Wednesday, April 30, 2008

മുഖം‌മൂടി വെച്ച രാഷ്ട്രീയബോധം

ആലപ്പുഴ
സമയം ചൊവ്വാഴ്‌ച വൈകിട്ട്‌ അഞ്ചുമണി
സ്ഥലം സീറോ ജംഗ്‌ഷന്‍

നെറ്റിയില്‍ കുങ്കുമപ്പൊട്ട്‌ തൊട്ട്‌ ചിരിച്ചുകൊണ്ട്‌ നിന്ന 'രാഹുല്‍ ഗാന്ധി' യെക്കണ്ട്‌ നഗരവാസികള്‍ അമ്പരന്നു. അമ്പരപ്പ്‌ മാറും മുമ്പേ അതാ വരുന്നു ഒരു കൂട്ടം രാഹുല്‍ ഗാന്ധിമാര്‍. പിന്നെ കണ്ടത്‌ 'രാഹുല്‍ ഗാന്ധി' മാരുടെ കൂട്ടയോട്ടം.

എന്താണ് സംഭവമെന്ന് പിടികിട്ടിയില്ലേ?

വേറെ ഒന്നുമില്ല.

കോണ്‍ഗ്രസ്‌ ജില്ലാ സമ്മേളനത്തിന്റെ പ്രചാരണാര്‍ത്ഥം ആലപ്പുഴ നഗരത്തില്‍ വെള്ള ബനിയനും എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധിയുടെ മുഖംമൂടിയും ധരിച്ചെത്തിയ നൂറിലധികം കെ.എസ്‌.യു. പ്രവര്‍ത്തകര്‍ നടത്തിയ കൂട്ടയോട്ടത്തെക്കുറിച്ചുള്ള മാതൃഭൂമി വാര്‍ത്തയുടെ തുടക്കമാണത്. വിട്ടുകളഞ്ഞിട്ടുള്ളത് പങ്കെടുത്തവരുടെ പേരുകള്‍ മാത്രം.


ഭാഷ ശ്രദ്ധിച്ചോ? എവിടെയെങ്കിലും ഈ മുഖം‌മൂടിയോട്ടത്തിന്റെ അപഹാസ്യതയെക്കുറിച്ച് എന്തെങ്കിലും സൂചന?

ഒന്നുമില്ല. തികച്ചും രസകരം എന്ന് അവര്‍ കരുതുന്ന സംഭവത്തെക്കുറിച്ച് ഒരു കൌതുക വാര്‍ത്തയുടെ ഭാഷയിലും ശൈലിയിലും ഒരു റിപ്പോര്‍ട്ട്...

വ്യക്തിപൂജയുടെ അങ്ങേയറ്റം എന്ന് വിശേഷിപ്പിക്കാവുന്ന ഈ കുട്ടിക്കളിയില്‍ പത്രത്തിനു യാതൊരു തകരാറും തോന്നുന്നില്ല. യുവാക്കളുടെ ചിന്താശേഷി, കര്‍മ്മശേഷി എന്നിവയെക്കുറിച്ചൊന്നും ഒരു സംശയവും ഉയരുന്നുമില്ല. ക്രിക്കറ്റ് ഗ്രൌണ്ടില്‍ താരങ്ങളുടെ മുഖം മൂടിയും വെച്ചെത്തുന്ന ആരാധകവൃന്ദത്തിന്റെ അതേ നിലവാരത്തില്‍ത്തന്നെ നമ്മുടെ രാഷ്ട്രീയപ്രവര്‍ത്തകരും ചിന്തിച്ചാലും പ്രവര്‍ത്തിച്ചാലും തെറ്റൊന്നും തോന്നുന്നുമില്ല. വായനക്കാരനില്‍ അറിയാതെ പോലും അങ്ങിനെ ഒരു ചിന്ത വരരുത് എന്ന കാര്യത്തില്‍ പത്രത്തിന് ബദ്ധശ്രദ്ധ ഉണ്ട് താനും.

വേണ്ടപ്പെട്ടവരെ നോവിക്കാത്ത, ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത, വാര്‍ത്തയുടെ മര്‍മ്മത്ത് തൊടാത്ത ഇത്തരം റിപ്പോര്‍ട്ടിങ്ങിന്റെ സഹായം ഇല്ലായിരുന്നെങ്കില്‍ പല പ്രസ്ഥാനങ്ങളുടെയും ഗതി പരിതാപകരം ആയേനെ.....

ഒരു കാര്യത്തിനു പത്രത്തിനു നന്ദി പറയാം.

