Thursday, February 14, 2008

അരുന്ധതി റോയ് - ഒരു അഭിമുഖം

തുര്‍ക്കിയിലെ അര്‍മേനിയന്‍ ന്യൂനപക്ഷത്തിന്റെ അവകാശങ്ങള്‍ക്കുവേണ്ടിയും തുര്‍ക്കി-അര്‍മേനിയ സമവായത്തിനുവേണ്ടിയുമൊക്കെ പ്രവര്‍ത്തിച്ചിരുന്ന, Agos എന്ന ടര്‍ക്കിഷ്-അര്‍മേനിയന്‍ പത്രത്തിന്റെ പത്രാധിപരായിരുന്ന Hrant Dink 2007 ജനുവരി 19ന് ഇസ്താംബുളില്‍ തന്റെ പത്രസ്ഥാപനത്തിനു സമീപം വധിക്കപ്പെട്ടിരുന്നു. വളരെയധികം ഒച്ചപ്പാടുണ്ടാക്കിയ ഈ കൊലപാതകം കടുത്ത പ്രതിഷേധങ്ങള്‍ക്കു കാരണമായി. ഡിങ്കിന്റെ ശവസംസ്കാരച്ചടങ്ങിനോടനുബന്ധിച്ച് നടന്ന പ്രകടനത്തില്‍ പ്ലക്കാര്‍ഡുകളുമേന്തി ഏതാണ്ട് ഒരു ലക്ഷം പേര്‍ പങ്കെടുത്തിരുന്നു.

ഇക്കഴിഞ്ഞ ജനുവരി 18ന് ഇസ്താംബുള്ളിലെ Bosphorus Universityയില്‍ Hrant Dink അനുസ്മരണ പ്രഭാഷണം നടത്തിയത് അരുന്ധതി റോയ് ആയിരുന്നു. തന്റെ പ്രഭാഷണത്തില്‍ അവര്‍ വംശഹത്യയുടെ ചരിത്രവും അതിന്റെ പിന്നിലെ പ്രചോദനവുമൊക്കെ വിശദമായി അവതരിപ്പിച്ചിരുന്നു. 1915ല്‍ തുര്‍ക്കിയിലെ ഒട്ടോമാന്‍ ഭരണകൂടം അര്‍മേനിയന്‍ വംശജര്‍ക്കെതിരെ നടത്തിയ വംശഹത്യ, അത് തുര്‍ക്കി സര്‍ക്കാര്‍ നിഷേധിക്കുന്നത്, ഗുജറാത്തില്‍ നടന്ന വംശഹത്യ, അത് ഇന്ത്യയില്‍ പലരാലും ആഘോഷിക്കപ്പെടുന്നത് അങ്ങിനെ പലതും ആ പ്രഭാഷണത്തില്‍ ഇടം കണ്ടിരുന്നു.

Listening to Grasshoppers: Genocide, Denial and Celebration എന്ന തലക്കെട്ടില്‍ അത് കൌണ്ടര്‍ കറന്റ്സ് സൈറ്റില്‍ ഉണ്ട്.

ആ പ്രഭാഷണത്തിനു ശേഷം Armenian Weeklyയുടെ പത്രാധിപരായ Khatchig Mouradian അരുന്ധതി റോയുമായി നടത്തിയ ടെലഫോണ്‍ ഇന്റര്‍വ്യൂവിന്റെ സ്വതന്ത്ര വിവര്‍ത്തനം ഇവിടെ പോസ്റ്റു ചെയ്യുന്നു.

Khatchig Mouradian: ഇസ്റ്റാംബുള്ളിലെ Hrant Dink അനുസ്മരണ പ്രഭാഷണം എഴുതിക്കൊണ്ടിരുന്നപ്പോള്‍ എന്തായിരുന്നു മനസ്സിലുണ്ടായിരുന്ന ചിന്ത?

