Tuesday, August 26, 2008

അതീന്ദ്രിയ ജ്ഞാനം, ഹനുമാന്‍ സേവ, സായിബാബ

കുറെക്കാലം മുന്‍പ് നാട്ടില്‍ വന്ന കൂട്ടുകാരനെ കാണുവാന്‍ വീട്ടില്‍ ചെന്നപ്പോഴാണ് ഒരു വിശിഷ്ടവ്യക്തിയെ പരിചയപ്പെട്ടത്. ഏഷ്യയില്‍ തന്നെ 3 പേര്‍ക്ക് മാത്രം സ്വായത്തമാണ് എന്ന് അയാള്‍ അവകാശപ്പെടുന്ന ക്ലെയര്‍‌വോയന്‍സ് എന്ന അത്ഭുതവിദ്യയുടെ മര്‍മ്മമറിഞ്ഞ മഹാന്‍. പ്രവചനങ്ങളുടേയും ആളെ കയ്യിലെടുക്കുന്നതിന്റെയും മഹാമഹം നടക്കുന്നതിന്റെ ഇടയിലേക്കാണ് ഞാന്‍ കയറിച്ചെന്നത്. സുഹൃത്തിന്റെ കുറെയേറെ ബന്ധുക്കളെ തന്റെ അതീന്ദ്രിയജ്നാനത്തില്‍ വീഴ്ത്തി ഷൈന്‍ ചെയ്ത് ഇരിപ്പായിരുന്നു അയാള്‍.

സുഹൃത്തിന്റെ അമ്മ അയാള്‍ പറയുന്ന ഓരോ കാര്യങ്ങള്‍ക്കും “ അയ്യോ എങ്ങനെ മനസ്സിലായി” എന്നൊക്കെ വണ്ടറടിച്ച് കറങ്ങി നടക്കുകയായിരുന്നു. ഈ ഫീല്‍ഡില്‍ കുറച്ച് കാലം പയറ്റിയിട്ടുള്ള ഏതൊരാള്‍ക്കും നിഷ്പ്രയാസം പറയാവുന്ന കാര്യങ്ങള്‍ മാത്രമെ അയാള്‍ തന്റെ അത്ഭുതവിദ്യയിലൂടെ പ്രവചിക്കുന്നുണ്ടായിരുന്നുള്ളൂ എന്നത് മറ്റൊരു കാര്യം.

ഇടക്ക് വെച്ച് സുഹൃത്തിന്റെ അമ്മ അയാളോട് ചോദിച്ചു “ ഞാന്‍ ഒരു കാര്യം മനസ്സില്‍ വിചാരിക്കുന്നുണ്ട്. അത് നടക്കുമോ ജോത്സ്യരേ?”. പാവം ഒന്നു ഞെട്ടിപ്പോയി. ക്ലെയര്‍‌വോയന്റ് അസ്ട്രോളജര്‍ എന്നൊക്കെ സ്വയം കരുതിയിരുന്ന ആളെപ്പിടിച്ചാണ് അമ്മ ലോക്കല്‍ ജോത്സ്യരാക്കിയത്. ജോത്സ്യര്‍ ഗൌരവം വിടാതെ പറഞ്ഞു.

“ അമ്മ ഒന്നിങ്ങോട്ട് മാറി നില്‍കൂ”

അമ്മ മാറി നിന്നു. ജോത്സ്യര്‍ ചൂണ്ടിക്കാണിച്ച സ്ഥലത്ത് ഒരു ബന്ധു നില്‍പ്പുണ്ടായിരുന്നു. അവര്‍ക്ക് മാറേണ്ടി വന്നു അമ്മക്കവിടെ വന്ന് നില്‍ക്കാന്‍.

“ അമ്മ കണ്ടോ അമ്മക്ക് ഇവിടെ വന്നു നില്‍ക്കണമെങ്കില്‍ ഒരാള്‍ മാറേണ്ടി വന്നു. അതു പോലെ ഒരാള്‍ മാറിയാലെ അമ്മ വിചാരിച്ച കാര്യം നടക്കൂ. ഒരു ശത്രു ഉണ്ട്.’

അമ്മ ഉടനെ തുടങ്ങി “അയ്യോ എത്ര കൃത്യം.. ഞാന്‍ പണ്ടേ വിചാരിച്ചിരുന്നതാ. ഇന്ന ആളാണിത് മുടക്കുന്നത് എന്ന്. ഇപ്പോ ഉറപ്പായി.”

പാവം ഏതോ ബന്ധുവിന്റെ തല..അതില്‍ ഇടിത്തീ വീഴണേ എന്നായിരിക്കും അത് പറഞ്ഞ അമ്മ പ്രാര്‍ത്ഥിച്ചത്.

അങ്ങിനെ പല നമ്പറുകള്‍ ഇറക്കി, ഉത്തരങ്ങളില്‍ നിന്നും മുഖഭാവത്തില്‍ നിന്നും സൂചനകളെടുത്ത് പുള്ളി തന്റെ വാഗ്‌വിലാസത്തിലൂടെ മിക്കവാറും എല്ലാവരേയും കയ്യിലെടുത്തു. കുറെക്കഴിഞ്ഞ് സുഹൃത്ത് പറഞ്ഞു “ ഇനി ഇവന്റെ കാര്യം നോക്ക്” എന്ന്...

