Sunday, March 18, 2007

ഇറാഖ് - ആരുടേതാണീ എണ്ണ?

ഇറാഖില്‍ അമേരിക്കന്‍ സൈന്യം നടത്തുന്ന അധിനിവേശം അഞ്ചാം വര്‍ഷത്തിലേക്ക് കടന്നിരിക്കുകയാണ്. ലോകത്തിന്റെ നാനാഭാഗങ്ങളില്‍ വന്‍പിച്ച പ്രതിഷേധപ്രകടനങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. ദിവസേനയെന്നോണം ഇറാഖില്‍ നിന്നും വന്നുകൊണ്ടിരിക്കുന്ന അമേരിക്കന്‍ ഭടന്മാരുടെ ശവപ്പെട്ടികള്‍ അമേരിക്കന്‍ അമ്മമാരെ തെരുവിലിറങ്ങാന്‍ നിര്‍ബന്ധിതരാക്കുന്ന സാഹചര്യമാണ് അവിടെ ഉള്ളത്. യുദ്ധത്തിന് ഒരു കാരണമായി ഉയര്‍ത്തിക്കാട്ടിയ സര്‍വവിനാശകായുധങ്ങള്‍ (Weapons of mass destruction) ഒരെണ്ണം പോലും കണ്ടെത്താനായില്ലെങ്കിലും, യഥാര്‍ത്ഥ കാരണമായ എണ്ണ അമേരിക്കന്‍/ബ്രിട്ടീഷ് കുത്തകകളുടെ കയ്യിലേക്കെത്താന്‍ സഹായകമായേക്കാവുന്ന ഒരു പുതിയ എണ്ണ നിയമത്തിന് ഇറാഖ് മന്ത്രിസഭ അനുമതി നല്‍കിയിട്ടുണ്ട്. അതിന്റെ വിശദാംശങ്ങളിലേക്ക് ഒരു ചെറിയ എത്തിനോട്ടം.

ഇറാഖിലെ എണ്ണശേഖരം

ലോകത്തിലെ ഏറ്റവും മികച്ച എണ്ണശേഖരത്തിന്റെ ഉടമയാണ് ഇറാഖ്. യു.എസ്.എനര്‍ജി ഡിപ്പാര്‍ട്ട്മെന്റിന്റെ കണക്കുപ്രകാരം പഠനം നടത്തി കണ്ടെത്തിയിട്ടുള്ള 112 ബില്യണ്‍ ബാരല്‍ എണ്ണ ശേഖരത്തിന് (സൌദി അറേബ്യ ഒന്നാമത്) പുറമെ മറ്റൊരു 220ബില്യണ്‍ ബാരല്‍ നിക്ഷേപം കൂടി ഇറാഖിലുണ്ട്. ഉപരോധങ്ങളും അധിനിവേശങ്ങളും തുടര്‍ക്കഥയായതുകൊണ്ടും പഠനങ്ങളും പര്യവേക്ഷണവുമൊന്നും നടക്കാത്തതുകൊണ്ടും ഒരു പക്ഷെ ഇതിലും എത്രയോ അധികമായിരിക്കും യഥാര്‍ത്ഥ നിക്ഷേപം.

കുഴിച്ചെടുക്കാന്‍ വളരെ എളുപ്പമായ രീതിയില്‍ ഭൂതലത്തിനു തൊട്ടു താഴെ തന്നെയാണ് ഈ നിക്ഷേപങ്ങള്‍ എന്നതുകൊണ്ട് ഏതാണ്ട് ഒന്നര ഡോളറിനു എല്ലാ ചിലവും ഉള്‍പ്പെടെ ഒരു ബാരല്‍ എണ്ണ ഉല്‍‌പാദിപ്പിക്കുവാന്‍ സാധിക്കും. ഇപ്പോള്‍ ചിലവു കുറഞ്ഞത് എന്ന് കരുതപ്പെടുന്ന ഇടങ്ങളില്‍ അഞ്ച് ഡോളറാണ് ഏറ്റവും കുറഞ്ഞ ചെലവ്. മറ്റു ചിലയിടങ്ങളില്‍ 12 മുതല്‍ 16 ഡോളര്‍ വരെയാണെന്നതും ഇതോടൊപ്പം ഓര്‍ക്കേണ്ടതുണ്ട്.

