Wednesday, July 30, 2008

നമ്മള്‍ നമ്മുടേതെന്നും ചൈന ചൈനയുടേതെന്നും

"ഇതൊരു കെട്ടുപിണഞ്ഞ കാര്യമാണ്. അതിര്‍ത്തിയെ സംബന്ധിച്ചിടത്തോളം കൂടുതല്‍ അവ്യക്തമായ പ്രദേശമാണ്. കാരണം മക്‍മോഹന്‍ രേഖയുടെ കാര്യത്തിലെന്ന പോലെ ഇവിടെ കൃത്യമായ അതിര്‍ത്തി എന്ത് എന്നത് ഒട്ടും തന്നെ സ്പഷ്ടമല്ല."

ചൈനയുമായുള്ള അതിര്‍ത്തിയെക്കുറിച്ചുള്ള പരാമര്‍ശമാണിത്. 1962ല്‍ പറഞ്ഞത്. ആരായിരിക്കാം ഇത്തരമൊരു വാചകം പറഞ്ഞിട്ടുണ്ടാവുക? “നമ്മള്‍ നമ്മുടേതെന്നും ചൈന ചൈനയുടേതെന്നും പറയുന്ന ഭൂവിഭാഗം“ എന്ന പ്രസിദ്ധമായ വാചകത്തിന്റെ ഉടമ അതേ വാചകം കുറച്ചൊന്ന് മിനുക്കി മറ്റൊരു തരത്തില്‍ പറഞ്ഞതു തന്നെ ഇത്. അല്ലേ?

പറഞ്ഞത് ഇ.എം.എസ് ....സംശയമില്ല അല്ലേ?

എന്നാലിത് പറഞ്ഞത് പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രുവാണ്. ലോക്‍സഭയില്‍ അദ്ദേഹം ചെയ്ത പ്രസ്താവനയിലെ ഒരു ഭാഗമാണ് മുകളില്‍ ഉദ്ധരിച്ചത്.

ഇനി മറ്റു ചിലത് കൂടി നോക്കാം...

"ഇന്ത്യയുടെ ഒരു തരി മണ്ണ്‌ മറ്റൊരു ശത്രു രാജ്യവും കൈവശപ്പെടുത്തുവാന്‍ പാടില്ല. ഇന്ത്യയുടെ അവസാനത്തെ തരി മണ്ണില്‍ നിന്നും അവസാനത്തെ ചൈനീസ് ഭടനെ വരെ അകറ്റുന്നതിന് ഇന്ത്യാ ഗവര്‍മെന്റ് എടുക്കുന്ന എല്ലാ ദേശരക്ഷാ ഏര്‍പ്പാടുകളേയും പാര്‍ട്ടി പിന്താങ്ങുന്നു. പാര്‍ട്ടിയുടെ ഈ തീരുമാനത്തിനെതിരായി ഏതെങ്കിലും പാര്‍ട്ടി അംഗം പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ അയാളെ സര്‍ക്കാര്‍ അറസ്റ്റ് ചെയ്യട്ടെ. "

"ഇന്ത്യയുടെ ഒരിഞ്ചു സ്ഥലം കടന്നാക്രമിച്ചു പിടിക്കുന്നതിനെ തടയാന്‍ ഇന്ത്യാ ഗവര്‍മെന്റ് എടുക്കുന്ന ഏത് നടപടിക്കും പാര്‍ട്ടിയുടെ പിന്തുണ ഗവര്‍മെണ്ടിനുണ്ടാകും. ചൈനീസ് ആക്രമികളെ അതിര്‍ത്തിക്കപ്പുറത്തേക്ക് തുരത്തുന്നതിന് എന്ത് ത്യാഗവും സഹിക്കുവാന്‍ പാര്‍ട്ടി തയ്യാറാണ്. ഇക്കാര്യം പാര്‍ട്ടി പല തവണ വ്യക്തമാക്കിയിട്ടുണ്ട്."

