Monday, January 26, 2009

കുറ്റിച്ചൂലുകളും വാക്വം ക്ലീനറുകളും

ജനാധിപത്യം എത്ര വ്യാഖ്യാനക്ഷമതയുള്ള പദം...

മുകളില്‍ നിന്നു താഴേയ്ക്കാണോ താഴെ നിന്ന് മുകളിലേയ്ക്കാണോ ജനാധിപത്യം വികസിക്കേണ്ടത് എന്ന വിഷയം തന്നെ ജീവിതകാലം മുഴുവന്‍ ചര്‍ച്ച ചെയ്യാനുള്ളതുണ്ടെന്ന് തോന്നുന്നു. തെരഞ്ഞെടുപ്പ് സംബന്ധിയായ കാര്യങ്ങളാണെങ്കില്‍ പിന്നെ പറയാനുമില്ല. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തെക്കുറിച്ചുള്ള പ്രാഥമികചര്‍ച്ചകള്‍ എന്ന് തുടങ്ങണം എന്നതിനെപ്പറ്റി കൂടിയാലോചിക്കാനുള്ള യോഗത്തിന്റെ തീയതി തീരുമാനിക്കാനുള്ള അധികാരം ഹൈക്കമാണ്ടിനാണോ അതോ കൂതറ ഡി.സി.സി പ്രസിഡന്റിനാണോ എന്ന വിഷയം അജണ്ടയില്‍ ഉള്‍പ്പെടുത്തണോ വേണ്ടയോ എന്ന വിഷയത്തില്‍ അണികള്‍ക്ക് സംസാരിക്കാന്‍ അവസരം കൊടുക്കണോ വേണ്ടയോ, പാര്‍ലിമെന്റ് സീറ്റിനെക്കുറിച്ച് തീരുമാനിക്കേണ്ടത് ഹൈക്കമാണ്ടാണോ ലോ കമാണ്ടാണോ തുടങ്ങി എല്ലാം പ്രസക്തമായ കാര്യങ്ങള്‍ തന്നെ.

സാംസ്കാരിക തലസ്ഥാനമായ തൃശ്ശൂരില്‍ നിന്നുള്ള ചില വാര്‍ത്തകളുടെ ഫോളോ അപ് ഡല്‍ഹിയില്‍ നിന്നും വന്നത് വായിച്ചപ്പോള്‍ വാചാലനായിപ്പോയതാണ്. ക്ഷമിക്കുക.

ടോം വടക്കന്‍ തൃശ്ശൂരില്‍ നിന്നും മത്സരിച്ചാല്‍ തോല്‍ക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് സി.എന്‍. ബാലകൃഷ്ണന്‍ പറഞ്ഞത്രെ. അതിനെതിരെ ഡി.സി.സി സെക്രട്ടറി സി.എസ്. ശ്രീനിവാസന്‍ ജനാധിപത്യപരമായിത്തന്നെ സോണിയാ ഗാന്ധിക്ക് പരാതി അയക്കുകയും ചെയ്തു. അതിനു മറുപടിയായി ടോം വടക്കന്‍ പറഞ്ഞത് ഇങ്ങനെ.