പുള്ളി എന്റെ കാര്യങ്ങള്‍ പറയാന്‍ തുടങ്ങി. മുഖത്ത് ഒരു ഭാവവും ഇല്ലാതെ, മറുപടി പറയാതെ ഞാന്‍ നിസ്സംഗനായി കേട്ടുകൊണ്ടിരുന്നു. പുള്ളി പറഞ്ഞത് എല്ലാം പൊട്ടത്തെറ്റുകള്‍..

എല്ലാം കഴിഞ്ഞ് അയാള്‍ പോയിക്കഴിഞ്ഞപ്പോള്‍ സുഹൃത്ത് എന്നോട് പറഞ്ഞു

“അയാളുടെ നമ്പറ് നിന്റെ ആ ഇരുപ്പില്‍ പൊളിഞ്ഞല്ലോടേ”

*

കൂടുതല്‍ അത്ഭുതപ്പെടുത്തിയ ഒരു സംഭവം മറ്റൊരു സുഹൃത്ത് മദ്രാസിലെ ഏതോ ഹനുമാന്‍ സേവക്കാരന്റെ വലയില്‍ വീണതാണ്. ഹനുമാന്‍ കയറുമ്പോള്‍ ഉറഞ്ഞുതുള്ളി പ്രവചനങ്ങള്‍ നടത്തുന്ന ഒരാള് മദ്രാസിലെ എവിടെയോ ഉണ്ട്‍. ജോലിക്ക് ശ്രമിക്കാന്‍ പോയി തിരിച്ചുവന്ന സുഹൃത്ത് ഭയങ്കര ഹനുമാന്‍ സേവ ആരാധകന്‍. ചോദിച്ചപ്പോള്‍ മദ്രാസിലെ ആ മോനെ കണ്ടകാര്യം വിശദീകരിച്ചു. കൂട്ടുകാരന്റെ കുറെക്കാര്യങ്ങള്‍ കൃത്യമായി പറഞ്ഞു എന്നും പുള്ളി ഭയങ്കര പ്രവാചകനാണെന്നുമൊക്കെയായി. ഞാന്‍ ചോദിച്ചു നോക്കിയപ്പോള്‍ മിക്കവാറും എല്ലാം തന്നെ സുഹൃത്തിന്റെ ബന്ധുക്കളില്‍ ആര്‍ക്കെങ്കിലും അറിയാവുന്ന കാര്യങ്ങള്‍ മാത്രം. ചെരിപ്പു പോയതും, തിരിച്ചു കിട്ടിയതും ഒക്കെ. കൂട്ടുകാരന്റെ അച്ഛനും അമ്മയും പുള്ളിക്ക് ഇടാന്‍ വെച്ചിരുന്ന ഒരു പേരുണ്ടായിരുന്നു. അവസാന നിമിഷം അവര്‍ അത് മാറ്റി മറ്റൊരു പേരിടുകയായിരുന്നു. ആ ഇടാതെ പോയ പഴയ പേര് അയാള്‍ പറഞ്ഞു എന്നതില്‍ നിന്നാണ് വിശ്വാസം ആരംഭിക്കുന്നത്. ഹനുമാന്‍ സേവക്കാരന്റെ കടുത്ത ഭക്തയായ കൂട്ടുകാരന്റെ ചെറിയമ്മക്ക് ഇത് അറിയാം എന്നും അവര്‍ വഴി അറിഞ്ഞ് അയാള്‍ ഇറക്കിയ നമ്പര്‍ ആണതെന്നും സുഹൃത്ത് ചിന്തിച്ചുകൂടിയില്ല. ഹനുമാന്‍ സേവക്കാരന്‍ പറഞ്ഞ എല്ലാ ഭൂത/വര്‍ത്തമാനങ്ങളും ബന്ധുക്കളില്‍ ആര്‍ക്കെങ്കിലും അറിയാവുന്നവ മാത്രം. ഭാവിയില്‍ എന്റെ ഒരു ചെരിപ്പു കൂടി പോകും എന്ന് ഹനുമാന്‍ സേവക്കാരന്‍ പറഞ്ഞിട്ടുണ്ട്.ഞാന്‍ അത് വെയിറ്റ് ചെയ്ത് ഇരിക്കുകയാണ് എന്നായിരുന്നു ഇക്കാര്യത്തെപ്പറ്റി ഞങ്ങള്‍ തമ്മില്‍ അവസാനം സംസാരിച്ചത്. പിന്നെ എന്തായി എന്നറിയില്ല. ആ സമയത്ത് മാനസികമായി ചില നിരാശകള്‍ ബാധിച്ചിരുന്നു എന്നതാണ് അന്യഥാ ചിന്തിക്കുന്നവനും വായിക്കുന്നവനുമായ സുഹൃത്തിനെ വലയില്‍ വീഴ്ത്തിയത് എന്ന് ഉറപ്പാണ്. ഇപ്പോള്‍ രക്ഷപ്പെട്ടു കാണണം.

