Monday, May 28, 2007

മാധ്യമങ്ങളെ കുറ്റം പറയുന്നില്ല




ഇന്ന്‌ ദേശാഭിമാനിയില്‍ കണ്ട രണ്ടു വാര്‍ത്തകളാണ് ഈ കുറിപ്പിനാധാരം.


ആദ്യത്തേത് “ മുള്‍ജിയെ മുരളിയാക്കി: കെ.എസ്.യുവിന്റെ രക്തസാക്ഷിത്വ തട്ടിപ്പ് പുറത്താകുന്നു” എന്ന വാര്‍ത്തയാണ്.


മുതിര്‍ന്ന പത്രപ്രവര്‍ത്തകനായ എന്‍.എന്‍. സത്യവ്രതന്‍ എഴുതിയ “വാര്‍ത്ത വന്ന വഴി” എന്ന പുസ്തകത്തിലെ ഒരു വെളിപ്പെടുത്തലാണിത്. ശനിയാഴ്ച ശ്രീ. വയലാര്‍ രവിയാണ് ഈ പുസ്തകം പ്രകാശനം ചെയ്തത്.


1968ല്‍ എറണാകുളത്ത് നടന്ന സമരത്തില്‍ തേവര കോളേജിലെ കെ.എസ്.യുക്കാരും പോലീസും തമ്മിലുണ്ടായ സംഘട്ടനത്തിനെയും തുടര്‍ന്നുണ്ടായ രക്തസാക്ഷിത്വത്തെയും കുറിച്ചുള്ള ചില വെളിപ്പെടുത്തലുകള്‍ ഈ പുസ്തകത്തില്‍ ഉണ്ട്. അന്ന് മാതൃഭൂമി ലേഖകനായിരുന്ന സത്യവ്രതന്‍ പറയുന്നത് അന്ന് നടന്ന സംഘട്ടനത്തിനിടെ ഒരു ഗുജറാത്തി വിദ്യാര്‍ത്ഥിയായ മുള്‍ജി കാനയില്‍ വീണിരുന്നുവെന്നും ഏതോ പ്രൂഫ് റീഡര്‍ അത് മുരളിയെന്ന് തിരുത്തിയെന്നുമാണ്. പിറ്റേന്ന് മുരളി എന്ന പേരിലുള്ള ഒരു വിദ്യാര്‍ത്ഥി അസുഖം വന്നു മരിച്ചത്രെ. കെ.എസ്.യുവിന്റെ ആദ്യ രക്തസാക്ഷിയായ മുരളി , ഈ അസുഖം വന്നു മരിച്ച മുരളിയാണെന്നു ശ്രീ.സത്യവ്രതന്‍ വെളിപ്പെടുത്തുന്നു. ദേശാഭിമാനി വാര്‍ത്ത ഇവിടെ.


മറ്റേതെങ്കിലും പത്രത്തില്‍ ഈ വാര്‍ത്ത വന്നുവോ എന്നറിയില്ല. മാതൃഭൂമി, മാധ്യമം, മനോരമ എന്നീ പത്രങ്ങളില്‍ ഈ വെളിപ്പെടുത്തല്‍ കണ്ടില്ല.





മറ്റൊരു വാര്‍ത്ത കെ.എസ്.യുവിന്റെ സ്ഥാപക നേതാവായ വയലാര്‍ രവി കെ.എസ്.യു.വിന്റെ സുവര്‍ണ്ണ ജൂബിലെ ആഘോഷങ്ങളില്‍ പങ്കെടുക്കുന്നില്ല എന്നതാണ്.


തനിക്ക് അര്‍ഹമായ പരിഗണന ലഭിക്കാത്തതില്‍ പ്രതിഷേധിച്ചാണിത് എന്നു ദേശാഭിമാനി പറയുന്നു. ദേശാഭിമാനി വാര്‍ത്ത ഇവിടെ.


വാര്‍ത്ത ശരിയാവാം തെറ്റാവാം. മാധ്യമം, മനോരമ, മാതൃഭൂമി എന്നീ പത്രങ്ങളില്‍ ഈ വാര്‍ത്ത കണ്ടില്ല.


