Wednesday, April 23, 2008

ആനക്കലി

ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ഇല്‍സവത്തിനിടെ ആന ഇടഞ്ഞ് മൂന്നുപേരെ കൊന്നു. ഒരു വൃദ്ധയും രണ്ടുപുരുഷന്മാരുമാണ് മരിച്ചത്. ബുധനാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. കാഴ്ച ശീവേലിക്കുശേഷം പുറത്തുകൊണ്ടുവന്ന ആനയെ കുളിപ്പിക്കാനായി വീണ്ടും അമ്പലത്തിനകത്തേക്ക് കൊണ്ടുപോയപ്പോഴാണ് ഇടഞ്ഞത്. ഉല്‍സവമായതിനാല്‍ അമ്പലത്തിനകത്തും പുറത്തും നൂറുകണക്കിന് ആളുകളുണ്ടായിരുന്നു. കൂച്ചുവിലങ്ങ് പൊട്ടിച്ചാണ് ആന ഓടിയത്. രണ്ടുപേരെ ചവിട്ടിയും ഒരാളെ കുത്തിയുമാണ് കൊന്നത്. ആനയെ രണ്ടരയോടെ തളച്ചു. ക്ഷേത്രത്തിന് ചുറ്റും തീകൂട്ടി ആന ഓടാതിരിക്കാന്‍ നാട്ടുകാര്‍ മുന്‍കരുതല്‍ എടുത്തിരുന്നു. വന്‍പൊലീസ് സംഘവും മയക്കുവെടി വിദഗ്ദരും സ്ഥലത്തെത്തിയിരുന്നു.

ഇത് ദേശാഭിമാനി പത്രത്തിലെ വാര്‍ത്തയുടെ കുറച്ച് ഭാഗങ്ങളാണ്.

ഇന്നത്തെ ടെലിവിഷന്‍ ചര്‍ച്ചയില്‍ ഉയര്‍ന്ന പ്രസക്തമായ ചോദ്യം ഇതായിരുന്നു. ആനയും മനുഷ്യനും തികഞ്ഞ ശത്രുക്കളായി മാറുകയാണോ?

അതെ എന്നായിരിക്കും ഉത്തരം എന്നു തോ‍ന്നുന്നു..

ചട്ടം പഠിപ്പിക്കുന്നതിന്റെ പേരിലും മാക്സിമം ലാഭം എന്ന ഉദ്ദേശത്തിലും മനുഷ്യന്‍ കാണിക്കുന്ന ക്രൂരതകള്‍ക്ക് കണക്കില്ല. മദപ്പാടിലാണോ അല്ലയോ എന്നത് നമുക്ക് വിഷയമല്ല. മദപ്പാടില്‍ ആണെങ്കില്‍ തന്നെ ആനയെ വാട്ടാന്‍ വെള്ളം കൊടുക്കാതിരിക്കുന്ന വിദ്യയും നാം കണ്ടുപിടിച്ചിട്ടുണ്ട്. ആന ചത്താലും ജീവിച്ചാലും പന്തീരായിരം ഒക്കെ പണ്ടായിരു‍ന്നു. ഇപ്പോ ലക്ഷങ്ങളാണ്. നമ്മള്‍ ഇതിനു മുന്‍പും ഇതൊക്കെ കണ്ടിട്ടുണ്ട്. സര്‍ക്കാര്‍ നിയമങ്ങള്‍ എന്തിന് കോടതികള്‍ കൊണ്ടു വരുന്ന നിബന്ധനകളും പോലും പാലിക്കപ്പെടുന്നില്ല. ആനകളാകട്ടെ മുന്‍പെങ്ങുമില്ലാത്തവിധം അക്രമാസക്തരാവുകയുമാണ്. ഇതുവരെയായി മുന്നൂറില്‍പ്പരം ആളുകളെ ആനകള്‍ കൊന്നിട്ടുണ്ടത്രെ. അതില്‍ 90 ശതമാനത്തിലധികവും പാപ്പാന്മാര്‍. കഴിഞ്ഞ സീസണില്‍ മാത്രം അനകള്‍ കൊന്നത് നാല്പതിലധികം ആളുകളെയാണ്.

നാട്ടാന എന്നു പേരുണ്ടെങ്കിലും ആന ഒരിക്കലും ഒരു വളര്‍ത്തുമൃഗമല്ല. അത് മെരുങ്ങിയിട്ടുമില്ല. അതിനെ പേടിപ്പിച്ചാണ് നാം കൊണ്ടു നടക്കുന്നത്. മെരുങ്ങിയിട്ടുണ്ടെങ്കില്‍ എന്തിനു ചങ്ങല, തോട്ടി, മറ്റു ഭേദ്യോപകരണങ്ങള്‍ എന്ന് ചര്‍ച്ചക്കിടെ ആനപ്രേമികളില്‍ ഒരാള്‍ ചോദിച്ചത് അവഗണിക്കാന്‍ ആവില്ല. ചിലപ്രത്യേക സമയങ്ങളില്‍ ഈ പേടിയുടെ കെട്ട് വിടുമ്പോള്‍ ആന ആ പഴയ വന്യമൃഗം ആകുകയാണ്. അതിന്റെ കൂട്ടത്തില്‍ ആനയെ നിയന്ത്രിക്കാനുള്ള ശ്രമത്തില്‍ അതിനെ കൂടുതല്‍ വിറളി പിടിപ്പിക്കുന്ന നാട്ടുകാരും. എല്ലാം ചേരുമ്പോള്‍ പൊടി പൂരം.

വിയര്‍പ്പ് ഗ്രന്ഥികള്‍ കുറവായതിനാല്‍ ആനക്ക് ചൂട് അസഹ്യം ആണ്. കാട്ടാനകള്‍ ഒറ്റ എണ്ണം പോലും ഈ നട്ടപ്ര വെയിലത്ത് പുറത്തുണ്ടാവില്ല. വെള്ളത്തില്‍ കിടക്കുകയോ തണലത്ത് നില്‍ക്കുകയോ ചെയ്യുകയായിരിക്കും. നമ്മള്‍ ചെരുപ്പിടാതെ ഒരടി നടക്കാത്ത അവസ്ഥയിലാണ് ആനകളെ കൊടും ചൂടില്‍ നിര്‍ത്തിപ്പൊരിക്കുന്നത്. ആനക്ക് വട്ടാവാന്‍ വേറെ വല്ലതും വേണോ?

രാവിലെ 11 മണിക്ക് ശേഷം ആനകളെ എഴുന്നള്ളിക്കരുത് എന്ന് നിയമം ഉണ്ടെങ്കിലും ആരു പാലിക്കാന്‍. ഇന്നിടഞ്ഞ ആന ഏതാണ്ട് ഉച്ചയോടെയാണ് തനിസ്വരൂപം പുറത്തെടുത്തത്. വേനല്‍ മഴക്ക് ശേഷം ചൂട് കൂടി വരുന്നത് കൊണ്ട് ഇനിയും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കും എന്നാണ് ചര്‍ച്ചയില്‍ കേട്ട മറ്റൊരു വാചകം. ഇന്നത്തെ സംഭവത്തില്‍ മദ്യപിച്ച ഒരാള്‍ ആനയുടെ കൊമ്പില്‍ പിടിച്ചതോടെയാണ് ആന ഇടഞ്ഞത്...ആനയുടെ വാലില്പിടിച്ച് വലിച്ച ആളെ ആന കൊന്നിട്ടുണ്ട്. മുകളിലിരുന്ന പാപ്പാന്‍ തരം കിട്ടിയപ്പോള്‍ ആനപ്പുറത്ത് നിന്നും ഉയരമുള്ള ക്ഷേത്രമതിലിലേക്ക് ചാടി അപ്പുറത്തേക്ക് മറിഞ്ഞ് ഒരു വിധം രക്ഷപ്പെടുന്നത് ടെലിവിഷനില്‍ കണ്ടു.

