തിരക്കു പിടിച്ച നഗരത്തിന്റെ വിരിമാറിലൂടെ അവര്‍ നടക്കുകയായിരുന്നു..
കാതടപ്പിക്കുന്ന ശബ്ദഘോഷത്തിന്റെ നടുവിലൂടെ...
“ഇവിടെ എവിടെയോ ഒരു ചീവീട് കരയുന്നു”
സുഹൃത്തുക്കളിലൊരാള്‍ മറ്റേയാളോട് പതുക്കെപ്പറഞ്ഞു...
“ഭ്രാന്ത് പറയാതെ...ഈ ശബ്ദത്തിനിടയില്‍ ചീവീടോ?”
“ഇല്ല..എനിക്കുറപ്പുണ്ട്..ഇവിടെ ഒരു ചീവീട് കരയുന്നുണ്ട്”
“ഇത് ശരിക്കും വട്ടു തന്നെ”
ചീവീടിന്റെ ശബ്ദം കേട്ട സുഹൃത്ത് ചെവി വട്ടം പിടിച്ചു...പതുക്കെ സിമന്റ് തറകള്‍ക്കിടയില്‍ വളര്‍ന്നിരുന്ന ചെറു ചെടികള്‍ക്കിടയില്‍ നിന്ന് ഒരു കുഞ്ഞു ചീവീടിനെ പൊക്കിയെടുത്തു...
“ഇതു കണ്ടോ...എനിക്കുറപ്പുണ്ടായിരുന്നു”
“ഇത് അപാരം തന്നെ..നിനക്ക് ഭൂതച്ചെവിയുണ്ട്..മനുഷ്യന്‍ കേള്‍ക്കാത്ത ശബ്ദങ്ങള്‍ നീ കേള്‍ക്കുന്നു”
“ ഇല്ല കൂട്ടുകാരാ...എന്റെയും നിന്റെയും കേള്‍വിക്ക് യാതൊരു വ്യത്യാസവുമില്ല..എല്ലാം നാം എന്തു ശ്രദ്ധിക്കുന്നു എന്നതിനെ അനുസരിച്ചിരിക്കുന്നു’
“അതു വെറുതെ...എനിക്കെന്തായാലും ഇതിനിടയില്‍ ചീവിടിന്റെ ശബ്ദമൊന്നും കേള്‍ക്കാനാവില്ല”
“ഞാന്‍ പറഞ്ഞത് സത്യം...നിനക്ക് പ്രധാനമെന്ത് എന്നതിനെ ആശ്രയിച്ചാണെല്ലാം. ഞാന്‍ കാണിച്ചു തരാം”
അയാള്‍ തന്റെ കീശയില്‍ നിന്ന് കുറച്ചു നാണയങ്ങളെടുത്തു. ഒരു ചെറുകിലുക്കമുണ്ടാക്കിക്കൊണ്ട് അത് നിലത്തേക്ക് വിതറി......
ഇത്രയും ശബ്ദായമാനമായ അന്തരീക്ഷത്തിലും അതിനടുത്തുണ്ടായിരുന്നവരൊക്കെ ഒരു നിമിഷം ശ്രദ്ധിച്ചു...
തിരിഞ്ഞുനോക്കി....
നാണയങ്ങള്‍ വീണത് തങ്ങളുടെ കയ്യില്‍നിന്നാണോ?
“ ഇതു കണ്ടോ...ഇതാണ് ഞാന്‍ പറഞ്ഞത്...നമുക്കെന്താണ് പ്രധാനം എന്നതനുസരിച്ചിരിക്കും എല്ലാം”ഈ കഥ ഇഷ്ടപ്പെട്ടോ? ഇതുപോലുള്ള നിരവധി കഥകള്‍ ശേഖരിച്ചിരിക്കുന്ന ഒരു ബ്ലോഗ് ശ്രദ്ധയില്‍പ്പെട്ടു...
തഥാഗതന്‍ എന്ന പേരില്‍ ഇംഗ്ലീഷില്‍ എഴുതുന്ന ഒരു കൊല്ലം സ്വദേശിയുടെ ബ്ലോഗ്...
ലിങ്ക് ഇവിടെ