Saturday, March 1, 2008

അന്ധകാരത്തിലേക്ക് ഒരു ടാക്സിയാത്ര

2001 സെപ്തംബര്‍ 11നുശേഷം വന്ന ആദ്യ ഞായറാഴ്ച വൈസ് പ്രസിഡന്റ് ഡിക്ക് ചെനി സത്യം വെളിപ്പെടുത്തി. എന്‍.ബി.സിയുടെ മീറ്റ് ദി പ്രസ് പരിപാടിയില്‍ പങ്കെടുക്കവെ സെപ്തംബര്‍ 11 ആക്രമണം നടത്തിയവര്‍ക്കെതിരെ എന്തു നടപടിയെടുക്കാന്‍ പോകുന്നു എന്ന ചോദ്യത്തിനുത്തരമായി അദ്ദേഹം ഇങ്ങനെ പറഞ്ഞു.

“ We have to work through the dark side. It's going to be vital for us to use any means at our disposal, basically, to achieve our objective. We're going to spend time in the shadows“. - Vice President Dick Cheney to Tim Russert, 2001 September

(”നമുക്ക് ഇരുളില്‍ കുറെയേറെ ജോലികള്‍ തീര്‍ക്കാനുണ്ട്. ലക്ഷ്യം നിറവേറുന്നതിനായി നമ്മുടെ കൈവശമുള്ള എല്ലാ മാര്‍ഗ്ഗവും ഉപയോഗിക്കുക എന്നത് വളരെ പ്രധാനമാണ്. നമ്മള്‍ നിഴലുകള്‍ക്കിടയില്‍ സമയം ചിലവഴിക്കാന്‍ പോകുകയാണ്. “)

അതിനുശേഷമുള്ള ആറു വര്‍ഷങ്ങളില്‍ ചെനിയുടെ വാഗ്ദാനത്തിന്റെ പരുക്കനും മാരകവുമായ പ്രത്യാഘാതങ്ങള്‍ അമേരിക്കയ്ക്കു തന്നെ നാണക്കേടുണ്ടാക്കുക്കുകയും ലോകജനതയിലെ മഹാഭൂരിപക്ഷത്തിന്റെയും രോഷത്തിനു പാത്രമാവുകയും ചെയ്തു. പ്രസിഡന്റ് ബുഷും, ഡിക് ചെനിയും റംസ്‌ഫെല്‍ഡുമൊക്കെ തട്ടിക്കൊണ്ടുപോകലും, നിയമവിരുദ്ധമായ തടങ്കലും, ക്രൂരമായ ഭേദ്യം ചെയ്യലുകളും ഒക്കെ ചെയ്യുന്ന, രഹസ്യമായ പീഡനത്തിലൂടെ കൈക്കലാക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തില്‍ കുറ്റാരോപിതനായ വ്യക്തിക്ക് സ്വന്തം ഭാഗം വാദിക്കാന്‍ പോലും അവസരം നല്‍കാതെ മരണശിക്ഷ വിധിക്കുന്ന കംഗാരു കോടതികള്‍ക്ക് സര്‍വ്വ ഒത്താശകളും ചെയ്തുകൊടുക്കുന്ന ഒരു ആഗോള പദ്ധതിക്ക് ചുക്കാന്‍ പിടിച്ചുവെന്ന ആരോപണം വളരെ ശക്തമാണ്.

