Thursday, April 26, 2007

കാമുകിക്ക് ഒരു ലോകബാങ്ക് സമ്മാനം

മൂന്നാം ലോക രാജ്യങ്ങള്‍ക്ക് മുഴുവന്‍ "Good Governance" മന്ത്രം ഓതിക്കൊടുത്തുകൊണ്ടിരുന്ന ലോക ബാങ്കിന്റെ ആസ്ഥാനത്ത് ജീവനക്കാര്‍ ഇന്ന് പ്രതിഷേധത്തിലാണ്. നീല റിബ്ബണ്‍ കെട്ടി അവര്‍ അതിന്റെ മേധാവിയായ പോള്‍ ഡി വോള്‍ഫോവിറ്റ്സിനോട് പറയുന്നു

“ ഇതിനകത്തും വേണം good governance."

സ്വജനപക്ഷപാതത്തിനും അഴിമതിക്കും ഒരതിരു വേണ്ടേ എന്നാണവരുടെ ചോദ്യം.

തന്റെ സെക്രട്ടറിയായിരുന്ന (കാമുകിയും) ഷാഹ അലി റിസക്ക് വര്‍ഷം 1,93,590 ഡോളര്‍ വേതനം ലഭിക്കുന്ന ഒരു ജോലി സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റില്‍ തരപ്പെടുത്തിക്കൊടുത്തു എന്ന ആരോപണത്തിന്റെ ഇടയിലാണ് ഇന്ന്‌ ഈ ബാങ്ക് മേധാവി. 2005ല്‍ ബാങ്കിന്റെ ചീഫ് എക് സിക്യൂട്ടീവ് ആയി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ അദ്ദേഹത്തിന്റെ പ്രധാന തലവേദന ഏഴു വര്‍ഷമായി അവിടെ ജോലി ചെയ്തിരുന്ന കാമുകിയായ ഷാഹയെ എന്തു ചെയ്യും എന്നതായിരുന്നു.

ബാങ്കിന്റെ നിയമമനുസരിച്ച് ജീവനക്കാരും സൂപ്പര്‍വൈസര്‍മാരും തമ്മില്‍ ബന്ധുത്വം പാടില്ല. ബാങ്കിന്റെ എത്തിക്‍സ് കമ്മിറ്റി ഷാഹയെ മാറ്റാന്‍ ആവശ്യപ്പെട്ടതുമാണ്. വോല്‍ഫോവിറ്റ്സ് ചെയ്തത്ത് അവര്‍ക്ക് മേല്‍പ്പറഞ്ഞ ജോലി ശരിപ്പെടുത്തിക്കൊടുക്കുകയാണ്.

സ്റ്റേറ്റ് സെക്രട്ടറി കോണ്ടലീസ റെയ്‌സിനു ലഭിക്കുന്നതിനേക്കാള്‍ (2005ല്‍ ഇവരുടെ വാര്‍ഷിക വേതനം 1,57,000 ഡോളര്‍) ശമ്പളമുള്ള ജോലി!

ഇതുമാത്രമല്ല അദ്ദേഹത്തിന്റെ മേലുള്ള ആരോപണം. കുടുംബാസൂത്രണം, കാലാവസ്ഥാ വ്യതിയാനം എന്നിവയിലൊക്കെ ബുഷ് ഭരണകൂടത്തിന്റെ നയങ്ങള്‍ നടപ്പിലാക്കുകയായിരുന്നുവത്രെ അദ്ദേഹം. വന്‍ ശമ്പളം പറ്റുന്ന ഒരു ഉപജാപക സംഘത്തിന്റെ സഹായത്തോടെ.

അദ്ദേഹം തുടരുമോ ഇല്ലയോ എന്നത് ബുഷിന്റെ തീരുമാനമനുസരിച്ചായിരിക്കും എന്ന് പറയാം. കാരണം വികസ്വര രാജ്യങ്ങള്‍ മൊത്തം ചേര്‍ന്നാലും ലോകബാങ്കിലും സഹോദര സ്ഥാപനമായ ഐ.എം.എഫ്ഫിലും അമേരിക്കക്കുള്ള വോട്ട് ഇല്ല. ജപ്പാനും യൂറോപ്പിയന്‍ രാജ്യങ്ങളും ചേര്‍ന്നാല്‍ സാങ്കേതികമായി വോട്ടിന്റെ കാര്യത്തില്‍ അമേരിക്കയെ കടത്തിവെട്ടാം എങ്കിലും ഇതുവരെ അവര്‍ അങ്ങിനെ ചെയ്തിട്ടില്ല.

ഒരു നിയോ-കൊളോണിയല്‍ സ്ഥാപനമായ ലോക ബാങ്കിന്റെ good governance മന്ത്രം, സ്വന്തം സാമ്പത്തിക പരിഷകരണ കുറിപ്പടികളുടെ പരാജയം മറച്ചുവെക്കാനുള്ള തന്ത്രം ആയാണ് വിലയിരുത്തപ്പെടുന്നത്. ബാങ്ക് വായ്പയായി നല്‍കുന്ന സഹസ്രകോടി ഡോളറുകള്‍ എന്തു മെച്ചമാന് ദരിദ്ര രാജ്യങ്ങള്‍ക്ക് ഉണ്ടാക്കിയത് എന്ന് ചോദിച്ചാല്‍ ബാങ്കിനു ചൂണ്ടിക്കാണിക്കുവാന്‍ ഒന്നുമില്ല. ലോകബാങ്ക് /ഐ.എം.എഫ് കുറിപ്പടി പരീക്ഷിച്ച മിക്കവാറും എല്ലാ രാജ്യങ്ങളും സാമ്പത്തിക വളര്‍ച്ചയുടെ കാര്യത്തില്‍ പിറകോട്ടാണ്.