അരുന്ധതി റോയ്: ഇന്ത്യയില്‍ ഞങ്ങളൊരുതരം അപസ്മാരം (psychotic convulsion) ബാധിച്ച അവസ്ഥയിലൂടെ കടന്നുപൊയ്ക്കൊണ്ടിരിക്കുകയാണ്. വംശീയഹത്യയും അതിന്റെ ആഘോഷവും അന്തരീക്ഷത്തിലുണ്ട്. ആളുകള്‍ വംശീയഹത്യ ആഘോഷിക്കുന്നത് കാണുന്നത് എന്നെ ഭീതിപ്പെടുത്തുന്നു. ഇന്ത്യയിലെ ആഘോഷങ്ങളും തുര്‍ക്കിയിലെ നിഷേധവും എന്നെ അസ്വസ്ഥയാക്കിയ ഒരു സമയത്താണ് ഇസ്താംബുള്ളിലേക്ക് ചെല്ലുവാന്‍ അവര്‍ എന്നോടാവശ്യപ്പെട്ടത്.

ഇസ്റ്റാംബുള്ളില്‍ എത്തിയപ്പോള്‍ എനിക്ക് മനസ്സിലായി അര്‍മേനിയക്കാര്‍ക്കും തുര്‍ക്കികള്‍ക്കും മറ്റുള്ളവര്‍ക്കും അര്‍മേനിയന്‍ വംശഹത്യയെപ്പറ്റി തുര്‍ക്കിക്കകത്ത് വെച്ച് പറയാവുന്നതിനും പുറത്ത് വെച്ച് പറയാവുന്നതിനും (അര്‍മേനിയന്‍ വംശഹത്യയെക്കുറിച്ച് തുര്‍ക്കിക്ക് പുറത്ത് എല്ലാം തുറന്ന് തന്നെ പറയാം) തമ്മില്‍ വലിയ വ്യത്യാസമുണ്ടെന്ന്‌. ഉദാഹരണമായി Hrant Dink തുര്‍ക്കിക്കകത്ത് ജീവന്‍ നഷ്ടപ്പെടാതെ കാര്യങ്ങള്‍ പറയാനൊരു വഴി തേടുകയായിരുന്നു. അദ്ദേഹത്തിന്റെ ആശയം കാര്യങ്ങള്‍ തുറന്ന് പറയുക എന്നതായിരുന്നു, മരിക്കുക എന്നതല്ലായിരുന്നു. (His idea was to speak out, but not to die.)

ഇസ്റ്റാംബുള്ളില്‍ ഞാന്‍ നിരവധി ആളുകളുമായി സംസാരിച്ചു. അവിടെ പറന്നെത്തി, ഒരു പ്രസംഗം നടത്തി മറ്റെല്ലാവരെയും കുഴപ്പത്തിലാക്കി തിരിച്ചു പറന്നു എന്ന ഒരു തോന്നല്‍ ആര്‍ക്കും ഉണ്ടാകരുത് എന്ന കാര്യത്തില്‍ ഞാന്‍ വളരെയധികം ശ്രദ്ധിച്ചിരുന്നു. അര്‍മേനിയന്‍ വംശഹത്യയെക്കുറിച്ച് എല്ലാവര്‍ക്കും അന്യോന്യം സംസാരിക്കാവുന്ന ഒരു അന്തരീക്ഷം ഉണ്ടാക്കുവാന്‍ സഹായിക്കുക എന്നതിലായിരുന്നു എന്റെ താല്പര്യം. തുര്‍ക്കിയില്‍ ജീവിക്കുകയും നിലനില്‍ക്കുവാന്‍ പരിശ്രമിക്കുകയും ചെയ്യുന്ന എല്ലാ അര്‍മേനിയക്കാരുടെ ആശയവും അത് തന്നെയാണല്ലോ?

