Sunday, September 2, 2007

ഏകധ്രുവലോകം

മനുഷ്യര്‍ പണ്ട് വളരെ ഒത്തൊരുമയോടെ ഒരു ഭാഷ സംസാരിച്ച് ജീവിച്ചിരുന്നവരായിരുന്നെന്നും, ആ ഒത്തൊരുമയോടെ ഒരു നഗരവും സ്വര്‍ഗത്തിലേക്ക് എത്തുന്ന ഒരു ഗോപുരവും പണിയാന്‍ നോക്കിയെന്നും, അത് കണ്ട് അസ്വസ്ഥനായ ദൈവം, മനുഷ്യരെ തമ്മില്‍ പിരിക്കാന്‍ വേണ്ടി ഭാഷയുടെ കാര്യത്തില്‍ ഒരു കണ്‍ഫ്യൂഷന്‍ ഉണ്ടാക്കിയെന്നും, അങ്ങനെ മനുഷ്യന്‍ ചിന്നിച്ചിതറിപ്പോകുകയും വ്യത്യസ്ത ഭാഷകള്‍ സംസാരിക്കാന്‍ തുടങ്ങുകയും ചെയ്തു എന്ന് ഉല്പത്തിപുസ്തകം പറയുന്നു.

അതെന്തായാലും നാം വ്യത്യസ്ത ഭാഷകളും സംസ്കാരങ്ങളും ജീവിതരീതികളുമായി മുന്നോട്ട് പോയിക്കൊണ്ടിരിക്കുകയാണ്.

സംശയം വേറൊന്നുമല്ല...

അമേരിക്കന്‍ വിമാനങ്ങളില്‍ ഏതൊക്കെ ഭാഷ സംസാരിക്കാം?

വിമാനത്തില്‍ വെച്ച് അറബി ഭാഷ സംസാരിച്ചതിന് 6 ഇറാഖികളെ സാന്‍‌ഡിയാഗോ-ചിക്കാഗോ വിമാനത്തില്‍ നിന്നും ഇറക്കി വിടുകയും ചോദ്യം ചെയ്യുകയുമൊക്കെ ചെയ്തത്രേ. പറഞ്ഞു കൊണ്ടിരിക്കുന്ന വിമാനത്തിലെ ഇവരുടെ പെരുമാറ്റത്തില്‍ സംശയം തോന്നി എന്ന് ഒരു വനിത പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണിത്. തിരിച്ചിറക്കിയ വിമാനത്തിന്റെ യാത്ര മുടങ്ങുകയും ചെയ്തു.

അവസാനം എല്ലാ പരിശോധനയും കഴിഞ്ഞപ്പോള്‍ തെളിഞ്ഞത് ഈ ഇറാഖി യുവാക്കള്‍ യു.എസ്. മറൈന്‍സിലെ ട്രെയിനിങ്ങുമായി ബന്ധപ്പെട്ട് വന്നവരാണെന്നാണ്.

ചിക്കാഗോയിലെ കൌണ്‍സില്‍ ഓണ്‍ അമേരിക്കന്‍ -ഇസ്ലാമിക് റിലേഷന്‍സിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായ അഹ്‌മദ് രഹാബ് വിമാനക്കമ്പനിയുടെ പെരുമാറ്റത്തില്‍ അസ്വസ്ഥനായത്രേ. അദ്ദേഹത്തിന്റെ വാക്കുകള്‍ സണ്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തത് അത്പോലെ താഴെകൊടുക്കുന്നു.

"It is one thing to flag suspicious behavior, but to flag a global language? We are deplaning people for who they are, not what they do,"

ഒരേ ഭാഷയും സംസ്കാരവും ജീവിത രീതികളുമൊക്കെ ഉള്ള ആളുകളായെങ്കില്‍ മാത്രമെ നമുക്ക് ഭാവിയില്‍ ഈ ലോകത്ത് ജീവിക്കാന്‍ പറ്റൂ എന്ന സ്ഥിതി വരുമോ?

ഒരു തരം ഏകധ്രുവലോകം!

17 comments:

മൂര്‍ത്തി said...

ഒരേ ഭാഷയും സംസ്കാരവും ജീവിത രീതികളുമൊക്കെ ഉള്ള ആളുകളായെങ്കില്‍ മാത്രമെ നമുക്ക് ഭാവിയില്‍ ഈ ലോകത്ത് ജീവിക്കാന്‍ പറ്റൂ എന്ന സ്ഥിതി വരുമോ?

വിഷ്ണു പ്രസാദ് said...

