മാതൃഭൂമി പത്രത്തിന്റെ ഒരു സ്ഥിരം വായനക്കാരനാണ് ഞാന്‍.
ഓര്‍മ്മ വെച്ചപ്പോള്‍ മുതല്‍ കണ്ടു തുടങ്ങിയതു കൊണ്ടായിരിക്കണം രാവിലെ അതെടുത്തൊന്ന് മറിച്ചുനോക്കുകയെങ്കിലും ചെയ്തില്ലെങ്കില്‍ ഒരിതാണ്. വര്‍ഷങ്ങളായി വായിക്കുന്നതു കൊണ്ടായിരിക്കണം വെറുതെ മാതൃഭൂമി വായിച്ചാലും അത് വരികള്‍ക്കിടയിലൂടെ ആയിപ്പോകുന്നത്.
സ്ഥിരമായി ഒരേ പത്രം വായിക്കുന്നതിന് അതിന്റേതായ ഗുണവും ദോഷവുമുണ്ട്.
1. നമ്മള്‍ ആ പത്രത്തെ വിശ്വസിച്ചുപോകും.
2. പക്ഷെ, വരികള്‍ക്കിടയിലൂടെ വായിക്കാന്‍ നാം പഠിച്ചുകഴിഞ്ഞാല്‍ തലകുത്തി മറിഞ്ഞാലും ആ പത്രത്തിന് നമ്മെ പറ്റിക്കാന്‍ പറ്റില്ല.
മുകളില്‍ പറഞ്ഞിരിക്കുന്നതില്‍ ഏതാണ് ഗുണം ഏതാണ് ദോഷം എന്നത് നിങ്ങള്‍ വായനക്കാരനാണോ പത്രമുടമയാണോ എന്നതിനെ ആശ്രയിച്ചിരിക്കും.
പറയാന്‍ വന്നത് വിജിലന്‍സ് അന്വേഷണങ്ങളെക്കുറിച്ചുള്ള ചില വാര്‍ത്തകളെക്കുറിച്ചാണ്.
ഈയടുത്ത ദിവസങ്ങളില്‍ കണ്ട രണ്ട് വിജിലന്‍സ് അന്വേഷണ വാര്‍ത്തകള്‍ മാതൃഭൂമി പ്രസിദ്ധീകരിച്ചിരിക്കുന്നത് വായിക്കുന്നതും താരതമ്യം ചെയ്യുന്നതും തികച്ചും രസകരമാണ്.
ആദ്യം രമേഷ് ചെന്നിത്തലക്കെതിരായ അന്വേഷണത്തെക്കുറിച്ചുള്ള ഒരു വാര്‍ത്ത തന്നെ ആയിക്കോട്ടെ. വേണമെങ്കില്‍ മാതൃഭൂമിയുടെ വീക്ഷണം (No pun intended) എന്നും പറയാം.
ജൂലായ് 21 ലെ പത്രത്തിലെ വാര്‍ത്തയാണിത്. ‘വിജിലന്‍സ് അന്വേഷണം നിലനില്‍ക്കില്ല’ എന്ന് തലക്കെട്ടില്‍ത്തന്നെ മാതൃഭൂമി നമ്മെ പഠിപ്പിക്കുകയാണ്. വാര്‍ത്തയിലേക്ക് കടന്നാലുള്ള പദപ്രയോഗങ്ങള്‍ ഒന്നിനൊന്നു മെച്ചം.1. തൊടുത്തുവിട്ട ആരോപണം -ആരോപണത്തില്‍ കാര്യമൊന്നുമില്ല എന്ന് സൂചന
2. പ്രതിപക്ഷത്തെ കൂച്ചുവിലങ്ങിടാനും, പൊടി തട്ടിയെടുത്ത്, തിടുക്കത്തില്‍ - മുകളില്‍ പറഞ്ഞ സൂചന തന്നെ
3. അന്വേഷണം വഴി മുട്ടുന്ന സ്ഥിതിയിലുമായി - തെളിവൊന്നുമില്ല എന്നര്‍ത്ഥം
4. അന്വേഷണം നിലനില്‍ക്കില്ല -പത്രം വിധിയെഴുതിക്കഴിഞ്ഞു
ഈ സൂചനകളിലൂടെ ചെന്നിത്തലയെ വെള്ള പൂശുന്ന പത്രം, ആ വാര്‍ത്തയില്‍ത്തന്നെ സി.പി.എമ്മിനെതിരെ ഉപയോഗിച്ചിട്ടുള്ള വാക്കുകള്‍ നോക്കാം. ഊഹോപോഹങ്ങള്‍ മാത്രമായ പലതും ഇതിന്റെ കൂട്ടത്തില്‍ പത്രം കയറ്റി വിടുന്നുമുണ്ട്.
