Thursday, December 27, 2007

ബെനസീര്‍, രാജീവ്, ഇന്ദിര

ബെനസീര്‍ ഭൂട്ടോ കൊല്ലപ്പെട്ടത് അറിഞ്ഞത് നെറ്റിലൂടെയാണ്. പിന്നെ കുറെ നേരം ടി.വി.കണ്ടു.

ഇതിനു മുന്‍പുണ്ടായ രണ്ട് കൊലപാതകങ്ങളെക്കുറിച്ച് പെട്ടെന്ന് ഓര്‍ത്തു പോയി.

രാജീവ് ഗാന്ധി വധിക്കപ്പെട്ടത് രാവിലെ പത്രത്തിലൂടെയാണറിഞ്ഞത്.

ഞാന്‍ പേയിംഗ് ഗസ്റ്റ് ആയി താമസിച്ചിരുന്ന വീട്ടിലെ വല്യമ്മ രാവിലെ തന്നെ മോനേ എഴുന്നേല്‍ക്ക് അറിഞ്ഞോ ...രാജീവ് ഗാന്ധിയെ ബോംബെറിഞ്ഞ് കൊന്നു മോനെ എന്നൊക്കെ അലമുറയിടുന്നത് കേട്ട് ഞെട്ടിപ്പിടഞ്ഞെഴുന്നേല്‍ക്കുകയായിരുന്നു.

ഉറക്കത്തിന്റെ ബാക്കി കണ്ണിലുണ്ടായിരുന്നതു കൊണ്ട് അവരെന്താണ് പറയുന്നത് എന്ന് മനസ്സിലാക്കാന്‍ തന്നെ കുറച്ചു നേരം എടുത്തു.

എന്റെ പ്രതികരണത്തിലെ കാലതാമസം പക്ഷെ അവരെടുത്തത് വേറെ രീതിയിലാണ്.

എന്നാലും മോനേ മോന്‍ ഇത്ര ക്രൂരനായിപ്പോയല്ലോ. ഇത്രയും വലിയ വാര്‍ത്ത കേട്ടിട്ടും മോനൊരു കുലുക്കവും ഇല്ലല്ലോ..എനിക്ക് മനസ്സിലായി. മോനൊരു കമ്മ്യൂണിസ്റ്റാണല്ലേ? കഷ്ട്രം മോനേ...

ഞാന്‍ എന്റെ ഭാഗം വിശദീകരിക്കാന്‍ എത്ര ശ്രമിച്ചിട്ടും അവര്‍ സമ്മതിച്ചില്ല.

അന്നവര്‍ ആ വീട്ടില്‍ ഭക്ഷണം ഒന്നും ഉണ്ടാക്കിയുമില്ല.

ഞാന്‍ ആ വീട്ടില്‍ നിന്നും മാറുന്നതു വരെയും അവര്‍ അത് തന്നെ പറഞ്ഞുകൊണ്ടിരുന്നു..

എന്നാലും എന്റെ മോനെ..അന്ന്..രാജീവ്...

ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടതിന്റെ അന്ന് തൃശ്ശൂരില്‍ വൈകീട്ട് ഒരു പ്രതിഷേധപ്രകടനം ഉണ്ടായിരുന്നു.

കേരളവര്‍മ്മ കോളേജ് സ്റ്റോപ്പിനു സമീപത്തുള്ള എന്‍.സി.സി ഓഫീസിലെ ചില സിക്കുകാര്‍ അവിടെ ഉള്ള ഒരു ചെറിയ മൈതാനത്തില്‍ വെറുതെ ഇരിക്കുമ്പോഴാണ് ജാഥ വരുന്നത് കണ്ടത്.

പേടിച്ച് അവിടെ നിന്ന് മാറാ‍ന്‍ നോക്കിയ അവരോട് ചുറ്റുമുള്ള ആളുകള്‍, ചുമട്ടു തൊഴിലാളികളും, അതുപോലുള്ള സാധാരണക്കാരും, പറഞ്ഞത് ശരിക്കും രോമാഞ്ചമുണ്ടാക്കുന്ന ഒന്നാണ്....

