എസ്.എന്‍.സി ലാവലിന്റെ വിലാസം അറിയാതെ സമന്‍സ് അയക്കാന്‍ കഴിയാതെ അവരങ്ങനെ ബുദ്ധിമുട്ടുകയാണ്. കഷ്ടപ്പെട്ട്, പാടുപെട്ട്, ബുദ്ധിമുട്ടി ഒരു കേസ് അന്വേഷിച്ചിട്ട് അവസാന നിമിഷം പ്രതിയുടെ അഡ്രസ് ഇല്ലെന്ന് അറിയുന്ന അന്വേഷണ ഏജന്‍സിയുടെ ഹൃദയവേദന....
എങ്ങനെ ഈ പാവങ്ങള്‍ ലാവലിന്‍ കേസ് ഇനി മുന്നോട്ട് കൊണ്ടുപോകും? ഇന്റര്‍ പോളിലെ ചേട്ടന്മാര്‍ മനസ്സുവെച്ചാലേ രക്ഷയുള്ളൂ എന്നാണ് മംഗളം പത്രം പറയുന്നത്.

ലാവ്‌ലിനു സമന്‍സ് എത്തിക്കാന്‍ സി.ബി.ഐക്കു വിലാസമറിയില്ല
പിണറായി വിജയന്‍ പ്രതിയായ ലാവ്‌ലിന്‍ കേസില്‍ ഒമ്പതു പ്രതികള്‍ക്കും എറണാകുളം പ്രത്യേക സി.ബി.ഐ. കോടതി സമന്‍സ് പുറപ്പെടുവിച്ചെങ്കിലും ലാവ്‌ലിനു സമന്‍സ് അയയ്‌ക്കാന്‍ കൃത്യമായ വിലാസമില്ല. 'എസ്.എന്‍.സി. ലാവ്‌ലിന്‍, കാനഡ' എന്നു മാത്രമാണു നോട്ടീസിലുള്ളത്. ഇന്റര്‍പോളിന്റെ സഹായത്തോടെ കാനഡ ആസ്‌ഥാനമായ കമ്പനിയുടെ ഓഫീസ് കണ്ടെത്തിവേണം സമന്‍സ് കൈമാറാന്‍. അന്വേഷണ ഏജന്‍സിയായ സി.ബി.ഐക്ക് ആരോപണവിധേയമായ കമ്പനിയുടെ വിലാസംപോലും അറിയില്ല. രാജ്യാന്തര കുറ്റാന്വേഷണ ഏജന്‍സിയായ ഇന്റര്‍പോളുമായി സി.ബി.ഐക്കു പരസ്‌പരസഹകരണമുണ്ട്. പ്രതികള്‍ സെപ്‌റ്റംബര്‍ 24-നു കോടതിയില്‍ ഹാജരാകാനാണു നിര്‍ദേശം. കമ്പനി പ്രതിനിധിക്കു നേരിട്ടോ അഭിഭാഷകന്‍ വഴിയോ ഹാജരാകാം.
നമ്മുടെ നാട്ടിലെ ഒരു അന്വേഷണ ഏജന്‍സി കേവലം ഒരു വിലാസത്തിനായി ഇന്റര്‍പോളിന്റെ വാതില്‍ക്കല്‍ കാത്തുകെട്ടിക്കിടക്കുക എന്നു വെച്ചാല്‍? നമുക്കുമില്ലേ ദേശാഭിമാനം? നമുക്കുമില്ലേ ധാര്‍മ്മിക രോഷം?
സി.ബി.ഐ യെ സഹായിക്കുക എന്ന ഒറ്റ ലക്ഷ്യം വെച്ച് ബുദ്ധിമുട്ടി, കഷ്ടപ്പെട്ട്, പാടുപെട്ട് കാനഡയിലെ ലാവലിന്‍ ഹെഡ് ഓഫീസിന്റെ വിലാസംകണ്ടെത്തിയിട്ടുണ്ട്.

ഇതാണാ വിലാസം.
SNC-Lavalin
455 René-Lévesque
Blvd. West
Montreal, Quebec
Canada H2Z 1Z3
Telephone: 514-393-1000
Fax: 514-866-0795
ഇതു പോരെങ്കില്‍ ലോകത്തില്‍ എവിടെയുമുള്ള അവരുടെ ഓഫീസ് വിലാസവും സംഘടിപ്പിച്ചുകൊടുക്കാന്‍ തയാറാണ്. വരുന്ന വഴിയില്‍ ആരെങ്കിലും സി.ബി.ഐയെ കാണുകയാണെങ്കില്‍ ഈ വിവരം ഒന്നു പറഞ്ഞേക്കണേ..
ഇനി അഥവാ ഒരു സാദാ ബ്ലോഗറോട് അഡ്രസ് ചോദിക്കാന്‍ സി।ബി।ഐക്ക് ചമ്മലുണ്ടെങ്കില്‍ അവര്‍ക്ക് സ്വയം തപ്പാനായി തൊട്ടുതാഴെഒരു വെബ് വിലാസം ഇവിടെ ഇടുന്നു। ഇവിടെ തപ്പിയാല്‍ ലോകത്തിലെ എല്ലാ എസ്।എന്‍।സി ലാവലിന്‍ ഓഫീസുകളുടെയും വിലാസം ലഭിക്കും.
പ്രണയപൂര്‍വം സിബിഐക്ക്
മംഗളം പത്രത്തിനു നന്ദി. അവരുടെ വാര്‍ത്തയില്‍ നിന്നു കിട്ടിയ തുമ്പില്ലായിരുന്നെങ്കില്‍ ..ഹോ...സി.ബി.ഐയുടെ അഡ്രസ് തപ്പല്‍ ചിലപ്പോള്‍ കട്ടപ്പൊക ആയേനേ..