണിസ്റ്റ് തന്ത്രമേ പുസ്തകത്തിലുള്ളൂവെന്ന് വിമര്‍ശിക്കുന്നവര്‍ക്ക് ഇവരൊന്നും വീരന്മാരാകുന്നില്ല എന്നു തോന്നുന്നു. വടക്കേമലബാറിലെ കമ്യൂണിസ്റ്റ് അതിക്രമങ്ങളെ കര്‍ഷകസമരമാക്കി പവിത്രവല്‍ക്കരിച്ചുവെന്നും ഉള്ള ആക്ഷേപം ചില കേന്ദ്രങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. എങ്കിലും അത്തരം വിമര്‍ശകര്‍ സമ്മതിക്കാന്‍ മടിക്കുന്നത് കമ്യൂണിസ്റ്റുപാര്‍ട്ടി കേരളത്തില്‍ നയിച്ച സമരങ്ങള്‍ തിരസ്കരിക്കുന്നത് ചരിത്രത്തിന്റെ നിരാകരണമാണ് എന്നതാണ്.

അതുപോലെത്തന്നെ എ.കെ.ജിയുടെ ആത്മകഥ പഠിപ്പിക്കുന്നു എന്നതും തെറ്റാണെന്ന് വരുന്നു. എന്നാല്‍, ആത്മകഥ പഠിപ്പിക്കുകയല്ല ഈ പാഠഭാഗത്തിന്റെ ലക്ഷ്യമെന്ന് പുസ്തകത്തില്‍നിന്ന് വ്യക്തമാകും. ആ കാലഘട്ടത്തിലെ കര്‍ഷകരുടെ ജീവിതാവസ്ഥ കുട്ടികള്‍ക്ക് പകര്‍ന്നുനല്‍കാനായി ഉള്‍പ്പെടുത്തിയ ഭാഗത്തെയാണ് പേരുണ്ട് എന്ന കാരണത്താല്‍ വിമര്‍ശന വിധേയമാക്കുന്നത്. കാരണം ആ പാഠഭാഗത്തില്‍ എ കെ ജിയുടെ വ്യക്തിജീവിതത്തിന്റെ ഒരംശംപോലും ഇല്ല. അതേ സമയം എ കെ ജിയുടെ വലിയ ചിത്രമടക്കമുള്ള രാഷ്ട്രീയ പ്രവര്‍ത്തനചരിത്രം പഴയ അഞ്ചാംക്ളാസ് സാമൂഹ്യപാഠ പുസ്തകത്തിലുണ്ടായിരുന്നു. സാഹിത്യഅക്കാദമിയുടെ അവാര്‍ഡ് നേടിയ യുവകവി മോഹനകൃഷ്ണന്‍ കാലടിയുടെ കവിത ഉള്‍പ്പെടുത്തിയതിലും വിമര്‍ശകര്‍ കെറുവിക്കുന്നു. ബാലവേലചെയ്യുന്ന കുട്ടി പഠനത്തെ നോക്കിക്കാണുന്നതെങ്ങനെയെന്ന ആശയം ഈ കവിതയ്ക്കകത്തുണ്ട്. പുതിയ കവികളെയും പാഠപുസ്തകത്തിന്റെ ഭാഗമാക്കുകയെന്ന ഒരു വിശാലവീക്ഷണം പുസ്തകം തയ്യാറാക്കുന്ന വിദഗ്ദരടങ്ങിയ കമ്മിറ്റിക്ക് ഇല്ല എന്ന് പറയാനാകുമോ? പുസ്തകരചനയില്‍ പങ്കെടുത്തവര്‍ ശാസ്ത്രസാഹിത്യപരിഷത്തിന്റെ പ്രവര്‍ത്തകരും കമ്യൂണിസ്റ്റ് അധ്യാപകരുമാണെന്ന വിമര്‍ശനവും കഥയറിയാതെ ആട്ടം കാണലാണെന്നതാണ് സത്യം. കാരണം ഇപ്പോള്‍ പുസ്തകരചന നിര്‍വഹിച്ചവര്‍ യുഡിഎഫ് ഭരണകാലത്തും ഇതേ ജോലിയില്‍ പങ്കാളികളായിരുന്നിട്ടുണ്ട് എന്നതു തന്നെ. യോഗ്യതയുള്ളവരെ മത്സരത്തിലൂടെ കണ്ടെത്തിയാണ് പുസ്തകരചനയ്ക്ക് നിയോഗിച്ചത് എന്നതും വിമര്‍ശകര്‍ അറിയുന്നില്ല അല്ലെങ്കില്‍ അറിഞ്ഞിട്ടും അറിഞ്ഞില്ലെന്ന് നടിക്കുന്നു. കരിക്കുലം കമ്മിറ്റി അംഗീകരിക്കുകയും പ്രതിപക്ഷ-ഭരണപക്ഷ സംഘടനാ പ്രതിനിധികള്‍ ഉള്‍പ്പെട്ട സബ്ജക്ട് കമ്മിറ്റി വിശദമായി പരിശോധിക്കുകയും ചെയ്തശേഷം അച്ചടിക്കാന്‍ നല്‍കിയ പുസ്തകങ്ങളാണ് തരം താണ വിമര്‍ശനങ്ങള്‍ക്ക് വിധേയമാകുന്നത്.

പാഠ പുസ്തകത്തെ വിമര്‍ശിക്കരുത് എന്ന് ഒരു തരത്തിലും പറയുന്നില്ല. പാഠപുസ്തകം മാത്രമല്ല ഏതൊരു കാര്യവും വിമര്‍ശനവിധേയമാക്കേണ്ടതുണ്ട്. തെറ്റുകള്‍ തിരുത്തുവാനും കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ കാര്യങ്ങള്‍ നടപ്പിലാക്കുവാനും ഇത് സഹായിക്കും. പക്ഷെ, വിമര്‍ശിക്കുവാന്‍ വേണ്ടിയും, പ്രത്യേക ഉദ്ദേശത്തോടെയും വസ്തുതകള്‍ പൂര്‍ണ്ണമായും മനസ്സിലാക്കാതെയും ഉള്ള വിമര്‍ശനങ്ങള്‍ ദോഷമേ ചെയ്യൂ എന്ന് പറയാതെ വയ്യ.

(വാര്‍ത്ത ദേശാഭിമാനിയില്‍)

പാഠപുസ്തക വിമര്‍ശനത്തിലെ തമാശകള്‍

ഡീക്കന്റെ ബ്ലോഗില്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് എഴുതിയ ലേഖനം വീണ്ടും വായിച്ചപ്പോള്‍ നല്ല തമാശ തോന്നി. ഏഴാം ക്ലാസിലെ സാമൂഹ്യശാസ്ത്ര പുസ്തകത്തിനെതിരായ വിമര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളുന്ന പ്രസ്തുത ലേഖനം “അവനവന്‍ പാര” എന്ന വിശേഷണത്തിനു അര്‍ഹമാണ്. വിമര്‍ശനാത്മകമായി വായിച്ചാല്‍ (അങ്ങിനെ പറയാമോ എന്തോ?) ലേഖനം തിരിഞ്ഞുകൊത്തുന്ന അവസ്ഥയാണെന്ന് മനസ്സിലാകും.

"യുക്തിചിന്തയും ചരിത്രബോധവും രാഷ്ട്രീയവീക്ഷണവും ഉള്‍ക്കൊള്ളുന്നതായിരിക്കണം പൗരബോധം." എന്ന് പാഠ്യപദ്ധതി ചട്ടക്കൂടില്‍ പറഞ്ഞിരിക്കുന്നതിനെതിരെയാണ് ആദ്യവിമര്‍ശനം. എത്ര തിരിച്ചും മറിച്ചും നോക്കിയിട്ടും മേല്‍പ്പറഞ്ഞ വാചകത്തിലെ കുഴപ്പം മനസ്സിലായില്ല. ഇതൊന്നും ഇല്ലാത്തതാണ് കുഴപ്പം എന്ന് വ്യക്തമായി മനസ്സിലാകുന്നുണ്ട് താനും. പക്ഷെ അച്ചന്‍ പറയുന്നത് “ഈ കാഴ്ചപ്പാടിനു പിന്നിലെ പ്രത്യയശാസ്ത്രനിറം ആര്‍ക്കാണ്‌ മനസ്സിലാകാത്തത്‌.“ എന്നാണ്.

ഇനി അത് ശരി തന്നെ എന്ന് വെക്കുക. യുക്തി ചിന്തയും ചരിത്രബോധവും രാഷ്ട്രീയവീക്ഷണവും ഉള്‍ക്കൊള്ളുന്ന പൌരബോധത്തിനു വേണ്ടിയാണ് സഭ നിലകൊള്ളുന്നതെങ്കില്‍ നമ്മള്‍ ഉദ്ദേശിക്കുന്ന രീതിയിലേക്കാണല്ലോ സമൂഹം വളരുന്നത് എന്ന് കരുതി സന്തോഷിക്കുകയല്ലേ ചെയ്യുക? അതിനു പകരം എതിര്‍ക്കുമ്പോള്‍ തന്റെ പൂച്ച് വെളിച്ചത്താക്കിക്കൊണ്ട് സ്വന്തം “പ്രത്യയശാസ്ത്ര നിറം” വെളിവാക്കുക തന്നെയാണ് അച്ചന്‍ ചെയ്യുന്നത്.

അടുത്ത വിമര്‍ശനം ..

"ജാതിമത സംഘടനകളുടെ വിദ്യാഭ്യാസരംഗത്തുള്ള മൗലികവാദപരമായ ഇടപെടലുകള്‍, കുട്ടികളില്‍ മതമൗലികവാദം അടിച്ചേല്‍പിക്കാനുള്ള പ്രവണത, അതിന്റെ ഫലമായി വിദ്യാര്‍ത്ഥികളില്‍ രൂപപ്പെട്ടുവരുന്ന ജാതീയവും മതപരവുമായ അസഹിഷ്ണുത, ജനാധിപത്യപ്രക്രിയകളോടുള്ള അരാജകത്വ സ്വഭാവമുള്ള വിമുഖത, വര്‍ദ്ധിച്ചുവരുന്ന അസമത്വം, ആക്രമണോത്സുകത, വിപണി കേന്ദ്രീകൃതമായ പുത്തന്‍ ആത്മീയത, ശിഥിലമാകുന്ന കുടുംബബന്ധങ്ങള്‍, സ്ത്രീ - പുരുഷ ബന്ധങ്ങളില്‍ സംഭവിക്കുന്ന മൂല്യച്യുതി, അന്ധമായ ധനതൃഷ്ണ, വളര്‍ന്നുവരുന്ന ഗുണ്ടാ-മാഫിയാ സംസ്ക്കാരം, ലഹരി പദാര്‍ത്ഥങ്ങളോട്‌ യുവത്വം പ്രകടിപ്പിക്കുന്ന അമിതാസക്തി, സംസ്കാരത്തെയും വിദ്യാഭ്യാസത്തെയും വര്‍ഗ്ഗീയവല്‍ക്കരിക്കാനുള്ള പ്രവണത തുടങ്ങിയ സാമൂഹ്യപ്രശ്നങ്ങള്‍ വളര്‍ന്നുവരുന്ന തലമുറയെ ശരിയായ ദിശയില്‍ വിദ്യാഭ്യാസം നല്‍കി വളര്‍ത്താന്‍ പ്രേരണ നല്‍കുന്നു."

