അന്തുലെ രാജിവെയ്ക്കുമോ, വെച്ചാല്‍ രാജി സ്വീകരിക്കുമോ, നിരസിക്കപ്പെട്ടാല്‍ ആ രാജി അന്തുലെ തിരിച്ച് സ്വീകരിക്കുമോ എന്നൊക്കെ ആലോചിച്ച് തല പുകച്ചു കൊണ്ടിരിക്കുന്ന സമയത്താണ് നമ്മുടെ ഹൈബി ഈഡനെക്കുറിച്ചുള്ള മാതൃഭൂമി വാര്‍ത്ത കണ്ണില്‍പ്പെട്ടത്. രമേശ് ചെന്നിത്തലക്ക് ശേഷം ഈ നേട്ടം കൈവരിക്കുന്ന ആദ്യമലയാളി എന്നൊക്കെ ഓര്‍ത്തപ്പോള്‍ ശരിക്കും സന്തോഷം തോന്നി. ഒരു മല്ലുവിനു മറ്റൊരു മല്ലു നന്നാവുന്നത് ഇഷ്ടമല്ല എന്ന് പറയുന്നതൊക്കെ ചുമ്മാ ആണെന്നേ.. സന്തോഷവാര്‍ത്ത ദാ താഴെ
സന്തോഷമായെങ്കിലും വായിച്ച് കഴിഞ്ഞപ്പോള്‍ എന്തോ ഒരു സുഖമില്ലാത്ത പോലെ. ഹൈബിയെക്കുറിച്ചുള്ള വാര്‍ത്തക്ക് പകരം വല്ല പി.എസ്.സി ബുള്ളറ്റിനുമാണോ വായിച്ചത് എന്നായി സംശയം. നിയമിച്ചു, നിയമനം എന്നൊക്കെ കാണുന്നു. ജനാധിപത്യ വ്യവസ്ഥിതിയില്‍ തെരഞ്ഞെടുക്കപ്പെടുകയല്ലേ ചെയ്യുക? മാതൃഭൂമിക്ക് വെള്ളി വീണതായിരിക്കും, ഒരു പോസ്റ്റിനു സ്കോപ്പുണ്ടല്ലോ എന്ന മറ്റൊരു സന്തോഷവും. മനോരമ കൂടി നോക്കാം. അതിലാവുമ്പോള്‍ തെറ്റു വരാന്‍ സാധ്യതയില്ലല്ലോ. നോക്കി. ദാ .....
ശ്ശെടാ..ഇതിലും നിയമിച്ചു എന്നു തന്നെ. എന്നാപ്പിന്നെ കേരള കൌമുദി നോക്കിയിട്ട് തന്നെ കാര്യം. അത് അച്ചട്ടായിരിക്കും.
എന്ത് കഷ്ടമാണിത്।മലയാള പത്രങ്ങളെല്ലാം പി.എസ്.സിക്ക് വിട്ടോ? അതിലും നിയമിച്ചു എന്ന് തന്നെ. ജനാധിപത്യപരമായ കാര്യങ്ങള്‍ എങ്ങനെ റിപ്പോര്‍ട്ട് ചെയ്യണം എന്നറിയാത്ത മലയാള പത്രങ്ങളെ പുച്ഛത്തോടെ വലിച്ചെറിഞ്ഞ് ആംഗലേയ (ആന്തുലേയ അല്ല) വാര്‍ത്തയെ ശരണം പ്രാപിച്ചു. അതിലാവുമ്പോള്‍ ജനാധിപത്യമില്ലെങ്കിലും ഡെമോക്രസിയെങ്കിലും കാണുമല്ലോ. കേരള ഓണ്ലയിനിലെ വാര്‍ത്ത.
ഭാഗ്യം. നിയമിച്ചു എന്ന് അതില്‍ പറയുന്നില്ല. എന്നാലും appointed എന്നു കാണുന്നു. രാമലിംഗം പിള്ളയുടെ നിഘണ്ടു (പുതിയ പതിപ്പ്) എടുത്ത് അര്‍ത്ഥം നോക്കി. വാക്കുകളുടെ അര്‍ത്ഥം എപ്പോഴാണ് മാറുന്നതെന്നറിയില്ലല്ലോ. ഇപ്പോഴും ആ വാക്കിന്റെ അര്‍ത്ഥം നിയമിച്ചു എന്നു തന്നെ.
