ആദ്യംവെളിച്ചം തരാന്‍ സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും മാത്രമേ ഉണ്ടായിരുന്നുള്ളൂ..പിന്നെ തീയെ മെരുക്കി മൃഗക്കൊഴുപ്പ് ഉപയോഗിച്ച് വിളക്കു കത്തിച്ചു മോഡേണ്‍ ആയി..പിന്നെ എണ്ണ വിളക്കുകളും മറ്റുമായി...പുരോഗമിച്ചു നമ്മള്പിന്നെ പലതരം വൈദ്യുതി വിളക്കുകളായി...അതായി ആധുനികംപിന്നെ സൂര്യനില്‍ നിന്നു നേരിട്ട് (ഇത്തിരി വളഞ്ഞ വഴിക്കുള്ള നേരിട്ട്) ഊര്‍ജ്ജം സംഭരിച്ച് കത്തുന്ന വിളക്കുകളായി...പറഞ്ഞുവരുമ്പോള്‍ ഇതാണിപ്പോള്‍ ആധുനികം...നാളെ?
Sunday, March 30, 2008
Saturday, March 15, 2008
തുടിപ്പത് എന്‍ നെഞ്ചം
1989 ഡിസംബറില്‍ പനാമയിലേക്ക് പടയോട്ടം നടത്തുകയും നിസ്സഹാരായ ആയിരക്കണക്കിനു ജനങ്ങളെ കൊലക്കിരയാക്കുകയും ചെയ്തശേഷം പ്രസിഡന്റ് ജോര്‍ജ് എച്ച്.ഡ്ബ്യു, ബുഷ് എന്ന അച്ഛന്‍ ബുഷ് പ്രഖ്യാപിച്ചു.
“എന്റെ ഹൃദയം പനാമയില്‍ മരണമടഞ്ഞവരുടെ കുടുംബാംഗങ്ങള്‍ക്ക് വേണ്ടി തുടിക്കുന്നു.”
നൊറീഗയെ പുറത്താക്കാന്‍ വേണ്ടി ഇത്രപേരെ കൊലക്ക് കൊടുക്കണമായിരുന്നോ എന്നൊരു റിപ്പോര്‍ട്ടര്‍ ബുഷിനോട് ചോദിച്ചു..ബുഷിന്റെ ഉത്തരം ഇതായിരുന്നു..
“ഓരോ മനുഷ്യ ജീവനും അമൂല്യമാണ്, എങ്കിലും ഈ ചോദ്യത്തിന് അതെ എന്നെനിക്ക് ഉത്തരം പറയേണ്ടിയിരിക്കുന്നു. yes, it has been worth it.“
ഒരു വര്‍ഷത്തിനുശേഷം മാനവികതക്കെതിരായ തന്റെ അടുത്ത കുറ്റകൃത്യമായ ഇറാഖ് അധിനിവേശത്തിനു തയ്യാറെടുക്കുന്ന സമയത്തും അച്ഛന്‍ ബുഷ് പറഞ്ഞു.
“ഓരോ മനുഷ്യ ജീവനും അമൂല്യമാണ്.”
2006 അവസാനം മകന്‍ ബുഷിന്റെ വക്താവായ സ്കോട്ട് സ്റ്റാന്‍സെല്‍ ഇറാഖിലെ അമേരിക്കന്‍ ഭടന്മാരുടെ മരണസംഖ്യ 3000 എത്തിയപ്പോള്‍ പറഞ്ഞു.
“ ഓരോ ജീവനും അമൂല്യമാണെന്നു ബുഷ് കരുതുന്നു. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്കായി അദ്ദേഹത്തിന്റെ ഹൃദയം തുടിക്കുന്നു.”
ഫെബ്രുവരി 2008ല്‍ ഇറാഖിലെ അമേരിക്കന്‍ സൈനികരുടെ മരണസംഖ്യ നാലായിരവും ഇറാഖികളുടെ മരണസംഖ്യ 10 ലക്ഷവും എത്തിയപ്പോള്‍ ബുഷ് ഇങ്ങനെ പറഞ്ഞു..