നിങ്ങള്‍ എങ്ങോട്ടും പോകേണ്ട..ഒരാളും നിങ്ങളെ തൊടില്ല...അഥവാ തൊടാന്‍ നോക്കിയാലും ഞങ്ങള്‍ ഇവിടെ ഉണ്ട്...ധൈര്യമായി അവിടെത്തന്നെ ഇരുന്നോ...

ജാഥ അതിലൂടെ കടന്നു പോയി..ഒന്നും സംഭവിച്ചില്ല...

സിക്കുകാരനെ എന്തെങ്കിലും ചെയ്യണം എന്നരീതിയിലുള്ള അഗ്രസീവ്നെസ്സ് ജാഥക്കാര്‍ക്കും ഉണ്ടായിരുന്നില്ല...

ഇന്നാണെങ്കില്‍ അത്ര ഉറപ്പിച്ച് എന്തെങ്കിലും പറയുവാന്‍ നമുക്കാവുമോ?

ആദരാഞ്ജലികള്‍...

Friday, December 7, 2007

ഒരു ലൈബ്രറി കൂടി മരിക്കുന്നു...

തിരുവനന്തപുരത്തെ ബ്രിട്ടീഷ് ലൈബ്രറി ഇല്ലാതാകുന്നു.

2008 മാര്‍ച്ച് 31ന് ലൈബ്രറിയുടെ പ്രവര്‍ത്തനം നിര്‍ത്തുമെന്ന് ബ്രിട്ടീഷ് കൌണ്‍സിലിലെ സാംസ്കാരിക വകുപ്പ് മന്ത്രിയായ റോഡ് പ്രൈഡ് പത്രസമ്മേളനത്തില്‍ അറിയിച്ചു. തിരുവനന്തപുരത്തേയും ഭോപ്പാലിലേയും ലൈബ്രറികള്‍ ഇല്ലാതാകും.


ഇന്ത്യയിലെ തങ്ങളുടെ ‘ഫിസിക്കല്‍ പ്രെസന്‍സ്’ കുറയ്ക്കുന്നതിന്റേയും ഫണ്ടുകള്‍ സംസ്കാരം, വിദ്യാഭ്യാസം, സയന്‍സ്, റിസര്‍ച്ച് എന്നീ മേഖലകളിലെ വന്‍‌ പ്രോജക്ടുകള്‍ക്കായി ഉപയോഗിക്കാനുമായാണ് ഇതെന്ന് അദ്ദേഹം പറഞ്ഞു. ലൈബ്രറി നടത്തിക്കൊണ്ടു പോകുന്നതിനും നവീകരിക്കുന്നതിനുമൊക്കെയായി ഒരു ദശലക്ഷം പൌണ്ടിന്റെയെങ്കിലും നിക്ഷേപം വേണ്ടിവരുമത്രെ.

1964 ഏപ്രില്‍ 1ന് ആരംഭിച്ച ലൈബ്രറിയില്‍ ഇപ്പോള്‍ 6100 അംഗങ്ങളുണ്ട്. തിരുവനന്തപുരത്ത് പഴയ സെക്രട്ടറിയറ്റിന്റെ പുറകുവശത്ത് വൈ.എം.സി.എയോട് ചേര്‍ന്നുള്ള കെട്ടിടത്തിലാണിത് പ്രവര്‍ത്തിക്കുന്നത്.

ബ്രിട്ടീഷ് ലൈബ്രറി ആയല്ലെങ്കിലും, ഏതെങ്കിലും രീതിയില്‍ അവിടെ ഒരു ലൈബ്രറി നില നിര്‍ത്താനുള്ള ശ്രമം സര്‍ക്കാര്‍ നടത്തുമെന്ന് മന്ത്രി എം.എ.ബേബി. നിര്‍ഭാഗ്യകരം എന്ന് തോമസ് ഐസക്ക്. ആദ്യം USIS ലൈബ്രറി പോയി, പിന്നെ റഷ്യന്‍ കള്‍ച്ചറല്‍ സെന്റര്‍ പോയി, ഇപ്പോള്‍ ബ്രിട്ടീഷ് ലൈബ്രറിയും.കുറച്ച് കാലം മുന്‍പ് ടെക്നിക്കല്‍ പുസ്തകങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുന്ന രീതിയിലേക്ക് ലൈബ്രറിയുടെ പ്രവര്‍ത്തനങ്ങള്‍ മാറിയിരുന്നു. പല ആദ്യകാല അംഗങ്ങളേയും നിരാശപ്പെടുത്തിക്കൊണ്ട്..

