Tuesday, July 3, 2007

ടെലിക്കോമില്‍ സംഭവിക്കുന്നത്

“ഹലോ”
“രാമേട്ടനല്ലേ...എന്തൊക്കെയുണ്ട്‌ വിശേഷങ്ങള്‍ ? ചേച്ചിയില്ലേ അവിടെ? ഒന്നു കൊടുക്കുമോ? ഹലോ..
ചേച്ചിയണോ? ...ച്ചേ...കട്ടായി..ഈ ബി.എസ്.എന്‍.എല്ലിന്റെ ഒരു കാര്യം, വീണ്ടും വിളിക്കണം”.

മറ്റു ചിലപ്പോഴോ

“ഹലോ”
നിങ്ങള്‍ വിളിക്കുന്ന സബ്‌സ്ക്രൈബര്‍ പരിധിക്കു പുറത്താണ്.ദയവായി അല്പസമയം കഴിഞ്ഞ് വിളിക്കുക

“ഇവളിത് പറയാന്‍ തുടങ്ങിയിട്ട് നേരം കുറെയായല്ലോ..എപ്പോള്‍ വിളിച്ചാലും ഇത് തന്നെ. ഈ ബി.എസ്.എന്‍.എല്ലിന്റെ കാര്യം”

നമ്മളൊക്കെ പലപ്പോഴും ഇത് പോലുള്ള ഡയലോഗ് ആരെങ്കിലുമൊക്കെ പറയുന്നത് കേട്ടുകാണും. നമ്മള്‍ തന്നെ പറഞ്ഞിട്ടുമുണ്ടാകും

ബി..എസ്.എന്‍.എല്‍ മൊബൈല്‍ വിളിച്ചാല്‍ കിട്ടുകയില്ല. കിട്ടിയാലും കട്ടായിപ്പോകും, പീക് ടൈമില്‍ നോക്കുകയേ വേണ്ട എന്നിങ്ങനെയും ...ഈ സര്‍ക്കാര്‍ വക ഒക്കെ ഇങ്ങനെ ആണ് , മൊബൈല്‍ വലിച്ചെറിയണം എന്നൊക്കെ ഏത് സമാധാന പ്രിയനെക്കൊണ്ടും പറയിക്കുന്ന ഒരു അവസ്ഥ...അല്പം കാശ് കൂടുതല്‍ കൊടുത്താലെന്താ ആ മറ്റേക്കമ്പനി എന്ത് നല്ല സേവനമാ നല്‍കുന്നത് എന്നൊക്കെ തോന്നിപ്പിക്കുന്ന അവസ്ഥ...ബി.എസ്.എന്‍.എല്ലിന്റെ സേവനം മോശമാവുക വഴി മറ്റവര്‍ കയറി ഗോളടിക്കുന്ന ഒരു സ്ഥിതിവിശേഷം...

സ്വകാര്യ മൊബൈലിലേക്ക് മാറണം എന്ന് തോന്നുന്നവരെ കുറ്റം പറയാന്‍ പറ്റില്ല..

എങ്കിലും

പുത്തന്‍ സാമ്പത്തിക നയങ്ങളുടേതായ ഈ കാലഘട്ടത്തില്‍ സ്വകാര്യമേഖലക്ക് പ്രാധാന്യം നല്‍കി സര്‍ക്കാരുകള്‍ വിവിധ മേഖലകളില്‍ നിന്നും പിന്‍‌മാറിക്കൊണ്ടിരിക്കെ, എല്ല്ലാം കമ്പോളത്തിന്റെ നിയമങ്ങള്‍ക്ക് വിട്ടുകൊടുക്കപ്പെട്ടു കൊണ്ടിരിക്കെ സ്വകാര്യ സേവനദാതാക്കള്‍ക്ക് അനുകൂലമായ ഒരു അന്തരീക്ഷം ബോധപൂര്‍വം സൃഷ്ടിക്കപ്പെട്ടുകൊണ്ടിരിക്കുകയാണോ എന്ന് ദോഷൈകദൃക്കുകള്‍ സംശയിച്ചാല്‍ അവരെ കുറ്റം പറയാമോ?

അതും പറ്റില്ല എന്നാണ് ടെലികോം മേഖലയില്‍ നിന്നുള്ള വാര്‍ത്തകളും വിശകലനങ്ങളും സൂചിപ്പിക്കുന്നത്..

ഇക്കഴിഞ്ഞ ജൂണ്‍ 25 മുതല്‍ 29 വരെ ബി.എസ്.എന്‍.എല്ലിലെ തൊഴിലാളികളും എക്സിക്യൂട്ടീവുകളും രാജ്യവ്യാപകമായി പ്രതിഷേധ സമരത്തിലായിരുന്നു..ശമ്പളക്കൂടുതലോ മറ്റ് ആനുകൂല്യങ്ങളോ അല്ലായിരുന്നു വിഷയം...

ബി.എസ്.എന്‍.എല്ലിനെ തകര്‍ക്കാന്‍ സര്‍ക്കാര്‍ കൂട്ടുനില്‍ക്കരുത് എന്നതായിരുന്നു അവരുടെ ആവശ്യം..