കൂറും ചോറും ഇന്ത്യയോട് തന്നെയായ, ദേശസ്നേഹത്താല്‍ പ്രചോദിതരായ ഏതോ രാഷ്ട്രീയപാര്‍ട്ടിയായിരിക്കണം 1962ല്‍ ഇത് പറഞ്ഞിട്ടുള്ളത്. ചൈനയോട് കൂറു പുലര്‍ത്തുന്ന കമ്യൂണിസ്റ്റുകാര്‍ ആയിരിക്കുവാന്‍ ഒരു സാധ്യതയും ഇല്ല.

അങ്ങിനെയേ വിശ്വസിക്കാനൊക്കൂ...കാരണം ആ രീതിയിലാണ് പ്രചരണങ്ങള്‍ കൊടുമ്പിരി കൊണ്ടിരുന്നത്. അതിന്റെ അനുനരണങ്ങള്‍ ഇപ്പോഴും അന്തരീക്ഷത്തില്‍ നിറയുന്നത്.

എന്നാല്‍ മുകളിലെ പ്രസ്താവനകള്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടേതാണ്.

ചരിത്രം ചിലപ്പോളിങ്ങനെയൊക്കെയാണ്. വട്ടം ചുറ്റിച്ചുകളയും.

അതിന്റെ കൂട്ടത്തില്‍ അന്നും ഇന്നും ഒരു സ്റ്റാന്‍ഡ് അവര്‍ എടുത്തിരുന്നു..ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കം സൈനിക നടപടികളിലൂടെ പരിഹരിക്കുവാന്‍ സാധ്യമല്ല. തുറന്ന ചര്‍ച്ചകളിലൂടെ, രണ്ട് വശത്തു നിന്നുമുള്ള വിട്ടുവീഴ്ചകളിലൂടെ മാത്രമേ പരിഹരിക്കാനാകൂ. പിന്നീട് ഇതുവരെ വന്ന സര്‍ക്കാരുകള്‍ക്കും സമ്മതിക്കേണ്ടി വന്ന യാഥാര്‍ത്ഥ്യം.

( അവലംബം: ഇ.എം.എസ് കൃതികളുടെ സഞ്ചയിക)

Wednesday, July 9, 2008

സേവ് ദ കിഡ് - ഒരു ബൌദ്ധിക വ്യായാമം

കോവാലകൃഷ്ണന്‍ ശൈലിയില്‍ അതും ഇതും ഇതും വായിക്കാന്‍ പറയണം എന്നുണ്ട്. വേണ്ട..എന്തിനു മറ്റൊരു ഭൌതികവ്യായാമം?

നടുറോഡില്‍ കുട്ടി..

വളവു തിരിഞ്ഞു വണ്ടികള്‍ വന്നേക്കും..

രക്ഷിക്കണോ വേണ്ടയോ?

രക്ഷിക്കാതിരുന്നാല്‍ പാപമല്ലേ?

അതിനു പാപവും പുണ്യവും ഉണ്ടോ? പാപവും പുണ്യവും അല്ലാത്ത ഒരു അവസ്ഥ ആയിക്കൂടേ?

എന്നാലും കുറ്റബോധം എന്നൊന്നില്ലേ?

കുറ്റബോധത്തിനു ജനിതകമായ അടിത്തറ ഉണ്ടോ? അതോ വെറും തോന്നല്‍ മാത്രമോ?

രക്ഷിക്കുകയാണെങ്കില്‍ തന്നെ എങ്ങിനെ?

നേരെ പോയി കുട്ടിയെ പൊക്കി എടുക്കണോ?

നമ്മുടെ തടി നോക്കണ്ടേ?

നമുക്ക് വല്ലതും പറ്റിയാല്‍ നോക്കാന്‍ ആരെങ്കിലും..

ആകെ കണ്‍ഫ്യൂഷന്‍... ആ വാക്ക് ശരിയാണോ? ഗണ്‍ഫ്യൂഷന്‍ എന്നല്ലേ? അതും കണ്‍ഫ്യൂ ആയോ..

അയ്യോ...ലോറിയുടെ ചക്രങ്ങള്‍ ഉരയുന്ന ശബ്ദമല്ലേ..ചോരപ്പാടുകള്‍ ആണല്ലോ..

പോയേക്കാം..മെനക്കേട്..സാക്ഷിപറയാന്‍ നിന്നാല്‍ പണിയാവും..