*

ബന്ധുക്കള്‍ വഴി അറിഞ്ഞ വിവരങ്ങള്‍ ഉപയോഗിച്ച് നമ്പര്‍ ഇറക്കി ആരാധകരെ നേടുന്ന ഹനുമാന്‍‌സേവക്കാരന്റെ കാര്യം പറഞ്ഞപ്പോഴാണ് പണ്ട് വായിച്ച ഒരു സംഭവം ഓര്‍മ്മ വന്നത്. കഥാനായകന്‍ പുട്ടപര്‍ത്തിയിലെ സായി ബാബ.

ദര്‍ശനത്തിനു വരുന്ന പുരുഷാരത്തിനിടയില്‍ നിന്ന് നിങ്ങളുടെ പേരു വിളിച്ച് കാര്യങ്ങള്‍ പറയുന്ന അത്ഭുത സിദ്ധിയെക്കുറിച്ച് വായിച്ച രണ്ടു പേര്‍ അതൊന്ന് പരീക്ഷിക്കണം എന്ന് കരുത് സായിബാബയുടെ ആശ്രമത്തില്‍ ചെന്നു. കുറെ ദിവസം പ്രാര്‍ത്ഥനയിലൊക്കെ പങ്ക് കൊണ്ടെങ്കിലും ഇവരെ ബാ‍ബ വിളിക്കുകയോ പറയുകയോ ഒന്നു ചെയ്തില്ല. അങ്ങനെ ഇവര്‍ ആശ്രമത്തിലെ ഒരു സഹായിയെ സമീപിക്കുന്നു. ബാബ തങ്ങളെ മാത്രം വിളിച്ചില്ലെന്നും നിരാശയുണ്ടെന്നുമൊക്കെ അയാളോട് കാച്ചുന്നു. ഇവരുടെ കാര്യങ്ങള്‍ ഒക്കെ ചോദിച്ചു മനസ്സിലാക്കിയ അയാള്‍ നാളെ ഒരു പ്രത്യേക തൂണിനു സമീപം ഇരുന്നാല്‍ ചിലപ്പോള്‍ ബാബ വിളിച്ചേക്കുമെന്നുമൊക്കെ പറയുന്നു. സഹായിയോട് ഇവര്‍ പറഞ്ഞ വിവരങ്ങള്‍ ഒക്കെ സത്യസന്ധമായിരുന്നെങ്കിലും ഒരു നമ്പര്‍ ഇറക്കിയിരുന്നു. ഒരാള്‍ തന്റെ വിവരങ്ങള്‍ എന്ന മട്ടില്‍ സഹായിയോട് പറഞ്ഞത് മറ്റെയാളുടെ കാര്യങ്ങളായിരുന്നു. മറ്റെയാള്‍ തിരിച്ചും.

പിറ്റേന്ന് തൂണിനു സമീപമിരുന്നെങ്കിലും ബാബ വിളിച്ചില്ല. വീണ്ടും സഹായിയെ കാണുന്നു. അയാള്‍ കുറച്ച് കൂടി കുശലപ്രശ്നം നടത്തുന്നു. നാളെ എന്തായാലും വിളിക്കും എന്ന് ഉറപ്പുകൊടുക്കുന്നു.

പിറ്റേന്ന് സായി ബാബ വരുന്നു...അതിലൊരാളെ വിളിക്കുന്നു...അയാളെ സംബന്ധിച്ച കാര്യങ്ങള്‍ മുഴുവന്‍ കൃത്യമായി പറയുന്നു. കുറച്ച് കഴിഞ്ഞ് മറ്റെയാളെ വിളിക്കുന്നു. അയാളുടേയും കാര്യങ്ങള്‍ പറയുന്നു..കൃത്യമായിത്തന്നെ...

ഒറ്റ കുഴപ്പമേയുള്ളൂ....

സഹായിയോട് പറഞ്ഞു കൊടുത്തപോലെ ഒരാളെ വിളിച്ച് സായി ബാബ പറഞ്ഞത് മറ്റെയാളുടെ കാര്യങ്ങളായിരുന്നു. രണ്ടാമനെ വിളിച്ച് പറഞ്ഞത് ആദ്യത്തെ ആളുടെ കാര്യങ്ങളും!!

25 comments:

മൂര്‍ത്തി said...

പോത്തിന്‍‌കാലു കഴിഞ്ഞാല്‍ പിന്നെ പറയേണ്ടത് ഇതൊക്കെ തന്നെ അല്ലേ? :)

യാരിദ്‌|~|Yarid said...

നൂറ്റൊന്നു മെഴുകുതിരി ആദ്യം കത്തിക്കുന്നു.