ഇറാഖിലെ മുന്‍ എണ്ണ മന്ത്രി അഹമ്മദ് ചലാബി പറയുന്നത് 526 ഇടങ്ങളില്‍ നിന്ന് എണ്ണ കുഴിച്ചെടുക്കാമെങ്കിലും ഇപ്പോള്‍ 125 എണ്ണമേ ഉപയോഗിക്കുന്നുള്ളൂ എന്നാണ്. ഇറാഖിലെ വടക്കന്‍ മരുഭൂമികളിലെ നിക്ഷേപം കൂടി കണക്കിലെടുക്കുകയാണെങ്കില്‍ ലോകത്തിലെ ഏറ്റവും കൂടുതല്‍ എണ്ണ നിക്ഷേപം ഉള്ള രാജ്യമായിരിക്കും ഇറാഖ്.

എല്ലാവരുടേയും കണ്ണ് എണ്ണ നിക്ഷേപത്തില്‍

ഈ എണ്ണനിക്ഷേപത്തിലാണ് എല്ലാവരുടേയും കണ്ണ്`. ഒരു പക്ഷെ ബിഗ് ഫോര്‍’ എന്നറിയപ്പെടുന്ന, ലോകത്തിലെ ഏറ്റവും വലിയ എണ്ണക്കമ്പനികളായ എക്സോണ്‍ -മൊബൈല്‍, ചെവ് രോണ്‍ (അമേരിക്കന്‍ കമ്പനികള്‍),ബി.പി അമോകൊ, റോയല്‍ ഡച്ച് ഷെല്‍ (ബ്രിട്ടീഷ് കമ്പനികള്‍) എന്നിവ ഇതിന്റെ സിംഹഭാഗത്തിന്റേയും നിയന്ത്രണം കയ്യടക്കിയേക്കും. 12 വര്‍ഷം നീണ്ടു നിന്ന ഉപരോധത്തിന്റെ കാലത്ത് സദ്ദാം ഗവര്‍ണ്മെന്റ് ചൈനീസ്, റഷ്യന്‍, ഫ്രഞ്ച് കമ്പനികളുമായി കരാറിലേര്‍പ്പെട്ടതുകൊണ്ട് നിരാശരായിരിക്കുകയായിരുന്നു ഇവര്‍. ഇറാഖില്‍ ഒരു ഭരണമാറ്റത്തിനായി 1990 മുതല്‍ ഇവരൊക്കെ ശ്രമിച്ചുവരികയായിരുന്നു. രണ്ടായിരാമാണ്ടോടെ, അമേരിക്കന്‍ ചരിത്രത്തിലാദ്യമായി എണ്ണ മേഖലയിലെ രണ്ടു താപ്പാനകളായ ജോര്‍ജ് ബുഷും ഡിക്‌ചെനിയും രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട രണ്ടു പദവികളിലെത്തിയതോടെഇതിനുള്ള നീക്കം ശക്തിപ്പെടുകയും വിജയിക്കുകയും ചെയ്തു.