തൃശൂര്‍: തൃശൂരുകാരല്ലാത്ത സ്ഥാനമോഹികളുടെ താല്‍പ്പര്യമാണ് ഡി.സി.സി പ്രസിഡന്റിന്റെ പരാമര്‍ശത്തിനു പിന്നിലെന്നും ഹൈക്കമാന്റ് എവിടെ നിര്‍ദേശിച്ചാലും താന്‍ മല്‍സരിക്കുമെന്നും എ.ഐ.സി.സി സെക്രട്ടറി ടോം വടക്കന്‍. എന്നാല്‍, മല്‍സരിക്കാന്‍ പറഞ്ഞാല്‍ തിരഞ്ഞെടുക്കുക തൃശൂരായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഞാന്‍ ജനിച്ചതും വളര്‍ന്നതും തൃശൂരിലാണ്. ഡി.സി.സി പ്രസിഡന്റല്ല പാര്‍ലമെന്റ് സീറ്റുകള്‍ നിശ്ചയിക്കുന്നത്. എല്ലാ ജില്ലയിലെയും കോണ്‍ഗ്രസ് പ്രസിഡന്റുമാര്‍ സീറ്റുകളെക്കുറിച്ച് അഭിപ്രായം പറഞ്ഞാല്‍ എ.ഐ.സി.സിക്ക് എന്താണു പ്രസക്തിയെന്നു ടോം ചോദിച്ചു. ഹൈക്കമാന്റുമായി അടുത്തുപ്രവര്‍ത്തിക്കുന്ന കോണ്‍ഗ്രസ്സുകാരനാണു താന്‍. ജനങ്ങളാണു വിജയസാധ്യത നിര്‍ണയിക്കുന്നത്. മല്‍സരിക്കുമെന്ന് ആരെയും അറിയിച്ചിട്ടില്ല. എല്ലാം ഹൈക്കമാന്റ് തീരുമാനിക്കും. തിരഞ്ഞെടുപ്പ് അടുത്തവേളയില്‍ ഡി.സി.സി പ്രസിഡന്റ് ഇങ്ങനെയൊരു പ്രസ്താവന നടത്താന്‍ പാടില്ലായിരുന്നു. ഇത് അച്ചടക്കലംഘനമാണ്. ഞാനൊരു വാക്വം ക്ളീനറാണെന്നും തൃശൂര്‍ വൃത്തിയാക്കാനാണു വന്നിരിക്കുന്നതെന്നും കുറ്റിച്ചൂല്‍പ്രയോഗത്തെ പരാമര്‍ശിച്ച് അദ്ദേഹം പ്രതികരിച്ചു.

ജനാധിപത്യപരമായി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടികളാവുമ്പോള്‍ അഭിപ്രായ വ്യത്യാസം സ്വാഭാവികം. അതില്‍ തെറ്റൊന്നുമില്ല. എന്നാലും ടോം വടക്കന്‍ പറഞ്ഞ ചില വിഷയങ്ങള്‍ പ്രത്യേകശ്രദ്ധ അര്‍ഹിക്കുന്നു.

എല്ലാ ജില്ലയിലെയും കോണ്‍ഗ്രസ് പ്രസിഡന്റുമാര്‍ സീറ്റുകളെക്കുറിച്ച് അഭിപ്രായം പറഞ്ഞാല്‍ എ.ഐ.സി.സിക്ക് എന്താണു പ്രസക്തിയെന്നും, എല്ലാം ഹൈക്കമാണ്ട് തീരുമാനിക്കുമെന്നും പറഞ്ഞത് തികച്ചും സത്യസന്ധമാണെന്ന് പറയാതെ വയ്യ മുകളില്‍ നിന്ന് താഴോട്ട് ഒഴുകുന്ന ജനാധിപത്യമുള്ള പാര്‍ട്ടികളെ സംബന്ധിച്ച് നൂറുശതമാനം കൃത്യമായ പ്രസ്താവന. ചുമരടിക്കുന്നവനും പോസ്റ്ററൊട്ടിക്കുന്നവനുമൊക്കെ സംസാരിക്കാന്‍ തുടങ്ങിയാല്‍ ഹൈകമാണ്ടിന്റെ കമാണ്ട് ശോഷിച്ചു പോകില്ലേ? ഹൈക്കമാണ്ടുമായി അടുത്തുപ്രവര്‍ത്തിക്കുന്ന കോണ്‍ഗ്രസ്സുകാരനാണു താന്‍ എന്നുമുണ്ട് ടോമിന്റെ പ്രസ്താവനയില്‍. അങ്ങനെ തന്നെയാണ് വേണ്ടത്. ജനാധിപത്യം എവിടെയാണോ കൂടുതല്‍ ഉള്ളത് അവിടെ തന്നെ വേണം നാം അടുത്ത് പ്രവര്‍ത്തിക്കാന്‍. ജനങ്ങളോട് പോകാന്‍ പറ എന്നു പറയാത്തത് ടോം വടക്കന്റെ മാന്യത. അല്ലെങ്കില്‍ മിടുക്ക്. കാരണം അവരാണ് വിജയസാധ്യത നിശ്ചയിക്കുന്നത് എന്നത് മറക്കരുതല്ലോ. ടോം വടക്കന്‍ കുറ്റിചൂലാണെന്ന് ഡി.സി.സി പ്രസിഡണ്ട് പറഞ്ഞിട്ടുണ്ടെങ്കില്‍ അത് മോശമായിപ്പോയി. താനൊരു കുറ്റിച്ചൂലല്ല കൂടിയ ഇനമാണെന്നദ്ദേഹത്തിന് തുറന്നടിക്കേണ്ടി വന്നത് അതുകൊണ്ടല്ലേ? വാക്വം ക്ലീനര്‍ കുറ്റിച്ചൂലിന്റെ കൂടിയ സൈസ് സാധനം അല്ലേ?