അച്ചന്‍ പറയുന്നത് “കേരള വിദ്യാഭ്യാസചട്ടക്കൂട്ടിലെ മേലുദ്ധരിച്ച കാര്യം വ്യക്തമാകുന്നത്‌ സാമൂഹ്യതിന്മകള്‍ക്കും അസമത്വത്തിനും കാരണം മതവും മതാത്മകമൂല്യങ്ങളുമാണെന്നാണ്.“ മൌലികവാദപരമായ, മൌലികവാദം എന്നൊക്കെ ആവര്‍ത്തിച്ച് പറഞ്ഞിരിക്കെ, അങ്ങിനെയൊരു ഇടപെടല്‍ തങ്ങള്‍ നടത്തുന്നില്ല എങ്കില്‍, മൌലിക വാദം അടിച്ചേല്‍പ്പിക്കുന്നില്ല എങ്കില്‍ അച്ചനെന്തിനു വ്യാകുലപ്പെടണം? മറ്റുള്ള വാക്കുകളോടുള്ള എതിര്‍പ്പിനെയും ഈ തരത്തില്‍ വായിച്ച് നോക്കുക. സമൂഹത്തില്‍ നെഗറ്റീവ് ആയ സ്വാധീനം ചെലുത്തുന്ന കാരണങ്ങള്‍ക്കെതിരെയുള്ള വിമര്‍ശനത്തെ തങ്ങള്‍ക്കെതിരെയാണെന്ന മട്ടില്‍ മറുപടി പറയുമ്പോള്‍ പുറത്ത് ചാടുന്നതിനെ പൂച്ച് എന്ന് തന്നെയല്ലേ വിളിക്കുക?

അടുത്തത് നോക്കാം.

"പ്രവേശനസമയത്ത്‌ കുട്ടിയുടെ ജാതിയും മതവും രേഖപ്പെടുത്തുന്നത്‌ നിര്‍ബന്ധമില്ല"

നിര്‍ബന്ധമില്ല എന്നേ പറയുന്നുള്ളൂ. രേഖപ്പെടുത്തിയാല്‍ എന്തെങ്കിലും കുഴപ്പമുണ്ടെന്ന് പറയുന്നേയില്ല. ഇതിനെ എതിര്‍ക്കുമ്പോള്‍ അച്ചന്‍ പറയുന്നത് എന്താണ്? ജാതിയും മതവും രേഖപ്പെടുത്തിയേ പറ്റൂ എന്നല്ലേ? ജാതിയിലും മതത്തിലും വിശ്വാസം ഇല്ലാത്ത ഒരാള്‍ തന്റെ കുട്ടിയുടെ ജാതിയും മതവും രേഖപ്പെടുത്തണം എന്ന് അച്ചന്‍ വാശിപിടിക്കുമ്പോള്‍ അതിനെ മുകളില്‍ സൂചിപ്പിച്ച മൌലികവാദം എന്ന് വിശേഷിപ്പിച്ചാല്‍ തെറ്റുണ്ടോ? മതത്തെ നശിപ്പിക്കുന്നേ എന്ന് നിലവിളിക്കുന്നവര്‍ തന്നെ, മതവിശ്വാസമില്ലാത്തവന്റെ സ്വാതന്ത്ര്യത്തില്‍ കൈ കടത്തുന്നതിനെ എങ്ങിനെ വിശേഷിപ്പിക്കും? മറ്റുള്ളവരില്‍ ആരോപിക്കുന്ന കുറ്റം യഥാര്‍ത്ഥത്തില്‍ ചെയ്യുന്നത് തങ്ങള്‍ തന്നെയാണെന്ന് അറിയാതെയാണെങ്കിലും സമ്മതിക്കുകയല്ലേ ചെയ്യുന്നത്?

അധ്യായം ഒന്ന്‌ 'മണ്ണിനെ പൊന്നാക്കല്‍' എന്ന പാഠത്തെക്കുറിച്ചുള്ള വിമര്‍ശനത്തിലെ ചില പദപ്രയോഗങ്ങള്‍ രസകരമാണ്.

“ജാതി(sic) കുടിയാന്‍ ബന്ധത്തിന്റെ പഴകിയ കഥകള്‍“‍, “ശ്രീ. എ.കെ. ഗോപാലന്‍ എന്ന കമ്യൂണിസ്റ്റുകാരനെയും“, “വര്‍ഗസമരം എന്ന കാലഹരണപ്പെട്ട ആശയം“, “1957ലെ കമ്യൂണിസ്റ്റ്‌ സര്‍ക്കാരിന്റെ വിലകുറഞ്ഞ പരിഷ്കാരങ്ങളെ“, തുടങ്ങിയ പദപ്രയോഗങ്ങള്‍ നോക്കുക. കെ.ഇ.ആറിലെ പദപ്രയോഗങ്ങള്‍ക്കെതിരെ ഗോഗ്വാ വിളി മുഴക്കുന്ന ലേഖനത്തിലെയാണിവയെന്ന് ഓര്‍ക്കണം. ഇതിലൊക്കെത്തന്നെ അച്ചന്റെ വ്യക്തമായ രാഷ്ട്രീയം കാണുന്നില്ലേ? ഇതേ പാരയില്‍ തന്നെ ചെങ്ങറ, കുട്ടനാട് തുടങ്ങിയ സമീപകാല സംഭവ വികാസങ്ങളെക്കുറിച്ച് ധാരാളം പരാമര്‍ശങ്ങളുമുണ്ട്. വ്യക്തമായ പക്ഷം പിടിച്ചുള്ള പരാമര്‍ശങ്ങള്‍. ആ പാഠപുസ്തകത്തിലൊരിടത്തും ഏതെങ്കിലും പ്രത്യേക മതത്തെ ഒരു രീതിയിലും വിമര്‍ശിക്കുന്നതായി അച്ചന്‍ പോലും പറയാത്തപ്പോഴാണ് അച്ചന്‍ തന്നെ ഒരു പ്രത്യേകകക്ഷിയെ തികച്ചും കക്ഷിരാഷ്ട്രീയപ്രസംഗത്തിന്റെ ശൈലിയില്‍ ചെളിയഭിഷേകം ചെയ്യുന്നത്. തങ്ങള്‍ക്ക് എന്തുമാകാം എന്നാണോ ആവോ?

“വര്‍ഗ സമരം എന്ന കാലഹരണപ്പെട്ട ആശയത്തെക്കുറിച്ച്” പഠിപ്പിക്കുക വഴി സമൂഹത്തെ രണ്ട് വിഭാഗമായി തിരിച്ച് തമ്മില്‍ തല്ലിക്കാനുള്ള ശ്രമമാണെന്നും അച്ചന്‍ പറയുന്നുണ്ട്. കാലഹരണപ്പെട്ടതാണെന്ന് വാദത്തിനുവേണ്ടി സമ്മതിച്ചാല്‍ തന്നെ ഒരു കാലത്ത് പ്രസക്തമായിരുന്നു എന്ന് തന്നെയല്ലേ അതിനര്‍ത്ഥം? അങ്ങിനെ പ്രസക്തമായിരുന്ന ഒരു ഭൂതകാലത്തെക്കുറിച്ച് കുട്ടികള്‍ ഒന്നും അറിയേണ്ട എന്നാണോ? ജന്മി കുടിയാന്‍ ബന്ധമെന്നുദ്ദേശിച്ചായിരിക്കും ജാതി കുടിയാന്‍ എന്ന് എഴുതിയത്. പഴകിയതൊന്നും പഠിപ്പിക്കേണ്ട എങ്കില്‍ വേദപഠനക്ലാസുകള്‍ക്ക് എന്ത് പ്രസക്തിയാണുള്ളത്? മതപഠനക്ലാസില്‍ അത്യന്താധുനിക സാങ്കേതികവിദ്യയെക്കുറിച്ചാണോ പഠിപ്പിക്കുന്നത്?

മറ്റു പദപ്രയോഗങ്ങളും നോക്കുക. അതിലെ വിശേഷണ പദങ്ങള്‍ അച്ചന്റെ കൃത്യമായ രാഷ്ടീയം വെളിവാക്കുന്നില്ലേ?

അധ്യായം രണ്ട്‌: മനുഷ്യത്വം വിളയുന്ന ഭൂമിയെക്കുറിച്ചുള്ള വിമര്‍ശനങ്ങള്‍ ഇങ്ങിനെ.

മലപ്പുറം ജില്ലയിലെ സ്കൂളിലെ അഡ്‌മിഷന്‍ രെജിസ്റ്റര്‍ എടുത്ത് വെച്ച് കുട്ടികളില്‍ ജാതി ചിന്ത വളര്‍ത്തുകയാണെന്നാണ് പരാതി. “ഏത്‌ ജാതിയില്‍ പെട്ടവരായിരുന്നു എന്ന ചോദ്യവും, ജാതീയ വിവേചനത്തിന്റെ പേരില്‍ എതെങ്കിലും കുട്ടികള്‍ ഇന്നും സ്കൂളില്‍ പഠിക്കാതിരിക്കുന്നുണ്ടോ എന്ന ചോദ്യവും യഥാര്‍ത്ഥത്തില്‍ വര്‍ഗീയത വളര്‍ത്തുകയാണ്“ എന്നാണ് വിമര്‍ശനം. ലേഖനത്തില്‍ മുന്‍പൊരിടത്ത് ജാതിയും മതവും രേഖപ്പെടുത്തേണ്ടതില്ല എന്നതിനെ വിമര്‍ശിച്ചവര്‍ തന്നെയാണിത് പറയുന്നത് എന്നോര്‍ക്കണം. “അക്കാലത്ത്‌ ക്രിസ്ത്യന്‍, മുസ്ലീം കുട്ടികള്‍ക്ക്‌ സര്‍ക്കാര്‍ സ്കൂളില്‍ അഡ്മിഷന്‍ കിട്ടിയിരുന്നില്ലാ എന്നത്‌ എന്തുകൊണ്ട്‌ എന്ന ചോദ്യവും ഉയരുന്നു“ എന്നും ഇത് വര്‍ഗീയത ആളിക്കത്തിക്കുന്നു എന്ന പരാതിയും ഉണ്ട്. എങ്ങിനെയാണെന്ന് മാത്രം പറയുന്നില്ല. സത്യത്തില്‍ ന്യൂനപക്ഷങ്ങള്‍ക്ക് അന്ന് ഇന്നുള്ള സംരക്ഷണം ഇല്ലായിരുന്നു എന്നും അത് ഉണ്ടായിരുന്നുവെങ്കില്‍ ക്രിസ്ത്യന്‍, മുസ്ലീം കുട്ടികള്‍ക്ക്‌ സര്‍ക്കാര്‍ സ്കൂളില്‍ അഡ്മിഷന്‍ കിട്ടാതിരിക്കുമായിരുന്നില്ല എന്നുമല്ലേ കുട്ടികള്‍ മനസ്സിലാക്കുക? ന്യൂനപക്ഷ അനുഭാവം തന്നെയല്ലേ ഇതില്‍ ഉള്ളത്? അത് പോലും സമ്മതിക്കാന്‍ മടിക്കുന്നത് “ഇഷ്ടമില്ലാത്ത അച്ചി തൊട്ടതെല്ലാം കുറ്റം” എന്ന രീതിയിലും, അത് സമ്മതിച്ചാല്‍ തങ്ങള്‍ സര്‍ക്കാരിനെതിരെ ഉയര്‍ത്തിക്കൊണ്ടു വരുന്ന ന്യൂനപക്ഷ വിരുദ്ധ വാദം പൊളിയും എന്ന ഭീതി കൊണ്ടും അല്ലേ?

ആ ലേഖനത്തിലെ മറ്റു വാദങ്ങളുടേയും സ്ഥിതി ഇത് തന്നെയാണ്. തങ്ങള്‍ക്കാവശ്യമുള്ള ഭാഗം മാത്രം തെരഞ്ഞെടുത്ത് അതില്‍ തങ്ങള്‍ക്ക് ആവശ്യമുള്ളതായ വ്യാഖ്യാനങ്ങള്‍ കുത്തിച്ചേര്‍ത്ത് മതത്തിനെ അപകടപ്പെടുത്തുവാന്‍ പാഠപുസ്തകങ്ങളിലൂടെ ശ്രമിക്കുന്നു എന്ന ഒരു ഫിയര്‍ സൈക്കോസിസ് ഉണ്ടാക്കുക.