അലെക്സ് ഗിബ്‌നി (Alex Gibney) തന്റെ ടാക്സി റ്റു ദി ഡാര്‍ക് സൈഡ് (Taxi to the Dark Side ) എന്ന ചിത്രത്തിന് ഏറ്റവും മികച്ച ഡോക്യുമെന്ററിക്കുള്ള ഓസ്കാര്‍ അവാര്‍ഡ് നേടിയപ്പോള്‍ ഡിക് ചെനിയുടെ നിഴലുകളില്‍ അല്പം സൂര്യപ്രകാശം പതിച്ചു. ദില്‍‌വാര്‍ എന്ന അഫ്‌ഗാനിസ്ഥാനിയുടെ അവസാന ദിവസങ്ങളെക്കുറിച്ചുള്ള ഒരന്വേഷണമാണ് ഈ ചിത്രം. ദില്‍‌വാറിനെ അമേരിക്കന്‍ സൈന്യം 2001ല്‍ അറസ്റ്റ് ചെയ്യുകയും ബാഗ്രാം എയര്‍ ബേസിലെ നരകസമാനമായ ജെയിലില്‍ തടവിലാക്കുകയും ചെയ്തു. അമേരിക്കന്‍ സൈന്യത്തിന്റെ പീഡനവും മര്‍ദ്ദനവും ഏറ്റ ദില്‍‌വാര്‍ അഞ്ച് ദിവസത്തിനുശേഷം കഥാവശേഷനായി. ദില്‍‌വാറിനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ താഴെതട്ടിലുള്ള സൈനികരില്‍ നിന്നും ഒന്നാം തരം ദൃക്‌‌സാക്ഷിവിവരണം ഗിബ്‌നിക്ക് ലഭിച്ചു. ചിത്രത്തില്‍ ദില്‍‌വാറിന്റെ ഗ്രാമവും, അദ്ദേഹത്തെക്കുറിച്ച് സംസാരിക്കുന്ന ഗ്രാമീണരുമൊക്കെ പ്രത്യക്ഷപ്പെടുന്നുണ്ട്. ആ ഗ്രാമത്തിന്റെ ഏക വരുമാനമാര്‍ഗമായ ടാക്സി ഓടിക്കുവാന്‍ സ്വയം സന്നദ്ധനായി മുന്നോട്ട് വന്ന ദില്‍‌വാറിനെക്കുറിച്ച് അവര്‍ പറയുന്നു.

ടാക്സി ഓടിച്ചു കിട്ടുന്ന വരുമാനം കൊണ്ട് കുടുംബം പുലര്‍ത്തുന്നത് സ്വപ്നം കണ്ട ദില്‍‌വാറിനെക്കുറിച്ച് അവര്‍ പറയുന്നു.

വീട്ടില്‍നിന്നും ഒരു രാത്രി പോലും വിട്ടു നിന്നിട്ടില്ലാത്ത ആളായിരുന്നു ദില്‍‌വാര്‍. വീട്ടില്‍ നിന്നും മാറിനിന്ന ആദ്യ രാത്രി തന്നെ കൈകള്‍ തലക്കു മുകളില്‍ പിണച്ച് വെക്കപ്പെട്ടും, വെള്ളവും ഉറങ്ങാനുള്ള അവസരവും നിഷേധിക്കപ്പെട്ടും, ഇടക്കിടെയുള്ള മര്‍ദ്ദനങ്ങള്‍ക്കും കാലുകളെ ചതച്ച് പള്‍പ്പാക്കുന്ന രീതിയിലുള്ള ചവിട്ടുകള്‍ക്ക് വിധേയമായും കഴിയാന്‍ വിധിക്കപ്പെട്ട ഒന്നായിരുന്നു. അമേരിക്കക്കാര്‍ക്കു നേരെ നടത്തിയ റോക്കറ്റ് ആക്രമണത്തില്‍ പങ്കെടുത്തു എന്ന് ചില അഫ്‌ഗാനിസ്ഥാനികള്‍ ദില്‍‌വാറിനെ ചൂണ്ടിക്കാട്ടി എന്നതായിരുന്നു ഈ അറസ്റ്റിനും പീഡനങ്ങള്‍ക്കും അടിസ്ഥാനം. പിന്നീട് തെളിഞ്ഞത് ദില്‍‌വാറിനെ ചൂണ്ടിക്കാട്ടിയവര്‍ തന്നെയായിരുന്നു ഈ ആക്രമണം നടത്തിയത് എന്നാണ്. ബുഷും ചെനിയും തുടങ്ങിവെച്ചതും റംസ്‌ഫെല്‍ഡിലൂടെയും "torture memo," എന്ന കുപ്രസിദ്ധമായ രേഖ തയ്യാറാക്കിയ കാലിഫോര്‍ണിയ ബെര്‍കിലി യൂണിവേഴ്സിറ്റി പ്രൊഫസര്‍ ജോണ്‍ യൂവിലൂടെയും തുടര്‍ന്നതുമായ അമേരിക്കയുടെ പീഡന നയങ്ങള്‍ക്കെതിരായ ശക്തവും പൊള്ളിക്കുന്നതുമായ കുറ്റാരോപണമാണ് ദില്‍‌വാറിന്റെ ദുരന്തകഥയുടെ ചിത്രീകരണത്തിലൂടെ ഗി‌ബ്‌നി നടത്തുന്നത്.