ആലോചിച്ചത് മറ്റൊന്നുമല്ല. സി.പി.എമ്മിന്റേയോ മറ്റേതെങ്കിലും ഇടതുപക്ഷകക്ഷികളിലുമോ ആണ് ഇത്തരത്തിലുള്ള ഒരു ചെറിയ നീക്കം എങ്കില്‍പ്പോലും എന്തെല്ലാം കോലാഹലങ്ങളാണ് ഇവിടെ നടക്കുക. എത്ര പേജ് ഇതിനുവേണ്ടി ചിലവാക്കുമായിരുന്നു?


മാധ്യമങ്ങളെ കുറ്റം പറയുന്നില്ല.


വി.എസ്സിന്റെയും പിണറായി വിജയന്റേയും മുഖഭാവം മാറുന്നതിന്റെയും ബോഡി ലാംഗ്വേജിലെ പ്രത്യേകതകളുയും അപഗ്രഥനം നടത്തുന്നതിന്റെ തിരക്കില്‍ വിട്ടുപോയതായിരിക്കാം..


എങ്കിലും നമ്മള്‍ കാണണ്ടേ?

30 മെയ് 2007ന് കൂട്ടിച്ചേര്‍ത്തത്

1967 ഒക്‍ടോബര്‍ 2 ലെ ദേശാഭിമാനി വാര്‍ത്ത. ലിങ്ക് ഇവിടെ


വാര്‍ത്തക്കും ചിത്രത്തിനും ദേശാഭിമാനി ദിനപ്പത്രത്തിനോട് കടപ്പാട്

Tuesday, May 22, 2007

ജി റ്റോക്ക് (G talk) ഉപയോഗിക്കുന്നവരുടെ ശ്രദ്ധക്ക്

യാദൃശ്ചികമായി കണ്ടുപിടിച്ച ഒരു പ്രശ്ന നിവാരിണി...

ജി റ്റോക്കില്‍ മലയാളത്തിന്‍ ടൈപ്പ് ചെയ്യുമ്പോള്‍ അക്ഷരങ്ങള്‍ വൃത്തിയായി കാണാതിരിക്കുകയും , ടൈപ്പ് ചെയ്തതിനുശേഷം എന്റര്‍ അടിക്കുമ്പോള്‍ മാത്രം കൃത്യമായി മലയാളം അക്ഷരങ്ങള്‍ വായിക്കാന്‍ പറ്റുകയും ചെയ്യുന്ന പ്രശ്നം ഉണ്ടോ? ടൈപ്പ് ചെയ്തത് തിരുത്താനും ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ടോ?

ലളിതമായി ഈ പ്രശ്നം പരിഹരിക്കാം

ജി ടാക്കിന്റെ സെറ്റിങ്ങ്സില്‍ ചെല്ലുക. ഇത് ജി റ്റോക്ക് തുറക്കുമ്പോള്‍ത്തന്നെ മുകളില്‍ വലതു വശത്തു കാണാം. ക്ലിക്കുമ്പോള്‍ താഴെ കാണുന്ന പോലെ ഒരു സ്ക്രീന്‍ വരും. ചുവപ്പില്‍ മാര്‍ക്ക് ചെയ്തിരിക്കുന്ന change fontല്‍ ഞെക്കുക.

അപ്പോള്‍ ഇതുപോലൊരു സ്ക്രീന്‍ വരും.

ഫോണ്ട് അഞ്ജലി ഓള്‍ഡ് ലിപി ആക്കുക... OK ഞെക്കുക.....

അത്രമാത്രം...
ഇപ്പോള്‍ മലയാളത്തില്‍ ചാറ്റ് ചെയ്യുന്നത് എത്ര സുഖകരം...രസകരം....

Saturday, May 19, 2007

വോള്‍ഫോവിറ്റ്സ് പടിയിറങ്ങുന്നു

അവസാനം ലോക ബാങ്ക് പ്രസിഡന്റ് വോള്‍‍ഫോവിറ്റ്സ് പടിയിറങ്ങുന്നു.