ഇതിലെ മറ്റൊരു തമാശ കെ.ഇ.ആര്‍ പരിഷ്കരണത്തിനായി ഉണ്ടാക്കിയ സമിതിയില്‍ പ്രതിപക്ഷ അദ്ധ്യാപക യൂണിയനിലെ ആളുകളും ഉണ്ടായിരുന്നു എന്നതാണ്. അതിനെക്കുറിച്ചൊരു മിണ്ടാട്ടവും ഇല്ല. ഈ ലിങ്കിലെ അവസാന പേജില്‍ ആ കമ്മിറ്റിയില്‍ ഉണ്ടായിരുന്ന വിദഗ്ദരുടേയും വിവിധ സംഘടനാ പ്രതിനിധികളുടെയും വിവരങ്ങളുണ്ട്.

ദേശീയ തലത്തില്‍ നടന്ന പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ “കഥ” national curriculum framework for school education—2005 backgrounder എന്ന പേജില്‍‍ കുറെയൊക്കെ വായിക്കാം.

എന്‍.സി.ഇ.ആര്‍.ടിയുടെ ചുമതലയായി അതില്‍ പറയുന്നത് As an apex national agency of education reform, NCERT is expected to review the school curriculum as a routine activity, ensuring the highest standards of rigour and deliberative openness in the process എന്നാണ്. അതിന്റെ ചുവട് പിടിച്ചാണ് കേരളത്തിലും മാറ്റങ്ങള്‍ വന്നത് എന്ന് നിരവധി തവണ ബന്ധപ്പെട്ടവര്‍ വ്യക്തമാക്കിക്കഴിഞ്ഞതാണ്.

ലിങ്കില്‍ എന്‍.സി.ആര്‍.ഇ.ടിയുടെ ടെക്സ് പുസ്തകങ്ങള്‍ ഉണ്ട്. അതിലെ ഏഴാം ക്ലാസിലെ സോഷ്യല്‍ സയന്‍സ് വിഭാഗത്തിലെ പുസ്തകത്തിലൂടെ കണ്ണോടിക്കുക. ഓം പ്രകാശ് വാല്‍മീകിയുടെ ആത്മകഥയായ ജൂതന്‍ എന്നതില്‍ നിന്നുള്ള ഭാഗങ്ങള്‍ അതിലുണ്ട്. ദളിതനായിപ്പോയത് കൊണ്ട് മാത്രം സ്കൂള്‍ അടിച്ചുവാരാനും മറ്റും നിര്‍ബന്ധിക്കപ്പെടുന്ന അദ്ദേഹത്തിന്റെ കുട്ടിക്കാലത്തെ അനുഭവവും അതിലുണ്ട്. അവന്‍ എന്തുകൊണ്ട് ഈ അപമാനത്തിനു വിധേയനായി എന്ന ചോദ്യവും. അവന്റെ ജാതിയുടെ പേരില്‍ സ്കൂള്‍ ഹെഡ്‌മാസ്റ്ററും മറ്റും ചേര്‍ന്ന് അവനെക്കൊണ്ട് സ്കൂള്‍ അടിച്ചുവാരുവാന്‍ നിര്‍ബന്ധിച്ചതിനാല്‍ എന്ന ഉത്തരവും. ഇതും നമുക്ക് വേണമെങ്കില്‍ ജാതിചിന്ത വളര്‍ത്തുന്നുവെന്നോ ഉയര്‍ന്ന ജാതിക്കാരെ അധിക്ഷേപിക്കുന്നുവെന്നോ ഒക്കെ വാദിക്കാമല്ലോ അല്ലേ?

പാഠപുസ്തകത്തിലെ സത്യങ്ങള്‍
എന്ന പോസ്റ്റ് കൂടി കാണുക.

Sunday, June 8, 2008

പ്രതിഷേധം പ്രതിഷേധം

Joining hands with Inji Pennu in her fight against threat, cyber stalking, Abuse & plagiarism.
എല്ല്ലാവരുടെയും കൈകള്‍ കോര്‍ത്തു പിടിച്ച്കൊണ്ട് ഞാനും പ്രതിഷേധിക്കുന്നു!

Thursday, May 29, 2008

വാര്‍ത്തയുടെ കാതല്‍

പ്ലസ് 1 പ്രവേശനത്തിന് ഏകജാലക സംവിധാനം ഏര്‍പ്പെടുത്തുന്നതിനെതിരെ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി വിധി വന്നിരിക്കുകയാണല്ലോ...

കേരളകൌമുദി, മാധ്യമം, മാതൃഭൂമി, ദേശാഭിമാനി തുടങ്ങിയ പത്രങ്ങളുടെ വെബ് എഡിഷന്‍ തലക്കെട്ടുകള്‍ വാര്‍ത്തയുടെ കാതല്‍ മനസ്സിലാക്കാത്ത സാധാരണ തലക്കെട്ടുകളായിപ്പോയി എന്ന് പറയാതെ വയ്യ. ഹര്‍ജി തള്ളി, ഏകജാലകത്തിനു സ്റ്റേയില്ല,സ്റ്റേ ചെയ്യണമെന്ന അവശ്യം തള്ളി എന്നൊക്കെയായിരുന്നു അവരുടെ തലക്കെട്ടുകള്‍. അത്തരം തലക്കെട്ടുകള്‍ നല്‍കുക വഴി ജനങ്ങളുടെ അറിയാനുള്ള അവകാശത്തെ ഇത്തിരി പിന്നോട്ട് വലിക്കുകയാണ് അവര്‍ ചെയ്തിരിക്കുന്നത്.


ഏത് വര്‍ഷം മുതലാണ് പ്രവേശനം ആരംഭിക്കുക എന്ന മില്യണ്‍ ഡോളര്‍ ചോദ്യവുമായി രക്ഷിതാക്കളും വിദ്യാര്‍ത്ഥി സമൂഹവും ഒക്കെ ഉറക്കമൊഴിച്ച് കാത്തിരിക്കെയാണ് ഹൈക്കോടതി സ്റ്റേ ആവശ്യം തള്ളി എന്ന നിസ്സാര കാര്യത്തെ ഇവരൊക്കെ കൂടി വലുതാക്കി തലക്കെട്ടാക്കിയിരിക്കുന്നത്.

പാവപ്പെട്ട വായനക്കാരനോട് എന്തും ആകാമല്ലോ.........

വാര്‍ത്തയുടെ കാതല്‍ കണ്ടു പിടിക്കുന്നതില്‍ ഞങ്ങളെ കഴിഞ്ഞേയുള്ളൂ എന്ന പ്രൊഫഷണല്‍ ആത്മവിശ്വാസത്തോടെ മനോരമ നല്‍കിയ തലക്കെട്ടുകള്‍ മാധ്യമ രംഗത്തെ പുലികള്‍ കണ്ടുപഠിക്കേണ്ടത് തന്നെയാണ്. രക്ഷിതാക്കളുടെ ഉത്കണ്ഠ അകറ്റുന്ന തലക്കെട്ടാണ് അവര്‍ നല്‍കിയത്.

ഏകജാലക പ്രവേശനം ഈ വര്‍ഷം മുതല്‍


പമ്പ കടന്നിരുന്ന രക്ഷിതാക്കളുടെയും കുട്ടികളുടെയും ഉറക്കം ടാക്സി പിടിച്ച് തിരിച്ച് വന്നില്ലേ തലക്കെട്ട് മാത്രം വായിച്ച് നിര്‍ത്തിയാല്‍പ്പോലും.

മാത്രമല്ല പാവപ്പെട്ട കുട്ടികളുടെ പ്രവേശനത്തിന്റെ കാര്യത്തില്‍ ആണ് തങ്ങളുടെ ഉത്കണ്ഠ എന്ന്‌ പറയാതെ പറയുക വഴി ജനപക്ഷത്താണ് തങ്ങള്‍ എന്ന് തെളിയിക്കുകയാണ് മനോരമ. ഇന്റര്‍ ചര്‍ച്ച് കൌണ്‍സില്‍ തങ്ങളുടെ ആളുകളാണെന്ന് ആക്ഷേപത്തെ പൊടിച്ചുകളയാന്‍ കൂടി ഈ വിദ്യാര്‍ത്ഥിപക്ഷ തലക്കെട്ടിലൂടെ മനോരമക്ക് കഴിഞ്ഞിട്ടുണ്ട്.

പിന്നെ പേരിനു മറ്റൊരു വാര്‍ത്തകൂടി ഇട്ടിട്ടുണ്ട്...അത് പിന്നെ “സ്റ്റേ നല്‍കാന്‍ ഹൈക്കോടതി വിസമ്മതിച്ച സാഹചര്യം“ വന്നുപോയില്ലേ?

“അപ്പീല്‍ നല്‍കുമെന്ന് ഇന്റര്‍ ചര്‍ച്ച് കൌണ്‍സില്‍“.


ഹര്‍ജി തള്ളിയതല്ല വാര്‍ത്തയുടെ കാതല്‍ എന്നും അപ്പീലിനു പോകുമോ ഇല്ലയോ എന്നതാണ് പ്രധാനമെന്നും മനസ്സിലാക്കുവാന്‍ ഇവിടത്തെ മറ്റു മാധ്യമങ്ങള്‍ക്ക് എന്ന് സാധിക്കുമോ ആവോ?

കഷ്ടം തന്നെ വായനക്കാരാ നിന്റെ അവസ്ഥ...

ഹര്‍ജി തള്ളി, സ്റ്റേ അനുവദിച്ചില്ല എന്നൊക്കെ തലക്കെട്ടില്‍ വേണമായിരുന്നെന്നോ?

നല്ല തമാശ...അപ്പീല്‍ പോകുന്നത് ഹര്‍ജി തള്ളുമ്പോഴാണെന്ന് മനസ്സിലാക്കാത്തവരോട് സംസാരിച്ചിട്ട് കാര്യമില്ല...

ഇനി ഹര്‍ജി തള്ളി എന്ന് കണ്ടാലേ ഉറക്കം ശരിയാവൂ എന്നുണ്ടെങ്കില്‍ ഇതാ ഒരെണ്ണം


ദശാവതാരം എന്ന കമലഹാസന്‍ ചിത്രത്തിന്റെ പേരുമാറ്റണമെന്നൊക്കെ പറഞ്ഞ് നല്‍കിയ ഹര്‍ജി തള്ളി...

വാര്‍ത്തയെന്നാല്‍........ അല്ലെങ്കില്‍ വേണ്ട അത് പറയുന്നില്ല.

Saturday, May 24, 2008

വിദേശപണം ലഭിക്കുന്ന സംഘടനകള്‍

വിദേശപണം ലഭിക്കുന്ന അത്മീയ സംഘടനകളെക്കുറിച്ചുള്ള ഒരു വാര്‍ത്ത പ്രസക്തമാണെന്ന് തോന്നുന്നതിനാല്‍ ഇവിടെ പോസ്റ്റു ചെയ്യുന്നു.

ആത്മീയ സംഘടനകള്‍ക്കും സന്നദ്ധ സംഘടനകള്‍ക്കുമായി ഇന്ത്യയിലേക്ക് 2005-06 സാമ്പത്തികവര്‍ഷം ഒഴുകിയ വിദേശപണം 7877.5 കോടി രൂപ. 18570 സംഘടനകള്‍ക്കുവേണ്ടിയാണ് ഈ പണം എത്തിയത്. ഇതില്‍ ഏറ്റവും കൂടുതല്‍ പണം ലഭിച്ച പതിനഞ്ചു സംഘടനകളില്‍ കേരളത്തില്‍നിന്ന് മാതാ അമൃതാനന്ദമയി മഠം ഉള്‍പ്പെടെ മൂന്നെണ്ണം. രാജ്യത്ത് ഏറ്റവും കൂടുതല്‍ വിദേശപണം ലഭിക്കുന്ന സംഘടനകളില്‍ ഏഴാംസ്ഥാനമാണ് അമൃതാനന്ദമയി മഠത്തിന്. രാജ്യത്ത് ഏറ്റവുമധികം പണം ലഭിക്കുന്ന സംഘടന തമിഴ്‌നാട്ടിലെ വേള്‍ഡ് വിഷന്‍ ഓഫ് ഇന്ത്യയാണ് (256.41 കോടി). രണ്ടാമത് കാരിത്താസ് ഇന്ത്യ ഡല്‍ഹിയും(193.36 കോടി). കേന്ദ്രആഭ്യന്തരമന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലാണ് ഈ വിവരമുള്ളത്.