അതേ സമയം, ഞാന്‍ ഇന്ത്യയില്‍ ഇത്തരം പ്രശ്നങ്ങളിലൊക്കെ ആഴത്തില്‍ ഇടപെട്ടിട്ടുള്ള ആളാണ്, പറന്നു വരികയും ഉപരിപ്ലവമായ ചില അഭിപ്രായപ്രകടനങ്ങള്‍ നടത്തി തിരിച്ചു പറക്കുകയും ചെയ്യുന്ന ഒരു ആഗോള ബുദ്ധിജീവി ആകുന്നതില്‍ എനിക്കു താല്പര്യമില്ല. ഈ പ്രശ്നത്തെ എനിക്ക് നേരിട്ട് അറിയാവുന്ന, ഞാന്‍ പങ്കെടുത്തിട്ടുള്ള, ഭാഗഭാക്കായ പോരാട്ടങ്ങളുമായി ബന്ധപ്പെടുത്തുവാനും അങ്ങനെ അവയെ കുറേശ്ശെ കുറേശ്ശെയായി മുന്നോട്ട് കൊണ്ടുപോകാനുമാണ് ഞാന്‍ ശ്രമിച്ചത്. അതത്ര എളുപ്പമുള്ള കാര്യമല്ല എന്ന്‌ എനിക്ക് ബോധ്യമുണ്ട്.

മൌറാദിയന്‍: താങ്കളുടെ പ്രഭാഷണത്തെ ഒരുമിച്ചു നെയ്യുന്നത് സുഹൃത്തായ ഡേവിഡ് ബാര്‍സാമിയന്റെ അമ്മ അറാക്സീ ബാര്‍സാമിയന്റെ കഥയാണല്ലോ? ഒരു ഇന്റര്‍വ്യൂവില്‍ താങ്കള്‍ തന്നെ ഇങ്ങനെ പറയുന്നുണ്ട് “ ഒരു കഥയെന്നാല്‍ ജലത്തിന്റെ ഉപരിതലം പോലെയാണ്. നിങ്ങള്‍ക്ക് എന്തൊക്കെ വേണോ അതൊക്കെ അതില്‍ നിന്നെടുക്കാം” എന്ന്‌. അറാക്സി ബാര്‍സാമിയന്റെ കഥയില്‍ നിന്ന് താങ്കള്‍ എന്താണെടുത്തത്?

അരുന്ധതി റോയ് : ഞാന്‍ തുര്‍ക്കിക്ക് തിരിക്കുന്നതിനു മുന്‍പ് ഡേവിഡ് ഇന്ത്യയിലുണ്ടായിരുന്നു, ഞങ്ങള്‍ പ്രശ്നങ്ങളെക്കുറിച്ച് സംസാരിച്ചതുമാണ്. അദ്ദേഹത്തെ അറിയാം എന്നത് എനിക്ക് വളരെ സഹായകമായിരുന്നു. എനിക്കദ്ദേഹത്തെ അറിയില്ലായിരുന്നുവെങ്കില്‍ ഞാന്‍ അതിനെക്കുറിച്ച് സംസാരിക്കില്ലായിരുന്നു എന്ന് ഇതിനു അര്‍ത്ഥമില്ല, പക്ഷെ എനിക്കത് പെട്ടെന്ന് കുറച്ചുകൂടി വ്യക്തിപരമായ സംഗതിയായി. ഉദ്ബോധനപരമായ(informative) രാഷ്ട്രീയം സംസാരിക്കുന്നവരും , മാറ്റം വരുത്തുന്ന(transformative) രാഷ്ട്രീയം സംസാരിക്കുന്നവരുമായ ആളുകള്‍ ഉണ്ട് എന്ന രീതിയില്‍ ഒരു സംഭാഷണം ഞാനും സുഹൃത്തുമായി നടന്നിരുന്നു. ഇതൊക്കെ വളരെ നിസ്സാരമായ ആയ വ്യത്യാസങ്ങളാണ്.