ഈ ജൂണ്‍ 30ന് രാജിവെക്കും എന്നാണ് പ്രഖ്യാപനം. മറ്റു രാഷ്ട്രങ്ങളുടെ മേലുള്ള അമേരിക്കന്‍ സമ്മര്‍ദ്ദത്തിനും അദ്ദേഹത്തെ രക്ഷിക്കാനായില്ല

പ്രതിരോധ സെക്രട്ടറി റംസ്‌ഫെല്‍‍ഡിനും ഐക്യരാഷ്ട്രസഭയിലെ അമേരിക്കന്‍ പ്രതിനിധി ജോണ്‍ ബോള്‍ട്ടനും ശേഷം സ്ഥാനമൊഴിയേണ്ടിവരുന്ന ബുഷ് സഹായികളിലെ മൂന്നാമന്‍.

യാഥാസ്ഥിതികരില്‍ ഇനി വൈസ് പ്രസിഡന്റ് ഡിക്ചെനിയും സ്റ്റേറ്റ് സെക്രട്ടറി കോണ്ടലീസ റൈസും, അവശേഷിക്കുന്ന പ്രധാനികള്‍.

മിക്കവാറും അമേരിക്കക്കാരന്‍ തന്നെയാവും വോള്‍ഫോവിറ്റ്സിന്റെ പിന്‍‌ഗാമി. ബാങ്കിന്റെ ഏറ്റവും വലിയ ഓഹരിയുടമയും സാമ്പത്തിക ദാതാവും ഒക്കെയാണല്ലോ അമേരിക്ക. കീഴ്വഴക്കവും അതാണ്.

കാമുകിക്ക് ഒരു ലോകബാങ്ക് സമ്മാനം

Saturday, May 12, 2007

മൂന്നാര്‍- മാധ്യമങ്ങളെപ്പറ്റിത്തന്നെ

അനധികൃത നിര്‍മ്മാണം പൊളിച്ചത് സി.പി.എം. തടഞ്ഞു - മാതൃഭൂമി

മൂന്നാര്‍: ഒഴിപ്പിക്കലിനെതിരെ സി.പി.എം. റിസോര്‍ട്ട് പൊളിക്കുന്നത് എം.എല്‍.എ തടഞ്ഞു- മാധ്യമം ഓണ്‍ലൈന്‍

മൂന്നാര്‍ ഒഴിപ്പിക്കല്‍ - സി.പി.എമ്മും വ്യാപാരികളും തടഞ്ഞു - മനോരമ ഓണ്‍ലൈന്‍

CPM launches stir as eviction continues - ഹിന്ദു

മലയാള/ആംഗലേയ പത്രങ്ങളിലെ മെയ് 12ലെ തലക്കെട്ടുകളാണിവ.

വാര്‍ത്ത തെറ്റാണെന്ന്‌ പറയുന്നില്ല. ശരിയായ വാര്‍ത്ത തന്നെയാണിത്. പക്ഷെ അതിന്റെ ധ്വനിയും ഊന്നലും അല്പം കുഴപ്പം പിടിച്ചതല്ലേ എന്നൊരു സംശയം.