വലിയ ഒരു ഭീകരാവസ്ഥയിലേക്കാണ് താങ്കള്‍ വിരല്‍ ചൂണ്ടുന്നത്...

സനാതനന്‍ said...

സാധാരണ ജനങ്ങള്‍ രണ്ട് എക്സ്ട്രീമുകള്‍ക്കിടയിലാണ് ഭരണകൂട തീവ്രവാദത്തിന്റെയും ആശയതീവ്രവാദത്തിന്റെയും(മതതീവ്രവാദവും ആശയതീവ്രവാദത്തില്‍ പെടുമെന്നു തോന്നുന്നു).തീര്‍ച്ചയായും ഇത് വല്ലാത്തൊരവസ്ഥ തന്നെ

മുടിയനായ പുത്രന്‍ said...

"ഇഷ്ടിക കല്ലായും പശമണ്ണു് കുമ്മായമായും" ഉപയോഗിച്ചു് പണിത ഗോപുരമാണു് സ്വര്‍ഗ്ഗത്തില്‍ മുട്ടുമെന്നു് "ദൈവം" ഭയന്നതു്! ബാബിലോണിലെ ഒരു ക്ഷേത്രഗോപുരമായിരുന്ന Bab-ilu-വിന്റെ (ഈശ്വരകവാടം)എബ്രായപദമായ Babel-ഉം, to confuse എന്നര്‍ഥമുള്ള balal-ഉം തമ്മിലുള്ള ഉച്ചാരണസാമ്യമാണു് രചയിതാവു് പരോക്ഷമായി ഇവിടെ സൂചിപ്പിക്കുന്നതെന്നാണു് പണ്ഡിതമതം.

ദൈവമാണു് പല ഭാഷകള്‍ ലോകത്തില്‍ വരുത്തിയതെങ്കിലും ഇപ്പോള്‍ മനുഷ്യര്‍ ഏതു് ഭാഷ സംസാരിക്കണമെന്നും എങ്ങനെ ജീവിക്കണമെന്നുമൊക്കെ തീരുമാനിക്കുന്നതു് ജോര്‍ജ് ബുഷാണു്. ഒരു അമേരിക്കക്കാരന്‍ കൊല്ലപ്പെട്ടാല്‍ അതു് ലോകത്തില്‍ ഒരു വലിയ സംഭവമായി മാറും. അവര്‍ക്കതു് ലോകമെമ്പാടും കൊട്ടിഘോഷിക്കാന്‍ മാധ്യമങ്ങളും ശിങ്കിടികളുമുണ്ടു്! പക്ഷേ ഒരായിരം ആഫ്രിക്കക്കാര്‍ കൊല്ലപ്പെട്ടാല്‍ അതു് ഒരു വാര്‍ത്തയേ അല്ല. അവര്‍ മനുഷ്യരല്ലല്ലോ! അതൊക്കെയാണു് അമേരിക്ക ക്ഷീണമില്ലാതെ ഘോഷിക്കുന്ന ജനാധിപത്യവും മനുഷ്യാവകാശങ്ങളും!

പ്രലോഭനങ്ങളുടെ ഈ ലോകത്തില്‍ സ്വന്തവ്യക്തിത്വം നഷ്ടപ്പെടുത്താതെ വളരാന്‍ അത്ര എളുപ്പമല്ല. ബോധവല്‍ക്കരണത്തിലൂടെ സ്വയം കരുത്താര്‍ജ്ജിക്കുന്ന സമൂഹങ്ങള്‍ക്കേ ഇന്നോളം അതിനു് കഴിഞ്ഞിട്ടുള്ളു.

N.J ജോജൂ said...

പണ്ട് ജയരാജ് വാര്യരും സംയുക്താവര്‍മ്മയും ഉള്‍പ്പെട്ട ഒരു കലാസംഘവും ഇതുപോലെ സംശയകരമാ‍യ സാഹചര്യത്തില്‍ പിടിയിലായിരുന്നു.
ഇതിനെ മലയാളം സംസാരിച്ചതുകൊണ്ട് പിടിയിലായീ എന്നുപറഞ്ഞ് അവതരിപ്പിക്കാമായിരുന്നു.

സംസാരിച്ചത് അറബി ആയതുകൊണ്ടും പിടിക്കപ്പെട്ടവര്‍ ഇസ്ലാമതവിശ്വാസികളായതുകൊണ്ടും അമേരിക്കന്‍ വിരുദ്ധതയുമായി ചേര്‍ത്തുവച്ച് ഈ വിഷയം അവതരിപ്പിച്ചത് ബാലിശമായിപ്പോയി.

