യേശുവിന്റെ അവസാനത്തെ അത്താഴം ചിത്രീകരിക്കുന്ന ലിയനാഡോ ഡാവിഞ്ചിയുടെ ചരിത്രപ്രസിദ്ധ പെയിന്റിങ് വീണ്ടും ചര്‍ച്ചാവിഷയമാവുന്നു.
'അവസാനത്തെ അത്താഴ'ത്തി'ല്‍ ഡാവിഞ്ചി സംഗീതധ്വനികള്‍ അതിവിദഗ്ദമായി ആലേഖനം ചെയ്തിട്ടുണ്ടെന്നാണ് പുതിയ കണ്ടെത്തല്‍. ഇറ്റാലിയന്‍ സംഗീതജ്ഞന് ജിയോവാനി മരിയാ പാല നാലുവര്‍ഷം നീണ്ട ഗവേഷണത്തിലൂടെയാണ് ഇതു തിരിച്ചറിഞ്ഞത്. പതിനഞ്ചാം നൂറ്റാണ്ടില്‍ മിലാനിലെ സാന്താ മരിയാ ഡെല്ലേ ഗ്രേസേ ചര്‍ച്ചിലാണ് ഡാവിഞ്ചി വിഖ്യാതമായ ചിത്രം വരച്ചത്.
തീന്മേശയിലെ അപ്പം, യേശുവിന്റെയും ശിഷ്യരുടെയും കൈകള്‍ എന്നിവയിലൂടെ, പെയിന്റിങ്ങിന് കുറുകെ അഞ്ച് രാഗരേഖകള്‍ അവ്യക്തമായി ഡാവിഞ്ചി വരച്ചിട്ടിരിക്കുന്നതായി പാല പറയുന്നു. ഇടത്തുനിന്ന് വലത്തോട്ട് ഇതുവായിച്ചാല്‍ സംഗീതധ്വനികള്‍ തിരിച്ചറിയാം. 40 സെക്കന്‍ഡ് നീളുന്ന ദൈവസ്തുതിയാണിത്. 15-ാം നൂറ്റാണ്ടില്‍ ഉപയോഗിച്ചുവന്ന സുഷിരവാദ്യത്തിലെ ധ്വനികളാണിത്-പാല എഴുതിയ 'ഒളിപ്പിച്ച സംഗീതം' എന്ന ഗവേഷണപുസ്തകത്തില്‍ പറയുന്നു.
'അവസാനത്തെ അത്താഴം' എന്നും വിവാദത്തിന് വഴിവച്ചിട്ടുണ്ട്. ഇതേക്കുറിച്ച് ഡാന്‍ ബ്രൌണ്‍ എഴുതിയ 'ഡാവിഞ്ചി കോഡ്' എന്ന നോവല്‍ മതവിശ്വാസികളുടെ എതിര്‍പ്പിനിടയാക്കിയിരുന്നു.
പുതിയ കണ്ടെത്തലിനെക്കുറിച്ചുള്ള വിശദമായ വാര്‍ത്ത ഇവിടെയും ഇവിടെയും.
ഈ സംഗീതമാണെന്ന് പറഞ്ഞുകൊണ്ട് ഒരു ലിങ്ക് കണ്ടു. 40 സെക്കന്റ് ഉണ്ട് എന്നു പറയുന്ന ഈ മ്യൂസിക്കല്‍ പീസ് പക്ഷെ ലിങ്ക് നോക്കിയപ്പോള്‍ 19 സെക്കന്റ് മാത്രം. തട്ടിപ്പായിരിക്കാം. അതുകൊണ്ട് ലിങ്ക് ഇടുന്നില്ല
വാര്‍ത്തക്ക് കടപ്പാട് ദേശാഭിമാനി, ചിത്രം വിക്കിപീഡിയയില്‍ നിന്ന്