സര്‍ക്കാര്‍ ഒഴിപ്പിക്കല്‍ നടപടികളുമായി മുന്നോട്ട് പോകുമ്പോള്‍ പ്രധാനകക്ഷിയായ സി.പി.എം തന്നെ അതിനെതിരെ മുന്നോട്ട് വരുന്നു എന്ന്‌ ധ്വനിപ്പിക്കുകയാണ് ഈ തലക്കെട്ടിലൂടെ മാധ്യമങ്ങള്‍. പക്ഷെ, സി.പി.എം പ്രവര്‍ത്തകര്‍ പറഞ്ഞതായി അതേ പത്രങ്ങളില്‍ത്തന്നെ കാണുന്നത് ആദ്യം വമ്പന്മാരെ ഒഴിപ്പിക്കണമെന്നും അതിനുശേഷം മതി പാവങ്ങളെ ഒഴിപ്പിക്കുന്നത് എന്നുമാണ്. ഈ ആവശ്യത്തില്‍ എന്തെങ്കിലും തെറ്റുണ്ടെന്ന് പറയാനാവില്ല. മാതൃഭൂമിയിലെത്തന്നെ മറ്റൊരു വാര്‍ത്തയില്‍ ഇത്തരത്തിലൊരു കര്‍ശന നിര്‍ദ്ദേശം മുഖ്യമന്ത്രി നല്‍കിയതായും വായിക്കാം.കൌമുദി ഓണ്‍ലൈനിലും ഈ വാര്‍ത്ത ഉണ്ട്.

പിന്നെ എവിടെയാണ് ഈ തലക്കെട്ടുകളില്‍ പറയുന്നപോലുള്ള പുകില്‍‍?

കേരള കൌമുദി വ്യാപാരികള്‍ ഹര്‍ത്താല്‍ ആചരിച്ചു എന്ന് എഴുതുമ്പോള്‍ മറ്റു പത്രങ്ങള്‍ എഴുതുന്നത് സി.പി.എം പ്രവര്‍ത്തകര്‍ കടകള്‍ അടപ്പിച്ചു എന്നാണ്.

വന്‍കിട കൈയേറ്റങ്ങള്‍ തൊടാനാകാതെ ഉദ്യോഗസ്ഥര്‍ വിഷമിക്കുന്നുവെന്നും രേഖകളുടേയും കോടതി ഉത്തരവിന്റേയും ബലത്തിലാണ് വന്‍‌കിട കൈയേറ്റങ്ങള്‍ നിലനില്‍ക്കുന്നതെന്നും ചെറുകൈയേറ്റങ്ങള്‍ മാത്രമാണ് കുടിയൊഴിപ്പിക്കലില്‍ ഉള്‍പ്പെടുന്നതെന്നും മനോരമയിലെ മറ്റൊരു വാര്‍ത്തയില്‍ വായിക്കാം.

അപ്പോള്‍പ്പിന്നെ സി.പി.എം പ്രവര്‍ത്തകരുടെ എതിര്‍പ്പ് കാര്യമില്ലാതെയാണോ?

സര്‍ക്കാര്‍ തീരുമാനങ്ങള്‍ ശരിയായി നടപ്പിലാക്കാന്‍ വേണ്ടി ഇടപെടാന്‍ പ്രാദേശിക ഘടകങ്ങള്‍ക്ക് അവകാശമില്ലേ?

Michael Parenti തന്റെ Methods of Media Manipulation എന്ന ലേഖനത്തില്‍ പറയുന്ന framingന് ഒരു ഉദാഹരണം ആണ് ഈ വാര്‍ത്തകളുടെ തലക്കെട്ടുകളും എഴുത്തിന്റെ ശൈലിയും. അദ്ദേഹം പറയുന്നു.

The most effective propaganda relies on framing rather than on falsehood. By bending the truth rather than breaking it, using emphasis and other auxiliary embellishments, communicators can create a desired impression without resorting to explicit advocacy and without departing too far from the appearance of objectivity.

Tuesday, May 8, 2007

മാധ്യമങ്ങളെപ്പറ്റി - 3 ലിങ്കുകള്‍

മാധ്യമ സിന്‍ഡിക്കറ്റ്, എംബെഡ്ഡെഡ് മാധ്യമപ്രവത്തനം തുടങ്ങിയ പദങ്ങള്‍ ഇന്ന്‌ കേരളീയ സമൂഹത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണല്ലോ. ഗൌരവ വായനയ്ക്കുതകുന്ന മൂന്ന്‌ ലേഖനങ്ങള്‍ താഴെ ലിങ്ക് ചെയ്യുന്നു.