അലക്കുനേല്‍ ഇങ്ങനെ അലക്കണം.ചുമ്മാ അലക്കിയാല്‍ പോര, അലക്കി ഉണക്കിയെടുക്കണം..;)

ആറ്റുകാല്‍ രാധു മൂര്‍ത്തി മാഷിനെ തേടി നടക്കുന്നുണ്ട് എന്നൊരറിവു കീട്ടിയിട്ടുണ്ട്. സുക്ഷിക്കുന്നതു നല്ലതായിരിക്കും...;)

പ്രിയ said...

:-)

പ്രിയ said...

ഇതു വായിച്ചു ചുമ്മാ ചിരിച്ചിട്ട് പോയാല് വല്ല ദോഷോം ഉണ്ടാകുമോ എന്തോ?

:-)

കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി. said...

:)

ശ്രീവല്ലഭന്‍. said...

വീട്ടില്‍ അച്ഛനും അമ്മയും വളരെ ഭക്തി ആണ്. പണ്ടു മുതലേ ഇതുപോലെ കുറെ സേവക്കാരെ കാണാന്‍ പോകുമായിരുന്നു. അതിലൊന്ന് ഞാന്‍ പ്രീഡിഗ്രി എഴുതി നില്‍ക്കുമ്പോള്‍. അനിയന്‍ എസ് എസ് എല്‍ സിയും. കവിയൂരുള്ള ഹനുമാന്‍ സേവ ചെയ്യുന്ന ഒരു സ്ത്രീയുടെ വീട്ടില്‍ പോയി മക്കള്‍ എങ്ങെനൊക്കെയാകും എന്ന് അറിയാനുള്ള തത്രപ്പാടാണ് വീട്ടുകാര്‍ക്ക്. പൂജയ്ക്ക് ശേഷം സ്വാമിനി ഉവാച:

മൂത്ത ഉണ്ണിക്ക് പ്രീഡിഗ്രിക്ക് ഫസ്റ്റ് ക്ലാസ്സ് ഉണ്ടായിരിക്കും. ഇളയ ഉണ്ണിയുടെ കാര്യം സംശയം ആണ്. ചില പൂജകള്‍ ഒക്കെ ചെയ്‌താല്‍ ശരിയാകും.

ഞാനൊന്ന് ഞെട്ടി. എന്നെക്കുറിച്ചു അസംബന്ധം പറഞ്ഞിരിക്കുന്നു. ഇളയവന്‍ പഠിയ്ക്കാന്‍ മിടുക്കന്‍. ഞാനാണേല്‍ തോല്‍ക്കുമോ എന്ന് സംശയിച്ചു നില്ക്കുന്നു. പിന്നെ കുറെ പൂജയൊക്കെ ചെയ്ത് ഇളയവനു ഫസ്റ്റ് ക്ലാസും എനിക്ക് കഷ്ടിച്ച് സെക്കന്റ് ക്ലാസ്സിനടുത്തും കിട്ടി. :-) ഒരു ഗുണം ഉണ്ടായി- പിന്നീട് അവിടേയ്ക്ക് പ്രസാദത്തിനു പോയിട്ടില്ല.

പിന്നീട് ഉലക്കയമ്മയുടെ അയല്‍പക്കംകാരി പത്തുവയസ്സുള്ള കുട്ടിയുമായ്‌ ചോറ്റാനിക്കര ക്ഷാത്ര ദര്‍ശനത്തിനായ് പോകുന്നു. കുട്ടി ഇടയ്ക്കിടെ തുള്ളി കാര്യങ്ങള്‍ ഒക്കെ പറയും. മാതാപിതാക്കള്‍ വളരെ ഭക്തിയോടെ 'അമ്മേ, കാത്തുരക്ഷിക്കണം' എന്ന് വിനയപുരസരം പറയുന്നു. അമ്പലത്തില്‍ വച്ചും അമ്മ അനുഗ്രഹിച്ച് കുട്ടി ആടുകയാണ്. എനിക്കാണേല്‍ തിരിച്ചു പോരണം എന്ന് നിര്‍ബന്ധം. അപ്പം അമ്മക്കുട്ടിയുടെ അരുളപ്പാട്:

'ഇപ്പോള്‍ തിരിച്ചു പോയാല്‍ അപകടം സംഭവിക്കും.'ഹെന്റമ്മേ. വീണ്ടും ഞെട്ടി.

'പിന്നെ എപ്പോള്‍ പോകണം അമ്മേ, നാളെ രാവിലെ മതിയോ? അങ്ങനാണേല്‍ അങ്ങനെ' അച്ഛന് പകുതി സമ്മതം.

"വേണ്ട. ഇന്നു നാലുമണിക്ക് പൊയ്ക്കോളൂ." അമ്മ.

അപ്പോള്‍ സമയം അഞ്ചരയോടടുത്തായിരുന്നു.

അതോടെ ഏതായാലും തിരിച്ചു തിരുവല്ലയ്ക്കു പോരാമെന്നു തീരുമാനിച്ചു. അമ്മയ്ക്ക് സമയം കൃത്യമായ് അറിയില്ലെങ്കില്‍ പിന്നെ എന്ത് അമ്മ?

