Saturday, September 1, 2007

മറവി

"The name of the author is the first to go followed obediently by the title, the plot,the heart breaking conclusion, the entire novel which suddenly becomes one you have never read..."

- US Poet Laureate Billy Collins



ഉച്ചക്ക് ഹോട്ടലില്‍ ചെന്നതാണ്.

പാര്‍സലും വാങ്ങി പൈസ എത്ര എന്നു പറയുന്നതിനു മുന്‍പ്‌ തന്നെ നൂറു രൂപ കൌണ്ടറിലിരിക്കുന്ന പയ്യനെ ഏല്‍പ്പിച്ചു. അവനതു വാങ്ങി മേശക്കകത്തിട്ടു.
എന്നിട്ട് കണക്കുകൂട്ടി നോക്കിപ്പറഞ്ഞു 36 രൂപ.

അതും പറഞ്ഞ് പയ്യന്‍ എന്നെത്തന്നെ നോക്കിനില്‍പ്പായി.

ഞാന്‍ പ്രതീക്ഷയോടെ അവനേയും...ബാലന്‍സ് കിട്ടണമല്ലോ..

കുറച്ചു നേരത്തേക്ക് രണ്ടുപേരും പ്രതീക്ഷയോടെ അന്യോന്യം നോക്കി നിന്നു...

പൈസ എന്റെതായതു കൊണ്ട് ഞാന്‍ മുരടനക്കി.

ഭായീ..എന്റെ ബാക്കി..

സാര്‍ നീങ്ക പൈസ കുടുക്കലൈ...

ഭായീ ഞാന്‍ 100 രൂപ കൊടുത്തു ആദ്യം തന്നെ

ഇല്ലൈ സാര്‍ നീങ്ക കുടുക്കലൈ..

ഞാന്‍ ഉറപ്പിച്ച് പറഞ്ഞു 100 രൂപായ് കുടുത്തേന്‍ ഭായീ...ഉള്ളേ പാര് എന്നിട്ട് ബാക്കി താ..

എന്റെ മുഖത്തേക്ക് ഒന്നുകൂടി നോക്കി, തല കുറച്ചു നേരം അങ്ങോട്ടുമിങ്ങോട്ടുമാട്ടി അവന്‍ പൈസ തന്നു...സ്ഥിരം കുറ്റിയായതിന്റെ വിശ്വാസത്തിന്റെ പുറത്താണെന്ന് കൂട്ടിക്കോളൂ..

തന്നില്ലായിരുന്നെങ്കില്‍ അവിടെ അടി ആവുമാ‍യിരുന്നു.

ആ പയ്യന്‍ നൂറു ശതമാനം വിശ്വാസത്തില്‍ത്തന്നെയാണ് പറഞ്ഞത് ഞാന്‍ പൈസ കൊടുത്തിട്ടില്ലെന്ന്.. ഞാനാണെങ്കില്‍ കണ്ണുകൊണ്ട് കണ്ടതുമാണ് ഞാന്‍ പൈസ കൊടുക്കുന്നത്.

ഇങ്ങനെ അടി ഉണ്ടാക്കാനിടയാക്കുന്ന രീതിയില്‍ സ്‌പ്ലിറ്റ് സെക്കന്റില്‍ മനുഷ്യനു സംഭവിക്കുന്ന മറവികളുടെ രഹസ്യമെന്താണാവോ?

കാലത്തിനു മായ്ക്കാന്‍ കഴിയാത്ത മുറിവുകളില്ലാതിരിക്കുന്നതും മറവി കൊണ്ട് തന്നെ അല്ലേ?

12 comments:

മൂര്‍ത്തി said...

ഒരു ചിന്ന പോസ്റ്റ്..

myexperimentsandme said...

യ്യോ പറഞ്ഞറിയിക്കാന്‍ പറ്റാത്ത വികാരം. എനിക്കും പറ്റിയിട്ടുണ്ട്. ഭാഗ്യത്തിന് ഒന്നും പറ്റിയില്ല. അല്ലെങ്കില്‍ എന്തെങ്കിലും പറ്റിയേനെ.

ഇതുപോലെ ആയിരം യെന്നിന് നാനൂറ് രൂപയില്‍ താഴെ മാത്രം വിലയുള്ള ജപ്പാനില്‍ ഒരു കമ്പു വാങ്ങാന്‍ പോയി യെന്നെണ്ണെയെണ്ണിയെണ്ണി... (ഇരുപതിനായിരത്തിനപ്പുറം ജീവിതത്തില്‍ ഒന്നും എണ്ണിയിട്ടില്ലാത്ത ഞാന്‍ ഒരു വിധത്തില്‍ ഒരു ലക്ഷം വരെ എണ്ണിയൊപ്പിച്ചു. ഒരു ലക്ഷം കഴിഞ്ഞ് ഒരുലക്ഷത്തിയായിരമാണോ ഒരുലക്ഷത്തിപ്പതിനായിരമാണോ എന്ന് മൊത്തം കണ്‍ഫ്യൂഷന്‍) അവസാനം കടക്കാരനെത്തന്നെ പൈസാക്കെട്ട് ഏല്‍‌പിച്ചു, എണ്ണിക്കോളാന്‍ പറഞ്ഞ്. എല്ലാം കഴിഞ്ഞ് ഒരു പതിനായിരം യെന്നിന്റെ കാര്യത്തില്‍ എനിക്കിപ്പോഴും സംശയമുണ്ട്- അടുത്ത ദിവസം കടയില്‍ ചെന്ന് കണ്‍ഫേം ചെയ്‌തതാണെങ്കില്‍ കൂടിയും.