ഇറാഖ് എണ്ണ-വാതക (ഹൈഡ്രോകാര്‍ബണ്‍) നിയമം

ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ഇറാഖി മന്ത്രിസഭ അംഗീകരിച്ച ‘ഇറാഖ് എണ്ണ-വാതക (ഹൈഡ്രോകാര്‍ബണ്‍) നിയമം’ , ഇറാഖിലെ എണ്ണ നിക്ഷേപം മുഴുവന്‍ ബഹുരാഷ്ട്രക്കുത്തകകള്‍ക്ക് അടിയറ വെക്കുന്നതാണെന്ന വിമര്‍ശനം ഉയര്‍ന്നു കഴിഞ്ഞു. ഇറാഖി മന്ത്രിസഭയുടെ പരിഗണനക്ക് ഈ കരട്‌ വന്ന സമയത്ത് തന്നെ ചോര്‍ന്ന് ഇന്റര്‍നെറ്റില്‍ വരികയായിരുന്നു. ഈ നിയമത്തിന്റെ കൂടെയുള്ള മൂന്ന് പ്രധാ‍ന സപ്ലിമെന്റുകള്‍ ലഭ്യമല്ല എന്നും പറയപ്പെടുന്നു. ഒരു പക്ഷേ അവസാനം പുറത്തുവരുന്ന, ഔദ്യോഗിക പതിപ്പിലെ വാചകങ്ങളും വാക്കുകളും ഇപ്പോള്‍ പുറത്തുവന്നിട്ടുള്ള കരടില്‍ നിന്നും വ്യത്യാസപ്പെട്ടിരിക്കുവാനും സാധ്യതയുണ്ട്‌. സ്വതന്ത്ര വിശകലന വിദഗ്ദരും തൊഴിലാളി സംഘടനകളുമൊക്കെ ഈ നിയമത്തിന്റെ കരട് തയ്യാറാക്കിയ രീതിയേയും കുത്തകകള്‍ക്ക് അനുകൂലമായ വ്യവസ്ഥകളെയും ശക്തമായി വിമര്‍ശിക്കുന്നുണ്ട്. രാജ്യം കൂടുതല്‍ കുഴപ്പങ്ങളിലേക്ക് നീങ്ങുകയായിരിക്കും ചെയ്യുക എന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞ മൂന്ന് ദശകത്തിലേറെക്കാലമായി പൊതുമേഖലയില്‍ നില നിന്നിരുന്ന ഇറാഖി എണ്ണ വ്യവസായത്തെ ഈ നിയമം സ്വകാര്യവത്കരണത്തിലെക്ക് നയിക്കും എന്നവര്‍ പറയുന്നു. ഉദാഹരണമായി രാജ്യത്തെ എണ്ണ നിക്ഷേപത്തിന്റെ മൂന്നില്‍ രണ്ട് ഭാഗവും വികസിപ്പിക്കപ്പെടുക ഇനി കുത്തകകളുടെ നിയന്ത്രണത്തിലായിരിക്കും. പതിനഞ്ച് വര്‍ഷം മുതല്‍ ഇരുപത് വര്‍ഷം വരെ (ചില കരാറുകള്‍ 35 വര്‍ഷം വരെയും) നീണ്ടുനില്ക്കുന്ന കരാറായിരിക്കും അവര്‍ക്ക് ലഭിക്കുക. ലാഭം മുഴുവന്‍ പുറത്തുകടത്തുവാനുള്ള പൂര്‍ണാധികാരം കമ്പനികള്‍ക്ക് ലഭിക്കുക വഴി, ഇറാഖി ജനതക്ക് അര്‍ഹതപ്പെട്ട സമ്പത്ത് കവര്‍ന്നെടുക്കപ്പെടും. ഈ കമ്പനികള്‍ക്ക് സംരക്ഷണം ആവശ്യമുണ്ട് എന്ന നാട്യം അധിനിവേശം തുടരുന്നതിനുള്ള ന്യായീകരണമായി മാറും എന്നവര്‍ ഭയപ്പെടുന്നു.