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: ഭാഗ്യം ഈ ചാത്തനേറ് ഇക്കൂട്ടത്തില്‍ പെടൂല...

ഇന്‍ഡ്യാഹെറിറ്റേജ്‌ said...

ഹഹ മൂര്‍ത്തിയേ ഹനുമാന്‍ സേവ എന്നു കണ്ടപ്പോള്‍ ഗോഡ്‌ഫാദറിലെ ഇന്നസെന്റിന്റെ കാര്യ്മാണോര്‍മ്മ വന്നത്‌.

വേറൊരു വേല കേട്ടിട്ടുണ്ട്‌ മാജിക്കുകാര്‍ മുമ്പിലിരിക്കുന്നവരോട്‌ അവരവരുടെ ചോദ്യങ്ങള്‍ ഒരു കടലാസില്‍ എഴുതി കവറിലിട്ടടച്ച്‌ കൊടുത്തുകഴിഞ്ഞാല്‍ , ആ കവറുകള്‍ ഓരോന്നായി തലയില്‍ വച്ചശേഷം അതെഴുതിയ ആളിന്റെ പേര്‍ വിളിച്ച്‌ അതിലെ ചോദ്യം വായിച്ചുത്തരം പറയുന്ന വേല, അതെനിക്കറിയുകയും ചെയ്യാം കേട്ടൊ പോത്തിങ്കാലന്റെ വേല അല്ല, സാധാരണ മാജിക്ക്‌ വേല

smitha adharsh said...

നമ്മുടെ നാട്ടിലെ ആസാമിമാരെ കൊണ്ടു പൊറുതിമുട്ടി..!!

പാര്‍ത്ഥന്‍ said...

യാരിദേ,
ഒരു ആവേശത്തിന്‌ 101 പറയല്ലേ. ഇന്നസന്റ്‌ ചെയ്തപോലെ ചിലപ്പോള്‍ കുറക്കേണ്ടി വരും.

പ്രിയേ,
നീ 101 തവണ ആജ്ഞനേയ മന്ത്രം ചൊല്ലിയില്ലെങ്കില്‍, നിന്റെ വാഷര്‍ ഇളകും.

ശ്രീവല്ലഭാ,
ബ്രഹ്മചാരിയായ ഹനുമാനെ ഒരു സ്ത്രീ സേവിക്കുന്നോ? എന്നാല്‍ ഹനുമാന്‍ സാമിയുടെ കാര്യം പോക്കാ. ഇനി നമ്മള്‍ പ്രാര്‍ത്ഥിച്ചിട്ട്‌ ഒരു കാര്യോം ഇല്ല. എല്ലാം കട്ടപ്പൊക.

കുറുമാന്‍ said...

ഹനുമാന്‍ സേവക്കാ‍ര്‍ (പഴവും പാലും മാത്രം കഴിച്ച് പൂജനടത്തി പരമ പൂജ്യനാ‍യ ഒരാളെ പരിജയമുണ്ട്.നാട്ടില്‍ നിന്നും കിട്ടിയ തല്ലിനു കണക്കില്ല പുള്ളിക്ക്)

കാളി,കൂളി, ചാ‍ത്തന്‍ സേവക്കാര്‍ - ഇവരെ തടഞ്ഞിട്ട് തൃശൂര്‍, പെരിങ്ങോട്ട് കര, തൃപ്രയാ‍ര്‍ എന്നീ ഏരിയയിലൂടെ നടക്കാന്‍ സാധിക്കില്ല.

മഷിനോട്ടം - ബൂഹ ഹ

സാ‍യിബാബ - വായില്‍ നിന്നും ശിവലിംഗം എടുക്കുന്ന വിദ്യമുതല്‍ പലതും ഗൂഗിളമ്മച്ചിയോട് ചോദിച്ചാ‍ല്‍ തരും.

മുപ്പതാ‍ം നൂറ്റാണ്ടായാ‍ലും ഇത്തരം കാര്യങ്ങളെയൊക്കെ വിശ്വസിക്കാന്‍ ജനങ്ങള്‍ കാണും, അതാണിവിരുടെ വിജയവും.

യാരിദ്‌|~|Yarid said...

പാര്‍ഥന്‍സ്, സാധാരണ ഇതിലും കൂടുതലാണ്. അതോണ്ട് ഒട്ടും കുറയാന്‍ പോകുന്നില്ല നൂറ്റിയൊന്നില്‍ നിന്നും .. അതോണ്ട് നോ പ്രോബ്ലം..;) യേത്..!

മലമൂട്ടില്‍ മത്തായി said...

ആ സായിബാബക്കും ജീവിച്ചു പോകണ്ടേ? നിങ്ങള്‍ ഇങ്ങനെ അയാളുടെ വയറ്റതടികുന്ന രീതിയില്‍ അങ്ങോരുടെ രഹസ്യങ്ങള്‍ എല്ലാം പരസ്യമാക്കിയാല്‍ അത് കണ്ടു പഠിച്ചു വേറെ ബാബമാര്‍ ഉണ്ടാകുകയെ ഉള്ളു.

