Friday, June 1, 2007

കുതിര 64 കളങ്ങളിലേയ്ക്കും


കുതിരയെ 64 കളങ്ങളിലേക്കും ചാടിക്കാമോ?

ഇത് ചെസ്സുമായോ ചതുരംഗവുമായോ ബന്ധമുള്ള എല്ലാവരും കേട്ടിട്ടുള്ള ചോദ്യമായിരിക്കും.

ഒരു കളത്തില്‍ നിന്നും ആരംഭിക്കുന്ന കുതിര ഒരു കളത്തിലും രണ്ടു വട്ടം ചവിട്ടാതെ 64 കളങ്ങളിലും എത്തണം.

ഗൂഗിള്‍ എടുത്ത് Knight's Tour എന്നു തിരഞ്ഞാല്‍‍ എത്ര രീതിയില്‍ ചാടിക്കാം എന്നതിന്റെ ഒക്കെ വിശദമായ വിവരം കിട്ടും.

ചതുരംഗം പ്രചാരത്തിലിരുന്ന കാ‍ലത്ത് ഇത്തരത്തില്‍ കുതിരയെ ചാടിക്കുന്നതിനു സഹായിക്കുന്ന ഒരു പദ്യശകലം നിങ്ങളുടെ ശ്രദ്ധയില്‍ കൊണ്ടു വരിക ഈ പോസ്റ്റിന്റെ ഉദ്ദേശം.

ഉമേഷ്‌ജിയുടെ സൈറ്റില്‍ ഒരു കമന്റിനു മറുപടിയായി പണ്ട് ഞാനിത് അവിടെ എഴുതിയിരുന്നു.

എങ്കിലും എത്ര പേര്‍ ശ്രദ്ധിച്ചു എന്നറിയില്ല.

ചതുരംഗത്തില്‍ കളങ്ങള്‍ അടയാളപ്പെടുത്തുന്നത് കചടതപയലസ എന്ന രീതിയിലാണ്.

മുകളിലെ ബോര്‍ഡ് നോക്കുക.

ഇത് ഒരു ചെസ്സ് ബോര്‍ഡ് ആണ്. ചതുരംഗത്തില്‍ രണ്ടു നിറങ്ങള്‍ ഉപയോഗിക്കാറില്ല. മറ്റു വ്യത്യാസം ഒന്നും കളത്തിന്റെ കാര്യത്തില്‍ ഇല്ല

ഇടതു നിന്ന് വലതു വശത്തേക്ക് കചടതപയലസ എന്നും മുകളിലേക്ക് ക കി കു കെ, ച ചി ചു ചെ..എന്നിങ്ങനെയും ആണ് അടയാളപ്പെടുത്തുന്നത്.
മറുവശത്തുനിന്നും അതുപോലെ ത്തന്നെ.

കടിതെലെ കുചടുത
പുലിപതു ചികെയെപെ
ചെകിടപി ലുസയിസു
ലയുസിയ തിടെസെചു

ഇതാണ് ചതുരംഗത്തിലെ പ്രസിദ്ധമായ നാലുവരിക്കവിത.

ഇത് 32 കളങ്ങള്‍ക്കുള്ളതായി.

അങ്ങിനെ ക യില്‍ നിന്നും തുടങ്ങി ചു വിലെത്തുന്ന കുതിര വീണ്ടും അടുത്ത ക വഴി ചു വിലെത്തുമ്പോള്‍ 64 കളങ്ങളുമായി.

വേണമെങ്കില്‍ ഒന്നു വെച്ചുനോക്കാം.

ചെസ്സ് ബേസിലെ ഒരു ലേഖനം ഇവിടെ.

കുതിരച്ചാട്ടം പരിശീലിക്കുന്നതിനുള്ള ജാവ ആപ്‌ലെറ്റുകളും ഈ ലിങ്കില്‍ ഉണ്ട്.

ആ ലേഖനത്തിലെ ലിങ്കുകള്‍ ക്ലിക്കിയാല്‍ വളരെ വിശദമായ വിവരം കിട്ടും.

7 comments:

മൂര്‍ത്തി said...

ചെസ്സ് ബോര്‍ഡില്‍ കുതിരയെ 64 കളങ്ങളിലേക്കും ചാടിക്കാമോ? ഇതാ ഒരു പദ്യശകലം ചതുരംഗത്തില്‍ നിന്ന്.
കടിതെലെ കുചടുത
പുലിപതു ചികെയെപെ
ചെകിടപി ലുസയിസു
ലയുസിയ തിടെസെചു

ദേവന്‍ said...

ഹൈ!
ഇതു കൊള്ളാമല്ലോ :)

പുള്ളി said...

നാല്‌വര്‍ രസകരം. ഇത് ചൊല്ലുന്നത് കേട്ട് അടുത്തിരുന്നയാള്‍ ഇന്നസെന്റ് ശൈലിയില്‍ ചുണ്ടു വക്രിപ്പിച്ച് എന്നെ ഒരു നോട്ടം. ശ്രമിച്ചുനോക്കാം...

ശ്രീ said...

മൂര്‍‌ത്തിയേട്ടാ....
പറഞ്ഞതു പോലെ പണ്ട് അങ്ങിനെയൊക്കെ ചെയ്തു നോക്കിറ്യിട്ടുണ്ടെങ്കിലും അങ്ങനെ നിയമം നോക്കിയൊന്നുമായിരുന്നില്ല....

എന്തായാലും ഇതൊരു പുതിയ അറിവു തന്നെ ആണ്‍....

ഇനിയും ഇത്തരം രസകരവും വിജ്ഞാനപ്രദവുമായ പോസ്റ്റുകള്‍‌ പ്രതീക്ഷിക്കുന്നു....

Santhosh said...

കൊള്ളാം!

കുറുമാന്‍ said...

ഈ വിവരത്തിനു നന്ദി മൂര്‍ത്തി..........

താങ്കളുടെ ടെമ്പ്ലേറ്റും നന്നായിട്ടുണ്ട്........

Kaippally said...

ഇഷ്ടപ്പെട്ടു.
ഈ weekendഇല്ല് ഇതു തന്നെ പണി