Saturday, May 12, 2007

മൂന്നാര്‍- മാധ്യമങ്ങളെപ്പറ്റിത്തന്നെ

അനധികൃത നിര്‍മ്മാണം പൊളിച്ചത് സി.പി.എം. തടഞ്ഞു - മാതൃഭൂമി

മൂന്നാര്‍: ഒഴിപ്പിക്കലിനെതിരെ സി.പി.എം. റിസോര്‍ട്ട് പൊളിക്കുന്നത് എം.എല്‍.എ തടഞ്ഞു- മാധ്യമം ഓണ്‍ലൈന്‍

മൂന്നാര്‍ ഒഴിപ്പിക്കല്‍ - സി.പി.എമ്മും വ്യാപാരികളും തടഞ്ഞു - മനോരമ ഓണ്‍ലൈന്‍

CPM launches stir as eviction continues - ഹിന്ദു

മലയാള/ആംഗലേയ പത്രങ്ങളിലെ മെയ് 12ലെ തലക്കെട്ടുകളാണിവ.

വാര്‍ത്ത തെറ്റാണെന്ന്‌ പറയുന്നില്ല. ശരിയായ വാര്‍ത്ത തന്നെയാണിത്. പക്ഷെ അതിന്റെ ധ്വനിയും ഊന്നലും അല്പം കുഴപ്പം പിടിച്ചതല്ലേ എന്നൊരു സംശയം.

സര്‍ക്കാര്‍ ഒഴിപ്പിക്കല്‍ നടപടികളുമായി മുന്നോട്ട് പോകുമ്പോള്‍ പ്രധാനകക്ഷിയായ സി.പി.എം തന്നെ അതിനെതിരെ മുന്നോട്ട് വരുന്നു എന്ന്‌ ധ്വനിപ്പിക്കുകയാണ് ഈ തലക്കെട്ടിലൂടെ മാധ്യമങ്ങള്‍. പക്ഷെ, സി.പി.എം പ്രവര്‍ത്തകര്‍ പറഞ്ഞതായി അതേ പത്രങ്ങളില്‍ത്തന്നെ കാണുന്നത് ആദ്യം വമ്പന്മാരെ ഒഴിപ്പിക്കണമെന്നും അതിനുശേഷം മതി പാവങ്ങളെ ഒഴിപ്പിക്കുന്നത് എന്നുമാണ്. ഈ ആവശ്യത്തില്‍ എന്തെങ്കിലും തെറ്റുണ്ടെന്ന് പറയാനാവില്ല. മാതൃഭൂമിയിലെത്തന്നെ മറ്റൊരു വാര്‍ത്തയില്‍ ഇത്തരത്തിലൊരു കര്‍ശന നിര്‍ദ്ദേശം മുഖ്യമന്ത്രി നല്‍കിയതായും വായിക്കാം.കൌമുദി ഓണ്‍ലൈനിലും ഈ വാര്‍ത്ത ഉണ്ട്.

പിന്നെ എവിടെയാണ് ഈ തലക്കെട്ടുകളില്‍ പറയുന്നപോലുള്ള പുകില്‍‍?

കേരള കൌമുദി വ്യാപാരികള്‍ ഹര്‍ത്താല്‍ ആചരിച്ചു എന്ന് എഴുതുമ്പോള്‍ മറ്റു പത്രങ്ങള്‍ എഴുതുന്നത് സി.പി.എം പ്രവര്‍ത്തകര്‍ കടകള്‍ അടപ്പിച്ചു എന്നാണ്.

വന്‍കിട കൈയേറ്റങ്ങള്‍ തൊടാനാകാതെ ഉദ്യോഗസ്ഥര്‍ വിഷമിക്കുന്നുവെന്നും രേഖകളുടേയും കോടതി ഉത്തരവിന്റേയും ബലത്തിലാണ് വന്‍‌കിട കൈയേറ്റങ്ങള്‍ നിലനില്‍ക്കുന്നതെന്നും ചെറുകൈയേറ്റങ്ങള്‍ മാത്രമാണ് കുടിയൊഴിപ്പിക്കലില്‍ ഉള്‍പ്പെടുന്നതെന്നും മനോരമയിലെ മറ്റൊരു വാര്‍ത്തയില്‍ വായിക്കാം.

അപ്പോള്‍പ്പിന്നെ സി.പി.എം പ്രവര്‍ത്തകരുടെ എതിര്‍പ്പ് കാര്യമില്ലാതെയാണോ?

സര്‍ക്കാര്‍ തീരുമാനങ്ങള്‍ ശരിയായി നടപ്പിലാക്കാന്‍ വേണ്ടി ഇടപെടാന്‍ പ്രാദേശിക ഘടകങ്ങള്‍ക്ക് അവകാശമില്ലേ?

Michael Parenti തന്റെ Methods of Media Manipulation എന്ന ലേഖനത്തില്‍ പറയുന്ന framingന് ഒരു ഉദാഹരണം ആണ് ഈ വാര്‍ത്തകളുടെ തലക്കെട്ടുകളും എഴുത്തിന്റെ ശൈലിയും. അദ്ദേഹം പറയുന്നു.

The most effective propaganda relies on framing rather than on falsehood. By bending the truth rather than breaking it, using emphasis and other auxiliary embellishments, communicators can create a desired impression without resorting to explicit advocacy and without departing too far from the appearance of objectivity.

14 comments:

മൂര്‍ത്തി said...

മൂന്നാറിലെ അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുനതിനെക്കുറിച്ചുള്ള വാര്‍ത്തകളിലെ ചില വളച്ചൊടിക്കലിനെക്കുറിച്ച് ഒരു ചെറു കുറിപ്പ്.സര്‍ക്കാര്‍ തീരുമാനം ശരിയായി നടപ്പിലാക്കുന്നു എന്ന്‌ ഉറപ്പു വരുത്തുവാന്‍ രാഷ്ട്രീയ കക്ഷികളുടെ പ്രാദേശിക ഘടകങ്ങള്‍ക്ക് അവകാശവും ചുമതലയും ഇല്ലേ?

Anonymous said...

മൂര്‍ത്തി സുഹ്രുത്തെ,
ഇങ്ങനെയുള്ള മാധ്യമപ്രവര്‍ത്തനങ്ങളെല്ലാം ഉള്ളപ്പോള്‍ ഒരു സ്വതന്ത്ര ചിന്തയുള്ള പത്ര പ്രവര്‍ത്തകന്‍ താന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ താത്പര്യങ്ങള്‍ക്കു വിരുദ്ധവും എന്നാല്‍ തനിക്കു ബോധ്യമായ സത്യവുമായ ഒരു വാര്‍ത്ത മറ്റൊരു മാധ്യമത്തിലൂടെ(ഉദാ: ബ്ബ്ലോഗിലൂടെ) പ്രസിദ്ധീകരിക്കുന്നത്‌ നീതിയാണോ? താങ്കളുടെ അഭിപ്രായം എന്താണ്‌?

N.J Joju said...

മൂര്‍ത്തീ,

താങ്കള്‍ ശരിക്കും ചെകുത്താന്റെ വക്കീല്‍ തന്നെ. എല്ലാം മാധ്യമസിന്‍ഡിക്കേറ്റിന്റെ ഓരോ ലീലാവിലാസങ്ങള്‍ അല്ലേ..

Unknown said...

CPM അത്രക്ക് ക്ലീനാണെന്നാണോ പറഞ്ഞുവരുന്നത്?

മൂര്‍ത്തി said...

അനോണീ..കൃത്യമായി പറയാന്‍ വയ്യ...വിഷയത്തിന്റെ ഗൌരവം അനുസരിച്ചിരിക്കും എന്നേ പറയാനാവൂ..ജനത്തെ ബാധിക്കുന്നതാനെങ്കില്‍ പുറത്തുവരണം എന്നു തന്നെയാണ് എന്റെ അഭിപ്രായം..ആരെങ്കിലും ഒളിച്ചോടിയ കഥയോ മറ്റോ ആണെങ്കില്‍ വേണ്ട..
സി.പി.എം ക്ലീന്‍ ആണോ അല്ലയോ എന്നത് ഈ പോസ്റ്റിന്റെ വിഷയം അല്ല..സുരലോഗം..ഒരു വാര്‍ത്ത...അത് പത്രത്തില്‍ വരുന്ന രീതി,ശൈലി..അതിലെ ചില തരികിട...അത്രയേ ഉള്ളൂ ഇതില്‍..ജോജൂ..ഡാങ്ക്സ്..:) വായിച്ച എല്ലാവര്‍ക്കും നന്ദി...

kaalidaasan said...

