Wednesday, July 9, 2008

സേവ് ദ കിഡ് - ഒരു ബൌദ്ധിക വ്യായാമം

കോവാലകൃഷ്ണന്‍ ശൈലിയില്‍ അതും ഇതും ഇതും വായിക്കാന്‍ പറയണം എന്നുണ്ട്. വേണ്ട..എന്തിനു മറ്റൊരു ഭൌതികവ്യായാമം?

നടുറോഡില്‍ കുട്ടി..

വളവു തിരിഞ്ഞു വണ്ടികള്‍ വന്നേക്കും..

രക്ഷിക്കണോ വേണ്ടയോ?

രക്ഷിക്കാതിരുന്നാല്‍ പാപമല്ലേ?

അതിനു പാപവും പുണ്യവും ഉണ്ടോ? പാപവും പുണ്യവും അല്ലാത്ത ഒരു അവസ്ഥ ആയിക്കൂടേ?

എന്നാലും കുറ്റബോധം എന്നൊന്നില്ലേ?

കുറ്റബോധത്തിനു ജനിതകമായ അടിത്തറ ഉണ്ടോ? അതോ വെറും തോന്നല്‍ മാത്രമോ?

രക്ഷിക്കുകയാണെങ്കില്‍ തന്നെ എങ്ങിനെ?

നേരെ പോയി കുട്ടിയെ പൊക്കി എടുക്കണോ?

നമ്മുടെ തടി നോക്കണ്ടേ?

നമുക്ക് വല്ലതും പറ്റിയാല്‍ നോക്കാന്‍ ആരെങ്കിലും..

ആകെ കണ്‍ഫ്യൂഷന്‍... ആ വാക്ക് ശരിയാണോ? ഗണ്‍ഫ്യൂഷന്‍ എന്നല്ലേ? അതും കണ്‍ഫ്യൂ ആയോ..

അയ്യോ...ലോറിയുടെ ചക്രങ്ങള്‍ ഉരയുന്ന ശബ്ദമല്ലേ..ചോരപ്പാടുകള്‍ ആണല്ലോ..

പോയേക്കാം..മെനക്കേട്..സാക്ഷിപറയാന്‍ നിന്നാല്‍ പണിയാവും..

13 comments:

മലമൂട്ടില്‍ മത്തായി said...

പോയേക്കാം..മെനക്കേട്..സാക്ഷിപറയാന്‍ നിന്നാല്‍ പണിയാവും..

-ഒരു മലയാളിക്ക് മാത്രം ചിന്തിയ്ക്കാന്‍ കഴിയുന്ന വാചകം. ആ പറഞ്ഞതു പോലെ ഞാന്‍ ഇവിടെ അമേരിക്കയില്‍ ചെയ്തിട്ടുമുണ്ട്. അമേരികായായാലും മലയാളി അല്ലാതെ ആകുമോ?

പാമരന്‍ said...

വിശാഖ്മാഷുടെ കവിത നോക്കൂ

പാമരന്‍ said...

http://poemsanurananangal.blogspot.com/2008/07/blog-post.html

ഭൂമിപുത്രി said...

വഴിയില്‍ ചോരയൊലിപ്പിച്ച് കിടക്കുന്നവരെ കാണാത്തമട്ടില്‍ കടന്നുപോകുന്നവര്‍.സത്യത്തില്‍ ഒരു കൊലപാതകക്കുറ്റം തന്നെയാണ്‍ ചെയ്യുന്നതെന്ന് തോന്നിയിട്ടുണ്ട്.
ഗുപ്തന്റെ പുതിയ കഥയില്‍,മലയാളിമനസ്സിനുമപ്പുറംകടന്ന്, ആഗോളക്രിമിനലൈസേഷന്റെ ഭീതികള്‍ കാണാം

സി. കെ. ബാബു said...