സംഭവത്തിന്റെ ഗൌരവം സൂചിപ്പിക്കാനും ആളുകളെക്കൊണ്ടു ചിന്തിപ്പിക്കാനുമൊക്കെ ആണോ എന്നറിയില്ല എന്തായാലും ജയ്‌ഹിന്ദിലും കൈരളിയിലുമൊക്കെ ആന ചവിട്ടിക്കൊല്ലുന്നതും മറ്റും ഒരു മറയുമില്ലാതെ കാണിച്ചിരുന്നു. അസഹ്യം എന്നേ അതിനെ വിശേഷിപ്പിക്കാന്‍ പറ്റൂ.

ഉത്സവങ്ങള്‍ക്ക് ആനകള്‍ വേണമോ നാട്ടില്‍ ആനകള്‍ വേണമോ എന്ന ചോദ്യങ്ങളൊക്കെ ഗൌരവകരമായി ചോദിക്കാനുള്ള സമയമായിരിക്കുന്നു.

38 comments:

മൂര്‍ത്തി said...

ഉത്സവങ്ങള്‍ക്ക് ആനകള്‍ വേണമോ നാട്ടില്‍ ആനകള്‍ വേണമോ?

പ്രിയ said...

അവയെ ഈ ചൂടില്‍ നിന്നും ഒഴിവാക്കേണ്ടത് തന്നെയാണ്. മനുഷ്യന് സഹിക്കാന്‍ വയ്യാത്ത ചൂടും തിരക്കും ആ പാവങ്ങളെ എന്തിന് സഹിപ്പിക്കുന്നു. പണ്ടു വലിയ ജോലിക്ക് വേണ്ടിയും വിനോദത്തിനു വേണ്ടിയും ഉപയോഗിച്ചിരുന്ന അവയെ ഇനി ഈ അധുനികയുഗത്തില് നമുക്കു വേറെ എന്തെല്ലാം സൌകര്യങ്ങളും വിനോദോപാധികളും നമ്മള്‍ നേടിക്കഴിഞ്ഞ നിലക്ക് ഒഴിവാക്കിക്കൂടേ? അവയെ വെറുതെ വിട്ടുകൂടെ?

ബാബുരാജ് ഭഗവതി said...
This comment has been removed by the author.
ബാബുരാജ് ഭഗവതി said...

മൂര്‍ത്തി
കഴിഞ്ഞ സീസണില്‍ ആന കൊന്ന മനുഷ്യരുടെ എണ്ണം പത്രങ്ങളിലുണ്ടായിരുന്നു...
200 ന്നടുത്ത് എന്നോ മറ്റോ ആണ് വായിച്ചതായി ഓര്‍മ്മ.
പണത്തിനോടുള്ള ആര്‍ത്തിയല്ലാതെ മറ്റൊന്നുമല്ല ഈ അപകടങ്ങള്‍ക്കു പിന്നില്‍.
സുരക്ഷക്കു വേണ്ടിയുള്ള മുന്‍ കരുതലുകള്‍ എടുക്കാന്‍ അവര്‍ തയ്യാറല്ലെങ്കില്‍ ആനകളെ ഇത്തരം കാര്യങ്ങള്‍ക്ക് ഉപയോഗിക്കേണ്ടതില്ലെന്ന പറഞ്ഞാലും തെറ്റുപറയാനാവില്ല. ..
എങ്കിലും നിരോധനം എന്നാകുമ്പോള്‍ പല പ്രശ്നങ്ങളും ഉയരും..

പിന്നെ ചാനലുകള്‍ സഭ്യതയുടെ എല്ലാ തലങ്ങളും ഭേദിക്കുന്ന കാഴ്ചയാണ് ദുരന്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ കാണുന്നത്.

ശ്രീ said...

ആനകളെ നമ്മുടെ താല്പര്യങ്ങള്‍ക്കായി ഉപയോഗിയ്ക്കുമ്പോള്‍ കൂടുതല്‍ സൂക്ഷിയ്ക്കേണ്ടിയിരിയ്ക്കുന്നു.
വേണ്ടത്ര ഭക്ഷണവും പരിചരണവും മിക്കയിടങ്ങളിലും ആനകള്‍ക്ക് കിട്ടുന്നില്ല എന്നാണറിവ്. ഇടഞ്ഞില്ലെങ്കിലല്ലേ അത്ഭുതം

എസ് പി ഹോസെ said...

ആന ആളെ ചവിട്ടുക്കൊല്ലുന്ന ദൃശ്യം ടീവിയില്‍ കാണിക്കുന്നത് നിരോധിക്കേണ്ടിയിരിക്കുന്നു. ഒറ്റയ്ക്കിരുന്നു ടീവീ കാണുന്നവന് ഡിപ്രഷനുണ്ടാക്കുന്നതരം ഷോ ആണത്.

കുതിരവട്ടന്‍ :: kuthiravattan said...

ഉത്സവങ്ങള്ക്കു ആനകളുടെ എണ്ണം കുറക്കുകയെങ്കിലും വേണം.

കുഞ്ഞന്‍ said...

ഈ ഉത്സവങ്ങളൊന്നും ഇല്ലെങ്കില്‍ ആന എന്തു ചെയ്യും?

ആന നാണിച്ച് പുളിച്ച് കാട്ടിലേക്കു ഓടും, കാടുണ്ടെങ്കില്‍...!

എന്തുകൊണ്ട് ആനക്ക് ചെരുപ്പ് ഇടീക്കാത്തത്, ചിന്തിക്കേണ്ടിയിരിക്കുന്നു.

കുറുമാന്‍ said...

ജനിച്ച്, കളിച്ച്, പഠിച്ച് (?) വളര്‍ന്നത് ഇരിങ്ങാലക്കുടയിലായതിനാല്‍ തന്നെ വളരെ അധികം വര്‍ഷം കൂടല്‍മാണിക്യം ഉത്സവത്തില്‍ പത്ത് ദിവസവും പോകാറുണ്ട്. പതിനെട്ടാന, പത്ത് ദിവസം ഉത്സവം. രാവിലെ ശീവേലി, വൈകുന്നേരം വിളക്ക്, അങ്ങനെ നാലുമണിക്കൂര്‍ വീതം ആനക്ക് മരണപണി. ചൂടാണെങ്കില്‍ അസഹ്യം, എങ്കിലും പണ്ടൊന്നും ആന അവിടെ ഇടയാറില്ലായിരുന്നു. ഒരു നാലഞ്ചുകൊല്ലമായിട്ട് ആന ഇടയാത്ത ഉത്സവം ഇല്ലാaന്നായിരിക്കുന്നു.

ആനയെ കുറ്റം പറഞ്ഞിട്ടെന്ത് കാര്യം? സഹിക്കുന്നതിനും ഒരു പരിധിയില്ലെ.

നാട്ടില്‍ ഉണ്ടായിരുന്നെങ്കില്‍ ആനകുത്തികൊന്നവരുടെ എണ്ണം 4 ആയേനെ!