കേരളത്തില്‍ ഏറ്റവും കൂടുതല്‍ വിദേശപണം ലഭിച്ച സംഘടന അമൃതാനന്ദമയി മഠംതന്നെ. 85.33 കോടി രൂപയാണ് 2005-06ല്‍ മഠത്തിലെത്തിയത്. അമേരിക്കയിലെ അമൃതാ ഇന്റര്‍നാഷണല്‍ മെഡിക്കല്‍ സര്‍വീസസ് പ്രോജക്ട് ഇന്‍കോര്‍പറേഷന്‍ മാത്രം 38.67 കോടി മഠത്തിന് അയച്ചു. തൊട്ടുപിന്നില്‍ ക്രിസ്ത്യന്‍സംഘടനയായ ബിലീവേഴ്സ് ചര്‍ച്ചാണ്. ഇവര്‍ക്ക് 78.62 കോടി ലഭിച്ചു. കേരളത്തിലെ ഗോസ്പെല്‍ ഫോര്‍ ഏഷ്യ എന്ന സംഘടനയ്ക്ക് 58.29 കോടി രൂപയും ലഭിച്ചു. ഇവരുള്‍പ്പെടെ ആത്മീയ, സന്നദ്ധ വ്യവസായികള്‍ക്കെല്ലാംകൂടി ലഭിക്കുന്നത് 656.27 കോടി രൂപ.

മൊത്തം 1565 സംഘടനകള്‍ക്കാണ് കേരളത്തില്‍ വിദേശപണം ലഭിക്കുന്നത്. കേരളത്തില്‍ത്തന്നെ എറണാകുളം ജില്ലയിലാണ് വിദേശ പണം കിട്ടുന്ന സംഘടനകള്‍ കൂടുതല്‍, 311. ഈ സംഘടനകള്‍ക്കാകെ 165.04 കോടിയാണ് കിട്ടുന്നത്. തൊട്ടുപിന്നില്‍ തിരുവനന്തപുരം. ഇവിടെ 155 സംഘടനകള്‍ കൂടി നേടുന്നത് 91.23 കോടി. വിദേശപണം ലഭിക്കുന്ന സംസ്ഥാനങ്ങളില്‍ കേരളത്തിന് അഞ്ചാം സ്ഥാനമാണുള്ളത്. തമിഴ്‌നാടാണ് ഇതില്‍ ഏറ്റവും മുന്നില്‍. 1609.64 കോടിയാണ് തമിഴ്‌നാട്ടിലെ ആത്മീയ, സന്നദ്ധസംഘടനാവ്യവസായികള്‍ പറ്റുന്നത്. തൊട്ടുപിന്നില്‍ ഡല്‍ഹിയാണ് 1555.6 കോടി. 1011കോടിയുമായി ആന്ധ്രാപ്രദേശും 663 കോടിയുമായി മഹാരാഷ്ട്രയും കേരളത്തിന് മുന്നില്‍ നില്‍ക്കുന്നു.

ഇന്ത്യയിലേക്ക് പണമയക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്നത് അമേരിക്ക തന്നെ. 2425.88 കോടി. ബ്രിട്ടണ്‍(1180കോടി), ജര്‍മനി(1062) എന്നീ രാജ്യങ്ങള്‍ തൊട്ടുപിന്നില്‍. അമേരിക്കയിലെ ഗോസ്പെല്‍ ഫെലോഷിപ്പ് ട്രസ്റ്റും (229 കോടി) ഗോസ്പെല്‍ ഫോര്‍ ഏഷ്യ(137കോടി)യുമാണ് പണമയക്കുന്ന സംഘടനകളില്‍ ഒന്നും രണ്ടും സ്ഥാനത്ത്.

വിശദമായ കണക്കുകള്‍ക്ക് 2005-06ലെ റിപ്പോര്‍ട്ട് (pdf) കാണുക. html ഇവിടെ

ഈ ലിങ്കുകള്‍ കൂടി നോക്കാം

fcraforngos എന്ന സൈറ്റ് ഇവിടെ

The Foreign Contribution (Regulation) Bill, 2006 നെക്കുറിച്ചുള്ള ഒരു ലീഗല്‍ ബ്രീഫിങ്ങ് ഇവിടെ

പ്രകാശ് കാരാട്ട് സന്നദ്ധസംഘടനകളെക്കുറിച്ചും വിദേശ ഫണ്ടിങ്ങിനെക്കുറിച്ചും 1984ല്‍ എഴുതിയ പഠനം ഇവിടെ

വാര്‍ത്തക്ക് കടപ്പാട്: ദേശാഭിമാനി

Sunday, May 18, 2008

‘സംഗതി’യും വിദേശി തന്നെ!

നമ്മുടെ ടി.വി ചാനലുകളൊക്കെ അവരുടെ എസ്.എം.എസ് ‘സംഗതി‘യും സായിപ്പിനെ കണ്ട് പഠിച്ചത് തന്നെ...മെയ് 18ലെ ദേശാഭിമാനി വാര്‍ത്ത അതുപോലെ ഇവിടെ പോസ്റ്റുന്നു...

ലണ്ടന്‍: ഫോണ്‍ ഇന്‍ പരിപാടികളുടെ പേരില്‍ പ്രേക്ഷകരെ വഞ്ചിച്ചതിന് ബിബിസി അടക്കമുള്ള പ്രമുഖ ടെലിവിഷന്‍ ചാനലുകള്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ പിഴ നല്‍കേണ്ടി വന്നത് കോടികള്‍. വിജയികളെ നേരത്തെതന്നെ തീരുമാനിച്ചുറപ്പിക്കുകയും മത്സരം അവസാനിച്ചശേഷവും ഫോണ്‍ കോളുകള്‍ സ്വീകരിച്ചതുമടക്കം കടുത്ത വഞ്ചനയാണ് ബിബിസി, ചാനല്‍ ഫോര്‍, ഐടിവി ചാനലുകള്‍ നടത്തിയത്. ഫോണ്‍ വഴി വോട്ടിങ് തുടങ്ങുന്നതിനുമുമ്പ് വിജയിയെ നിശ്ചയിച്ച സംഭവംവരെയുണ്ട്. പ്രേക്ഷകരുമായുള്ള ടെലിഫോണ്‍ ബന്ധം സാങ്കേതികത്തകരാര്‍മൂലം മുടങ്ങിയപ്പോള്‍ ചാനലിന്റെ സ്റ്റുഡിയോയിലുള്ളവര്‍തന്നെ ആ റോള്‍ ഏറ്റെടുക്കുക, കൃത്രിമ 'ടെന്‍ഷന്‍' സൃഷ്ടിച്ച് കാഴ്ചക്കാരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുക... അങ്ങനെ പ്രേക്ഷകരെ കൈയിലെടുക്കാന്‍ ഇവര്‍ പല കുതന്ത്രങ്ങളും പയറ്റി. ടിവി ഫോണ്‍ ഇന്‍ പരിപാടികളിലേക്കു വിളിക്കുമ്പോള്‍ വാടകയായി വലിയ തുകയാണ് ടെലിഫോണ്‍ കമ്പനികള്‍ ഈടാക്കുക. പരിപാടി കൊഴുപ്പിക്കാന്‍ ചാനലുകാര്‍ 'സംഗതി'കള്‍ പുറത്തെടുക്കുമ്പോള്‍ ഫോണ്‍ വിളി ഏറും. ഫലം, ടെലികോം കമ്പനിക്കും ലാഭവിഹിതത്തിന്റെ പങ്കുപറ്റുന്ന ചാനലിനും കുശാല്‍.

കഴിഞ്ഞ ഒരു വര്‍ഷമായി പ്രേക്ഷകരെ പലതരത്തിലും പറ്റിച്ചതിന്റെ പേരില്‍ ഐടിവിക്ക് അരക്കോടി പൌണ്ടാണ് ബ്രിട്ടനിലെ മീഡിയാ റെഗുലേറ്ററായ 'ഓഫ്കോം' പിഴ വിധിച്ചത്. ചാനലിലെ ജനപ്രിയ പരിപാടിക്കായുള്ള തെരഞ്ഞെടുപ്പില്‍ തങ്ങളുടെ മികച്ച അവതാരകരായ ആന്റണി മക്പാര്‍ട്ടലിനും ഡെകാന്‍ ഡോണലിക്കും അനുകൂലമായി ഐടിവി കണക്കുണ്ടാക്കി. പ്രേക്ഷകരുടെ വോട്ട് കണക്കാക്കിയാല്‍ ഹാസ്യപരിപാടിയുടെ അവതാരക കാതറിന്‍ ടെയ്റ്റ് ആയിരുന്നു വിജയി. മത്സരത്തില്‍ ജയിക്കാന്‍ സാധ്യതയില്ലെന്നറിയാതെ പാവം പ്രേക്ഷകര്‍ 78 ലക്ഷം പൌണ്ടിനാണ് ഫോണ്‍ വിളിച്ചത്. ഐടിവി തലവന്‍ മൈക്കല്‍ ഗ്രേഡ് തന്നെ ഇക്കാര്യം സമ്മതിച്ചു. തെറ്റ് ആവര്‍ത്തിക്കാതിരക്കാന്‍ നടപടിയെടുത്തിട്ടുണ്ടെന്ന് പറഞ്ഞൊഴിയുകയാണ് അദ്ദേഹം ചെയ്തത്.

പ്രേക്ഷകരെ വിഡ്ഢികളാക്കുന്നതില്‍ ബിബിസിയും മോശക്കാരല്ല. ഫോണ്‍ ഇന്‍ പരിപാടിയില്‍നിന്നുള്ള വരുമാനം സന്നദ്ധസേവനത്തിന് ഉപയോഗിക്കുമെന്ന് പ്രഖ്യാപിച്ച് പരിപാടിക്ക് ആളെ കൂട്ടിയ ചാനല്‍, ഫോണ്‍ ഇന്‍ വഴി കിട്ടിയ 1.06 ലക്ഷം പൌണ്ട് വിഴുങ്ങിയെന്ന് പിന്നീട് സമ്മതിച്ചു. മലയാളത്തിലെ ഒരു ചാനല്‍ എസ് എം എസ് വോട്ടിങ്ങില്‍നിന്ന് ലഭിക്കുന്ന വരുമാനം സന്നദ്ധപ്രവര്‍ത്തനത്തിന് ചെലവഴിക്കുമെന്നു പറഞ്ഞാണ് റിയാലിറ്റി ഷോ സംഘടിപ്പിച്ചത്. ആ തുക എങ്ങോട്ട് പോയെന്ന് ആര്‍ക്കറിയാം?

ബിബിസി ഒരിക്കല്‍ ഫോണ്‍ വഴി വോട്ടിങ്ങില്‍ പങ്കെടുത്ത ആയിരത്തോളം പ്രേക്ഷകരുടെ വോട്ട് പരിഗണിക്കുകപോലും ചെയ്തില്ല. ഫോണ്‍ വിളിച്ച കാശ് നഷ്ടമായതു മിച്ചം. ഫോണ്‍ ഇന്‍ പരിപാടിയില്‍ കൃത്രിമം കാണിച്ച് പ്രേക്ഷകരെ വഞ്ചിച്ചതിന് ചാനല്‍ ഫോര്‍ 15 ലക്ഷം പൌണ്ട് പിഴ അടയ്ക്കേണ്ടി വന്നു.

പ്രേക്ഷകരെയും പരസ്യക്കാരെയും ആകര്‍ഷിക്കാന്‍ ഇന്ത്യയിലെ ടെലിവിഷന്‍ ചാനല്‍ മേഖലയില്‍ കടുത്ത മത്സരമാണ് നടക്കുന്നത്. പിടിച്ചുനില്‍ക്കാന്‍ ചാനലുകള്‍ ദിവസേന പുതിയ വഴികള്‍ തേടിക്കൊണ്ടിരിക്കുന്നു. മികച്ച വരുമാനമാര്‍ഗമെന്ന നിലയിലാണ് റിയാലിറ്റിഷോയെ ചാനലുകള്‍ കൂട്ടുപിടിച്ചത്. ഇതുവഴി പ്രേക്ഷകരുടെ കൈയിലെ പണം തട്ടാന്‍ എളുപ്പമാണെന്ന് ഇവര്‍ മനസ്സിലാക്കി. റിയാലിറ്റി ഷോ തട്ടിപ്പിന്റെ ചെറുപതിപ്പുകള്‍ ഇതിനകം കൊച്ചുകേരളത്തിലും അരങ്ങേറിയിട്ടുണ്ട്.