ബ്രിട്ടീഷ് കൌണ്‍സിലിന്റെ മനസ്സ് മാറ്റാനുള്ള ശ്രമങ്ങള്‍ നടത്തുമെന്ന് ബ്രിട്ടീഷ് സ്കോളേഴ്സ് അസോസിയേഷന്‍ പറയുന്നു...

IELTS(International English Language Testing System) പരീക്ഷയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളും, പരീക്ഷക്കു മുന്‍പുള്ള പരിശീലന ഉപദേശങ്ങള്‍ നല്‍കുന്നതിനുമായി മാര്‍ക്കറ്റിങ്ങ് കണ്‍സള്‍ട്ടന്റ്സിനെ നിലനിര്‍ത്തുമെന്നു കൌണ്‍സില്‍ പറയുന്നു...

സെപ്തംബര്‍ 11 ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ അറ്റാക്കു വരെ യാ‍തൊരു തടസ്സവുമില്ലാതെ പോയിരുന്നു പുസ്തകങ്ങളും മാസികകളും വായിക്കാമായിരുന്നു. അതും നല്ല എ.സി.യിലിരുന്നു. അതിനുശേഷം പാസ് നിര്‍ബന്ധമാക്കലും ചെക്കിങ്ങുമൊക്കെ തുടങ്ങിയിരുന്നു. വിദ്യാര്‍ത്ഥികളുടെയെന്ന പോലെ, തിരുവനന്തപുരത്തെ ചെസ്സ് കളിക്കാരുടെയും പ്രിയപ്പെട്ട കേന്ദ്രമായിരുന്നു ഈ ലൈബ്രറി. കുറെയേറെ ചെസ്സ് പുസ്തകങ്ങളും ബ്രിട്ടീഷ് ചെസ്സ് മാഗസിനും ഒക്കെ അവിടെ ഉണ്ടായിരുന്നു. നമ്മുടെ നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ച് പുതിയ പുസ്തകങ്ങള്‍ വാങ്ങുന്ന സമ്പ്രദായവും ഉണ്ടായിരുന്നു. ദിവസവും 30 മിനിറ്റ് ഫ്രീ ഇന്റര്‍നെറ്റ് അക്സസ് ആയിരുന്നു മറ്റൊരാകര്‍ഷണീയത.

ലൈബ്രറി നിര്‍ത്താനുള്ള തീരുമാനം എന്തായാലും നിസ്സാരമായി എടുക്കുവാന്‍ തിരുവനന്തപുരത്തുകാര്‍ തയ്യാറാവുമെന്ന് തോന്നുന്നില്ല. പ്രതിഷേധങ്ങള്‍ ഒരു പക്ഷെ, ബ്രിട്ടീഷ് കൌണ്‍സിലിന്റെ മനസ്സു മാറ്റിയേക്കും. ഒരു പക്ഷെ. പ്രതിഷേധിച്ചില്ലെങ്കില്‍ എന്തായാലും ലൈബ്രറി നഷ്ടമാകും.

ഏതു രീതിയിലെങ്കിലും ബ്രിട്ടീഷ് ലൈബ്രറി നില നിര്‍ത്താനുള്ള ശ്രമങ്ങള്‍ വിജയിക്കട്ടെ...

(വാര്‍ത്തക്ക് കടപ്പാട്: ഹിന്ദു ദിനപ്പത്രം. ചിത്രം: എന്റെ വക)

Monday, December 3, 2007

യേശുദേവന്‍ ഈ ക്രിസ്മസിന് എന്ത് വാങ്ങും?

മോര്‍ഗന്‍ സ്പര്‍ലോക്ക്(Morgan Spurlock) നിര്‍മ്മിച്ച് Rob VanAlkemade സംവിധാനം ചെയ്ത ഒരു ഡോക്യുമെന്ററി സിനിമയുടെ പേരാണ് What Would Jesus Buy. ക്രിസ്മസിന്റെ വാണിജ്യവല്‍ക്കരണവും, അമിത ഉപഭോഗാസക്തിയും, ആഗോളവല്‍ക്കരണവും, വന്‍‌കിട കോര്‍പ്പറേറ്റുകളുടെ ബിസിനസ് തന്ത്രങ്ങളും, അവര്‍ നമ്മുടെ സാമ്പത്തിക സാംസ്കാരിക ജീവിതത്തില്‍ ചെലുത്തുന്ന സ്വാധീനവുമൊക്കെയാണ് 2007 നവംബറില്‍ പൊതുപ്രദര്‍ശനത്തിനെത്തിയ ഈ ചിത്രത്തിന്റെ പ്രമേയം.