1. ആരോപണം സി.പി.എമ്മിനു തന്നെ തലവേദനയാകുന്നു.
2. സജിത്തിന്റെ കുടുംബാംഗങ്ങള്‍ സി.പി.എമ്മിനെതിരെ ആഞ്ഞടിക്കുകയായിരുന്നു.
3. പാര്‍ട്ടി അണികളില്‍ ആശങ്ക നിലനില്‍ക്കുന്നു.
4. പാര്‍ട്ടി അണികളില്‍ എതിര്‍പ്പുണ്ടാക്കി.
5. പാര്‍ട്ടി അണികളെ ഞെട്ടിച്ചിട്ടുണ്ട്.
6. (സി.പി.എം) പ്രാദേശിക നേതൃത്വമാണ് ആദ്യം പ്രതിക്കൂട്ടിലാകുന്നത്
7. പാര്‍ട്ടി അണികളില്‍ വീണ്ടും സജീവ ചര്‍ച്ചാ വിഷയമാവുകയാണ്.
ഈ പ്രയോഗങ്ങളുടെ ഒക്കെ സൂചന എന്താണെന്ന് പ്രത്യേകിച്ച് പറയേണ്ടല്ലോ.
രമേഷ് ചെന്നിത്തലക്കെതിരായ വിജിലന്‍സ് അന്വേഷണത്തെക്കുറിച്ചുള്ള വാര്‍ത്തയാണിതെന്ന് ഒന്നു കൂടി ഓര്‍മ്മിപ്പിക്കട്ടെ. അന്വേഷണം തുടങ്ങുന്നതിനു മുന്‍പ് തന്നെ ചെന്നിത്തല നിരപരാധിയാണെന്ന് വിധിയെഴുതുന്ന പത്രം വാര്‍ത്തയുടെ ഭൂരിഭാഗവും സി.പി.എമ്മിനെതിരെയാണ് ചിലവഴിക്കുന്നത്.
പക്ഷെ, അതിബുദ്ധിമാന്‍ ആപത്തില്‍ച്ചാടും എന്നു പറഞ്ഞതുപോലെയാണ് ഇതിന്റെ സ്ഥിതി. തങ്ങളുടെ നേതാക്കളെക്കുറിച്ച് എന്തെങ്കിലും ചെറിയ വാര്‍ത്ത വന്നാല്‍പ്പോലും ആശങ്കാകുലരാവുകയും, ഞെട്ടുകയും ഒക്കെചെയ്യുന്ന ജാഗരൂകരായ അണികളാണ് സി.പി.എമ്മിനുള്ളതെന്ന് പത്രം അറിയാതെ പറഞ്ഞുതരികയാണ്.
കോണ്‍ഗ്രസ്സ് എന്ന പാര്‍ട്ടിക്ക് അണികളേ ഇല്ലെന്നും അഥവാ ഉണ്ടെങ്കിലും അവര്‍ക്കിതൊന്നും വിഷയമല്ലെന്നും കൂടി പത്രം വായിക്കുമ്പോള്‍ നമുക്ക് തോന്നും.
ഇനി ഇതുകൊണ്ടാണോ മാതൃഭൂമിയെ “ഇടത് ചായ്‌വുള്ള” പത്രം എന്ന് ചിലരെങ്കിലും വിശേഷിപ്പിക്കുന്നത്?
അടുത്ത വിജിലന്‍സ് വാര്‍ത്ത ദേശാഭിമാനി മുന്‍ ഡി.ജി.എം വേണുഗോപാലിനെക്കുറിച്ചും, വികസനബോണ്ടിനെക്കുറിച്ചുമാണ്.