വിദേശത്തെ വമ്പന്മാരെ അനുകരിച്ച് തട്ടിപ്പിന് പുതിയ 'സംഗതി'കള്‍ ഇവിടെയും ഒരുങ്ങുമെന്നുറപ്പ്. പ്രേക്ഷകര്‍ കരുതിയിരിക്കുക മാത്രമേ വഴിയുള്ളൂ.

Friday, May 2, 2008

മാധ്യമസ്വാതന്ത്ര്യദിന ചിന്തകള്‍

മെയ് 3 അന്താരാഷ്ട്ര പത്രസ്വാതന്ത്ര്യ ദിനമാണ്.

പത്രസ്വാതന്ത്ര്യം, അതിന്റെ അടിസ്ഥാനതത്വങ്ങള്‍, മാധ്യമങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ എന്നിവയൊക്കെ ഈ ദിനത്തോടനുബന്ധിച്ച് അവലോകനം ചെയ്യപ്പെടുന്നു. അതുപോലെ തന്നെ ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടയില്‍ ജീവന്‍ വെടിയേണ്ടിവരുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കാനും ഈ ദിവസം വിനിയോഗിക്കുന്നു. 1991ല്‍ യുനെസ്കൊ നിര്‍ദ്ദേശിച്ചതനുസരിച്ച് 1993ല്‍ ഐക്യരാഷ്ട്രസഭയാണ് ഇങ്ങിനെ ഒരു ദിനം ആചരിക്കുവാന്‍ തീരുമാനിച്ചത്.

ഈ വര്‍ഷത്തെ ദിനാചരണം യുനെസ്കൊയുടെ ന്യൂയോര്‍ക്ക് ഓഫീസില്‍ വെച്ച് നടക്കും.ഇതിനോടനുബന്ധിച്ച് "Access to Information and the Empowerment of people" എന്ന വിഷയത്തില്‍ ഒരു പാനല്‍ ചര്‍ച്ചയും സംഘടിപ്പിക്കുന്നുണ്ട്.

ഈ ദിനത്തോടനുബന്ധിച്ച് World Public Opinion.org ഇരുപത് രാജ്യങ്ങളില്‍ നടത്തിയ അന്താരാഷ്ട്രസര്‍വെയില്‍ ഒരു വിധം എല്ലാ രാജ്യങ്ങളിലേയും ഭൂരിഭാഗം ജനങ്ങളും സര്‍ക്കാര്‍ ഇടപെടല്‍ ഇല്ലാത്ത മാധ്യമസ്വാതന്ത്ര്യം വേണം എന്ന് അഭിപ്രായപ്പെടുന്നവരാണ്. ഇന്ത്യയിലാകട്ടെ 52 ശതമാനം പേര്‍ മാധ്യമസ്വാതന്ത്യം പ്രധാനമാണെന്നും , ഇന്റര്‍നെറ്റിലെ വിവരങ്ങള്‍ സെന്‍സര്‍ഷിപ്പ് ഇല്ലാതെ തന്നെ ലഭ്യമാക്കണം എന്നും അഭിപ്രായപ്പെടുന്നവരാണ്. 42% പേര്‍ സര്‍ക്കാര്‍ നിയന്ത്രണം ഇല്ലാതെ വാര്‍ത്തകളും ആശയങ്ങളും പ്രസിദ്ധീകരിക്കുവാന്‍ മാധ്യമങ്ങള്‍ക്ക് സ്വാതന്ത്ര്യം വേണം എന്നഭിപ്രായപ്പെട്ടപ്പോള്‍ 33% രാഷ്ട്രീയമായ അസ്ഥിരതക്കിടയാക്കുന്ന കാര്യങ്ങള്‍ പ്രസിദ്ധീകരിക്കുന്നതില്‍ നിന്നും മാധ്യമങ്ങളെ തടയുവാന്‍ സര്‍ക്കാരിനു സ്വാതന്ത്രം അധികം വേണം എന്ന് അഭിപ്രായപ്പെട്ടു. ഇപ്പോഴുള്ളതിലും കൂടുതല്‍ സ്വാതന്ത്ര്യം മാധ്യമങ്ങള്‍ക്ക് വേണമെന്ന് 36% പേര്‍ അഭിപ്രായപ്പെട്ടപ്പോള്‍ കുറവ് മതി എന്നാണ് 32 ശതമാനം അഭിപ്രായപ്പെട്ടത്. ( 2008 ഫെബ്രുവരി 25 മുതല്‍ 28 വരെ നടന്ന ഈ സര്‍വെയില്‍ 1023 പേരോട് 6 ചോദ്യങ്ങള്‍ ചോദിക്കുകയാണുണ്ടായത്.

ഇത് വായിച്ചപ്പോള്‍ തോന്നിയ പ്രധാന സംശയം മാധ്യമസ്വാതന്ത്ര്യം എന്നു പറഞ്ഞാല്‍ സര്‍ക്കാര്‍ ഇടപെടല്‍ ഇല്ലാതിരിക്കുക എന്നത് മാത്രമാണോ എന്നതായിരുന്നു. കോര്‍പ്പറേറ്റ് താല്പര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ ബദ്ധശ്രദ്ധരായ മാധ്യമങ്ങള്‍ സര്‍ക്കാര്‍ ഇടപെടല്‍ ഇല്ലാത്ത അവസ്ഥയിലും തങ്ങളുടെ സ്വാതന്ത്ര്യം ജനങ്ങളുടെ താല്പര്യങ്ങള്‍ സംരക്ഷിക്കാനായി എത്രമാത്രം ഉപയോഗിക്കും എന്നത് നമുക്കറിയാവുന്ന കാര്യമാണ്. ഈ സര്‍വെയിലെ ചോദ്യങ്ങളില്‍ ഈയൊരു വശം ഉള്‍പ്പെടുത്തിയിട്ടില്ല എന്നത് ആലോചിക്കേണ്ട കാര്യമാണ്. ഫോര്‍ഡ് ഫൌണ്ടേഷനും മറ്റുമാണ് ഇവരുടെ പ്രായോജകര്‍ എന്നത് കൊണ്ട് തന്നെ അതില്‍ അല്‍ഭുതത്തിനവകാശമില്ല എന്നും തോന്നുന്നു. മുഖ്യധാരാ മാധ്യമങ്ങള്‍ മാത്രം പിന്തുടര്‍ന്നാല്‍ നാം തികഞ്ഞ അന്ധകാരത്തിലായിരിക്കും എന്നതിനു സംശയമില്ല. സമാന്തര മാധ്യമങ്ങള്‍ കൂടുതല്‍ കൂടുതലായി പ്രാമുഖ്യം നേടി വരുന്നതിന്റെയും കാരണം മറ്റൊന്നല്ല. ബ്ലോഗുകള്‍ക്ക് പ്രസക്തിയേറി വരുന്നതും ഇതേ കാരണം കൊണ്ട് തന്നെയാണ്.

Reporters Without Borders ന്റെ 2008 ലെ വാര്‍ഷിക റിപ്പോര്‍ട്ടും പുറത്തിറങ്ങിയിട്ടുണ്ട്.

ഇതില്‍ തമിഴ് പത്രമായ ദിനകരന്റെ മൂന്ന് സ്റ്റാഫംഗങ്ങള്‍ 2007 മെയ് മാസത്തില്‍ കരുണാനിധിയുടെ മകനായ അഴഗിരിയെ പിന്തുണക്കുന്നവരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതും, ഹിന്ദു രാഷ്ട്രീയ സഭ മിശ്രവിവാഹത്തെക്കുറിച്ചുള്ള ഒരു പരിപാടി പ്രക്ഷേപണം ചെയ്തതിനു കഴിഞ്ഞ ഏപ്രിലില്‍ സ്റ്റാര്‍ ടിവി ഓഫീസ് തല്ലിത്തകര്‍ത്തതും ഒക്കെ വിവരിക്കുന്നുണ്ട്. കൂടാതെ സ്വാതന്ത്ര്യത്തിന്റെ അറുപതാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള പ്രത്യേക പതിപ്പില്‍ ബാല്‍ താക്കറെയെ വില്ലന്മാരുടെ പട്ടികയില്‍പ്പെടുത്തിയതിനെതിരെ 2007 ആഗസ്റ്റില്‍ ശിവസേനക്കാര്‍ ഔട്ട്‌ലുക്ക് ഓഫീസ് ആക്രമിച്ചതും ആസാമിലും കാഷ്മീരിലും മാധ്യമപ്രവര്‍ത്തകര്‍ നേരിടുന്ന ബുദ്ധിമുട്ടുകളും ഈ റിപ്പോര്‍ട്ടിലുണ്ട്. പശ്ചിമബംഗാളില്‍ രണ്ട് മാധ്യമപ്രവര്‍ത്തകരെ തടഞ്ഞുവെച്ചതും ഈ റിപ്പോര്‍ട്ടിലുണ്ട്.

ഇവര്‍ പ്രസിദ്ധീകരിച്ച 2007ലെ മാധ്യമസ്വാതന്ത്ര്യസൂചികയില്‍ ഇന്ത്യയുടെ സ്ഥാനം 120 ആണ്. അമേരിക്ക നാല്പത്തി എട്ടാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ അധിനിവേശിത ഇറാഖ് നൂറ്റി അന്‍പത്തിഏഴാം സ്ഥാനത്താണ്. ഇറാഖില്‍ പത്രസ്വാതന്ത്ര്യം കുറവായിരിക്കുന്നത് തികച്ചും സ്വാഭാവികം. മാധ്യമപ്രവര്‍ത്തകര്‍ കൂടുതലായി കൊല്ലപ്പെടുന്നുണ്ട് എന്നതും ഈ താഴ്ന്ന റാങ്കിങ്ങിനു കാരണമാകാം. എങ്കിലും അതിനു ശരിയായ കാരണക്കാര്‍ ആര് എന്ന് ചോദിക്കുമ്പോള്‍ ലിസ്റ്റൊന്നു മാറ്റിപ്പണിയേണ്ടിവരും.


2007 ജനുവരി 19ന് ഇസ്താംബുളില്‍ വെച്ച് വധിക്കപ്പെട്ട മാധ്യമപ്രവര്‍ത്തകന്‍ Hrant Dink

എന്തായാലും മാധ്യമസ്വാതന്ത്ര്യം എന്നത് ജനാധിപത്യവ്യവസ്ഥിതിയില്‍ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്. അറിയാനുള്ള ജനങ്ങളുടെ അവകാശത്തില്‍ അധിഷ്ഠിതമായ ശരിയായ മാധ്യമസ്വാതന്ത്രത്തിനുവേണ്ടിയാകട്ടെ ഈ ദിനാചരണവും അതിനോടനുബന്ധിച്ചുള്ള ചര്‍ച്ചകളും. കഴിഞ്ഞ വര്‍ഷം കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകരെ നമുക്ക് ആദരവോടെ സ്മരിക്കാം.

*****

വായിക്കാവുന്ന ലേഖനങ്ങള്‍

Wednesday, April 30, 2008

മുഖം‌മൂടി വെച്ച രാഷ്ട്രീയബോധം

ആലപ്പുഴ
സമയം ചൊവ്വാഴ്‌ച വൈകിട്ട്‌ അഞ്ചുമണി
സ്ഥലം സീറോ ജംഗ്‌ഷന്‍

നെറ്റിയില്‍ കുങ്കുമപ്പൊട്ട്‌ തൊട്ട്‌ ചിരിച്ചുകൊണ്ട്‌ നിന്ന 'രാഹുല്‍ ഗാന്ധി' യെക്കണ്ട്‌ നഗരവാസികള്‍ അമ്പരന്നു. അമ്പരപ്പ്‌ മാറും മുമ്പേ അതാ വരുന്നു ഒരു കൂട്ടം രാഹുല്‍ ഗാന്ധിമാര്‍. പിന്നെ കണ്ടത്‌ 'രാഹുല്‍ ഗാന്ധി' മാരുടെ കൂട്ടയോട്ടം.

