Friday, August 31, 2007

ആദ്യ മലയാളി ഗ്രാന്‍ഡ് മാസ്റ്റര്‍ - ജി.എന്‍. ഗോപാല്‍


കേരളത്തില്‍ നിന്നുളള ആദ്യത്തെ ഗ്രാന്‍ഡ് മാസ്റ്ററെന്ന ചരിത്രനേട്ടത്തിന് ചെസ് താരം ജി.എന്‍.ഗോപാല്‍ അര്‍ഹനായി.ആലുവ സ്വദേശിയും പ്ളസ് ടു വിദ്യാര്‍ഥിയുമാണ് ഗോപാല്‍.

ബംഗ്ളാദേശിലെ ധാക്കയില്‍ നടക്കുന്ന ഏഷ്യന്‍ സോണല്‍ ചെസ് ചാമ്പ്യന്‍ഷിപ്പില്‍ മൂന്നാമത്തെ ഗ്രാന്‍ഡ് മാസ്റ്റര്‍ നോം സ്വന്തമാക്കിയതോടെയാണ് ആദ്യ മലയാളി ഗ്രാന്‍ഡ് മാസ്റ്ററെന്ന പദവി ഗോപാലിന് സ്വന്തമായത്. കേരളത്തില്‍ നിന്നുളള ആദ്യത്തെ ഇന്റര്‍നാഷണലും ഗോപാലായിരുന്നു.

11 റൌണ്ടുകളുളള മത്സരത്തില്‍ ഇതുവരെ ഒമ്പതു കളി പൂര്‍ത്തിയായി. ഇതുവരെ തോല്‍വിയറിയാതെ നാലു സമനിലകളും അഞ്ച് വിജയങ്ങളുമായി ഗോപാല്‍ മുന്നേറുകയാണ്. ഒമ്പതില്‍ ഏഴു പോയിന്റുമായി ടൂര്‍ണമെന്റിലെ ടോപ് സ്കോററാണ് ഗോപാല്‍. ബംഗ്ളാദേശിന്റെ ഫിഡെ മാസ്റ്ററായ അമിനുള്‍ ഇസ്ളാമിനെ ഒമ്പതാം റൌണ്ട് മത്സരത്തില്‍ പരാജയപ്പെടുത്തിയതോടെയാണ് ഗോപാല്‍ ഈ നേട്ടത്തിന് അര്‍ഹനായത്. ഇന്ത്യന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ സൂര്യശേഖര്‍ ഗാംഗുലി(ഇന്ത്യയിലെ നാലാം റാങ്കുകാരന്‍), മറ്റൊരു ഇന്ത്യന്‍ ഗ്രാന്‍ഡ് മാസ്റ്ററായ ദീപന്‍ ചക്രവര്‍ത്തി, ബംഗ്ളാദേശിന്റെ ഇന്റര്‍നാഷണല്‍ മാസ്റ്ററായ ഇമാനുള്‍ ഹുസൈന്‍, ശ്രീലങ്കക്കാരന്‍ റസല്‍ എന്നിവരുമായാണ് ഗോപാല്‍ സമനില കൈവരിച്ചത്.

ബംഗ്ളാദേശിന്റെ ഗ്രാന്‍ഡ് മാസ്റ്റര്‍ അല്‍റക്കിബ്, ഇന്ത്യയുടെ രോഹിത് എന്നിവരുമായുളള മത്സരമാണ് ഗോപാലിന് ബാക്കിയുളളത്. ഈ മത്സരങ്ങളില്‍ വിജയിക്കാനായാല്‍ ഗോപാലിനെ കാത്തിരിക്കുന്നത് മറ്റൊരു ചരിത്രനേട്ടമാണ്.

സൈബീരിയയില്‍ നടക്കുന്ന ലോക ചെസ് ചാമ്പ്യന്‍ഷിപ്പിലേക്കുളള എന്‍ട്രി ഗോപാലിന് ലഭിക്കും.

കഴിഞ്ഞമാസം അര്‍മേനിയയില്‍ നടന്ന ലെയ്ക്ക് സെവാന്‍ ടൂര്‍ണമെന്റില്‍ നിന്നും, കല്‍ക്കത്തയില്‍ നടന്ന രാജ്യാന്തര ഗ്രാന്‍ഡ് മാസ്റ്റര്‍ ടൂര്‍ണമെന്റില്‍ നിന്നുമാണ് ഗോപാല്‍ മറ്റു രണ്ടു ഗ്രാന്‍ഡ് മാസ്റ്റര്‍ നോമുകള്‍ നേടിയിരുന്നത്.

കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സീനിയര്‍ ചെസ് ചാമ്പ്യനും, ഇന്ത്യയിലെ സീനിയര്‍ ടീമില്‍ അംഗവുമാണ് നിലവില്‍ ഗോപാല്‍.

ആലുവ പവര്‍ഹൌസിനരികില്‍ 'ഗോകുല' ത്തില്‍ കോളജ് അധ്യാപക ദമ്പതികളായ ബി. നാരായണപിളളയുടെയും ഗീതാ പ്രകാശിനിയുടെയും മകനാണ്. സഹോദരന്‍ ഗോകുല്‍.

ശ്രീ. ജി.എന്‍.ഗോപാലിന് അഭിനന്ദനങ്ങള്‍. കൂടുതല്‍ ഉയരങ്ങള്‍ താണ്ടുവാന്‍ ഗോപാലിന് സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.