മൂര്‍ത്തി , മാധ്യമങ്ങള്‍ അവരുടെ നയങ്ങള്‍ ക്കനുസൃതമായി വര്‍ ത്തകള്‍ കൊടുക്കും . ഒരു മാധ്യമവും രഷ്ട്രീയമുക്തമല്ല. എല്ലാവര്‍ക്കും രാഷ്ട്രീയ ചായ്വുണ്ട്. സി പി എം പ്രതിക്കൂട്ടില്‍ നില്‍ ക്കുന്ന ഒരു വര്‍ത്തക്കും ദേശാഭിമാനി പ്രാധാന്യം കൊടുക്കില്ല. കോണ്‍ഗ്രസ് പ്രതികൂട്ടില്‍ നില്‍ക്കുന്ന ഒരു വാര്‍ത്തക്കും മനോരമ പ്രാധാന്യം കൊടുക്കില്ല. ചിലപ്പോള്‍ പലതും വിട്ടു കളഞ്ഞും കൂട്ടിച്ചേര്‍ത്തും അവ പ്രസിദ്ധീകരിക്കും .

പക്ഷെ ഇ വാര്‍ത്തകളിലൊക്കെ ഉള്ള പ്രധാന വസ്തുത, സി പി എമ്മിന്റെ പ്രാദേശിക ഘടകം ഒഴിപ്പിക്കലിനെ എതിര്‍ക്കുന്നു എന്നതാണ്. കഴിഞ്ഞ ഒഴിപ്പിക്കലില്‍ വഴിത്തിരിവും പരാജയവുമായത് സി പി ഐയുടെ ഓഫീസ് ഒഴിപിക്കാന്‍ ശ്രമിച്ചതാണ്. സി പി ഐ മൊത്തമായും സി പി എമ്മിന്റെ പ്രാദേശികഘടകവും കയ്യേറ്റം ഒഴിപ്പിക്കലിലെതിരെ തുറന്ന നിലപാടെടുക്കുകയും ചെയ്തിരുന്നു.അങ്ങനെയുള്ള അവസ്ഥയില്‍ സി പി എമ്മിന്റെ ഏതു നീക്കവും മാധ്യമങ്ങള്‍ സസൂഷ്മം വീക്ഷിച്ചേക്കം അതിനു അമിത പ്രാധാന്യാം കൊടുത്തേക്കാം .


രഷ്ട്രീയ തീരുമാനം നടപ്പിലാക്കുന്നത് ഉറപ്പു വരുത്താന്‍ ഭരണകക്ഷിയുടെ പ്രാദേശിക ഘടകത്തിനു അവകാശമുണ്ട്. വന്‍കിടക്കാരെ ഒഴിപ്പിച്ചിട്ടേ ചെറുകിടക്കാരെ ഒഴിപ്പിക്കൂ എന്ന് ഒരു രാഷ്ട്രീയ തീരുമാനമുണ്ടായതായി എങ്ങും പറഞ്ഞു കേട്ടില്ല. വീടുവക്കാനായി വ്യക്തികള്‍ കയ്യേറിയ ഭൂമി ഒഴിപ്പിക്കേണ്ട എന്നതാണ്, രാഷ്ട്രീയ തീരുമാനം . വാര്‍ത്തകളില്‍ പറഞ്ഞ സ്ഥലത്ത് ആരേയും ഒഴിപ്പിക്കാന്‍ ശ്രമിച്ചതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കയ്യേറ്റമുണ്ടോ എന്നു തിട്ടപ്പെടുത്താനായിട്ടുള്ള സര്‍വേ ആണു നടത്താന്‍ ശ്രമിച്ചതും അതു തടയപ്പെട്ടതും .

ഒരു കയ്യേറ്റവും ബലം പ്രയോഗിച്ച് ഒഴിപ്പിക്കാന്‍ ആദ്യമേ ശ്രമിക്കേണ്ട എന്നു തന്നെയാണ്, നയം , നിയമാനുസൃതം നോട്ടീസ് കൊടുത്ത് എല്ലാ നിയമവശങ്ങളും പരിശോധിച്ചേ ബലം പ്രയോഗിക്കൂ.

സര്‍വേ നടത്തുന്നത് തന്നെ തടയുമെന്ന് പാര്‍ട്ടി തീരുമാനിച്ചാല്‍ അതു പൊതു ജനങ്ങള്‍കിടയില്‍ വലിയ അവമതിക്കു കാരണമാകും . പാര്‍ട്ടി നേതാക്കളില്‍ നിന്നുള്ള ചെറിയ ശബ്ദം പോലും വലിയ വാര്‍ത്താ പ്രാധാന്യം നേടാം .

അനില്‍@ബ്ലോഗ് // anil said...

പ്രിയ മൂര്‍ത്തി,
മാധ്യമങ്ങളെ മാത്രം കുറ്റം പറയാനാവുമോ?

വാര്‍ത്തകളുടെ ഊന്നല്‍ അവരവരുടെ പത്ര മുതലളിമാരുടെ താല്‍പ്പര്യങ്ങള്‍ക്ക് അനുസൃതമാവുന്നതില്‍ തെറ്റുപറയാനാവുമോ?

മൂല്യാധിഷ്ഠിത പത്രപ്രവര്‍ത്തനം എന്നോക്കെ പ്രസംഗിക്കാം എന്നല്ലാതെ ....

വാര്‍ത്തകള്‍ സൃഷ്ടിക്കാനിടകൊടുക്കാതിരിക്കുക എന്നതാണ് അഭികാമ്യം.

kaalidaasan said...

മാതൃഭൂമി




മൂന്നാറില്‍ സര്‍ക്കാര്‍ നടപടി തടസ്സപ്പെടുത്താന്‍ ആരേയും അനുവദിക്കില്ല മന്ത്രി കെ.പി. രാജേന്ദ്രന്‍

പാലക്കാട്‌: മൂന്നാറില്‍ സര്‍വേ തടസ്സപ്പെടുത്തുന്നതുപോലുള്ള നടപടികള്‍ അനുവദിക്കില്ലെന്ന്‌ റവന്യുമന്ത്രി കെ.പി. രാജേന്ദ്രന്‍. ഈ മാസം ഒമ്പതിന്‌ മന്ത്രിസഭാ ഉപസമിതി മൂന്നാര്‍ സന്ദര്‍ശിക്കുമ്പോള്‍ എല്ലാവരുടെയും പരാതികള്‍ കേള്‍ക്കുമെന്നും ആശങ്കകള്‍ പരിഹരിക്കപ്പെടുമെന്നും മന്ത്രി പാലക്കാട്ട്‌ പത്രസമ്മേളനത്തില്‍ പറഞ്ഞു.

ചിന്നക്കനാലില്‍ ഭൂമി അളന്ന്‌ തിട്ടപ്പെടുത്തുന്നത്‌ തടയാന്‍ ഒരു വിഭാഗം നടത്തിയ ശ്രമത്തെ പോലീസ്‌ സഹായത്തോടെ തുരത്തി. മൂന്നാറില്‍ ടാറ്റയുടെ ഭൂമി കൈയേറ്റം സംബന്ധിച്ച കൃത്യമായ കണക്കറിയണമെങ്കില്‍ ഫീല്‍ഡ്‌ സര്‍വേയും മാപ്പിങ്ങും കഴിയണം. ചൊക്കനാട്‌ എസ്റ്റേറ്റ്‌ വിവാദത്തോട്‌ പ്രതികരിക്കാന്‍ മന്ത്രി തയ്യാറായില്ല.

വികസനപദ്ധതികള്‍ക്ക്‌ സ്ഥലമേറ്റെടുത്ത്‌ നല്‍കുന്നത്‌ പുനരധിവാസം ഉറപ്പാക്കിക്കൊണ്ടായിരിക്കും. ഭൂമി ഏറ്റെടുക്കുമ്പോള്‍ നല്‍കുന്ന പൊന്നുംവില മാര്‍ക്കറ്റ്‌ വിലയുമായി പൊരുത്തപ്പെടാത്തത്‌ വ്യാപകമായ എതിര്‍പ്പിനും കാലതാമസത്തിനും ഇടവരുത്തുന്നുണ്ടെന്ന്‌ മന്ത്രി സമ്മതിച്ചു.