ഉദാഹരണത്തിനു തുര്‍ക്കിയില്‍ എന്താണ് നടന്നത് എന്നതിനെപ്പറ്റി എല്ലാവര്‍ക്കും അറിയാം. അതിനെപ്പൊതിഞ്ഞ് ഒരു നിശബ്ദതയുണ്ടെന്നും എന്ത് സംഭവിച്ചു എന്നതിനെപ്പറ്റി സംസാരിക്കുവാന്‍ നിങ്ങള്‍ക്ക് അനുവാദമില്ല എന്നും മാത്രം. എങ്കിലും അതിനെപ്പറ്റി നിങ്ങള്‍ സംസാരിക്കുമ്പോള്‍ അത് തന്നത്താന്‍ മാറ്റങ്ങള്‍ വരുത്തുന്ന ഒന്നാവുന്നു.

“നോക്കൂ Hrant Dinkനെ നിശബ്ദനാക്കുവാന്‍ ഉദ്ദേശിച്ച ആ വെടിയുണ്ട യഥാര്‍ത്ഥത്തില്‍ എന്നെപ്പോലൊരാളെ ചരിത്രപുസ്തകങ്ങള്‍ വായിക്കുവാന്‍ പ്രേരിപ്പിക്കുകയാണ് ചെയ്തത്. ഞാന്‍ പറഞ്ഞാലും ഇല്ലെങ്കിലും എന്താണ് സംഭവിച്ചതെന്ന് നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാം. നിങ്ങള്‍ക്കീ ശാന്തത നിലനിര്‍ത്തണമെങ്കില്‍, നിങ്ങള്‍ ഓരോരുത്തരും പോരാടേണ്ടതുണ്ട്, വംശഹത്യയോടനുബന്ധിച്ച് നടക്കുന്ന ആഘോഷങ്ങള്‍ക്കെതിരെ എനിക്ക് ഇന്ത്യയില്‍ പോരാടേണ്ടതുള്ളതുപോലെ” എന്നു പറയുന്നതിനു പകരം ഞാന്‍ എനിക്ക് പറയാനുള്ളത് ഡേവിഡിന്റെ അമ്മയുടെ വാക്കുകളിലൂടെ അവതരിപ്പിക്കുകയായിരുന്നു.

ഒരു നോവലെഴുത്തുകാരന്‍ ചെയ്യുന്ന സംഗതിയാണത്. നിങ്ങള്‍ക്ക് പറയാനുള്ളത് നിങ്ങള്‍ എങ്ങനെ പറയുന്നു എന്നത് നിങ്ങള്‍ക്ക് പറയാനുള്ളതെന്ത് എന്നതുപോലെത്തന്നെ പ്രധാനമാണ്. അറാക്സി ബാര്‍സാമിയന്റെ കഥ പറയുന്നതിലൂടെ ചരിത്രം സജീവമായി മുന്നില്‍ വരികയാണ്. പതിനഞ്ച് ലക്ഷം പേര്‍ കൊല്ലപ്പെട്ടുവെന്ന് നിങ്ങള്‍ക്ക് പറയാം ഇല്ലെങ്കില്‍ വെട്ടുകിളിക്കൂട്ടം അറാക്സിയുടെ ഗ്രാമത്തില്‍ എത്തി എന്നു പറയാം.

മൌറാദിയന്‍: അര്‍മേനിയന്‍ വംശഹത്യയെക്കുറിച്ചു തുര്‍ക്കിക്കകത്തുവെച്ചും പുറത്ത് വെച്ചും സംസാരിക്കുന്നതിലെ വ്യത്യാസത്തെക്കുറിച്ച് പറഞ്ഞല്ലോ. പക്ഷെ പ്രസംഗത്തിലുടനീളം താങ്കള്‍ തികച്ചും നിര്‍ഭയ ആയിരുന്നല്ലോ. കാര്യങ്ങള്‍ നേരിട്ട് തന്നെ പറയാതെ സൂചനകളിലൂടെ പറയുന്ന ശൈലി സ്വീകരിച്ചില്ല. വംശഹത്യ എന്ന പദം ഒഴിവാക്കാന്‍ ശ്രമിച്ചുമില്ല.....