താങ്ക്സ് ഗിവിങ് ഡേ (അമേരിക്കയില്‍ നവംബറിലെ നാലാമത്തെ വ്യാഴാഴ്ച്ച)ക്കു ശേഷമുള്ള വെള്ളിയാഴ്ച ബ്ലാക്ക് ഫ്രൈഡേ എന്നാണ് അറിയപ്പെടുന്നത്. ക്രിസ്മസ് ഷോപ്പിങ്ങ് തുടങ്ങുന്ന ദിവസമായി പൊതുവേ ഇത് കരുതപ്പെടുന്നു.അന്ന് അമേരിക്കയില്‍ തൊഴില്‍ ഉടമകള്‍ തൊഴിലാളികള്‍ക്ക് ശംബളത്തോടുകൂടിയ അവധി നല്‍കും. 1929 ഒക്ടോബര്‍ 29 ചൊവ്വാഴ്ചയാണ് അമേരിക്കന്‍ സ്റ്റോക്ക് മാര്‍ക്കറ്റിന്റെ ചരിത്രത്തിലെ വലിയ തകര്‍ച്ച നേരിട്ടത്. ഗ്രേറ്റ് ഡിപ്രഷന്‍ എന്ന് അറിയപ്പെടുന്ന സാമ്പത്തിക മാന്ദ്യത്തിന്റെ തുടക്കം ഈ ദിവസമാണെന്ന് പൊതുവെ കരുതപ്പെടുന്നു. അതല്ലെന്നും അത് ഒരു രോഗലക്ഷണം മാത്രമായിരുന്നുവെന്ന് മറ്റു ചിലരും പറയുന്നു. ആ ദിവസത്തെ തിരക്കും ടെന്‍ഷനുമൊക്കെ ഈ വെള്ളിയാഴ്ചയും ഉണ്ട് എന്നതിന്റെയൊക്കെ കാരണമായാവാം ബ്ലാക്ക് ഫ്രൈഡേ എന്ന് വിളിക്കുന്നത് എന്ന് വിക്കി പറയുന്നു.

ആദ്യത്തെ 11 മാസം നഷ്ടം സഹിക്കുകയും കണക്കു പുസ്തകത്തില്‍ ചുവന്ന മഷിയില്‍ അത് രേഖപ്പെടുത്തുകയും ചെയ്യുന്ന കച്ചവടക്കാര്‍ അവസാനത്തെ മാസമാണ് ലാഭം ഉണ്ടാക്കുന്നത്രേ! ചുവപ്പ് മഷിയില്‍ നിന്ന് കണക്കുകള്‍ കറുപ്പു മഷിയിലേക്ക് മാറുന്ന ദിവസമായതുകൊണ്ടാണ് ബ്ലാക്ക് ഫ്രൈഡേ എന്ന് പേരു വന്നതെന്ന് വേറെ ചില സ്ഥലത്തും കാണുന്നു. അന്നേ ദിവസം കച്ചവട സ്ഥാപനങ്ങളൊക്കെ അതിരാവിലെ തന്നെ തുറന്നിരിക്കുകയും, സ്ഥാപനങ്ങളില്‍ ഡിസ്‌കൌണ്ടുകളും, സൌജന്യങ്ങളും ഒക്കെ നല്‍കുന്നതായുള്ള പരസ്യങ്ങള്‍ ദിവസങ്ങള്‍ക്ക് മുന്‍പേ തന്നെ പ്രത്യക്ഷപ്പെടുകയും ചെയ്യും. ഷോപ്പിങ്ങ് മാളുകള്‍ നിറയ്ക്കാനുള്ള ഒരു തരം ആഹ്വാനം.

