Wednesday, April 30, 2008

മുഖം‌മൂടി വെച്ച രാഷ്ട്രീയബോധം

ആലപ്പുഴ
സമയം ചൊവ്വാഴ്‌ച വൈകിട്ട്‌ അഞ്ചുമണി
സ്ഥലം സീറോ ജംഗ്‌ഷന്‍

നെറ്റിയില്‍ കുങ്കുമപ്പൊട്ട്‌ തൊട്ട്‌ ചിരിച്ചുകൊണ്ട്‌ നിന്ന 'രാഹുല്‍ ഗാന്ധി' യെക്കണ്ട്‌ നഗരവാസികള്‍ അമ്പരന്നു. അമ്പരപ്പ്‌ മാറും മുമ്പേ അതാ വരുന്നു ഒരു കൂട്ടം രാഹുല്‍ ഗാന്ധിമാര്‍. പിന്നെ കണ്ടത്‌ 'രാഹുല്‍ ഗാന്ധി' മാരുടെ കൂട്ടയോട്ടം.

എന്താണ് സംഭവമെന്ന് പിടികിട്ടിയില്ലേ?

വേറെ ഒന്നുമില്ല.

കോണ്‍ഗ്രസ്‌ ജില്ലാ സമ്മേളനത്തിന്റെ പ്രചാരണാര്‍ത്ഥം ആലപ്പുഴ നഗരത്തില്‍ വെള്ള ബനിയനും എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധിയുടെ മുഖംമൂടിയും ധരിച്ചെത്തിയ നൂറിലധികം കെ.എസ്‌.യു. പ്രവര്‍ത്തകര്‍ നടത്തിയ കൂട്ടയോട്ടത്തെക്കുറിച്ചുള്ള മാതൃഭൂമി വാര്‍ത്തയുടെ തുടക്കമാണത്. വിട്ടുകളഞ്ഞിട്ടുള്ളത് പങ്കെടുത്തവരുടെ പേരുകള്‍ മാത്രം.


ഭാഷ ശ്രദ്ധിച്ചോ? എവിടെയെങ്കിലും ഈ മുഖം‌മൂടിയോട്ടത്തിന്റെ അപഹാസ്യതയെക്കുറിച്ച് എന്തെങ്കിലും സൂചന?

ഒന്നുമില്ല. തികച്ചും രസകരം എന്ന് അവര്‍ കരുതുന്ന സംഭവത്തെക്കുറിച്ച് ഒരു കൌതുക വാര്‍ത്തയുടെ ഭാഷയിലും ശൈലിയിലും ഒരു റിപ്പോര്‍ട്ട്...

വ്യക്തിപൂജയുടെ അങ്ങേയറ്റം എന്ന് വിശേഷിപ്പിക്കാവുന്ന ഈ കുട്ടിക്കളിയില്‍ പത്രത്തിനു യാതൊരു തകരാറും തോന്നുന്നില്ല. യുവാക്കളുടെ ചിന്താശേഷി, കര്‍മ്മശേഷി എന്നിവയെക്കുറിച്ചൊന്നും ഒരു സംശയവും ഉയരുന്നുമില്ല. ക്രിക്കറ്റ് ഗ്രൌണ്ടില്‍ താരങ്ങളുടെ മുഖം മൂടിയും വെച്ചെത്തുന്ന ആരാധകവൃന്ദത്തിന്റെ അതേ നിലവാരത്തില്‍ത്തന്നെ നമ്മുടെ രാഷ്ട്രീയപ്രവര്‍ത്തകരും ചിന്തിച്ചാലും പ്രവര്‍ത്തിച്ചാലും തെറ്റൊന്നും തോന്നുന്നുമില്ല. വായനക്കാരനില്‍ അറിയാതെ പോലും അങ്ങിനെ ഒരു ചിന്ത വരരുത് എന്ന കാര്യത്തില്‍ പത്രത്തിന് ബദ്ധശ്രദ്ധ ഉണ്ട് താനും.

വേണ്ടപ്പെട്ടവരെ നോവിക്കാത്ത, ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത, വാര്‍ത്തയുടെ മര്‍മ്മത്ത് തൊടാത്ത ഇത്തരം റിപ്പോര്‍ട്ടിങ്ങിന്റെ സഹായം ഇല്ലായിരുന്നെങ്കില്‍ പല പ്രസ്ഥാനങ്ങളുടെയും ഗതി പരിതാപകരം ആയേനെ.....

ഒരു കാര്യത്തിനു പത്രത്തിനു നന്ദി പറയാം.