വരികള്‍ക്കിടയിലൂടെയാണെങ്കിലും ‍, മുകളില്‍ നിന്നും നേതാക്കള്‍ കെട്ടിയിറക്കപ്പെടുന്നത് ഇതുപോലെ മുഖം നഷ്ടപ്പെടുന്നതില്‍ വിമുഖത ഇല്ലാത്ത അണികള്‍ ഉള്ളതുകൊണ്ടാണെന്ന സൂചന ഈ വാര്‍ത്തയിലൂടെ തന്നതിന്...

(ചിത്രത്തിനു കടപ്പാട്: മാതൃഭൂമി)

Wednesday, April 23, 2008

ആനക്കലി

ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ഇല്‍സവത്തിനിടെ ആന ഇടഞ്ഞ് മൂന്നുപേരെ കൊന്നു. ഒരു വൃദ്ധയും രണ്ടുപുരുഷന്മാരുമാണ് മരിച്ചത്. ബുധനാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. കാഴ്ച ശീവേലിക്കുശേഷം പുറത്തുകൊണ്ടുവന്ന ആനയെ കുളിപ്പിക്കാനായി വീണ്ടും അമ്പലത്തിനകത്തേക്ക് കൊണ്ടുപോയപ്പോഴാണ് ഇടഞ്ഞത്. ഉല്‍സവമായതിനാല്‍ അമ്പലത്തിനകത്തും പുറത്തും നൂറുകണക്കിന് ആളുകളുണ്ടായിരുന്നു. കൂച്ചുവിലങ്ങ് പൊട്ടിച്ചാണ് ആന ഓടിയത്. രണ്ടുപേരെ ചവിട്ടിയും ഒരാളെ കുത്തിയുമാണ് കൊന്നത്. ആനയെ രണ്ടരയോടെ തളച്ചു. ക്ഷേത്രത്തിന് ചുറ്റും തീകൂട്ടി ആന ഓടാതിരിക്കാന്‍ നാട്ടുകാര്‍ മുന്‍കരുതല്‍ എടുത്തിരുന്നു. വന്‍പൊലീസ് സംഘവും മയക്കുവെടി വിദഗ്ദരും സ്ഥലത്തെത്തിയിരുന്നു.

ഇത് ദേശാഭിമാനി പത്രത്തിലെ വാര്‍ത്തയുടെ കുറച്ച് ഭാഗങ്ങളാണ്.

ഇന്നത്തെ ടെലിവിഷന്‍ ചര്‍ച്ചയില്‍ ഉയര്‍ന്ന പ്രസക്തമായ ചോദ്യം ഇതായിരുന്നു. ആനയും മനുഷ്യനും തികഞ്ഞ ശത്രുക്കളായി മാറുകയാണോ?

അതെ എന്നായിരിക്കും ഉത്തരം എന്നു തോ‍ന്നുന്നു..

ചട്ടം പഠിപ്പിക്കുന്നതിന്റെ പേരിലും മാക്സിമം ലാഭം എന്ന ഉദ്ദേശത്തിലും മനുഷ്യന്‍ കാണിക്കുന്ന ക്രൂരതകള്‍ക്ക് കണക്കില്ല. മദപ്പാടിലാണോ അല്ലയോ എന്നത് നമുക്ക് വിഷയമല്ല. മദപ്പാടില്‍ ആണെങ്കില്‍ തന്നെ ആനയെ വാട്ടാന്‍ വെള്ളം കൊടുക്കാതിരിക്കുന്ന വിദ്യയും നാം കണ്ടുപിടിച്ചിട്ടുണ്ട്. ആന ചത്താലും ജീവിച്ചാലും പന്തീരായിരം ഒക്കെ പണ്ടായിരു‍ന്നു. ഇപ്പോ ലക്ഷങ്ങളാണ്. നമ്മള്‍ ഇതിനു മുന്‍പും ഇതൊക്കെ കണ്ടിട്ടുണ്ട്. സര്‍ക്കാര്‍ നിയമങ്ങള്‍ എന്തിന് കോടതികള്‍ കൊണ്ടു വരുന്ന നിബന്ധനകളും പോലും പാലിക്കപ്പെടുന്നില്ല. ആനകളാകട്ടെ മുന്‍പെങ്ങുമില്ലാത്തവിധം അക്രമാസക്തരാവുകയുമാണ്. ഇതുവരെയായി മുന്നൂറില്‍പ്പരം ആളുകളെ ആനകള്‍ കൊന്നിട്ടുണ്ടത്രെ. അതില്‍ 90 ശതമാനത്തിലധികവും പാപ്പാന്മാര്‍. കഴിഞ്ഞ സീസണില്‍ മാത്രം അനകള്‍ കൊന്നത് നാല്പതിലധികം ആളുകളെയാണ്.