സി. കെ. ബാബു said...

ഞാന്‍ ബ്ലോഗില്‍ ആദ്യമായി ഇട്ട ഇടവപ്പാതിയിലെ തിരുവോണം എന്നൊരു പോസ്റ്റില്‍ ഈ വിഷയം ചെറുതായി സൂചിപ്പിച്ചിരുന്നു. ഇപ്പോള്‍‍ ഇതു് നരഹത്യയോ നരബലിയോ എന്നൊരു പോസ്റ്റ് തയ്യാറാക്കിയപ്പോഴാണു് മൂര്‍ത്തിയുടെ ഈ പോസ്റ്റ് കണ്ടതു്. എന്തായാലും എന്റേതും പോസ്റ്റുന്നു.

കുട്ടന്‍മേനൊന്‍ said...

മുമ്പില്ലാത്ത വണ്ണം എന്തുകൊണ്ട് ആനകള്‍ ഇടയുന്നു.പ്രശ്നങ്ങളുണ്ടാക്കുന്നു എന്നാണ് ചിന്തിക്കേണ്ടത്. കാരണമില്ലാതെ പരിശീലനം നേടിയ ഒരു ആനയും പ്രകോപിതനായതായി കേട്ടിട്ടില്ല. ഇന്നലെ കൂടല്‍മാണിക്യത്തിലും ഇതു തന്നെയാണ് സംഭവിച്ചത്. അകാരണമായി ഒരുത്തന്‍ വന്ന് എന്റെ മീശയില്‍ പിടിച്ചാല്‍ യേശുക്രിസ്തുവായാലും ഞാനൊന്ന് പൊട്ടിക്കും. അപ്പൊ ആനയുടെ കാര്യം പറയാനുണ്ടോ. ആനക്കാര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണം. അല്ലാതെ ആനയെ നിരോധിക്കുകയൊന്നും നടക്കില്ല. ഗള്‍ഫിലെ എ.സി മുറിയിലിരുന്നും അമേരിക്കയിലെ ബീച്ചിലിരുന്നും ബ്ലോഗ് ചെയ്യുന്ന നമുക്കൊക്കെ നിരോധിക്കണമെന്നൊക്കെക് കാച്ചിവിടാം. ആനയോടുള്ള മലയാളിയുടെ സ്നേഹം (?)വര്‍ദ്ധിച്ചുവരികതന്നെയാണ്.

കുഞ്ഞന്‍ said...

ഓ.ടോ.

എന്റെ മേന്‍‌നേ.. മീശയില്‍പ്പിടിച്ചുവലിക്കുന്നത് കൊച്ചുകുട്ടിയാണെങ്കിലൊ..പൊട്ടിക്യോ..?

അനില്‍ശ്രീ... said...

ആന ക്ഷേത്രം തകര്‍ത്തത് ആരു ചെയ്ത പാപം എന്നാവും ഇപ്പോള്‍ കണ്ടു പിടിക്കാന്‍ പോകുന്നത്. അതിനുള്ള കവടികള്‍ കൂടല്‍മാണിക്യത്ത് എത്രയും പെട്ടെന്ന് ഉരുളും. ഏതെങ്കിലും പെണ്ണ് ചുരിദാര്‍ ഇട്ട് കയറിയതിനാലോ, അന്യമതസ്ഥന്‍ കയറിയതിനാലോ, അവര്‍ണ്ണന്‍ ശ്രീകോവില്‍ പടിയില്‍ തൊട്ടതിനാലോ, അല്ലെങ്കില്‍ ഒന്നര വയസുകാരന്‍ ക്ഷേത്ര മതിലിനുള്ളില്‍ മൂത്രം ഒഴിച്ചതിനാലോ എന്ന് അവര്‍ കണ്ടു പിടിക്കും. എന്നിട്ട് പരിഹാര ക്രിയ ചെയ്യും, അടുത്ത പ്രാവശ്യം ഒരാനയെ കൂടി കൂടുതല്‍ എഴുന്നള്ളിക്കും. ക്ഷേത്ര പുനരുദ്ധാരണ ഫണ്ട് പിരിവ് തുടങ്ങും. അത്രയേ ഉള്ളു..

എന്തു കൊണ്ട് ആനയിടഞ്ഞു, അല്ലെങ്കില്‍ ഇത് വരാതെയിരിക്കാന്‍ എന്തു ചെയ്യണം എന്നൊന്നും ആലോചിക്കാന്‍ കമറ്റി കൂടില്ലല്ലോ.

ബഷീര്‍ വെള്ളറക്കാട്‌ said...

ആനകളില്ലാതെ അമ്പാരിയില്ലാതെ ആറാട്ട്‌ നടക്കാറുണ്ടിവിടെ.....

അത്‌ എവിടെയാണാവോ...!!

ക്രൂര ദ്യശ്യങ്ങള്‍, ദാരുണ മരണങ്ങള്‍, കണ്ട്‌ മനുഷ്യന്റെ മനസ്സ്‌ മരവിച്ചിരിക്കുന്നു..

ഇതെല്ലാം ഫോര്‍വേഡ്‌ ചെയ്ത്‌ കളിക്കുകയാണിപ്പോള്‍..

Areekkodan | അരീക്കോടന്‍ said...

Yes.....
ഉത്സവങ്ങള്‍ക്ക് ആനകള്‍ വേണമോ നാട്ടില്‍ ആനകള്‍ വേണമോ എന്ന ചോദ്യങ്ങളൊക്കെ ഗൌരവകരമായി ചോദിക്കാനുള്ള സമയമായിരിക്കുന്നു.

പ്രിയ said...

കുഞ്ഞന്, സങ്കടത്തിന്റെ അങ്ങേ അറ്റത്ത് നില്ക്കുകണേല് മീശ പിടിച്ചു വലിച്ചത് കുഞ്ഞു കൊച്ചാണേലും പൊട്ടിക്കും. പിന്നെ ഉത്സവങ്ങള് ഇല്ലെങ്കില് (ഒരു പരിധി വരെ ) ആനകള് കാട്ടിലേക്ക് ഓടുകയല്ല, കാട്ടിലെ ആനയെ കുഴിയില് വീഴിച്ചു കോടനാട്ടെ കൂട്ടില് ഇട്ടു തല്ലിപ്പഠിപ്പിക്കുന്നത് ഇല്ലാതാകും.ഇവിടെ വന്നു പെട്ടുപോയവ അതിന്റെ ഈ ജന്മം മുഴുവന് ഇങ്ങനെ കഴിഞ്ഞേ പറ്റു.അതിനാല് തന്നെ അവയ്ക്ക് ജീവിതമാര്ഗവും ഉണ്ടായേ പറ്റു. അവയെ തൊട്ടു സ്നേഹിക്കാതെ കണ്ടു സ്നേഹിക്കാന് പഠിച്ചാല് അവക്കും നമുക്കും മനസ്സമാധാനവും ജീവിതവും ഉണ്ടാകും. (ഒരു പഴം കൊടുക്കാന് തോന്നിയാല് അത് ആ പാപ്പാന്റെ കൈയില് കൊടുത്തു കൊടുപ്പിച്ചു സന്തോഷിക്കുന്നതല്ലേ നല്ലത്. ) അമ്പലത്തിലെ പറയെടുപ്പ് പോലുള്ളവ ഇപ്പൊ വീടുവീടാന്തരം കയറി ഉള്ളത് നിര്ത്തിയിട്ടുണ്ട് (ചെലവു ചുരുക്കാന് ആകും. എങ്കിലും നല്ല കാര്യം) മണിക്കൂറുകള് നീളുന്ന ശീവേലിക്ക് നില്ക്കുമ്പോള് അവയ്ക്ക് ആവശ്യത്തിനു തീറ്റ കൊടുക്കുന്നുന്ടെന്നു ഉറപ്പാക്കാന് അമ്പലകമ്മിറ്റിയും നാട്ടുകാരും കൂടെ ശ്രമിച്ചാല് അത്രയും നല്ലത്. കുഞ്ഞുങ്ങളെ ആവശ്യമില്ലതെ ആനയുടെ അടുത്ത് കൊണ്ടോയി കാണിക്കാനും തൊടിക്കാനും ഒന്നും നില്ക്കണ്ട.