വരികള്‍ക്കിടയിലൂടെയാണെങ്കിലും ‍, മുകളില്‍ നിന്നും നേതാക്കള്‍ കെട്ടിയിറക്കപ്പെടുന്നത് ഇതുപോലെ മുഖം നഷ്ടപ്പെടുന്നതില്‍ വിമുഖത ഇല്ലാത്ത അണികള്‍ ഉള്ളതുകൊണ്ടാണെന്ന സൂചന ഈ വാര്‍ത്തയിലൂടെ തന്നതിന്...

(ചിത്രത്തിനു കടപ്പാട്: മാതൃഭൂമി)

12 comments:

മൂര്‍ത്തി said...

ഒരു കാര്യത്തിനു പത്രത്തിനു നന്ദി പറയാം.വരികള്‍ക്കിടയിലൂടെയാണെങ്കിലും ‍, മുകളില്‍ നിന്നും നേതാക്കള്‍ കെട്ടിയിറക്കപ്പെടുന്നത് ഇതുപോലെ മുഖം നഷ്ടപ്പെടുന്നതില്‍ വിമുഖത ഇല്ലാത്ത അണികള്‍ ഉള്ളതുകൊണ്ടാണെന്ന സൂചന ഈ വാര്‍ത്തയിലൂടെ തന്നതിന്...

യാരിദ്‌|~|Yarid said...

...

തറവാടി said...

കഷ്ടം കോണ്‍ഗ്രസ്സിന്‍‌റ്റെ പുതു നാമ്പുകള്‍ക്കിത്ര അധപഥിച്ചോ?

Ambi said...

രാഹുല്‍ ഗാന്ധിയുടെ അഡ്വര്‍ടൈസിംഗ് ആന്‍ഡ് മാര്‍ക്കറ്റിംഗ് എടുത്തിരിയ്ക്കുന്നത് ഏതോ ഭീമനായിരിയ്ക്കണം. മാത്രഭൂമിയുടെ കഴിഞ്ഞ ചില മാസങ്ങളില്‍ രാഹുലിന്റെ ഓരോ നീക്കത്തെപ്പറ്റിയും ചെറുതെങ്കിലും എന്നും വാര്‍ത്ത കണ്ടപ്പോള്‍ തന്നെ അത് ഊഹിച്ചതാണ്. ഇമേജ് ഉണ്ടാക്കാന്‍ രാഹുല്‍ പെരുത്ത് കാശിറക്കുന്നുണ്ട്.

പരസ്യ രംഗത്തുള്ളവര്‍ പിന്നാമ്പുറാവാര്‍ത്ത വല്ലതും കേട്ടുവോ? പുത്തരിയൊന്നുമല്ല..എന്നാലും ഒരു കൌതുകം.സ്വാമിമാര്‍ക്കും സിനിമാക്കാര്‍ക്കും മാത്രമല്ല രാഹുല്‍ഗാന്ധിമാര്‍ക്കും ഇതൊക്കെയാവാല്ലോ..കാശെറക്കിയാല്‍ തിരിച്ച്പിടീയ്ക്കാവുന്ന കച്ചോടമല്ലേ എല്ലാം. കുറ്റം നമ്മളുടേതു തന്നെ. നമ്മളിത്രയൊക്കെയേ അര്‍ഹിയ്ക്കുന്നുള്ളൂ

കാസിം തങ്ങള്‍ said...

ഇതൊക്കെ തന്നെ രാഷ്ട്രീയം, എന്ത് ചെയ്യാന്‍ , നമ്മുടെയൊരു വിധി.

ദസ്തക്കിര്‍ said...

ഒന്നു രണ്ടാഴ്ച മുമ്പ് ഈ യുവനേതാവ് ബാംഗ്ലൂര്‍ സന്ദര്‍ശിച്ചിരുന്നു.ഇങ്ങോരുടെ കാറ് പോകുന്ന വഴിയെ നടന്നു പോകാന്‍ പോലും പോലീസ് ഒരാളേയും അനുവദിച്ചില്ല. ജാമറുകള്‍ വച്ച പോകുന്ന വഴികളിലെയൊക്കെ മൊബൈല്‍ കമ്മ്യൂണിക്കേഷന്‍ സ്തംഭിപ്പിച്ചു. ഓഫീസ് സമയത്തെ ട്രാഫിക്ക് മണിക്കൂറുകളോളം നിശ്ചലമാക്കി. പൊതുജനങ്ങള്‍ ഇത്രയും സഹിക്കാന്‍ മാത്രം, ഇത്രയും പ്രാധാന്യം കൊടുക്കാന്‍ എന്റെ അറിവില്‍ ഇങ്ങോര്‍ ഒരു മന്ത്രി പോലുമല്ല. കുടുംബത്തിന്റെ കൈയ്യിലിരിപ്പുകൊണ്ട് മരണഭയവുമായി നടക്കുന്ന ഈ യുവനേതാവിന്റെ സെക്യൂരിറ്റിക്ക് ചിലവാക്കുന്ന പണം മൊത്തം ഞാനടക്കമുള്ള സാധാരക്കാരന്റെ നികുതിയില്‍ നിന്നുമാണല്ലോ അടിച്ചു മാറ്റുന്നത്. നമ്മുടെ നാടിന്റെ ഭാവി ഇത്തരം മഹാന്മാരുറ്റെ കൈകളിലായിപ്പോകുമോ ആവൊ? ഇതിനൊക്കെ നട്ടെല്ലു വളച്ചു നിന്ന് ഓശാന പാടാന്‍ യുവാക്കളും! ഇന്‍ഡ്യ ഈസ് ഡെഫനിറ്റ്ലി ഷൈനിങ്ങ്!!