മാധ്യമങ്ങളും കച്ചവടക്കാരും പരസ്യക്കാരുമൊക്കെ ഈ ദിവസത്തെ വാണിജ്യ താല്പര്യത്തിനായി അമിതമായി ഉപയോഗിക്കുമ്പോള്‍ അതിനെതിരായ ശബ്ദങ്ങളും സ്വാഭാവികമായും ഉയരുമല്ലോ. അതിലൊന്നാണ് Buy Nothing Day എന്ന് ഈ ദിവസത്തിനു പേരിടുകയും അന്നേ ദിവസം ഒന്നും വാങ്ങാതിരിക്കുവാനുള്ള പ്രചരണം നടത്തുകയും ചെയ്യുന്ന ഒരു മൂവ്മെന്റ്. വാന്‍‌കൂവറിലെ ആഡ്‌ബസ്റ്റെര്‍സ് (Ad busters) മാസികയിലെ Kalle Lasn കൂട്ടുകാരും തുടങ്ങിയ ഈ പ്രസ്ഥാനം ഉപഭോഗതൃഷ്ണക്കെതിരായ ഒരു നീക്കം കൂടിയാണ്.

മറ്റു രാജ്യങ്ങളിലെ വിയര്‍പ്പുശാലകളില്‍(sweat shops) രാവന്തിയോളം കഠിനാദ്ധ്വാനം ചെയ്യുന്ന കുട്ടികളുടേയും വനിതകളുടേയും വിയര്‍പ്പിലും, രാജ്യത്തെ തൊഴില്‍ശാലകളില്‍ കുറഞ്ഞ വേതനത്തിനു പണിയെടുക്കുന്നവരുടേയും വിയര്‍പ്പിലുമൊക്കെയാണ് ഭ്രാന്തവും, ക്രെഡിറ്റില്‍ അധിഷ്ഠിതവും പരിഹാസ്യവുമായ ഉപഭോഗസംസ്കാരം പടുത്തുയര്‍ത്തപ്പെട്ടിട്ടുള്ളതെന്ന് ഇവര്‍ പറയുന്നു. വന്‍കിട കോര്‍പ്പറേറ്റുകളുടെ ലാഭമാകുന്നത് ഈ വിയര്‍പ്പ് തന്നെ എന്നും.

ഇതിനെതിരായ ഒരു നീക്കം...തദ്ദേശീയമായി നിര്‍മ്മിച്ച, ജീവിക്കാനാവശ്യമായ വേതനം തൊഴിലാളികള്‍ക്ക് ഉടമ നല്‍കുന്നു എന്നുറപ്പുള്ള സ്ഥാപനങ്ങളില്‍ നിര്‍മ്മിച്ച വസ്തുക്കള്‍ മാത്രം ഉപയോഗിക്കുന്ന, ഓര്‍ഗാനിക് ഉല്പന്നങ്ങള്‍ മാത്രം ഉപയോഗിക്കാന്‍ ശ്രമിക്കുന്ന, അതിനു മറ്റുള്ളവരെ പ്രേരിപ്പിക്കുന്ന ഒരു പ്രസ്ഥാനം പച്ച പിടിച്ചു വരുന്നുണ്ട് അമേരിക്കയില്‍. സോഷ്യല്‍ നെറ്റ് വര്‍ക്കുകളിലൂടെയും മറ്റും നിര്‍മ്മാതാവും കര്‍ഷകനുമൊക്കെ നേരിട്ട് ഉപഭോക്താക്കളുമായി ബന്ധപ്പെടുക വഴി, ഇടനിലക്കാരാ‍യ കുത്തകകളെ ഒഴിവാക്കുന്ന രീതിയിലുള്ള ഒരു പ്രസ്ഥാനം.

അതിനോട് യോജിച്ചു പോകുന്ന ഒന്നാണ് ഈ ഡോക്യുമെന്ററിയും. ക്രിസ്മസിനെ Shopocalypse ല്‍ നിന്നും രക്ഷിക്കുക എന്ന സന്ദേശം, ആവശ്യത്തിന് മാത്രം വാങ്ങുക, അര്‍ത്ഥവത്തായി വാങ്ങുക എന്ന സന്ദേശം നല്‍കുന്ന ചിത്രം.

The Shopocalypse is coming! Who will be $aved? Let me exorcise your credit cards! Changellujuah!" എന്ന വാചകം ഡോക്യുമെന്ററിയെക്കുറിച്ചുള്ള കൃത്യമായ ചിത്രം നല്‍കുന്നു.