ഇന്ന് ബി.എസ്.എന്‍.എല്‍ എത്തിപ്പെട്ടിരിക്കുന്നത് തികച്ചും ഗുരുതരമായ ഒരു അവസ്ഥയിലാണ്. ജി.എസ്.എം വിഭാഗത്തില്‍ രണ്ടാമതായിരുന്ന അവര്‍ ഇന്ന് മൂന്നാം സ്ഥാനത്താണ്. വോഡാഫോണ്‍ എന്ന യു.കെ. കമ്പനി ഈയിടെ ഹച്ച് എസ്സാര്‍ എന്ന സ്വകാര്യ കമ്പനിയുടെ ഷെയറിന്റെ സിംഹഭാഗവും കൈക്കലാക്കുകയുണ്ടായി. അതിനു ശേഷം ഹച്ച് എസ്സാര്‍ 5.4% ശതമാനം വളര്‍ച്ചയോടെ.1.5 ദശലക്ഷം പുതിയ കണക്ഷനുകളുമായി ബി.എസ്.എന്‍.എല്ലിനെ പിന്‍‌തള്ളി രണ്ടാംസ്ഥാനത്തെത്തി. ബി.എസ്.എന്‍.എല്ലിന്റെ വളര്‍ച്ചയാകട്ടെ വെറും 0.24 ദശലക്ഷം പുതിയ കണക്ഷനുകള്‍ മാത്രമായിരുന്നു.കണക്കുകളെ വിശ്വസിക്കാമെങ്കില്‍ മെയ് 2007ല്‍ ജി.എസ്.എം വിഭാഗത്തില്‍ ഹച്ച് എസ്സാറിന് 29.2 ദശലക്ഷം ഉപഭോക്താക്കളും 22.36% മാര്‍ക്കറ്റ് ഷെയറും ഉണ്ട്. ബി.എസ്.എന്‍.എല്ലിന് ഇത് യഥാക്രമം 27.9 ദശലക്ഷവും 21.43 ശതമാനവും ആയിരുന്നു.സി.ഡി.എം.എയും ജി.എസ്.എമ്മും ചേര്‍ത്ത് മൊത്തം കണക്കെടുത്താല്‍ ബി.എസ്.എന്‍.എല്‍ ഇന്ന് രാജ്യത്ത് നാലാമതാണ്. ഭാരതി എയര്‍ടെല്‍(40.7 ദശലക്ഷം ഉപഭോക്താക്കള്‍), റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ്(30.5 ദശലക്ഷം ഉപഭോക്താക്കള്‍) ഹച്ച് എസ്സാര്‍ എന്നിവരാണ് ആദ്യ മൂന്നു സ്ഥാനങ്ങളില്‍.

സത്യത്തില്‍ ഈയൊരു ഭീഷണമായ സംഭവ വികാസം ബി.എസ്.എന്‍.എല്ലിന്റെ നിലനില്പിനെത്തന്നെ മാരകമായി ബാധിച്ചേക്കാം എന്നത് അതിന്റെ യഥാര്‍ത്ഥ ഗൌര്‍വത്തോടുകൂടി വിലയിരുത്തപ്പെടുകയോ വേണ്ട തിരുത്തല്‍ നടപടികള്‍ എടുക്കപ്പെടുകയോ ചെയ്യുന്നുണ്ടോ? ഒരു വര്‍ഷം മുന്‍പെ 45.5 ദശലക്ഷം ജി.എസ്.എം ഉപകരണങ്ങള്‍ വാങ്ങുന്നതിനുള്ള ടെണ്ടറിനു അനുമതി ലഭിച്ചിരുന്നു. എങ്കിലും മോട്ടോറോള കമ്പനി നല്‍കിയ കേസ് ഇതിനു തടസ്സം സൃഷ്ടിച്ചിരുന്നു. രണ്ടു മാസം മുന്‍പേ കമ്പനി കേസ് പിന്‍‌വലിച്ചിട്ടും വാങ്ങാനുള്ള ഓര്‍ഡറുകള്‍ നല്‍കിയില്ല. ഈ കാലതാമസം മറ്റു കമ്പനികള്‍ ശരിക്കും ഉപയോഗിക്കുകയും തങ്ങളുടെ മാര്‍ക്കറ്റ് ഷെയറും ഉപഭോക്താക്കളുടെ എണ്ണവും വര്‍ദ്ധിപ്പിക്കുകയും ചെയ്തു.

ശ്രീ. സീതാറാം യെച്ചൂരി പ്രധാനമന്ത്രി ഡോ.മന്‍‌മോഹന്‍ സിങ്ങിനു എഴുതിയ കത്തില്‍ ഇക്കാര്യം എടുത്ത് ചോദിക്കുകയുണ്ടായി.

2006 ആഗസ്റ്റ് 24 നു രാജ്യസഭയില്‍ സീതാറാം യെച്ചൂരി പ്രധാനമന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ത്തന്നെ, കമ്മ്യൂണിക്കേഷന്‍ മന്ത്രിയോട് ഒരു ചോദ്യം ചോദിച്ചിരുന്നു..

ഗവര്‍മ്മെണ്ട് സ്വകാര്യ മൊബൈല്‍ കമ്പനികള്‍ക്കു വേണ്ടി ബി.എസ്.എന്‍.എല്ലിന്റെ പ്രവര്‍ത്തനവും സേവനവുമൊക്കെ മന:പൂര്‍വം മന്ദീഭവിപ്പിക്കുകയാണോ?