ഈ നിയമത്തിന്റെ കരട് തയാറാക്കുന്ന സമയത്ത് ഏണ്ണ മേഖലയിലെ യൂണിയന്‍ പ്രതിനിധികളേയും പൌരാവകാശ ഗ്രൂപ്പുകളേയും ഒക്കെ ഒഴിവാക്കിയിരുന്നതായി അവര്‍ കുറ്റപ്പെടുത്തുന്നു. തര്‍ക്കങ്ങളും മറ്റും അന്താരാഷ്ട്രകോടതികളില്‍ പരിഹരിക്കണം എന്ന കരടിലെ വ്യവസ്ഥ ഇറാഖിന്റെ സ്വയംഭരണാവകാശത്തെ ഹനിക്കുന്നതാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. നിയമമനുസരിച്ച് ഇറാഖിലെ എണ്ണ നിക്ഷേപത്തിന്റെ ഉടമസ്ഥാവകാശം ഇറാഖിനു തന്നെയായിരിക്കുമെങ്കിലും നടക്കുന്നത് മറിച്ചായിരിക്കുമെന്ന് വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ഇതിലെ പര്യവേക്ഷണ-അപകട സാധ്യതാ കരാറുകളും (Exploration Risk Contracts), പര്യവേക്ഷണത്തിനും ഉല്പന്നങ്ങള്‍ പങ്കുവെക്കുന്നതിനുമുള്ള കരാറുകളും (Exploration and Product Contracts), ബഹുരാഷ്ട്രകുത്തകകള്‍ക്ക് പ്രിയങ്കരമായ Product Sharing Agreementsല്‍ നിന്നും വ്യത്യസ്ഥമല്ല എന്നതാണിതിനു കാരണം. 1960കളില്‍ അന്നു വരെ നിലവിലുണ്ടായിരുന്ന ‘കണ്‍സെഷണല്‍ കരാറുകള്‍ക്ക്’ പകരമായി രൂപം നല്‍കിയതാണ് ഈ PSA. പഴയനിയമത്തിലെ തങ്ങള്‍ക്ക് അനുകൂലമായ എല്ലാ വ്യവസ്ഥകളും നിലനിര്‍ത്തിക്കൊണ്ട് കൂടുതല്‍ മെച്ചപ്പെട്ട ലാഭവിഹിതം നേടാന്‍ ഇത് കുത്തകകളെ സഹായിക്കുന്നു എന്ന് ചില വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു. പിന്നീട് വരുന്ന സര്‍ക്കാരുകള്‍ക്ക് പിന്മാറാന്‍ അധികാരമില്ലാത്ത തരത്തിലുള്ള ദീര്‍ഘകാല കരാറുകളാണ് ഇതിന്റെ മുഖ്യ സവിശേഷതകളിലൊന്ന്‌. നിയമത്തിലെ പന്ത്രണ്ടാം വകുപ്പു പ്രകാരം, ദീര്‍ഘകാല കരാറുകള്‍ നല്‍കാനുള്ള അധികാരം ഫെഡറല്‍ ഓയില്‍ ആന്‍ഡ് ഗ്യാസ് ഏജന്‍സിക്കാണ്. ഇറാഖ് പാര്‍ലിമെന്റിനുതന്നെയായിരിക്കണം ഈ അധികാരം ഉണ്ടായിരീക്കേണ്ടതെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. ഇറാഖ് ഭരണഘടനയിലെ ചില വകുപ്പുകളുടെ അടിസ്ഥാനത്തിലാണ് ഈ നിയമം തയാറാക്കിയിരിക്കുന്നത്. ആ വകുപ്പുകള്‍ തന്നെ (ഉദാ:112,113,115) പുനഃപരിശോധിക്കപ്പെടാനിരിക്കെ അതിന്റെ അടിസ്ഥാനത്തിലുള്ള ഈ പുതിയ നിയമത്തിന്റെ സാധുതയും ചോദ്യം ചെയ്യപ്പെടുന്നുണ്ട്.

ഈ നിയമത്തിന്റെ ആദ്യ കരട് കണ്ടിട്ടുള്ളത് ഇതു തയ്യാറാക്കിയ ഇറാഖിലെ ടെക്‌നോക്രാറ്റ്സും, (ബുഷ് ഭരണകൂടം നിയമിച്ച ബേര്‍ണിംഗ് പോയിന്റ് എന്ന അമേരിക്കന്‍ കണ്‍സള്‍ട്ടന്‍സി കമ്പനിയുടെ സഹായത്തോടെ) ഒന്‍പത് അന്താരാഷ്ട്ര എണ്ണക്കമ്പനികളും, ബ്രിട്ടീഷ് യു,എസ്. ഗവര്‍മെന്റുകളും ഐ.എം.എഫും മാത്രമാണ്. ഇറാഖിലെ പാര്‍ലിമെന്റ് ഇതു കാണാനിരിക്കുന്നതേയുള്ളൂ. പാര്‍ലിമെന്റിന്റെ അംഗീകാ‍രം ലഭിക്കും എന്നു തന്നെ വിശ്വസിക്കപ്പെടുന്നു.

