Thursday, May 29, 2008

വാര്‍ത്തയുടെ കാതല്‍

പ്ലസ് 1 പ്രവേശനത്തിന് ഏകജാലക സംവിധാനം ഏര്‍പ്പെടുത്തുന്നതിനെതിരെ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി വിധി വന്നിരിക്കുകയാണല്ലോ...

കേരളകൌമുദി, മാധ്യമം, മാതൃഭൂമി, ദേശാഭിമാനി തുടങ്ങിയ പത്രങ്ങളുടെ വെബ് എഡിഷന്‍ തലക്കെട്ടുകള്‍ വാര്‍ത്തയുടെ കാതല്‍ മനസ്സിലാക്കാത്ത സാധാരണ തലക്കെട്ടുകളായിപ്പോയി എന്ന് പറയാതെ വയ്യ. ഹര്‍ജി തള്ളി, ഏകജാലകത്തിനു സ്റ്റേയില്ല,സ്റ്റേ ചെയ്യണമെന്ന അവശ്യം തള്ളി എന്നൊക്കെയായിരുന്നു അവരുടെ തലക്കെട്ടുകള്‍. അത്തരം തലക്കെട്ടുകള്‍ നല്‍കുക വഴി ജനങ്ങളുടെ അറിയാനുള്ള അവകാശത്തെ ഇത്തിരി പിന്നോട്ട് വലിക്കുകയാണ് അവര്‍ ചെയ്തിരിക്കുന്നത്.


ഏത് വര്‍ഷം മുതലാണ് പ്രവേശനം ആരംഭിക്കുക എന്ന മില്യണ്‍ ഡോളര്‍ ചോദ്യവുമായി രക്ഷിതാക്കളും വിദ്യാര്‍ത്ഥി സമൂഹവും ഒക്കെ ഉറക്കമൊഴിച്ച് കാത്തിരിക്കെയാണ് ഹൈക്കോടതി സ്റ്റേ ആവശ്യം തള്ളി എന്ന നിസ്സാര കാര്യത്തെ ഇവരൊക്കെ കൂടി വലുതാക്കി തലക്കെട്ടാക്കിയിരിക്കുന്നത്.

പാവപ്പെട്ട വായനക്കാരനോട് എന്തും ആകാമല്ലോ.........

വാര്‍ത്തയുടെ കാതല്‍ കണ്ടു പിടിക്കുന്നതില്‍ ഞങ്ങളെ കഴിഞ്ഞേയുള്ളൂ എന്ന പ്രൊഫഷണല്‍ ആത്മവിശ്വാസത്തോടെ മനോരമ നല്‍കിയ തലക്കെട്ടുകള്‍ മാധ്യമ രംഗത്തെ പുലികള്‍ കണ്ടുപഠിക്കേണ്ടത് തന്നെയാണ്. രക്ഷിതാക്കളുടെ ഉത്കണ്ഠ അകറ്റുന്ന തലക്കെട്ടാണ് അവര്‍ നല്‍കിയത്.

ഏകജാലക പ്രവേശനം ഈ വര്‍ഷം മുതല്‍


പമ്പ കടന്നിരുന്ന രക്ഷിതാക്കളുടെയും കുട്ടികളുടെയും ഉറക്കം ടാക്സി പിടിച്ച് തിരിച്ച് വന്നില്ലേ തലക്കെട്ട് മാത്രം വായിച്ച് നിര്‍ത്തിയാല്‍പ്പോലും.

മാത്രമല്ല പാവപ്പെട്ട കുട്ടികളുടെ പ്രവേശനത്തിന്റെ കാര്യത്തില്‍ ആണ് തങ്ങളുടെ ഉത്കണ്ഠ എന്ന്‌ പറയാതെ പറയുക വഴി ജനപക്ഷത്താണ് തങ്ങള്‍ എന്ന് തെളിയിക്കുകയാണ് മനോരമ. ഇന്റര്‍ ചര്‍ച്ച് കൌണ്‍സില്‍ തങ്ങളുടെ ആളുകളാണെന്ന് ആക്ഷേപത്തെ പൊടിച്ചുകളയാന്‍ കൂടി ഈ വിദ്യാര്‍ത്ഥിപക്ഷ തലക്കെട്ടിലൂടെ മനോരമക്ക് കഴിഞ്ഞിട്ടുണ്ട്.