Tuesday, July 1, 2008

ആകാശമിഠായിയുടെ മതം

'നമ്മള്‍ ശ്രീജിത് കേശവന്‍നായരും ശ്രീമതി സാറാമ്മയും ഭാര്യാഭര്‍ത്താക്കന്മാരായി ജീവിക്കുമ്പോള്‍ വലിയ കുഴപ്പങ്ങള്‍ ഞാന്‍ കാണുന്നുണ്ട്. ഒരാള്‍ ക്ഷേത്രത്തില്‍ പോകുമ്പോള്‍ മറ്റേയാള്‍ പോകുന്നത് ചര്‍ച്ചിലാണ്. രണ്ടു സമൂഹം! എപ്പോഴും നമ്മുടെ ഇടയില്‍ ചര്‍ച്ചും അമ്പലവും!'

'നമ്മുടെ ഹൃദയങ്ങളുടെ ഇടയില്‍ മതിലുകള്‍ ഉണ്ടാവരുത്. ക്ഷമ, സഹാനുഭൂതി, കാരുണ്യം ഇവ മറക്കരുത്, തിരിഞ്ഞോ?'

'തിരിഞ്ഞു.' സാറാമ്മ ആലോചനയോടെ പറഞ്ഞു: 'സംശയങ്ങള്‍ വേറെയുമുണ്ടെങ്കിലോ?

'ഉണ്ടെങ്കില്‍ ദിസ് കേശവന്‍നായര്‍ തീര്‍ത്തു തരും. പറയൂ. കേള്‍ക്കട്ടെ'.

'പറയാന്‍ നാണം തോന്നുന്നു'.

'നാണിച്ചുതന്നെ സുന്ദരമായി പറയൂ.'

സാറാമ്മ ചോദിച്ചു:

'നമുക്കു കുഞ്ഞുങ്ങളുണ്ടാവില്ലേ?-അവര്‍ എന്തു ജാതിയായിരിക്കും? ഹിന്ദുക്കളായിട്ടു വളര്‍ത്താന്‍ എനിക്ക് ഇഷ്ടമില്ല. ക്രിസ്ത്യാനിയായിട്ടു വളര്‍ത്താന്‍ എന്റെ - എന്റെ ഭര്‍ത്താവിനും ഇഷ്ടം കാണുകയില്ല! അങ്ങനെ വരുമ്പോള്‍ അവരുടെ ജാതി?

കേശവന്‍നായര്‍ വിയര്‍ത്തുപോയി. അയാള്‍ അതിനെപ്പറ്റി ഒന്നും ചിന്തിച്ചിട്ടില്ല. പരമാര്‍ഥമല്ലേ- കുഞ്ഞുങ്ങള്‍ എന്തു ജാതിയായിരിക്കും? കേശവന്‍നായര്‍ ചിന്തിച്ചു. ഗാഢമായി ചിന്തിച്ചു. തലപുകഞ്ഞു. ചെന്നികളിലെ ഞരമ്പുകള്‍ വീര്‍ത്തുപൊന്തി. നെറ്റി ഭയങ്കരമായി വിയര്‍ത്തു. പരിഹാരം കാണുന്നില്ല. ചിന്ത ഇരുളില്‍ തപ്പിത്തടഞ്ഞു നടക്കുകയാണ്. വെളിച്ചം കാണുന്നില്ല. അങ്ങനെയിരിക്കെ, മിന്നല്‍പോലെ ഒരു തോന്നല്‍. വെളിച്ചത്തിന്റെ ഒരു വാതില്‍ തുറന്നു. മനോഹരമായ ഒരുദ്യാനം കണ്ടതുപോലെ അയാള്‍ സാവേശം പ്രസ്താവിച്ചു:

'കണ്ടിരിക്കുന്നു!'

'എന്ത്?'

'പറയാം' കേശവന്‍നായര്‍ പറഞ്ഞു: 'നമുക്കു നമ്മളുടെ കുഞ്ഞുങ്ങളെ ഒരു മതത്തിലും വളര്‍ത്തണ്ട! അവരങ്ങനെ നിര്‍മതരായി വളരട്ടെ!'

