Tuesday, August 26, 2008

അതീന്ദ്രിയ ജ്ഞാനം, ഹനുമാന്‍ സേവ, സായിബാബ

കുറെക്കാലം മുന്‍പ് നാട്ടില്‍ വന്ന കൂട്ടുകാരനെ കാണുവാന്‍ വീട്ടില്‍ ചെന്നപ്പോഴാണ് ഒരു വിശിഷ്ടവ്യക്തിയെ പരിചയപ്പെട്ടത്. ഏഷ്യയില്‍ തന്നെ 3 പേര്‍ക്ക് മാത്രം സ്വായത്തമാണ് എന്ന് അയാള്‍ അവകാശപ്പെടുന്ന ക്ലെയര്‍‌വോയന്‍സ് എന്ന അത്ഭുതവിദ്യയുടെ മര്‍മ്മമറിഞ്ഞ മഹാന്‍. പ്രവചനങ്ങളുടേയും ആളെ കയ്യിലെടുക്കുന്നതിന്റെയും മഹാമഹം നടക്കുന്നതിന്റെ ഇടയിലേക്കാണ് ഞാന്‍ കയറിച്ചെന്നത്. സുഹൃത്തിന്റെ കുറെയേറെ ബന്ധുക്കളെ തന്റെ അതീന്ദ്രിയജ്നാനത്തില്‍ വീഴ്ത്തി ഷൈന്‍ ചെയ്ത് ഇരിപ്പായിരുന്നു അയാള്‍.

സുഹൃത്തിന്റെ അമ്മ അയാള്‍ പറയുന്ന ഓരോ കാര്യങ്ങള്‍ക്കും “ അയ്യോ എങ്ങനെ മനസ്സിലായി” എന്നൊക്കെ വണ്ടറടിച്ച് കറങ്ങി നടക്കുകയായിരുന്നു. ഈ ഫീല്‍ഡില്‍ കുറച്ച് കാലം പയറ്റിയിട്ടുള്ള ഏതൊരാള്‍ക്കും നിഷ്പ്രയാസം പറയാവുന്ന കാര്യങ്ങള്‍ മാത്രമെ അയാള്‍ തന്റെ അത്ഭുതവിദ്യയിലൂടെ പ്രവചിക്കുന്നുണ്ടായിരുന്നുള്ളൂ എന്നത് മറ്റൊരു കാര്യം.

ഇടക്ക് വെച്ച് സുഹൃത്തിന്റെ അമ്മ അയാളോട് ചോദിച്ചു “ ഞാന്‍ ഒരു കാര്യം മനസ്സില്‍ വിചാരിക്കുന്നുണ്ട്. അത് നടക്കുമോ ജോത്സ്യരേ?”. പാവം ഒന്നു ഞെട്ടിപ്പോയി. ക്ലെയര്‍‌വോയന്റ് അസ്ട്രോളജര്‍ എന്നൊക്കെ സ്വയം കരുതിയിരുന്ന ആളെപ്പിടിച്ചാണ് അമ്മ ലോക്കല്‍ ജോത്സ്യരാക്കിയത്. ജോത്സ്യര്‍ ഗൌരവം വിടാതെ പറഞ്ഞു.

“ അമ്മ ഒന്നിങ്ങോട്ട് മാറി നില്‍കൂ”

അമ്മ മാറി നിന്നു. ജോത്സ്യര്‍ ചൂണ്ടിക്കാണിച്ച സ്ഥലത്ത് ഒരു ബന്ധു നില്‍പ്പുണ്ടായിരുന്നു. അവര്‍ക്ക് മാറേണ്ടി വന്നു അമ്മക്കവിടെ വന്ന് നില്‍ക്കാന്‍.

“ അമ്മ കണ്ടോ അമ്മക്ക് ഇവിടെ വന്നു നില്‍ക്കണമെങ്കില്‍ ഒരാള്‍ മാറേണ്ടി വന്നു. അതു പോലെ ഒരാള്‍ മാറിയാലെ അമ്മ വിചാരിച്ച കാര്യം നടക്കൂ. ഒരു ശത്രു ഉണ്ട്.’

അമ്മ ഉടനെ തുടങ്ങി “അയ്യോ എത്ര കൃത്യം.. ഞാന്‍ പണ്ടേ വിചാരിച്ചിരുന്നതാ. ഇന്ന ആളാണിത് മുടക്കുന്നത് എന്ന്. ഇപ്പോ ഉറപ്പായി.”

പാവം ഏതോ ബന്ധുവിന്റെ തല..അതില്‍ ഇടിത്തീ വീഴണേ എന്നായിരിക്കും അത് പറഞ്ഞ അമ്മ പ്രാര്‍ത്ഥിച്ചത്.