ബ്രിട്ടീഷ് മനുഷ്യാവകാശ പ്രവര്‍ത്തകയും ഈ രംഗത്തെ വിദഗ്ദയുമായ ഈവ ജാസീവിക്സ് പറയുന്നത് തികച്ചും ജനാധിപത്യവിരുദ്ധമായ അധിനിവേശത്തില്‍ കഴിയുന്ന ഇറാഖില്‍, അതിലേറെ ജനാധിപത്യവിരുദ്ധമായും രഹസ്യസ്വഭാവത്തോടെയും, വിദേശശക്തികളുടെ മേല്‍നോട്ടത്തിലും സൈനിക നിയന്ത്രണത്തിലുമാണ് ഈ നിയമം തയ്യാറാക്കിയിട്ടുള്ളത് എന്നാണ്. ഒരു യുദ്ധകുറ്റകൃത്യമായിട്ടേ (war crime) ഈ നിയമത്തെ കണക്കാക്കാന്‍ പറ്റൂ എന്നവര്‍ കൂട്ടിച്ചേര്‍ക്കുന്നു.

പൊട്ടാന്‍കാത്തിരിക്കുന്ന ബോംബ്

‘പൊട്ടാന്‍ കാത്തിരിക്കുന്ന ബോംബ്” എന്നാണ് ഈ നിയമത്തെ ഇറാഖ് പാര്‍ലിമെന്റിലെ ഏണ്ണ കമ്മിറ്റി തലവനായ ഡോ.അല്‍ ഹബുദി അല്‍ ഹസാനി വിശേഷിപ്പിച്ചത്.

ഇറാഖ് ഗവര്‍മെന്റിന്റെ ഔദ്യോഗികവിശദീകരണം പക്ഷെ ഈ നിയമം രാഷ്ട്രനിര്‍മ്മാണത്തിലെ ഒരു അടിസ്ഥാനശിലയാണെന്നാണ്. “ ഭാവി തലമുറക്കു കൂടി ഇറാഖിന്റെ സമ്പത്ത് ഉപയോഗപ്പെടുന്ന തരത്തിലാണ് ഈ നിയമം“ എന്ന് ഇറാഖ് എണ്ണ മന്ത്രി ഹുസൈന്‍ അല്‍-ഷാഹ്രിസ്താന്‍ അഭിപ്രായപ്പെടുന്നു. ബുഷ് ഭരണകൂടവും,ഡെമോക്രാറ്റുകളും, വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ അടക്കമുള്ള അമേരിക്കയിലെ മുഖ്യധാരാമാധ്യമങ്ങളും ഈ നിയമത്തെ സര്‍വാത്മനാ സ്വാഗതം ചെയ്യുന്നുണ്ട്.

ഇറാഖ് ഭരണഘടനയനുസരിച്ച് “എണ്ണ എല്ലാ ഇറാഖി ജനതയുടെയും സ്വന്തമാണെന്നും” കുര്‍ദിഷ് മേഖലയില്‍ കേന്ദ്രീകരിക്കപ്പെട്ടിട്ടുള്ള ഈ നിക്ഷേപത്തില്‍ നിന്നുള്ള ലാഭം, മുഴുവന്‍ ഇറാഖി ജനതക്കുമായി വിതരണം ചെയ്യപ്പെടാന്‍ ഈ നിയമം സഹായിക്കുമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. ഇതുവഴി സുന്നി വിഭാഗത്തിന്റെ ഭീതി അകറ്റാന്‍ കഴിയുമെന്ന വശവും അവര്‍ എടുത്തുപറയുന്നുണ്ട്. 2003നുശേഷം ഇറാഖിലെ എല്ലാ ജനവിഭാഗങ്ങളും (സുന്നി, ഷിയ, കുര്‍ദ്) ഒത്തുചേര്‍ന്ന് പാസ്സാക്കുന്ന ഈ നിയമം രാജ്യത്തിന്റെ അഖണ്ഡതക്കൊരു നെടുംതൂണായിരിക്കും എന്ന് സ്ഥാനമൊഴിയുന്ന യു.എസ്. അംബാസ്സഡര്‍ സല്‍മെ ഖലില്‍ സദ് അഭിപ്രായപ്പെടുന്നു.

എന്തായാലും നമുക്ക് കാത്തിരുന്നു കാണാം

കൂടുതല്‍ വായനയ്ക്ക്

  1. ഇംഗ്ലീഷില്‍ തയ്യാറാക്കി അറബിയിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട ഈ നിയമത്തിന്റെ, തിരിച്ച് ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട കോപ്പി ഇവിടെ ലഭ്യമാണ്.
  2. മുനീര്‍ ചലാബിയുടെ ലേഖനം 1
  3. മുനീര്‍ ചലാബിയുടെ ലേഖനം 2
  4. ഇറാഖ് എനര്‍ജി ഡാറ്റ

    6 comments:

    മൂര്‍ത്തി said...

