Friday, February 13, 2009

മാധ്യമരംഗത്തെ തിരക്കഥാകൃത്തുക്കള്‍

'' സ്വാമി, എനിക്കറിയാം ഇവരെല്ലാം കളളന്മാരാണെന്ന്‌, നമുക്കു വഴിയുണ്ടാക്കാം അല്‍പം കൂടി സമയം വേണം''

''താനിതു വേണ്ടവിധം പരിശോധിച്ച്‌ ആവശ്യമായതു ചെയ്‌താല്‍ പാര്‍ട്ടി രക്ഷപ്പെടും അതല്ലെങ്കില്‍ ചക്കരക്കുടം ഇവറ്റകള്‍ മോന്തി പാര്‍ട്ടിയെ നശിപ്പിക്കും''

ബൂലോഗത്തിനിതെന്തു പറ്റി, വന്ന് വന്ന് വഴിയേ പോകുന്നവനൊക്കെ തിരക്കഥയും നാടകവും നോവലും എഴുതാന്‍ തുടങ്ങിയോ എന്നാണോ ആലോചിക്കുന്നത്? അതോ ഏത് രഞ്ജി പണിക്കര്‍ ചിത്രത്തിലെ ഡയലോഗ് ആണിതെന്നോ? പഴയ ടി. ദാമോദരന്‍ ചിത്രങ്ങളിലൊന്നിലെ ഡയലോഗെന്ന്?

തെറ്റിപ്പോയി കൂട്ടരേ...ബൂലോഗത്തിനൊന്നും പറ്റിയിട്ടുമില്ല രഞ്ജി പണിക്കരോ ടി ദാമോദരനോ ആ ഡയലോഗ് എഴുതിയിട്ടുമില്ല.

മംഗളം ദിനപ്പത്രത്തിലെ രാഷ്ടീയ വിശകലന റിപ്പോര്‍ട്ടില്‍ നിന്നും പകര്‍ത്തിയതാണിത്. ഇവറ്റകള്‍ ചക്കരക്കുടം മോന്തുന്ന ആ സീന്‍ ഒന്ന് ആലോചിച്ചു നോക്കുക. കോള്‍മയിര്‍ ഉണ്ടാകുന്നില്ലേ?

മലയാള മാധ്യമരംഗത്തെ പുത്തന്‍ പ്രവണതകളൊലൊന്നാണോ ഇത്? ഉദ്ദേശിക്കുന്ന കടവില്‍ വാര്‍ത്തയെ കൊണ്ടു ചെന്നെത്തിക്കാന്‍ വാര്‍ത്തകള്‍ക്കിടയില്‍ തട്ടുപൊളിപ്പന്‍ ഡയലോഗ് രണ്ടെണ്ണം കയറ്റുക. വാര്‍ത്തയേത് തിരക്കഥയേത് എന്ന് തിരിച്ചറിയാതെ ജനം വട്ടം കറങ്ങണം.

ചില കത്തുകള്‍ പുറത്ത് വന്നിരിക്കുന്ന ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ ആ ഡയലോഗുകള്‍ പറയുന്നത് ആരൊക്കെയായിരിക്കുമെന്ന് ഊഹിക്കാമോ?

പാര്‍ട്ടി എന്ന് ഏതെങ്കിലും മാധ്യമങ്ങളില്‍ കണ്ടാല്‍ അതേത് പാര്‍ട്ടി എന്ന് ഊഹിക്കാന്‍ വല്ല പ്രയാസവുമുണ്ടോ? പാര്‍ട്ടി എന്ന് മാധ്യമങ്ങള്‍ അംഗീകരിക്കുന്ന ഒരേ ഒരെണ്ണമേ ഭൂമിമലയാളത്തിലുള്ളൂ... (ബാക്കിയൊക്കെ കുടുംബസ്വത്തോ, നിക്ഷിപ്ത താല്പര്യക്കാരുടെ കൂട്ടുകെട്ടോ ആണെന്നായിരിക്കും പാവങ്ങള്‍ അറിയാതെ വരികള്‍ക്കിടയിലൂടെ കൊള്ളിച്ചു പറയുന്നത്.)