ജൂലായ് 22ലെ പത്രത്തില്‍ നിന്ന്. ഇതിലെ ചില പ്രയോഗങ്ങള്‍ നമുക്ക് നോക്കാം
1. വിജിലന്‍സ് ആഴത്തില്‍ അന്വേഷിക്കേണ്ടി വരും -കഴിഞ്ഞ വാര്‍ത്തയിലെപ്പോലെ നിലനില്‍ക്കാത്തതല്ല എന്നു സൂചന.
2. കോഴ’ക്കേസുകള്‍’-ബഹുവചനം ശ്രദ്ധിക്കുക. രശീതി കൊടുത്ത് വാങ്ങിയാല്‍പ്പോലും കോഴയാകുന്നു.
തുടര്‍ന്ന് വിജിലന്‍സ് എന്തൊക്കെച്ചെയ്യും എന്ന് പറഞ്ഞുതരികയാണ്.
1. ലോക്കല്‍ കമ്മിറ്റി മറ്റ് ഭാരവാഹികളേയും ചോദ്യം ചെയ്യും.
2. സംസ്ഥാന നേതാക്കളെ ചോദ്യം ചെയ്യേണ്ടി വരും.
3. കൊടിയേരി, പിണറായി, ജയരാജന്‍, വേണുഗോപാല്‍ എന്നിവരെ ചോദ്യം ചെയ്യേണ്ടി വരും
അത് കൂടാതെ വിജിലന്‍സിന്റെ അന്വേഷണ നടപടിക്രമങ്ങളെക്കുറിച്ച് പഠിപ്പിക്കുന്നുമുണ്ട്. മൊത്തത്തില്‍ എന്തൊക്കെയോ സംഭവിക്കാന്‍ പോകുന്നു എന്ന ഒരു ഇഫക്ട് സൃഷ്ടിക്കുകയാണ്.
മുകളില്‍പ്പറഞ്ഞ രണ്ട് വാര്‍ത്തകളിലും ആരെങ്കിലും കുറ്റക്കാരാണെന്ന് അന്വേഷണത്തില്‍ തെളിയുമോ ഇല്ലയോ എന്നൊന്നും വായനക്കാരനോ പത്രത്തിനോ ഒരു തരത്തിലും പറയാന്‍ കഴിയില്ല. പക്ഷെ, ഒരു പത്രം അത് പറയാതെ പറയാന്‍ നോക്കുമ്പോള്‍ നിഷ്പക്ഷതാ നാട്യത്തിന്റെ മുഖം മൂടിയാണ് അഴിഞ്ഞു വീഴുന്നത്.
കൌതുകത്തിനുവേണ്ടി, രമേഷ് ചെന്നിത്തലക്കെതിരായ വിജിലന്‍സ് അന്വേഷണം വന്ന ദിവസത്തെ മാതൃഭൂമി എടുത്ത് വീണ്ടും മറിച്ചു നോക്കി. പതിവുപോലെ വാര്‍ത്തക്കൊപ്പം തന്നെ ചെന്നിത്തലയുടേയും കോണ്‍ഗ്രസ്സിന്റേയും വീക്ഷണങ്ങളുമുണ്ട്.
കഴിഞ്ഞ കുറേദിവസങ്ങളിലെ മാതൃഭൂമി പത്രമെടുത്ത് പരിശോധിച്ച് കണക്കെടുക്കുകയാണെങ്കില്‍, ആ പത്രം ഗിന്നസ്സ് ബുക്കില്‍ വരാനുള്ള എല്ലാ സാദ്ധ്യതകളും ഉണ്ട്. ഒരു പ്രത്യേക പാര്‍ട്ടിയെക്കുറിച്ച് ഒരു പ്രത്യേക പത്രം ചില പ്രത്യേകതരം വാര്‍ത്തകള്‍ ഏറ്റവും കുറഞ്ഞ കാലയളവിനുള്ളില്‍ ഏറ്റവും കൂടുതല്‍ കൊടുത്തതിന്. :)
സംഭവാമി യുഗേ യുഗേ!!