അരുന്ധതി റോയ്: വംശഹത്യ എന്ന വാക്കിനെക്കുറിച്ച് പറഞ്ഞുതുടങ്ങിയപ്പോള്‍, അതിനു നിര്‍വചനം നല്‍കിയപ്പോള്‍, വംശഹത്യയുടെ ചരിത്രത്തെക്കുറിച്ചും ഇന്ത്യയില്‍ ഇന്നെന്താണ് സംഭവിക്കുന്നത് - ഇന്ത്യന്‍ ഫാസിസ്റ്റുകള്‍ എങ്ങിനെ മുസ്ലീങ്ങളെ കൊല ചെയ്തു- എന്നതിനെക്കുറിച്ചും സംസാരിച്ചപ്പോള്‍ വംശഹത്യക്കുള്ള ത്വര(genocidal impulse) എല്ലാ മതങ്ങളിലുമുണ്ടെന്നും തുര്‍ക്കികള്‍ അര്‍മേനിയന്‍ വംശജര്‍ക്കെതിരെ പ്രയോഗിച്ച അതേ വൃത്തികെട്ട ഫാസിസ്റ്റ് വാചോടോപം(fascist rhetoric) കൃസ്ത്യാനികള്‍ അമേരിക്കന്‍ ഇന്ത്യക്കാര്‍ക്കെതിരായും, നാസികള്‍ ജൂതര്‍ക്കെതിരായും ഹിന്ദുക്കള്‍ മുസ്ലീമുകള്‍ക്കെതിരായും ഉപയോഗിച്ചിരുന്നു എന്ന് വ്യക്തമായി പറയുവാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നു. വംശഹത്യ എന്നത് ഒരു സങ്കീര്‍ണ്ണമായ പ്രക്രിയയാണ്. അതിനുള്ള ത്വര ഏതെങ്കിലും ഒരു മതവുമായി മാത്രമായോ ഒരു സംസ്കാരവുമായി മാത്രമായോ ബന്ധപ്പെട്ടിട്ടുള്ള ഒന്നല്ല. അര്‍മേനിയന്‍ വംശഹത്യയെക്കുറിച്ചും അത് (തുര്‍ക്കി സര്‍ക്കാര്‍) നിഷേധിക്കുന്നതിനെക്കുറിച്ചും കേള്‍വിക്കാര്‍ പിരിഞ്ഞുപോകാതിരിക്കുന്ന രീതിയില്‍ എത്രത്തോളം തുറന്നു പറയാമോ അത്രത്തോളം തുറന്നു സംസാരിച്ചു.

എന്റെ വായനക്കിടയില്‍ ഞാന്‍ മനസ്സിലാക്കിയ ഒരു പ്രശ്നം സൂചിപ്പിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അര്‍മേനിയന്‍ വംശഹത്യയെക്കുറിച്ച് വിശദമായി പഠിച്ചിട്ടുള്ള പണ്ഡിതരൊക്കെ-മിക്കവാറും എല്ലാവരും- ഊന്നിപ്പറയുന്ന ഒരു കാര്യം അത് ഇരുപതാം നൂറ്റാണ്ടിലെ ആദ്യത്തെ വംശഹത്യയാണെന്നാണ്. അങ്ങനെ ഉറപ്പിക്കുമ്പോള്‍ അവര്‍ മറ്റു വംശഹത്യകളെ നിഷേധിക്കുകയാണ്, ഉദാഹരണമായി 1904ല്‍ ഹെറേറോ ജനതക്കെതിരെ നടന്ന വംശഹത്യ. അതുകൊണ്ട് ഏതെങ്കിലും ഇരകള്‍ മറ്റേതെങ്കിലും ഇരകളേക്കാള്‍ ഗണനീയരാണെന്ന സൂചന ഇല്ലാതെ അര്‍മേനിയന്‍ വംശഹത്യയെക്കുറിച്ച് സംസാരിക്കുവാന്‍ ഞാന്‍ ശ്രമിച്ചിരുന്നു.