എന്താണ് സംഭവമെന്ന് പിടികിട്ടിയില്ലേ?

വേറെ ഒന്നുമില്ല.

കോണ്‍ഗ്രസ്‌ ജില്ലാ സമ്മേളനത്തിന്റെ പ്രചാരണാര്‍ത്ഥം ആലപ്പുഴ നഗരത്തില്‍ വെള്ള ബനിയനും എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധിയുടെ മുഖംമൂടിയും ധരിച്ചെത്തിയ നൂറിലധികം കെ.എസ്‌.യു. പ്രവര്‍ത്തകര്‍ നടത്തിയ കൂട്ടയോട്ടത്തെക്കുറിച്ചുള്ള മാതൃഭൂമി വാര്‍ത്തയുടെ തുടക്കമാണത്. വിട്ടുകളഞ്ഞിട്ടുള്ളത് പങ്കെടുത്തവരുടെ പേരുകള്‍ മാത്രം.


ഭാഷ ശ്രദ്ധിച്ചോ? എവിടെയെങ്കിലും ഈ മുഖം‌മൂടിയോട്ടത്തിന്റെ അപഹാസ്യതയെക്കുറിച്ച് എന്തെങ്കിലും സൂചന?

ഒന്നുമില്ല. തികച്ചും രസകരം എന്ന് അവര്‍ കരുതുന്ന സംഭവത്തെക്കുറിച്ച് ഒരു കൌതുക വാര്‍ത്തയുടെ ഭാഷയിലും ശൈലിയിലും ഒരു റിപ്പോര്‍ട്ട്...

വ്യക്തിപൂജയുടെ അങ്ങേയറ്റം എന്ന് വിശേഷിപ്പിക്കാവുന്ന ഈ കുട്ടിക്കളിയില്‍ പത്രത്തിനു യാതൊരു തകരാറും തോന്നുന്നില്ല. യുവാക്കളുടെ ചിന്താശേഷി, കര്‍മ്മശേഷി എന്നിവയെക്കുറിച്ചൊന്നും ഒരു സംശയവും ഉയരുന്നുമില്ല. ക്രിക്കറ്റ് ഗ്രൌണ്ടില്‍ താരങ്ങളുടെ മുഖം മൂടിയും വെച്ചെത്തുന്ന ആരാധകവൃന്ദത്തിന്റെ അതേ നിലവാരത്തില്‍ത്തന്നെ നമ്മുടെ രാഷ്ട്രീയപ്രവര്‍ത്തകരും ചിന്തിച്ചാലും പ്രവര്‍ത്തിച്ചാലും തെറ്റൊന്നും തോന്നുന്നുമില്ല. വായനക്കാരനില്‍ അറിയാതെ പോലും അങ്ങിനെ ഒരു ചിന്ത വരരുത് എന്ന കാര്യത്തില്‍ പത്രത്തിന് ബദ്ധശ്രദ്ധ ഉണ്ട് താനും.

വേണ്ടപ്പെട്ടവരെ നോവിക്കാത്ത, ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത, വാര്‍ത്തയുടെ മര്‍മ്മത്ത് തൊടാത്ത ഇത്തരം റിപ്പോര്‍ട്ടിങ്ങിന്റെ സഹായം ഇല്ലായിരുന്നെങ്കില്‍ പല പ്രസ്ഥാനങ്ങളുടെയും ഗതി പരിതാപകരം ആയേനെ.....

ഒരു കാര്യത്തിനു പത്രത്തിനു നന്ദി പറയാം.

വരികള്‍ക്കിടയിലൂടെയാണെങ്കിലും ‍, മുകളില്‍ നിന്നും നേതാക്കള്‍ കെട്ടിയിറക്കപ്പെടുന്നത് ഇതുപോലെ മുഖം നഷ്ടപ്പെടുന്നതില്‍ വിമുഖത ഇല്ലാത്ത അണികള്‍ ഉള്ളതുകൊണ്ടാണെന്ന സൂചന ഈ വാര്‍ത്തയിലൂടെ തന്നതിന്...

(ചിത്രത്തിനു കടപ്പാട്: മാതൃഭൂമി)

Wednesday, April 23, 2008

ആനക്കലി

ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ഇല്‍സവത്തിനിടെ ആന ഇടഞ്ഞ് മൂന്നുപേരെ കൊന്നു. ഒരു വൃദ്ധയും രണ്ടുപുരുഷന്മാരുമാണ് മരിച്ചത്. ബുധനാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. കാഴ്ച ശീവേലിക്കുശേഷം പുറത്തുകൊണ്ടുവന്ന ആനയെ കുളിപ്പിക്കാനായി വീണ്ടും അമ്പലത്തിനകത്തേക്ക് കൊണ്ടുപോയപ്പോഴാണ് ഇടഞ്ഞത്. ഉല്‍സവമായതിനാല്‍ അമ്പലത്തിനകത്തും പുറത്തും നൂറുകണക്കിന് ആളുകളുണ്ടായിരുന്നു. കൂച്ചുവിലങ്ങ് പൊട്ടിച്ചാണ് ആന ഓടിയത്. രണ്ടുപേരെ ചവിട്ടിയും ഒരാളെ കുത്തിയുമാണ് കൊന്നത്. ആനയെ രണ്ടരയോടെ തളച്ചു. ക്ഷേത്രത്തിന് ചുറ്റും തീകൂട്ടി ആന ഓടാതിരിക്കാന്‍ നാട്ടുകാര്‍ മുന്‍കരുതല്‍ എടുത്തിരുന്നു. വന്‍പൊലീസ് സംഘവും മയക്കുവെടി വിദഗ്ദരും സ്ഥലത്തെത്തിയിരുന്നു.

ഇത് ദേശാഭിമാനി പത്രത്തിലെ വാര്‍ത്തയുടെ കുറച്ച് ഭാഗങ്ങളാണ്.

ഇന്നത്തെ ടെലിവിഷന്‍ ചര്‍ച്ചയില്‍ ഉയര്‍ന്ന പ്രസക്തമായ ചോദ്യം ഇതായിരുന്നു. ആനയും മനുഷ്യനും തികഞ്ഞ ശത്രുക്കളായി മാറുകയാണോ?

അതെ എന്നായിരിക്കും ഉത്തരം എന്നു തോ‍ന്നുന്നു..

ചട്ടം പഠിപ്പിക്കുന്നതിന്റെ പേരിലും മാക്സിമം ലാഭം എന്ന ഉദ്ദേശത്തിലും മനുഷ്യന്‍ കാണിക്കുന്ന ക്രൂരതകള്‍ക്ക് കണക്കില്ല. മദപ്പാടിലാണോ അല്ലയോ എന്നത് നമുക്ക് വിഷയമല്ല. മദപ്പാടില്‍ ആണെങ്കില്‍ തന്നെ ആനയെ വാട്ടാന്‍ വെള്ളം കൊടുക്കാതിരിക്കുന്ന വിദ്യയും നാം കണ്ടുപിടിച്ചിട്ടുണ്ട്. ആന ചത്താലും ജീവിച്ചാലും പന്തീരായിരം ഒക്കെ പണ്ടായിരു‍ന്നു. ഇപ്പോ ലക്ഷങ്ങളാണ്. നമ്മള്‍ ഇതിനു മുന്‍പും ഇതൊക്കെ കണ്ടിട്ടുണ്ട്. സര്‍ക്കാര്‍ നിയമങ്ങള്‍ എന്തിന് കോടതികള്‍ കൊണ്ടു വരുന്ന നിബന്ധനകളും പോലും പാലിക്കപ്പെടുന്നില്ല. ആനകളാകട്ടെ മുന്‍പെങ്ങുമില്ലാത്തവിധം അക്രമാസക്തരാവുകയുമാണ്. ഇതുവരെയായി മുന്നൂറില്‍പ്പരം ആളുകളെ ആനകള്‍ കൊന്നിട്ടുണ്ടത്രെ. അതില്‍ 90 ശതമാനത്തിലധികവും പാപ്പാന്മാര്‍. കഴിഞ്ഞ സീസണില്‍ മാത്രം അനകള്‍ കൊന്നത് നാല്പതിലധികം ആളുകളെയാണ്.

നാട്ടാന എന്നു പേരുണ്ടെങ്കിലും ആന ഒരിക്കലും ഒരു വളര്‍ത്തുമൃഗമല്ല. അത് മെരുങ്ങിയിട്ടുമില്ല. അതിനെ പേടിപ്പിച്ചാണ് നാം കൊണ്ടു നടക്കുന്നത്. മെരുങ്ങിയിട്ടുണ്ടെങ്കില്‍ എന്തിനു ചങ്ങല, തോട്ടി, മറ്റു ഭേദ്യോപകരണങ്ങള്‍ എന്ന് ചര്‍ച്ചക്കിടെ ആനപ്രേമികളില്‍ ഒരാള്‍ ചോദിച്ചത് അവഗണിക്കാന്‍ ആവില്ല. ചിലപ്രത്യേക സമയങ്ങളില്‍ ഈ പേടിയുടെ കെട്ട് വിടുമ്പോള്‍ ആന ആ പഴയ വന്യമൃഗം ആകുകയാണ്. അതിന്റെ കൂട്ടത്തില്‍ ആനയെ നിയന്ത്രിക്കാനുള്ള ശ്രമത്തില്‍ അതിനെ കൂടുതല്‍ വിറളി പിടിപ്പിക്കുന്ന നാട്ടുകാരും. എല്ലാം ചേരുമ്പോള്‍ പൊടി പൂരം.

വിയര്‍പ്പ് ഗ്രന്ഥികള്‍ കുറവായതിനാല്‍ ആനക്ക് ചൂട് അസഹ്യം ആണ്. കാട്ടാനകള്‍ ഒറ്റ എണ്ണം പോലും ഈ നട്ടപ്ര വെയിലത്ത് പുറത്തുണ്ടാവില്ല. വെള്ളത്തില്‍ കിടക്കുകയോ തണലത്ത് നില്‍ക്കുകയോ ചെയ്യുകയായിരിക്കും. നമ്മള്‍ ചെരുപ്പിടാതെ ഒരടി നടക്കാത്ത അവസ്ഥയിലാണ് ആനകളെ കൊടും ചൂടില്‍ നിര്‍ത്തിപ്പൊരിക്കുന്നത്. ആനക്ക് വട്ടാവാന്‍ വേറെ വല്ലതും വേണോ?

രാവിലെ 11 മണിക്ക് ശേഷം ആനകളെ എഴുന്നള്ളിക്കരുത് എന്ന് നിയമം ഉണ്ടെങ്കിലും ആരു പാലിക്കാന്‍. ഇന്നിടഞ്ഞ ആന ഏതാണ്ട് ഉച്ചയോടെയാണ് തനിസ്വരൂപം പുറത്തെടുത്തത്. വേനല്‍ മഴക്ക് ശേഷം ചൂട് കൂടി വരുന്നത് കൊണ്ട് ഇനിയും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കും എന്നാണ് ചര്‍ച്ചയില്‍ കേട്ട മറ്റൊരു വാചകം. ഇന്നത്തെ സംഭവത്തില്‍ മദ്യപിച്ച ഒരാള്‍ ആനയുടെ കൊമ്പില്‍ പിടിച്ചതോടെയാണ് ആന ഇടഞ്ഞത്...ആനയുടെ വാലില്പിടിച്ച് വലിച്ച ആളെ ആന കൊന്നിട്ടുണ്ട്. മുകളിലിരുന്ന പാപ്പാന്‍ തരം കിട്ടിയപ്പോള്‍ ആനപ്പുറത്ത് നിന്നും ഉയരമുള്ള ക്ഷേത്രമതിലിലേക്ക് ചാടി അപ്പുറത്തേക്ക് മറിഞ്ഞ് ഒരു വിധം രക്ഷപ്പെടുന്നത് ടെലിവിഷനില്‍ കണ്ടു.