What makes Mainstream Media Mainstream - നോം ചോംസ്കി

What Makes Alternative Media Alternative? - Michael Albert

Methods of Media Manipulation - Michael Parenti

ഈ ലേഖനങ്ങള്‍ക്ക് ഇന്നും പ്രസക്തിയുണ്ടെന്നു തോന്നുന്നു.

Sunday, May 6, 2007

ഇറാഖി കാര്‍ട്ടൂണിസ്റ്റിന് അന്താരാഷ്ട്ര സമ്മാനം

ഇറാഖി കാര്‍ട്ടൂനിസ്റ്റായ മൊഹമ്മദ് അല്‍ അദ്വാനി ഏഴാമത്‌ International Editorial Cartoon Competition (2007) ല്‍ വിജയിയായി. അന്താരാഷ്ട്ര പത്ര സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് (World Press Freedom Day-മെയ് 3) നാഷണല്‍ പ്രസ്സ് ക്ലബ് ഓഫ്‌ കാനഡയും യുനെസ്കോയും സ്പോണ്‍സര്‍ ചെയ്ത് നടത്തിയ ഈ മത്സരത്തിന്റെ വിഷയം “Killing the Messenger" എന്നതായിരുന്നു. ഒരു ഇറാഖി പത്രവില്‍പ്പനക്കാരന്‍ നാലു അംഗരക്ഷകരുടെ അകമ്പടിയോടെ പത്രം വില്‍ക്കുന്നതാണ് മൊഹമ്മദ് അല്‍ അദ്വാനി വരച്ചത്‌.

ഇപ്പോള്‍ ഇറാഖിലുള്ള മൊഹമ്മദ് അല്‍ അദ്വാനിക്കുവേണ്ടി സമ്മാനം സ്വീകരിച്ചുകൊണ്ട്‌ കാനഡയിലെ ഇറാഖി അംബാസ്സഡര്‍ ഹോവര്‍ സിയാദ് പറഞ്ഞത്

This cartoon brilliantly depicts the challenges facing the Iraqi media. The truth is under attack. Even a newspaper delivery boy needs protection.എന്നാണ്.

1500 കനേഡിയന്‍ ഡോളറും യുനെസ്കോ സര്‍ട്ടിഫിക്കറ്റും പ്രശസ്തിയും ഈ ഇറാഖി കാര്‍ട്ടൂണിസ്റ്റിനു സ്വന്തം.

53 രാജ്യങ്ങളില്‍ നിന്നായി 773 പേര്‍ പങ്കെടുത്ത ഈ മത്സരത്തില്‍ ബള്‍ഗേരിയയിലെ ലുബോമിര്‍ മിഖായിലോവ്, മെക്സിക്കോയിലെ ഏഞ്ചല്‍ ബോളിഗാന്‍ കോര്‍ബോ എന്നിവര്‍ രണ്ടും മൂന്നും സമ്മാനങ്ങള്‍ നേടി.

മാധ്യമപ്രവര്‍ത്തകരെ സംബന്ധിച്ചിടത്തോളം ഏറ്റവും അപകടം പിടിച്ച സ്ഥലമാണ് ഇറാഖ്. അധിനിവേശാനന്തരകാലത്ത് കൊല്ലപ്പെട്ടവരുടേയും മുറിവേറ്റവരുടേയും തട്ടിക്കൊണ്ടു പോകപ്പെട്ടവരുടേയും കണക്ക് ഞെട്ടിക്കുന്നതാണ്. ഇതുവരെയായി 200ല്‍ പരം മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായി കണക്കാക്കുന്നു. 2007 ല്‍ 23 മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടുവെന്ന് International Federation of Journalists ന്റെ വെബ് സൈറ്റില്‍ പറയുന്നു.

സമ്മാനം നേടിയ കാര്‍ട്ടൂണുകള്‍ ഇവിടെ.