മൌറാദിയന്‍. പ്രഭാഷണം എങ്ങനെ സ്വീകരിക്കപ്പെട്ടു?

അരുന്ധതി റോയ്: അത് സ്വീകരിക്കപ്പെട്ടു എന്നതാണ് പ്രധാന കാര്യം. അത് തടയപ്പെട്ടില്ല. അത് നിഷേധിക്കപ്പെട്ടില്ല. “ഓ..നമ്മുടെത്തന്നെ ഭൂതകാലത്തെക്കുറിച്ച് നമ്മോട് പറയുവാനായി ഇതാ ഒരാള്‍ വന്നിരിക്കുന്നു” എന്നാരും പറഞ്ഞില്ല. അതിനു കാരണം ഞാന്‍ തുര്‍ക്കിയുടെ ഭൂതകാലത്തെക്കുറിച്ച് മാത്രമായി സംസാരിക്കുകയായിരുന്നില്ല എന്നതാണ്. എന്റെ പ്രസംഗം സ്വീകരിക്കപ്പെട്ടു എന്നത് ഉറപ്പു വരുത്താനുള്ള വഴിയായിരുന്നു എനിക്കത്.

ഏറ്റവും വലിയ കാര്യം അത് സ്വീകരിക്കപ്പെട്ടു എന്നതാണ്. കുറെപ്പേരെങ്കിലും അത് ഉള്‍ക്കൊള്ളുകയും അതിനെക്കുറിച്ച് ചിന്തിക്കുകയും ചെയ്തു എന്നത് ശ്രദ്ധേയമാണ്. കണ്ണീര്‍ തുടയ്ക്കുന്ന പല മുഖങ്ങളും ഞാന്‍ ഹാളില്‍ കണ്ടു. ഈ വിഷയം സംസാരിക്കുന്ന രീതിയില്‍, ഇത് ചെറിയ ചെറിയ രീതിയിലുള്ള മാറ്റം വരുത്തുമെന്ന് ഞാന്‍ പ്രത്യാശിക്കുന്നു. ഒരു പക്ഷെ ഞാന്‍ കൂടുതല്‍ സങ്കല്‍പ്പിക്കുകയായിരിക്കാം.

മൌറാദിയന്‍: പ്രഭാഷണത്തില്‍ ചൂണ്ടിക്കാണിച്ച പോലെ വംശഹത്യയും കടുത്ത മനുഷ്യാവകാശലംഘനങ്ങളും നൂറ്റാണ്ടുകളായി ഒരു മഹാമാരിപോലെ നമ്മെ ബാധിച്ചിരിക്കുന്നു, അതങ്ങിനെത്തന്നെ തുടരുകയും ചെയ്യുന്നു. എന്താണ് മാറിയിട്ടുള്ളത്?

അരുന്ധതി റോയ്: വംശഹത്യക്കുള്ള പ്രേരണയുടെ കാര്യത്തില്‍ വലിയ മാറ്റം ഉണ്ടായിട്ടുള്ളതായി ഞാന്‍ കരുതുന്നില്ല. സാങ്കേതികവിദ്യയും വ്യവസായവല്‍ക്കരണവുമൊക്കെ വലിയ തോതില്‍ അന്യോന്യം കൊല്ലുവാന്‍ മനുഷ്യരെ പ്രാപ്തരാക്കിയിട്ടേ ഉള്ളൂ. ഇന്ത്യയില്‍ ഗുജറാത്തില്‍ 2000 മുസ്ലീമുകളെ കൂട്ടക്കൊല ചെയ്തതിനെപ്പറ്റി ഞാന്‍ സംസാരിച്ചു. അതെല്ലാം(ഗുജറാത്ത് സംഭവങ്ങള്‍) ടി.വിയില്‍ വന്നിരുന്നു.