തൃശ്ശൂര്‍ വൃത്തിയാക്കാനാണ് താന്‍ വന്നിരിക്കുന്നത് എന്ന പ്രസ്താവന തൃശ്ശൂര്‍ക്കാര്‍ ഹര്‍ഷാരവത്തോടെ സ്വീകരിച്ചു എന്നാണ് കേട്ടത്. ഒരാളെ നോക്കിയിരിക്കുകയായിരുന്നുവത്രെ അവര്‍. അത്രമാത്രം കൊതുകല്ലേ ഇപ്പോള്‍ കേരളത്തില്‍.

ലിങ്കിടുന്നത് ജനാധിപത്യപരമാണോ അല്ലയോ എന്ന ശങ്ക വിട്ടുമാറാത്തതുകൊണ്ട് വാര്‍ത്തകള്‍ക്ക് ലിങ്ക് ഇടുന്നില്ല. when you are in doubt, don't do it എന്നല്ലേ....

അപ്പോ എല്ലാം പറഞ്ഞപോലെ..

7 comments:

മൂര്‍ത്തി said...

തികച്ചും ജനാധിപത്യപരമായ നൂറാമത്തെ പോസ്റ്റ്..
:)

Areekkodan | അരീക്കോടന്‍ said...

നൂറാം പോസ്റ്റിന്‌ ആദ്യ ചക്കയും മാങ്ങയും തേങ്ങയും എന്റെ വക കിടക്കട്ടെ.

അനില്‍@ബ്ലൊഗ് said...

“എല്ലാ ജില്ലയിലെയും കോണ്‍ഗ്രസ് പ്രസിഡന്റുമാര്‍ സീറ്റുകളെക്കുറിച്ച് അഭിപ്രായം പറഞ്ഞാല്‍ എ.ഐ.സി.സിക്ക് എന്താണു പ്രസക്തിയെന്നു ടോം ചോദിച്ചു.“

അതൊരു ഒന്നൊന്നര ചോദ്യമായി :)

നൂറാം പോസ്റ്റിന് ആശംസകള്‍

ജിവി/JiVi said...

നൂറാം പോസ്റ്റിന് ആശംസകള്‍. തലക്കെട്ട് കലക്കി. ടോം വടക്കനെപ്പോലുള്ളവര്‍ മത്സരിക്കുമ്പോള്‍ വാക്വം ക്ലീനര്‍ എന്നുതന്നെയാ പ്രയോഗിക്കേണ്ടത്.

The Common Man | പ്രാരാബ്ധം said...

ഇന്നലെ തൃശൂരുവഴിയൊന്നു വന്നിരുന്നു. വടക്കന്‍ നിറഞ്ഞു നിക്കുവാണല്ലോ. പോസ്റ്റര്‍ കണ്ടപ്പോ വന്ന ചിരി സിറ്റി വിടുന്നതു വരെ തുടരേണ്ടി വന്നു.

ശ്രീ said...

നൂറാം പോസ്റ്റിന് ആശംസകള്‍

Zebu Bull said...

ലിങ്കിടുന്നതിനെപ്പറ്റിയുള്ള ഡൌട്ടിനെപ്പറ്റി പറയുമ്പോള്‍, “സംശയമുണ്ടെങ്കില്‍ ചെയ്യരുത്“എന്നല്ല “സംശയം ഉണ്ടെങ്കില്‍ ചെയ്യണം“ എന്നല്ലേ പ്രമാണം? :-)

സെന്‍‌ചൂറിയണ്‍ ആയതില്‍ അഭിനന്ദനങ്ങള്‍!