Unknown said...

black out,absent-mindedness അങ്ങനെ ചിലതായിരുന്നിരിക്കാം ആ പയ്യന്റെ തലച്ചോറില്‍ പെട്ടെന്നു് ഉണ്ടായ ഇരുട്ടിനു് കാരണം. എന്തു് അനുഭവങ്ങളോ ചിന്തകളോ ഒക്കെ ആയിരുന്നു അവനെ അലട്ടിയിരുന്നതെന്നു് ആര്‍ക്കറിയാം? അതല്ലെങ്കില്‍, നീട്ടിയ പണം യാന്ത്രികമായി (ബോധമനസ്സിന്റെ പങ്കാളിത്തമില്ലാതെ) വാങ്ങി മേശയിലിട്ടതാവാനും മതി. എത്രയോ പ്രാവശ്യം ആവര്‍ത്തിച്ചു് ശീലമായ, തുക പറഞ്ഞു് പണം വാങ്ങുന്ന സാധാരണ രീതി മൂലം അവന്‍ പണം വീണ്ടും പ്രതീക്ഷിക്കുകയും ചെയ്തു. (ഇതു് അവനെടുത്ത ഒരു കുതന്ത്രമായിക്കൂടെന്നുമില്ല.)മനുഷ്യമനസ്സു് ഒരു സമുദ്രമാണെന്നല്ലേ?
കോടാനുകോടി Neurons തലച്ചോറില്‍ കാണിച്ചുകൂട്ടുന്ന "കോപ്രാട്ടികള്‍" ഓരോന്നും തിരിച്ചറിയാന്‍ ശ്രമിക്കുന്നതു് വയ്ക്കോല്‍തുറുവില്‍ സൂചി തേടുന്നതിനു് തുല്യമല്ലേ ആവൂ?

മറവിയെപ്പറ്റി Sigmund Freud:
"നമുക്കു് നിത്യാനുഭവമായ മറവി എന്ന പ്രക്രിയ ഓര്‍മ്മയില്‍ പതിഞ്ഞ അനുഭവകാലടിപ്പാടുകളുടെ നിത്യമായ നശീകരണമല്ല; നേരേമറിച്ചു്, മാനസികതയുടെ തലങ്ങളില്‍ ഒരിക്കല്‍ രൂപമെടുത്തവ അനുയോജ്യമായ സാഹചര്യങ്ങളില്‍ ഭൂതകാലത്തിലേക്കുള്ള മടക്കയാത്രകളിലൂടെ വീണ്ടും ഉണര്‍ത്തപ്പെടാന്‍ ഉതകുന്ന വിധത്തില്‍ എങ്ങനെയോ മനസ്സില്‍ എന്നേക്കുമായി സൂക്ഷിക്കപ്പെടുകയാണു്".

മന്‍സുര്‍ said...

പ്രിയ മൂര്‍ത്തി

എന്തോ പറയാന്‍ വേണ്ടി വന്നതാണ്‌ ഓ മറന്ന് പോയി.
ആ ഓര്‍മ്മ വന്നു മറവിയെ കുറിച്ച് തന്നെ.ഇത്തരം അനുഭവങ്ങള്‍ നിത്യജീവിതത്തില്‍ ധാരാളമായ് നമ്മുക്ക് പറ്റാറുണ്ടു....പക്ഷേ ഇല്ലാത്ത മറവി ഉണ്ടാക്കി നമ്മല്ളെ പറ്റികുന്നവരും നമ്മുക്കിടയില്‍ ഉണ്ടു എന്ന സത്യം പറയട്ടെ.

ഒരു മറവിയില്‍ മറക്കുന്നു ഞാന്‍
യെന്‍ മനസ്സിലെ നൊംബരങ്ങളൊക്കെയും
ചിലത് മറകുന്നേരം ശപികുന്നു ഞാനെന്നെ
ചിലപ്പോല്‍ പുകഴ്ത്തുന്നു ഞാനെന്‍ മറവിയെ
മറവി നീ എന്തെയ് മറന്ന് പോകാത്തതെന്നെ..


മന്‍സൂര്‍

സഹയാത്രികന്‍ said...