ട്രാഫിക് ആക്സിഡന്റ് ഉണ്ടാക്കിയശേഷം ‍അതുവഴി അപകടത്തില്‍ പെട്ടവരെ കാണാത്ത മട്ടില്‍ സ്വന്തം വാഹനവുമായി സ്ഥലം വിടുന്നതു്‍ ഒരു വലിയ ക്രിമിനല്‍ കുറ്റമായി പരിഗണിച്ചു് അതിനനുസരിച്ചു് ശിക്ഷ നല്‍കുന്ന രാജ്യങ്ങള്‍ ലോകത്തിലുണ്ടു്. നമ്മുടെ നാട്ടില്‍ ആക്സിഡന്റുണ്ടാവുമ്പോള്‍ ഡ്രൈവര്‍ തല്ലുകൊള്ളാതെ ഓടി രക്ഷപെടുന്നതും, അവനെ തല്ലി നാട്ടുകാര്‍ “കൈത്തരിപ്പു്” തീര്‍ക്കുന്നതും രണ്ടും സത്യത്തില്‍ ശിക്ഷാര്‍ഹമാക്കേണ്ടതാണു്. പോലീസിനെ വിവരമറിയിക്കുക, വൈദ്യസഹായം വേണമെങ്കില്‍ emergency-യെ വിവരമറിയിക്കുക, ആവശ്യമായ first aid നല്‍കുക ഇവയെല്ലാം ഒരു ആക്സിഡന്റ് ഉണ്ടായാല്‍ ഉടനെ ചെയ്യേണ്ട മിനിമം കാര്യങ്ങളാണു്. ഫസ്റ്റ് എയ്ഡ് പരിശീലനം ഡ്രൈവിംഗ് പഠനത്തിന്റെ ഒരു ഭാഗമാണു്. “ഡ്രൈവിംഗ് പഠിപ്പിക്കല്‍” പഠിക്കേണ്ട ഒരു തൊഴിലാണു്.

സഹായം ലഭിക്കേണ്ട അവസ്ഥയില്‍ ആരെയെങ്കിലും കണ്ടിട്ടു് കാണാത്തമട്ടില്‍ പോകുന്നതും അവിടങ്ങളില്‍ കുറ്റകരമാണു്. “ചെയ്യാതിരുന്ന സഹായം!”

പോസ്റ്റില്‍ പറഞ്ഞപോലുള്ള സാഹചര്യങ്ങളില്‍, സ്വയം അപകടത്തില്‍ പെടുത്തിയും സഹായിക്കണം എന്നു് ആരോടും നിയമപരമായി “ആവശ്യപ്പെടാന്‍” ആര്‍ക്കെങ്കിലും അവകാശമുണ്ടെന്നു് തോന്നുന്നില്ല. അതു് ഒരോ വ്യക്തിയും സാഹചര്യാനുസരണം സ്വയം തീരുമാനിക്കേണ്ട കാര്യമാണു്.

The Prophet Of Frivolity said...

മാഷേ...ധാര്‍മ്മികതയുടെ ആധിഭൌതികാടിത്തറ(Metaphysical basis of morality) നോക്കിപ്പോണത് അപകടമാണ്. നിഹിലിസം എവിടുന്നാവരുന്നെതന്നറിയില്ല. പ്രാന്താവും. സത്യം. അങ്ങിനെ തപ്പിപ്പോയ മിടുക്കന്‍മാരെല്ലാം അടിക്കല്ലിളകിനടന്നിട്ടുണ്ട്. ക്ലബ്ബില്‍ അംഗത്വം എടുക്കാം. ഇനിയിപ്പോ തത്വചിന്തയൊക്കെവിട്ട് കിന്‍ഷിപ് ഓള്‍ട്രൂയിസം വഴി പോയിട്ടും വല്യ മെച്ചമൊന്നും ഉണ്ടാവുമെന്ന് തോന്നുന്നില്ല.

പരിധിക്കുപുറത്തുള്ളത്: ബ്ലോഗിന്റെ പേരിനടിയിലെ കുറിപ്പ് (അത്ര വെറുതെയല്ല) ഇഷ്ടമായി.

അനൂപ്‌ കോതനല്ലൂര്‍ said...

നമ്മുടെ ജീവിനേക്കാള്‍ വില മറ്റൊരാളുടെ ജീവിതത്തിന് ഉണ്ടെന്നുള്ള തോന്നലാണ് ആദ്യം ആവശ്യം.

Inji Pennu said...

:)

വളവ് തിരിഞ്ഞ് വരുന്ന കുട്ടി
ചുറ്റും ചീറിപ്പായുന്ന വണ്ടികള്‍
കുട്ടിയെ രക്ഷിക്കാന്‍ ഒരാള്‍ കുട്ടിയെ മറുവശത്തോട്ട് ഉന്തിത്തള്ളിയിടുന്നു.
കുട്ടി രക്ഷപ്പെടുന്നു.