അങ്ങിനെ പല നമ്പറുകള്‍ ഇറക്കി, ഉത്തരങ്ങളില്‍ നിന്നും മുഖഭാവത്തില്‍ നിന്നും സൂചനകളെടുത്ത് പുള്ളി തന്റെ വാഗ്‌വിലാസത്തിലൂടെ മിക്കവാറും എല്ലാവരേയും കയ്യിലെടുത്തു. കുറെക്കഴിഞ്ഞ് സുഹൃത്ത് പറഞ്ഞു “ ഇനി ഇവന്റെ കാര്യം നോക്ക്” എന്ന്...

പുള്ളി എന്റെ കാര്യങ്ങള്‍ പറയാന്‍ തുടങ്ങി. മുഖത്ത് ഒരു ഭാവവും ഇല്ലാതെ, മറുപടി പറയാതെ ഞാന്‍ നിസ്സംഗനായി കേട്ടുകൊണ്ടിരുന്നു. പുള്ളി പറഞ്ഞത് എല്ലാം പൊട്ടത്തെറ്റുകള്‍..

എല്ലാം കഴിഞ്ഞ് അയാള്‍ പോയിക്കഴിഞ്ഞപ്പോള്‍ സുഹൃത്ത് എന്നോട് പറഞ്ഞു

“അയാളുടെ നമ്പറ് നിന്റെ ആ ഇരുപ്പില്‍ പൊളിഞ്ഞല്ലോടേ”

*

കൂടുതല്‍ അത്ഭുതപ്പെടുത്തിയ ഒരു സംഭവം മറ്റൊരു സുഹൃത്ത് മദ്രാസിലെ ഏതോ ഹനുമാന്‍ സേവക്കാരന്റെ വലയില്‍ വീണതാണ്. ഹനുമാന്‍ കയറുമ്പോള്‍ ഉറഞ്ഞുതുള്ളി പ്രവചനങ്ങള്‍ നടത്തുന്ന ഒരാള് മദ്രാസിലെ എവിടെയോ ഉണ്ട്‍. ജോലിക്ക് ശ്രമിക്കാന്‍ പോയി തിരിച്ചുവന്ന സുഹൃത്ത് ഭയങ്കര ഹനുമാന്‍ സേവ ആരാധകന്‍. ചോദിച്ചപ്പോള്‍ മദ്രാസിലെ ആ മോനെ കണ്ടകാര്യം വിശദീകരിച്ചു. കൂട്ടുകാരന്റെ കുറെക്കാര്യങ്ങള്‍ കൃത്യമായി പറഞ്ഞു എന്നും പുള്ളി ഭയങ്കര പ്രവാചകനാണെന്നുമൊക്കെയായി. ഞാന്‍ ചോദിച്ചു നോക്കിയപ്പോള്‍ മിക്കവാറും എല്ലാം തന്നെ സുഹൃത്തിന്റെ ബന്ധുക്കളില്‍ ആര്‍ക്കെങ്കിലും അറിയാവുന്ന കാര്യങ്ങള്‍ മാത്രം. ചെരിപ്പു പോയതും, തിരിച്ചു കിട്ടിയതും ഒക്കെ. കൂട്ടുകാരന്റെ അച്ഛനും അമ്മയും പുള്ളിക്ക് ഇടാന്‍ വെച്ചിരുന്ന ഒരു പേരുണ്ടായിരുന്നു. അവസാന നിമിഷം അവര്‍ അത് മാറ്റി മറ്റൊരു പേരിടുകയായിരുന്നു. ആ ഇടാതെ പോയ പഴയ പേര് അയാള്‍ പറഞ്ഞു എന്നതില്‍ നിന്നാണ് വിശ്വാസം ആരംഭിക്കുന്നത്. ഹനുമാന്‍ സേവക്കാരന്റെ കടുത്ത ഭക്തയായ കൂട്ടുകാരന്റെ ചെറിയമ്മക്ക് ഇത് അറിയാം എന്നും അവര്‍ വഴി അറിഞ്ഞ് അയാള്‍ ഇറക്കിയ നമ്പര്‍ ആണതെന്നും സുഹൃത്ത് ചിന്തിച്ചുകൂടിയില്ല. ഹനുമാന്‍ സേവക്കാരന്‍ പറഞ്ഞ എല്ലാ ഭൂത/വര്‍ത്തമാനങ്ങളും ബന്ധുക്കളില്‍ ആര്‍ക്കെങ്കിലും അറിയാവുന്നവ മാത്രം. ഭാവിയില്‍ എന്റെ ഒരു ചെരിപ്പു കൂടി പോകും എന്ന് ഹനുമാന്‍ സേവക്കാരന്‍ പറഞ്ഞിട്ടുണ്ട്.ഞാന്‍ അത് വെയിറ്റ് ചെയ്ത് ഇരിക്കുകയാണ് എന്നായിരുന്നു ഇക്കാര്യത്തെപ്പറ്റി ഞങ്ങള്‍ തമ്മില്‍ അവസാനം സംസാരിച്ചത്. പിന്നെ എന്തായി എന്നറിയില്ല. ആ സമയത്ത് മാനസികമായി ചില നിരാശകള്‍ ബാധിച്ചിരുന്നു എന്നതാണ് അന്യഥാ ചിന്തിക്കുന്നവനും വായിക്കുന്നവനുമായ സുഹൃത്തിനെ വലയില്‍ വീഴ്ത്തിയത് എന്ന് ഉറപ്പാണ്. ഇപ്പോള്‍ രക്ഷപ്പെട്ടു കാണണം.