ഇതിനു തികച്ചും അഹന്ത നിറഞ്ഞ പ്രതികരണമാണ് മന്ത്രിയില്‍ നിന്നും ഉണ്ടായത്. ഈ ആരോപണവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും അയച്ചുകൊടുത്തിട്ടും ഒരു മറുപടിയും ലഭിച്ചില്ല എന്ന് യെച്ചൂരി പറയുന്നു.

എല്ലാം കൂടി ചേര്‍ത്ത് വായിക്കുമ്പോള്‍ എവിടെയൊക്കെയോ എന്തൊക്കെയോ ചീഞ്ഞുനാറുന്നുണ്ട് എന്ന് പറയേണ്ടി വരും...

16 comments:

മൂര്‍ത്തി said...

ഗവര്‍മ്മെണ്ട് സ്വകാര്യ മൊബൈല്‍ കമ്പനികള്‍ക്കു വേണ്ടി ബി.എസ്.എന്‍.എല്ലിന്റെ പ്രവര്‍ത്തനവും സേവനവുമൊക്കെ മന:പൂര്‍വം മന്ദീഭവിപ്പിക്കുകയാണോ? ഒരു ചെറു കുറിപ്പ്..

രണ്ടുബ്ലോഗും ചേര്‍ത്താല്‍ ഇതെന്റെ 50...

അഞ്ചല്‍ക്കാരന്‍ said...

ശരിയായിരിക്കും. സ്ലോപോയിസണിംഗിലൂടെ ഇഞ്ചിഞ്ചായുള്ള മരണം ബി.എസ്.എന്‍.എല്‍ അഭിമുഖീകരിച്ചു കൊണ്ടിരിക്കായായിരിക്കും.

myexperimentsandme said...

എനിക്കും ഇത് പണ്ടേ തോന്നിയതാണ്. പക്ഷേ സാധാരണക്കാരായ ജോലിക്കാര്‍ ഒരു സര്‍ക്കാര്‍ ജോലിക്കാരില്‍ നിന്നും പ്രതീക്ഷിക്കാത്ത രീതിയിലുള്ള സര്‍വീസാണ് എനിക്കറിയാവുന്ന രണ്ട് വീടുകളിലും തരുന്നത് (അവരുടെ ബ്രോഡ് ബാന്‍ഡ് കണക്ഷനോടനുബന്ധിച്ച്). വിളിച്ചാല്‍ അപ്പോളേ വരും, പ്രശ്‌നം എന്താണെന്ന് നോക്കി നല്ല രീതിയില്‍ പരിഹരിച്ച് തരും (എന്റെ കരിനാക്ക് ഫലിക്കാതിരിക്കട്ടെ).

കോണ്‍‌സ്പിരസി തിയറി ആണോ എന്നറിയില്ല, ബി.എസ്.എന്‍.എല്‍-ലെ ചില മുതിര്‍ന്ന ജോലിക്കാരാണത്രേ സ്വകാര്യന്മാരെ സഹായിക്കാന്‍ കൂട്ടുനില്‍‌ക്കുന്നത്.

നമ്മള്‍ സാധാരണ ജനങ്ങള്‍ വിചാരിച്ചാല്‍ കുറെയൊക്കെ മാറ്റം വരുത്താം എന്നാണ് എന്റെ തോന്നല്‍. ഏഷ്യാനെറ്റും മറ്റും ഗംഭീരന്‍ ഓഫര്‍ പരസ്യം ചെയ്തിട്ടും ഞാന്‍ എനിക്ക് സ്വാധീനം ചെലുത്താവുന്നിടത്തെല്ലാം പറഞ്ഞ് ബി.എസ്.എന്‍.എല്‍-ന്റെ ബ്രോഡ് ബാന്‍ഡ് കണക്ഷന്‍ തന്നെ എടുപ്പിച്ചു (എന്തായാലും ഏഷ്യാനെറ്റിനെക്കാളും ഭേദമാണെന്നാണ് രണ്ടും ഉപയോഗിച്ചവര്‍ പറയുന്നത്). അതുപോലെ തന്നെ അവരുടെ മൊബൈലും എടുപ്പിച്ചു. അണ്ണാര്‍ തന്നാല്‍. അങ്ങിനെ ഒരു നൂറുപേര്‍ വേറൊരു രണ്ട് പേരെ വെച്ച് ഇരുനൂറായി, ആ ഇരുനൂറു പേര്‍.... (ഈ ചെയിന്‍ മെയിലൊക്കെ അയയ്ക്കുന്നവര്‍ അതിനു പകരം ഇക്കാര്യം പറഞ്ഞ് കൂട്ടുകാരെയൊക്കെ ക്യാന്‍‌വാസ് ചെയ്യിച്ചിരുന്നെങ്കില്‍...) :)

ചിലപ്പോള്‍ ബി.എസ്.എന്‍.എല്‍ കാരുടെ ഗമയും തോന്ന്യവാസങ്ങളുമൊക്കെ അഭിമുഖീകരിക്കേണ്ടി വന്നേക്കാം. ചിലപ്പോള്‍ കണക്ഷനും വേണ്ടസമയത്ത് കിട്ടിയില്ലെന്നും വരാം. പക്ഷേ ഇതൊന്നുമില്ലാതെയും ഒരു കാലത്ത് ആള്‍ക്കാര്‍ ജീവിച്ചിരുന്നു എന്ന് ആ അവസരങ്ങളിലൊക്കെയോര്‍ത്ത് കുറച്ച് ക്ഷമ കാട്ടി ആള്‍ക്കാര്‍ ബീയെസ്സെന്നെലില്‍ തന്നെ ഉറച്ച് നിന്നാല്‍ സ്വകാര്യന്മാരെ ചെറുതായെങ്കിലും ഒന്ന് തോണ്ടാന്‍ വയ്യേ...?