ആകെ നിരാശയായി. കോണ്‍ഗ്രസ്സില്‍, അതിന്റെ പോഷകസംഘടനകളില്‍ ജനാധിപത്യം ഇല്ലെങ്കില്‍പ്പിന്നെ, തെരഞ്ഞെടുപ്പില്ലെങ്കില്പ്പിന്നെ വേറെ ഏത് സംഘടനയില്‍ ഇതൊക്കെ കാണും? അപ്പോഴാണ് വീക്ഷണം വീണ്ടും പ്രസിദ്ധീകരിച്ച് തുടങ്ങിയത് ഓര്‍മ്മ വന്നത്. നോക്കി. സമാധാനമായി. ജനാധിപത്യം മരിച്ചിട്ടില്ല.
ഹൈബി ഈഡനെ എന്‍.എസ്. യു. പ്രസിഡന്റായി തെരഞ്ഞെടുത്തു എന്ന് കറകറക്ടായി വാര്‍ത്ത കൊടുത്തിരിക്കുന്നു. പത്രങ്ങളായാല്‍ ഇങ്ങനെ വേണം.
എന്നാലും ചിലരൊക്കെ സൈഡിലിരുന്ന് ചോദിക്കുന്നത് കേള്‍ക്കുന്നുണ്ടേ... “പ്രവര്‍ത്തനമികവ് കണക്കിലെടുത്താണ് തീരുമാനം“ എന്നു പറയുമ്പോള്‍ അത് നിയമിച്ചു എന്നത് ഭംഗിയാക്കി പറയുന്നതല്ലേ എന്നല്ലേ അസൂയാലുക്കളേ നിങ്ങള്‍ ചോദിക്കുന്നത്?
കഷ്ടമുണ്ട് കേട്ടോ.. അസൂയക്ക് മരുന്നില്ല സഖാക്കളേ..ഇങ്ങനെയാണോ ദേശാഭിമാനിയൊക്കെ വാര്‍ത്ത കൊടുക്കുന്നത്?
പാവം നദീം ജാവെദിനെക്കൂടി നിയമിച്ചു അല്ലേ?
Saturday, December 20, 2008
Subscribe to:
Post Comments (Atom)
14 comments:
ജനാധിപത്യപരമായ നിയമനത്തെക്കുറിച്ച്...:)
എന്താ മൂര്‍ത്തീ ഇത്? നൂറ്റാണ്ടിന്റെ (കുടുംബ) പാരമ്പര്യമുള്ള ദേശീയപാര്ട്ടിയെക്കുറിച്ച് ഇങ്ങനെയൊക്കെയാണോ പറയുന്നത്? ഒരു കോര്‍പറേറ്റ് ചട്ടക്കൂടൊക്കെയാകുമ്പോള് ഹൈക്കമാന്റ് അങ്ങനെ ചില നിയമനങ്ങളൊക്കെ നടത്തിയെന്നിരിക്കും. വെറുതേയല്ലല്ലോ ടാലന്റ് ഹണ്ടും , ഒബ്ജക്റ്റീവ് ടെസ്റ്റും, ഇന്റ്ര്വ്യൂവും ഒക്കെ നടത്തിയല്ലേ നിയമിച്ചത്? യൂണിവേര്സിറ്റി അസിസ്റ്റന്റു നിയമനം പോലെയൊന്നുമല്ല ഇത്, യേത്?
:)
ടാലന്റ് ഹണ്ട് കഴിഞ്ഞുള്ള രാഹുലിന്റെ അടുത്ത പരിപാടി ?
റിയാലിറ്റി ഷോ :)
എസ്.എം.എസ് വോട്ടിലൂടെ യൂത്ത്കോണ്‍ഗ്രസ് പ്രസിഡന്റ് !