Tuesday, May 1, 2007

മെയ് ദിനാശംസകള്‍

മെയ് ദിനമേ,

ജയഗാഥകളാല്‍, നിറവേറ്റും ശപഥ വചസ്സുകളാല്‍

അഭിവാദനം അഭിവാദനം അഭിവാദനം

അരുണമയൂഖം നിന്‍ മുഖമാദരപൂര്‍വ്വം കാണ്മൂ ഞങ്ങള്‍

മര്‍ദ്ദിതരുടെ ശിബിരങ്ങളെ ജാഗ്രത്താക്കിയും,അണികളിലവരെ നിരത്തിയും

എത്തുമദൃശ്യ മനുഷ്യാദ്ധ്വാന മഹത്വമഹസ്സേ

നിന്നെ കാണ്‍കേ ഞങ്ങളിലൂടെ ഉയര്‍ത്തെഴുന്നേല്‍ക്കുകയല്ലോ

ഞങ്ങടെ കൈകളിലെ പാഴ്ച്ചങ്ങല പൊട്ടിച്ചെറിയാന്‍ ധീരം

പൊരുതിമരിച്ചു ജയിച്ചവരെല്ലാം


മെയ് ദിനമേ,

ജയഗാഥകളാല്‍, നിറവേറ്റും ശപഥ വചസ്സുകളാല്‍

അഭിവാദനം അഭിവാദനം അഭിവാദനം

സ്വന്തം ചെഞ്ചുടു ചോര സമുജ്വലവര്‍ണ്ണം നല്‍കിയ സമരപതാകകള്‍

‍അന്തിമ നിമിഷം വരേയും കൈകളിലേന്തിയിടുന്നോര്‍

‍അവരുടെ പേരില്‍ ഒത്തൊരുമിച്ചിടിവെട്ടും പോലൊരു ശബ്ദത്തില്‍ പറയുന്നൂ ഞങ്ങള്‍

‍മര്‍ത്ത്യനജയ്യന്‍ മര്‍ത്ത്യാദ്ധ്വാനമജയ്യം അവന്റേതാണീ ലോകം

മെയ് ദിനമേ,

കുതികൊള്ളിക്കുക നീ ഞങ്ങളെയിനിയും മുന്നോട്ട്

അവികല നൂതന ലോകമിദായകമാകും രണശതശോണ പദങ്ങളിലൂടെ...


മെയ് ദിനമേ,

ജയഗാഥകളാല്‍, നിറവേറ്റും ശപഥ വചസ്സുകളാല്‍

അഭിവാദനം അഭിവാദനം അഭിവാദനം

തിരുനല്ലൂര്‍ കരുണാകരന്‍ രചിച്ച കവിത

1884ല്‍ Federation of Organised Trades and Labour Unions ഒരു പ്രമേയം പാസ്സാക്കി. 1886 മെയ് ഒന്നുമുതല്‍ 8 മണിക്കൂര്‍ ജോലി എന്നത് ഒരു ദിവസത്തെ ജോലിയായി കണക്കാക്കപ്പെടും. നിയമപരമായ എല്ലാ വഴികളും അടഞ്ഞിരിക്കുന്നത് കൊണ്ട് മേല്‍പ്പറഞ്ഞ ആവശ്യം നേടിയെടുക്കുന്നതിനുവേണ്ടി പൊതു പണിമുടക്കിനും ആ പ്രമേയം ആഹ്വാനം ചെയ്തു. പത്തും പന്ത്രണ്ടും പതിനാലും മണിക്കൂര്‍ ജോലി ചെയ്യുവാന്‍ നിര്‍ബന്ധിതരായിരുന്ന തൊഴിലാളികള്‍ക്കിടയില്‍ ഈ ആഹ്വാനം ഒരു കാട്ടുതീ പോലെ പടര്‍ന്നു കയറി.1886 ഏപ്രില്‍ ആയതോടുകൂടി ഏതാണ്ട് 2,50,000 തൊഴിലാളികള്‍ മെയ് ദിന പ്രസ്ഥാനത്തിന്റെ ഭാഗമായി.