Radheyan said...

മാര്‍ക്കെറ്റിംഗ് എന്ന കലയും ബിസിനെസും വളരുന്നുണ്ട് നമ്മുടെ നാട്ടില്‍.ആളെ കൂട്ടാനായിരുന്നെങ്കില്‍ സ്‌ട്രീക്കിംഗ് ആയിരുന്നു ഇതിലും ഭേദം.(എന്റെ നാട്ടുക്കാര്‍ ഇത്ര അധപതിച്ചത് ഞാനറിഞ്ഞില്ല)

അല്ലെങ്കില്‍ തന്നെ വെള്ളരിപ്രാവുകള്‍ക്കെന്തിനാണ് മുഖമെന്ന ഐഡന്റിറ്റി.ശിഖണ്ഡികള്‍ക്കെന്തിനാണ് വിളിപ്പേര്

സി. കെ. ബാബു said...

വാനരന്മാര്‍ക്കു് ഭാരതത്തില്‍ പുരാതനകാലം മുതലേ നല്ല ഡിമാന്‍ഡായിരുന്നല്ലോ. കാട്ടുകുരങ്ങുകള്‍ക്കും അവരുടെ മുഖം സ്വന്തം ഐഡന്റിറ്റിയുടെ, സ്വന്തം വ്യക്തിത്വത്തിന്റെ ഭാഗമാണു്. നാട്ടിലെ നാണംകെട്ട മനുഷ്യക്കുരങ്ങുകള്‍ സ്വന്തം മുഖം പോലും ആര്‍ക്കും വേണ്ടി അടിയറവയ്ക്കും! അതില്‍ അഭിമാനിക്കും!

Inji Pennu said...

അയ്യേ!

പ്രിയ ഉണ്ണികൃഷ്ണന്‍ said...

പത്രധര്‍മ്മം!!!

അയ്യയ്യേ

ബാബുരാജ് ഭഗവതി said...

മൂര്‍ത്തി...
വ്യക്തികളെ പൂജിക്കുകയെന്നത് ഒരു ഫ്യൂഡല്‍ മനസ്സിന്റെ ഉല്‍പ്പന്നമാണ്.
നെഹ്രു കുടുംബത്തോടുള്ള ഇന്ത്യന്‍ ജനതയുടെ പ്രതിപത്തി അതാണ് തെളിയിക്കുന്നത്(ഇതു തന്നെ എത്രമാത്രം നിര്‍മ്മിക്കപ്പെട്ടതാണെന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു.)
ആ മാനസീകാവസ്ഥയില്‍ നിന്നും പത്രങ്ങളും രക്ഷനേടിയിട്ടില്ല.
അതിന്റെ തെളിവാണ് താങ്കള്‍ ചൂണ്ടിക്കാട്ടിയിട്ടുള്ള വാര്‍ത്താശകലം.

ഇ-വിവരം said...

സുഹ്ര്‌ത്തേ,
നടക്കുന്ന ഒരു സംഭവത്തെ വായനക്കാരനു മുന്നില്‍ അതുപോലെ എത്തിക്കുക എന്നതല്ലേ വാര്‍ത്തകള്‍ ചെയ്യേണ്ടത്‌. നാളെ ബിനീഷ്‌ കോടിയേരിയുടെ മുഖംമൂടിയും വച്ച്‌ യുവാക്കള്‍ തെരുവില്‍ പ്രകടനം നടത്തിയാലും പത്രങ്ങളില്‍ ഇതുപോലെ പടം വരും. ഇതെക്കുറിച്ച്‌ വിശകലനം നടത്തേണ്ടതും അഭിപ്രായം പറയേണ്ടതും വായനക്കാരനാണ്‌, അല്ലാതെ പത്രം അല്ല. അതുകൊണ്ട്‌, പടം കൊടുത്ത പത്രത്തെ കുറ്റം പറഞ്ഞിട്ടു കാര്യമുണ്ടോ? ഒന്നു ആലോചിക്കൂ...