മൂർത്തിയപ്പാ,അതിരാവിലെ പോസ്റ്റുകൾ വായിപ്പിച്ച് ചിരിപ്പിച്ചു കൊല്ലരുതും :)
ജനങ്ങള്‍ ഫുഡ്ഹണ്ട് നടത്തുന്ന ഒരു രാജ്യത്തില്‍ ജനലച്ചങ്ങളുടെ പ്രിയങ്കരനേതാവു് രാഹുല്‍ ഗാന്ധി ടാലന്റ്ഹണ്ട് തന്നെ നടത്തണം! ഫുഡും ടാലന്റും അല്ലേ ഭാരതത്തിലെ രണ്ടു് ദുര്‍ല്ലഭമായ സംഗതികള്‍? അതുകൊണ്ടു് അവയെ കിട്ടണമെങ്കില്‍ നല്ല ഒന്നാന്തരം ഹണ്ടു് ഹണ്ടണം! ഹണ്ടി ഹണ്ടി “നിയമിച്ചു് തിരഞ്ഞെടുക്കണം”! ചക്കിയുടെ രാഹു ചങ്കരന്! ഗാന്ധിയുടെ രാഹു രാഹുല്‍!
Talent Hunt നടത്തി ആളുകളെ നിയമിക്കുന്ന “ചെക്കന് രാജാവിന്റെ” Talents എന്തൊക്കെ എന്ന് ആരെങ്കിലും പരിശോധിച്ചിട്ടുണ്ടോ?
ജയ് ഹിന്ദ് ടി വിയില്‍ ഒരു റിയാലിറ്റി ഷോ എന്തായാലും പ്രതീക്ഷിക്കാം.
പിന്നെ യു ഡി എഫ് ലേക്കുള്ള അപേക്ഷാഫോമിന്റെ വിജ്ഞാപനം വല്ലതും വന്നോ? ബാബു, ജോര്‍ജ്ജ്, ജേക്കബ്, മുരളി എല്ലാവരും കാത്തിരിക്കയല്ലേ?
മൂർത്തി ഒരു കാര്യം എഴുതാൻ വിട്ടുപോയി തിരുത്ത് എന്നെഴുതി ആശ്രിതനിയമനം എന്നാക്കണം, സത്യത്തിൽ ഞാൻ അന്ന് പോയില്ല്ല, വടക്കനെ ഏൽപ്പിച്ചത വെടക്കൻ വിട്ടുകളഞ്ഞു. നമ്മുടെ ടോമെ..! ഇനി ഒരാൾ ആശ്രിതനിയമനത്തിനായി കാത്തിരിക്കുന്നു. നമ്മുടെ ഉണ്ണിക്കുട്ടൻ....കനിഞ്ഞാൽ ഇത്തവണ അല്ലെങ്കിൽ പവാർ...
ithinu maathram pathrangal evide ninna kittiyath!!
online?
മൂര്‍ത്തി ചിലകാര്യങ്ങള്‍ ചില പ്രത്യേക രീതിയില്‍ വിലയിരുത്തണം എന്നാണ് എന്റെ പക്ഷം. KSU യൂത്ത് കോണ്‍ഗ്രസ് കോണ്‍ഗ്രസ് എന്നിവടങ്ങളില്‍ തെരഞ്ഞെടുപ്പ് നടന്നാല്‍ പാര്‍ട്ടി തകരും. പിന്നെ ഉള്ള ഓപ്ഷന് ടാലന്റ് സ്കാന്‍ അല്ലാതെ മറ്റെന്താണ് ? ഒരു കാര്യം അംഗീകരിക്കാതെ വയ്യ. ഹൈബിയാണ് തമ്മില്‍ ഭേദം.