ഏതാണ്ട് മൂന്നു മാസം മുന്‍പ്, തങ്ങളെങ്ങനെ മുസ്ലീം സമുദായത്തെ ലക്ഷ്യമിടുവാന്‍ തീരുമാനിച്ചു, എങ്ങനെ അതിനൊക്കെ പദ്ധതിയിട്ടു, പോലീസ് എങ്ങനെ ഇതുമായി ബന്ധപ്പെട്ടു, മുഖ്യമന്ത്രി എങ്ങനെ ബന്ധപ്പെട്ടു, അവര്‍ എങ്ങനെ കൊലകള്‍ നടത്തി, എങ്ങനെ ബലാത്സംഗങ്ങള്‍ ചെയ്തു എന്നതിനെക്കുറിച്ച് കൊലപാതകികള്‍ സംസാരിക്കുന്നത് കാമറയില്‍ പിടിച്ചിരുന്നു. അതൊക്കെ ടെലിവിഷനില്‍ പ്രക്ഷേപണം ചെയ്തെങ്കിലും അത് ആ പാര്‍ട്ടിക്ക് ഗുണകരമായി ഭവിക്കുകയാണ് ഉണ്ടായത്. അവര്‍ക്ക് വോട്ട് ചെയ്ത ജനങ്ങള്‍ പറഞ്ഞത് ഈ ആക്രമണങ്ങളുടെ ഇരകള്‍ ഇതാണര്‍ഹിക്കുന്നത് എന്നാണ്. എനിക്ക് ശരിക്കും തോന്നുന്നത് ഈ ഉദാരമായ മനഃസാക്ഷി, മനുഷ്യമനഃസാക്ഷി എന്നതൊക്കെ തികച്ചും കപടമായ സങ്കല്‍പ്പങ്ങളാണെന്നാണ്. ഇന്ത്യയില്‍ ഞങ്ങള്‍ ഭീതിജനകമായ ഒന്നിന്റെ വക്കിലാണ്. ലേഖനത്തില്‍ ഞാന്‍ പറഞ്ഞതുപോലെ വെട്ടുകിളികള്‍ എത്തിയിരിക്കുന്നു, ദരിദ്രര്‍ അവരുടെ വിഭവങ്ങളില്‍ ജീവിതവൃത്തിയില്‍ നിന്നും പുറത്താക്കപ്പെടുന്നു, അവരുടെ ഭൂമിയില്‍ നിന്നും പുഴകളില്‍ നിന്നും ആട്ടിയോടിക്കപ്പെടുന്നു. ജനങ്ങള്‍ വെറുതെ നോക്കിയിരിക്കുകയാണ്. അവരുടെ കണ്ണുകള്‍ തുറന്നാണിരിക്കുന്നതെങ്കിലും അവര്‍ മറുവശത്തേക്കാണ് നോക്കുന്നത്. ജര്‍മ്മനിയില്‍ ജൂതവംശജരെ ഉന്മൂല നാശം ചെയ്തുകൊണ്ടിരുന്നപ്പോള്‍ ജനങ്ങള്‍ ഒരു പക്ഷെ തങ്ങളുടെ കുട്ടികളെ പിയാനോ ക്ലാസിലേക്ക് കൊണ്ടുപോകുകയും, വയലിന്‍ ക്ലാസിലേക്ക് കൊണ്ടു പോകുകയും, കുട്ടികളുടെ ഗൃഹപാഠത്തെക്കുറിച്ചോര്‍ത്ത് വ്യാകുലരാകുകയും ചെയ്തുകൊണ്ടിരുന്നിരിക്കയായിരിക്കണം എന്ന് യാഥാര്‍ത്ഥ്യത്തെക്കുറിച്ച് നമ്മള്‍ ആവര്‍ത്തിച്ച് ആവര്‍ത്തിച്ച് ചിന്തിക്കണം. അത്തരത്തിലുള്ള പരിപൂര്‍ണ്ണമായ മനസ്സാക്ഷിയില്ലായ്മ ഇന്നുമുണ്ട്. എത്ര തന്നെ അഭ്യര്‍ത്ഥിച്ചാലും മാറ്റം വരുവാന്‍ സാധ്യതയില്ല. ദുരന്തം ഒഴിവാക്കാനുള്ള ഏക വഴി ദുരന്തത്തിനു ഇരയാകുന്നവര്‍ക്ക് പ്രതിരോധിക്കുവാന്‍ കഴിയുക എന്നത് മാത്രമാണ്.