ചിക്കാഗോ ആയിരുന്നു ഈ പ്രസ്ഥാനത്തിന്റെ പ്രധാന കേന്ദ്രം. International Working People's Association ആയിരുന്നു ഇതിന്റെ നേതൃസ്ഥാനത്ത്. ഭരണകൂടവും മുതലാളി വര്‍ഗവും ഈ മുന്നേറ്റത്തിന്റെ വിപ്ലവസ്വഭാവം കണ്ട് പരിഭ്രാന്തരായി. അതിനനുസരിച്ച് തന്നെ ഈ മുന്നേറ്റത്തെ എന്തു വിലകൊടുത്തും തകര്‍ക്കുവാനും അവര്‍ തയ്യാറെടുത്തു. പോലീസിനും പട്ടാളത്തിനും പുതിയ ആയുധങ്ങള്‍ നല്‍കിയും കൂടുതല്‍ പേരെ വിന്യസിച്ചും തങ്ങളുടെ തയ്യാറെടുപ്പ് അവര്‍ പൂര്‍ത്തിയാക്കി. എന്തായാലും മെയ് ഒന്നോടെ ഷൂ നിര്‍മ്മാണത്തൊഴിലാളികള്‍ക്കും തുണിമില്‍ തൊഴിലാളികള്‍ക്കും ജോലി സമയത്തില്‍ ഇളവുകിട്ടി. എങ്കിലും മറ്റു തൊഴിലാളികള്‍ക്കായി സമരം ശക്തമാക്കി.

1886 മെയ് മൂന്നിന് മക്കോര്‍മിക് റീപ്പര്‍ ഫാക്ടറിയിലെ തൊഴിലാളികള്‍ നടത്തിയ സമരത്തിനു നേരെ പോലീസ് വെടിവെക്കുകയും നാലു തൊഴിലാളികള്‍ മരിക്കുകയും നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതില്‍ പ്രതിഷേധിച്ച് തൊഴിലാളികള്‍ ഹൈ മാര്‍ക്കറ്റ് സ്ക്വയറില്‍ ഒരു യോഗം ചേര്‍ന്നു. സമാധാനപരമായി നടന്ന യോഗത്തിന്റെ അവസാനഘട്ടമടുത്തപ്പോള്‍ ഒരു സംഘം പോലീസുകാര്‍ വേദിയിലേക്ക് ഇരച്ചുകയറി. യോഗം നിര്‍ത്തിവെക്കാന്‍ അവര്‍ ആവശ്യപ്പെടുന്നതിനിടെ എവിടെനിന്നോ വീണ ഒരു ബോംബ് പൊട്ടി ഒരു പോലീസുകാരന്‍ മരിക്കുകയും നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തുടര്‍ന്ന് നടന്ന ലാത്തിച്ചാര്‍ജിലും പോലീസ് വെടിവെപ്പിലും ഒരു തൊഴിലാളി മരിക്കുകയും ഒട്ടേറെപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ബോംബെറിഞ്ഞവരെക്കുറിച്ച് പ്രത്യേകിച്ച് തെളിവൊന്നും ഇല്ലായിരുന്നെങ്കിലും ഇത് ഒരു അവസരമായിക്കണ്ട് തൊഴിലാളിനേതാക്കളെയും പ്രവര്‍ത്തകരേയും പോലീസ് അറസ്റ്റ് ചെയ്തു. അവരിലെ ഏറ്റവും പ്രമുഖരായ എട്ടുപേരെ കൊലപാതകത്തിനായുള്ള ഗൂഢാലോചനക്കുറ്റത്തിനെ ഒരു കംഗാരു കോടതി കുറ്റക്കാരായി പ്രഖ്യാപിക്കുകയും വധശിക്ഷ വിധിക്കുകയും ചെയ്തു.

ആല്‍ബര്‍ട്ട് പാര്‍സന്‍സ്, ആഗസ്റ്റ് സ്പൈസ്, അഡോള്‍ഫ് ഫിഷര്‍, ജോര്‍ജ്ജ് ഏങ്കല്‍ എന്നിവരെ 1887 നവംബര്‍ 11ന് ഈ വിധിപ്രകാരം തൂക്കിലേറ്റി. ലൂയിസ് ലിങ് എന്നയാള്‍ ഇതിനിടെ ആത്മഹത്യ ചെയ്തു. ശേഷിച്ച മൂന്നു പേര്‍ക്ക് (മൈക്കേല്‍ ഷ്വാബ്, സാമുവേല്‍ ഫീല്‍ഡെന്‍, ഓസ്കാര്‍ നീബെ)1893ല്‍ മാപ്പു ലഭിച്ചു.