Vinu said...

എന്റെ അഭിപ്രായത്തില്‍ സര്‍ക്കാര്‍ വലിയ തെറ്റൊന്നും ചെയ്യുന്നില്ല, മറിച്ചു സ്വകാര്യവല്ക്കരണം പ്രോത്സാഹിക്കുക വഴി നല്ല കാര്യമാണു ചെയ്തതു. ബി. എസ്. എന്‍. എല്‍ ഫോണിനു വേണ്ടി 7-8 വര്‍ഷം കാത്തു നിന്ന അനുഭവവും പിന്നെ ബി. എസ്. എന്‍. എല്‍ ഇല്‍ തന്നെ കുറച്ചു കാലം ജോലിയുടെ ഭാഗമായുണ്ടായ അനുഭവവും തന്നെ ധാരാളം. അതും പോരാഞിട്ടു ബി. എസ്. എന്‍. എല്‍ ഉപഭോക്താവുമാണ്.

ഏറെക്കുറെ സ്വകാര്യവല്‍ക്കരണം നടപ്പിലാക്കുന്നതിനു ഇന്ത്യയില്‍ ഏറ്റവും നല്ല ഉദാഹരണമാണു ടെലികോം സെക്ടര്‍. നന്നയി പ്രവര്‍ത്തിക്കുന്ന ഒരു റെഗുലേറ്ററും പിന്നെ അതിന്റെ മേലെ കംബനികള്‍ തമ്മിലുള്ള പ്രശ്നങള്‍ പരിഹരിക്കന്‍ ഒരു ട്രിബ്യൂണലും. മൊബൈല്‍ സര്‍വീസു നടത്താന്‍ വേണ്ടി സ്വകാര്യ സ്ഥാപനങള്‍ നല്‍കിയ ലൈസന്‍സ് ഫീയുടെ കണക്കറിഞാല്‍ മാത്രം മതി, സര്‍ക്കാര്‍ അതില്‍ നിന്നു എത്രമാത്രം പൈസ ഉണ്ടാക്കി എന്നറിയാന്‍. അതു കൂടാതെ റെവെന്യു ഷെയറിങ് തുടങിയ പല സംഭവങളും ബി. എസ്. എന്‍. എല്‍ സഹായകരമായി. ഇപ്പോള്‍ പുതിയ നംബര്‍ പോര്‍ട്ടിങിലും സര്‍ക്കാര്‍ നിലപാട് ബി. എസ്. എന്‍. എല്‍ അനുകൂലമാണു. വിപണിയില്‍ മത്സരം വര്‍ദ്ദിപ്പിക്കാന്‍ വേണ്ടി ഉള്ള നംബര്‍ പോര്‍ട്ടിങ് കാര്യമായി മത്സരമൊന്നും ഇല്ലാത്ത ലാന്ഡ് ലൈന്‍ സെക്ടര്‍ വിട്ടിട്ടു കടുത്ത മത്സരം നടക്കുന്ന മൊബൈല്‍ സെക്ടറില്‍ ആണു ആദ്യം പ്രൊപ്പോസ് ചെയ്തിരികുന്നതു എന്നതു ബി. എസ്. എന്‍. എല്‍ നെ അല്ലാതെ ആരെ സഹായികാനാണു ?

പൊതുമേഖലാ സ്ഥാപനങളുടെ നടത്തിപ്പില്‍ ഉള്ള പിടിപ്പുക്കേടും കാര്യക്ഷമതയില്ലായ്മയും മാത്രമാണു ബി. എസ്. എന്‍. എല്‍ ഇന്റെ പ്രശ്നം. ബി. എസ്. എന്‍. എല്ലിനുള്ള അടിസ്ഥാന സൌകര്യങള്‍ വച്ചു നോക്കിയാല്‍ മറ്റു കംബനികളൊന്നും ബി. എസ്. എന്‍. എല്ലിന്റെ അടുത്തു പോലും എത്താന്‍ പറ്റുന്ന സ്ഥിതിയില്‍ ആയിരുന്നില്ല. സമരം വിട്ടു, പഴയ സര്‍ക്കാര്‍ ജോലി മനോഭാവം (എല്ലാ സര്‍കാര്‍ ഉദ്യോഗസ്ഥരും കാര്യക്ഷമത ഇല്ലാത്തവര്‍ എന്നു ഞാന്‍ ഉദ്ദേശിച്ചിട്ടില്ല, ആത്മാര്‍ഥമായി ജോലി ചെയ്യുന്നവര്‍ ധാരാളമുള്ള സ്ഥലമാണു കേരളം) വിട്ടു കാര്യക്ഷമമായി ജോലി ചെയ്താല്‍ തന്നെ കംബനി രക്ഷപ്പെടും. പഴയ മട്ടില്‍ തുടര്‍ന്നാല്‍ കംബോള വ്യവസ്ഥിതിയുടെ ശക്തികള്‍ക്കടിപ്പെട്ടു നിലയില്ലാകയത്തിലേക്കു പോകുകയെ ഉള്ളു. സര്‍ക്കാരിനു സഹായിക്കാം പക്ഷെ എത്ര കാലം ?