പിന്നെ പേരിനു മറ്റൊരു വാര്‍ത്തകൂടി ഇട്ടിട്ടുണ്ട്...അത് പിന്നെ “സ്റ്റേ നല്‍കാന്‍ ഹൈക്കോടതി വിസമ്മതിച്ച സാഹചര്യം“ വന്നുപോയില്ലേ?

“അപ്പീല്‍ നല്‍കുമെന്ന് ഇന്റര്‍ ചര്‍ച്ച് കൌണ്‍സില്‍“.


ഹര്‍ജി തള്ളിയതല്ല വാര്‍ത്തയുടെ കാതല്‍ എന്നും അപ്പീലിനു പോകുമോ ഇല്ലയോ എന്നതാണ് പ്രധാനമെന്നും മനസ്സിലാക്കുവാന്‍ ഇവിടത്തെ മറ്റു മാധ്യമങ്ങള്‍ക്ക് എന്ന് സാധിക്കുമോ ആവോ?

കഷ്ടം തന്നെ വായനക്കാരാ നിന്റെ അവസ്ഥ...

ഹര്‍ജി തള്ളി, സ്റ്റേ അനുവദിച്ചില്ല എന്നൊക്കെ തലക്കെട്ടില്‍ വേണമായിരുന്നെന്നോ?

നല്ല തമാശ...അപ്പീല്‍ പോകുന്നത് ഹര്‍ജി തള്ളുമ്പോഴാണെന്ന് മനസ്സിലാക്കാത്തവരോട് സംസാരിച്ചിട്ട് കാര്യമില്ല...

ഇനി ഹര്‍ജി തള്ളി എന്ന് കണ്ടാലേ ഉറക്കം ശരിയാവൂ എന്നുണ്ടെങ്കില്‍ ഇതാ ഒരെണ്ണം


ദശാവതാരം എന്ന കമലഹാസന്‍ ചിത്രത്തിന്റെ പേരുമാറ്റണമെന്നൊക്കെ പറഞ്ഞ് നല്‍കിയ ഹര്‍ജി തള്ളി...

വാര്‍ത്തയെന്നാല്‍........ അല്ലെങ്കില്‍ വേണ്ട അത് പറയുന്നില്ല.

Saturday, May 24, 2008

വിദേശപണം ലഭിക്കുന്ന സംഘടനകള്‍

വിദേശപണം ലഭിക്കുന്ന അത്മീയ സംഘടനകളെക്കുറിച്ചുള്ള ഒരു വാര്‍ത്ത പ്രസക്തമാണെന്ന് തോന്നുന്നതിനാല്‍ ഇവിടെ പോസ്റ്റു ചെയ്യുന്നു.

ആത്മീയ സംഘടനകള്‍ക്കും സന്നദ്ധ സംഘടനകള്‍ക്കുമായി ഇന്ത്യയിലേക്ക് 2005-06 സാമ്പത്തികവര്‍ഷം ഒഴുകിയ വിദേശപണം 7877.5 കോടി രൂപ. 18570 സംഘടനകള്‍ക്കുവേണ്ടിയാണ് ഈ പണം എത്തിയത്. ഇതില്‍ ഏറ്റവും കൂടുതല്‍ പണം ലഭിച്ച പതിനഞ്ചു സംഘടനകളില്‍ കേരളത്തില്‍നിന്ന് മാതാ അമൃതാനന്ദമയി മഠം ഉള്‍പ്പെടെ മൂന്നെണ്ണം. രാജ്യത്ത് ഏറ്റവും കൂടുതല്‍ വിദേശപണം ലഭിക്കുന്ന സംഘടനകളില്‍ ഏഴാംസ്ഥാനമാണ് അമൃതാനന്ദമയി മഠത്തിന്. രാജ്യത്ത് ഏറ്റവുമധികം പണം ലഭിക്കുന്ന സംഘടന തമിഴ്‌നാട്ടിലെ വേള്‍ഡ് വിഷന്‍ ഓഫ് ഇന്ത്യയാണ് (256.41 കോടി). രണ്ടാമത് കാരിത്താസ് ഇന്ത്യ ഡല്‍ഹിയും(193.36 കോടി). കേന്ദ്രആഭ്യന്തരമന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലാണ് ഈ വിവരമുള്ളത്.