അയ്യൊന്റെ മൂര്‍ത്തിചേട്ടോ... എനിക്കും പറ്റിയിട്ടുണ്ട് ഇതേപോലെ ഒരബദ്ധം... പലചരക്കു കടക്കാരന്‍ 100 രൂപ വങ്ങി പെട്ടിയിലിട്ടിട്ട്... 10 രൂപ കഴിച്ച് ബാക്കി ചോദിച്ച എന്നോട് പറയണു... "ന്താ കുട്ടീ പറയണേ... കുട്ടി കാശ് തന്നിട്ട്ല്ല്യാന്നേ... ഇനി ഇപ്പൊല്ല്യാച്ചാല്‍ വേണ്ടാന്നേ... കുട്ടി പൊയ്ക്കൊള്ളൂ".
പിന്നെ എനിക്കു തന്നെ സംശയായി.... അവസാനം 10 രൂപ കൂടി കൊടുത്തു.... അങ്ങനെ 10 രൂപേടെ സാധനത്തിനു 110 രൂപ പോയി... ഈശ്വരാ.... എന്നോടെന്തീ ക്രൂരത.....!

:D

കുഞ്ഞന്‍ said...

ശമ്പള ദിവസങ്ങളില്‍ ഞാനും വാമ ഭാഗവുമായി ഇതുപോലെ അടിയുടെ വക്കത്തെത്താറുണ്ട്. അവസാനം അടി കിട്ടിമെന്നുറപ്പാകുമ്പോള്‍,മാനവും ദേഹവും രക്ഷിക്കനായി അവള്‍ പറയുന്നത് അനുസരിക്കും.


എന്റെ വീടിന്റെടുത്തുള്ള രവി നാടു വിട്ട് ബോം‌ബയില്‍ ജോലിക്ക് പോയി,രണ്ടു വര്‍ഷം കഴിഞ്ഞ് അവന്‍ അവന്റെ അമ്മയ്ക്കു കത്തയച്ചു. വിശേഷങ്ങള്‍ എഴുതിയകൂട്ടത്തില്‍ അമ്മയെയും
നാട്ടുകാരേയും അമ്പരപ്പിക്കുന്ന ഒരു വാചകം കത്തിലുണ്ടായിരുന്നു “അനിയത്തി എന്തു ചെയ്യുന്നു,അവളുടെ പേരു ഞാന്‍ മറന്നുപോയ്”. പിന്നീട് 3 വര്‍ഷങ്ങള്‍ക്കു ശേഷം നാട്ടില്‍ തിരിച്ചെത്തിയ രവിയും അമ്മയും ആദ്യ കത്തിലെ വാചകങ്ങള്‍ മറന്നു പോയെങ്കിലും നാട്ടുകാര്‍ മറന്നില്ല!! ശേഷം ചിന്ത്യം!!!

വിഷ്ണു പ്രസാദ് said...

ഞാനിപ്പോള്‍ ഒരു മറവിയാണ് ... :)

ദിവാസ്വപ്നം said...

ജയ്പൂര്‍ സന്ദര്‍ശിച്ചപ്പോള്‍ ഒരു കടയില്‍ നിന്ന് വിലകൂടിയ ഒരു സംഗതി (എന്താണെന്ന് പറയില്ല) വാങ്ങിയിട്ട് അഞ്ഞൂറിന്റെ ഒരു നോട്ട് എടുത്തുകൊടുത്തപ്പോള്‍, കുറച്ചു വര്‍ത്തമാനമൊക്കെ പറഞ്ഞുകഴിഞ്ഞ് കടക്കാരന്‍ ബാക്കിതരുന്നതിനുപകരം പിന്നെയും പണം ചോദിച്ചു. വീണ്ടുമൊരു അഞ്ഞൂറിന്റെ നോട്ട് ഞാനെടുത്തുകൊടുക്കൂകയും ചെയ്തു !

രണ്ടാമതെടുത്തുകൊടുത്ത അഞ്ഞൂറിന്റെ ബാക്കി വാങ്ങിക്കഴിഞ്ഞപ്പോഴാണ്, ആദ്യം ഒരു അഞ്ഞൂറു കൊടുത്തിരുന്നല്ലോയെന്ന് ഓര്‍മ്മ വരുന്നത്. പിന്നൊരു പതിനഞ്ചുമിനിറ്റ് നിന്നുതര്‍ക്കിച്ചിട്ടാ‍ണ് ആദ്യത്തെ അഞ്ഞൂറ് മടക്കിക്കിട്ടിയത് !!

സു | Su said...

മറവി, ഒരു അനുഗ്രഹമാണ്. മറവി, വഴക്കിനുള്ള അവസരം ആണ്. മറവി നല്ലതാണ്, ചീത്തയുമാണ്.

Santhosh said...

എനിക്ക് ഇങ്ങനെ വല്ലതും പറ്റിയോന്നും പോലും ഓര്‍ക്കുന്നില്ല:)

കരീം മാഷ്‌ said...

ഞങ്ങടെ “മിസ്രി”ക്കും ഇതേ അസുഖമുണ്ട്. ഒരു വ്യത്യാസം
അയാള്‍ കൊടുക്കാനുള്ളതേ മറക്കൂ.
കിട്ടാണുള്ളതു എപ്പോഴും ഓര്‍മ്മിക്കുകയും ഓര്‍മ്മപ്പെടുത്തുകയും ചെയ്യും

തറവാടി said...

ഏറ്റവും‌ വേണ്ടതും‌ വേണ്ടാത്തതുമായ ഒരു കാര്യമെയുള്ളു എന്നു തോന്നുന്നു , അതാണ്‌ 'മറവി'