Tuesday, May 1, 2007

മെയ് ദിനാശംസകള്‍

മെയ് ദിനമേ,

ജയഗാഥകളാല്‍, നിറവേറ്റും ശപഥ വചസ്സുകളാല്‍

അഭിവാദനം അഭിവാദനം അഭിവാദനം

അരുണമയൂഖം നിന്‍ മുഖമാദരപൂര്‍വ്വം കാണ്മൂ ഞങ്ങള്‍

മര്‍ദ്ദിതരുടെ ശിബിരങ്ങളെ ജാഗ്രത്താക്കിയും,അണികളിലവരെ നിരത്തിയും

എത്തുമദൃശ്യ മനുഷ്യാദ്ധ്വാന മഹത്വമഹസ്സേ

നിന്നെ കാണ്‍കേ ഞങ്ങളിലൂടെ ഉയര്‍ത്തെഴുന്നേല്‍ക്കുകയല്ലോ

ഞങ്ങടെ കൈകളിലെ പാഴ്ച്ചങ്ങല പൊട്ടിച്ചെറിയാന്‍ ധീരം

പൊരുതിമരിച്ചു ജയിച്ചവരെല്ലാം


മെയ് ദിനമേ,

ജയഗാഥകളാല്‍, നിറവേറ്റും ശപഥ വചസ്സുകളാല്‍

അഭിവാദനം അഭിവാദനം അഭിവാദനം

സ്വന്തം ചെഞ്ചുടു ചോര സമുജ്വലവര്‍ണ്ണം നല്‍കിയ സമരപതാകകള്‍

‍അന്തിമ നിമിഷം വരേയും കൈകളിലേന്തിയിടുന്നോര്‍

‍അവരുടെ പേരില്‍ ഒത്തൊരുമിച്ചിടിവെട്ടും പോലൊരു ശബ്ദത്തില്‍ പറയുന്നൂ ഞങ്ങള്‍

‍മര്‍ത്ത്യനജയ്യന്‍ മര്‍ത്ത്യാദ്ധ്വാനമജയ്യം അവന്റേതാണീ ലോകം

മെയ് ദിനമേ,

കുതികൊള്ളിക്കുക നീ ഞങ്ങളെയിനിയും മുന്നോട്ട്

അവികല നൂതന ലോകമിദായകമാകും രണശതശോണ പദങ്ങളിലൂടെ...


മെയ് ദിനമേ,

ജയഗാഥകളാല്‍, നിറവേറ്റും ശപഥ വചസ്സുകളാല്‍

അഭിവാദനം അഭിവാദനം അഭിവാദനം

തിരുനല്ലൂര്‍ കരുണാകരന്‍ രചിച്ച കവിത

1884ല്‍ Federation of Organised Trades and Labour Unions ഒരു പ്രമേയം പാസ്സാക്കി. 1886 മെയ് ഒന്നുമുതല്‍ 8 മണിക്കൂര്‍ ജോലി എന്നത് ഒരു ദിവസത്തെ ജോലിയായി കണക്കാക്കപ്പെടും. നിയമപരമായ എല്ലാ വഴികളും അടഞ്ഞിരിക്കുന്നത് കൊണ്ട് മേല്‍പ്പറഞ്ഞ ആവശ്യം നേടിയെടുക്കുന്നതിനുവേണ്ടി പൊതു പണിമുടക്കിനും ആ പ്രമേയം ആഹ്വാനം ചെയ്തു. പത്തും പന്ത്രണ്ടും പതിനാലും മണിക്കൂര്‍ ജോലി ചെയ്യുവാന്‍ നിര്‍ബന്ധിതരായിരുന്ന തൊഴിലാളികള്‍ക്കിടയില്‍ ഈ ആഹ്വാനം ഒരു കാട്ടുതീ പോലെ പടര്‍ന്നു കയറി.1886 ഏപ്രില്‍ ആയതോടുകൂടി ഏതാണ്ട് 2,50,000 തൊഴിലാളികള്‍ മെയ് ദിന പ്രസ്ഥാനത്തിന്റെ ഭാഗമായി.