കേരളത്തില്‍ ഏറ്റവും കൂടുതല്‍ വിദേശപണം ലഭിച്ച സംഘടന അമൃതാനന്ദമയി മഠംതന്നെ. 85.33 കോടി രൂപയാണ് 2005-06ല്‍ മഠത്തിലെത്തിയത്. അമേരിക്കയിലെ അമൃതാ ഇന്റര്‍നാഷണല്‍ മെഡിക്കല്‍ സര്‍വീസസ് പ്രോജക്ട് ഇന്‍കോര്‍പറേഷന്‍ മാത്രം 38.67 കോടി മഠത്തിന് അയച്ചു. തൊട്ടുപിന്നില്‍ ക്രിസ്ത്യന്‍സംഘടനയായ ബിലീവേഴ്സ് ചര്‍ച്ചാണ്. ഇവര്‍ക്ക് 78.62 കോടി ലഭിച്ചു. കേരളത്തിലെ ഗോസ്പെല്‍ ഫോര്‍ ഏഷ്യ എന്ന സംഘടനയ്ക്ക് 58.29 കോടി രൂപയും ലഭിച്ചു. ഇവരുള്‍പ്പെടെ ആത്മീയ, സന്നദ്ധ വ്യവസായികള്‍ക്കെല്ലാംകൂടി ലഭിക്കുന്നത് 656.27 കോടി രൂപ.

മൊത്തം 1565 സംഘടനകള്‍ക്കാണ് കേരളത്തില്‍ വിദേശപണം ലഭിക്കുന്നത്. കേരളത്തില്‍ത്തന്നെ എറണാകുളം ജില്ലയിലാണ് വിദേശ പണം കിട്ടുന്ന സംഘടനകള്‍ കൂടുതല്‍, 311. ഈ സംഘടനകള്‍ക്കാകെ 165.04 കോടിയാണ് കിട്ടുന്നത്. തൊട്ടുപിന്നില്‍ തിരുവനന്തപുരം. ഇവിടെ 155 സംഘടനകള്‍ കൂടി നേടുന്നത് 91.23 കോടി. വിദേശപണം ലഭിക്കുന്ന സംസ്ഥാനങ്ങളില്‍ കേരളത്തിന് അഞ്ചാം സ്ഥാനമാണുള്ളത്. തമിഴ്‌നാടാണ് ഇതില്‍ ഏറ്റവും മുന്നില്‍. 1609.64 കോടിയാണ് തമിഴ്‌നാട്ടിലെ ആത്മീയ, സന്നദ്ധസംഘടനാവ്യവസായികള്‍ പറ്റുന്നത്. തൊട്ടുപിന്നില്‍ ഡല്‍ഹിയാണ് 1555.6 കോടി. 1011കോടിയുമായി ആന്ധ്രാപ്രദേശും 663 കോടിയുമായി മഹാരാഷ്ട്രയും കേരളത്തിന് മുന്നില്‍ നില്‍ക്കുന്നു.

ഇന്ത്യയിലേക്ക് പണമയക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്നത് അമേരിക്ക തന്നെ. 2425.88 കോടി. ബ്രിട്ടണ്‍(1180കോടി), ജര്‍മനി(1062) എന്നീ രാജ്യങ്ങള്‍ തൊട്ടുപിന്നില്‍. അമേരിക്കയിലെ ഗോസ്പെല്‍ ഫെലോഷിപ്പ് ട്രസ്റ്റും (229 കോടി) ഗോസ്പെല്‍ ഫോര്‍ ഏഷ്യ(137കോടി)യുമാണ് പണമയക്കുന്ന സംഘടനകളില്‍ ഒന്നും രണ്ടും സ്ഥാനത്ത്.