Anonymous said...
This comment has been removed by a blog administrator.
Umesh::ഉമേഷ് said...

നമ്മുടെ നാട്ടിലെ പ്രശസ്തനായ ഒരു സ്വാമിയുണ്ടായിരുന്നു. ഈ അടുത്ത കാലത്തു മരിച്ചുപോയി. ഇടയ്ക്കിടെ അമേരിക്കയില്‍ വരും. വല്ല പള്ളിക്കാരുടെയും കയ്യില്‍ നിന്നു വാടകയ്ക്കെടുത്ത കെട്ടിടത്തില്‍ നിന്നു ക്രിസ്ത്യാനികളെയും മുസ്ലീങ്ങളെയും ചീത്ത പറയും. വിഗ്ഗു കൊണ്ടു ജട കെട്ടി വെച്ചാണു നടപ്പു്. അമ്പലമുണ്ടാക്കല്‍, പുനഃപ്രതിഷ്ഠ തുടങ്ങിയവയാണു പ്രധാന പണി.

ഇദ്ദേഹത്തിന്റെ (“സ്വാമിജി”) സിദ്ധികളെപ്പറ്റി നാട്ടുകാര്‍ക്കു വലിയ മതിപ്പാണു്. പ്രവചനങ്ങള്‍ ധാരാളം. “രണ്ടു മാസത്തിനുള്ളില്‍ കല്യാണം നടത്തണം, അല്ലെങ്കില്‍ 5 കൊല്ലം കഴിഞ്ഞേ ഉണ്ടാവൂ” എന്ന ലൈന്‍.

ഒരു വീട്ടില്‍ ജോലിയ്ക്കു നില്‍ക്കുന്ന ഒരു ചേടത്തി ഒരിക്കല്‍ സ്വാമിയോടു ചോദിച്ചു. 14 കൊല്ലമായി കാണാതായ ഏകമകന്‍ തിരിച്ചു വരുമോ എന്നു്. സ്വാമിജി കുറേ നേരം ധ്യാനിച്ചു. എന്നിട്ടു പറഞ്ഞു, “ഇല്ല, ആ മകന്‍ മരിച്ചു പോയി”. ചേടത്തി കരച്ചിലായി, പിഴിച്ചിലായി, പ്രാര്‍ത്ഥനയായി, പതം പറച്ചിലായി.

രണ്ടു കൊല്ലം കഴിഞ്ഞപ്പോള്‍ മകന്‍ വടക്കേ ഇന്ത്യയിലെ പൊറുതി ഒക്കെ മതിയാക്കി നാട്ടിലെത്തി. കൂടെ ഒരു കുടുംബവും. ചേടത്തി അമേരിക്കയിലെ പൊറുതി മതിയാക്കി നാട്ടിലേയ്ക്കു വിട്ടു-മകന്റെ കൂടെ താമസിക്കാന്‍!

ഈ സ്വാമിയുടെ പടം പൂജാമുറിയില്‍ സൂക്ഷിച്ചു പ്രാര്‍ത്ഥിക്കുന്ന പല അമേരിക്കക്കാരുമുണ്ടു്.

സി. കെ. ബാബു said...

ആ കഥ മൂര്‍ത്തി കേട്ടില്ല അല്ലേ? സത്യസായിവാവേനെ പരൂക്ഷിച്ച ആ രണ്ടു് കശ്മലന്മാരും തിരിച്ചു് വീട്ടില്‍ എത്തീല്ല! അറിയാ‌വോ? വാവേടെ പടി എറങ്ങീതില്‍ പിന്നെ അവന്മാരു‍ടെ പൊടിപോലും ഇതുവരെ ആരും കണ്ടിട്ടില്ല. രണ്ടും പൊഹയായിപ്പോയി! സത്യസായിവാവയോടാ കളി! അയ്യട!

ഇപ്പൊത്തന്നെ ഈ പോസ്റ്റിനു് മുന്‍പു് പോത്തിന്റെ പോസ്റ്റ് പോസ്റ്റാന്‍ തോന്നീതു് എന്തുകൊണ്ടാന്നാ കരുതിയേ? എല്ലാത്തിനും ഒണ്ടു് ഓരോരോ നിമിത്തങ്ങളു്‌! ഈ ഒരൊറ്റ വാചകത്തിലു്‌ മാത്രം നാലു് “പോ” നിരനിരന്നു് വന്നതു് കണ്ടോ? അതൊക്കെ വെറുതെയാന്നാണോ കരുതിയെ? അതിനൊക്കെ ഓരോരോ ശാസ്ത്രങ്ങളുണ്ടു്.