സാധാരണഗതിയില്‍ ഈ സംഭവം അമേരിക്കന്‍ സര്‍ക്കാരിന്റെ താത്പര്യം പോലുമായിരിക്കില്ല. പെരുമാറ്റത്തില്‍ സംശയം തോന്നിയ വനിത പരാതിപ്പെടുകയും അധികൃതര്‍ അതിന്റെ അടിസ്ഥാനത്തില്‍ നടപടിയെടുക്കുകയും ചെയ്തുകാണും. നിരപരാധികളെന്നുകണ്ട് വിട്ടയച്ചിട്ടുമുണ്ടാവും. അല്ലേ?

ഇതല്ലേ സാധാരണഗതിയില്‍ എല്ലായിടത്തും സംഭവിക്കുക. അത് ഇന്ത്യയിലാണെങ്കിലും അമേരിക്കയിലാണെങ്കിലും പാക്കിസ്ഥാനിലാണെങ്കിലും ചൈനയിലാണെങ്കിലും ക്യൂബയിലാണെങ്കിലും.

മൂര്‍ത്തി said...

അതും വിഷയം തന്നെയാണ് ജോജൂ..

if u r not with us, u r against us. എന്നതാണ് ലയിന്‍. ഇപ്പോഴത്തെ സംഭവം അമേരിക്കന്‍ സര്‍ക്കാ‍രറിയണം എന്നില്ല. പക്ഷെ, പ്രോജക്ട് ചെയ്യപ്പെടുന്നത് ഇത്തരം ചിന്തകളാണ്. തങ്ങളല്ലാത്ത തങ്ങളുടേതല്ലാത്ത എന്തിനോടുമുള്ള പാരനോയിയ..അത് വിഷയം തന്നെയാണ്.

സുനീഷ് തോമസ് / SUNISH THOMAS said...

:)

ശ്രീ said...

മൂര്‍‌ത്തിചേട്ടാ...
അതു കാര്യം തന്നെ. എങ്കിലും ജോജു പറഞ്ഞതാകാനാണ്‍ സാധ്യത എന്നു തോന്നുന്നു.
:)

Sul | സുല്‍ said...

ചിന്തനീയം
-സുല്‍

വക്കാരിമഷ്‌ടാ said...

സ്വല്പത്തിന് ജോജുവിനോട് യോജിക്കാനാണ് തോന്നുന്നത്. എന്ന് വെച്ച് ആളുടെ വസ്ത്രധാരണവും മതപരമായ ചിഹ്‌നങ്ങളും രൂപങ്ങളും അമേരിക്ക പോലുള്ള രാജ്യങ്ങളില്‍ പലപ്പോഴും മുന്‍‌വിധികള്‍ ഉണ്ടാക്കുന്നില്ല എന്നല്ല, പക്ഷേ 9/11 ന് ശേഷം സാധാരണക്കാര്‍ പോലും അവിടെ ചാന്‍സ് എടുക്കാന്‍ തയ്യാറല്ല. സംശയകരമായ എന്ത് കണ്ടാലും അവര്‍ ജാഗരൂകരാകും. 9/11 ന് മുന്‍പ് സ്ഥിതിവിശേഷം വളരെ വ്യത്യസ്തമായിരുന്നല്ലോ അവിടെ.

സംശയകരമായ പെരുമാറ്റമാണ് മൂര്‍ത്തി പറഞ്ഞ പ്രകാരം കാരണം. അത് നോട്ടമാവാം, സംസാരമാവാം, ആംഗ്യമാവാം, ചിലപ്പോള്‍ എല്ലാം കൂടെയാവാം. പരാതിപ്പെട്ട ആള്‍ക്ക് ചിലപ്പോള്‍ അറബിയും മലയാളവും തമ്മില്‍ തിരിച്ചറിയാന്‍ കൂടി പറ്റിയെന്നും വരില്ല. മുന്‍‌വിധികളുണ്ടാവാം. പക്ഷേ ജോജു പറഞ്ഞതുപോലെ ഒരു പ്രത്യേക പാറ്റേണ്‍ കണ്ടാല്‍ ആരോപണം ഉന്നയിക്കുന്ന നമുക്കും അതേ മുന്‍‌വിധി തന്നെയല്ലേ?

ഈ സ്ഥിതിവിശേഷം മാറണമെങ്കില്‍ എല്ലാ വിഭാഗങ്ങളിലും പെട്ട എല്ലാവരും സഹകരിക്കണം. അല്ലാതെ രക്ഷയുണ്ടെന്ന് തോന്നുന്നില്ല. അല്ലെങ്കില്‍ എല്ലാവര്‍ക്കും അങ്ങോട്ടുമിങ്ങോട്ടും സംശയമായിരിക്കും. എല്ലാവര്‍ക്കും അതിന് ന്യായവും കാണും.