(എനിക്ക് ആനയെ പേടി തന്നെയാണ്. അത് ഈ വാര്ത്തകള് കേള്ക്കാത്ത കാലത്തും .ദൂരെ നിന്നു കാണാന് ഇഷ്ടാ. ശീവേലിക്ക് നിന്നു താളം പിടിക്കുന്ന കൊംബനും പറയെടുപ്പിനു മുറ്റത്ത് വന്നിരുന്ന ആനയും എല്ലാം നല്ലതാ. എങ്കിലും വേണ്ട)

വള്ളുവനാടന്‍ said...

മനുഷ്യന്‍ എത്രപേരെ കൊല്ലുന്നു, എന്തേ ആനയ്ക്കും അയികൂടെ

യാരിദ്‌|~|Yarid said...

....

കുട്ടന്‍മേനൊന്‍ said...

ആനകള്‍ ഇടയുന്ന പ്രശ്നത്തിനു പല കാരണങ്ങളുണ്ട്.
1.ആഗോള താപനം. കേരളത്തിലെ ചൂട് ഓരോ വര്‍ഷവും വര്‍ദ്ധിച്ചു വരുന്നതായാണ് കാണുന്നത്. അതിനനുസരിച്ച് ആനകളെ എഴുന്നെള്ളിക്കുമ്പോള്‍ ആനകളുടെ ശരീരം തണുപ്പിക്കുന്നതില്‍ സംഘാടകര്‍ ശ്രദ്ധിക്കുന്നില്ല. തൃശ്ശൂര്‍ പൂരത്തിനു ഇത്തവണ ആനകള്‍ക്ക് സുഭിക്ഷമായി തണുത്ത വെള്ളരിക്കയും മറ്റും നല്‍കി അവയുടെ ശരീരോഷ്മാവ് നിയന്ത്രിക്കാന്‍ സാധിച്ചു. അതുപോലെ ചാക്ക് നനച്ച് കാലിനടിയിലിടാനും ശ്രദ്ധിച്ചു. ഇത് എല്ലാ ക്ഷേത്രങ്ങളിലും നിര്‍ബന്ധമാക്കണം.
2.ആനകളുടെ എണ്ണത്തിലുള്ള കുറവ് . ലക്ഷണമൊത്ത നാട്ടാനകളുടെ എണ്ണത്തില്‍ കാര്യമായ കുറവ് ഉണ്ടായിട്ടുണ്ട്. 8 ലക്ഷണമൊത്ത ആനകള്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ചെരിഞ്ഞിട്ടുണ്ട്. ഏത് ഉത്സവത്തിനും ഈയിടെയായി ആനകളുടെ എണ്ണം കുറയ്ക്കുകയല്ല, കൂട്ടുന്ന പ്രവണതയാണ് കണ്ടു വരുന്നത്. പറന്നു നടന്ന് ഉത്സവത്തില്‍ പങ്കെടുക്കേണ്ട അവസഥയാണ് പല ആനകള്‍ക്കും ഇന്നുള്ളത്. അത് മാറണം. ആഴ്ചയില്‍ രണ്ടോ മൂന്നോ എഴുന്നെള്ളിപ്പുകളില്‍ കൂടുതല്‍ ഒരാനയെ പങ്കെടുപ്പിക്കാതിരിക്കാന്‍ ആനയുടമകള്‍ ശ്രദ്ധിക്കണം. അതുപോലെ ഉത്സവങ്ങളില്‍ ആനയുടെ എണ്ണത്തിലും കുറവു വരുത്തി സംഘാടകരും മാതൃക കാണിക്കണം.
3.നീരില്‍ നില്‍ക്കുന്ന സമയം. നീരുള്ള സമയത്തും ആരോഗ്യപ്രശ്നങ്ങളുള്ളപ്പോഴും ആനകളെ എഴുന്നെള്ളിക്കുന്നത് ഒഴിവാക്കണം. പല ആനകളുടെയും മദപ്പാടുകാലം മരുന്നുകള്‍ നല്‍കി നീട്ടിയാണ് ഇന്ന് എഴുന്നെള്ളിക്കുന്നത്.
4.ആനകള്‍ സൂപ്പര്‍ സ്റ്റാറുകള്‍. ആന ഒരു മൃഗമാണെന്ന് മനസ്സിലാക്കാതെ അവയ്ക്ക് സൂപ്പര്‍സ്റ്റാര്‍ പരിവേഷം കൊടുക്കുന്നത് വിഡ്ഢിത്തമാണ്. ആനയോടുള്ള ഇഷ്ടം പലരും അവയെ തൊട്ടും തലോടിയുമൊക്കെ പ്രകടിപ്പിക്കുന്നത് ശരിയല്ല. പാപ്പാന്‍ അടുത്തില്ലാതെ അവയെ തൊടുന്നതും ഭക്ഷണ സാധനങ്ങള്‍ കൊടുക്കുന്നതും തെറ്റാണ്.

കര്‍ശനമായ ഒരു ആന നയത്തിലൂടെ മാത്രമേ ഈ പ്രശ്നങ്ങളെ തരണം ചെയ്യാനാവൂ. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ ആന ഇടയുന്നത് വളരെയധികം കുറഞ്ഞിട്ടുണ്ട്. ബോധവത്കരണം മാത്രമേ ഇതിനൊരു പരിഹാരമുള്ളൂ.

ബൈജു (Baiju) said...

ഒരു നടുക്കത്തോടെയായിരുന്നു ഇന്നലെ ആ ദൃശ്യങ്ങള്‍ റ്റെലിവിഷനിലൂടെക്കണ്ടത്.
ഇതുപോലെ എത്രയെത്ര സംഭവങ്ങള്‍...........ചെങ്ങന്നൂര്‍ അമ്പലത്തില്‍ ഇതുപോലെ ആനയിടഞ്ഞു കാട്ടിക്കൂട്ടിയ പരാക്രമങ്ങള്‍ ഓര്‍ത്തുപോയി.

-ബൈജു

മൂര്‍ത്തി said...

നിയമങ്ങളോ നിയന്ത്രണങ്ങളോ ഇല്ലാത്തതുകൊണ്ടല്ല മറിച്ച് അവ അവഗണിക്കുന്നു എന്നതാണൊരു പ്രധാന പ്രശ്നം. തൃശ്ശൂര്‍ പൂരത്തിനു ഇക്കാര്യത്തില്‍ കോടതി പല ഇളവുകളും ചെയ്ത് കൊടുത്തിരുന്നു. എല്ലാ നിബന്ധനകളും പാലിക്കാന്‍ വിസമ്മതമുള്ള ആന ഉടമസ്ഥസംഘത്തിന്റെ വക പൂരത്തിനു ആനയെ അയയ്ക്കില്ല എന്ന സമ്മര്‍ദ്ദ തന്ത്രവും ഉണ്ടായിരുന്നു.