ഇപ്പോള്‍ മിച്ചഭൂമിയായി സര്‍ക്കാരിന്‌ കൈവശം ലഭിച്ച 824.91 ഏക്കര്‍ ഭൂമി ഒരുമാസത്തിനകം ഭൂരഹിതര്‍ക്ക്‌ വിതരണം ചെയ്യും. ഭൂമി വിതരണത്തിന്റെ സംസ്ഥാനതല ഉദ്‌ഘാടനം ഞായറാഴ്‌ച കണ്ണൂരില്‍ മുഖ്യമന്ത്രി നിര്‍വഹിക്കും. സംസ്ഥാനത്തൊട്ടാകെ 4,000 കുടുംബങ്ങള്‍ക്കാണ്‌ ഈ ഭൂമി ലഭിക്കുക. കണ്ണൂരിലെ ചടങ്ങില്‍ 280 ആദിവാസി കുടുംബങ്ങള്‍ക്ക്‌ ഒരേക്കര്‍ ഭൂമി വീതം നല്‍കും.

പാലക്കാട്‌ ജില്ലയില്‍മാത്രം 290 കേസുകളിലായി 11,096 ഏക്കര്‍ ഭൂമിയുടെ കാര്യം തീരുമാനമാകാനുണ്ട്‌. താലൂക്ക്‌ ലാന്‍ഡ്‌ബോര്‍ഡില്‍ തീരുമാനമായ ശേഷം ഹൈക്കോടതിയില്‍ അപ്പീല്‍പോയ 343 കേസുകളുണ്ട്‌. 13,052 ഏക്കര്‍ ഭൂമിയാണ്‌ ഇതുമൂലം മിച്ചഭൂമിയായി ഏറ്റെടുക്കാന്‍ കഴിയാത്തത്‌. ഇതില്‍ 92 കേസിലായി 5,000 ത്തിലധികം ഏക്കര്‍ പാലക്കാട്‌ ജില്ലയില്‍ മാത്രമാണ്‌.

സര്‍ക്കാര്‍ഭൂമി കൈയേറുന്നവര്‍ക്ക്‌ ജയില്‍ശിക്ഷ ഉറപ്പാക്കുന്ന രീതിയില്‍ നിയമം ഭേദഗതി ചെയ്യുമെന്നും ഉദ്യോഗസ്ഥ തലത്തില്‍ വീഴ്‌ച വന്നാല്‍ അവര്‍ക്കും ശിക്ഷ ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

kaalidaasan said...

മാധ്യമം

ഉപയോഗിച്ചത് ആദിവാസികളുടെ പട്ടയ അപേക്ഷകള്‍

മൂന്നാര്‍: ചിന്നക്കനാലില്‍ 3800 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി കൈയേറിയത് '65^ല്‍ ആദിവാസികള്‍ക്കും ഭൂരഹിതര്‍ക്കും വിതരണം ചെയ്യാനുദ്ദേശിച്ച് നല്‍കിയ പട്ടയ അപേക്ഷകള്‍ ഉപയോഗിച്ചാണെന്ന് ഇടുക്കി ജില്ലാ കലക്ടര്‍ അശോക് കുമാര്‍ സിംഗ് സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കി.

ഈ അപേക്ഷകള്‍ വഴി '85 ^ല്‍ നിര്‍മിച്ച വ്യാജ പട്ടയങ്ങള്‍ ഉപയോഗിച്ചാണ് ഭൂമി കൈയേറിയത്. ഇതിന് റവന്യൂ ഉദ്യോഗസ്ഥര്‍ ഒത്താശ ചെയ്തു. അതേസമയം, '65 ^ല്‍ ആദിവാസികളും ഭൂരഹിതരും നല്‍കിയ പട്ടയ അപേക്ഷയില്‍ ഭൂമി വിതരണം നടന്നില്ല.

ചിന്നക്കനാലിലെ ഭൂമി കൈയേറ്റം ഒഴിപ്പിക്കാന്‍ ആരംഭിച്ച സര്‍വേ പ്രദേശവാസികളില്‍ ചിലര്‍ തടസ്സപ്പെടുത്തിയ സാഹചര്യത്തില്‍ ഇന്നലെ ജില്ലാ കലക്ടറും ഐ.ജി വിന്‍സന്‍.എം.പോളും മൂന്നാറിലെത്തി സ്ഥിതിഗതി വിലയിരുത്തി.

രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ ഇരുന്നൂറോളം വരുന്ന സംഘം സര്‍വേക്കെതിരെ രംഗത്തുണ്ട്. വന്‍പോലിസ് സന്നാഹം ഉപയോഗിച്ച് സര്‍വേ നടപടി ഇന്നലെ പുനരാരംഭിച്ചു. ചിന്നക്കനാലിലെ സ്ഥിതിയെക്കുറിച്ച് ഐ.ജിയും സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കി.
ചിന്നക്കനാലില്‍ ആദിവാസികള്‍ക്കും ഭൂരഹിതര്‍ക്കും പട്ടയം നല്‍കാന്‍ '65 ^ലാണ് നടപടി ആരംഭിച്ചത്. അന്ന് പട്ടയത്തിന് പ്രതിഫലമായി സര്‍ക്കാറിലേക്ക് അടക്കേണ്ടത് 500 രൂപയായിരുന്നു. ആദിവാസികള്‍ക്കും ഭൂരഹിതര്‍ക്കും ഈ തുക അടക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് പട്ടയ വിതരണം നിലച്ചു. '85^'90 കാലഘട്ടത്തില്‍ ടൂറിസം വികസനം ആരംഭിച്ചതോടെ ചിന്നക്കനാലിലും ഭൂമി വില വര്‍ധിച്ചു. ഇക്കാലത്ത് ഭൂമി പതിവ് ഓഫീസില്‍ സൂക്ഷിച്ച '65^ലെ പട്ടയ രേഖകള്‍ ഉപയോഗിച്ച് അന്നത്തെ അപേക്ഷകരുടെ പേരില്‍ കൈയേറ്റക്കാര്‍ വ്യാജ പട്ടയങ്ങള്‍ നിര്‍മിച്ചു. '65^'70 കാലയളവില്‍ പട്ടയം പണം അടച്ചതായി വ്യാജ ചെലാന്‍ ഫോറങ്ങള്‍ ഉപയോഗിച്ച് രേഖകളുണ്ടാക്കിയാണ് 3800 ഏക്കര്‍ കൈയേറിയത്. ഇതിന് '65^'70 കാലത്തെ ചിന്നക്കനാല്‍ വില്ലേജിലെ ഭൂമി സംബന്ധിച്ച രേഖകളില്‍ വ്യാപക കൃത്രിമം നടത്തിയതായി ജില്ലാ കലക്ടര്‍ പിടിച്ചെടുത്ത രേഖകള്‍ തെളിയിക്കുന്നു. ഒപ്പം കൈയേറിയ ഭൂമി വ്യാജ രേഖകള്‍ ഉപയോഗിച്ച് വില്‍പന നടത്തി. അങ്ങനെയാണ് ഇവിടെ റിസോര്‍ട്ടുകള്‍ ഉയര്‍ന്നത്.

ആന്റണി സര്‍ക്കാര്‍ 2003 ^ല്‍ ചിന്നക്കനാലില്‍ ഭൂരഹിത ആദിവാസികള്‍ക്ക് പട്ടയം നല്‍കിയതോടെയാണ് കൈയേറ്റം പുറത്തുവന്നത്. സര്‍വേ നമ്പര്‍ 20/1, 34/1 എന്നിവയിലായിരുന്നു ആദിവാസികള്‍ക്ക് പട്ടയം നല്‍കിയത്. എന്നാല്‍, സര്‍ക്കാര്‍ ഭൂമി വ്യാജ രേഖകള്‍ ചമച്ച് കൈയേറിയതിനാല്‍ ആദിവാസികളുടെ പട്ടയത്തില്‍ വ്യക്തമാക്കിയ ഭൂമി അവര്‍ക്ക് ലഭിച്ചില്ല. സര്‍വേ 232 ^ല്‍ കുറച്ച് ആദിവാസികള്‍ക്ക് ഭൂമി നല്‍കി കൈയേറ്റക്കാരെ രക്ഷിക്കാന്‍ റവന്യൂ ഉദ്യോഗസ്ഥര്‍ ശ്രമം നടത്തി. അവശേഷിച്ച ആദിവാസികള്‍ക്ക് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഭൂമി ലഭിച്ചില്ല. ഇതേ തുടര്‍ന്നാണ് ഈ വര്‍ഷം ആദ്യം ചിന്നക്കനാലില്‍ ഭൂരഹിത ആദിവാസികള്‍ കുടില്‍കെട്ടി സമരം നടത്തിയത്. അന്ന് ആദിവാസികളെ അടിച്ചോടിച്ച് സി.പി.എം പ്രവര്‍ത്തകര്‍ കുടിലുകള്‍ തീവെച്ച് നശിപ്പിച്ചിരുന്നു.