ഒരു കാക്ക നമ്മുടെ തലേലു് തൂറിയാലു്‍ നമുക്കു് വല്ലതും പിടികിട്ടുമോ? ഇല്ല. അതിന്റെ ഗുട്ടന്‍സ്‍ പിടികിട്ടാന്‍ നമ്മള്‍ അതീന്ദ്രിയജ്ഞാനം ഒള്ള ഏതെങ്കിലും ദിവ്യപുരുഷനെ സമീപിക്കും.‌‍ അദ്ദ്യേം നമ്മളെ കാര്യം പറഞ്ഞു് മനസ്സിലാക്കും. നമ്മളു് നന്ദിപൂര്‍വ്വം അങ്ങേര്‍ടെ നെലയ്യ്ക്കും വെലയ്ക്കും അനുസരിച്ചു് കയ്യയച്ചു് “എന്തെങ്കിലുമൊക്കെ” കൊടുക്കും. അതല്ലേ അതിന്റെ ഒരു മര്യാദേം. അതിലിപ്പോ എന്താ ഒരു തെറ്റു്? കാക്ക തൂറീതു് എന്തായാലും അങ്ങേര്‍ടെ കുറ്റമല്ലല്ലോ.

അതുപോലെ ഒരു പെണ്ണു്‌ പഠിച്ചപണി പതിനെട്ടും പയറ്റീട്ടും ഒരു കുഞ്ഞു് ഒണ്ടാവണില്ലെങ്കി അവളു് വാവയോടു് കാര്യം പറയും. വാവ തന്നാലാവുന്ന വിധത്തിലു് വേണ്ട സഹായങ്ങളു് ചെയ്യും. അതിലൊക്കെ എന്താ ഇപ്പൊ ഒരു തകരാറു്‌? അവള്‍‍ക്കു്‌ രണ്ടു്‌ കുഞ്ഞുകാലുകളു് കാണാന്‍ കഴിയാതിരുന്നതു് വാവേടെ കുറ്റമാണോ?

സ്നേഹമൊള്ളോര്‍ക്കു് വാവ ആകാശത്തൂന്നു് ഇടയ്ക്കൊക്കെ സ്വിറ്റ്സര്‍ലണ്ടിലോ മറ്റോ ഒണ്ടാക്കിയ ഒരോ വാച്ചൊക്കെ എടുത്തുകൊടുക്കും. അതൊരു നല്ല കാര്യമല്ലേ? അല്ലെങ്കില്‍ അവര്‍‍ തന്നെത്താന്‍ സ്വിറ്റ്സര്‍ലണ്ടില്‍ പോയി വാച്ചു് വാങ്ങേണ്ടി വരൂല്ലാര്‍ന്നോ? എനിക്കറിയാന്‍ മേലാഞ്ഞിട്ടു് ചോദിക്ക്വാ!

ഇതൊക്കെയാ ഇപ്പൊ നന്നായേ! വാവ ചങ്കെടുത്തു് കാണിച്ചാല്‍ ശംഖു് എന്നുപറയുന്ന അവിശ്വാസികളു്!

പാമരന്‍ said...

:)

മൂര്‍ത്തിസാറെ, ചാത്തനെ പറയരുത്‌.. എന്‍റെ അമ്മയ്ക്ക്‌ ശ്രീ കാനായി കുട്ടിച്ചാത്തന്‍ എല്ലാമാസവും കൃത്യമായി "വീപീപീ"യായി അനുഗ്രഹവും ഭസ്മവും അയച്ചുകൊടുക്കുന്നുണ്ട്‌ അറിയാവോ?

ഭൂമിപുത്രി said...

സത്യസായിബാബേടെ ആശ്രമത്തിൽനടന്ന കുറെകഥകളൊക്കെ ഒരു ഇൻഡ്യാടുഡേയിൽ വന്നതാൺ-ഒരന്വേഷണത്തിനും ഇന്നേവരെ ആ‍രും ധൈര്യപ്പെട്ടിട്ടില്ല.

PIN said...

ഭക്തർക്ക്‌ ദൈവത്തോട്‌ നേരിട്ട്‌ പ്രാർത്ഥിച്ചുകൂടെ, ഇട നിലക്കാരുടെ ആവശ്യം ഉണ്ടോ? അതോ സർക്കാർ ആഫീസിലെ പോലെ കൈക്കൂലിയായി, കാണിക്കയും ഹോമങ്ങളും നടത്തിയാലെ പ്രസാദിക്കൂ എന്നുണ്ടോ?

Umesh::ഉമേഷ് said...

PIN,

ദൈവവും ഒരു ഇടനിലക്കാരനല്ലേ? മനുഷ്യനും ലോകത്തിനും ഇടയ്ക്കു നില്‍ക്കുന്ന ഇടനിലക്കാരന്‍? മനുഷ്യന്‍ പ്രാര്‍ത്ഥിക്കുന്നതു് സോപാധികമായി ലോകത്തിനു കൈമാറുന്ന ഇടനിലക്കാരന്‍?

നിഷ്ക്കളങ്കന്‍ said...