“ നാം നമ്മുടെ ഹൃദയം ദൈവത്തോടടുപ്പിക്കുമ്പോള്‍, ദൈവത്തിന്റെ കണ്ണില്‍ നമ്മള്‍ എല്ലാവരും സമന്മാരാണ്. നമ്മള്‍ ഓരോരുത്തരും വിലപിടിച്ചവരാണ്. നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനേയും സ്നേഹിക്കുക എന്ന ദൈവവചനം അനുസരിക്കുമ്പോള്‍, നാം നമ്മുടെ സഹജീവികളുമായി കൂടുതല്‍ ഗാഢമായ ഒരു സൌഹൃദം സ്ഥാപിക്കുന്നു.”
ഇതൊക്കെ കേട്ട് മിണ്ടാതിരിക്കുവാന്‍ ഇറാഖികളെ കൊതുകുകളെയെന്നവണ്ണം കൊന്നു തള്ളുന്ന ബ്ലാക്ക് വാട്ടര്‍ എന്ന സ്വകാര്യ സൈനിക കമ്പനി മേധാവി എറിക് പ്രിന്‍സിനെന്താ വട്ടുണ്ടോ?
അയാളും അമേരിക്കന്‍ കോണ്‍ഗ്രസ്സിന്റെ മുന്നിലെത്തി പറഞ്ഞു...
“ഏതൊരു ജീവനും, അത് അമേരിക്കക്കാരന്റെ ആകട്ടെ, മറ്റാരുടെയെങ്കിലും ആകട്ടെ, അമൂല്യമാണ്.”
വില്യം ബ്ലം എഴുതിയ The Anti-Empire Report എന്ന ലേഖനത്തിലെ അവസാന ഭാഗത്തിന്റെ ഒരു ഏകദേശ വിവര്‍ത്തനം. ഇതിലെ കലി കയ്യില്‍ നിന്നും ഇട്ടത്.
Saturday, March 1, 2008
അന്ധകാരത്തിലേക്ക് ഒരു ടാക്സിയാത്ര
2001 സെപ്തംബര്‍ 11നുശേഷം വന്ന ആദ്യ ഞായറാഴ്ച വൈസ് പ്രസിഡന്റ് ഡിക്ക് ചെനി സത്യം വെളിപ്പെടുത്തി. എന്‍.ബി.സിയുടെ മീറ്റ് ദി പ്രസ് പരിപാടിയില്‍ പങ്കെടുക്കവെ സെപ്തംബര്‍ 11 ആക്രമണം നടത്തിയവര്‍ക്കെതിരെ എന്തു നടപടിയെടുക്കാന്‍ പോകുന്നു എന്ന ചോദ്യത്തിനുത്തരമായി അദ്ദേഹം ഇങ്ങനെ പറഞ്ഞു.