വിശദമായ കണക്കുകള്‍ക്ക് 2005-06ലെ റിപ്പോര്‍ട്ട് (pdf) കാണുക. html ഇവിടെ

ഈ ലിങ്കുകള്‍ കൂടി നോക്കാം

fcraforngos എന്ന സൈറ്റ് ഇവിടെ

The Foreign Contribution (Regulation) Bill, 2006 നെക്കുറിച്ചുള്ള ഒരു ലീഗല്‍ ബ്രീഫിങ്ങ് ഇവിടെ

പ്രകാശ് കാരാട്ട് സന്നദ്ധസംഘടനകളെക്കുറിച്ചും വിദേശ ഫണ്ടിങ്ങിനെക്കുറിച്ചും 1984ല്‍ എഴുതിയ പഠനം ഇവിടെ

വാര്‍ത്തക്ക് കടപ്പാട്: ദേശാഭിമാനി

Sunday, May 18, 2008

‘സംഗതി’യും വിദേശി തന്നെ!

നമ്മുടെ ടി.വി ചാനലുകളൊക്കെ അവരുടെ എസ്.എം.എസ് ‘സംഗതി‘യും സായിപ്പിനെ കണ്ട് പഠിച്ചത് തന്നെ...മെയ് 18ലെ ദേശാഭിമാനി വാര്‍ത്ത അതുപോലെ ഇവിടെ പോസ്റ്റുന്നു...

ലണ്ടന്‍: ഫോണ്‍ ഇന്‍ പരിപാടികളുടെ പേരില്‍ പ്രേക്ഷകരെ വഞ്ചിച്ചതിന് ബിബിസി അടക്കമുള്ള പ്രമുഖ ടെലിവിഷന്‍ ചാനലുകള്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ പിഴ നല്‍കേണ്ടി വന്നത് കോടികള്‍. വിജയികളെ നേരത്തെതന്നെ തീരുമാനിച്ചുറപ്പിക്കുകയും മത്സരം അവസാനിച്ചശേഷവും ഫോണ്‍ കോളുകള്‍ സ്വീകരിച്ചതുമടക്കം കടുത്ത വഞ്ചനയാണ് ബിബിസി, ചാനല്‍ ഫോര്‍, ഐടിവി ചാനലുകള്‍ നടത്തിയത്. ഫോണ്‍ വഴി വോട്ടിങ് തുടങ്ങുന്നതിനുമുമ്പ് വിജയിയെ നിശ്ചയിച്ച സംഭവംവരെയുണ്ട്. പ്രേക്ഷകരുമായുള്ള ടെലിഫോണ്‍ ബന്ധം സാങ്കേതികത്തകരാര്‍മൂലം മുടങ്ങിയപ്പോള്‍ ചാനലിന്റെ സ്റ്റുഡിയോയിലുള്ളവര്‍തന്നെ ആ റോള്‍ ഏറ്റെടുക്കുക, കൃത്രിമ 'ടെന്‍ഷന്‍' സൃഷ്ടിച്ച് കാഴ്ചക്കാരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുക... അങ്ങനെ പ്രേക്ഷകരെ കൈയിലെടുക്കാന്‍ ഇവര്‍ പല കുതന്ത്രങ്ങളും പയറ്റി. ടിവി ഫോണ്‍ ഇന്‍ പരിപാടികളിലേക്കു വിളിക്കുമ്പോള്‍ വാടകയായി വലിയ തുകയാണ് ടെലിഫോണ്‍ കമ്പനികള്‍ ഈടാക്കുക. പരിപാടി കൊഴുപ്പിക്കാന്‍ ചാനലുകാര്‍ 'സംഗതി'കള്‍ പുറത്തെടുക്കുമ്പോള്‍ ഫോണ്‍ വിളി ഏറും. ഫലം, ടെലികോം കമ്പനിക്കും ലാഭവിഹിതത്തിന്റെ പങ്കുപറ്റുന്ന ചാനലിനും കുശാല്‍.