കക്ഷി രാഷ്ട്രീയമായിപ്പോകും എന്നത് കൊണ്ട് പാര്‍ട്ടിയുടെ പേരു വിടാം.ഡയലോഗ് അടിച്ചത് ആരാണെന്ന് പറയാം...ചൂടായി നില്‍ക്കുന്ന സ്വാമിയെ സമാധാനിപ്പിക്കുന്ന തരത്തില്‍ ആദ്യ ഡയലോഗ് അടിക്കുന്നത് പ്രകാശ് കാരാട്ട്. നിന്റെ വാചകമടിയൊന്നും എനിക്ക് കേള്‍ക്കണ്ടടേയ്.. വേണേല്‍ ചെയ്യെടേയ് എന്ന മട്ടില്‍ പ്രതികരിക്കുന്നത് അന്തരിച്ച സഖാവ് ഇ. ബാലാനന്ദന്‍ എന്ന സ്വാമി‍. ബാലാനന്ദന്‍ അയച്ചെന്ന് ഇവരും അയച്ചില്ലെന്ന് അവരും പറയുന്ന കത്ത് കൊടുത്ത് കുറച്ച് കാലത്തിനുശേഷം ബാലാനന്ദന്‍ പ്രകാശ് കാരാട്ടിനെ കണ്ടു മുട്ടുന്ന നിര്‍ണ്ണായകമായ കഥാ സന്ദര്‍ഭത്തിലാണീ ഡയലോഗ് പിറക്കുന്നത്. കഥ, തിരക്കഥ, സംഭാഷണം ക്ഷമിക്കണം പത്രറിപ്പോര്‍ട്ടര്‍ ഡി. ധനസുമോദ്. ചിത്രമേതെന്ന് പറയാനൊരുങ്ങി വീണ്ടും ക്ഷമ ചോദിക്കുന്നില്ല. ജനശക്തി വാരിക പ്രസിദ്ധീകരിക്കുവാന്‍ പോകുന്ന റിപ്പോര്‍ട്ടിന്റെ ട്രെയിലര്‍ ആണിതെന്ന് അതിലൊരു സൂചനയുണ്ട്.

എന്തൊരു കാലം. വാര്‍ത്തക്ക് വരെ ട്രെയിലര്‍ ആയിത്തുടങ്ങി.

എന്തായാലും പുതിയ പുതിയ റിപ്പോര്‍ട്ടിംഗ് ശൈലികള്‍ വെട്ടിത്തുറക്കുന്ന മാധ്യമപ്രതിഭകള്‍ക്ക് അഭിനന്ദനങ്ങള്‍.

ഈ നിലയ്ക്കൊക്കെ പോയാല്‍ ഒറ്റ കുഴപ്പമേയുള്ളൂ. ദിനപ്പത്രങ്ങളും അവരിറക്കുന്ന സിനിമാ വാരികകളും ആഴ്ചപ്പതിപ്പുകളും ഒക്കെ തമ്മില്‍ തിരിച്ചറിയാന്‍ ഇശ്ശി ബുദ്ധിമുട്ടും. മോളിവുഡ്/മല്ലുവുഡ് എന്നൊക്കെ പറഞ്ഞാല്‍ മാധ്യമരംഗത്തെപ്പറ്റിയാണോ സിനിമാരംഗത്തെപ്പറ്റിയാണോ എന്ന് കണ്‍ഫ്യൂഷന്‍ ആയിത്തുടങ്ങും.

എന്തായാലും മുഴുവന്‍ തിരക്കഥയും ഇവിടെ വായിച്ച് രസിച്ചോളൂ.

മാധ്യമങ്ങള്‍ സി.ബി.ഐക്ക് പഠിക്കുമ്പോള്‍..

2009 ഫെബ്രുവരി 11ലെ മാതൃഭൂമി ദിനപ്പത്രത്തിന്റെ അഞ്ചാം പേജില്‍ മൂന്നു കോളത്തില്‍ ഒന്നാം തരമൊരു ഇന്‍‌വെസ്റ്റിഗേറ്റീവ് റിപ്പോര്‍ട്ട് വന്നിട്ടുണ്ട്. പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ ജലവൈദ്യുതപദ്ധതികളുടെ നവീകരണത്തിനായുള്ള സാദ്ധ്യതാ പഠന റിപ്പോര്‍ട്ട് ലാവലിന്റെ ഒത്താശയോടെ തയ്യാറാക്കിയതാണെന്ന് സി.ബി.ഐ. കണ്ടെത്തി എന്ന് പേരുകളും, തീയതികളും ഉദ്ധരിച്ച് പ്രത്യേക ലേഖകന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പിണറായി വിജയന്‍ എന്ന മുന്‍ വൈദ്യുതി മന്ത്രിയുടെ താല്പര്യം മാത്രമാണ് ഈ റിപ്പോര്‍ട്ടില്‍ ഉള്ളതെന്ന് സി.ബി.ഐ കണ്ടെത്തി എന്ന ഞെട്ടിക്കുന്ന വിവരം ജനങ്ങള്‍ മുന്‍പാകെ അവതരിപ്പിക്കുകയാണ് പ്രത്യേക ലേഖകന്‍. മൊത്തം വാര്‍ത്തയും വായിച്ച് കഴിഞ്ഞപ്പോള്‍ പിണറായി വിജയനെ മുന്‍ കാല പ്രാബല്യത്തോടെ തൂക്കിക്കൊന്നാല്‍ പോലും അതില്‍ തെറ്റു പറയാന്‍ കഴിയില്ല എന്നേ പാവം വായനക്കാരന്‍ ഉറപ്പിയ്ക്കൂ.