ഇതെല്ലാം കണ്ടുകൊണ്ടിരിക്കുന്ന മറ്റൊരാള്‍ അവിടെ കുട്ടികള്‍ ഇനി ക്രോസ് ചെയ്യണോ വേണ്ടയോ എന്നും അവിടെ എങ്ങിനെ ഒരു കുട്ടി അകപ്പെടാതെ ഇരിക്കാമെന്നും ചിന്തിക്കുന്നു. റോഡിന്റെ വളവ്, അതിന്റെ കണ്‍‌സ്റ്റ്രക്ഷന്‍, എങ്ങിനെ അങ്ങിനെ ഒരു ട്രാഫിക്ക് പോലീസില്ലാത്ത ഇന്റര്‍സെക്ഷന്‍, ഇതുപോലെ എത്ര ഇന്റര്‍സെക്ഷനുകള്‍ ഉണ്ടാവും അങ്ങിനെ അങ്ങിനെ....

രക്ഷിക്കുന്നതിന്റെ രക്ഷപ്പെടുന്നതിന്റെ വണ്ടികളുടെ ആരവത്തിന്റെ യൂഫോറിയയില്‍
നാളെ കുട്ടികള്‍ ഇവിടെ ക്രോസ് ചെയ്യാന്‍ പാടില്ല എന്ന് ബോര്‍ഡ് നാട്ടാന്‍ പോകുന്നവനെ അല്ലെങ്കില്‍ ഇതുപോലെ ഇന്റര്‍സെക്ഷനുകളുടെ അപകത്തെക്കുറിച്ച് പഠിക്കുന്നവനെ അപകടസമയത്ത് കടന്ന് കളഞ്ഞവന്‍ എന്ന് ഓമനപ്പേരിട്ട് വിളിക്കാം.

എം.അഷ്റഫ്. said...

അപകടസ്ഥലത്ത്‌ രക്ഷാപ്രവര്‍ത്തകര്‍ ചമഞ്ഞ്‌
വല്ലതും തടയുമോ എന്നു നോക്കുന്നവരും കൂടിയിരിക്കയാണല്ലോ.
കോറിയിട്ടത്‌ സത്യം തന്നെയെങ്കിലും വികസിച്ചുകൊണ്ടേയിരിക്കുന്ന ഇന്ത്യയുടെ നേര്‍ചിത്രങ്ങളാണ്‌ ഇവിടെയൊക്കെ കാണാന്‍ കഴിയുന്നത്‌.

അനില്‍@ബ്ലോഗ് said...

സീന്‍ മുന്നില്‍ തെളിയുന്ന പ്രതീതി, നല്ല ഫീല്‍.
പക്ഷെ നമ്മുടെ നട്ടിന്റെ നിയമങ്ങളുടെ നൂലാമാല അറിയാമല്ലൊ.ഒരിക്കല്‍ ഒരു അക്സിടെന്റ് കേസ് ആശുപത്രിയില്‍ എത്തിച്ച പൊല്ലാപ്പ് വെണമെങ്കില്‍ ഒരു പൊസ്റ്റ് ആക്കാം.സാക്ഷി പറയുന്ന ബുധിമുട്ടു പൊകട്ടെ, സാക്ഷിയെ പ്രതിയാക്കിയാലെന്തു ചെയ്യും?

നിരക്ഷരന്‍ said...

എന്ത് ചെയ്യണമെന്ന് ചുമ്മാ ഇരുന്ന് ആലോചിച്ച് നോക്കി. ഒരു പിടിയും കിട്ടുന്നില്ല. ഒരു ആവറേജ് മലയാളി തന്നെയാണ് ഞാനും അല്ലേ ?

അരുണ്‍കുമാര്‍ | Arunkumar said...

ആലോചിച്ചപ്പോള്‍ തന്നെ എല്ലാം കഴിഞ്ഞില്ലേ... അപ്പോള്‍ ഇനി ആലോചിക്കാന്‍ ഒന്നും ഇല്ല... നമുക്കു ഈ വളവില്‍ തന്നെ നില്‍ക്കാം. ഏത് നിമിഷവും അടുത്ത വാഹനം വരാം...

Bindhu said...

ഇങ്ങനെയുള്ള അവസരത്തില്‍ എന്തെങ്കിലും പ്രവര്‍ത്തിക്കുന്നത് ആലോചിച്ചിട്ടാണെന്ന് തോന്നുന്നില്ല. റിഫ്ലക്സ് ആക്ഷന്‍ എന്ന പോലെ ആ നിമിഷം തോന്നുന്നത് ചെയ്യും. :-)