കഴിഞ്ഞ ഒരു വര്‍ഷമായി പ്രേക്ഷകരെ പലതരത്തിലും പറ്റിച്ചതിന്റെ പേരില്‍ ഐടിവിക്ക് അരക്കോടി പൌണ്ടാണ് ബ്രിട്ടനിലെ മീഡിയാ റെഗുലേറ്ററായ 'ഓഫ്കോം' പിഴ വിധിച്ചത്. ചാനലിലെ ജനപ്രിയ പരിപാടിക്കായുള്ള തെരഞ്ഞെടുപ്പില്‍ തങ്ങളുടെ മികച്ച അവതാരകരായ ആന്റണി മക്പാര്‍ട്ടലിനും ഡെകാന്‍ ഡോണലിക്കും അനുകൂലമായി ഐടിവി കണക്കുണ്ടാക്കി. പ്രേക്ഷകരുടെ വോട്ട് കണക്കാക്കിയാല്‍ ഹാസ്യപരിപാടിയുടെ അവതാരക കാതറിന്‍ ടെയ്റ്റ് ആയിരുന്നു വിജയി. മത്സരത്തില്‍ ജയിക്കാന്‍ സാധ്യതയില്ലെന്നറിയാതെ പാവം പ്രേക്ഷകര്‍ 78 ലക്ഷം പൌണ്ടിനാണ് ഫോണ്‍ വിളിച്ചത്. ഐടിവി തലവന്‍ മൈക്കല്‍ ഗ്രേഡ് തന്നെ ഇക്കാര്യം സമ്മതിച്ചു. തെറ്റ് ആവര്‍ത്തിക്കാതിരക്കാന്‍ നടപടിയെടുത്തിട്ടുണ്ടെന്ന് പറഞ്ഞൊഴിയുകയാണ് അദ്ദേഹം ചെയ്തത്.

പ്രേക്ഷകരെ വിഡ്ഢികളാക്കുന്നതില്‍ ബിബിസിയും മോശക്കാരല്ല. ഫോണ്‍ ഇന്‍ പരിപാടിയില്‍നിന്നുള്ള വരുമാനം സന്നദ്ധസേവനത്തിന് ഉപയോഗിക്കുമെന്ന് പ്രഖ്യാപിച്ച് പരിപാടിക്ക് ആളെ കൂട്ടിയ ചാനല്‍, ഫോണ്‍ ഇന്‍ വഴി കിട്ടിയ 1.06 ലക്ഷം പൌണ്ട് വിഴുങ്ങിയെന്ന് പിന്നീട് സമ്മതിച്ചു. മലയാളത്തിലെ ഒരു ചാനല്‍ എസ് എം എസ് വോട്ടിങ്ങില്‍നിന്ന് ലഭിക്കുന്ന വരുമാനം സന്നദ്ധപ്രവര്‍ത്തനത്തിന് ചെലവഴിക്കുമെന്നു പറഞ്ഞാണ് റിയാലിറ്റി ഷോ സംഘടിപ്പിച്ചത്. ആ തുക എങ്ങോട്ട് പോയെന്ന് ആര്‍ക്കറിയാം?

ബിബിസി ഒരിക്കല്‍ ഫോണ്‍ വഴി വോട്ടിങ്ങില്‍ പങ്കെടുത്ത ആയിരത്തോളം പ്രേക്ഷകരുടെ വോട്ട് പരിഗണിക്കുകപോലും ചെയ്തില്ല. ഫോണ്‍ വിളിച്ച കാശ് നഷ്ടമായതു മിച്ചം. ഫോണ്‍ ഇന്‍ പരിപാടിയില്‍ കൃത്രിമം കാണിച്ച് പ്രേക്ഷകരെ വഞ്ചിച്ചതിന് ചാനല്‍ ഫോര്‍ 15 ലക്ഷം പൌണ്ട് പിഴ അടയ്ക്കേണ്ടി വന്നു.