ഐ.എം.എഫിന്റെ തന്നെ സ്വതന്ത്ര മൂല്യനിര്‍ണ്ണയ കാര്യാലയം (Independent Evaluation Office) പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത് , ഐ.എം.എഫ് ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്ക് 1999 മുതല്‍ നല്‍കിയ ഫണ്ടിന്റെ മൂന്നിലൊന്ന് ഐ.എം.എഫിന്റെ തന്നെ നിര്‍ദ്ദേശപ്രകാരം ചിലവഴിക്കപ്പെടാതിരിക്കുകയാണന്നാണ്.

ജനങ്ങള്‍ പട്ടിണിയും ജലദൌര്‍ലഭ്യവും ഒക്കെ മൂലം മരിച്ചുകൊണ്ടിരിക്കെ ഇത്തരമൊരു തീരുമാനമെടുത്തതിനെതിരെ "doctors without borders" ഉള്‍പ്പെടെ നിരവധി സംഘടനകളും മനുഷ്യാവകാശ പ്രവര്‍ത്തകരും ശബ്ദമുയര്‍ത്തിയിട്ടുണ്ട്.

ഐ.എം.എഫിന്റെ ഈ നടപടിയുടെ പഴി ലോക ബാങ്കിലും വന്നു വീഴുന്നുണ്ട്. ഒരു തരം Creditors Cartel ആണല്ലോ അവര്‍.

വോല്‍ഫോവിറ്റ്സിന്റെ രാജിക്കുവേണ്ടി ജര്‍മ്മന്‍ സര്‍ക്കാരും മുന്നോട്ടു വന്നു എന്നുള്ളത് അപൂര്‍വമായൊരു കാഴ്ച്ചയാണ്. 2005ലെ വോള്‍ഫോവിറ്റ്സിന്റെ സ്ഥാനാരോഹണം തന്നെ യൂറോപ്പിയന്‍ രാജ്യങ്ങള്‍ക്ക് സഹിച്ചിട്ടില്ല. അധാര്‍മ്മികവും നിയമ വിരുദ്ധവുമായ ഇറാഖ് അധിനിവേശത്തിന്റെ ഒരു ശില്‍പ്പി കൂടിയാണ് വോള്‍ഫോവിറ്റ്സ്. ഡെപ്യൂട്ടി ഡിഫന്‍സ് സെക്രട്ടറിയായിരുന്നു അന്ന് അദ്ദേഹം.

വോള്‍‍ഫോവിറ്റ്സ് തുടരുമോ ഇല്ലയോ എന്നത് നമുക്ക് കാത്തിരുന്നു കാണാം. എങ്കിലും നഷ്ടപ്പെട്ട പ്രതിച്ഛായ തിരിച്ചു പിടിക്കുവാന്‍ ലോക ബാങ്കിന് അവുമോ? പ്രത്യേകിച്ചും ലോക ബാങ്ക് വരുത്തുന്ന നയപരമായ ഓരോ പിഴവിനും കോടിക്കണക്കിനു ജനങ്ങള്‍ ബലിയാടാവുന്ന സ്ഥിതിയിരിക്കെ..

അവലംബം:മാര്‍ക്ക് വെയിസ്ബ്രോട്ടിന്റെ ലേഖനം, വിക്കിപീഡിയ,മറ്റു ചില സൈറ്റുകള്‍

3 comments:

Moorthy said...

മൂന്നാം ലോക രാജ്യങ്ങള്‍ക്ക് മുഴുവന്‍ "Good Governance" മന്ത്രം ഓതിക്കൊടുത്തുകൊണ്ടിരുന്ന ലോക ബാങ്കിന്റെ ആസ്ഥാനത്ത് ജീവനക്കാര്‍ ഇന്ന് പ്രതിഷേധത്തിലാണ്. നീല റിബ്ബണ്‍ കെട്ടി അവര്‍ അതിന്റെ മേധാവിയായ പോള്‍ ഡി വോള്‍ഫോവിറ്റ്സിനോട് പറയുന്നു “ഇതിനകത്തും വേണം good governance."

evuraan said...

മറ്റൊരു വാണിജ്യ സ്ഥാപനം എന്ന രിതിയില്‍ മാത്രമെ ലോക ബാങ്കിനെ കാണാവൂ.

ഉള്ളവന്‍ ഇല്ലാത്തവനെ പിഴിയുന്നു എന്നതു് ലോകതത്വ്‌വം. ഏതു രാഷ്ട്രീയ വ്യ്‌വസ്ഥിതി പാലിച്ചാലും, അതിനി അങ്ങിനെ തന്നെ മാത്രം.

പോള്‍ കാമുകിക്ക് സമ്മാനം കൊടുക്കുമ്പോള്‍, നമുക്ക് ഇനിയും ജനിക്കാനിരിക്കുന്ന കുട്ടികള്‍ക്കുള്ള സമ്മാനമായി, കടബാദ്ധ്യതകള്‍ സ്വ്‌രുക്കൂട്ടാം

നിത്യന്‍ said...

വ്യാപാരമേ ഹനനമാം വനവേടനുണ്ടോ
കഴുകനെന്നും ബത കപോതമെന്നും