ചിക്കാഗോ ആയിരുന്നു ഈ പ്രസ്ഥാനത്തിന്റെ പ്രധാന കേന്ദ്രം. International Working People's Association ആയിരുന്നു ഇതിന്റെ നേതൃസ്ഥാനത്ത്. ഭരണകൂടവും മുതലാളി വര്‍ഗവും ഈ മുന്നേറ്റത്തിന്റെ വിപ്ലവസ്വഭാവം കണ്ട് പരിഭ്രാന്തരായി. അതിനനുസരിച്ച് തന്നെ ഈ മുന്നേറ്റത്തെ എന്തു വിലകൊടുത്തും തകര്‍ക്കുവാനും അവര്‍ തയ്യാറെടുത്തു. പോലീസിനും പട്ടാളത്തിനും പുതിയ ആയുധങ്ങള്‍ നല്‍കിയും കൂടുതല്‍ പേരെ വിന്യസിച്ചും തങ്ങളുടെ തയ്യാറെടുപ്പ് അവര്‍ പൂര്‍ത്തിയാക്കി. എന്തായാലും മെയ് ഒന്നോടെ ഷൂ നിര്‍മ്മാണത്തൊഴിലാളികള്‍ക്കും തുണിമില്‍ തൊഴിലാളികള്‍ക്കും ജോലി സമയത്തില്‍ ഇളവുകിട്ടി. എങ്കിലും മറ്റു തൊഴിലാളികള്‍ക്കായി സമരം ശക്തമാക്കി.

1886 മെയ് മൂന്നിന് മക്കോര്‍മിക് റീപ്പര്‍ ഫാക്ടറിയിലെ തൊഴിലാളികള്‍ നടത്തിയ സമരത്തിനു നേരെ പോലീസ് വെടിവെക്കുകയും നാലു തൊഴിലാളികള്‍ മരിക്കുകയും നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതില്‍ പ്രതിഷേധിച്ച് തൊഴിലാളികള്‍ ഹൈ മാര്‍ക്കറ്റ് സ്ക്വയറില്‍ ഒരു യോഗം ചേര്‍ന്നു. സമാധാനപരമായി നടന്ന യോഗത്തിന്റെ അവസാനഘട്ടമടുത്തപ്പോള്‍ ഒരു സംഘം പോലീസുകാര്‍ വേദിയിലേക്ക് ഇരച്ചുകയറി. യോഗം നിര്‍ത്തിവെക്കാന്‍ അവര്‍ ആവശ്യപ്പെടുന്നതിനിടെ എവിടെനിന്നോ വീണ ഒരു ബോംബ് പൊട്ടി ഒരു പോലീസുകാരന്‍ മരിക്കുകയും നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തുടര്‍ന്ന് നടന്ന ലാത്തിച്ചാര്‍ജിലും പോലീസ് വെടിവെപ്പിലും ഒരു തൊഴിലാളി മരിക്കുകയും ഒട്ടേറെപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ബോംബെറിഞ്ഞവരെക്കുറിച്ച് പ്രത്യേകിച്ച് തെളിവൊന്നും ഇല്ലായിരുന്നെങ്കിലും ഇത് ഒരു അവസരമായിക്കണ്ട് തൊഴിലാളിനേതാക്കളെയും പ്രവര്‍ത്തകരേയും പോലീസ് അറസ്റ്റ് ചെയ്തു. അവരിലെ ഏറ്റവും പ്രമുഖരായ എട്ടുപേരെ കൊലപാതകത്തിനായുള്ള ഗൂഢാലോചനക്കുറ്റത്തിനെ ഒരു കംഗാരു കോടതി കുറ്റക്കാരായി പ്രഖ്യാപിക്കുകയും വധശിക്ഷ വിധിക്കുകയും ചെയ്തു.

ആല്‍ബര്‍ട്ട് പാര്‍സന്‍സ്, ആഗസ്റ്റ് സ്പൈസ്, അഡോള്‍ഫ് ഫിഷര്‍, ജോര്‍ജ്ജ് ഏങ്കല്‍ എന്നിവരെ 1887 നവംബര്‍ 11ന് ഈ വിധിപ്രകാരം തൂക്കിലേറ്റി. ലൂയിസ് ലിങ് എന്നയാള്‍ ഇതിനിടെ ആത്മഹത്യ ചെയ്തു. ശേഷിച്ച മൂന്നു പേര്‍ക്ക് (മൈക്കേല്‍ ഷ്വാബ്, സാമുവേല്‍ ഫീല്‍ഡെന്‍, ഓസ്കാര്‍ നീബെ)1893ല്‍ മാപ്പു ലഭിച്ചു.