അപ്പു ആദ്യാക്ഷരി said...

മൂര്‍ത്തിമാഷേ, കണക്കുകള്‍ ശരിയായിരിക്കാം. പക്ഷേ ഒന്നുണ്ട്. ബി.എസ്.എന്‍.എല്‍ നല്‍കുന്ന ലാന്റ് ലൈന്‍ സേവനങ്ങളും, അവരുടെ ചാര്‍ജ്ജും മറ്റു പല (സാമ്പത്തികമായി ഉയര്‍ന്ന) രാജ്യങ്ങളേക്കാളും നല്ലതാണ് എന്ന് പറയേണ്ടിയിരിക്കുന്നു.

അന്‍പതാം പോസ്റ്റിന് അഭിനന്ദനങ്ങള്‍!

പുള്ളി said...

വക്കാരി പറഞ്ഞതിനോട് ഞാന്‍ പൂര്‍ണ്ണമായും യോജിയ്ക്കുന്നു. അപേക്ഷിച്ച് ദിവസം തന്നെ ബ്രോഡ്ബാന്‍ഡ് കണക്ഷന്‍ തരികയും. നെറ്റ്വര്‍ക്ക് കാര്‍ഡ് ഇല്ലാതിരുന്ന പി.സി യില്‍ അതു വെച്ചുകൊടുത്ത് നെറ്റ് കണക്ഷന്‍ എല്ലം ശരിയാണെന്ന് ഉറപ്പുവരുത്തുകകൂടി ചെയ്ത പ്രൊഫഷ്ണലുകള്‍ BSNLല്‍ ഉണ്ട്. അന്നുമുതലിന്നുവരെ യാതൊരു ഡൗണ്ടൈമും കൂടാതെ അതു പ്രവര്‍ത്തിയ്ക്കുന്നുമുണ്ട്. ഞാനിപ്പോള്‍ നാട്ടില്‍ ഉപയോഗിച്ചുകൊണ്ടിരിയ്ക്കുന്നതും ആ കണക്ഷന്‍ തന്നെ.
ചില മന്ത്രിമാരുടേയോ ഏതാനും ചില ഉദ്യോഗസ്ഥരുടേയോ സ്ഥാപിത താല്പ്പര്യങ്ങള്‍ക്കായി നല്ലരീതിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു പൊതുമേഖലാകമ്പനിയെ വെള്ളാനയാക്കി മാറ്റുനത് കഷ്ടം‍ തന്നെ.

മൂര്‍ത്തിയ്ക് അമ്പതിന്റെ അനുമോദനങള്‍...

N.J Joju said...

ബി.എസ്.എന്‍.എലിന്റെ സേവനങ്ങള്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി പഴയതില്‍ നിന്നും മെച്ചപ്പെട്ടുണ്ട്.

വിനുവിന്റെ അഭിപ്രായങ്ങള്‍ ശ്രദ്ധയര്‍ഹിക്കുന്നു.

Vivara Vicharam said...

In Telecom sector, as in other sectors, the Govt is promoting the private sector. Whether it is right or wrong, will be proved by time. It is true that there was the lethargy, lack of dynamism etc in the past, and is still continuing. But that doesnot mean that DoT and now BSNL is second to none, not only in Telecom sector, but also in the entire industry ?
If growth rate was the criteria, it used to be above 20% during 90's, capital return, second only to ONGC, which dig up natural resource. In terms of technology adoption and assimilation, there was a lag of only three to four years from the day it is used any where in the world. This used to be the history at any stage of development of communication technology. So, I dont join with the mudslinging campaign against DoT or now BSNL.

The Govt is not to be blamed for promoting private sector,which it has been doing all along, but is to be condemned for the will ful blocking of earlier DoT and now BSNL from entering the new business areas, earlier mobile and now new 3G mobile (Including wireless broadband). The Motorlla case and the attitude of the Govt are indicating a planned effort on the part of the authorities and the private operators to block or delay the entry of BSNL in 3G mobile services, where BSNL would have got an edge with the on going tender for capacity expansion. DoT, converted into BSNL in 2000, was not permitted to enter mobile sector till 2002, and now the same attitude repeated with a different arguement.

Once BSNL entered, the rates came down from Rs.16.49 per minute to the present 40 ps and even less in own networks. So, it is not the competition that brings down the rate, but is the presence of a public sector service provider that contributes to rate revision, added with fast development in technology. Had the PSU been not there, even the technological advantages would have been conrnered by the monopoly as profit without allowing rate reduction. Rate is, again, related to the total cost or revenue of the industry, which has not changed much, considering the expansion in number of connections, customer base and user base.(Earlier many used one phone, while now one uses many phones, resulting in reduction of rate.)

