Sunday, July 8, 2007

ആഗോള സമാധാന സൂചിക

സമാധാനത്തെക്കുറിച്ച് കണക്കെടുക്കുകയും ഒരു സൂചിക തയ്യാറാക്കുകയും ചെയ്താല്‍ ഇന്ത്യ എവിടെ നില്‍‌ക്കും?

പാകിസ്ഥാന്‍? അമേരിക്ക? യു.കെ? ഇറാഖ്?

വിഷന്‍ ഓഫ് ഹ്യുമാനിറ്റി എന്ന സൈറ്റില്‍ ഇത്തരത്തിലുള്ള ഒരു സൂചിക കണ്ടു.

ലോകത്തിലെ 121 രാജ്യങ്ങളെ ആഭ്യന്തരവും വൈദേശികവുമായ സംഘര്‍ഷങ്ങള്‍, സാമൂഹ്യ രക്ഷയും സുരക്ഷിതത്വവും, സൈനികവത്കരണം എന്നീ വിഭാഗങ്ങളിലായുള്ള 24 സൂചകങ്ങളുടെ അടിസ്ഥാനത്തില്‍ വിലയിരുത്തിയിരിക്കുന്നു. രാജ്യത്തിനകത്തെ സമാധാനത്തിനു 60 ശതമാനവും പുറത്തുള്ളവരുമായുള്ള പ്രശ്നങ്ങള്‍ക്ക് 40 ശതമാനവും വെയിറ്റേജ് നല്‍കിക്കൊണ്ടുള്ള ഒരു സൂചിക.

ദി എക്കണോമിക് ഇന്റലിജന്‍സ് യൂണിറ്റ്, അന്തര്‍ദേശീയതലത്തിലെ വിദഗ്ദര്‍ അടങ്ങുന്ന ഒരു സംഘത്തിന്റെ സഹായത്തോടെ 2004-06 വര്‍ഷങ്ങളിലെ ഡാറ്റ ഉപയോഗിച്ചാണിത് തയ്യാറാക്കിയിരിക്കുന്നത്. ഈ സൂചിക തയ്യാറാക്കിയതിന്റെ മെത്തഡോളജി ഇവിടെ.

സമാധാനവും സുസ്ഥിരതയും ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ മനുഷ്യവര്‍ഗത്തിന്റെ അതിജീവനത്തിന്റെ മൂലക്കല്ലുകളാണെന്നും, കാലാവസ്ഥാ വ്യതിയാനം, നഷ്ടപ്പെടുന്ന ജൈവവൈവിധ്യം, ജനസംഖ്യാപ്പെരുപ്പം എന്നിവയൊക്കെ ഈ നൂറ്റാണ്ടിന്റെ വെല്ലുവിളികളാണെന്നും ഇവര്‍ അഭിപ്രായപ്പെടുന്നു.

ഈ സൂചികയനുസരിച്ച് സമാധാനത്തിന്റെ കാര്യത്തില്‍ ഒന്നാം സ്ഥാനത്ത് വരുന്നത് നോര്‍വേയാണ്.

ന്യൂസിലാന്റ്, ഡെന്മാര്‍ക്ക്, അയര്‍ലന്റ്, ജപ്പാന്‍, ഫിന്‍‌ലണ്ട്, സ്വീഡന്‍, കാനഡ, പോര്‍ചുഗല്‍, ആസ്ത്രിയ എന്നീ രാജ്യങ്ങള്‍ രണ്ടു മുതല്‍ പത്തു വരെ സ്ഥാനങ്ങളില്‍.

സ്വാഭാവികമായും നമ്മള്‍ എവിടെ എന്ന ചോദ്യം ഉണ്ടാകും.

കുഴപ്പമൊന്നുമില്ല. ഫുട്ബോളിനേക്കാള്‍ മെച്ചമാണ്. :)

ഇന്ത്യ നൂറ്റിഒന്‍പതാം സ്ഥാനത്ത് നില്‍ക്കുന്നു.

പാകിസ്ഥാന്‍ നൂറ്റിപ്പതിനഞ്ചിലും.