ടി.സിദ്ദിഖിനെ ഒരുനാള്‍ “നിയമി”ച്ചതും പിന്നെ ഒരു മുതുപാതിരായ്ക്ക് എടുത്തു കളഞ്ഞിട്ട് വേറൊരു ടാലന്റ് ഹണ്ടിലൂടെ ലിജുവിനെ എടുത്ത് അവിടിരുത്തിയതും പിന്നെ നേരം വെളുത്തപ്പോള്‍ മുത്തകോങ്ക്രസ്സുകാരന് പൂക്കുലയെടുത്തുറഞ്ഞ മുറയ്ക്ക് ലിജുവിനെ അട്ടത്തിരുത്തി സിദ്ദിഖിനെ തന്നെ അടയിരിക്കാനേല്പ്പിച്ചതും.....ആഹാ!
അപ്പോയിന്മെന്റ് ജനാധിപത്യം വിജയിപ്പൂതാക. ചുമ്മാതാണോ പണ്ടീസാധനത്തിനെ “പാവാട” എന്ന് പിള്ളാരു വിളിച്ചിരുന്നത്.
ഓഫ് : “പുതുതായി”യൂത്തമ്മാരെ നയിക്കാന്‍ “അപ്പോയിന്റ്” ചെയ്യപ്പെട്ട എം.ലിജു രാത്രി ഇന്ത്യാവിഷനില്‍ പറയുന്നതു കേട്ടു - സംഘടനാ തെരഞ്ഞെടുപ്പ് ഉടനേ നടത്തും !!!!!!!!!!!!!
ഹ.ഹ..സൂരജേ പണ്ട് യാഹൂ ചാറ്റ് റൂമുകളിലായിരുന്നു ഈ പാവാടച്ചെക്കൻ വിളി,അതിപ്പോ ഇങ്ങനേമായോ :)
സംഘടനാതെരഞ്ഞെടുപ്പു പോയിട്ട് സ്വന്തം കസേരയിലൊരുമണിക്കൂറൊന്നിരിക്കാൻ പറ്റാത്ത ജനാധിപത്യം,ബെസ്റ്റ് ജനാധിപത്യം..!
എന്തരോയെന്തോ..തെരഞ്ഞെടുപ്പടുക്കുമ്പോൾ അണ്ണന്മാർക്ക് ലവൻ കൃത്യമായിങ്ങു പോരും “ശനിദശകളേ”.ഒരു സൈഡീന്നു കരുണനും കടാക്ഷിക്കുന്നുണ്ട് :)
ഇങ്ങനെ നിയമനങ്ങള്‍ വര്‍ദ്ധിച്ച് വര്‍ദ്ധിച്ച് വന്നാല്‍ അവസാനം ‘നിയമിത കോണ്‍ഗ്രസ് ഭാരവാഹി യൂണിയന്’ എന്ന പേരില്‍ ഒരു തൊഴിലാളി സംഘടന ഉണ്ടാകാന്‍ ഇടയുണ്ട്. (അതിനെ സി.ഐ.ടി.യുവിലേക്ക് അഫിലിയേറ്റ് ചെയ്യുക കൂടി ചെയ്താല്‍ നല്ല തമാശയായിരിക്കും.)
തങ്ങളുടെ സേവന വേതന വ്യവസ്ഥകള്‍ അംഗീകരിച്ചുകിട്ടണമെന്നും പരിഷ്കരിക്കണമെന്നുമൊക്കെ പറഞ്ഞ് കേസും കൂട്ടവും സമരവും. എനിക്ക് വയ്യ.
ഇവര്‍ക്കൊക്കെ പി.എഫും, ബോണസും ഇ.എസ്.ഐയുമൊക്കെ കൊടുക്കേണ്ടിയും വരും. സിദ്ധിഖിനെ മാറ്റി ലിജുവിനെ ഇറക്കി വീണ്ടും ലിജുവിനെ മാറ്റി സിദ്ധിക്കിനെ ഇറക്കി കളിക്കാനൊക്കെ പാടായിരിക്കും. നഷ്ടപരിഹാരം കൊടുക്കാതെ എടുത്ത് മാറ്റാനും പറ്റാതാവും. ഇപ്പോഴെ ഒരു പ്രത്യേക ഫണ്ടുണ്ടാക്കി വെയ്ക്കുന്നതാവും ബുദ്ധി.
Post a Comment