ഗിബ്‌നി അവാര്‍ഡ് സ്വീകരിക്കാനായി എഴുന്നേല്‍ക്കുന്നതുവരെ ഓസ്കാര്‍ സമ്മാനദാനച്ചടങ്ങില്‍ യുദ്ധത്തെക്കുറിച്ചുള്ള ഗൌരവകരമായ ഒരു പരാമര്‍ശം പോലും ഇല്ലായിരുന്നു. അവാര്‍ഡ് സ്വീകരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു..

“അക്കാദമിക്ക് നന്ദി..ഞാനീ ഓസ്ക്കാര്‍ മുഴുവന്‍ ഡോക്യുമെന്ററി ഫിലിം നിര്‍മ്മാതാക്കള്‍ക്കുമായി സമര്‍പ്പിക്കുന്നു, സത്യമിതാണ്, ഞാന്‍ ഒരു റൊമാന്റിക് കോമഡി എടുക്കും എന്നു വിചാരിക്കുന്ന തരക്കാരിയാണ് എന്റെ പത്നി ആന്‍ എന്നു ഞാന്‍ കരുതുന്നു.. എങ്കിലും സത്യം പറയുകയാണെങ്കില്‍ അബു ഗരീബിനും ഗ്വാണ്ടനാമോക്കും അവിടെ നടന്ന അസാധാരണ സംഗതികള്‍ക്കും ശേഷം അത്തരമൊരു ചിത്രം എടുക്കുക അസാധ്യമായിരുന്നു. ഈ ചിത്രം ഇപ്പോള്‍ നമ്മോടോപ്പമില്ലാത്ത രണ്ട് പേര്‍ക്ക് സമര്‍പ്പിക്കുന്നു. ഒന്നാമത്തെ ആള്‍ യുവ അഫ്‌ഗാന്‍ ടാക്സി ഡ്രൈവറായ ദില്‍‌വാര്‍. രണ്ടാമത്തെ ആള്‍ എന്നെ ഈ ചിത്രം എടുക്കുന്നതിനു നിര്‍ബന്ധിച്ചുകൊണ്ടിരുന്ന, നാട്ടിലെ നിയമവ്യവസ്ഥക്ക് സംഭവിക്കുന്ന അപചയങ്ങളില്‍ രോഷം കൊള്ളുന്ന ഒരു നാവി ഉദ്യോഗസ്ഥനായ എന്റെ അച്ഛന്‍. നമുക്കീ രാജ്യത്തെ തിരിച്ചു കൊണ്ടുവരാനാവുമെന്ന് പ്രത്യാശിക്കാം; ഇരുട്ടില്‍ നിന്നും വെളിച്ചത്തിലേക്ക്. നന്ദി..."

ടാക്സി റ്റു ദി ഡാര്‍ക് സൈഡ് എന്ന ചിത്രം തിയേറ്ററുകളില്‍ കാണാന്‍ കഴിഞ്ഞേക്കും. അതിനു ലഭിച്ച ഓസ്കാര്‍ കൂടുതല്‍ അവസരങ്ങള്‍ ഒരുക്കുകയും കൂടുതല്‍ പേരെ ആകര്‍ഷിക്കുകയും ചെയ്യും. ഡിസ്കവറി ചാനല്‍ അതിന്റെ ടെലിവിഷന്‍ പ്രക്ഷേപണാവകാശം വാങ്ങിയിട്ടുണ്ട്. ഗിബ്‌നി പറഞ്ഞത് അവാര്‍ഡിനു മുന്‍പ് അദ്ദേഹം അറിഞ്ഞത് ഡിസ്കവറി അവകാശം വാങ്ങിയെങ്കിലും ചിത്രം പ്രദര്‍ശിപ്പിക്കുവാന്‍ താല്പര്യമൊന്നുമില്ല എന്നാണ്. ഡിസ്കവറിയുടെ പുതിയ മാനേജ്‌മെന്റ് ഷെയര്‍ വില്പനയുമായി ഇറങ്ങാനിരിക്കുന്നതുകൊണ്ട് വിവാദമുണ്ടാക്കാന്‍ അവര്‍ക്ക് താല്പര്യമില്ല എന്നും. see-no-evil/hear-no-evil channel എന്ന തരത്തിലുള്ളതാണ് ഡിസ്കവറിയെന്ന് ഗിബ്‌നി കൂട്ടിച്ചേര്‍ക്കുന്നു.