പ്രേക്ഷകരെയും പരസ്യക്കാരെയും ആകര്‍ഷിക്കാന്‍ ഇന്ത്യയിലെ ടെലിവിഷന്‍ ചാനല്‍ മേഖലയില്‍ കടുത്ത മത്സരമാണ് നടക്കുന്നത്. പിടിച്ചുനില്‍ക്കാന്‍ ചാനലുകള്‍ ദിവസേന പുതിയ വഴികള്‍ തേടിക്കൊണ്ടിരിക്കുന്നു. മികച്ച വരുമാനമാര്‍ഗമെന്ന നിലയിലാണ് റിയാലിറ്റിഷോയെ ചാനലുകള്‍ കൂട്ടുപിടിച്ചത്. ഇതുവഴി പ്രേക്ഷകരുടെ കൈയിലെ പണം തട്ടാന്‍ എളുപ്പമാണെന്ന് ഇവര്‍ മനസ്സിലാക്കി. റിയാലിറ്റി ഷോ തട്ടിപ്പിന്റെ ചെറുപതിപ്പുകള്‍ ഇതിനകം കൊച്ചുകേരളത്തിലും അരങ്ങേറിയിട്ടുണ്ട്.

വിദേശത്തെ വമ്പന്മാരെ അനുകരിച്ച് തട്ടിപ്പിന് പുതിയ 'സംഗതി'കള്‍ ഇവിടെയും ഒരുങ്ങുമെന്നുറപ്പ്. പ്രേക്ഷകര്‍ കരുതിയിരിക്കുക മാത്രമേ വഴിയുള്ളൂ.

Friday, May 2, 2008

മാധ്യമസ്വാതന്ത്ര്യദിന ചിന്തകള്‍

മെയ് 3 അന്താരാഷ്ട്ര പത്രസ്വാതന്ത്ര്യ ദിനമാണ്.

പത്രസ്വാതന്ത്ര്യം, അതിന്റെ അടിസ്ഥാനതത്വങ്ങള്‍, മാധ്യമങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ എന്നിവയൊക്കെ ഈ ദിനത്തോടനുബന്ധിച്ച് അവലോകനം ചെയ്യപ്പെടുന്നു. അതുപോലെ തന്നെ ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടയില്‍ ജീവന്‍ വെടിയേണ്ടിവരുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കാനും ഈ ദിവസം വിനിയോഗിക്കുന്നു. 1991ല്‍ യുനെസ്കൊ നിര്‍ദ്ദേശിച്ചതനുസരിച്ച് 1993ല്‍ ഐക്യരാഷ്ട്രസഭയാണ് ഇങ്ങിനെ ഒരു ദിനം ആചരിക്കുവാന്‍ തീരുമാനിച്ചത്.

ഈ വര്‍ഷത്തെ ദിനാചരണം യുനെസ്കൊയുടെ ന്യൂയോര്‍ക്ക് ഓഫീസില്‍ വെച്ച് നടക്കും.ഇതിനോടനുബന്ധിച്ച് "Access to Information and the Empowerment of people" എന്ന വിഷയത്തില്‍ ഒരു പാനല്‍ ചര്‍ച്ചയും സംഘടിപ്പിക്കുന്നുണ്ട്.

