നമ്മുടെ ടി.വി ചാനലുകളൊക്കെ അവരുടെ എസ്.എം.എസ് ‘സംഗതി‘യും സായിപ്പിനെ കണ്ട് പഠിച്ചത് തന്നെ...മെയ് 18ലെ ദേശാഭിമാനി വാര്‍ത്ത അതുപോലെ ഇവിടെ പോസ്റ്റുന്നു...
ലണ്ടന്‍: ഫോണ്‍ ഇന്‍ പരിപാടികളുടെ പേരില്‍ പ്രേക്ഷകരെ വഞ്ചിച്ചതിന് ബിബിസി അടക്കമുള്ള പ്രമുഖ ടെലിവിഷന്‍ ചാനലുകള്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ പിഴ നല്‍കേണ്ടി വന്നത് കോടികള്‍. വിജയികളെ നേരത്തെതന്നെ തീരുമാനിച്ചുറപ്പിക്കുകയും മത്സരം അവസാനിച്ചശേഷവും ഫോണ്‍ കോളുകള്‍ സ്വീകരിച്ചതുമടക്കം കടുത്ത വഞ്ചനയാണ് ബിബിസി, ചാനല്‍ ഫോര്‍, ഐടിവി ചാനലുകള്‍ നടത്തിയത്. ഫോണ്‍ വഴി വോട്ടിങ് തുടങ്ങുന്നതിനുമുമ്പ് വിജയിയെ നിശ്ചയിച്ച സംഭവംവരെയുണ്ട്. പ്രേക്ഷകരുമായുള്ള ടെലിഫോണ്‍ ബന്ധം സാങ്കേതികത്തകരാര്‍മൂലം മുടങ്ങിയപ്പോള്‍ ചാനലിന്റെ സ്റ്റുഡിയോയിലുള്ളവര്‍തന്നെ ആ റോള്‍ ഏറ്റെടുക്കുക, കൃത്രിമ 'ടെന്‍ഷന്‍' സൃഷ്ടിച്ച് കാഴ്ചക്കാരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുക... അങ്ങനെ പ്രേക്ഷകരെ കൈയിലെടുക്കാന്‍ ഇവര്‍ പല കുതന്ത്രങ്ങളും പയറ്റി. ടിവി ഫോണ്‍ ഇന്‍ പരിപാടികളിലേക്കു വിളിക്കുമ്പോള്‍ വാടകയായി വലിയ തുകയാണ് ടെലിഫോണ്‍ കമ്പനികള്‍ ഈടാക്കുക. പരിപാടി കൊഴുപ്പിക്കാന്‍ ചാനലുകാര് 'സംഗതി'കള്‍ പുറത്തെടുക്കുമ്പോള്‍ ഫോണ്‍ വിളി ഏറും. ഫലം, ടെലികോം കമ്പനിക്കും ലാഭവിഹിതത്തിന്റെ പങ്കുപറ്റുന്ന ചാനലിനും കുശാല്‍.
കഴിഞ്ഞ ഒരു വര്‍ഷമായി പ്രേക്ഷകരെ പലതരത്തിലും പറ്റിച്ചതിന്റെ പേരില്‍ ഐടിവിക്ക് അരക്കോടി പൌണ്ടാണ് ബ്രിട്ടനിലെ മീഡിയാ റെഗുലേറ്ററായ 'ഓഫ്കോം' പിഴ വിധിച്ചത്. ചാനലിലെ ജനപ്രിയ പരിപാടിക്കായുള്ള തെരഞ്ഞെടുപ്പില്‍ തങ്ങളുടെ മികച്ച അവതാരകരായ ആന്റണി മക്പാര്‍ട്ടലിനും ഡെകാന്‍ ഡോണലിക്കും അനുകൂലമായി ഐടിവി കണക്കുണ്ടാക്കി. പ്രേക്ഷകരുടെ വോട്ട് കണക്കാക്കിയാല്‍ ഹാസ്യപരിപാടിയുടെ അവതാരക കാതറിന് ടെയ്റ്റ് ആയിരുന്നു വിജയി. മത്സരത്തില്‍ ജയിക്കാന്‍ സാധ്യതയില്ലെന്നറിയാതെ പാവം പ്രേക്ഷകര്‍ 78 ലക്ഷം പൌണ്ടിനാണ് ഫോണ്‍ വിളിച്ചത്. ഐടിവി തലവന്‍ മൈക്കല്‍ ഗ്രേഡ് തന്നെ ഇക്കാര്യം സമ്മതിച്ചു. തെറ്റ് ആവര്‍ത്തിക്കാതിരക്കാന്‍ നടപടിയെടുത്തിട്ടുണ്ടെന്ന് പറഞ്ഞൊഴിയുകയാണ് അദ്ദേഹം ചെയ്തത്.