“ We have to work through the dark side. It's going to be vital for us to use any means at our disposal, basically, to achieve our objective. We're going to spend time in the shadows“. - Vice President Dick Cheney to Tim Russert, 2001 September
(”നമുക്ക് ഇരുളില്‍ കുറെയേറെ ജോലികള്‍ തീര്‍ക്കാനുണ്ട്. ലക്ഷ്യം നിറവേറുന്നതിനായി നമ്മുടെ കൈവശമുള്ള എല്ലാ മാര്‍ഗ്ഗവും ഉപയോഗിക്കുക എന്നത് വളരെ പ്രധാനമാണ്. നമ്മള്‍ നിഴലുകള്‍ക്കിടയില്‍ സമയം ചിലവഴിക്കാന്‍ പോകുകയാണ്. “)
അതിനുശേഷമുള്ള ആറു വര്‍ഷങ്ങളില്‍ ചെനിയുടെ വാഗ്ദാനത്തിന്റെ പരുക്കനും മാരകവുമായ പ്രത്യാഘാതങ്ങള്‍ അമേരിക്കയ്ക്കു തന്നെ നാണക്കേടുണ്ടാക്കുക്കുകയും ലോകജനതയിലെ മഹാഭൂരിപക്ഷത്തിന്റെയും രോഷത്തിനു പാത്രമാവുകയും ചെയ്തു. പ്രസിഡന്റ് ബുഷും, ഡിക് ചെനിയും റംസ്‌ഫെല്‍ഡുമൊക്കെ തട്ടിക്കൊണ്ടുപോകലും, നിയമവിരുദ്ധമായ തടങ്കലും, ക്രൂരമായ ഭേദ്യം ചെയ്യലുകളും ഒക്കെ ചെയ്യുന്ന, രഹസ്യമായ പീഡനത്തിലൂടെ കൈക്കലാക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തില്‍ കുറ്റാരോപിതനായ വ്യക്തിക്ക് സ്വന്തം ഭാഗം വാദിക്കാന്‍ പോലും അവസരം നല്‍കാതെ മരണശിക്ഷ വിധിക്കുന്ന കംഗാരു കോടതികള്‍ക്ക് സര്‍വ്വ ഒത്താശകളും ചെയ്തുകൊടുക്കുന്ന ഒരു ആഗോള പദ്ധതിക്ക് ചുക്കാന്‍ പിടിച്ചുവെന്ന ആരോപണം വളരെ ശക്തമാണ്.
അലെക്സ് ഗിബ്‌നി (Alex Gibney) തന്റെ ടാക്സി റ്റു ദി ഡാര്‍ക് സൈഡ് (Taxi to the Dark Side ) എന്ന ചിത്രത്തിന് ഏറ്റവും മികച്ച ഡോക്യുമെന്ററിക്കുള്ള ഓസ്കാര്‍ അവാര്‍ഡ് നേടിയപ്പോള്‍ ഡിക് ചെനിയുടെ നിഴലുകളില്‍ അല്പം സൂര്യപ്രകാശം പതിച്ചു. ദില്‍വാര്‍ എന്ന അഫ്‌ഗാനിസ്ഥാനിയുടെ അവസാന ദിവസങ്ങളെക്കുറിച്ചുള്ള ഒരന്വേഷണമാണ് ഈ ചിത്രം. ദില്‍വാറിനെ അമേരിക്കന്‍ സൈന്യം 2001ല്‍ അറസ്റ്റ് ചെയ്യുകയും ബാഗ്രാം എയര്‍ ബേസിലെ നരകസമാനമായ ജെയിലില്‍ തടവിലാക്കുകയും ചെയ്തു. അമേരിക്കന്‍ സൈന്യത്തിന്റെ പീഡനവും മര്‍ദ്ദനവും ഏറ്റ ദില്‍വാര്‍ അഞ്ച് ദിവസത്തിനുശേഷം കഥാവശേഷനായി. ദില്‍വാറിനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ താഴെതട്ടിലുള്ള സൈനികരില്‍ നിന്നും ഒന്നാം തരം ദൃക്‌സാക്ഷിവിവരണം ഗിബ്‌നിക്ക് ലഭിച്ചു. ചിത്രത്തില്‍ ദില്‍വാറിന്റെ ഗ്രാമവും, അദ്ദേഹത്തെക്കുറിച്ച് സംസാരിക്കുന്ന ഗ്രാമീണരുമൊക്കെ പ്രത്യക്ഷപ്പെടുന്നുണ്ട്. ആ ഗ്രാമത്തിന്റെ ഏക വരുമാനമാര്‍ഗമായ ടാക്സി ഓടിക്കുവാന്‍ സ്വയം സന്നദ്ധനായി മുന്നോട്ട് വന്ന ദില്‍വാറിനെക്കുറിച്ച് അവര്‍ പറയുന്നു.