ഈ ദിനത്തോടനുബന്ധിച്ച് World Public Opinion.org ഇരുപത് രാജ്യങ്ങളില്‍ നടത്തിയ അന്താരാഷ്ട്രസര്‍വെയില്‍ ഒരു വിധം എല്ലാ രാജ്യങ്ങളിലേയും ഭൂരിഭാഗം ജനങ്ങളും സര്‍ക്കാര്‍ ഇടപെടല്‍ ഇല്ലാത്ത മാധ്യമസ്വാതന്ത്ര്യം വേണം എന്ന് അഭിപ്രായപ്പെടുന്നവരാണ്. ഇന്ത്യയിലാകട്ടെ 52 ശതമാനം പേര്‍ മാധ്യമസ്വാതന്ത്യം പ്രധാനമാണെന്നും , ഇന്റര്‍നെറ്റിലെ വിവരങ്ങള്‍ സെന്‍സര്‍ഷിപ്പ് ഇല്ലാതെ തന്നെ ലഭ്യമാക്കണം എന്നും അഭിപ്രായപ്പെടുന്നവരാണ്. 42% പേര്‍ സര്‍ക്കാര്‍ നിയന്ത്രണം ഇല്ലാതെ വാര്‍ത്തകളും ആശയങ്ങളും പ്രസിദ്ധീകരിക്കുവാന്‍ മാധ്യമങ്ങള്‍ക്ക് സ്വാതന്ത്ര്യം വേണം എന്നഭിപ്രായപ്പെട്ടപ്പോള്‍ 33% രാഷ്ട്രീയമായ അസ്ഥിരതക്കിടയാക്കുന്ന കാര്യങ്ങള്‍ പ്രസിദ്ധീകരിക്കുന്നതില്‍ നിന്നും മാധ്യമങ്ങളെ തടയുവാന്‍ സര്‍ക്കാരിനു സ്വാതന്ത്രം അധികം വേണം എന്ന് അഭിപ്രായപ്പെട്ടു. ഇപ്പോഴുള്ളതിലും കൂടുതല്‍ സ്വാതന്ത്ര്യം മാധ്യമങ്ങള്‍ക്ക് വേണമെന്ന് 36% പേര്‍ അഭിപ്രായപ്പെട്ടപ്പോള്‍ കുറവ് മതി എന്നാണ് 32 ശതമാനം അഭിപ്രായപ്പെട്ടത്. ( 2008 ഫെബ്രുവരി 25 മുതല്‍ 28 വരെ നടന്ന ഈ സര്‍വെയില്‍ 1023 പേരോട് 6 ചോദ്യങ്ങള്‍ ചോദിക്കുകയാണുണ്ടായത്.

ഇത് വായിച്ചപ്പോള്‍ തോന്നിയ പ്രധാന സംശയം മാധ്യമസ്വാതന്ത്ര്യം എന്നു പറഞ്ഞാല്‍ സര്‍ക്കാര്‍ ഇടപെടല്‍ ഇല്ലാതിരിക്കുക എന്നത് മാത്രമാണോ എന്നതായിരുന്നു. കോര്‍പ്പറേറ്റ് താല്പര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ ബദ്ധശ്രദ്ധരായ മാധ്യമങ്ങള്‍ സര്‍ക്കാര്‍ ഇടപെടല്‍ ഇല്ലാത്ത അവസ്ഥയിലും തങ്ങളുടെ സ്വാതന്ത്ര്യം ജനങ്ങളുടെ താല്പര്യങ്ങള്‍ സംരക്ഷിക്കാനായി എത്രമാത്രം ഉപയോഗിക്കും എന്നത് നമുക്കറിയാവുന്ന കാര്യമാണ്. ഈ സര്‍വെയിലെ ചോദ്യങ്ങളില്‍ ഈയൊരു വശം ഉള്‍പ്പെടുത്തിയിട്ടില്ല എന്നത് ആലോചിക്കേണ്ട കാര്യമാണ്. ഫോര്‍ഡ് ഫൌണ്ടേഷനും മറ്റുമാണ് ഇവരുടെ പ്രായോജകര്‍ എന്നത് കൊണ്ട് തന്നെ അതില്‍ അല്‍ഭുതത്തിനവകാശമില്ല എന്നും തോന്നുന്നു. മുഖ്യധാരാ മാധ്യമങ്ങള്‍ മാത്രം പിന്തുടര്‍ന്നാല്‍ നാം തികഞ്ഞ അന്ധകാരത്തിലായിരിക്കും എന്നതിനു സംശയമില്ല. സമാന്തര മാധ്യമങ്ങള്‍ കൂടുതല്‍ കൂടുതലായി പ്രാമുഖ്യം നേടി വരുന്നതിന്റെയും കാരണം മറ്റൊന്നല്ല. ബ്ലോഗുകള്‍ക്ക് പ്രസക്തിയേറി വരുന്നതും ഇതേ കാരണം കൊണ്ട് തന്നെയാണ്.

Reporters Without Borders ന്റെ 2008 ലെ വാര്‍ഷിക റിപ്പോര്‍ട്ടും പുറത്തിറങ്ങിയിട്ടുണ്ട്.