സംഭവത്തിന്റെ ഗൌരവം സൂചിപ്പിക്കാനും ആളുകളെക്കൊണ്ടു ചിന്തിപ്പിക്കാനുമൊക്കെ ആണോ എന്നറിയില്ല എന്തായാലും ജയ്‌ഹിന്ദിലും കൈരളിയിലുമൊക്കെ ആന ചവിട്ടിക്കൊല്ലുന്നതും മറ്റും ഒരു മറയുമില്ലാതെ കാണിച്ചിരുന്നു. അസഹ്യം എന്നേ അതിനെ വിശേഷിപ്പിക്കാന്‍ പറ്റൂ.

ഉത്സവങ്ങള്‍ക്ക് ആനകള്‍ വേണമോ നാട്ടില്‍ ആനകള്‍ വേണമോ എന്ന ചോദ്യങ്ങളൊക്കെ ഗൌരവകരമായി ചോദിക്കാനുള്ള സമയമായിരിക്കുന്നു.

Sunday, March 30, 2008

വെളിച്ചം

ആദ്യം
വെളിച്ചം തരാന്‍ സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും മാത്രമേ ഉണ്ടായിരുന്നുള്ളൂ..
പിന്നെ തീയെ മെരുക്കി മൃഗക്കൊഴുപ്പ് ഉപയോഗിച്ച് വിളക്കു കത്തിച്ചു മോഡേണ്‍ ആയി..
പിന്നെ എണ്ണ വിളക്കുകളും മറ്റുമായി...പുരോഗമിച്ചു നമ്മള്‍
‍പിന്നെ പലതരം വൈദ്യുതി വിളക്കുകളായി...അതായി ആധുനികം
പിന്നെ സൂര്യനില്‍ നിന്നു നേരിട്ട് (ഇത്തിരി വളഞ്ഞ വഴിക്കുള്ള നേരിട്ട്) ഊര്‍ജ്ജം സംഭരിച്ച് കത്തുന്ന വിളക്കുകളായി...
പറഞ്ഞുവരുമ്പോള്‍ ഇതാണിപ്പോള്‍ ആധുനികം...
നാളെ?

Saturday, March 15, 2008

തുടിപ്പത് എന്‍ നെഞ്ചം

1989 ഡിസംബറില്‍ പനാമയിലേക്ക് പടയോട്ടം നടത്തുകയും നിസ്സഹാരായ ആയിരക്കണക്കിനു ജനങ്ങളെ കൊലക്കിരയാക്കുകയും ചെയ്തശേഷം പ്രസിഡന്റ് ജോര്‍ജ് എച്ച്.ഡ്ബ്യു, ബുഷ് എന്ന അച്ഛന്‍ ബുഷ് പ്രഖ്യാപിച്ചു.

എന്റെ ഹൃദയം പനാമയില്‍ മരണമടഞ്ഞവരുടെ കുടുംബാംഗങ്ങള്‍ക്ക് വേണ്ടി തുടിക്കുന്നു.”

നൊറീഗയെ പുറത്താക്കാന്‍ വേണ്ടി ഇത്രപേരെ കൊലക്ക് കൊടുക്കണമായിരുന്നോ എന്നൊരു റിപ്പോര്‍ട്ടര്‍ ബുഷിനോട് ചോദിച്ചു..ബുഷിന്റെ ഉത്തരം ഇതായിരുന്നു..

ഓരോ മനുഷ്യ ജീവനും അമൂല്യമാണ്, എങ്കിലും ഈ ചോദ്യത്തിന് അതെ എന്നെനിക്ക് ഉത്തരം പറയേണ്ടിയിരിക്കുന്നു. yes, it has been worth it.“

ഒരു വര്‍ഷത്തിനുശേഷം മാനവികതക്കെതിരായ തന്റെ അടുത്ത കുറ്റകൃത്യമായ ഇറാഖ് അധിനിവേശത്തിനു തയ്യാറെടുക്കുന്ന സമയത്തും അച്ഛന്‍ ബുഷ് പറഞ്ഞു.

ഓരോ മനുഷ്യ ജീവനും അമൂല്യമാണ്.”

2006 അവസാനം മകന്‍ ബുഷിന്റെ വക്താവായ സ്കോട്ട് സ്റ്റാന്‍സെല്‍ ഇറാഖിലെ അമേരിക്കന്‍ ഭടന്മാരുടെ മരണസംഖ്യ 3000 എത്തിയപ്പോള്‍ പറഞ്ഞു.

ഓരോ ജീവനും അമൂല്യമാണെന്നു ബുഷ് കരുതുന്നു. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്കായി അദ്ദേഹത്തിന്റെ ഹൃദയം തുടിക്കുന്നു.”

ഫെബ്രുവരി 2008ല്‍ ഇറാഖിലെ അമേരിക്കന്‍ സൈനികരുടെ മരണസംഖ്യ നാലായിരവും ഇറാഖികളുടെ മരണസംഖ്യ 10 ലക്ഷവും എത്തിയപ്പോള്‍ ബുഷ് ഇങ്ങനെ പറഞ്ഞു..

നാം നമ്മുടെ ഹൃദയം ദൈവത്തോടടുപ്പിക്കുമ്പോള്‍, ദൈവത്തിന്റെ കണ്ണില്‍ നമ്മള്‍ എല്ലാവരും സമന്മാരാണ്. നമ്മള്‍ ഓരോരുത്തരും വിലപിടിച്ചവരാണ്. നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനേയും സ്നേഹിക്കുക എന്ന ദൈവവചനം അനുസരിക്കുമ്പോള്‍, നാം നമ്മുടെ സഹജീവികളുമായി കൂടുതല്‍ ഗാഢമായ ഒരു സൌഹൃദം സ്ഥാപിക്കുന്നു.”

ഇതൊക്കെ കേട്ട് മിണ്ടാതിരിക്കുവാന്‍ ഇറാഖികളെ കൊതുകുകളെയെന്നവണ്ണം കൊന്നു തള്ളുന്ന ബ്ലാക്ക് വാട്ടര്‍ എന്ന സ്വകാര്യ സൈനിക കമ്പനി മേധാവി എറിക് പ്രിന്‍സിനെന്താ വട്ടുണ്ടോ?

അയാളും അമേരിക്കന്‍ കോണ്‍ഗ്രസ്സിന്റെ മുന്നിലെത്തി പറഞ്ഞു...

ഏതൊരു ജീവനും, അത് അമേരിക്കക്കാരന്റെ ആകട്ടെ, മറ്റാരുടെയെങ്കിലും ആകട്ടെ, അമൂല്യമാണ്.”

വില്യം ബ്ലം എഴുതിയ The Anti-Empire Report എന്ന ലേഖനത്തിലെ അവസാന ഭാഗത്തിന്റെ ഒരു ഏകദേശ വിവര്‍ത്തനം. ഇതിലെ കലി കയ്യില്‍ നിന്നും ഇട്ടത്.

Saturday, March 1, 2008

അന്ധകാരത്തിലേക്ക് ഒരു ടാക്സിയാത്ര

2001 സെപ്തംബര്‍ 11നുശേഷം വന്ന ആദ്യ ഞായറാഴ്ച വൈസ് പ്രസിഡന്റ് ഡിക്ക് ചെനി സത്യം വെളിപ്പെടുത്തി. എന്‍.ബി.സിയുടെ മീറ്റ് ദി പ്രസ് പരിപാടിയില്‍ പങ്കെടുക്കവെ സെപ്തംബര്‍ 11 ആക്രമണം നടത്തിയവര്‍ക്കെതിരെ എന്തു നടപടിയെടുക്കാന്‍ പോകുന്നു എന്ന ചോദ്യത്തിനുത്തരമായി അദ്ദേഹം ഇങ്ങനെ പറഞ്ഞു.

“ We have to work through the dark side. It's going to be vital for us to use any means at our disposal, basically, to achieve our objective. We're going to spend time in the shadows“. - Vice President Dick Cheney to Tim Russert, 2001 September

(”നമുക്ക് ഇരുളില്‍ കുറെയേറെ ജോലികള്‍ തീര്‍ക്കാനുണ്ട്. ലക്ഷ്യം നിറവേറുന്നതിനായി നമ്മുടെ കൈവശമുള്ള എല്ലാ മാര്‍ഗ്ഗവും ഉപയോഗിക്കുക എന്നത് വളരെ പ്രധാനമാണ്. നമ്മള്‍ നിഴലുകള്‍ക്കിടയില്‍ സമയം ചിലവഴിക്കാന്‍ പോകുകയാണ്. “)

അതിനുശേഷമുള്ള ആറു വര്‍ഷങ്ങളില്‍ ചെനിയുടെ വാഗ്ദാനത്തിന്റെ പരുക്കനും മാരകവുമായ പ്രത്യാഘാതങ്ങള്‍ അമേരിക്കയ്ക്കു തന്നെ നാണക്കേടുണ്ടാക്കുക്കുകയും ലോകജനതയിലെ മഹാഭൂരിപക്ഷത്തിന്റെയും രോഷത്തിനു പാത്രമാവുകയും ചെയ്തു. പ്രസിഡന്റ് ബുഷും, ഡിക് ചെനിയും റംസ്‌ഫെല്‍ഡുമൊക്കെ തട്ടിക്കൊണ്ടുപോകലും, നിയമവിരുദ്ധമായ തടങ്കലും, ക്രൂരമായ ഭേദ്യം ചെയ്യലുകളും ഒക്കെ ചെയ്യുന്ന, രഹസ്യമായ പീഡനത്തിലൂടെ കൈക്കലാക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തില്‍ കുറ്റാരോപിതനായ വ്യക്തിക്ക് സ്വന്തം ഭാഗം വാദിക്കാന്‍ പോലും അവസരം നല്‍കാതെ മരണശിക്ഷ വിധിക്കുന്ന കംഗാരു കോടതികള്‍ക്ക് സര്‍വ്വ ഒത്താശകളും ചെയ്തുകൊടുക്കുന്ന ഒരു ആഗോള പദ്ധതിക്ക് ചുക്കാന്‍ പിടിച്ചുവെന്ന ആരോപണം വളരെ ശക്തമാണ്.

അലെക്സ് ഗിബ്‌നി (Alex Gibney) തന്റെ ടാക്സി റ്റു ദി ഡാര്‍ക് സൈഡ് (Taxi to the Dark Side ) എന്ന ചിത്രത്തിന് ഏറ്റവും മികച്ച ഡോക്യുമെന്ററിക്കുള്ള ഓസ്കാര്‍ അവാര്‍ഡ് നേടിയപ്പോള്‍ ഡിക് ചെനിയുടെ നിഴലുകളില്‍ അല്പം സൂര്യപ്രകാശം പതിച്ചു. ദില്‍‌വാര്‍ എന്ന അഫ്‌ഗാനിസ്ഥാനിയുടെ അവസാന ദിവസങ്ങളെക്കുറിച്ചുള്ള ഒരന്വേഷണമാണ് ഈ ചിത്രം. ദില്‍‌വാറിനെ അമേരിക്കന്‍ സൈന്യം 2001ല്‍ അറസ്റ്റ് ചെയ്യുകയും ബാഗ്രാം എയര്‍ ബേസിലെ നരകസമാനമായ ജെയിലില്‍ തടവിലാക്കുകയും ചെയ്തു. അമേരിക്കന്‍ സൈന്യത്തിന്റെ പീഡനവും മര്‍ദ്ദനവും ഏറ്റ ദില്‍‌വാര്‍ അഞ്ച് ദിവസത്തിനുശേഷം കഥാവശേഷനായി. ദില്‍‌വാറിനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ താഴെതട്ടിലുള്ള സൈനികരില്‍ നിന്നും ഒന്നാം തരം ദൃക്‌‌സാക്ഷിവിവരണം ഗിബ്‌നിക്ക് ലഭിച്ചു. ചിത്രത്തില്‍ ദില്‍‌വാറിന്റെ ഗ്രാമവും, അദ്ദേഹത്തെക്കുറിച്ച് സംസാരിക്കുന്ന ഗ്രാമീണരുമൊക്കെ പ്രത്യക്ഷപ്പെടുന്നുണ്ട്. ആ ഗ്രാമത്തിന്റെ ഏക വരുമാനമാര്‍ഗമായ ടാക്സി ഓടിക്കുവാന്‍ സ്വയം സന്നദ്ധനായി മുന്നോട്ട് വന്ന ദില്‍‌വാറിനെക്കുറിച്ച് അവര്‍ പറയുന്നു.