മൂര്‍ത്തി

പണ്ട് സായിബാബയെ വധിയ്ക്കാനായി തോക്കുമായി ഒരാ‌ള്‍ വന്നപ്പോ‌ള്‍ അദ്ദേഹം ഒരു തൂണ് വഴി ഊര്‍ന്നിറങ്ങി ഓടി രക്ഷപെട്ട കഥ അറിയാമ‌ല്ലോ. വെടിവെയ്ക്കാന്‍ വന്ന‌വനോട് കണ്‍കെട്ടുവിദ്യകൊണ്ട് യെന്തു ഫലം?
ദാ താഴെക്കാണുന്ന സൈറ്റില്‍ ബാബയുടെ കള്ളത്തരം ലൈവായുണ്ട്.
http://home.hetnet.nl/~ex_baba/engels/articles/lingam.html

കുമാരന്‍ said...

എല്ലാം ബുദ്ധിമുട്ടില്ലാതെ ജീവിക്കാനുള്ള വേഷംകെട്ടല്ലേ!!

Kiranz..!! said...

ഹ..ഹ..അവസാനത്തേതു കലക്കി.

ചില ധ്യാനകേന്ദ്രങ്ങളിൽ പേരുവിളിച്ചു കൊണ്ടുള്ള രോഗശാന്തിക്കും ഇതേ പോലെയുള്ള ചില തട്ടിപ്പുകൾ ഉണ്ട്..ക്രിസ്തീയ സഭ ഉണ്ടായതുമുതൽ നിലവിലുള്ള ചില ജനറിക് പേരു വിളിക്കും.പത്തു മുപ്പതിനായിരം പേരിരിക്കുന്നിടത്ത് അത്തരം പേരുകൾ കുടുംബപ്പേരിൽപ്പോലും ഇല്ലാതെ വരില്ലല്ലോ..

"ചെയിൻ സ്മോക്കറായ മിസ്റ്റർ തോമസ് ആ ശീലത്തിൽ നിന്നും മുക്തി നേടിയിരിക്കുന്നു"..എന്നു കേട്ടതും എന്റെ അപ്പനെഴുനേറ്റ് അറ്റൻഷനായി നിൽക്കാൻ തുടങ്ങി (നല്ല പാർട്ടിയാ..ആ ദിവസം പോയിട്ട് ഇന്നു വരെയും ഫിൽട്ടറുള്ളതും,അല്ലാത്തതുമായ സിഗരറ്റ് മിനിറ്റോടുമിനിറ്റ് മണിമണിയായി വലിച്ചു തള്ളുന്ന ടീമാ തോമസ് എന്നു കേട്ടതും ചാടിയെഴുന്നേൽക്കാൻ പൊയത് ,കൂട്ടത്തിൽ ഒരു ഇരുപത് തോമാച്ചന്മാർ വേറേ എഴുന്നേറ്റെന്നുള്ളത് പറയേണ്ട കാര്യോണ്ടോ :)

ഇന്നുവരെ ജോസഫ് പാറേവീട്ടിലെന്നോ,അല്ലെങ്കിൽ തോമസ് കുരിശിങ്കൽ എന്നോ സ്പെസിഫിക്കായി വിളിച്ച് അസുഖം/ശീലം മാറി എന്ന് കേട്ടതായി അറിവില്ല..!

ജിവി said...

ചാത്തന്‍സാമിക്കു വിളക്കുവെക്കാന്‍ നേര‍മായി, മൂര്‍ത്തി. പോട്ടേ, പിന്നെ കാണാം..

മാരാര്‍ said...

നല്ല പോസ്റ്റ്...

ഇങനെയുള്ള ദൈവങ്ങളെയും ജ്യോതിഷികളെയും കോണ്ടുള്ള പ്രധാന പ്രശ്നം ഇവരുടെയടുത്തൂ പോകുന്നവരില്‍ ഭയം കുത്തിവക്കുന്നു, ടെന്‍ഷന്‍ അടിപ്പിക്കുന്നു എന്നതായിരിക്കും. കുറച്ചു മാസങ്ങള്‍ക്കു മുമ്പ് അമ്മ ഒരു ജ്യോതിഷിയുടെ അടുത്തു പോയി എന്റെ ഗ്രഹനില കാണിച്ചു. എന്റെ സമയം മോശമാണെന്നും രാത്രി കാറോടിക്കുമ്പോള്‍‍ സൂക്ഷിക്കണമെന്നും ജ്യോതിഷി ഒന്നു കാച്ചി. പോരേ.. ആയിടെ ഞാന്‍ പല ദിവസങ്ങളിലും രാത്രി വൈകി ഒരു മണി-രണ്ടു മണി നേരത്താണ് വീട്ടിലെത്തിയിരുന്നത്. അമ്മ അതു വരെ ടെന്‍ഷനടിച്ച് ഉറക്കം വരാതെയിരിക്കുന്നുണ്ടാക്കും. പിന്നെ “രാത്രി വണ്ടി ഓടിക്കുമ്പോള്‍ സൂക്ഷിക്കണം” എന്ന് ആര്‍ക്കും ആരോടും‌ പറയാവുന്ന ഒരു കാര്യമല്ലേ എന്ന് അമ്മയെ പറഞ്ഞു മനസ്സിലാക്കാന്‍ കുറെ ദിവസമെടുത്തു.