ടാക്സി ഓടിച്ചു കിട്ടുന്ന വരുമാനം കൊണ്ട് കുടുംബം പുലര്‍ത്തുന്നത് സ്വപ്നം കണ്ട ദില്‍വാറിനെക്കുറിച്ച് അവര്‍ പറയുന്നു.
വീട്ടില്‍നിന്നും ഒരു രാത്രി പോലും വിട്ടു നിന്നിട്ടില്ലാത്ത ആളായിരുന്നു ദില്‍വാര്‍. വീട്ടില്‍ നിന്നും മാറിനിന്ന ആദ്യ രാത്രി തന്നെ കൈകള്‍ തലക്കു മുകളില്‍ പിണച്ച് വെക്കപ്പെട്ടും, വെള്ളവും ഉറങ്ങാനുള്ള അവസരവും നിഷേധിക്കപ്പെട്ടും, ഇടക്കിടെയുള്ള മര്‍ദ്ദനങ്ങള്‍ക്കും കാലുകളെ ചതച്ച് പള്‍പ്പാക്കുന്ന രീതിയിലുള്ള ചവിട്ടുകള്‍ക്ക് വിധേയമായും കഴിയാന്‍ വിധിക്കപ്പെട്ട ഒന്നായിരുന്നു. അമേരിക്കക്കാര്‍ക്കു നേരെ നടത്തിയ റോക്കറ്റ് ആക്രമണത്തില്‍ പങ്കെടുത്തു എന്ന് ചില അഫ്‌ഗാനിസ്ഥാനികള്‍ ദില്‍വാറിനെ ചൂണ്ടിക്കാട്ടി എന്നതായിരുന്നു ഈ അറസ്റ്റിനും പീഡനങ്ങള്‍ക്കും അടിസ്ഥാനം. പിന്നീട് തെളിഞ്ഞത് ദില്‍വാറിനെ ചൂണ്ടിക്കാട്ടിയവര്‍ തന്നെയായിരുന്നു ഈ ആക്രമണം നടത്തിയത് എന്നാണ്. ബുഷും ചെനിയും തുടങ്ങിവെച്ചതും റംസ്‌ഫെല്‍ഡിലൂടെയും "torture memo," എന്ന കുപ്രസിദ്ധമായ രേഖ തയ്യാറാക്കിയ കാലിഫോര്‍ണിയ ബെര്‍കിലി യൂണിവേഴ്സിറ്റി പ്രൊഫസര്‍ ജോണ്‍ യൂവിലൂടെയും തുടര്‍ന്നതുമായ അമേരിക്കയുടെ പീഡന നയങ്ങള്‍ക്കെതിരായ ശക്തവും പൊള്ളിക്കുന്നതുമായ കുറ്റാരോപണമാണ് ദില്‍വാറിന്റെ ദുരന്തകഥയുടെ ചിത്രീകരണത്തിലൂടെ ഗിബ്‌നി നടത്തുന്നത്.
ഗിബ്‌നി അവാര്‍ഡ് സ്വീകരിക്കാനായി എഴുന്നേല്‍ക്കുന്നതുവരെ ഓസ്കാര്‍ സമ്മാനദാനച്ചടങ്ങില്‍ യുദ്ധത്തെക്കുറിച്ചുള്ള ഗൌരവകരമായ ഒരു പരാമര്‍ശം പോലും ഇല്ലായിരുന്നു. അവാര്‍ഡ് സ്വീകരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു..