ഒത്താശ, ദുരൂഹമായ പഠന റിപ്പോര്‍ട്ട്, സംശയാസ്പദമായ റിപ്പോര്‍ട്ട്, ദുരുദ്ദേശ്യം, ഗൂഢാലോചന, ക്രിമിനല്‍ ഗൂഢാലോചന, അധികാര ദുര്‍വിനിയോഗം എന്നിങ്ങനെയുള്ള പദങ്ങള്‍ വാരിവിതറിയ പ്രസ്തുത വാര്‍ത്ത ചില്ലിട്ടു വെയ്ക്കണമെന്നും, ജേര്‍ണലിസം വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കുവാനായി സിലബസില്‍ ഉള്‍പ്പെടുത്തണമെന്നും വായനക്കാരനു തോന്നും. അത്രമാത്രം കിടിലം.

അതിലെ ഏറ്റവും പ്രധാനമായ ഭാഗം വായിക്കുക...

ഈ സാധ്യതാ പഠന റിപ്പോര്‍ട്ട്‌ സംശയാസ്‌പദമായിരുന്നുവെന്ന്‌ കേസിലെ അഞ്ചാംപ്രതിയും റിട്ടയേര്‍ഡ്‌ ചീഫ്‌ എന്‍ജിനീയറുമായ എം. കസ്‌തൂരിരംഗ അയ്യര്‍ക്ക്‌ അറിയാമായിരുന്നു. എന്നിട്ടും ദുരുദ്ദേശ്യത്തോടെ, കരാറിനു വേണ്ടി സ്വന്തം കൈപ്പടയില്‍ എഴുതിയ മൂന്നു പേജുള്ള കുറിപ്പോടെയാണ്‌ അത്‌ നല്‍കിയത്‌. കേസിലെ ഒന്‍പതാം പ്രതിയും മുന്‍ വൈദ്യുതി മന്ത്രിയുമായ പിണറായി വിജയനും ഈ ഗൂഢാലോചനയില്‍ പങ്കുള്ളതായി സി.ബി.ഐ. ആരോപിച്ചു. പിണറായിയുടെ താത്‌പര്യം മാത്രമാണ്‌ കരാറില്‍ ഉള്ളതെന്നും സി.ബി.ഐ. പറയുന്നു.

പിണറായി വിജയന്റെ തല ഉരുളുവാന്‍ ഇനി അധികം നാള്‍ വേണ്ടി വരില്ല അല്ലേ?

ഒന്നു നില്‍ക്കണേ...

നമുക്കിതിന്റെ നാള്‍ വഴി ഒന്ന് പരിശോധിച്ചാലോ?

സി.എ. ജി റിപ്പോര്‍ട്ട് എന്ന ഔദ്യോഗിക രേഖ തന്നെയാകട്ടെ അവലംബം. അതില്‍ ഇങ്ങനെ പറയുന്നു.

3.10. Feasibility of renovation of the three projects was studied (September
1995) by a retired Chief Engineer of the Board who was later identified by the
Board itself as a consultant to SNC. Based on the consultant's report and
further discussions, contracts were signed (February 1996) with SNC for
providing technical services for management, engineering, procurement and
construction supervision to ensure completion of the projects within three
years.

1995 സെപ്തംബറിലാണ് സാധ്യതാ പഠന റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ തീരുമാനിച്ചതെന്ന് സി.എ.ജി പറയുന്നു. അന്ന് കേരളം ഭരിച്ചിരുന്നത് ആരായിരുന്നു? വൈദ്യുതി മന്ത്രി ആരായിരുന്നു? എല്‍.ഡി.എഫ് , പിണറായി വിജയന്‍?