പ്രേക്ഷകരെ വിഡ്ഢികളാക്കുന്നതില്‍ ബിബിസിയും മോശക്കാരല്ല. ഫോണ്‍ ഇന്‍ പരിപാടിയില്‍നിന്നുള്ള വരുമാനം സന്നദ്ധസേവനത്തിന് ഉപയോഗിക്കുമെന്ന് പ്രഖ്യാപിച്ച് പരിപാടിക്ക് ആളെ കൂട്ടിയ ചാനല്‍, ഫോണ്‍ ഇന്‍ വഴി കിട്ടിയ 1.06 ലക്ഷം പൌണ്ട് വിഴുങ്ങിയെന്ന് പിന്നീട് സമ്മതിച്ചു. മലയാളത്തിലെ ഒരു ചാനല്‍ എസ് എം എസ് വോട്ടിങ്ങില്‍നിന്ന് ലഭിക്കുന്ന വരുമാനം സന്നദ്ധപ്രവര്‍ത്തനത്തിന് ചെലവഴിക്കുമെന്നു പറഞ്ഞാണ് റിയാലിറ്റി ഷോ സംഘടിപ്പിച്ചത്. ആ തുക എങ്ങോട്ട് പോയെന്ന് ആര്‍ക്കറിയാം?
ബിബിസി ഒരിക്കല്‍ ഫോണ്‍ വഴി വോട്ടിങ്ങില്‍ പങ്കെടുത്ത ആയിരത്തോളം പ്രേക്ഷകരുടെ വോട്ട് പരിഗണിക്കുകപോലും ചെയ്തില്ല. ഫോണ്‍ വിളിച്ച കാശ് നഷ്ടമായതു മിച്ചം. ഫോണ്‍ ഇന്‍ പരിപാടിയില്‍ കൃത്രിമം കാണിച്ച് പ്രേക്ഷകരെ വഞ്ചിച്ചതിന് ചാനല്‍ ഫോര്‍ 15 ലക്ഷം പൌണ്ട് പിഴ അടയ്ക്കേണ്ടി വന്നു.
പ്രേക്ഷകരെയും പരസ്യക്കാരെയും ആകര്‍ഷിക്കാന്‍ ഇന്ത്യയിലെ ടെലിവിഷന്‍ ചാനല്‍ മേഖലയില്‍ കടുത്ത മത്സരമാണ് നടക്കുന്നത്. പിടിച്ചുനില്ക്കാന് ചാനലുകള്‍ ദിവസേന പുതിയ വഴികള്‍ തേടിക്കൊണ്ടിരിക്കുന്നു. മികച്ച വരുമാനമാര്‍ഗമെന്ന നിലയിലാണ് റിയാലിറ്റിഷോയെ ചാനലുകള്‍ കൂട്ടുപിടിച്ചത്. ഇതുവഴി പ്രേക്ഷകരുടെ കൈയിലെ പണം തട്ടാന്‍ എളുപ്പമാണെന്ന് ഇവര്‍ മനസ്സിലാക്കി. റിയാലിറ്റി ഷോ തട്ടിപ്പിന്റെ ചെറുപതിപ്പുകള്‍ ഇതിനകം കൊച്ചുകേരളത്തിലും അരങ്ങേറിയിട്ടുണ്ട്.
വിദേശത്തെ വമ്പന്മാരെ അനുകരിച്ച് തട്ടിപ്പിന് പുതിയ 'സംഗതി'കള്‍ ഇവിടെയും ഒരുങ്ങുമെന്നുറപ്പ്. പ്രേക്ഷകര്‍ കരുതിയിരിക്കുക മാത്രമേ വഴിയുള്ളൂ.
9 comments:
നമ്മുടെ ടി.വി ചാനലുകളൊക്കെ അവരുടെ എസ്.എം.എസ് ‘സംഗതി‘യും സായിപ്പിനെ കണ്ട് പഠിച്ചത് തന്നെ...
ഹിന്ദുവില്‍ ഈ വാര്‍ത്ത വായിച്ചിരുന്നു. എസ്. എം.എസ് മത്സരങ്ങള്‍ തന്നെ ഒരു സാമൂഹ്യസേവനമാണെന്ന് തോന്നും ചില മലയാള ചാനലുകള്‍ പരസ്യം നടത്തുന്നത് കണ്ടാല്‍. അതുകൊണ്ട് അവര്‍ ലാഭമുതല് ചാരിറ്റിയൊന്നും ചെയ്യുമെന്ന് വിചാരിക്കേണ്ട.