ഇത്രയൊക്കെ ബുദ്ധിമുട്ടി, റിസ്ക് എടുത്ത് ആനകളെ എഴുന്നള്ളിക്കണോ എന്ന ചോദ്യം വീണ്ടും ചോദിക്കാന്‍ തോന്നുന്നു.

എന്തായാലും ഈ സംഭവത്തില്‍ നരഹത്യക്ക് പോലീസ് കേസെടുത്തിട്ടുണ്ട്. ആന മദപ്പാടിലോ മറ്റു പീഡനങ്ങലിലോ ആയിരുന്നില്ലെന്നാണ് പോലീസ് നിഗമനം. കൊമ്പില്‍ പിടിച്ചപ്പോഴുണ്ടായ പ്രകോപനം തന്നെയാണ് പ്രശ്നത്തിന് തുടക്കം . പാപ്പാന്‍ ഒരടി കൂടി കൊടുത്തതോടെ കൂടുതല്‍ പ്രകോപിതനായി...

കരീപ്പാറ സുനിലിന്റെ ഈ പോസ്റ്റും പ്രസക്തം...

നാട്ടാന പരിപാലന നിയമം(PDF) ഇവിടെ

ഏക്കത്തുകയെക്കുറിച്ചുള്ള ഈ ലിങ്കും നോക്കാവുന്നതാണ്.

നിത്യന്‍ said...

മനുഷ്യന്റെ ആനമണ്ടത്തരങ്ങളിലൊന്നാണ്‌ ആനയെ കെട്ടിയെഴുന്നള്ളിച്ചു നടത്തുന്ന ഉത്സവം. ചൂട്‌ ലവലേശം താങ്ങാന്‍ പറ്റാത്ത ജീവിയാണ്‌ ആന. വിയര്‍പ്പുഗ്രന്ഥികളാണെങ്കില്‍ സൈസിന്‌ കണക്കായിട്ടില്ല. അതുകൊണ്ട്‌ വെള്ളം കൊണ്ട്‌ മൂപ്പര്‍ ഇടക്കിയെ അഭിഷേകം നടത്തും. അല്ലെങ്കില്‍ മണ്ണ്‌ വാരി ദേഹത്തിടും. എത്രകുടിച്ചാലും മതിവരാത്ത ജീവിക്ക്‌ ഒരു തുള്ളിവെള്ളം കൊടുക്കാതെയാണ്‌ ദൈവത്തിനുവേണ്ടിയുള്ള പരിപാടി. ഉത്സവപ്പറമ്പിലെ ചൂടുസഹിക്കാനാവാത്തപ്പോള്‍ പാവം ചെവിയാട്ടും. അപ്പോ വിഡ്‌ഢികള്‍ പറയുക ആന മട്ടന്നൂര്‍ ശങ്കരന്‍ കുട്ടിയുടെ തായമ്പക ആസ്വദിക്കുകയാണെന്നും. പോയ പുത്തി ആന വലിച്ചാലും കിട്ടുകയില്ല. പോയ ജീവനും. നല്ലത്‌ ആനയുടെ നന്മയ്‌ക്കും മനുഷ്യന്റെ സുരക്ഷയ്‌ക്കുമായി ഈ പാവത്തിനെ കെട്ടിയെഴുന്നള്ളിച്ച്‌ വധശിക്ഷ വിധിക്കുകയും വിധിപ്പിക്കുകയും ചെയ്യുന്ന കാടന്‍ സമ്പ്രദായം എത്രയും വേഗം നിര്‍ത്തുകയാണ്‌ വേണ്ടത്‌.

നന്ദകുമാര്‍ said...

കുട്ടന്‍ മേനോനും, മൂര്‍ത്തിയും, നിത്യനുമൊക്കെ പങ്കുവെച്ച അഭിപ്രായങ്ങള്‍ നല്ലതു തന്നെ.. എന്തു വിശ്വാസത്തിന്റെ പേരിലായാലും ഇത് നിര്‍ത്തുന്നതോ പുനര്‍ചിന്തിക്കുന്നതോ അഭികാമ്യമാണ്. കുറച്ചു വര്‍ഷങ്ങളായി ഉത്സവകാലങ്ങളില്‍ പത്രങ്ങളില്‍ സ്ഥിരം കാണറുള്ള ഒരു പ്രധാന വാര്‍ത്തയായി ഇത്. ഇനി ഇപ്പരിപാടി നിര്‍ത്തുന്നത് ദൈവങ്ങള്‍ക്കങ്ങു ഇഷ്ടപ്പെട്ടില്ലാന്നു തന്നെ വെയ്ക്കാ. അങ്ങ്ട് പോട്ടെന്നു വെയ്ക്കണം.. മനുഷ്യജീവനെ പന്താടുന്നത് കണ്ടില്ലാന്നു വെയ്ക്കാന്‍ പറ്റില്ല, അമ്പലമുറ്റത്തായാലും പള്ളിമുറ്റത്തായാലും അത് വിശ്വാസത്തിന്റെ പേരിലാ‍യാലും..

എതിരന്‍ കതിരവന്‍ said...

Elephants are paying a prize for their learning ability and memory. "Aana premi"s beliefs are blended with anthropomorphic ( considering that they are human)feelings. Graphic examples were demonstrated in the TV show "E For Elephant. The narrator shamelessly reiteterated the fact that some of them were made blind so that they could be" handled" easily. If one superstar elephant had killed many it would be added to the 'heroic' deeds.


The idea of animal abuse for entertainment is selfish and self centered.

For ezhunneLLathth they have to stand in hot sand for hours as in IrinjnjaalakkuTa temple.

ശ്രീവല്ലഭന്‍. said...

ഇതിന് മുന്‍പും ആന ആള്‍ക്കാരെ കൊള്ളുന്ന ദൃശ്യങ്ങള്‍ മാദ്ധ്യമങ്ങളില്‍ കാണിച്ചിട്ടുണ്ട്. വളരെ ഭീകരം തന്നെ. :-(

മൂര്‍ത്തി said...

ഇന്നത്തെ ദേശാഭിമാനിയിലെ വാര്‍ത്ത കൂടി ഇവിടെ ഇടുന്നു.