പ്രത്യേകിച്ച് എടുത്തു പറയുന്നില്ലെങ്കിലും ആ വാര്‍ത്ത വായിച്ചാല്‍ അങ്ങിനെ ഉറപ്പിക്കാന്‍ പറ്റും. വാര്‍ത്തയില്‍ ഇലക്ട്രിസിറ്റി ബോര്‍ഡുണ്ട്, ഒരു മുന്‍ മന്ത്രിയുടെ പേരുണ്ട്. ഗൂഢാലോചനയുണ്ട്. അപ്പോ പിന്നെ ഉറപ്പിക്കാനാണോ പാട്?

ഉറപ്പിച്ചു.

എന്നാലും വെറുതെ ഒരു ഫ്ലാഷ് ബാക് അടിച്ചു നോക്കി.

ശ്ശെടാ......അന്ന് കേരളം ഭരിച്ചിരുന്നത് യു.ഡി.എഫ് സര്‍ക്കാര്‍ അല്ലേ? വൈദ്യുതി മന്ത്രിയായിരുന്നത് ജി കാര്‍ത്തികേയന്‍?

ഒന്നു കൂടി ഉറപ്പിക്കാനായി വാര്‍ത്തയിലെ ചില തീയതികള്‍ കൂടി പരിശോധിക്കാമെന്നു വെച്ചു.

കരടു രേഖയും മാന്ദദണ്ഡങ്ങളും ലാവലിന്‍ കെ.എസ്.ഇ.ബിക്ക് നല്‍കിയ തീയതി 1996 ജനുവരി 3.

technical services for management, engineering, procurement and construction supervision to ensure completion of the projects within three years എന്ന നിബന്ധനയോടെ കരാര്‍ ഒപ്പു വെച്ചത് 24 ഫെബ്രുവരി 1996.

ഈ തീയതികളിലെല്ലാം കേരളം ഭരിച്ചിരുന്നത് ആരായിരുന്നു?

ഫ്ലാഷ് ബാക്കില്‍ തെളിഞ്ഞത് സത്യം തന്നെ. അന്ന് ഭരിച്ചിരുന്നത് യു.ഡി.എഫ്. 1996 ഫെബ്രുവരി 24ന് സംശയാസ്പദമായ പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കരാര്‍ ഒപ്പു വെച്ചത് വൈദ്യുതി മന്ത്രി ജി.കാര്‍ത്തികേയന്‍.

നാണക്കേടായി. ഇതിനെയാണോ കിടിലം എന്നും ചില്ലിട്ടുവെക്കണമെന്നും കുറച്ച് മുന്‍പേ പറഞ്ഞത്?

ഇത്തരമൊരു സംഭവത്തെയാണല്ലോ വാര്‍ത്തയിലൊരിടത്തും അന്ന് കേരളം ഭരിച്ചിരുന്നത് ആരായിരുന്നുവെന്നോ മന്ത്രി ആരായിരുന്നുവെന്നോ പറയാതെ പിണറായി വിജയന്റെ പേരു ചേര്‍ത്ത്, സി.ബി.ഐയുടെ കണ്ടെത്തലെന്ന മട്ടില്‍ പ്രത്യേക ലേഖകന്‍ അവതരിപ്പിക്കുന്നത്. സമ്മതിക്കണം.

1996 മെയ്‌മാസം ഇടത് പക്ഷം അധികാരത്തില്‍ വരുമെന്നും താനായിരിക്കും വൈദ്യുതി മന്ത്രി എന്നും മുന്‍‌കൂട്ടി കാണുകയും അതിനനുസരിച്ച് 1995 സെപ്തംബറില്‍ തന്നെ ദുരൂഹമായ പഠനറിപ്പോര്‍ട്ട് തയ്യാറാക്കുവാന്‍ ക്രിമിനല്‍ ഗൂഢാലോചന നടത്തണമെങ്കില്‍ പിണറായി വിജയന്‍ ആരായിരിക്കണം മോന്‍? അദ്ദേഹത്തെ തൂക്കിക്കൊല്ലണമെന്ന് ലേഖകന്‍ ആവശ്യപ്പെടാത്തത് ഭാഗ്യം.