അഭിമുഖ സംഭാഷണത്തിന്റെ ആംഗലേയരൂപം Mouradianന്റെ കുറിപ്പോടു കൂടി അദ്ദേഹത്തിന്റെ ബ്ലോഗില്‍ of grasshoppers and men എന്ന പോസ്റ്റായി ഇട്ടിട്ടുണ്ട്.

ഈ അഭിമുഖം മലയാളത്തിലാക്കുവാനും പ്രസിദ്ധീകരിക്കുവാനും അനുവാദം തന്ന മൌറാദിയനു നന്ദി.

5 comments:

മൂര്‍ത്തി said...

ഇക്കഴിഞ്ഞ ജനുവരി 18ന് ഇസ്താംബുള്ളിലെ Bosphorus Universityയില്‍ Hrant Dink അനുസ്മരണ പ്രഭാഷണം നടത്തിയത് അരുന്ധതി റോയ് ആയിരുന്നു. തന്റെ പ്രഭാഷണത്തില്‍ അവര്‍ വംശഹത്യയുടെ ചരിത്രവും അതിന്റെ പിന്നിലെ പ്രചോദനവുമൊക്കെ വിശദമായി അവതരിപ്പിച്ചിരുന്നു. പ്രഭാഷണത്തിനു ശേഷം Armenian Weeklyയുടെ പത്രാധിപരായ Khatchig Mouradian അരുന്ധതി റോയുമായി നടത്തിയ ടെലഫോണ്‍ ഇന്റര്‍വ്യൂവിന്റെ സ്വതന്ത്ര വിവര്‍ത്തനം.

ഉപാസന || Upasana said...

വായിക്കാന്‍ പറ്റുന്നില്ല മാഷേ.
ഭയങ്കര കളര്‍
:(
ഉപാസന

മൂര്‍ത്തി said...

എന്റെ ബ്രൌസറില്‍ കുഴപ്പമില്ലല്ലോ ഉപാസനേ.എന്താണ് പ്രശ്നം എന്ന് മനസ്സിലാവുന്നില്ല..

ഡാലി said...

വിവര്‍ത്തനത്തിനു നന്ദി മൂര്‍ത്തി മാഷേ.
“എനിക്ക് ശരിക്കും തോന്നുന്നത് ഈ ഉദാരമായ മനഃസാക്ഷി, മനുഷ്യമനഃസാക്ഷി എന്നതൊക്കെ തികച്ചും കപടമായ സങ്കല്‍പ്പങ്ങളാണെന്നാണ്.“
എത്രയോ പ്രാവശ്യം തോന്നിയിട്ടില്ലേ.
ഓഫ്:
എനിക്ക് വായിക്കാന്‍ പ്രശ്നമൊന്നും ഇല്ല. പഴയ റ്റെമ്പ്ലീറ്റ് തന്നെ.

മൂര്‍ത്തി said...

ഉപാസന, ഡാലി നന്ദി..ഡാലി പറഞ്ഞതുപോലെയൊക്കെ തോന്നിയിട്ടുണ്ട്. നമുക്ക് തന്നെ മനഃസാക്ഷി ഉണ്ടോ എന്നതും ഒരു സംശയം..:)