BSNL has another role to play, in catering the modern information needs of the people of the emerging information society. Every service sector is being transformed with the application of modern information technology, which is nothing but communication technology, where BSNL has to step in to protect the interest of the common people and the society, failing which the IT MNCs will rule the roost.
Turn to banking, insurance, education, trade, commerce,governance, every where the ongoing transformation is guided and prompted by communication technology. Here is the need for a thorough discussion on the alternatives possible.

Thomas.

Harold said...

ഗവര്‍മ്മെണ്ട് സ്വകാര്യ മൊബൈല്‍ കമ്പനികള്‍ക്കു വേണ്ടി ബി.എസ്.എന്‍.എല്ലിന്റെ പ്രവര്‍ത്തനവും സേവനവുമൊക്കെ മന:പൂര്‍വം മന്ദീഭവിപ്പിക്കുക തന്നെയാണ്.തെല്ലും സംശയിക്കേണ്ട കാര്യമില്ല.പക്ഷേ എന്തിനു്? അതാണു് പ്രസക്തമായ ചോദ്യം.

നമുക്കെല്ലാം അറിയാവുന്ന പോലെ ബ്രിട്ടീഷുകാരാണല്ലോ ഭാരതത്തില്‍ കമ്പിയും തപാലും കൊണ്ടു വന്നത്. 1850കളില്‍ കല്‍ക്കത്തയേയും റംഗൂണിനേയും കറാച്ചിയേയും മറ്റും ലണ്ടനുമായി ബന്ധിപ്പിക്കുന്ന ടെലിഗ്രാഫ് ശൃംഖല(അക്ഷരാര്‍ത്ഥത്തില്‍ പോസ്റ്റിട്ടു കമ്പി വലിക്കല്‍ ഉള്‍പ്പെടെ) സൃഷ്ടിക്കാന്‍ ഒരു മുതലാളിക്കും കഴിയുമായിരുന്നില്ല എന്നതല്ലെ വസ്തുത? ഇന്നത്തെ സ്ഥിതിയോ? കൂടുതല്‍ മാര്‍ക്കറ്റ് ഷെയര്‍ അവകാശപ്പെടുന്ന കമ്പനികള്‍ പോലും DOTയും BSNLഉം പൊതുജനങ്ങളുടെ നികുതിപ്പണം കൊണ്ടു പടുത്തുയര്‍ത്തിയ അടിസ്ഥാന സൌകര്യങ്ങളല്ലെ ഉപയോഗിക്കുന്നത്?

അതു പോലെ, നമുക്കെല്ലാം അറിയാം ഒരു സുപ്രഭാതത്തില്‍ എങ്ങനെയാണ് DOTക്കു് ഏറ്റവും കൂടുതല്‍ വരുമാനം നേടിക്കൊടുത്തുകൊണ്ടിരുന്ന VSNL ഒരു ടാറ്റാ കമ്പനി ആയതെന്ന്. പഴയ പി&ടിയെ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് പോസ്റ്റും, ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ടെലിക്കോമും ആക്കി, പിന്നീട് ഏറ്റവും കൂടുതല്‍ കണക്ഷനും വരുമാനവും ഉള്ള മുംബൈ , ദെല്‍ഹി സെക്ടറുകള്‍ MTNL ആക്കി മാറ്റിയതും എന്തിനായിരുന്നു? സത്യത്തില്‍ ഇവയൊക്കെ സ്വകാര്യവത്ക്കരണത്തിനു കളമൊരുക്കല്‍ ആയിരുന്നില്ലേ?

വക്കാരി പറഞ്ഞു ``ബി.എസ്.എന്‍.എല്‍-ലെ ചില മുതിര്‍ന്ന ജോലിക്കാരാണത്രേ സ്വകാര്യന്മാരെ സഹായിക്കാന്‍ കൂട്ടുനില്‍‌ക്കുന്നത്.'' ആണോ? ഉദ്യോഗസ്ഥര്‍ക്കു ചെയ്യുന്നതിനു പരിമിതികളില്ലേ? ഏതെങ്കിലും ഉദ്യോഗസ്ഥന്‍ മാത്രം വിചാരിച്ചാല്‍ കേരളം മുഴുവന്‍ കെ.എസ്.ഇ.ബി പോസ്റ്റിലൂടെ കേബിള്‍ വലിക്കാന്‍ ഏഷ്യാനെറ്റിനു ആകുമോ? ഇത്ര ലളിതമാണോ സ്ഥിതി?

വിനു പറഞ്ഞു “സമരം വിട്ടു, പഴയ സര്‍ക്കാര്‍ ജോലി മനോഭാവം വിട്ടു കാര്യക്ഷമമായി ജോലി ചെയ്താല്‍ തന്നെ കമ്പനി രക്ഷപ്പെടും“.ശരിയാണോ? ഇതു യഥാര്‍ത്ഥ പ്രശ്നത്തെ തീര്‍ത്തും ലളിതവത്ക്കരിക്കുന്നില്ലേ?