പൂരപ്പറമ്പുകളില്‍ കലി കയറിയ കൊമ്പന്മാര്‍ മനുഷ്യജീവനെടുക്കുന്നത് തുടര്‍ക്കഥ. അത്യാഹിതങ്ങള്‍ തടയാന്‍ സര്‍ക്കാരും കോടതിയും നിര്‍ദേശങ്ങള്‍ വയ്ക്കുമ്പോള്‍ ആ വഴികള്‍ അടയ്ക്കുന്നതും പതിവാകുന്നു. ഉദ്യോഗസ്ഥരും ലാഭക്കൊതി മൂത്ത ആനയുടമകളും ചില ഏജന്റുമാരുമാണ് ഇതിനുപിന്നില്‍. ഇരിങ്ങാലക്കുടയില്‍ ഉണ്ണിക്കൃഷ്ണന്‍ എന്ന ആന ഇടഞ്ഞ് മൂന്ന് പേരെ കൊന്ന സംഭവം വരുത്തിവച്ചതാണെന്ന് പറഞ്ഞാല്‍ അധികപ്പറ്റാവില്ല. മുമ്പ് ഇതേ ക്ഷേത്രത്തില്‍ ഇടഞ്ഞ കൊമ്പനെ മതിയായ ആരോഗ്യ പരിശോധന നടത്താതെയാണ് എഴുന്നള്ളിപ്പിന് കൊണ്ടുവന്നത് എന്ന് വനംവകുപ്പ് തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. 72 മണിക്കൂര്‍ മുമ്പ് വനംവകുപ്പ് അധികൃതര്‍ക്ക് ലഭിക്കേണ്ട ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നില്ല. ആനയെ എഴുന്നള്ളിക്കുമ്പോള്‍ ഹൈക്കോടതി നിര്‍ദേശപ്രകാരം പാലിക്കേണ്ട മുന്‍കരുതലുകളുമുണ്ടായിരുന്നില്ല. എഴുന്നള്ളിപ്പ് കഴിഞ്ഞ് നെറ്റിപ്പട്ടമെല്ലാം അഴിച്ചശേഷം തിരക്കുള്ള സമയത്ത് ക്ഷേത്രത്തിനകത്തുകൂടി കൊണ്ടുപോയതും ഒഴിവാക്കാമായിരുന്നു. ഫെബ്രുവരി മുതല്‍ രണ്ടര മാസത്തിനിടെ കേരളത്തില്‍ 18 പേരെ ഇടഞ്ഞ ആനകള്‍ കൊന്നത്. ഇതില്‍ എട്ടും പാപ്പാന്മാരാണ്. അമ്പതോളം പേര്‍ക്ക് പരിക്കേറ്റു. സീസണില്‍ പരമാവധി എഴുന്നള്ളിപ്പ് സംഘടിപ്പിക്കാനുള്ള ആനമുതലാളിമാരുടെ ശ്രമത്തിനിടെ ഈ മിണ്ടാപ്രാണിയുടെ ജീവിതത്തെ മറക്കുകയാണ്. വിശ്രമമോ, വെള്ളമോ സമയത്ത് നല്‍കാതെ മണിക്കൂറുകള്‍ നീണ്ട നില്‍പ്പാണ് എഴുന്നള്ളിപ്പുകളില്‍. മദപ്പാട് അമര്‍ത്താനായി വീര്യം കൂടിയ മരുന്നുകള്‍ നല്‍കുന്നതിന്റെ അപകടം വേറെ. പതിനായിരം മുതല്‍ ലക്ഷം വരെയാണ് ആനയുടെ പൊക്കവും തലയെടുപ്പും കണക്കിലെടുത്ത് ഏക്കം (വാടക) നിശ്ചയിക്കുന്നത്. തൃശൂര്‍ ജില്ലയിലെ പ്രധാന ആനകള്‍ക്ക് ഏക്കം കൂടുതലാണെന്നതിനാല്‍ തെക്കന്‍ജില്ലകളില്‍ നിന്നുമുള്ള ഇറക്കുമതിയാണ് അടുത്തകാലത്തായി നടക്കുന്നത്. പൂര്‍ണമായും 'ഫിറ്റാ'യ ആനകളെ മാത്രമേ ഉത്സവപ്പറമ്പുകളിലേക്ക് വിടൂ എന്ന് ഉത്സവ സീസ തുടങ്ങുന്നതിന് മുമ്പ് ആനയുടമസ്ഥ സംഘം നേതാവ് കെ ബി ഗണേഷ്കുമാര്‍ എംഎല്‍എ തൃശൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞതിനും പുല്ലുവിലയാണ് കിട്ടിയത്. ചാലക്കുടിയില്‍വച്ച് ഏറ്റവും ഉയരമുള്ള ആനയെ മിനിലോറിയില്‍ കയറ്റിക്കൊണ്ടുപോകുന്നത് കണ്ട് തടഞ്ഞ വനംമന്ത്രി ബിനോയ് വിശ്വത്തെ പഴിച്ചതും ഇതേ നേതാക്കള്‍ തന്നെ. സര്‍ക്കാര്‍ ചില നിയന്ത്രണങ്ങള്‍ക്ക് ശ്രമിച്ചപ്പോള്‍ വിശ്വാസികളുടെ പേര് പറഞ്ഞ് സംഘ്പരിവാറും രംഗത്തുവന്നു. 'ഉത്സവങ്ങള്‍ നല്ല നിലയില്‍ നടത്താനും അത്യാഹിതങ്ങള്‍ ഒഴിവാക്കാനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നിരന്തരമായ നടപടികളിലൂടെ നടത്തുന്നതെന്ന്' മന്ത്രി ബിനോയ്‌വിശ്വം ദേശാഭിമാനിയോട് പറഞ്ഞു. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ ഹൈക്കോടതി തന്നെ അംഗീകരിച്ചതാണ്. തൃശൂര്‍ പൂരത്തിന് തൊട്ടുമുമ്പാണ് ചില ഇളവുകള്‍ നല്‍കിയത്. ഏതായാലും ഉത്സവപ്പറമ്പുകള്‍ പണക്കൊഴുപ്പിന്റെയും ലാഭക്കൊതിയുടെയും കേന്ദ്രമാക്കാന്‍ അനുവദിക്കില്ല. ' മന്ത്രി പറഞ്ഞു.

ഗുരുജി said...

ഒരു കാര്യം സൂചിപ്പിച്ചുകൊള്ളട്ടെ..എന്റെ അഭിപ്രായം ശരിയായിക്കൊള്ളണമെന്നില്ല..എന്നാലും...
വീഡിയോ സാര്‍വത്രികമായതോടെയാണ്‌ ഇത്തരം ചില 'ചൂട്‌' ദൃശ്യങ്ങള്‍ക്ക്‌ സാംഗത്യമേറിയിരിക്കുന്നത്‌ എന്ന ഒരു ചെറിയ തോന്നല്‍ ഉണ്ടായിരിക്കുന്നു.. തൃശൂറൊരു ക്ഷേത്രത്തില്‍ ആന പാപ്പാനെ ഒരു വാഴത്തട എന്നപോലെ ചവുട്ടി ഒടിക്കുന്ന ഒരു മുഴുനീള സി.ഡി ഈയിടെ കാണാനായി...അതു പകര്‍ത്തിയേടുത്ത ആള്‍
തന്റെ കോപ്പി റൈറ്റ്‌ വെച്ച്‌ സി.ഡി. ഇറക്കി. ആ മാന്യദേഹം ഒരുപാട്‌ കാശുണ്ടാക്കിക്കാണണം. ഇത്തരം പുതുപുത്തന്‍ ദൃശ്യങ്ങള്‍ക്ക്‌ മാര്‍ക്കറ്റില്‍ പ്രിയമേറിയിരിക്കെ, അത്തരം സാഹചര്യങ്ങള്‍ സൃഷ്ടിക്കേണ്ടത്തും ചിലരുടെയൊക്കെ ആവശ്യമായി വരുന്നു...അതിനിടയില്‍ പൊലിയുന്ന ജീവിതം അതു തന്റെ അമ്മയോ അനിയനോ അല്ലാത്തതുകൊണ്ട് ഇവര്‍ക്കാര്‍ക്കും വേദനിക്കാനും വഴിയില്ല.. വളരെ കൃത്യമായും സൂക്ഷ്‌മമായും വളരെയേറെ പ്രൊഫഷണിലസത്തിലും ഇത്തരം ദൃശ്യങ്ങള്‍ നമ്മള്‍ക്കു കാണാന്‍ കഴിയുന്നതില്‍ നിന്നും അതിനുവേണ്ടി ആരോ തയ്യാറായി നിന്നിരുന്നു എന്ന ഒരു സൂചന ലഭിക്കുന്നില്ലേ?
കേരളത്തിന്റെ ഉത്സവങ്ങളില്‍ ആന എന്നുമുണ്ടായിരുന്നില്ലേ? തൃശ്ശൂര്‍ പൂരം ഇന്നോ ഇന്നലെയോ ഉണ്ടായതാണോ? ഈ ആനകളെ ഒക്കെ ഇന്നലെ കാട്ടില്‍ നിന്നും കൊണ്ടുവന്നതാണോ? അപ്പോള്‍ മനുഷ്യനെ വട്ടിളക്കി തെരുവിലിറക്കി ശീലിച്ച ഒരു 'കുതന്ത്രം' ഈ പാവം ജീവിയുടെ മേലും പ്രയോഗിക്കുന്നുവെന്ന സൂചന കാണുന്നില്ലേ? ലാഭക്കൊയ്തുകള്‍ക്കിടയില്‍ പൊലിയുന്ന ജീവിതം ഇക്കൂട്ടര്‍ പ്രശ്നമാക്കറില്ലല്ലോ? സുരക്ഷയുടെ കണ്ണുകള്‍ ആ സ്‌ഥലത്തേക്കാണ്‌ നീളേണ്ടത്‌. ഒപ്പം ആ മിണ്ടാപ്രാണിയുടെ ശരീരത്തിന്റെ ഭാഷ കൂടി മനസ്സിലാക്കനുള്ള സന്‍മനസ്സും..

