Friday, August 31, 2007

ആദ്യ മലയാളി ഗ്രാന്‍ഡ് മാസ്റ്റര്‍ - ജി.എന്‍. ഗോപാല്‍


കേരളത്തില്‍ നിന്നുളള ആദ്യത്തെ ഗ്രാന്‍ഡ് മാസ്റ്ററെന്ന ചരിത്രനേട്ടത്തിന് ചെസ് താരം ജി.എന്‍.ഗോപാല്‍ അര്‍ഹനായി.ആലുവ സ്വദേശിയും പ്ളസ് ടു വിദ്യാര്‍ഥിയുമാണ് ഗോപാല്‍.

ബംഗ്ളാദേശിലെ ധാക്കയില്‍ നടക്കുന്ന ഏഷ്യന്‍ സോണല്‍ ചെസ് ചാമ്പ്യന്‍ഷിപ്പില്‍ മൂന്നാമത്തെ ഗ്രാന്‍ഡ് മാസ്റ്റര്‍ നോം സ്വന്തമാക്കിയതോടെയാണ് ആദ്യ മലയാളി ഗ്രാന്‍ഡ് മാസ്റ്ററെന്ന പദവി ഗോപാലിന് സ്വന്തമായത്. കേരളത്തില്‍ നിന്നുളള ആദ്യത്തെ ഇന്റര്‍നാഷണലും ഗോപാലായിരുന്നു.

11 റൌണ്ടുകളുളള മത്സരത്തില്‍ ഇതുവരെ ഒമ്പതു കളി പൂര്‍ത്തിയായി. ഇതുവരെ തോല്‍വിയറിയാതെ നാലു സമനിലകളും അഞ്ച് വിജയങ്ങളുമായി ഗോപാല്‍ മുന്നേറുകയാണ്. ഒമ്പതില്‍ ഏഴു പോയിന്റുമായി ടൂര്‍ണമെന്റിലെ ടോപ് സ്കോററാണ് ഗോപാല്‍. ബംഗ്ളാദേശിന്റെ ഫിഡെ മാസ്റ്ററായ അമിനുള്‍ ഇസ്ളാമിനെ ഒമ്പതാം റൌണ്ട് മത്സരത്തില്‍ പരാജയപ്പെടുത്തിയതോടെയാണ് ഗോപാല്‍ ഈ നേട്ടത്തിന് അര്‍ഹനായത്. ഇന്ത്യന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ സൂര്യശേഖര്‍ ഗാംഗുലി(ഇന്ത്യയിലെ നാലാം റാങ്കുകാരന്‍), മറ്റൊരു ഇന്ത്യന്‍ ഗ്രാന്‍ഡ് മാസ്റ്ററായ ദീപന്‍ ചക്രവര്‍ത്തി, ബംഗ്ളാദേശിന്റെ ഇന്റര്‍നാഷണല്‍ മാസ്റ്ററായ ഇമാനുള്‍ ഹുസൈന്‍, ശ്രീലങ്കക്കാരന്‍ റസല്‍ എന്നിവരുമായാണ് ഗോപാല്‍ സമനില കൈവരിച്ചത്.

ബംഗ്ളാദേശിന്റെ ഗ്രാന്‍ഡ് മാസ്റ്റര്‍ അല്‍റക്കിബ്, ഇന്ത്യയുടെ രോഹിത് എന്നിവരുമായുളള മത്സരമാണ് ഗോപാലിന് ബാക്കിയുളളത്. ഈ മത്സരങ്ങളില്‍ വിജയിക്കാനായാല്‍ ഗോപാലിനെ കാത്തിരിക്കുന്നത് മറ്റൊരു ചരിത്രനേട്ടമാണ്.

സൈബീരിയയില്‍ നടക്കുന്ന ലോക ചെസ് ചാമ്പ്യന്‍ഷിപ്പിലേക്കുളള എന്‍ട്രി ഗോപാലിന് ലഭിക്കും.

കഴിഞ്ഞമാസം അര്‍മേനിയയില്‍ നടന്ന ലെയ്ക്ക് സെവാന്‍ ടൂര്‍ണമെന്റില്‍ നിന്നും, കല്‍ക്കത്തയില്‍ നടന്ന രാജ്യാന്തര ഗ്രാന്‍ഡ് മാസ്റ്റര്‍ ടൂര്‍ണമെന്റില്‍ നിന്നുമാണ് ഗോപാല്‍ മറ്റു രണ്ടു ഗ്രാന്‍ഡ് മാസ്റ്റര്‍ നോമുകള്‍ നേടിയിരുന്നത്.

കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സീനിയര്‍ ചെസ് ചാമ്പ്യനും, ഇന്ത്യയിലെ സീനിയര്‍ ടീമില്‍ അംഗവുമാണ് നിലവില്‍ ഗോപാല്‍.

ആലുവ പവര്‍ഹൌസിനരികില്‍ 'ഗോകുല' ത്തില്‍ കോളജ് അധ്യാപക ദമ്പതികളായ ബി. നാരായണപിളളയുടെയും ഗീതാ പ്രകാശിനിയുടെയും മകനാണ്. സഹോദരന്‍ ഗോകുല്‍.

ശ്രീ. ജി.എന്‍.ഗോപാലിന് അഭിനന്ദനങ്ങള്‍. കൂടുതല്‍ ഉയരങ്ങള്‍ താണ്ടുവാന്‍ ഗോപാലിന് സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.

(വാര്‍ത്തക്ക് കടപ്പാട്: മംഗളം ദിനപ്പത്രം, ചിത്രത്തിനു കടപ്പാട്: മാതൃഭൂമി ദിനപ്പത്രം)

7 comments:

മൂര്‍ത്തി said...

കേരളത്തില്‍ നിന്നുളള ആദ്യത്തെ ഗ്രാന്‍ഡ് മാസ്റ്ററെന്ന ചരിത്രനേട്ടത്തിന് ചെസ് താരം ജി.എന്‍.ഗോപാല്‍ അര്‍ഹനായി.ഗോപാലിന് അഭിനന്ദനങ്ങള്‍. ചെസ്സിലും ജീവിതത്തിലും കൂടുതല്‍ ഉയരങ്ങള്‍ താണ്ടുവാന്‍ ഗോപാലിന് സാധിക്കട്ടെ എന്ന് ആശംസിക്കുന്നു

Umesh::ഉമേഷ് said...

നല്ല വാര്‍ത്ത. മൂര്‍ത്തിയ്ക്കു നന്ദി.

chithrakaran ചിത്രകാരന്‍ said...

അഭിമാനകരമായ ഈ വാര്‍ത്തക്കു നന്ദി.

Murali K Menon said...

രാഷ്ട്രീയ ജീര്‍ണ്ണതയ്ക്കും ചക്ലാത്തി പോരാട്ടത്തിനുമിടയില്‍ കേരള ജനതക്ക് അഭിമാനിക്കാന്‍ കഴിയുന്ന ഒരു വാര്‍ത്തയാണ് മൂര്‍ത്തിയുടെ പോസ്റ്റിലൂടെ അറിയാന്‍ കഴിഞ്ഞത്. ഗോപാല്‍ ഇനിയും ഉന്നത വിജയങ്ങള്‍ കരസ്ഥമാക്കി കേരളത്തിന്റെ, ഇന്ത്യയുടെ അഭിമാനഭാജനമാവട്ടെ എന്ന് ആശംസിക്കുന്നതോടൊപ്പം വാര്‍ത്ത പകര്‍ന്നു നല്‍കിയ മൂര്‍ത്തിക്ക് നന്ദിയും അറിയിക്കുന്നു.

Dinkan-ഡിങ്കന്‍ said...

ആശംസകള്‍....
ചെക്ക് :)
ഏതിരാളിയ്ക്ക് ഒരു “കാസ്ലിംഗിന്” പോലും ഇടനല്‍ക്കാതെ ഈ മിടുക്കന്‍ ഉയരങ്ങള്‍ കീഴടക്കട്ടെ

Santhosh said...

ഗോപാലിന് അഭിനന്ദനങ്ങള്‍. വാര്‍ത്ത ശ്രദ്ധയില്‍ കൊണ്ടു വന്ന മൂര്‍ത്തിക്കു നന്ദിയും.

Kiranz..!! said...

കലക്കന്‍ മൂര്‍ത്തിസാബ്....ആകാശവാണി വാര്‍ത്ത തുടങ്ങിയ പോസ്റ്റ് മുതല്‍ കുറേ എണ്ണം വായിക്കാന്‍ കിടപ്പുണ്ട്, വെരി ഇന്‍ഫര്‍മേറ്റീവ്..!