ഡിസ്കവറി ചാനലിന്റെ ഉടമയായ ജോണ്‍ മലോണ്‍ നിരവധി ബിസിനസ് താല്പര്യങ്ങളുള്ള ഒരു യാഥസ്ഥിതികനാണ്. ഇദ്ദേഹത്തിന്റെതാണ് ലോകത്തിലെ ഏറ്റവും വലിയ മാധ്യമ കോര്‍പ്പറേഷനുകളില്‍ ഒന്നായ ലിബര്‍ട്ടി മീഡിയ. ആ ചിത്രം പ്രക്ഷേപണം ചെയ്യുവാന്‍ തങ്ങള്‍ ഉദ്ദേശിക്കുന്നില്ല എന്ന് ഡിസ്കവറി ഗിബ്‌നിയോട് പറഞ്ഞ സമയത്ത് മലോണും മുര്‍ഡോക്കും ഷെയറുകളും ടി.വി.ചാനലുകളുടെ അവകാശവുമൊക്കെ പരസ്പരം വെച്ചുമാറുന്ന തിരക്കിലായിരുന്നു.

എങ്കിലും എച്.ബി.ഓ ഇതിന്റെ ടെലിവിഷന്‍ പ്രക്ഷേപണവകാശം നേടിയിട്ടുള്ളതുകൊണ്ട് പ്രീമിയം ചാനലുകളൊക്കെ സബ്സ്ക്രൈബ് ചെയ്തിട്ടുള്ള വീടുകളിലേക്ക് ഈ ചിത്രം എത്തിയേക്കും.

ഡിസ്കവറിക്കെതിരായ വിമര്‍ശനത്തിനുത്തരമായി ചാനല്‍ പറഞ്ഞത് 2009ല്‍ ഇന്‍‌വെസ്റ്റിഗേഷന്‍ ഡിസ്കവറി എന്ന കേബിള്‍ ചാനലില്‍ ഇത് പ്രദര്‍ശിപ്പിക്കും എന്നാണ്. അതായത് ഡിസ്കവറി ഈ ചിത്രം അതിന്റെ ഒരു പ്രാധാന്യം കുറഞ്ഞ ചാനലില്‍ പ്രദര്‍ശിപ്പിക്കും എന്ന്‌. അതും തിരഞ്ഞെടുപ്പിനു ശേഷം, ബുഷ് ഭരണകൂടവുമായുള്ള ബിസിനസ്സൊക്കെ ശരിയാക്കിയതിനുശേഷം.

ഗിബ്‌നിയുടെ ചിത്രത്തിനും മറ്റൊരു ഒന്നാം തരം യുദ്ധ ഡോക്യുമെന്ററിയായ Phil Donahue യുടെ ബോഡി ഓഫ് വാര്‍ എന്ന ചിത്രത്തിനുമൊക്കെ വിതരണത്തിനായി പോരാടേണ്ടി വരികയാണ്. ഈ ഓസ്കാര്‍ വിജയം മനഃസ്സാക്ഷി ഉണര്‍ത്തുന്ന ചിത്രങ്ങള്‍ക്ക് സിനിമാശാലകളിലും ടെലിവിഷനിലുമൊക്കെ പ്രദര്‍ശനത്തിനുള്ള അവസരം ഒരുക്കുമെന്നും രാജ്യത്തെ നിഴലില്‍ നിന്നും വെളിച്ചത്തിലേക്ക് നയിക്കാന്‍ അവയ്ക്ക് കഴിയുമെന്നും പ്രതീക്ഷിക്കാം.