കണ്ണൂസ്‌ said...

ആന എഴുന്നള്ളിപ്പ് ആവ്ശ്യമല്ലാത്ത പരിപാടി തന്നെയാണെങ്കിലും, അത് നിരോധിക്കുക എന്നത് തീരെ പ്രായോഗികമല്ല - പല കാരണങ്ങള്‍ കൊണ്ടൂം. പിന്നെ മാര്‍ഗ്ഗം കുട്ടന്‍ മേനോന്‍ പറഞ്ഞ പോലെ അവയെ ശരിയായ രീതിയില്‍ പരിപാലിക്കുക എന്നതാണ്‌. തൃശ്ശൂര്‍ പൂരത്തിന്‌ എടുത്ത മുന്‍‌കരുതലുകള്‍ വളാരെ സ്വാഗതാര്‍ഹം തന്നെ. അതു പോലെ എല്ലാ ഉത്‌സവങ്ങള്‍ക്കും ശരിയായ ശ്രദ്ധ വേണാം. രണ്ടോ രണ്ടരയോ മണീക്കൂറില്‍ കൂടുതല്‍ എഴുന്നള്ളിപ്പ് പാടില്ല എന്ന നിഷ്‌കര്‍ഷയും വേണം.

ഉത്‌സവത്തിനു വരുമ്പോള്‍ മാത്രമല്ല, ബാക്കി സമയങ്ങളിലും ആന ശരിയായി പരിരക്ഷികപ്പെടുന്നു എന്ന് ഉറപ്പ് വരുത്തേണ്ടതാണ്‌. ഈയിടക്കാണല്ലോ മദപ്പാട് കണ്ടപ്പോള്‍ വെള്ളം കൊടുക്കാതെ വാട്ടിയ പാമ്പാടി രാജന്‍ എരണ്ടക്കെട്ട് പിടിച്ച് മരണാസന്നനായത്. ഭാഗ്യം കൊണ്ടു മാത്രമാണ്‌ അവന്‍ ചെരിയാതിരുന്നത്. ഇത്ര പേരു കേട്ട ആനയുടെ സ്ഥിതി ഇതാണെങ്കില്‍ മറ്റുള്ളവയെ എങ്ങിനെയാണ്‌ പാപ്പാന്‍‌മാരും ഉടമസ്ഥരും ഉപയോഗിക്കുന്നത് എന്നത് ഊഹിക്കാവുന്നതേ ഉള്ളൂ.

നിയമം അല്ല, ആനയോട് സ്നേഹം ആണ്‌ വേണ്ടത്.

lakshmy said...

ആന വന്യമ്രുഗം തന്നെയാണ്, എത്രയൊക്കെ മെരുക്കിയാലും. അവയെ ഉത്സവേഴുന്നള്ളിപ്പുകളില്‍ നിന്ന് നിരോധിക്കുക തന്നെ വേണം. ഈയിടെ കാണുന്ന, വര്‍ദ്ധിച്ചു വരുന്ന ആന ഇടച്ചിലിനും നരഹത്യകള്‍ക്കും global warming ഒരു പ്രധാന കാരണമായിരിക്കണം. എന്തൊക്കെയായാലും ഒരുപാട് ആളുകള്‍ കൂടുന്ന ഉത്സവപ്പറമ്പുകളില്‍ മനുഷ്യജീവന് ഭീഷണി ആയേക്കാവുന്ന/ ആയിക്കൊണ്ടിരിക്കുന്ന ഈ വന്യമ്രിഗങ്ങളെ ഒഴിവാക്കുന്നതിലൂടെ നാം നമ്മോട് മാത്രമല്ല ആ ജീവികളോടും കൂടിയാണ് കരുണ കാണിക്കുന്നത്. പാരമ്പര്യങ്ങളും അനുഷ്ടാനങ്ങളും ഒക്കെ എല്ലാവരുടേയും മനസ്സിലുണ്ട്. എങ്കിലും ദേവപ്രീതിക്ക് പണ്ട് അനുഷ്ടിച്ചിരുന്ന മ്രുഗബലിയും മറ്റും നീരോധിച്ചില്ലെ നമ്മള്‍. നഷ്ടപ്പെടുന്ന ഓരോ ജീവനും നമ്മുടെ ഏറ്റവും ഉറ്റവരുടേത് എന്ന് ചിന്തിച്ചാല്‍ ഇത് നിരോധിക്കാന്‍ എല്ലാവരും മുന്നോട്ടിറങ്ങി വരും
കാട്ടിലെ മ്രുഗങ്ങള്‍ കാട്ടില്‍ വളരട്ടെ

ബഷീര്‍ വെള്ളറക്കാട്‌ said...

ഗുരുജിയുടെ അഭിപ്രായങ്ങളില്‍ ഒപ്പ്‌..

ബഷീര്‍ വെള്ളറക്കാട്‌ said...

OT :
can enybody explain how to use PDF file with blog

മൂര്‍ത്തി said...

അനോണി ആന്റണിയുടെ ഈ പോസ്റ്റ് വളരെ പ്രസക്തം.

മൂര്‍ത്തി said...

കുറിഞ്ഞിഓണ്‍ലയിനിലെ ഈ പോസ്റ്റ് കൂടി വായിക്കുക.

മൂര്‍ത്തി said...