“അക്കാദമിക്ക് നന്ദി..ഞാനീ ഓസ്ക്കാര്‍ മുഴുവന്‍ ഡോക്യുമെന്ററി ഫിലിം നിര്‍മ്മാതാക്കള്‍ക്കുമായി സമര്‍പ്പിക്കുന്നു, സത്യമിതാണ്, ഞാന്‍ ഒരു റൊമാന്റിക് കോമഡി എടുക്കും എന്നു വിചാരിക്കുന്ന തരക്കാരിയാണ് എന്റെ പത്നി ആന്‍ എന്നു ഞാന്‍ കരുതുന്നു.. എങ്കിലും സത്യം പറയുകയാണെങ്കില്‍ അബു ഗരീബിനും ഗ്വാണ്ടനാമോക്കും അവിടെ നടന്ന അസാധാരണ സംഗതികള്‍ക്കും ശേഷം അത്തരമൊരു ചിത്രം എടുക്കുക അസാധ്യമായിരുന്നു. ഈ ചിത്രം ഇപ്പോള്‍ നമ്മോടോപ്പമില്ലാത്ത രണ്ട് പേര്‍ക്ക് സമര്‍പ്പിക്കുന്നു. ഒന്നാമത്തെ ആള്‍ യുവ അഫ്‌ഗാന്‍ ടാക്സി ഡ്രൈവറായ ദില്‍വാര്‍. രണ്ടാമത്തെ ആള്‍ എന്നെ ഈ ചിത്രം എടുക്കുന്നതിനു നിര്‍ബന്ധിച്ചുകൊണ്ടിരുന്ന, നാട്ടിലെ നിയമവ്യവസ്ഥക്ക് സംഭവിക്കുന്ന അപചയങ്ങളില്‍ രോഷം കൊള്ളുന്ന ഒരു നാവി ഉദ്യോഗസ്ഥനായ എന്റെ അച്ഛന്‍. നമുക്കീ രാജ്യത്തെ തിരിച്ചു കൊണ്ടുവരാനാവുമെന്ന് പ്രത്യാശിക്കാം; ഇരുട്ടില്‍ നിന്നും വെളിച്ചത്തിലേക്ക്. നന്ദി..."
ടാക്സി റ്റു ദി ഡാര്‍ക് സൈഡ് എന്ന ചിത്രം തിയേറ്ററുകളില്‍ കാണാന്‍ കഴിഞ്ഞേക്കും. അതിനു ലഭിച്ച ഓസ്കാര്‍ കൂടുതല്‍ അവസരങ്ങള്‍ ഒരുക്കുകയും കൂടുതല്‍ പേരെ ആകര്‍ഷിക്കുകയും ചെയ്യും. ഡിസ്കവറി ചാനല്‍ അതിന്റെ ടെലിവിഷന്‍ പ്രക്ഷേപണാവകാശം വാങ്ങിയിട്ടുണ്ട്. ഗിബ്‌നി പറഞ്ഞത് അവാര്‍ഡിനു മുന്‍പ് അദ്ദേഹം അറിഞ്ഞത് ഡിസ്കവറി അവകാശം വാങ്ങിയെങ്കിലും ചിത്രം പ്രദര്‍ശിപ്പിക്കുവാന്‍ താല്പര്യമൊന്നുമില്ല എന്നാണ്. ഡിസ്കവറിയുടെ പുതിയ മാനേജ്‌മെന്റ് ഷെയര്‍ വില്പനയുമായി ഇറങ്ങാനിരിക്കുന്നതുകൊണ്ട് വിവാദമുണ്ടാക്കാന്‍ അവര്‍ക്ക് താല്പര്യമില്ല എന്നും. see-no-evil/hear-no-evil channel എന്ന തരത്തിലുള്ളതാണ് ഡിസ്കവറിയെന്ന് ഗിബ്‌നി കൂട്ടിച്ചേര്‍ക്കുന്നു.