ആദിവാസികള്‍ക്കും ഭൂരഹിതര്‍ക്കും പതിച്ചുനല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ച 3800 ഏക്കര്‍ ഇപ്പോള്‍ റിസോര്‍ട്ട് ഉടമകളുടെ നിയന്ത്രണത്തിലാണ്. സര്‍വേ നടപടി പൂര്‍ത്തിയായാല്‍ ഈ ഭൂമി തിരിച്ചെടുക്കുമെന്ന ഭയമാണ് സി.പി.എം ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികളെ റിസോര്‍ട്ട് ഉടമകള്‍ക്കു വേണ്ടി സമരത്തിനിറങ്ങാന്‍ പ്രേരിപ്പിച്ചത്.

1955 ^ല്‍ സൂര്യനെല്ലി എസ്റ്റേറ്റില്‍ ജീവനക്കാരനായെത്തിയ സക്കറിയ എന്ന വ്യക്തിയാണ് 3800 ഏക്കറില്‍ 500 ഏക്കര്‍ കൈവശം വെച്ചിരിക്കുന്നതെന്ന് ജില്ലാ കലക്ടറുടെറിപ്പോര്‍ട്ടിലുണ്ട്.

ഭൂമി തിരിച്ചുപിടിക്കുന്നത് തടയാന്‍ റിസോര്‍ട്ട് ഉടമകള്‍ പണമൊഴുക്കി നടത്തുന്ന സമരമാണ് ചിന്നക്കനാലില്‍ ആരംഭിച്ചിരിക്കുന്നതെന്നാണ് ഐ.ജി വിന്‍സന്‍.എം.പോള്‍ സര്‍ക്കാറിന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നതെന്നാണ് സൂചന. ഇവര്‍ക്കെതിരെ ഇപ്പോള്‍ ബലപ്രയോഗം വേണ്ടെന്നാണ് നിര്‍ദേശിച്ചിരിക്കുന്നതെന്നും ഐ.ജിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

kaalidaasan said...

manOrama

മുഴുവന്‍ ഭൂരഹിതര്‍ക്കും ഭൂമി നല്‍കും: വിഎസ്

കണ്ണൂര്‍: മൂന്നാര്‍ കൈയേറ്റം ഒഴിപ്പിക്കുന്നതിനെതിരെ നട്ടാല്‍ മുളയ്ക്കാത്ത നുണകളുമായി ചിലര്‍ രംഗത്തെത്തിയിരിക്കുകയാണെന്ന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍. കണ്ണൂരില്‍ ഭൂവിതരണമേളയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഭൂമി കൈയേറ്റം പൂര്‍ണമായി ഒഴിപ്പിക്കുകയെന്നത് സര്‍ക്കാരിന്റെ ചുമതലയാണ്. സര്‍ക്കാരിന്റെ കാലാവധി പൂര്‍ത്തിയാകും മുമ്പ് കേരളത്തിലെ മുഴുവന്‍ ഭൂരഹിതര്‍ക്കും ഭൂമി ലഭ്യമാക്കുമന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന ഭൂനയം അടുത്തമാസം പ്രഖ്യാപിക്കുമെന്ന് റവന്യൂൂ മന്ത്രി കെ.പി. രാജേന്ദ്രന്‍ അറിയിച്ചു. മന്ത്രിമാരായ കെ.പി. രാജേന്ദ്രന്‍, എ.കെ. ബാലന്‍, കോടിയേരി ബാലകൃഷ്ണന്‍, പി.കെ. ശ്രീമതി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. കണ്ണൂരിലെ മുനിസിപ്പല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലായിരുന്നു ചടങ്ങ്.

1559 പേര്‍ക്ക് 10 സെന്റ് ഭൂമിയുടെ വീതം പട്ടയമാണ് വിതരണം ചെയ്യുന്നത്. 456 പേര്‍ക്ക് ലാന്‍ഡ് ട്രിബ്യൂണല്‍ പട്ടയവും നല്‍കുന്നുണ്ട്. ആലക്കോട് എസ്റ്റേറ്റിലെ ഭൂവിതരണവും ഇതോടൊപ്പം നടക്കും. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി എല്ലാ ജില്ലകളിലും ഭൂവിതരണ മേള നടത്തുന്നുണ്ട്.

kaalidaasan said...

ഉദ്യോഗസ്ഥര്‍ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചെന്ന്‌ മുഖ്യമന്ത്രി

മൂന്നാര്‍ അവലോകനം

മാതൃഭൂമി




ഉദ്യോഗസ്ഥര്‍ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചെന്ന്‌ മുഖ്യമന്ത്രി


തിരുവനന്തപുരം: മൂന്നാറിലെ സന്ദര്‍ശനങ്ങള്‍ക്കിടയ്‌ക്ക്‌ ഉദ്യോഗസ്ഥര്‍ ബോധപൂര്‍വം തന്നെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചതായി വ്യാഴാഴ്‌ച ചേര്‍ന്ന അവലോകന യോഗത്തില്‍ മുഖ്യമന്ത്രി വി.എസ്‌. അച്യുതാനന്ദന്‍ രേഖാമൂലം ആക്ഷേപം ഉന്നയിച്ചു.

സപ്‌തംബര്‍ 30നും ഒക്ടോബര്‍ ഒന്നിനും മൂന്നാറില്‍ നടത്തിയ സന്ദര്‍ശനത്തെ തുടര്‍ന്ന്‌ 14 കാര്യങ്ങളില്‍ ഉടന്‍ വിശദീകരണം നല്‍കാന്‍ അദ്ദേഹം ഇമെയിലിലൂടെ ഒക്ടോബര്‍ മൂന്നിന്‌ ഇടുക്കി കളക്ടറോട്‌ ആവശ്യപ്പെട്ടിരുന്നു. ഒക്ടോബര്‍ ആറിന്‌ ഇമെയിലിലൂടെ കളക്ടര്‍ മറുപടി നല്‍കി. ഈ ഉത്തരങ്ങളൊന്നുംതന്നെ തൃപ്‌തികരമല്ലെന്നും പലതും വസ്‌തുതാപരമല്ലെന്നും വ്യാഴാഴ്‌ച നടന്ന അവലോകന യോഗത്തില്‍ മുഖ്യമന്ത്രി 12 പേജുള്ള കുറിപ്പിലൂടെ വ്യക്തമാക്കുകയും കളക്ടറെ നിശിതമായി വിമര്‍ശിക്കുകയും ചെയ്‌തു.

താന്‍ ഉന്നയിച്ച കേസ്സുകളില്‍ ഉടനടി ഒഴിപ്പിക്കല്‍ നടപടി ത്വരപ്പെടുത്താന്‍ മുഖ്യമന്ത്രി ഉദ്യോഗസ്ഥന്മാര്‍ക്ക്‌ കര്‍ശന നിര്‍ദ്ദേശം നല്‍കി. കണ്ണന്‍ദേവന്‍ ഹില്‍ വില്ലേജില്‍ അഞ്ചേക്കറോളം സ്ഥലത്ത്‌ ഗ്രാന്‍ഡിസ്‌ വച്ചുപിടിപ്പിച്ചത്‌ ഏറ്റെടുക്കാന്‍ എന്ത്‌ നടപടിയെടുത്തു എന്നായിരുന്നു മുഖ്യമന്ത്രിയുടെ ഒന്നാമത്തെ ചോദ്യം. ഈ സ്ഥലത്ത്‌ സര്‍ക്കാര്‍ ബോര്‍ഡ്‌ വെയ്‌ക്കാന്‍ നിര്‍ദ്ദേശം നല്‍കി എന്നായിരുന്നു അതിന്‌ കളക്ടറുടെ മറുപടി. എന്നാല്‍ ഇവിടെ ബോര്‍ഡ്‌ വെച്ചാല്‍ പോരെന്നും ഗ്രാന്‍ഡിസ്‌ വെട്ടിമാറ്റി ഭൂരഹിതര്‍ക്ക്‌ ഉടനടി വിതരണം ചെയ്യണമെന്നും മുഖ്യമന്ത്രി വ്യാഴാഴ്‌ച നിര്‍ദ്ദേശം നല്‍കി.