ടാക്സി ഓടിച്ചു കിട്ടുന്ന വരുമാനം കൊണ്ട് കുടുംബം പുലര്‍ത്തുന്നത് സ്വപ്നം കണ്ട ദില്‍‌വാറിനെക്കുറിച്ച് അവര്‍ പറയുന്നു.

വീട്ടില്‍നിന്നും ഒരു രാത്രി പോലും വിട്ടു നിന്നിട്ടില്ലാത്ത ആളായിരുന്നു ദില്‍‌വാര്‍. വീട്ടില്‍ നിന്നും മാറിനിന്ന ആദ്യ രാത്രി തന്നെ കൈകള്‍ തലക്കു മുകളില്‍ പിണച്ച് വെക്കപ്പെട്ടും, വെള്ളവും ഉറങ്ങാനുള്ള അവസരവും നിഷേധിക്കപ്പെട്ടും, ഇടക്കിടെയുള്ള മര്‍ദ്ദനങ്ങള്‍ക്കും കാലുകളെ ചതച്ച് പള്‍പ്പാക്കുന്ന രീതിയിലുള്ള ചവിട്ടുകള്‍ക്ക് വിധേയമായും കഴിയാന്‍ വിധിക്കപ്പെട്ട ഒന്നായിരുന്നു. അമേരിക്കക്കാര്‍ക്കു നേരെ നടത്തിയ റോക്കറ്റ് ആക്രമണത്തില്‍ പങ്കെടുത്തു എന്ന് ചില അഫ്‌ഗാനിസ്ഥാനികള്‍ ദില്‍‌വാറിനെ ചൂണ്ടിക്കാട്ടി എന്നതായിരുന്നു ഈ അറസ്റ്റിനും പീഡനങ്ങള്‍ക്കും അടിസ്ഥാനം. പിന്നീട് തെളിഞ്ഞത് ദില്‍‌വാറിനെ ചൂണ്ടിക്കാട്ടിയവര്‍ തന്നെയായിരുന്നു ഈ ആക്രമണം നടത്തിയത് എന്നാണ്. ബുഷും ചെനിയും തുടങ്ങിവെച്ചതും റംസ്‌ഫെല്‍ഡിലൂടെയും "torture memo," എന്ന കുപ്രസിദ്ധമായ രേഖ തയ്യാറാക്കിയ കാലിഫോര്‍ണിയ ബെര്‍കിലി യൂണിവേഴ്സിറ്റി പ്രൊഫസര്‍ ജോണ്‍ യൂവിലൂടെയും തുടര്‍ന്നതുമായ അമേരിക്കയുടെ പീഡന നയങ്ങള്‍ക്കെതിരായ ശക്തവും പൊള്ളിക്കുന്നതുമായ കുറ്റാരോപണമാണ് ദില്‍‌വാറിന്റെ ദുരന്തകഥയുടെ ചിത്രീകരണത്തിലൂടെ ഗി‌ബ്‌നി നടത്തുന്നത്.

ഗിബ്‌നി അവാര്‍ഡ് സ്വീകരിക്കാനായി എഴുന്നേല്‍ക്കുന്നതുവരെ ഓസ്കാര്‍ സമ്മാനദാനച്ചടങ്ങില്‍ യുദ്ധത്തെക്കുറിച്ചുള്ള ഗൌരവകരമായ ഒരു പരാമര്‍ശം പോലും ഇല്ലായിരുന്നു. അവാര്‍ഡ് സ്വീകരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു..

“അക്കാദമിക്ക് നന്ദി..ഞാനീ ഓസ്ക്കാര്‍ മുഴുവന്‍ ഡോക്യുമെന്ററി ഫിലിം നിര്‍മ്മാതാക്കള്‍ക്കുമായി സമര്‍പ്പിക്കുന്നു, സത്യമിതാണ്, ഞാന്‍ ഒരു റൊമാന്റിക് കോമഡി എടുക്കും എന്നു വിചാരിക്കുന്ന തരക്കാരിയാണ് എന്റെ പത്നി ആന്‍ എന്നു ഞാന്‍ കരുതുന്നു.. എങ്കിലും സത്യം പറയുകയാണെങ്കില്‍ അബു ഗരീബിനും ഗ്വാണ്ടനാമോക്കും അവിടെ നടന്ന അസാധാരണ സംഗതികള്‍ക്കും ശേഷം അത്തരമൊരു ചിത്രം എടുക്കുക അസാധ്യമായിരുന്നു. ഈ ചിത്രം ഇപ്പോള്‍ നമ്മോടോപ്പമില്ലാത്ത രണ്ട് പേര്‍ക്ക് സമര്‍പ്പിക്കുന്നു. ഒന്നാമത്തെ ആള്‍ യുവ അഫ്‌ഗാന്‍ ടാക്സി ഡ്രൈവറായ ദില്‍‌വാര്‍. രണ്ടാമത്തെ ആള്‍ എന്നെ ഈ ചിത്രം എടുക്കുന്നതിനു നിര്‍ബന്ധിച്ചുകൊണ്ടിരുന്ന, നാട്ടിലെ നിയമവ്യവസ്ഥക്ക് സംഭവിക്കുന്ന അപചയങ്ങളില്‍ രോഷം കൊള്ളുന്ന ഒരു നാവി ഉദ്യോഗസ്ഥനായ എന്റെ അച്ഛന്‍. നമുക്കീ രാജ്യത്തെ തിരിച്ചു കൊണ്ടുവരാനാവുമെന്ന് പ്രത്യാശിക്കാം; ഇരുട്ടില്‍ നിന്നും വെളിച്ചത്തിലേക്ക്. നന്ദി..."

ടാക്സി റ്റു ദി ഡാര്‍ക് സൈഡ് എന്ന ചിത്രം തിയേറ്ററുകളില്‍ കാണാന്‍ കഴിഞ്ഞേക്കും. അതിനു ലഭിച്ച ഓസ്കാര്‍ കൂടുതല്‍ അവസരങ്ങള്‍ ഒരുക്കുകയും കൂടുതല്‍ പേരെ ആകര്‍ഷിക്കുകയും ചെയ്യും. ഡിസ്കവറി ചാനല്‍ അതിന്റെ ടെലിവിഷന്‍ പ്രക്ഷേപണാവകാശം വാങ്ങിയിട്ടുണ്ട്. ഗിബ്‌നി പറഞ്ഞത് അവാര്‍ഡിനു മുന്‍പ് അദ്ദേഹം അറിഞ്ഞത് ഡിസ്കവറി അവകാശം വാങ്ങിയെങ്കിലും ചിത്രം പ്രദര്‍ശിപ്പിക്കുവാന്‍ താല്പര്യമൊന്നുമില്ല എന്നാണ്. ഡിസ്കവറിയുടെ പുതിയ മാനേജ്‌മെന്റ് ഷെയര്‍ വില്പനയുമായി ഇറങ്ങാനിരിക്കുന്നതുകൊണ്ട് വിവാദമുണ്ടാക്കാന്‍ അവര്‍ക്ക് താല്പര്യമില്ല എന്നും. see-no-evil/hear-no-evil channel എന്ന തരത്തിലുള്ളതാണ് ഡിസ്കവറിയെന്ന് ഗിബ്‌നി കൂട്ടിച്ചേര്‍ക്കുന്നു.

ഡിസ്കവറി ചാനലിന്റെ ഉടമയായ ജോണ്‍ മലോണ്‍ നിരവധി ബിസിനസ് താല്പര്യങ്ങളുള്ള ഒരു യാഥസ്ഥിതികനാണ്. ഇദ്ദേഹത്തിന്റെതാണ് ലോകത്തിലെ ഏറ്റവും വലിയ മാധ്യമ കോര്‍പ്പറേഷനുകളില്‍ ഒന്നായ ലിബര്‍ട്ടി മീഡിയ. ആ ചിത്രം പ്രക്ഷേപണം ചെയ്യുവാന്‍ തങ്ങള്‍ ഉദ്ദേശിക്കുന്നില്ല എന്ന് ഡിസ്കവറി ഗിബ്‌നിയോട് പറഞ്ഞ സമയത്ത് മലോണും മുര്‍ഡോക്കും ഷെയറുകളും ടി.വി.ചാനലുകളുടെ അവകാശവുമൊക്കെ പരസ്പരം വെച്ചുമാറുന്ന തിരക്കിലായിരുന്നു.

എങ്കിലും എച്.ബി.ഓ ഇതിന്റെ ടെലിവിഷന്‍ പ്രക്ഷേപണവകാശം നേടിയിട്ടുള്ളതുകൊണ്ട് പ്രീമിയം ചാനലുകളൊക്കെ സബ്സ്ക്രൈബ് ചെയ്തിട്ടുള്ള വീടുകളിലേക്ക് ഈ ചിത്രം എത്തിയേക്കും.

ഡിസ്കവറിക്കെതിരായ വിമര്‍ശനത്തിനുത്തരമായി ചാനല്‍ പറഞ്ഞത് 2009ല്‍ ഇന്‍‌വെസ്റ്റിഗേഷന്‍ ഡിസ്കവറി എന്ന കേബിള്‍ ചാനലില്‍ ഇത് പ്രദര്‍ശിപ്പിക്കും എന്നാണ്. അതായത് ഡിസ്കവറി ഈ ചിത്രം അതിന്റെ ഒരു പ്രാധാന്യം കുറഞ്ഞ ചാനലില്‍ പ്രദര്‍ശിപ്പിക്കും എന്ന്‌. അതും തിരഞ്ഞെടുപ്പിനു ശേഷം, ബുഷ് ഭരണകൂടവുമായുള്ള ബിസിനസ്സൊക്കെ ശരിയാക്കിയതിനുശേഷം.

ഗിബ്‌നിയുടെ ചിത്രത്തിനും മറ്റൊരു ഒന്നാം തരം യുദ്ധ ഡോക്യുമെന്ററിയായ Phil Donahue യുടെ ബോഡി ഓഫ് വാര്‍ എന്ന ചിത്രത്തിനുമൊക്കെ വിതരണത്തിനായി പോരാടേണ്ടി വരികയാണ്. ഈ ഓസ്കാര്‍ വിജയം മനഃസ്സാക്ഷി ഉണര്‍ത്തുന്ന ചിത്രങ്ങള്‍ക്ക് സിനിമാശാലകളിലും ടെലിവിഷനിലുമൊക്കെ പ്രദര്‍ശനത്തിനുള്ള അവസരം ഒരുക്കുമെന്നും രാജ്യത്തെ നിഴലില്‍ നിന്നും വെളിച്ചത്തിലേക്ക് നയിക്കാന്‍ അവയ്ക്ക് കഴിയുമെന്നും പ്രതീക്ഷിക്കാം.

Amy Goodman ആള്‍ട്ടര്‍‌നെറ്റില്‍ എഴുതിയ ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ. ചെറിയ ചില സ്വാതന്ത്ര്യങ്ങള്‍ വിവര്‍ത്തനത്തില്‍ എടുത്തിട്ടുണ്ട്.

അലെക്സ് ഗിബ്‌നിയുമായി റോബര്‍ട്ട് ഷീര്‍ നടത്തിയ അഭിമുഖം ഇവിടെ.

ഈ ചിത്രം ഓസ്കാര്‍ സമ്മാനം വരെ എത്താന്‍ നേരിട്ട ബുദ്ധിമുട്ടുകളെപ്പറ്റി ലോസ് ഏഞ്ചലസ് ടൈംസ് എഴുതിയ റിപ്പോര്‍ട്ട് ഇവിടെ.