നാട്ടാന എന്നു പേരുണ്ടെങ്കിലും ആന ഒരിക്കലും ഒരു വളര്‍ത്തുമൃഗമല്ല. അത് മെരുങ്ങിയിട്ടുമില്ല. അതിനെ പേടിപ്പിച്ചാണ് നാം കൊണ്ടു നടക്കുന്നത്. മെരുങ്ങിയിട്ടുണ്ടെങ്കില്‍ എന്തിനു ചങ്ങല, തോട്ടി, മറ്റു ഭേദ്യോപകരണങ്ങള്‍ എന്ന് ചര്‍ച്ചക്കിടെ ആനപ്രേമികളില്‍ ഒരാള്‍ ചോദിച്ചത് അവഗണിക്കാന്‍ ആവില്ല. ചിലപ്രത്യേക സമയങ്ങളില്‍ ഈ പേടിയുടെ കെട്ട് വിടുമ്പോള്‍ ആന ആ പഴയ വന്യമൃഗം ആകുകയാണ്. അതിന്റെ കൂട്ടത്തില്‍ ആനയെ നിയന്ത്രിക്കാനുള്ള ശ്രമത്തില്‍ അതിനെ കൂടുതല്‍ വിറളി പിടിപ്പിക്കുന്ന നാട്ടുകാരും. എല്ലാം ചേരുമ്പോള്‍ പൊടി പൂരം.

വിയര്‍പ്പ് ഗ്രന്ഥികള്‍ കുറവായതിനാല്‍ ആനക്ക് ചൂട് അസഹ്യം ആണ്. കാട്ടാനകള്‍ ഒറ്റ എണ്ണം പോലും ഈ നട്ടപ്ര വെയിലത്ത് പുറത്തുണ്ടാവില്ല. വെള്ളത്തില്‍ കിടക്കുകയോ തണലത്ത് നില്‍ക്കുകയോ ചെയ്യുകയായിരിക്കും. നമ്മള്‍ ചെരുപ്പിടാതെ ഒരടി നടക്കാത്ത അവസ്ഥയിലാണ് ആനകളെ കൊടും ചൂടില്‍ നിര്‍ത്തിപ്പൊരിക്കുന്നത്. ആനക്ക് വട്ടാവാന്‍ വേറെ വല്ലതും വേണോ?

രാവിലെ 11 മണിക്ക് ശേഷം ആനകളെ എഴുന്നള്ളിക്കരുത് എന്ന് നിയമം ഉണ്ടെങ്കിലും ആരു പാലിക്കാന്‍. ഇന്നിടഞ്ഞ ആന ഏതാണ്ട് ഉച്ചയോടെയാണ് തനിസ്വരൂപം പുറത്തെടുത്തത്. വേനല്‍ മഴക്ക് ശേഷം ചൂട് കൂടി വരുന്നത് കൊണ്ട് ഇനിയും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കും എന്നാണ് ചര്‍ച്ചയില്‍ കേട്ട മറ്റൊരു വാചകം. ഇന്നത്തെ സംഭവത്തില്‍ മദ്യപിച്ച ഒരാള്‍ ആനയുടെ കൊമ്പില്‍ പിടിച്ചതോടെയാണ് ആന ഇടഞ്ഞത്...ആനയുടെ വാലില്പിടിച്ച് വലിച്ച ആളെ ആന കൊന്നിട്ടുണ്ട്. മുകളിലിരുന്ന പാപ്പാന്‍ തരം കിട്ടിയപ്പോള്‍ ആനപ്പുറത്ത് നിന്നും ഉയരമുള്ള ക്ഷേത്രമതിലിലേക്ക് ചാടി അപ്പുറത്തേക്ക് മറിഞ്ഞ് ഒരു വിധം രക്ഷപ്പെടുന്നത് ടെലിവിഷനില്‍ കണ്ടു.

സംഭവത്തിന്റെ ഗൌരവം സൂചിപ്പിക്കാനും ആളുകളെക്കൊണ്ടു ചിന്തിപ്പിക്കാനുമൊക്കെ ആണോ എന്നറിയില്ല എന്തായാലും ജയ്‌ഹിന്ദിലും കൈരളിയിലുമൊക്കെ ആന ചവിട്ടിക്കൊല്ലുന്നതും മറ്റും ഒരു മറയുമില്ലാതെ കാണിച്ചിരുന്നു. അസഹ്യം എന്നേ അതിനെ വിശേഷിപ്പിക്കാന്‍ പറ്റൂ.

ഉത്സവങ്ങള്‍ക്ക് ആനകള്‍ വേണമോ നാട്ടില്‍ ആനകള്‍ വേണമോ എന്ന ചോദ്യങ്ങളൊക്കെ ഗൌരവകരമായി ചോദിക്കാനുള്ള സമയമായിരിക്കുന്നു.