*

ബന്ധുക്കള്‍ വഴി അറിഞ്ഞ വിവരങ്ങള്‍ ഉപയോഗിച്ച് നമ്പര്‍ ഇറക്കി ആരാധകരെ നേടുന്ന ഹനുമാന്‍‌സേവക്കാരന്റെ കാര്യം പറഞ്ഞപ്പോഴാണ് പണ്ട് വായിച്ച ഒരു സംഭവം ഓര്‍മ്മ വന്നത്. കഥാനായകന്‍ പുട്ടപര്‍ത്തിയിലെ സായി ബാബ.

ദര്‍ശനത്തിനു വരുന്ന പുരുഷാരത്തിനിടയില്‍ നിന്ന് നിങ്ങളുടെ പേരു വിളിച്ച് കാര്യങ്ങള്‍ പറയുന്ന അത്ഭുത സിദ്ധിയെക്കുറിച്ച് വായിച്ച രണ്ടു പേര്‍ അതൊന്ന് പരീക്ഷിക്കണം എന്ന് കരുത് സായിബാബയുടെ ആശ്രമത്തില്‍ ചെന്നു. കുറെ ദിവസം പ്രാര്‍ത്ഥനയിലൊക്കെ പങ്ക് കൊണ്ടെങ്കിലും ഇവരെ ബാ‍ബ വിളിക്കുകയോ പറയുകയോ ഒന്നു ചെയ്തില്ല. അങ്ങനെ ഇവര്‍ ആശ്രമത്തിലെ ഒരു സഹായിയെ സമീപിക്കുന്നു. ബാബ തങ്ങളെ മാത്രം വിളിച്ചില്ലെന്നും നിരാശയുണ്ടെന്നുമൊക്കെ അയാളോട് കാച്ചുന്നു. ഇവരുടെ കാര്യങ്ങള്‍ ഒക്കെ ചോദിച്ചു മനസ്സിലാക്കിയ അയാള്‍ നാളെ ഒരു പ്രത്യേക തൂണിനു സമീപം ഇരുന്നാല്‍ ചിലപ്പോള്‍ ബാബ വിളിച്ചേക്കുമെന്നുമൊക്കെ പറയുന്നു. സഹായിയോട് ഇവര്‍ പറഞ്ഞ വിവരങ്ങള്‍ ഒക്കെ സത്യസന്ധമായിരുന്നെങ്കിലും ഒരു നമ്പര്‍ ഇറക്കിയിരുന്നു. ഒരാള്‍ തന്റെ വിവരങ്ങള്‍ എന്ന മട്ടില്‍ സഹായിയോട് പറഞ്ഞത് മറ്റെയാളുടെ കാര്യങ്ങളായിരുന്നു. മറ്റെയാള്‍ തിരിച്ചും.

പിറ്റേന്ന് തൂണിനു സമീപമിരുന്നെങ്കിലും ബാബ വിളിച്ചില്ല. വീണ്ടും സഹായിയെ കാണുന്നു. അയാള്‍ കുറച്ച് കൂടി കുശലപ്രശ്നം നടത്തുന്നു. നാളെ എന്തായാലും വിളിക്കും എന്ന് ഉറപ്പുകൊടുക്കുന്നു.

പിറ്റേന്ന് സായി ബാബ വരുന്നു...അതിലൊരാളെ വിളിക്കുന്നു...അയാളെ സംബന്ധിച്ച കാര്യങ്ങള്‍ മുഴുവന്‍ കൃത്യമായി പറയുന്നു. കുറച്ച് കഴിഞ്ഞ് മറ്റെയാളെ വിളിക്കുന്നു. അയാളുടേയും കാര്യങ്ങള്‍ പറയുന്നു..കൃത്യമായിത്തന്നെ...

ഒറ്റ കുഴപ്പമേയുള്ളൂ....

സഹായിയോട് പറഞ്ഞു കൊടുത്തപോലെ ഒരാളെ വിളിച്ച് സായി ബാബ പറഞ്ഞത് മറ്റെയാളുടെ കാര്യങ്ങളായിരുന്നു. രണ്ടാമനെ വിളിച്ച് പറഞ്ഞത് ആദ്യത്തെ ആളുടെ കാര്യങ്ങളും!!