Friday, June 1, 2007

മാധ്യമങ്ങളെപ്പറ്റി അല്ലെന്നേ...

നന്ദിഗ്രാം ഉള്‍പ്പെട്ട ജില്ലയില്‍ ഇടതുപക്ഷത്തിനു തിരിച്ചടി.

മാതൃഭൂമിയില്‍ മെയ് 31നു വന്ന വാര്‍ത്തയാണിത്.

നന്ദിഗ്രാം ഉള്‍പ്പെട്ട കിഴക്കന്‍ മിഡ്‌നാപ്പൂര്‍ ജില്ലയിലെ പാന്‍സ്‌കുര മുനിസിപ്പാലിറ്റി ഇടതുപക്ഷത്തിനു നഷ്ടമായെന്നും ഞായറാഴ്ച നടന്ന തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായെന്നും വാര്‍ത്ത പറയുന്നു. 17 സീറ്റുള്ള നഗരസഭയില്‍ തൃണമൂലിനു 6 ഉം ഇടതുപക്ഷത്തിന് 7 ഉം സീറ്റ് ലഭിച്ചെങ്കിലും തൃണമൂലിനു രണ്ടു സ്വതന്ത്രരെക്കൂടി വിജയിപ്പിക്കാനായെന്നും കോണ്‍ഗ്രസ്സിന് രണ്ടു സീറ്റ് ലഭിച്ചെന്നും വാര്‍ത്ത പറയുന്നു.

കോണ്‍ഗ്രസ്സ് നിലനിര്‍ത്തിയ രണ്ടു നഗരസഭകളുടെ വാര്‍ത്ത കൂടി അതോടൊപ്പം ഉണ്ട്.

ഇടതിനു ശരിക്കും തിരിച്ചടി തന്നെ. സംശയമില്ല.

ഈ മൂന്ന് സ്ഥലങ്ങളില്‍ മാത്രമെ തിരഞ്ഞെടുപ്പ് നടന്നിട്ടുള്ളൂ, അത് മൂന്നും ഇടതിനു കിട്ടിയില്ല.

തിരിച്ചടിയല്ലാതെ മറ്റെന്താണ്?

ഇന്നു രാവിലെ (ജൂണ്‍ ഒന്ന്) ദേശാഭിമാനിയിലെ നുണ വായിച്ചപ്പോള്‍ ഞെട്ടിപ്പോയി.

തിരഞ്ഞെടുപ്പ് മാതൃഭൂമി പറഞ്ഞ ഇടങ്ങളില്‍ മാത്രമല്ലെന്നാണ് ദേശാഭിമാനി വാര്‍ത്ത വായിച്ചാല്‍ തോന്നുക.

24 ജില്ലാ പഞ്ചായത്ത് സീറ്റുകളില്‍ 19, പഞ്ചായത്ത് സമിതി സീറ്റുകളില്‍ 94ല്‍ 65, ഗ്രാമപഞ്ചായത്ത് സീറ്റുകളില്‍ 398ല്‍ 256 എന്നിങ്ങനെയാണ് ഇടതുപക്ഷം നേടിയതിന്റെ കണക്ക്.
2003ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ നേടിയതിനേക്കാള്‍ സീറ്റ് ബ്ലോക്ക് പഞ്ചായത്തിലും ഗ്രാമപഞ്ചായത്തിലും നേടിയെന്ന് പത്രം പറയുന്നു.
സിംഗൂര്‍ ,നന്ദിഗ്രാം, ബേജുരി എന്നിവിടങ്ങളില്‍ പ്രതിപക്ഷത്തിന്റെ കൈയില്‍ നിന്നും സീറ്റ് പിടിച്ചെടുത്തു, മറ്റു പലതും നിലനിര്‍ത്തി, സിംഗൂര്‍ ഉള്‍പ്പെടുന്ന ജില്ലാ പരിഷത്തിലും വിജയം ഇതൊക്കെയാണ് പത്രത്തിന്റെ അവകാശവാദം.

പാന്‍സ്‌കൂറയെപ്പറ്റി എന്തെങ്കിലും പറഞ്ഞിട്ടുണ്ടോ എന്നു നോക്കി..
ഉവ്വ് ..തങ്ങള്‍ക്കതു നഷ്ടമായെന്ന് സമ്മതിക്കുന്നുണ്ട്..

അപ്പോ പിന്നെ മാതൃഭൂമി പലതും കാണാതെ പോയതെന്തേ?
നിഷ്പക്ഷ പത്രമായതു കൊണ്ട് നുണ പറയാനോ തമസ്കരിക്കാനോ അവര്‍ തയ്യാറാവില്ല.