Amy Goodman ആള്‍ട്ടര്‍‌നെറ്റില്‍ എഴുതിയ ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ. ചെറിയ ചില സ്വാതന്ത്ര്യങ്ങള്‍ വിവര്‍ത്തനത്തില്‍ എടുത്തിട്ടുണ്ട്.

അലെക്സ് ഗിബ്‌നിയുമായി റോബര്‍ട്ട് ഷീര്‍ നടത്തിയ അഭിമുഖം ഇവിടെ.

ഈ ചിത്രം ഓസ്കാര്‍ സമ്മാനം വരെ എത്താന്‍ നേരിട്ട ബുദ്ധിമുട്ടുകളെപ്പറ്റി ലോസ് ഏഞ്ചലസ് ടൈംസ് എഴുതിയ റിപ്പോര്‍ട്ട് ഇവിടെ.

7 comments:

മൂര്‍ത്തി said...

ഈ വര്‍ഷത്തെ ഏറ്റവും മികച്ച ഡോക്യുമെന്ററി സിനിമക്കുള്ള ഓസ്കാര്‍ അവാര്‍ഡ് നേടിയ അലെക്സ് ഗിബ്‌നിയുടെ ടാക്സി റ്റു ദി ഡാര്‍ക്ക് സൈഡ് എന്ന ചിത്രത്തെപ്പറ്റി ഒരു ചിന്ന പോസ്റ്റ്.

ദില്‍‌വാര്‍ എന്ന അഫ്‌ഗാനിസ്ഥാനിയുടെ അവസാന ദിവസങ്ങളെക്കുറിച്ചുള്ള ഒരന്വേഷണമാണ് ഈ ചിത്രം. ദില്‍‌വാറിനെ അമേരിക്കന്‍ സൈന്യം 2001ല്‍ അറസ്റ്റ് ചെയ്യുകയും ബാഗ്രാം എയര്‍ ബേസിലെ നരകസമാനമായ ജെയിലില്‍ തടവിലാക്കുകയും ചെയ്തു. അമേരിക്കന്‍ സൈന്യത്തിന്റെ പീഡനവും മര്‍ദ്ദനവും ഏറ്റ ദില്‍‌വാര്‍ അഞ്ച് ദിവസത്തിനുശേഷം കഥാവശേഷനായി.

Gopan | ഗോപന്‍ said...

നല്ല പരിഭാഷയും പോസ്റ്റും.

അമേരിക്കകാരന്‍റെ ആത്മാഭിമാനം
വ്രണപ്പെടുത്തുന്ന അപ്രിയങ്ങളായ സത്യങ്ങള്‍
കൂടുതല്‍ ജനങ്ങളിലേക്കെത്തിക്കാന്‍
അലെക്സ് ഗിബ്‌നി കാണിച്ച
ഈ ശ്രമം പ്രശംസനീയം തന്നെ.

യാരിദ്‌|~|Yarid said...

നന്നായിരിക്കുനു മൂറ്‌ത്തി മാഷെ. യാങ്കികളുടെ വൃത്തികേടുകളെ പുറത്തറിയാന്‍ ഇത്തരം ചില സങ്കേതങ്ങളെങ്കിലുമുള്ളതു നല്ലതു തന്നെ..

നല്ല ലേഖനം,...:)

ദിലീപ് വിശ്വനാഥ് said...

വളരെ നന്നായിരിക്കുന്നു മൂര്‍ത്തിമാഷേ ഈ പോസ്റ്റ്.

ശ്രീ said...

നന്നായി, ഈ പോസ്റ്റ്.
:)

un said...

ഇത്തവണ അക്കാദമി അവാര്‍ഡ് കണ്ടില്ല. ഗിബ് നിയെയും മൈക്കിള്‍ മൂറിനെപ്പോലെയും പോലുള്ള ചിലരെങ്കിലും ഇത്തരം വേദികളില്‍ ശബ്ദമുയര്‍ത്തുന്നത് പ്രതീക്ഷക്കു വക നല്‍കുന്നു. പോസ്റ്റിന് നന്ദി.

മരമാക്രി said...

താങ്കള്‍ അത്യാവശ്യമായി എഴുത്ത് നിര്‍ത്തണം. ഞാന്‍ തുടങ്ങി.