അമേരിക്ക, കൂട്ടാളിയായ യു.കെ എന്നിവര്‍ യഥാക്രമം തൊണ്ണൂറ്റിയാറാം സ്ഥാനത്തും സ്ഥാനത്തും നാല്പത്തി ഒന്‍പതാം സ്ഥാനത്തും ഉണ്ട്.

ഏറ്റവും താഴെ ആര് എന്ന ചോദ്യം വളരെ സ്വാഭാവികം. But no marks for intelligent guesses..

ഇറാഖ് എന്നുത്തരം.

ഈ സൂചികയെക്കുറിച്ചും സൈറ്റിനെക്കുറിച്ചും സംസാരിച്ചപ്പോള്‍ ഒരു സുഹൃത്തിനു തോന്നിയ സംശയം ഇതായിരുന്നു.

ഇറാഖിലെ നിയമ വിരുദ്ധ അധിനിവേശത്തിനു ശേഷവും, മറ്റു രാജ്യങ്ങളെ ഭീഷണിപ്പെടുത്തുന്ന അന്താരാഷ്ട്ര പോലീസിന്റെ റോള്‍ തുടരുന്നതിനിടയിലും അമേരിക്കക്ക് എങ്ങിനെ തൊണ്ണൂറ്റിയാറാം സ്ഥാനം കിട്ടി?

ഇന്ത്യ എങ്ങിനെ അവര്‍ക്ക് താഴെയായി?

നിയമവിരുദ്ധ അധിനിവേശത്തിനും കൊള്ളക്കുമൊക്കെ ഇരയായ, ഇരയായിക്കൊണ്ടിരിക്കുന്ന ഇറാഖിനു നല്‍കിയ അവസാന സ്ഥാനം ന്യായീകരിക്കത്തക്കതോ?

ചോദ്യങ്ങള്‍ പ്രസക്തം. അല്ലേ?

5 comments:

മൂര്‍ത്തി said...

സമാധാനത്തെക്കുറിച്ച് കണക്കെടുക്കുകയും ഒരു സൂചിക തയ്യാറാക്കുകയും ചെയ്താല്‍ ഇന്ത്യ എവിടെ നില്‍‌ക്കും?പാകിസ്ഥാന്‍, അമേരിക്ക, യു.കെ ഇറാഖ് എന്നിവരൊക്കെ എവിടെയായിരിക്കും?

ഡാലി said...

ഇസ്രായേല്‍, സിറിയ, ഇറാന്‍, ലെബനോന്‍ എന്നിവയുടെ സ്ഥാനം അറിയാനായിരുന്നു കൌതുകം. വളരെ മോശം അനാലിസിസ് എന്ന് പറയാനാവില്ല അല്ലേ?
:)

മൂര്‍ത്തി said...

ഡാലി,

ഇസ്രായേല്‍, സിറിയ, ഇറാന്‍, ലെബനോന്‍ ഇവയുടെ റാങ്കിങ്ങൊക്കെ ആ സൈറ്റില്‍ നിന്ന് അറിഞ്ഞു കാണും എന്നു കരുതുന്നു. യഥാക്രമം 119,77,97,114. എന്തായാലും ഇത് കൂടി ഇരിക്കട്ടെ ക്യൂബ 59, വെനിസ്വേല 112 (!?)

പൊതുവേ ഒരു തരം അരാഷ്ട്രീയത ഇത്തരം കണക്കെടുപ്പുകളിലൊക്കെ കാണാറുണ്ട്. എന്റെ സുഹൃത്തിനു അമേരിക്ക അവസാന സ്ഥാനത്ത് വരുന്നതായിരുന്നു ഇഷ്ടം...:)

Harold said...

അവസാന സ്ഥാനത്ത് ‍അമേരിക്ക വന്നില്ലെങ്കിലെന്ത് ? ഇറാഖ് വന്നില്ലേ? എന്നു വച്ചാല്‍ ആ‍രാ? അമേരിക്ക തന്നെ.... സന്തോഷമായോ?

ശ്രീ said...

ഇന്ത്യയുടെ സ്ഥാനം എങ്ങനെ അത്ര താഴെയായി എന്നത് എനിക്കും മനസ്സിലാകുന്നില്ല.

നല്ല ലേഖനം....:)