തോമസിന്റെ കമന്റില്‍ വരാനിരിക്കുന്ന ഭീകര ദിനങ്ങളുടെ ഒരു നഖചിത്രമുണ്ട്. അതിനെ മുറിച്ചു കടക്കാനുള്ള ചില സൂചനകളും. BSNL നെ ടെലഫോണ്‍/ബ്രോഡ് ബാന്‍ഡ് സേവന ദാതാവ് എന്ന നിലയില്‍ മാത്രം ചുരുക്കി കാണാതെ, അതിനെ നമ്മുടെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായി കാണാന്‍ എന്നാണാവോ നമ്മുടെ ഭരണാധികാരികള്‍ക്കു കഴിയുക?

ശ്രീ തോമസ് പറയുന്നതുപോലെ ബാങ്കിങ്ങ്, ഇന്‍ഷുറന്‍സ്, വിദ്യാഭ്യാസം, കച്ചവടം, കോമേഴ്സ്, ഭരണം തുടങ്ങി എല്ലാ മേഖലകളിലേയും പരിവര്‍ത്തനങ്ങള്‍ക്ക് വഴികാട്ടിയും പ്രചോദനവും ആകുന്നത് കമ്മ്യൂണിക്കേഷന്‍ സാങ്കേതിക വിദ്യയാണ്. രാജ്യരക്ഷയേയും സമ്പദ് വ്യവസ്ഥയെത്തന്നെയും അമ്മാനമാടുവാന്‍ കെല്‍പ്പുള്ള അന്താരാഷ്ട്ര മൂലധനത്തിന്റെ ഇവിടേക്കുള്ള അനിയന്ത്രിതമായ കടന്നു കയറ്റം ഒരു പരിധി വരെയെങ്കിലും കടിഞ്ഞാണിടാന്‍ BSNLനു കഴിയും. അതിനെ കൂടുതല്‍ ശക്തിപ്പെടുത്തേണ്ടിയിരിക്കുന്നു.തീര്‍ച്ച

മൂര്‍ത്തി said...

ഇന്ന് (07/07/07) ദേശാഭിമാനിയില്‍ കണ്ട ഒരു വാര്‍ത്തയനുസരിച്ച് ടെണ്ടര്‍ പരിഷ്കരണത്തിലൂടെ ബി.എസ്.എന്‍.എല്ലിനു 30,000 കോടി രൂപ നഷ്ടമാകുകത്രെ.മൊബൈല്‍ ഫോണില്‍ ടെലിവിഷന്‍ കാണുന്നതുള്‍പ്പെടെയുള്ള അത്യന്താധുനിക സാങ്കേതിക വിദ്യക്ക് ആവശ്യമായ മൂന്നാം തലമുറ(3ജി)ഒഴിവാക്കി ടെണ്ടര്‍ പരിഷ്കരിച്ചതിലൂടെ ഈ രംഗത്ത് സ്വകാര്യ കമ്പനികളുടെ മുന്നേറ്റമായിരിക്കുമത്രേ.പുതിയകണക്ഷനുകള്‍ നല്‍കാന്‍ സാധിക്കാത്തതും ചേര്‍ത്താല്‍ രണ്ടു വര്‍ഷത്തിനുള്ളില്‍ നഷ്ടപ്പെടുന്നത് 30,000 കോടി രൂപയായിരിക്കുമെന്നും വാര്‍ത്ത പറയുന്നു.

മൂര്‍ത്തി said...

ഇന്ന് (07/07/07) ദേശാഭിമാനിയില്‍ കണ്ട ഒരു വാര്‍ത്തയനുസരിച്ച് ടെണ്ടര്‍ പരിഷ്കരണത്തിലൂടെ ബി.എസ്.എന്‍.എല്ലിനു 30,000 കോടി രൂപ നഷ്ടമാകുകത്രെ.മൊബൈല്‍ ഫോണില്‍ ടെലിവിഷന്‍ കാണുന്നതുള്‍പ്പെടെയുള്ള അത്യന്താധുനിക സാങ്കേതിക വിദ്യക്ക് ആവശ്യമായ മൂന്നാം തലമുറ(3ജി)ഒഴിവാക്കി ടെണ്ടര്‍ പരിഷ്കരിച്ചതിലൂടെ ഈ രംഗത്ത് സ്വകാര്യ കമ്പനികളുടെ മുന്നേറ്റമായിരിക്കുമത്രേ.പുതിയകണക്ഷനുകള്‍ നല്‍കാന്‍ സാധിക്കാത്തതും ചേര്‍ത്താല്‍ രണ്ടു വര്‍ഷത്തിനുള്ളില്‍ നഷ്ടപ്പെടുന്നത് 30,000 കോടി രൂപയായിരിക്കുമെന്നും വാര്‍ത്ത പറയുന്നു.

Unknown said...

മൂര്‍ത്തി മാഷേ,
നല്ല പോസ്റ്റ്. ശ്രീ.തോമസ് കമന്റില്‍ പറഞ്ഞത് പോലെ പബ്ലിക് സെക്റ്റര്‍ യൂണിറ്റിന്റെ സാനിധ്യം കോള്‍ റേറ്റുകളെ കുറയ്ക്കും എന്നത് തന്നെയാവണം 3ജി പോലെയുള്‍ല സെക്റ്ററുകളില്‍ ബീസെന്നെലിനെ മാറ്റി നിര്‍ത്താനുള്ള ലോബ്യിങ് കളിയ്ക്ക് സ്വകാര്യ കമ്പനികളെ പ്രേരിപ്പിയ്ക്കുന്നത്. ഇന്ത്യയിലെ ടെലികോമിന്റെ വളര്‍ച്ച ശ്രദ്ധിച്ചാല്‍ ഒര് വന്‍ കുംഭകോണം നടക്കാന്‍/നടന്നിരിക്കാന്‍ എല്ലാ സാധ്യതയുമുണ്ട്.