Murali Menon (മുരളി മേനോന്‍) said...

എന്തൊക്കെ അനുഭവിച്ചാലാണ് ഒരു ജന്മം തീരുക... സംഭവാമി യുഗേ യുഗേ...(യു.കെ. യു.എസ്.എ എന്ന് പറഞ്ഞ് അങ്ങോട്ടു പോകേണ്ടന്നര്‍ത്ഥം)

അപ്പു said...

ചിന്തിക്കേണ്ട കാര്യം തന്നെ.
വക്കാരിമാഷ് പറഞ്ഞ കാര്യംവും ചിന്തനീയം.

SV Ramanunni said...

ഒരു ആഗോളഭാഷ വേണ്ടിവരുമോ എന്ന ചിന്ത സ്വാഭാവികം...ഇപ്പോള്‍ തന്നെ ഇംഗ്ളീഷ്നെ അങ്ങനെയാണല്ലോ കാണുന്നതു.
ഭാഷ കമ്മ്യൂണിക്കേഷനു ആണല്ലൊ.അപ്പൊള്‍ കമ്മ്യൂണിക്കേഷനാണു പ്രധാനം...ഭാഷയല്ല.... അടുത്തു തന്നെ സാമ്പ്രദായിക ഭാഷ പുസ്തകങ്ങളില്‍ മാത്രമാവുകയും കമ്മ്യൂണിക്കേഷന്നു എലെക്റ്റ്രൊ മാഗ്നറ്റിക് പള്‍സു നിലവില്‍ വരികയും ആവാം...

ഹരിശ്രീ said...

ചിന്തിക്കേണ്ട വിഷയം തന്നെ...

പ്രയാസി said...

സനാതനോടു പൂര്‍ണ്ണമായും യോജിക്കുന്നു
കലികാലം അല്ലാതെന്താ!

കുറുമാന്‍ said...

സംശയകരമായ പെരുമാറ്റമാണ് മൂര്‍ത്തി പറഞ്ഞ പ്രകാരം കാരണം. അത് നോട്ടമാവാം, സംസാരമാവാം, ആംഗ്യമാവാം, ചിലപ്പോള്‍ എല്ലാം കൂടെയാവാം. പരാതിപ്പെട്ട ആള്‍ക്ക് ചിലപ്പോള്‍ അറബിയും മലയാളവും തമ്മില്‍ തിരിച്ചറിയാന്‍ കൂടി പറ്റിയെന്നും വരില്ല. മുന്‍‌വിധികളുണ്ടാവാം - യോജിക്കുന്നു വക്കാരിയോട് സമ്പൂര്‍ണ്ണമായും.

ഇന്നത്തെ കാലത്ത് 90% ജനങ്ങളും മുന്‍വിധികളോടെയാണ് എന്തിനേയും സമീപിക്കുന്നത്.

മുന്‍വിധി നല്ലതെന്നല്ല പറയുന്നത്.

അല്പം ക്ഷമയും,കാര്യങ്ങളുടേ നിജസ്ഥിതി അറിയാനുള്ള ഒരു താത്പര്യവും പോലും കാണിക്കാതെ, ഞാന്‍ പിടിച്ച മുയലിന് കൊമ്പ് മൂന്ന് എന്ന പ്രവണതയാണ് എപ്പോഴും പ്രശ്നമുണ്ടാക്കുന്നത് എന്നാണ് എനിക്ക് തോന്നുന്നത്. തികച്ചും വ്യക്തിപരമായ അഭിപ്രായം മാത്രം.

തമ്പിയളിയന്‍ said...

സംയുക്ത വര്‍മ്മയോ മറ്റോ പണ്ട് വന്നപ്പോള്‍, ന്യൂയോര്‍ക്കില്‍ വെച്ച് വിമാനത്തില്‍ എഴുന്നേറ്റു നിന്ന് എന്തോ ഫോട്ടോ എടുക്കാന്‍ ശ്രമിച്ചപ്പോഴും ഞങ്ങടെ സര്‍ക്കാര്‍ അങ്ങനെ ചെയ്തിരുന്നു :) കണ്ടമാനം മലയാളവും സംസാരിച്ച് ചിരിച്ചു കളിക്കുക:)

മൂര്‍ത്തിക്ക് അതില്‍ എന്താ ഇത്ര കമ്പ്ലൈന്റ്?:)