ഹൈ മാര്‍ക്കറ്റ് സംഭവവും അതിനെത്തുടര്‍ന്നു നടന്ന ശിക്ഷാനടപടികളുമൊക്കെ ലോകമാസകലം മനുഷ്യസ്നേഹികളുടെ ശ്രദ്ധ പിടിച്ചുപറ്റി. വന്‍ പ്രതിഷേധം തന്നെ ഉയര്‍ന്നു. 1890 മെയ് ഒന്നു മുതല്‍ ജോലി സമയം എട്ടു മണിക്കൂറായിരിക്കുമെന്ന് അമേരിക്കന്‍ ഫെഡറേഷന്‍ ഓഫ് ലേബര്‍ പ്രഖ്യാപിച്ചു. മെയ് ദിനം ഔദ്യോഗികമായി അംഗീകരിക്കാത്ത രാജ്യങ്ങളുടെ കൂട്ടത്തില്‍ അമേരിക്കയും കാനഡയും ദക്ഷിണ ആഫ്രിക്കയുമാണുള്ളത്.

മെയ് ദിനത്തിന്റെ ചരിത്രം മറച്ചുവെക്കുവാന്‍ വ്യാപകവും കുത്സിതവുമായ ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ഇന്നും ലോകമാസകലം തൊഴിലാളികള്‍ ഈ ദിനം ആവേശപൂര്‍വം ആഘോഷിക്കുന്നു. ജോലിസമയം എട്ടു മണിക്കൂര്‍ എന്ന അവകാശമാണ് ഹൈ മാര്‍ക്കറ്റ് സംഭവവും തുടര്‍ന്നു നടന്ന വെടിവെപ്പും ശിക്ഷാനടപടികളുമൊക്കെ ലോകത്തിലെ കോടിക്കണക്കിന് തൊഴിലാളികള്‍ക്ക് നേടിക്കൊടുത്തത്.

ലോകത്തിലെ പുതിയ സംഭവവികാസങ്ങള്‍ വെച്ച് നോക്കുമ്പോള്‍ വീണ്ടും പഴയ അവസ്ഥയിലേക്ക് കാര്യങ്ങള്‍ നീങ്ങുകയാണോ എന്ന് തോന്നിപ്പോകും.എട്ടു മണിക്കൂര്‍ ജോലി, എട്ടു മണിക്കൂര്‍ വിനോദം എട്ടു മണിക്കൂര്‍ വിശ്രമം എന്ന അംഗീകൃത നിയമം പല മേഖലകളിലും കാറ്റില്‍പ്പറത്തപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇന്നേറ്റവും ആകര്‍ഷണീയമായി തോന്നുന്ന ഐ.ടി മേഖല ഇതിനുദാഹരണമാണ്. ഈ പ്രവണത ബാങ്കുകളിലേക്കും മറ്റ് മേഖലകളിലേയ്ക്കും പതുക്കെ വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. നിരവധി വര്‍ഷത്തെ പോരാട്ടങ്ങളിലൂടെയും ത്യാഗങ്ങളിലൂടെയും നേടിയെടുക്കപ്പെട്ട പല അവകാശങ്ങളും അധികാരങ്ങളും ആര്‍ക്കെങ്കിലും നഷ്ടപ്പെടുന്നത് ഒരു ചെയിന്‍ റിയാക്ഷന്‍ പോലെ മറ്റെല്ലാവരേയും ബാധിക്കും എന്നത് മനസ്സിലാക്കുക എന്നതായിരിക്കും ഈ മെയ് ദിനം നല്‍കുന്ന സന്ദേശം.

4 comments:

മൂര്‍ത്തി said...

എല്ലാവര്‍ക്കും മെയ് ദിനാശംസകള്‍...തിരുനെല്ലൂര്‍ കരുണാകരന്‍ എഴുതിയ ഒരു കവിത. ഒരു ചെറു കുറിപ്പ്...

Sathyardhi said...

തിരുനെല്ലൂരിനെ വായിച്ചതില്‍ സന്തോഷം. മേയ് ദിനാശംസകള്‍

Unknown said...

കുറിപ്പ് നന്നായീ. മെയ്ദിന സന്ദേശം ചിന്തിക്കേണ്ടത് തന്നെ. തിരുനെല്ലൂരിന്റെ കവിത തിരഞ്ഞെടുത്തതും ഉചിതം

vimathan said...

നല്ല ലേഖനം. താങ്കള്‍ക്കും മെയ് ദിന അഭിവാദ്യങള്‍.