ഹൈ മാര്‍ക്കറ്റ് സംഭവവും അതിനെത്തുടര്‍ന്നു നടന്ന ശിക്ഷാനടപടികളുമൊക്കെ ലോകമാസകലം മനുഷ്യസ്നേഹികളുടെ ശ്രദ്ധ പിടിച്ചുപറ്റി. വന്‍ പ്രതിഷേധം തന്നെ ഉയര്‍ന്നു. 1890 മെയ് ഒന്നു മുതല്‍ ജോലി സമയം എട്ടു മണിക്കൂറായിരിക്കുമെന്ന് അമേരിക്കന്‍ ഫെഡറേഷന്‍ ഓഫ് ലേബര്‍ പ്രഖ്യാപിച്ചു. മെയ് ദിനം ഔദ്യോഗികമായി അംഗീകരിക്കാത്ത രാജ്യങ്ങളുടെ കൂട്ടത്തില്‍ അമേരിക്കയും കാനഡയും ദക്ഷിണ ആഫ്രിക്കയുമാണുള്ളത്.

മെയ് ദിനത്തിന്റെ ചരിത്രം മറച്ചുവെക്കുവാന്‍ വ്യാപകവും കുത്സിതവുമായ ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ഇന്നും ലോകമാസകലം തൊഴിലാളികള്‍ ഈ ദിനം ആവേശപൂര്‍വം ആഘോഷിക്കുന്നു. ജോലിസമയം എട്ടു മണിക്കൂര്‍ എന്ന അവകാശമാണ് ഹൈ മാര്‍ക്കറ്റ് സംഭവവും തുടര്‍ന്നു നടന്ന വെടിവെപ്പും ശിക്ഷാനടപടികളുമൊക്കെ ലോകത്തിലെ കോടിക്കണക്കിന് തൊഴിലാളികള്‍ക്ക് നേടിക്കൊടുത്തത്.

ലോകത്തിലെ പുതിയ സംഭവവികാസങ്ങള്‍ വെച്ച് നോക്കുമ്പോള്‍ വീണ്ടും പഴയ അവസ്ഥയിലേക്ക് കാര്യങ്ങള്‍ നീങ്ങുകയാണോ എന്ന് തോന്നിപ്പോകും.എട്ടു മണിക്കൂര്‍ ജോലി, എട്ടു മണിക്കൂര്‍ വിനോദം എട്ടു മണിക്കൂര്‍ വിശ്രമം എന്ന അംഗീകൃത നിയമം പല മേഖലകളിലും കാറ്റില്‍പ്പറത്തപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇന്നേറ്റവും ആകര്‍ഷണീയമായി തോന്നുന്ന ഐ.ടി മേഖല ഇതിനുദാഹരണമാണ്. ഈ പ്രവണത ബാങ്കുകളിലേക്കും മറ്റ് മേഖലകളിലേയ്ക്കും പതുക്കെ വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. നിരവധി വര്‍ഷത്തെ പോരാട്ടങ്ങളിലൂടെയും ത്യാഗങ്ങളിലൂടെയും നേടിയെടുക്കപ്പെട്ട പല അവകാശങ്ങളും അധികാരങ്ങളും ആര്‍ക്കെങ്കിലും നഷ്ടപ്പെടുന്നത് ഒരു ചെയിന്‍ റിയാക്ഷന്‍ പോലെ മറ്റെല്ലാവരേയും ബാധിക്കും എന്നത് മനസ്സിലാക്കുക എന്നതായിരിക്കും ഈ മെയ് ദിനം നല്‍കുന്ന സന്ദേശം.