പാര്‍വതിമലയില്‍ ഏറ്റെടുത്ത്‌ വിതരണം ചെയ്യാനിരുന്ന 53 ഏക്കര്‍ ഭൂമി വനംവകുപ്പിന്‍േറതാണെന്ന അവകാശവാദത്തിന്‌ രേഖ ഹാജരാക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചിരുന്നു. റീസര്‍വേ പ്രകാരം ഭൂവിസ്‌തൃതി കുറഞ്ഞുപോയെന്നും ഇപ്പോള്‍ സ്ഥലം വനംവകുപ്പിന്റെ കൈവശമാണെന്നും സര്‍വേയര്‍മാരോട്‌ രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും കളക്ടര്‍ ഉറപ്പുനല്‍കി.

സംസ്ഥാന സര്‍വേ ഓഫീസിലും ഇടുക്കി സര്‍വേ ഓഫീസിലും രേഖ ഉണ്ടെന്നിരിക്കേ ആ രേഖകള്‍ ഹാജരാക്കാന്‍ എന്തിനാണ്‌ കൂടുതല്‍ സമയം എന്ന്‌ മുഖ്യമന്ത്രി ആരാഞ്ഞു. കൈയേറ്റം ഒഴിപ്പിക്കാന്‍ നടപടികള്‍ നടന്നുകൊണ്ടിരിക്കെ ഇപ്പോഴുള്ള കൈയേറ്റങ്ങള്‍ നിയമപരമാക്കാന്‍വേണ്ടി മാത്രം എന്തിനാണ്‌ റീസര്‍വേ നടത്തുന്നതെന്നും അദ്ദേഹം ചോദിച്ചു. പഴയ രേഖകള്‍ അടിസ്ഥാനമാക്കി നിക്ഷിപ്‌ത ഭൂമി അളക്കാന്‍ കാലതാമസം വരുന്നതിനാലാണ്‌ വിസ്‌തീര്‍ണത്തില്‍ കുറവുവന്നതെന്ന്‌ അദ്ദേഹം ചൂണ്ടിക്കാട്ടി. സര്‍വേ രേഖകള്‍ 6(1) പ്രകാരം ഫിസിക്കല്‍ വെരിഫിക്കേഷന്‍ നടത്തി കൈയേറ്റഭൂമി ഒഴിപ്പിക്കാന്‍ അടിയന്തര നടപടിയെടുക്കാനും മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി.

പോതമേട്‌ മേഖലയിലെ കൈയേറ്റവും അനധികൃത നിര്‍മ്മാണവും മുഖ്യമന്ത്രി സന്ദര്‍ശിച്ചിരുന്നു. ഇവയുടെ ഏലപ്പാട്ടവും പട്ടയവും റദ്ദാക്കാന്‍ എന്ത്‌ നടപടി സ്വീകരിച്ചുവെന്ന്‌ അദ്ദേഹം ചോദിച്ചിരുന്നു. ഇവിടെ 23 അനധികൃത നിര്‍മ്മാണങ്ങള്‍ നടന്നതായി കളക്ടര്‍ മറുപടി നല്‍കി. ഇതിനെതിരെ സ്റ്റോപ്പ്‌ മെമ്മോ നല്‍കിയതായും എട്ടുപേര്‍ അത്‌ കോടതിയില്‍ ചോദ്യംചെയ്‌തതായും മറുപടിയില്‍ കൂട്ടിച്ചേര്‍ത്തിരുന്നു.

ഏലപ്പാട്ട ലംഘനവും ഏലപ്പട്ടയ ലംഘനവും നടന്നതായി കളക്ടര്‍തന്നെ സമ്മതിക്കുമ്പോള്‍ സ്റ്റോപ്പ്‌ മെമ്മോ നല്‍കുന്നതിനു പകരം അവ പിടിച്ചെടുക്കാത്തതെന്തെന്ന്‌ മുഖ്യമന്ത്രി അവലോകന യോഗത്തില്‍ ചോദിച്ചു. പട്ടയവും പാട്ടവും റദ്ദാക്കി ഭൂമി ഉടന്‍ പിടിച്ചെടുക്കാന്‍ അദ്ദേഹം നിര്‍ദ്ദേശവും നല്‍കി. മൂന്നാര്‍ ദേവികുളം കോളനിയില്‍ താമസിക്കുന്നവര്‍ക്ക്‌ മുഴുവന്‍ കരമടയ്‌ക്കാന്‍ ഉടന്‍ അവസരമുണ്ടാക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.

മുതിരപ്പുഴ മുതല്‍ ചിന്നക്കനാല്‍ ഗ്യാപ്പ്‌ വരെയുള്ള സര്‍ക്കാര്‍ഭൂമി റീഫിക്‌സ്‌ ചെയ്യുന്നതിനും കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിനുമുള്ള നടപടികള്‍ എന്തായി എന്ന്‌ മുഖ്യമന്ത്രി ഇമെയിലിലൂടെ ചോദിച്ചിരുന്നു. ഇതിനായുള്ള രേഖകള്‍ പരിശോധിച്ചുവരുന്നു എന്നായിരുന്നു കളക്ടറുടെ മറുപടി. 177 ല്‍ 1 എന്ന ഭാഗത്ത്‌ 87 സെന്റ്‌ സ്ഥലം മാത്രമാണ്‌ സര്‍ക്കാരിനുള്ളതെന്ന്‌ കളക്ടര്‍ മറുപടി നല്‍കിയിരുന്നു. ഇത്‌ തെറ്റാണെന്നും 90 ഏക്കര്‍ 97 സെന്റ്‌ സ്ഥലം സര്‍ക്കാരിന്‍േറതാണെന്നും ഇത്‌ ഉടനടി തിരിച്ചുപിടിക്കണമെന്നും മുഖ്യമന്ത്രി യോഗത്തില്‍ ആവശ്യപ്പെട്ടു.

ചെറുകിട കൈയേറ്റക്കാരില്‍ ഒരാളെപ്പോലും അന്യായമായി ഒഴിപ്പിക്കില്ലെന്നും അച്യുതാനന്ദന്‍ യോഗത്തില്‍ വ്യക്തമാക്കി.

ജി. ശേഖരന്‍ നായര്‍

kaalidaasan said...

മാതൃഭൂമി




മൂന്നാറില്‍ 1662 ഏക്കര്‍ഭൂമി മൂന്നുമാസത്തിനകം പതിച്ചുനല്‍കും മുഖ്യമന്ത്രി

മൂന്നാര്‍: ഒന്നരവര്‍ഷമായി തുടര്‍ന്നുവരുന്ന മൂന്നാറിലെ കൈയേറ്റം ഒഴിപ്പിക്കല്‍ നടപടികള്‍ ശക്തമായിത്തുടരാനും ഒഴിപ്പിച്ചെടുക്കുന്ന ഭൂമി സമയബന്ധിതമായി അര്‍ഹതപ്പെട്ടവര്‍ക്ക്‌ വിതരണം ചെയ്യാനും മൂന്നാറില്‍ച്ചേര്‍ന്ന മന്ത്രിസഭാ ഉപസമിതിയോഗം തീരുമാനിച്ചു. ഇതിനകം ഒഴിപ്പിച്ചെടുത്ത 1662 ഏക്കര്‍ മൂന്നുമാസത്തിനകം ആദിവാസികളും തോട്ടംതൊഴിലാളികളും ഉള്‍പ്പെടെയുള്ള ഭൂരഹിതര്‍ക്ക്‌ പതിച്ചുനല്‍കുമെന്ന്‌ യോഗത്തിനുശേഷം മുഖ്യമന്ത്രി വി.എസ്‌. അച്യുതാനന്ദന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. 16000ല്‍പരം ഏക്കര്‍ കൈയേറ്റഭൂമി ഇതുവരെ ഒഴിപ്പിച്ചുകഴിഞ്ഞു. 304 ഏക്കര്‍ മൂന്നാറിലെ ടൂറിസം വികസന പദ്ധതികള്‍ക്കായി നീക്കിവയ്‌കും.