ഹൈ‌-ടെക് ആനകള്‍ വരുന്നു..:)

ഉത്സവപ്പറമ്പിലും മറ്റും വിരണ്ടോടി നാശനഷ്ടം വരുത്തുന്ന ആനകളെ റിമോട്ടുവഴി നിയന്ത്രിക്കാന്‍ ഉപകരണം വികസിപ്പിച്ചെടുത്തതായി മുംബൈയിലെ ഒരു കമ്പനി വാര്‍ത്താസമ്മേളനത്തില്‍ അവകാശപ്പെട്ടു. ആനയുടെ ചുമലില്‍ ഇരുവശത്തുമായി ഘടിപ്പിക്കുന്ന ഗിയര്‍ യൂണിറ്റും ഇവയെ പിന്‍കാലുമായി ബന്ധിപ്പിക്കുന്ന ബെല്‍റ്റുമാണ് ഉപകരണഭാഗങ്ങള്‍. ആന വിരളുമെന്ന് തോന്നിയാല്‍ പാപ്പാന് റിമോട്ട് പ്രയോഗിക്കാം. ബെല്‍റ്റ് മുറുകി ആന നടക്കാനും ഓടാനും പറ്റാത്ത അവസ്ഥയിലാകും. ഉപകരണം ആനകളില്‍ പരീക്ഷിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് കമ്പനി പ്രതിനിധി പറഞ്ഞു.(ദേശാഭിമാനി വാര്‍ത്തയില്‍ നിന്ന്)

എതിരന്‍ കതിരവന്‍ said...

ഹൈ ടെക് ആനകള്‍ ! നന്നായി, മൂര്‍ത്തി. ഇതാ ആനപ്രേമി സംഘത്തില്‍ ഞാനും അംഗമായി. ആ റിമോട് എന്റെ കയ്യില്‍ എന്നു കിട്ടും എന്നു ആശിച്ചിരിക്കുന്നു.

ശ്രീവല്ലഭന്‍. said...

വെള്ളമടിച്ച് വിരണ്ട പാപ്പാനെ മയക്കാന്‍? മദം പൊട്ടിയ ആനപ്രേമികളെ മയക്കാന്‍? !!!

മൂര്‍ത്തി said...

ദേശാഭിമാനിയില്‍ കണ്ട വാര്‍ത്ത

ഗുരുവായൂര്‍: ലോകത്തിലെ ഏറ്റവും വലിയ നാട്ടാന പരിപാലനകേന്ദ്രമായ പുന്നത്തൂര്‍ ആനത്താവളത്തില്‍, കേരളത്തിലെ ആദ്യ ആനപ്പാപ്പാന്‍ പരിശീലന സ്കൂള്‍ മന്ത്രി ജി സുധാകരന്‍ ഉദ്ഘാടനം ചെയ്തു. വനംവകുപ്പിന്റെ സഹകരണത്തോടെയുള്ള സ്കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഗുരുവായൂര്‍ ദേവസ്വം 55 ലക്ഷം മാറ്റിവച്ചിട്ടുണ്ട്. ആനത്താവളത്തിലെ പുന്നത്തൂര്‍ കോവിലകത്താണ് സ്കൂള്‍ പ്രവര്‍ത്തിക്കുക. ശാസ്ത്രീയമായ പരിപാലനത്തിന്റെ അഭാവത്തില്‍ ആനകള്‍ ഇടയുകയും ആളുകള്‍ കൊല്ലപ്പെടുകയും ചെയ്യുന്ന സാഹചര്യത്തില്‍ പാപ്പാന്മാര്‍ക്ക് വിദഗ്ധവും ശാസ്ത്രീയവുമായ പരിശീലനം ലഭ്യമാക്കുകയാണ് ലക്ഷ്യം. ശരിയായ ചട്ടം നല്‍കാത്തതിനെതുടര്‍ന്ന് ആനകള്‍ പീഡിപ്പിക്കപ്പെടുന്നതിനും മാറ്റം വരും. ആനകളെ ഇഷ്ടപ്പെടുന്ന, പരിപാലനത്തിന് താല്‍പ്പര്യമുള്ള ചെറുപ്പക്കാര്‍ക്കാണ് പ്രവേശനം. ആദ്യബാച്ചില്‍ 30 പേര്‍ക്ക് പ്രവേശനം നല്‍കും. അപേക്ഷകര്‍ ഏഴാംക്ളാസ് പാസായിരിക്കണം. രണ്ടുവര്‍ഷമാണ് കോഴ്സ്. ആദ്യവര്‍ഷം തിയറിയും രണ്ടാംവര്‍ഷം പ്രാക്ടിക്കലുമാണ്. പ്രവേശനം ലഭിക്കുന്നവര്‍ക്ക് മാസം ആയിരം രൂപ സ്റ്റൈപ്പന്റ് നല്‍കും. വനംവകുപ്പില്‍നിന്നും ഡിഎഫ്ഒ റാങ്കില്‍ വിരമിച്ച ഉദ്യോഗസ്ഥനായിരിക്കും പ്രിന്‍സിപ്പല്‍. വനംവകുപ്പ്, മൃഗസംരക്ഷണവകുപ്പ്, കാര്‍ഷിക സര്‍വകലാശാല എന്നിവിടങ്ങളില്‍നിന്നുള്ളവരും, ആനപരിപാലനത്തെക്കുറിച്ച് നാട്ടറിവുള്ള ആനവിദഗ്ധരും ഗസ്റ്റ് ലക്ചറര്‍മാരായിരിക്കും. ആനകളുടെ ശരീരശാസ്ത്രം, സൈക്കോളജി എന്നിവയും പാഠ്യവിഷയത്തിലുള്‍പ്പെടുത്തിയിട്ടുണ്ട്. നാട്ടാന-കാട്ടാന താരതമ്യ പഠനത്തിന് വിദ്യാര്‍ഥിസംഘം കാടുകളിലക്ക്േ പഠനയാത്ര നടത്തും. ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലെ ആനപരിപാലനകേന്ദ്രങ്ങളും പ്രാക്ടിക്കലിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ സന്ദര്‍ശിക്കും. കോഴ്സ് കഴിഞ്ഞിറങ്ങുന്നവരുടെ സേവനം ലഭ്യമാക്കാന്‍ പ്രവേശനസമയത്തുതന്നെ വിദ്യാര്‍ഥികള്‍ ദേവസ്വത്തിന് കരാര്‍ ഒപ്പിട്ട് നല്‍കണം. മ്യൂസിയം, ലൈബ്രറി തുടങ്ങിയ സൌകര്യങ്ങള്‍ സ്ഥാപിക്കുമെന്ന് ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ വി രതീശന്‍ പറഞ്ഞു.

ആനകള്‍ക്ക് അല്പം ആശ്വാസമാകട്ടെ എന്ന് ആശിക്കാം.

ശ്രീവല്ലഭന്‍. said...

"കോഴ്സ് കഴിഞ്ഞിറങ്ങുന്നവരുടെ സേവനം ലഭ്യമാക്കാന്‍ പ്രവേശനസമയത്തുതന്നെ വിദ്യാര്‍ഥികള്‍ ദേവസ്വത്തിന് കരാര്‍ ഒപ്പിട്ട് നല്‍കണം. " ഇതാണ് ഏറ്റവും ഇഷ്ടപ്പെട്ടത്. ഇപ്പോഴാതെ ട്രെന്‍ഡ് അനുസരിച്ച് അല്ലെങ്കില്‍ അവരെല്ലാം ഗള്‍ഫിലേയ്ക്കോ അമേരിക്കയ്ക്കോ പോയാലോ- പാപ്പാനായിട്ട് ? :-)

ആനയെ നിയന്ത്രിക്കാനുള്ള യന്ത്രത്തിന്റെ ഒരു ഉഗ്രന്‍ ലേഖനം ഈയിടെ മനോരമയില്‍ കണ്ടിരുന്നു. പടവും ഉണ്ടായിരുന്നു.