Thanks giving dayക്കു ശേഷമുള്ള തിങ്കളാഴ്ച സൈബര്‍ മണ്‍‌ഡേ(Cyber Monday) എന്ന് വിളിക്കപ്പെടുന്നു. ഓണ്‍‌ലൈന്‍ ഷോപ്പിങ്ങ് പ്രചാരത്തിലാക്കുന്നതിനുള്ള ഒരു വഴി എന്ന നിലക്ക്. കൂട്ടത്തില്‍ പറയട്ടെ ക്രിസ്മസിനു മുന്‍പുള്ള ശനിയാഴ്ചയാണത്രേ അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ ഷോപ്പിങ്ങ് നടക്കുന്ന ദിവസം.

നമ്മള്‍ പണ്ട് കേട്ടിട്ടില്ലാത്ത പല പല വിശേഷ ദിവസങ്ങളും പരസ്യങ്ങളിലൂടെ അറിയുകകയും ആ ദിവസങ്ങള്‍ സ്വര്‍ണ്ണം വാങ്ങാനും മറ്റുമൊക്കെ നല്ലതാണെന്ന പ്രചരണങ്ങള്‍ കേള്‍ക്കുകയും ചെയ്യുന്ന ഇക്കാലത്ത് ഈ ചിത്രവും ഷോപ്പിങ്ങ് രഹിത ദിവസം പോലുള്ള കാമ്പയിനുകളും നല്‍കുന്ന സന്ദേശം പ്രസക്തം എന്നു തന്നെ തോന്നുന്നു.

ഒരു റിവ്യൂ ഇവിടെ ഒന്നിവിടെ.

ഒരു ട്രെയ്‌ലര്‍ ഇവിടെ

Sunday, December 2, 2007

പുസ്തകവും എതിര്‍ പുസ്തകവും

പുസ്തകത്തിനു എതിര്‍ പുസ്തകമെന്നു കേട്ടിട്ടുണ്ടോ?

ഒരു പക്ഷെ ചെസ്സില്‍ മാത്രമായിരിക്കും ഇത്തരമൊരു സംഭവം ഉള്ളത്.

ലോകത്തില്‍ ഏറ്റവും കൂടുതല്‍ പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുന്ന കളി ചെസ്സ് ആയിരിക്കും.(എതിരഭിപ്രായങ്ങള്‍ക്ക് സ്വാഗതം. ബ്രിഡ്ജ് ആവാം.) ഒരു മള്‍ട്ടി മില്യണ്‍ ഡോളര്‍ ബിസിനസ് ആണ് ചെസ്സ് പുസ്തകങ്ങളുടെ വില്പനയും എഴുത്തുമൊക്കെ. ഇന്ത്യന്‍ ഭാഷകളില്‍ ആധികാരികത അവകാശപ്പെടാവുന്ന ചെസ്സ് പുസ്തകങ്ങള്‍ അധികമായി ഇറങ്ങുന്നില്ല. ഇറങ്ങാറില്ല എന്നതാണ് ശരി. തുടക്കക്കാര്‍ക്കുള്ള പുസ്തകങ്ങള്‍ക്കപ്പുറത്തേക്ക് നമ്മുടെ നാട് വികസിച്ചിട്ടില്ല.

ഇംഗ്ലണ്ടിലും അമേരിക്കയിലുമൊക്കെ ഇന്റര്‍നാഷണല്‍ മാസ്റ്റര്‍മാരും അതിനു താഴെ നിലവാരത്തിലുള്ളവരും പോലും സാമാന്യ നിലവാരമുള്ളതെങ്കിലുമായ പുസ്തകങ്ങള്‍ ധാരാളമായി രചിക്കുമ്പോള്‍ ഇവിടെ അതൊന്നുമില്ല.

വിവരം പങ്കു വെക്കുന്നതിലുള്ള മടിയാവാം, കളിയില്‍ മാത്രം ശ്രദ്ധിക്കുന്നു എന്നതാവാം, എഴുതുന്നതും കളിക്കുന്നതും രണ്ട് മേഖലകളാണ് എന്നതാ‍വാം, വിപണി ആവാം, ഡാറ്റാ ബേസ് ഉപയോഗിക്കുന്നതിലെ സാമര്‍ത്ഥ്യക്കുറവാകാം....