അപ്പൊ ഇതായിരുന്നല്ലേ ഇവറ്റകളുടെ പണി . ഹാവൂ എന്നെ മാത്രം ചാനലുകാര് പറ്റിച്ചില്ല. കാരണം ഞാന്‍ SMS അയയ്ക്കാറില്ല .ഒരു സംശയം , ചാനല്‍ ഫോര്‍ പിഴ അടച്ച തുക എസ്.എം.എസ് അയയ്ച്ച് വന്ചിതരായവര്ക്ക് തിരികെ ലഭിച്ചോ
ശരിയാണ് മൂര്‍ത്തി ഇത്തരം തട്ടിപ്പുകളുടെ കേന്ദ്രമായി മാറിയിരിക്കുന്നു നമ്മുടെ മാധ്യമങ്ങള്‍.
റെസ്സലിങ്ങിന്റെ കാര്യത്തില്‍ ഈ പ്രശ്നം പണ്ടേ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്.
എങ്കിലും മൂര്‍ത്തി റിയാലിറ്റി ഷോ യുടെ തട്ടിപ്പ് നിലനില്ക്കത്തന്നെ അതിനെ (റിയാലിറ്റി ഷോയെ)മറ്റൊരര്‍ത്ഥത്തില്‍ വിലയിരുത്തേണ്ടതുണ്ട്.
അതിനെ ഇതുമായി കൂട്ടിക്കുഴക്കരുത്.
ഇതിനെപ്പറ്റി വായിച്ചിരുന്നു.
മലയാളികളാകെ ആവേശത്തോടെ കണ്ടുകൊണ്ടിരുന്ന ഏഷ്യാനെറ്റിന്റെ സ്റ്റാറ്സിംഗറിന്റെ അന്തിമവിജയി ആരായിരിയ്ക്കുമെന്ന് നേരത്തെ പറഞ്ഞുകേട്ടപ്പോള്‍ വിശ്വസിച്ചിരുന്നില്ല.പക്ഷെ അതു സത്യമായിത്തന്നെ വന്നല്ലൊ.
നജീം നല്ല ഗായകനാണെന്നതില്‍ തറ്ക്കമില്ല..എങ്കിലും ഒരു മുന്‍വിധിയോടെയാണ് ഈ പരിപാടി നടത്തിയിരുന്നത് പ്രേക്ഷകനെ വഞ്ചിയ്ക്കുന്നതുപോലെത്തന്നെ.
നിര്‍ഭാഗ്യവശാല്‍ ഈ തട്ടിപ്പില്‍ പെട്ടുപോകുന്നത്, കൂടുതലും താഴ്ന്ന വരുമാനക്കരൊ, ഇടത്തരക്കരോ ആണ്.
“റിയാലിറ്റ്യ് ഷൊ മഹാശ്ചര്യം
നമുക്കും കിട്ടണം പണം“
“സംഗതി“യുടെ “ടെമ്പോ“ പോയോ..
മൂര്‍ത്തി, നന്നായി. റിയാലിറ്റി ഷോകള്‍ സ്വന്തം ആശയം പോലെയാണ് ചില ചാനല്‍ യജമാനന്മാര് ആഘോഷിക്കുന്നത്. ഇതൊക്കെ അമേരിക്കയിലേയും യൂറോപ്പിലേയും ചാനലുകളില്‍ നിന്ന് കോപ്പിയടിച്ചതാണെന്ന് വിവരമുള്ളവര്‍ക്ക് അറിയാം.
കഴിഞ്ഞ ദിവസം മാധ്യമം പത്രത്തിന്റെ എഡിറ്റ് പേജില്‍ ഇതു സംബന്ധിച്ച ഒരും ലേഖനം വന്നത് ഇവിടെ അനുസ്മരിക്കുന്നു.
മലയാളത്തിലെ "ഒരു ചാനല്‍" എസ് എം എസ് വോട്ടിങ്ങില്‍നിന്ന് ലഭിക്കുന്ന വരുമാനം സന്നദ്ധപ്രവര്‍ത്തനത്തിന് ചെലവഴിക്കുമെന്നു പറഞ്ഞാണ് റിയാലിറ്റി ഷോ സംഘടിപ്പിച്ചത്.
അതു അമ്രത TV ആണു.
disclaimer : മറ്റെതെന്ഗീലും ചാനെല്കൂടി ഇതു പരഞിട്ടുടൊ എന്നു അറിയില്ല
കോപ്പിയടിയല്ലാതെ സ്വന്തമായി എന്തെങ്കിലും നമ്മുടെ ചാനലുകാര് ചെയ്തിട്ടുണ്ടൊ എന്നു സംശയം.ഇതാ എന്നെ ബിഡ്ഡീയാക്കൂ ..എന്നു മുറവിളി കൂട്ടുന്ന പ്രേക്ഷകരെ പിന്നെ അങ്ങനെ ചെയ്തില്ലെങ്കില്‍ മോശമല്ലേ..
Post a Comment