ഏറ്റെടുക്കുന്ന ഭൂമി ഓരോ മൂന്നുമാസം കൂടുമ്പോഴും അര്‍ഹതപ്പെട്ടവര്‍ക്ക്‌ വിതരണംചെയ്യും. പതിച്ചുനല്‍കുന്ന ഭൂമി കൈമാറ്റംചെയ്യുന്നത്‌ കര്‍ശനമായി തടയാന്‍ പ്രത്യേക നിയമമോ, ഓര്‍ഡിനന്‍സോ ഉടന്‍ കൊണ്ടുവരും. കെ.എസ്‌.ഇ.ബി.യുടെ ഭൂമിയിലുള്ള മൂന്നാര്‍ കോളനിയിലെയും മൂലമറ്റത്തെ എ.കെ.ജി. കോളനിയിലെയും 160 കുടുംബങ്ങള്‍ക്ക്‌ അവരുടെ കുടികിടപ്പവകാശം അംഗീകരിച്ച്‌ പട്ടയം കൊടുക്കുമെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു.

വന്‍കിടക്കാരായ ആളുകളില്‍നിന്നല്ലാതെ അഞ്ചോ, പത്തോ സെന്റ്‌ കൈവശംവച്ചിരിക്കുന്ന ആരുടെയും ഭൂമിയില്‍ ഈ സര്‍ക്കാര്‍ തൊട്ടിട്ടുപോലുമില്ല. പാവപ്പെട്ട കുടിയേറ്റക്കാരെ കുടിയിറക്കുമെന്ന പ്രചാരണം തെറ്റാണ്‌. അത്‌ സര്‍ക്കാര്‍നയമല്ല.

മൂന്നാര്‍ ടൗണില്‍ സര്‍ക്കാര്‍ഭൂമി കൈയടക്കിവച്ചിരിക്കുന്ന ടാറ്റാ കമ്പനി അവിടെ താമസിക്കുന്നവരില്‍നിന്നും കച്ചവടംചെയ്യുന്നവരില്‍നിന്നും തറവാടക വാങ്ങുകയാണ്‌. വേറെയും ആയിരക്കണക്കിന്‌ ഏക്കര്‍ ടാറ്റാകമ്പനി കൈയേറിയിട്ടുണ്ട്‌. ഭൂമി സര്‍ക്കാരിന്‌ വിട്ടുനല്‍കി, തെറ്റു തിരുത്തിയില്ലെങ്കില്‍ ശക്തമായ നടപടിയെടുക്കും മുഖ്യമന്ത്രി പറഞ്ഞു.

ഏലമലക്കാടുകള്‍ സംബന്ധിച്ച്‌ വനം റവന്യു വകുപ്പുകള്‍ തമ്മിലുണ്ടായിരുന്ന തര്‍ക്കം പരിഹരിച്ചു. അര്‍ഹരായവര്‍ക്ക്‌ ഏലപ്പാട്ടം പുതുക്കി നല്‍കാനാണ്‌ തീരുമാനം. എന്നാല്‍, ഏലമലക്കാടുകളില്‍ കെട്ടിടംപണിത്‌ റിസോര്‍ട്ടാക്കി കൊള്ളലാഭം കൊയ്യുന്നത്‌ അവസാനിപ്പിക്കുകതന്നെ ചെയ്യും മുഖ്യമന്ത്രി പറഞ്ഞു.

ഏറ്റെടുത്ത ഭൂമിയുടെ വിതരണത്തിന്‌ സമയബന്ധിതമായ നടപടിക്ക്‌ തീരുമാനിച്ചിട്ടുണ്ടെന്ന്‌ പത്രസമ്മേളനത്തില്‍ പങ്കെടുത്ത മന്ത്രി കെ.പി. രാജേന്ദ്രന്‍ വിശദീകരിച്ചു. മന്ത്രിമാരായ കോടിയേരി ബാലകൃഷ്‌ണന്‍, ബിനോയ്‌ വിശ്വം, എ.കെ. ബാലന്‍, എം.എല്‍.എ.മാരായ, കെ.കെ. ജയചന്ദ്രന്‍, എസ്‌. രാജേന്ദ്രന്‍, ഇ.എസ്‌. ബിജിമോള്‍ എന്നിവരും പങ്കെടുത്തു.

കഴിഞ്ഞ തവണ മുഖ്യമന്ത്രിയുടെ സന്ദര്‍ശനസമയത്ത്‌ വിട്ടുനിന്ന സി.പി.എം. ജില്ലാ നേതൃത്വം ഇത്തവണ ഉപസമിതിയുമായി ചര്‍ച്ചയ്‌ക്കെത്തിയിരുന്നു.

എസ്‌.ഡി. സതീശന്‍നായര്‍

kaalidaasan said...

മാധ്യമം

മൂന്നാര്‍ ഒഴിപ്പിക്കലിന് സി.പി.എം ജില്ലാ നേതൃത്വത്തിന്റെയും പിന്തുണ

മൂന്നാര്‍: മൂന്നാര്‍ ഒഴിപ്പിക്കലിനോടുള്ള എതിര്‍പ്പ് ഇടതുമുന്നണി ഇടുക്കി ജില്ലാ നേതൃത്വവും സി.പി.എം ജില്ലാ നേതൃത്വവും അവസാനിപ്പിക്കുന്നു. ആദിവാസികള്‍ക്കും ഭൂരഹിതര്‍ക്കും ഭൂമി വിതരണം ചെയ്യാനുള്ള പദ്ധതിയും വന്‍കിട കൈയേറ്റക്കാരില്‍നിന്ന് തിരിച്ചെടുക്കുമെന്ന പ്രഖ്യാപനവും ഉപസമിതി യോഗത്തിനുശേഷം മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ പ്രഖ്യാപിച്ചതോടെ ഒറ്റയടിക്ക് വര്‍ധിച്ച ജനപിന്തുണയാണ് രാഷ്ട്രീയ നേതൃത്വങ്ങളെ മാറി ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്. ഉപസമിതി യോഗം ചേരുമെന്ന് നേരത്തേ അറിയിച്ചിരുന്ന മൂന്നാര്‍ ഗസ്റ്റ്ഹൌസിനു മുന്നില്‍ പാര്‍ട്ടിയുടെയും മുന്നണി നേതൃത്വത്തിന്റെയും അനുഗ്രഹാശിസ്സുകളോടെ ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ ബാനറില്‍ ഇന്നലെ വന്‍ ജനക്കൂട്ടം എത്തിച്ചേര്‍ന്നിരുന്നു. ഇത് മുന്നില്‍കണ്ട് ഉപസമിതി യോഗം കെ.ടി.ഡി.സിയുടെ ടീ കൌണ്ടിയിലേക്ക് നേരത്തേതന്നെ മാറ്റിയിരുന്നു.

ആയിരക്കണക്കിന് നിവേദനങ്ങളാണ് ഉപസമിതി യോഗം കഴിഞ്ഞ് തിരിച്ച് ഗസ്റ്റ് ഹൌസിലെത്തിയ മുഖ്യമന്ത്രിക്ക് ജനങ്ങള്‍ നല്‍കിയത്. അതിനു മുമ്പുതന്നെ മൂന്നാര്‍ ടൌണില്‍ ഭൂരഹിതര്‍ക്ക് പതിച്ചുനല്‍കാനുള്ള ഭൂമി പോലിസ് ക്യാമ്പിനു സമീപം മന്ത്രിസഭാ ഉപസമിതി നേരിട്ട് സന്ദര്‍ശിച്ചിരുന്നു. ഭൂമി വിതരണം പ്രഖ്യാപിക്കുകയും ടാറ്റയുടെ ആധിപത്യം അവസാനിപ്പിക്കുമെന്ന് അസന്ദിഗ്ധമായി വ്യക്തമാക്കുകയും ചെയ്തതോടെ ജനം വി.എസിന് അനുകൂലമായി പ്രകടനം നടത്തി രംഗത്തിറങ്ങുകയായിരുന്നു. ആദ്യ ദൌത്യസംഘത്തിന്റെ സമയത്ത് അതിനെതിരെ സി.പി.എം ജില്ലാ നേതൃത്വം രംഗത്തിറക്കിയ ഇക്കാ കോളനി നിവാസികള്‍ തന്നെയാണ് ഇന്നലെ വി.എസിന് അനുകൂലമായി മൂന്നാറില്‍ പ്രകടനം നടത്തിയത്. ടാറ്റ ഉള്‍പ്പെടെയുള്ള വന്‍കിടക്കാരില്‍നിന്ന് ഭൂമി പിടിച്ചെടുക്കുന്നതിന് കൈയേറ്റക്കാരില്‍നിന്ന് ഭൂമി തിരിച്ചുപിടിക്കുന്നതിന് പിന്തുണ പ്രഖ്യാപിച്ചാണ് ഇക്കാ കോളനി നിവാസികള്‍ പ്രകടനത്തിന് ഇറങ്ങിയത്.