(വാര്‍ത്തക്ക് കടപ്പാട്: മംഗളം ദിനപ്പത്രം, ചിത്രത്തിനു കടപ്പാട്: മാതൃഭൂമി ദിനപ്പത്രം)

Sunday, August 26, 2007

ഓണാശംസകള്‍

എല്ലാ ബൂലോഗര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും
ഹൃദയം നിറഞ്ഞ

Wednesday, August 15, 2007

മലയാളം റേഡിയോ വാര്‍ത്തക്ക് 50 വയസ്സ്

മലയാളിയുടെ വാര്‍ത്താ സംസ്കാരത്തിന് അടിവരയിട്ട റേഡിയോ വാര്‍ത്തകള്‍ക്ക് ഇന്ന് അന്‍പത് വയസ്സാകുന്നു.

1957 ആഗസ്റ്റ് 15നാണ് ആകാശവാണി തിരുവനന്തപുരം നിലയത്തില്‍നിന്നും ആദ്യമായി മലയാളം വാര്‍ത്ത പ്രക്ഷേപണം ചെയ്യുന്നത്. വി.ബാലറാം ആയിരുന്നു ആദ്യത്തെ വാര്‍ത്താ വായനക്കാരന്‍. ദല്‍ഹി നിലയത്തിലെ മലയാളം വാര്‍ത്താ വായനക്കാരനായിരുന്ന ബാലറാം ഈ ചരിത്ര നിയോഗത്തിനായി തിരുവനന്തപുരത്തെത്തുകയായിരുന്നു. സന്ധ്യക്കുള്ള നാട്ടിന്‍പുറം പരിപാടിയോടനുബന്ധിച്ചായിരുന്നു മലയാളം വാര്‍ത്ത. പത്ത് മിനിറ്റായിരുന്നു ആദ്യ വാര്‍ത്ത പ്രക്ഷേപണം ചെയ്ത സമയം.

മലയാളിയുടെ വാര്‍ത്താ സംസ്കാരത്തിലേക്ക് റേഡിയോ നടന്നുകയറാന്‍ അധികം സമയമെടുത്തില്ല. 1990കളിലെ ദൃശ്യമാദ്ധ്യമങ്ങളുടെ കടന്നുവരവു വരെ മലയാളിയുടെ വാര്‍ത്തയുടെ അവസാന വാക്കായിരുന്നു ആകാശവാണി. വായനക്കാരെന്നാല്‍ രാമചന്ദ്രനും പ്രതാപനും.

നമ്മുടെ നാട്ടിന്‍പുറങ്ങളിലെ ചായക്കടകളിലെ പഴയ വാല്‍‌വ് സെറ്റില്‍ നിന്നുള്ള വാര്‍ത്ത കേള്‍ക്കുവാന്‍ കൂടിയിരുന്ന ജനം ഇന്ന് ‘നൊസ്റ്റാള്‍ജിയ’ മാത്രം.

ഈ മൊത്തം വാര്‍ത്തകളിള്‍ എനിക്ക് കേള്‍ക്കുവാന്‍ ഏറ്റവും ഇഷ്ടമുണ്ടായിരുന്നത് സംസ്കൃതം വാര്‍ത്തകളുടെ തുടക്കമാണ്

കേട്ട് കേട്ട് മനസ്സിലാവാഹിച്ചുവെച്ചിരുന്ന ആ വരികള്‍ ഇതാണ്

യം ആ‍കാശവാണിയാം. സമ്പ്രദി വാര്‍ത്താഹ സൂയങ്താം പ്രവാചകേന ലക്ഷ്മീകാനന്ദ ബലദേവാനന്ദ സാഗരഹ.

അന്നത്തെ മിമിക്രി പരിപാടികള്‍ക്ക് വാര്‍ത്തയുടെ അനുകരണം സ്ഥിരം ഐറ്റം ആയിരുന്നു.

പിന്നീട് കുറെക്കഴിഞ്ഞ് ആകാശവാണി തന്നെ കൌതുകവാര്‍ത്തകളുമായി വന്നു

ഇന്ന് ഇന്റര്‍നെറ്റിലൂടെ അപ്പപ്പോള്‍ മേശപ്പുറത്ത് വരുന്ന വാര്‍ത്തകളുടെ ഇടയില്‍ ആകാശവാണി വാര്‍ത്തകള്‍ക്ക് ആവശ്യക്കാര്‍ കുറവാണ്. 1990കളില്‍ നഷ്ടപ്പെട്ട പ്രതാപം രണ്ടായിരാമാണ്ടോടെ എഫ്.എം. റേഡിയോയുടെ സാദ്ധ്യതകള്‍ ഉപയോഗപ്പെടുത്തി, ഓരോ മണിക്കൂര്‍ ഇടവിട്ട് വാര്‍ത്തകള്‍ പ്രക്ഷേപണം ചെയ്ത് തിരിച്ചുപിടിക്കാന്‍ ശ്രമിക്കുകയാണ് ആകാശവാണി

വിവരങ്ങള്‍ക്ക് കടപ്പാട്: ജനയുഗം ദിനപ്പത്രം

*

ബഹുജന ഹിതായ, ബഹുജന സുഖായ എന്ന പോസ്റ്റും വായിക്കുക.