ഡിസ്കവറി ചാനലിന്റെ ഉടമയായ ജോണ്‍ മലോണ്‍ നിരവധി ബിസിനസ് താല്പര്യങ്ങളുള്ള ഒരു യാഥസ്ഥിതികനാണ്. ഇദ്ദേഹത്തിന്റെതാണ് ലോകത്തിലെ ഏറ്റവും വലിയ മാധ്യമ കോര്‍പ്പറേഷനുകളില്‍ ഒന്നായ ലിബര്‍ട്ടി മീഡിയ. ആ ചിത്രം പ്രക്ഷേപണം ചെയ്യുവാന്‍ തങ്ങള്‍ ഉദ്ദേശിക്കുന്നില്ല എന്ന് ഡിസ്കവറി ഗിബ്‌നിയോട് പറഞ്ഞ സമയത്ത് മലോണും മുര്‍ഡോക്കും ഷെയറുകളും ടി.വി.ചാനലുകളുടെ അവകാശവുമൊക്കെ പരസ്പരം വെച്ചുമാറുന്ന തിരക്കിലായിരുന്നു.
എങ്കിലും എച്.ബി.ഓ ഇതിന്റെ ടെലിവിഷന്‍ പ്രക്ഷേപണവകാശം നേടിയിട്ടുള്ളതുകൊണ്ട് പ്രീമിയം ചാനലുകളൊക്കെ സബ്സ്ക്രൈബ് ചെയ്തിട്ടുള്ള വീടുകളിലേക്ക് ഈ ചിത്രം എത്തിയേക്കും.
ഡിസ്കവറിക്കെതിരായ വിമര്‍ശനത്തിനുത്തരമായി ചാനല്‍ പറഞ്ഞത് 2009ല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിസ്കവറി എന്ന കേബിള്‍ ചാനലില്‍ ഇത് പ്രദര്‍ശിപ്പിക്കും എന്നാണ്. അതായത് ഡിസ്കവറി ഈ ചിത്രം അതിന്റെ ഒരു പ്രാധാന്യം കുറഞ്ഞ ചാനലില്‍ പ്രദര്‍ശിപ്പിക്കും എന്ന്. അതും തിരഞ്ഞെടുപ്പിനു ശേഷം, ബുഷ് ഭരണകൂടവുമായുള്ള ബിസിനസ്സൊക്കെ ശരിയാക്കിയതിനുശേഷം.
ഗിബ്‌നിയുടെ ചിത്രത്തിനും മറ്റൊരു ഒന്നാം തരം യുദ്ധ ഡോക്യുമെന്ററിയായ Phil Donahue യുടെ ബോഡി ഓഫ് വാര്‍ എന്ന ചിത്രത്തിനുമൊക്കെ വിതരണത്തിനായി പോരാടേണ്ടി വരികയാണ്. ഈ ഓസ്കാര്‍ വിജയം മനഃസ്സാക്ഷി ഉണര്‍ത്തുന്ന ചിത്രങ്ങള്‍ക്ക് സിനിമാശാലകളിലും ടെലിവിഷനിലുമൊക്കെ പ്രദര്‍ശനത്തിനുള്ള അവസരം ഒരുക്കുമെന്നും രാജ്യത്തെ നിഴലില്‍ നിന്നും വെളിച്ചത്തിലേക്ക് നയിക്കാന്‍ അവയ്ക്ക് കഴിയുമെന്നും പ്രതീക്ഷിക്കാം.
Amy Goodman ആള്‍ട്ടര്‍നെറ്റില്‍ എഴുതിയ ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ. ചെറിയ ചില സ്വാതന്ത്ര്യങ്ങള്‍ വിവര്‍ത്തനത്തില്‍ എടുത്തിട്ടുണ്ട്.
അലെക്സ് ഗിബ്‌നിയുമായി റോബര്‍ട്ട് ഷീര്‍ നടത്തിയ അഭിമുഖം ഇവിടെ.
ഈ ചിത്രം ഓസ്കാര്‍ സമ്മാനം വരെ എത്താന്‍ നേരിട്ട ബുദ്ധിമുട്ടുകളെപ്പറ്റി ലോസ് ഏഞ്ചലസ് ടൈംസ് എഴുതിയ റിപ്പോര്‍ട്ട് ഇവിടെ.