എന്തായാലും ആരും പുസ്തകങ്ങള്‍ എഴുതുന്നില്ല...

ഭാരതത്തിനു പുറത്ത് പുസ്തകം-എതിര്‍ പുസ്തകം രീതിയിലുള്ള അങ്കമാണ്...ബോര്‍ഡിനു പുറത്ത്...

ഓപ്പണിങ്ങ് (പ്രാരംഭ മുറ) പുസ്തകങ്ങളാണ് അങ്കത്തട്ട്...

വെളുപ്പിന്റെ ഭാഗത്തു നിന്നുള്ള കളി പഠിപ്പിക്കുന്നതിനും കറുപ്പിന്റെ ഭാഗത്തു നിന്നുള്ള കളി പഠിപ്പിക്കുന്നതിനും പ്രത്യേകം പ്രത്യേകം പുസ്തകങ്ങള്‍ ഇറങ്ങും.

കിങ്സ് ഇന്ത്യന്‍ ഡിഫന്‍സ് എന്നത് ഒരു പ്രാരംഭ മുറ ആണ്. കറുപ്പിന്റെ ഭാഗത്തു നിന്നുള്ള ഒരു മുറയാണിത്.

അത് പഠിപ്പിക്കാന്‍ ഒരു പുസ്തകമിറങ്ങും...

"King's Indian Defence"

ഈ ബുക്കൊക്കെ നോക്കിയാല്‍ ആ ഓപ്പണിങ്ങ് ശരിക്ക് കളിക്കാന്‍ പഠിക്കാം എന്നു വിചാരിച്ചാല്‍ ...

കുറച്ചു കാലം കഴിഞ്ഞാല്‍ അതിന്റെ എതിരാളി രംഗത്ത്, വെള്ളയുടെ ഭാഗത്ത് നിന്ന് വരും...

"Anti King‘s Indian"അല്ലെങ്കില്‍ "Beating King's Indian"

അത് കൂടി പഠിച്ചില്ലേല്‍ എതിരാളിയുടെ തന്ത്രങ്ങള്‍ അറിയില്ല എന്നതുറപ്പല്ലേ...അതു പഠിച്ച് (അതെ പഠിച്ച്..) കഴിയുമ്പോള്‍

ദാ വരുന്നു....

" Beating Anti King‘s Indian"

ശ്ശെടാ...ഇതെന്തൊരു കഷ്ടം..ഇത് ലാസ്റ്റ്..ഇത് കൂടി പഠിച്ചേക്കാം എന്നു വിചാരിച്ചിരിക്കുന്നവന്റെ തലച്ചോറിലേക്ക് അടുത്ത ഇടി വരുന്നു...

"Winning Against beating the Anti King‘s Indian"

ഇത് വൈറ്റിനു വേണ്ടിയുള്ള പുസ്തകമാണോ ബ്ലാക്കിനു വേണ്ടിയുള്ള പുസ്തകമാണോ എന്നത് മനസ്സിലാക്കാന്‍ തന്നെ ടൈം എടുക്കും.

അങ്കം അങ്ങിനെ മുന്നേറും...

ബിസിനസ്സ് താല്പര്യങ്ങള്‍ ഉണ്ടെങ്കിലും പുസ്തകങ്ങള്‍ കളിയുടെ നിലവാരം വര്‍ദ്ധിപ്പിക്കുന്നുണ്ട് എന്നതില്‍ തര്‍ക്കമൊന്നുമില്ല.

ഇവിടെ പുസ്തകങ്ങള്‍ അധികം ഇറങ്ങാത്തത് ഒരു പക്ഷെ, നമ്മള്‍ കൂടുതല്‍ മിടുക്കന്മാ‍രായതു കൊണ്ടുമാവാം...

സായിപ്പ് എഴുതട്ടെ..നമുക്കത് വെച്ച് സായിപ്പിനെത്തന്നെ തോല്‍പ്പിച്ചാല്‍ പോരേ?

ഏത് പുസ്തകത്തിന്റേയും ഫോട്ടോ കോപ്പി സുലഭം...

ചെസ്സ് കളിക്കാരനാണോ ബുദ്ധി ഇല്ലാത്തത്...