മൂന്നാര്‍ ദൌത്യം ആരംഭിച്ചപ്പോള്‍ മുതല്‍ എതിര്‍പ്പുമായി രംഗത്തിറങ്ങിയിരുന്ന ഇടതുമുന്നണി ജില്ലാ നേതൃത്വവും സി.പി.എം ഇടുക്കി ജില്ലാ നേതൃത്വവും ഇന്നലെ വൈകുന്നേരമായതോടെ സര്‍ക്കാര്‍ നടപടികള്‍ക്ക് പിന്തുണയുമായി രംഗത്തുവന്നു. സര്‍ക്കാറിന്റെ പുതിയ തീരുമാനങ്ങളെ പിന്തുണക്കുന്നുവെന്ന് സി.പി.എം ജില്ലാ സെക്രട്ടറി എം.എം. മണി 'മാധ്യമ'ത്തോട് പറഞ്ഞു. ടാറ്റ ഉള്‍പ്പെടെയുള്ള വന്‍കിടക്കാരില്‍നിന്ന് ഭൂമി പിടിച്ചെടുക്കുന്നതിന് ഞങ്ങള്‍ എതിരല്ല. ഭൂരഹിതര്‍ക്ക് ഭൂമി വിതരണം ചെയ്യണമെന്നും ചെറുകിട കര്‍ഷകരെയും ദുര്‍ബല വിഭാഗങ്ങളെയും ഒഴിപ്പിക്കരുതെന്നുമായിരുന്നു ഞങ്ങളുടെ നിലപാട്. അത് സര്‍ക്കാര്‍ അംഗീകരിച്ചു. ഈ സാഹചര്യത്തിലാണ് സര്‍ക്കാറിന്റെ നടപടികളെയും ഉപസമിതിയുടെ തീരുമാനങ്ങളെയും പിന്തുണക്കുന്നതെന്ന് എം.എം. മണി വ്യക്തമാക്കി.

ഏലം കര്‍ഷകര്‍ക്ക് പാട്ടം പുതുക്കി നല്‍കാനും സുപ്രീംകോടതിയില്‍ നിലനില്‍ക്കുന്ന കേസുകള്‍ ഒത്തുതീര്‍പ്പാക്കി പട്ടയം നല്‍കാനും എടുത്ത സര്‍ക്കാര്‍ തീരുമാനത്തെ പിന്തുണക്കുന്നതായി ഉടുമ്പന്‍ചോല എം.എല്‍.എ കെ.കെ. ജയചന്ദ്രനും 'മാധ്യമ'ത്തോട് പറഞ്ഞു.

ഇക്ക കോളനി നിവാസികള്‍ അടക്കമുള്ളവര്‍ക്കും മൂന്നാറിലെ പാവപ്പെട്ടവര്‍ക്കും ഭൂമി നല്‍കാന്‍ സര്‍ക്കാര്‍ എടുത്ത നടപടിയെ പിന്തുണക്കുന്നതായി ദേവികുളം എം.എല്‍.എ എസ്. രാജേന്ദ്രനും പറഞ്ഞു.

ഇന്നലെ ഉപസമിതി യോഗത്തിന് ശേഷം ജനപ്രതിനിധികളുടെയും പിന്നീട് ഇടതുമുന്നണി നേതാക്കളുടെയും യോഗം മന്ത്രിസഭാ ഉപസമിതി വിളിച്ച് ചേര്‍ത്തിരുന്നു. ജനപ്രതിനിധികളും രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും പ്രകടിപ്പിച്ച അഭിപ്രായങ്ങള്‍ പരിഗണിക്കുമെന്ന് മന്ത്രിമാര്‍ അവര്‍ക്ക് ഉറപ്പ് നല്‍കി. ഉപസമിതി യോഗത്തിനും പത്രസമ്മേളനത്തിനും ശേഷം മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ തിരിച്ചുപോയി.

മന്ത്രിമാരായ കോടിയേരി ബാലകൃഷ്ണന്‍, കെ.പി. രാജേന്ദ്രന്‍, ബിനോയ് വിശ്വം എന്നിവരായിരുന്നു ജനപ്രതിനിധികളുമായും രാഷ്ട്രീയ നേതാക്കളുമായും ചര്‍ച്ച നടത്തിയത്.

kaalidaasan said...

മാധ്യമം

മൂന്നാര്‍: 1600 ഏക്കര്‍ ഭൂമി വിതരണം ചെയ്യും


മൂന്നാര്‍: വന്‍കിട കൈയേറ്റക്കാരില്‍ നിന്ന് തിരിച്ചുപിടിച്ച 16,000 ഏക്കര്‍ ഭൂമിയില്‍ 1662 ഏക്കര്‍ ആദിവാസികള്‍ക്കും തോട്ടം തൊഴിലാളികള്‍ക്കും ഭൂരഹിതര്‍ക്കും വ്യവസ്ഥകളോടെ വിതരണം ചെയ്യുമെന്നും മൂന്നാറില്‍ ടാറ്റയുടെ ആധിപത്യം അനുവദിക്കില്ലെന്നും മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ പ്രഖ്യാപിച്ചു.

മന്ത്രിസഭാ ഉപസമിതി യോഗത്തിന് ശേഷം പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യ സര്‍ക്കാര്‍ കേരളം ഭരിക്കുമ്പോള്‍ മറ്റൊരു ആധിപത്യം മൂന്നാറില്‍ വേണ്ട. തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറിനെ മറികടന്ന് മൂന്നാറില്‍ ടാറ്റയുടെ ആധിപത്യം അനുവദിക്കില്ല. സര്‍ക്കാര്‍ ഭൂമിക്ക് ടാറ്റ മൂന്നാറില്‍ തറ വാടക പിരിക്കുകയാണ്. ടാറ്റ തെറ്റ് തിരുത്തിയില്ലെങ്കില്‍ അവരെ നിലക്ക് നിര്‍ത്താന്‍ കര്‍ശന നടപടി സര്‍ക്കാര്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മൂന്നാറിലും വാഗമണിലും വന്‍കിട കൈയേറ്റക്കാര്‍ കൈവശപ്പെടുത്തിയ ഭൂമി സര്‍ക്കാര്‍ തിരിച്ചെടുക്കും. ഇതുവരെയുള്ള കണക്കനുസരിച്ച് 16000 ഏക്കര്‍ ഭൂമിയാണ് മൂന്ന് ദൌത്യസംഘങ്ങള്‍ തിരിച്ചുപിടിച്ചത്. ഇങ്ങനെ ഏറ്റെടുത്ത ഭൂമി വിതരണം ചെയ്യാന്‍ തീരുമാനിച്ചു. 1662 ഏക്കര്‍ ഭൂമി ആദിവാസികള്‍ക്കും തോട്ടം തൊഴിലാളികള്‍ക്കും മൂന്നുമാസത്തിനകം വിതരണം ചെയ്യും. 304 ഏക്കര്‍ ടൂറിസം വകുപ്പിന് കൈമാറും. വര്‍ഷങ്ങളായി വൈദ്യുതി വകുപ്പിന്റെ മൂലമറ്റം എ.കെ.ജി കോളനിയിലും മൂന്നാര്‍ ടൌണ്‍ കോളനിയിലും താമസിക്കുന്ന 160 കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കും. കാര്‍ഡമം ഹില്‍ റിസര്‍വില്‍ പാട്ടം പുതുക്കി കൊടുക്കുകയോ പട്ടയം നല്‍കുകയോ ചെയ്യും. ഇക്കാര്യത്തില്‍ സുപ്രീംകോടതിയില്‍ വനം^റവന്യൂ വകുപ്പുകള്‍ തമ്മില്‍ നിലനില്‍ക്കുന്ന കേസ് ഒത്തുതീര്‍പ്പാക്കാന്‍ ഈ വകുപ്പുകള്‍ സംയുക്ത സത്യവാങ്മൂലം നല്‍കിയിട്ടുണ്ട്. ഇത് തീര്‍പ്പാകുന്ന മുറക്കായിരിക്കും കാര്‍ഡമം ഹില്‍ റിസര്‍വില്‍ പാട്ടം പുതുക്കി നല്‍കുകയോ പട്ടയം നല്‍കുകയോ ചെയ്യുക.