മൂര്‍ത്തി said...

ഇന്നത്തെ ഹിന്ദു വാര്‍ത്തയനുസരിച്ച് 45.5 ദശലക്ഷം സെല്ലുലാര്‍ ലയിനുകള്‍ വാങ്ങാനുള്ള ബി.എസ്.എന്‍.എല്ലിന്റെ നീക്കം കേന്ദ്ര കമ്മ്യൂണിക്കേഷന്‍& ഇന്‍ഫൊര്‍മേഷന്‍ ടെക്നോളജി മന്ത്രി എ.രാജ തടഞ്ഞിരിക്കുകയാണ്. MTNL 2845 വീതം നല്‍കി വാങ്ങുന്ന 2ജി, 3ജി ഉപകരണങ്ങള്‍ക്ക് ഏറ്റവും കുറഞ്ഞ കൊട്ടേഷന്‍ അനുസരിച്ച് BSNL 4940 രൂപയാണത്രേ. വ്യത്യാസത്തെ 45.5ദശലക്ഷം കൊണ്ടു പെരുക്കിയാല്‍ കൂടുതലായി ചിലവാകുന്നത് 10,000 കോടിയാണെന്നും അത് അനുവദിക്കാനാവില്ലെന്നും മന്ത്രി പറഞ്ഞിരിക്കുന്നു. പിശക് ഏതു ഘട്ടത്തില്‍ കണ്ടാലും തിരുത്തേണ്ടതുണ്ടെന്നും അത് വികസനത്തെ പിന്നോട്ട് വലിക്കുമെങ്കില്പോലും എന്ന് മന്ത്രി പറഞ്ഞിരിക്കുന്നു.
2006 മാര്‍ച്ചിലാണ് BSNL ആദ്യ കൊട്ടേഷന്‍ വിളിച്ചത്. ടെണ്ടര്‍ സ്പെസിഫിക്കേഷന്‍ നിര്‍ദ്ദേശിക്കുന്നത് അനുസരിച്ചുള്ള ഉപകരണങ്ങള്‍ നല്‍കാനാവാത്തതുമൂലം കമ്പനികളൊന്നും പങ്കെടുത്തില്ല. തുടര്‍ന്ന് നടന്ന ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ സ്പെസിഫിക്കേഷനില്‍ BSNL മാറ്റം വരുത്തിയപ്പോള്‍ മോട്ടോറോള, zte എന്നിവര്‍ അയോഗ്യരായി. എറിക്സണ്‍, നോകിയ, സീമെന്‍സ് എന്നിവരാണ് ബാക്കിയായത്. മോട്ടോറോളയെപ്പോലെ ഒരു കമ്പനി technically qualified അല്ലാതായത് അത്ഭുതമുണര്‍ത്തുന്നുവെന്ന് മന്ത്രി പറഞ്ഞു.
സപ്ലൈ ഓര്‍ഡര്‍ നല്‍കുന്നത് വിലക്കിക്കൊണ്ട് മന്ത്രി BSNLനു കത്തയച്ചിട്ടുണ്ട്.
മൊത്തത്തില്‍ എല്ലാം പിന്നേയും വൈകും എന്ന് ചുരുക്കം.
വാര്‍ത്ത ഇവിടെ

Harold said...

ഇന്ത്യ കണ്ട ഊര്‍ജസ്വലനും പ്രഗത്ഭനുമായ കമ്യൂണിക്കേഷന്‍ മന്ത്രി ദയാനിധി മാരന്‍ മന്ത്രിസഭയില്‍ നിന്നും പുറത്ത്. മാരനെ രാജ തിരുത്തുന്നു...ശേഷം വരികള്‍ക്കിടയില്‍....

മൂര്‍ത്തി said...

45.5 ദശലക്ഷം GSM ലൈനുകളുടെ ടെണ്ടര്‍ വൈകുന്നതില്‍ പ്രതിഷേധിച്ചും, ബി.എസ്.എന്‍.എല്ലിന്റെ തകര്‍ക്കരുതെന്ന് ആവശ്യപ്പെട്ടും ഇന്നു രാവിലെ 6 മണിക്ക് തുടങ്ങിയ ബി.എസ്.എന്‍.എല്‍ ജീവനക്കാരുടെ സമരം രാത്രി 12 മണിക്ക് തീരുന്നു. ബി.എസ്.എന്‍.എല്ലിന്റെയും ജീവനകാരുടേയും താല്പര്യങ്ങള്‍ സംരക്ഷിക്കപ്പെടുമെന്ന് മന്ത്രി രാജ നല്‍കിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണിത്. (ഹിന്ദു വാര്‍ത്ത)

ഡി .പ്രദീപ് കുമാർ said...

പോസ്റ്റ് വായിച്ചു.ആളെ തീരെ പിടി കിട്ടുന്നില്ല.ഒരു ആകാശവാണി കണക്ഷന്‍?