    ഇറാഖില്‍ അമേരിക്കന്‍ സൈന്യം നടത്തുന്ന അധിനിവേശം അഞ്ചാം വര്‍ഷത്തിലേക്ക് കടന്നിരിക്കുകയാണ്. ലോകത്തിന്റെ നാനാഭാഗങ്ങളില്‍ വന്‍പിച്ച പ്രതിഷേധപ്രകടനങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. ദിവസേനയെന്നോണം ഇറാഖില്‍ നിന്നും വന്നുകൊണ്ടിരിക്കുന്ന അമേരിക്കന്‍ ഭടന്മാരുടെ ശവപ്പെട്ടികള്‍ അമേരിക്കന്‍ അമ്മമാരെ തെരുവിലിറങ്ങാന്‍ നിര്‍ബന്ധിതരാക്കുന്ന സാഹചര്യമാണ് അവിടെ ഉള്ളത്. യുദ്ധത്തിന് ഒരു കാരണമായി ഉയര്‍ത്തിക്കാട്ടിയ സര്‍വവിനാശകായുധങ്ങള്‍ (Weapons of mass destruction) ഒരെണ്ണം പോലും കണ്ടെത്താനായില്ലെങ്കിലും, യഥാര്‍ത്ഥ കാരണമായ എണ്ണ അമേരിക്കന്‍/ബ്രിട്ടീഷ് കുത്തകകളുടെ കയ്യിലേക്കെത്താന്‍ സഹായകമായേക്കാവുന്ന ഒരു പുതിയ എണ്ണ നിയമത്തിന് ഇറാഖ് മന്ത്രിസഭ അനുമതി നല്‍കിയിട്ടുണ്ട്. അതിന്റെ വിശദാംശങ്ങളിലേക്ക് ഒരു ചെറിയ എത്തിനോട്ടം

    മൂര്‍ത്തി said...

    ഇറാഖില്‍ അമേരിക്കന്‍ സൈന്യം നടത്തുന്ന അധിനിവേശം അഞ്ചാം വര്‍ഷത്തിലേക്ക് കടന്നിരിക്കുകയാണ്. ലോകത്തിന്റെ നാനാഭാഗങ്ങളില്‍ വന്‍പിച്ച പ്രതിഷേധപ്രകടനങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. ദിവസേനയെന്നോണം ഇറാഖില്‍ നിന്നും വന്നുകൊണ്ടിരിക്കുന്ന അമേരിക്കന്‍ ഭടന്മാരുടെ ശവപ്പെട്ടികള്‍ അമേരിക്കന്‍ അമ്മമാരെ തെരുവിലിറങ്ങാന്‍ നിര്‍ബന്ധിതരാക്കുന്ന സാഹചര്യമാണ് അവിടെ ഉള്ളത്

    Anonymous said...

    ഇറാഖിലെ എണ്ണ ഇറാഖികളുടേത് തന്നെയായിരിക്കണം.
    ലേഖനം കൊള്ളാം..ഫോണ്ടും അക്ഷരങ്ങളുടെ വലിപ്പവുമൊക്കെ ഒന്നു കൂടി ശരിയാവാനുണ്ട്. ശ്രദ്ധിക്കുമല്ലോ...

    jas said...

    കൊള്ളാം.......

    Unknown said...

    your systematic fact analysys and the way in which yuo have brought out the real facts recquires a nice pat,and the effort behind it is really commendable.carry on, the debate needs to be kept alive,since the mediocres has a tendency to go along with the tide.expecting more...adv.sudheer

    വിനയന്‍ said...

    ന്ശ്രീ.മൂര്‍ത്തി
    വളരെ നന്ദിബ്ലോഗിനെ ഗൌരവമായ ചിന്തകള്‍ക്ക് ഉപയോഗപ്പെടുത്തുന്ന താ‍ാങ്കളെപൊലുള്ളവര്‍ക്ക് എല്ലാ ആശംസകളും.