ദേശാഭിമാനി നുണ പറയുകയായിരിക്കും. പാര്‍ട്ടി പത്രമല്ലേ..

ഇന്ന് രാവിലെ മാതൃഭൂമിയും മൊത്തം അരിച്ചുപെറുക്കി.
ബംഗാള്‍, ഇടതുപക്ഷ വിജയം അങ്ങിനെ എന്തെങ്കിലും?
അതിലെ ഏതെങ്കിലും അന്ധനായ ഇടതുപക്ഷക്കാരന്‍ ദേശാഭിമാനിയിലെ നുണ പകര്‍ത്തിവെച്ചിട്ടുണ്ടോ?

ഇല്ല..എല്ലാം ഭദ്രം...

എന്തായാലും ദേശാഭിമാനി വാര്‍ത്ത ഇവിടെ.

2 comments:

മൂര്‍ത്തി said...

അപ്പോ പിന്നെ മാതൃഭൂമി പലതും കാണാതെ പോയതെന്തേ?
നിഷ്പക്ഷ പത്രമായതു കൊണ്ട് നുണ പറയാനോ തമസ്കരിക്കാനോ അവര്‍ തയ്യാറാവില്ല.
ദേശാഭിമാനി നുണ പറയുകയായിരിക്കും. പാര്‍ട്ടി പത്രമല്ലേ..
ഒരു വാര്‍ത്ത. രണ്ടു പത്രങ്ങള്‍!

കിരണ്‍ തോമസ് തോമ്പില്‍ said...

മൂര്‍ത്തി മാതൃഭൂമി പലതും കാണാതെ പോകും. ജനങ്ങള്‍ അറിയണ്ടതോ അറിയാന്‍ താത്പര്യപ്പെടുന്നതോ മാത്രമേ മാതൃഭൂമി എഴുതൂ. ഉദാഹരണത്തിന്‌ ഈ ദേശാഭിമാനി വാര്‍ത്ത സത്യമാണെന്ന് വിചാരിക്കുക. ഈ വാര്‍ത്ത ഇതു പോലെ കൊടുത്താല്‍ നന്ദീഗ്രാം വെടിവയ്പും സിങ്കൂരിലെ ഭൂമി ഒഴിപ്പിക്കല്‍ പ്രശ്നവും ബംഗാളില്‍ ഇടതുസര്‍ക്കാരിനെതിരെ ഒരു വികാരവും ഉണ്ടാക്കിയില്ല എന്ന് എങ്ങനെ കേരളത്തില്‍ പറയും. പറഞ്ഞാല്‍ അത്‌ അവരില്‍ ഉണ്ടാക്കുന്ന ആഘാതം എന്തായിരിക്കും. ഇതൊന്നും പറഞ്ഞാല്‍ പാര്‍ട്ടിക്കാര്‍ക്ക്‌ മനസികില്ല. മാതൃഭൂമി വായിക്കുന്നത്‌ നിഷ്പക്ഷരായ സോഷ്യലിസ്റ്റ്‌ ജനതയാണ്‌. അവര്‍ക്കാവശ്യമുള്ളത്‌ നേരാണേങ്കിലും നുണയാണെങ്കിലും അത്‌ കൊടുക്കുക അതാണ്‌ മാതൃഭൂമിയുടെ പത്രധര്‍മ്മം.

പിണറായുടെ വ്യാജ പ്രസ്താവന കൊടുക്കുന്നതും. M.P. വീരേന്ദ്രകുമാറിന്റെ ഭുമി കൈയേറ്റ ആരോപണം എഴുതാത്തതും . മമ്മൂട്ടിക്ക്‌ സ്മാര്‍ട്ട്‌ സിറ്റി ചര്‍ച്ചയില്‍ പങ്കില്ല എന്ന VS ന്റെ പ്രസ്താവന കൊടുക്കാത്തതും ( മമ്മൂട്ടിക്കും പങ്ക്‌ എന്ന് അന്ന് മാതൃഭുമി ഫ്രെണ്ട്‌ പേജ്‌ വാര്‍ത്ത കൊടുത്തതുകൊണ്ടാവം ഇത്‌) ഒക്കെ ഇതിന്റെ ഭാഗമാണ്‌. അസൂയപ്പെട്ടിട്ട്‌ കാര്യമില്ല 10 ലക്ഷം പത്രം അടിക്കുന്നുണ്ടേ