ആദിവാസികള്‍ക്കും ഭൂരഹിതര്‍ക്കും തോട്ടം തൊഴിലാളികള്‍ക്കും വിതരണം ചെയ്യുന്ന ഭൂമി വില്‍ക്കാനോ വാങ്ങാനോ മറ്റ് കൈമാറ്റങ്ങള്‍ക്കോ അനുമതിയില്ലാത്ത വ്യവസ്ഥകളോടെയായിരിക്കും നല്‍കുക. പുതുതായി ഭൂമി ലഭിക്കുന്നവരില്‍നിന്ന് റിസോര്‍ട്ട് മാഫിയ ഭൂമി തട്ടിയെടുക്കാതിരിക്കുന്നതിനാണ് കര്‍ശന വ്യവസ്ഥ. ഇതിനായി അടുത്ത നിയമസഭാ സമ്മേളനത്തില്‍ പ്രത്യേക നിയമം കൊണ്ടുവരികയോ ഓര്‍ഡിനന്‍സ് ഇറക്കുകയോ ചെയ്യും. ഉടമസ്ഥാവകാശം പണയപ്പെടുത്താന്‍ അനുവദിക്കാത്ത വ്യവസ്ഥയോടെ പട്ടയം നല്‍കുന്നതിനാണ് ഭൂവിതരണത്തിനായി മൂന്നുമാസത്തെ സമയം നിശ്ചയിച്ചിരിക്കുന്നത്. ഭൂമി എത്രയുംപെട്ടെന്ന് വിതരണം ചെയ്യാന്‍ ദൌത്യസംഘം മേധാവി കെ.എം. രാമാനന്ദനെയും ജില്ലാ കലക്ടര്‍ അശോക്കുമാര്‍ സിംഗിനെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. താലൂക്ക് ഭൂമി പതിവ് കമ്മിറ്റികള്‍ വിളിച്ചുചേര്‍ത്ത് എത്രയും പെട്ടെന്ന് പ്ലോട്ടുകളായി തിരിച്ചുകൊടുക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. ഇതുവരെ കൈയേറ്റക്കാരില്‍ നിന്ന് പിടിച്ചെടുത്ത ഭൂമിയും പിടിച്ചെടുത്തുകൊണ്ടിരിക്കുന്ന ഭൂമിയും ഇതുപോലെ തന്നെ പാവപ്പെട്ടവര്‍ക്ക് വിതരണം ചെയ്യും.

ആദിവാസികള്‍ക്കും ദലിതര്‍ക്കും മറ്റ് ഭൂരഹിതര്‍ക്കും ഭൂമി ലഭ്യമാകുന്ന സമഗ്രമായ മൂന്നാര്‍ ഭൂവിതരണ വികസന പദ്ധതിക്കാണ് മന്ത്രിസഭാ ഉപസമിതി രൂപം കൊടുത്തിരിക്കുന്നത്. സാധാരണ ജനങ്ങള്‍ക്ക് കൂടി മൂന്നാറിന്റെ പ്രകൃതി സൌന്ദര്യം ആസ്വദിക്കാന്‍ കഴിയുന്ന രീതിയില്‍ ടൂറിസം പദ്ധതി ആവിഷ്കരിക്കും. പട്ടയം കിട്ടാത്ത കര്‍ഷകര്‍ക്ക് പട്ടയവും കൃഷിചെയ്യാന്‍ ഭൂമിയില്ലാത്തവര്‍ക്ക് കൃഷി ഭൂമിയും നല്‍കുന്ന നയമാണ് സര്‍ക്കാര്‍ ആവിഷ്കരിക്കുന്നത്. ഇങ്ങനെ ലഭിക്കുന്ന ഭൂമിയില്‍ അനധികൃത നിര്‍മാണ പ്രവര്‍ത്തനങ്ങളോ പരിസ്ഥിതിക്ക് ഇണങ്ങാത്ത പ്രവര്‍ത്തനങ്ങളോ അനുവദിക്കില്ല. വന്‍കിട കൈയേറ്റക്കാര്‍ സ്വന്തമാക്കിയ ഭൂമി തിരിച്ച് പിടിക്കുകയല്ലാതെ അഞ്ച്, പത്ത് സെന്റുകാരേയോ പാവങ്ങളേയോ അവരുടെ ഭൂമിയില്‍നിന്നും ചെറുകിട വ്യാപാര സ്ഥാപനങ്ങളില്‍നിന്നും ഇറക്കി വിടുക ഞങ്ങളുടെ നയമല്ല, സാമൂഹിക നയവുമല്ല^മുഖ്യമന്ത്രി വ്യക്തമാക്കി.

മൂന്നാറിലെയും സമീപപ്രദേശങ്ങളിലെയും ജനങ്ങളുടെ ഭൂമിയുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കാന്‍ വില്ലേജ് തലത്തില്‍ റവന്യൂ^വനം വകുപ്പ് ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ചു റവന്യൂ അദാലത്തുകള്‍ ഉടന്‍ സംഘടിപ്പിക്കുമെന്ന് മന്ത്രി കെ.പി. രാജേന്ദ്രന്‍ പറഞ്ഞു. ഈ അദാലത്തുകളിലെല്ലാം റവന്യൂ മന്ത്രിയും പങ്കെടുക്കും. ഭൂമി വിതരണത്തിനായി ഡെപ്യൂട്ടി കലക്ടര്‍മാര്‍ ഉള്‍പ്പടെ 150 റവന്യൂ, സര്‍വേ ഉദ്യോഗസ്ഥരെ മൂന്നാറിലേക്ക് പ്രത്യേകമായി നിയോഗിക്കും. ഭൂമി പതിവ് കമ്മിറ്റികള്‍ ഈമാസം തന്നെ ചേരാന്‍ തീരുമാനിച്ചതായും റവന്യൂ മന്ത്രി അറിയിച്ചു.

മൂന്നാറിലും പരിസരപ്രദേശങ്ങളിലും നടന്ന ഭൂമി കൈയേറ്റം, രേഖകളുടെ തിരിമറി എന്നിവ അന്വേഷിച്ച് കുറ്റക്കാരെ കണ്ടെത്തുന്നതിന് ഡിവൈ.എസ്.പിമാര്‍ നേതൃത്വം നല്‍കുന്ന അഞ്ച് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുമെന്ന് ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

റവന്യൂ^വില്ലേജുകള്‍ കേന്ദ്രീകരിച്ചായിരിക്കും പ്രത്യേക സംഘം പ്രവര്‍ത്തിക്കുക. ഭൂമി കൈയേറ്റം, രേഖകളിലെ തിരിമറി എന്നിവയുമായി ബന്ധപ്പെട്ട് വിജിലന്‍സ് ഒമ്പത് കേസുകളും ക്രൈംബ്രാഞ്ച് 19 കേസുകളും അന്വേഷിക്കുന്നുണ്ട്. കൈയേറ്റവും വ്യാജരേഖ ചമക്കലും വ്യാപകമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കൂടുതല്‍ പോലിസിനെ നിയോഗിക്കുന്നത്. ഓരോ മാസവും അന്വേഷണ സംഘത്തിന്റെ പ്രവര്‍ത്തനം അവലോകനം ചെയ്യും. ദൌത്യസംഘം മേധാവി, കോട്ടയം വിജിലന്‍സ് എസ്.പി, ജില്ലാ കലക്ടര്‍ എന്നിവരായിരിക്കും ഇത് പരിശോധിക്കുക. ഭൂമി കൈയേറ്റം സംബന്ധിച്ച കേസുകളുടെ നടത്തിപ്പിനായി മൂന്നാറില്‍ അതിവേഗ കോടതി സ്ഥാപിക്കാന്‍ ഹൈക്കോടതിയോട് ആവശ്യപ്പെടും. ഭൂമി കൈയേറ്റം സംബന്ധിച്ചും വ്യാജരേഖ ചമക്കല്‍ സംബന്ധിച്ചുമെല്ലാം നിലനില്‍ക്കുന്ന കേസുകളും പുതുതായി കണ്ടെത്തുന്ന കേസുകളും അതിവേഗ കോടതി വഴി തീര്‍പ്പാക്കി കൈയേറ്റം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണിതെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.