ഒരു സുഹൃത്ത് സൂചിപ്പിച്ചപോലെ ഈ വിധം ഭാവനാ സമ്പന്നനായ പ്രത്യേക ലേഖകന്റെ സേവനം പൂര്‍ണമായും സിബിഐയ്ക്കു തന്നെ വിട്ടുകൊടുത്താല്‍ കുറ്റാന്വേഷണ രംഗത്ത് എന്തെന്ത് അത്ഭുതങ്ങള്‍ നടക്കില്ല. ഇന്റര്‍പോളിലോ സ്കോട്ട്‍ലാന്റ് യാര്‍ഡിനോ ആണ് ഈ മഹാന്റെ സേവനം കിട്ടുന്നതെങ്കില്‍ ഈ പ്രപഞ്ചത്തില്‍ തന്നെ ഒരു ക്രിമിനല്‍ ഗൂഡാലോചനയും നടത്താന്‍ ഒരുത്തനും ധൈര്യപ്പെടില്ല. മാതൃഭൂമി മുതലാളിമാരേ പ്ലീസ്, ഈ പ്രത്യേക ലേഖകനെ സിബിഐയിലെടുപ്പിക്കൂ...സിബിഐ നടത്തിയ അത്ഭുതകരമായ ഈ കണ്ടെത്തല്‍ തോണ്ടിയെടുത്ത് അവതരിപ്പിച്ച പത്രപ്രവര്‍ത്തന പ്രതിഭ, പ്രത്യേക ലേഖകന്‍ എന്ന മറയ്ക്കുളളില്‍ ഒളിഞ്ഞിരിക്കുന്നതിന്റെ ആന്തരികാര്‍ത്ഥം ഒരു പക്ഷെ അവിഹിത ഗര്‍ഭത്തിലെ സന്തതിയ്ക്ക് സ്വന്തം പേര് സൂചിപ്പിക്കുന്ന ഇനിഷ്യലിടാന്‍ അറയ്ക്കുന്നവന്റെ മനോനിലയാകും.

എന്തായാലും കുറച്ച് കാലമായി മാധ്യമങ്ങളില്‍ പലതിലും സേതുരാമയ്യര്‍മാരുടെ അയ്യരുകളിയാണ്. വിജിലന്‍സും, സി.ബി.ഐയും കോടതിയും, പി.ബിയും ഒക്കെ ചെയ്യാന്‍ പോകുന്നതും ചിന്തിക്കുന്നതുമൊക്കെ നമുക്കതിനാല്‍ മുന്‍‌കൂട്ടി വായിക്കാനാകുന്നു. പ്രവചനാധിഷ്ഠിത പത്രപ്രവര്‍ത്തനത്തിന്റെ ഉത്തമ മാതൃകകള്‍. അതിന്റെ കൂട്ടത്തില്‍ കുറെക്കാലം മുന്‍പ് സ്വരാജ് എന്ന എസ്. എഫ്. ഐ സെക്രട്ടറി ഇത്തരം പത്രപ്രവര്‍ത്തനത്തെ വിശേഷിപ്പിക്കാന്‍ ഉപയോഗിച്ച പദവും പ്രത്യേകം സ്മരണീയമാണ്. പിതൃശൂന്യ മാധ്യമപ്രവര്‍ത്തനം.

ഇന്റര്‍നെറ്റ് വഴി ഒരു ചെലവുമില്ലാതെ ആര്‍ക്കും കിട്ടാവുന്നതാണ് ലാവലിന്‍ കരാര്‍ സംബന്ധിച്ച് സിഎജി നല്‍കിയ റിപ്പോര്‍ട്ട്. അതിലെ ഓരോ ഖണ്ഡികയിലും പിണറായി വിജയന്‍ എന്ന പേരുമെഴുതി, സിബിഐ കണ്ടെത്തി എന്ന വാക്കുകള്‍ തിരുകിക്കയറ്റിയാല്‍ എല്ലാ ദിവസവും എട്ടുകോളം എക്സ്ക്ലൂസീവ് വാര്‍ത്തയ്ക്കുളള വകുപ്പായി. ഒരു മൊബൈല്‍ കമ്പനിയുടെ മുന്‍പേജ് പരസ്യം കിട്ടിയതു കൊണ്ട്, അതുകൊണ്ട് മാത്രം വാര്‍ത്ത അഞ്ചാം പേജില്‍ ഒതുങ്ങിപ്പോയി.. അല്ലെങ്കില്‍ ഒന്നാം പേജില്‍ തന്നെ അച്ചടിച്ച്, വേണ്ടപ്പെട്ടവരെ പ്രസാദിപ്പിച്ചേനെ, കാളകൂടാഭ പേറുന്ന മാധ്യമ വിദൂഷകന്മാര്‍.

കഷ്ടം.