'മൃഗങ്ങളെപ്പോലെ? പക്ഷികളെപ്പോലെ? പാമ്പുകളെപ്പോലെ? ചീങ്കണ്ണികളെപ്പോലെ?

'അല്ല!'

'പിന്നെ?'

'പണിയുണ്ട്; പ്രായമായി വരുമ്പോള്‍ അവരെ പഠിപ്പിക്കുക. എല്ലാ മതങ്ങളെപ്പറ്റിയും-പക്ഷപാതരാഹിത്യത്തോടുകൂടി. അങ്ങനെ പത്തിരുപതു വയസ്സാകുമ്പോള്‍, എല്ലാ മതങ്ങളിലുംവെച്ച് അവര്‍ക്കു ഹൃദ്യമായതു സ്വീകരിക്കട്ടെ!

സാറാമ്മ കേശവന്‍ നാ‍യരുടെ മുഖത്ത് നോക്കാതെ സന്തോഷത്തോടെ പറഞ്ഞു:

“ന്യായം. പേരോ? നെറ്റെ ആദ്യത്തെ കുഞ്ഞ് ആണാണെന്നിരികട്ടെ. ആ തങ്കക്കുട്ടന് എന്തു പേരിടും?”

കേശവന്‍ നായര്‍ വിഷമിച്ചു.

“വാസ്തവമാണ്. ആ തങ്കക്കുട്ടന് എന്ത് പേരിടും? ഹിന്ദുവിന്റെ പേരിടുക വയ്യ. ക്രിസ്ത്യാനിയുടേയും അതുപോലെത്തന്നെ.”

തെല്ല് ആലോചിച്ചപ്പോള്‍ കേശവന്‍ നായര്‍ വീണ്ടും ആവേശഭരിതനായി.

“നമുക്കുണ്ടല്ലോ“ അയാള്‍ പറഞ്ഞു “മറ്റ് ഏതെങ്കിലും സമുദാ‍യത്തിലെ ജഗജില്ലന്‍ പേരിടാം.”

“അപ്പോള്‍ ആ സമുദായക്കാരനാണ് എന്റെ തങ്കക്കുട്ടനെന്ന് ആളുകള്‍ വിചാരിക്കയില്ലേ?”

“റൈറ്റ്” കേശവന്‍ നായര്‍ക്ക് ബോദ്ധ്യം വന്നു, “മുസല്‍മാന്റെ പേരിട്ടാല്‍ ആളുകള്‍ വിചാരിക്കും മുസല്‍മാനാണെന്ന്. ഫാര്‍സിയുടേതും അതുപോലെത്തന്നെ..ചൈനാക്കാരന്റേതും റഷ്യാക്കാരന്റേതും---എന്നുവേണ്ട, കുഴപ്പമാണ്.”

.........

അവര്‍ ചെറിയ കടലാസു തുണ്ടുകളില്‍ പേരുകള്‍ എഴുതി ചുരുട്ടി, കൂട്ടിക്കുഴച്ച്,ഒന്ന് സാറാമ്മയും, വേറൊന്ന് കേശവന്‍ നായരും എടുത്തു. കേശവന്‍ നായര്‍ കടലാസുകഷണം വിതിര്‍ത്തു നോക്കി പ്രഖ്യാപനം ചെയ്തു.

“മിഠായി”

സാറാമ്മയും വിതിര്‍ത്തു നോക്കി പതുക്കെ പറഞ്ഞു.

“ആ‍കാശം”

രണ്ട് പേരും മുഖത്തോടുമുഖം നോക്കി.

സാറാമ്മ ധീരതയോടെ മകന്റെ പേരു വിളിച്ചു.

“മിഠായി ആകാശം! എടാ മോനേ, മിഠായി ആകാശം!...എടാ മോനേ, മിഠായി ആകാശം.”

“തെറ്റ്!” കേശവന്‍ നായര്‍ ശരിയായതു പറഞ്ഞു. തന്റെ തങ്കക്കുട്ടനായ മകന്റെ പേരു ഗാംഭീര്യത്തോടെ വിളിച്ചു.

“ആകാശമിഠായി!”


(ബഷീറിന്റെ പ്രേമലേഖനത്തില്‍നിന്ന്... )