ഇതില്‍ തമിഴ് പത്രമായ ദിനകരന്റെ മൂന്ന് സ്റ്റാഫംഗങ്ങള്‍ 2007 മെയ് മാസത്തില്‍ കരുണാനിധിയുടെ മകനായ അഴഗിരിയെ പിന്തുണക്കുന്നവരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതും, ഹിന്ദു രാഷ്ട്രീയ സഭ മിശ്രവിവാഹത്തെക്കുറിച്ചുള്ള ഒരു പരിപാടി പ്രക്ഷേപണം ചെയ്തതിനു കഴിഞ്ഞ ഏപ്രിലില്‍ സ്റ്റാര്‍ ടിവി ഓഫീസ് തല്ലിത്തകര്‍ത്തതും ഒക്കെ വിവരിക്കുന്നുണ്ട്. കൂടാതെ സ്വാതന്ത്ര്യത്തിന്റെ അറുപതാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള പ്രത്യേക പതിപ്പില്‍ ബാല്‍ താക്കറെയെ വില്ലന്മാരുടെ പട്ടികയില്‍പ്പെടുത്തിയതിനെതിരെ 2007 ആഗസ്റ്റില്‍ ശിവസേനക്കാര്‍ ഔട്ട്‌ലുക്ക് ഓഫീസ് ആക്രമിച്ചതും ആസാമിലും കാഷ്മീരിലും മാധ്യമപ്രവര്‍ത്തകര്‍ നേരിടുന്ന ബുദ്ധിമുട്ടുകളും ഈ റിപ്പോര്‍ട്ടിലുണ്ട്. പശ്ചിമബംഗാളില്‍ രണ്ട് മാധ്യമപ്രവര്‍ത്തകരെ തടഞ്ഞുവെച്ചതും ഈ റിപ്പോര്‍ട്ടിലുണ്ട്.

ഇവര്‍ പ്രസിദ്ധീകരിച്ച 2007ലെ മാധ്യമസ്വാതന്ത്ര്യസൂചികയില്‍ ഇന്ത്യയുടെ സ്ഥാനം 120 ആണ്. അമേരിക്ക നാല്പത്തി എട്ടാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ അധിനിവേശിത ഇറാഖ് നൂറ്റി അന്‍പത്തിഏഴാം സ്ഥാനത്താണ്. ഇറാഖില്‍ പത്രസ്വാതന്ത്ര്യം കുറവായിരിക്കുന്നത് തികച്ചും സ്വാഭാവികം. മാധ്യമപ്രവര്‍ത്തകര്‍ കൂടുതലായി കൊല്ലപ്പെടുന്നുണ്ട് എന്നതും ഈ താഴ്ന്ന റാങ്കിങ്ങിനു കാരണമാകാം. എങ്കിലും അതിനു ശരിയായ കാരണക്കാര്‍ ആര് എന്ന് ചോദിക്കുമ്പോള്‍ ലിസ്റ്റൊന്നു മാറ്റിപ്പണിയേണ്ടിവരും.


2007 ജനുവരി 19ന് ഇസ്താംബുളില്‍ വെച്ച് വധിക്കപ്പെട്ട മാധ്യമപ്രവര്‍ത്തകന്‍ Hrant Dink

എന്തായാലും മാധ്യമസ്വാതന്ത്ര്യം എന്നത് ജനാധിപത്യവ്യവസ്ഥിതിയില്‍ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്. അറിയാനുള്ള ജനങ്ങളുടെ അവകാശത്തില്‍ അധിഷ്ഠിതമായ ശരിയായ മാധ്യമസ്വാതന്ത്രത്തിനുവേണ്ടിയാകട്ടെ ഈ ദിനാചരണവും അതിനോടനുബന്ധിച്ചുള്ള ചര്‍ച്ചകളും. കഴിഞ്ഞ വര്‍ഷം കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകരെ നമുക്ക് ആദരവോടെ സ്മരിക്കാം.

*****

വായിക്കാവുന്ന ലേഖനങ്ങള്‍