Thursday, December 27, 2007

ബെനസീര്‍, രാജീവ്, ഇന്ദിര

ബെനസീര്‍ ഭൂട്ടോ കൊല്ലപ്പെട്ടത് അറിഞ്ഞത് നെറ്റിലൂടെയാണ്. പിന്നെ കുറെ നേരം ടി.വി.കണ്ടു.

ഇതിനു മുന്‍പുണ്ടായ രണ്ട് കൊലപാതകങ്ങളെക്കുറിച്ച് പെട്ടെന്ന് ഓര്‍ത്തു പോയി.

രാജീവ് ഗാന്ധി വധിക്കപ്പെട്ടത് രാവിലെ പത്രത്തിലൂടെയാണറിഞ്ഞത്.

ഞാന്‍ പേയിംഗ് ഗസ്റ്റ് ആയി താമസിച്ചിരുന്ന വീട്ടിലെ വല്യമ്മ രാവിലെ തന്നെ മോനേ എഴുന്നേല്‍ക്ക് അറിഞ്ഞോ ...രാജീവ് ഗാന്ധിയെ ബോംബെറിഞ്ഞ് കൊന്നു മോനെ എന്നൊക്കെ അലമുറയിടുന്നത് കേട്ട് ഞെട്ടിപ്പിടഞ്ഞെഴുന്നേല്‍ക്കുകയായിരുന്നു.

ഉറക്കത്തിന്റെ ബാക്കി കണ്ണിലുണ്ടായിരുന്നതു കൊണ്ട് അവരെന്താണ് പറയുന്നത് എന്ന് മനസ്സിലാക്കാന്‍ തന്നെ കുറച്ചു നേരം എടുത്തു.

എന്റെ പ്രതികരണത്തിലെ കാലതാമസം പക്ഷെ അവരെടുത്തത് വേറെ രീതിയിലാണ്.

എന്നാലും മോനേ മോന്‍ ഇത്ര ക്രൂരനായിപ്പോയല്ലോ. ഇത്രയും വലിയ വാര്‍ത്ത കേട്ടിട്ടും മോനൊരു കുലുക്കവും ഇല്ലല്ലോ..എനിക്ക് മനസ്സിലായി. മോനൊരു കമ്മ്യൂണിസ്റ്റാണല്ലേ? കഷ്ട്രം മോനേ...

ഞാന്‍ എന്റെ ഭാഗം വിശദീകരിക്കാന്‍ എത്ര ശ്രമിച്ചിട്ടും അവര്‍ സമ്മതിച്ചില്ല.

അന്നവര്‍ ആ വീട്ടില്‍ ഭക്ഷണം ഒന്നും ഉണ്ടാക്കിയുമില്ല.

ഞാന്‍ ആ വീട്ടില്‍ നിന്നും മാറുന്നതു വരെയും അവര്‍ അത് തന്നെ പറഞ്ഞുകൊണ്ടിരുന്നു..

എന്നാലും എന്റെ മോനെ..അന്ന്..രാജീവ്...

ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടതിന്റെ അന്ന് തൃശ്ശൂരില്‍ വൈകീട്ട് ഒരു പ്രതിഷേധപ്രകടനം ഉണ്ടായിരുന്നു.

കേരളവര്‍മ്മ കോളേജ് സ്റ്റോപ്പിനു സമീപത്തുള്ള എന്‍.സി.സി ഓഫീസിലെ ചില സിക്കുകാര്‍ അവിടെ ഉള്ള ഒരു ചെറിയ മൈതാനത്തില്‍ വെറുതെ ഇരിക്കുമ്പോഴാണ് ജാഥ വരുന്നത് കണ്ടത്.

പേടിച്ച് അവിടെ നിന്ന് മാറാ‍ന്‍ നോക്കിയ അവരോട് ചുറ്റുമുള്ള ആളുകള്‍, ചുമട്ടു തൊഴിലാളികളും, അതുപോലുള്ള സാധാരണക്കാരും, പറഞ്ഞത് ശരിക്കും രോമാഞ്ചമുണ്ടാക്കുന്ന ഒന്നാണ്....

നിങ്ങള്‍ എങ്ങോട്ടും പോകേണ്ട..ഒരാളും നിങ്ങളെ തൊടില്ല...അഥവാ തൊടാന്‍ നോക്കിയാലും ഞങ്ങള്‍ ഇവിടെ ഉണ്ട്...ധൈര്യമായി അവിടെത്തന്നെ ഇരുന്നോ...

ജാഥ അതിലൂടെ കടന്നു പോയി..ഒന്നും സംഭവിച്ചില്ല...

സിക്കുകാരനെ എന്തെങ്കിലും ചെയ്യണം എന്നരീതിയിലുള്ള അഗ്രസീവ്നെസ്സ് ജാഥക്കാര്‍ക്കും ഉണ്ടായിരുന്നില്ല...

ഇന്നാണെങ്കില്‍ അത്ര ഉറപ്പിച്ച് എന്തെങ്കിലും പറയുവാന്‍ നമുക്കാവുമോ?

ആദരാഞ്ജലികള്‍...

10 comments:

കണ്ണൂരാന്‍ - KANNURAN said...

ഒരിക്കലും ഇല്ല. ഇന്നതു പറയാ‍ന്‍ സാധികില്ല. രാജീവ് ഗാന്ധി സ്ഫോടനത്തില്‍ മരിച്ച ദിവസം കൈലിയൊക്കെ ഉടുത്ത് തനി ‘മദ്രാസി’ സ്റ്റൈലില്‍ ദില്ലിയിലെ ഒരു മാര്‍ക്കറ്റില്‍ ചെന്ന് പാലും മുട്ടയും ബ്രഡുമൊക്കെ വാങ്ങി വന്നത് ഓര്‍ക്കുന്നു. ഇന്നാണെങ്കില്‍ ഒരിക്കലും ആ ധൈര്യം വരില്ലെന്നു തോന്നുന്നു. കാലം മാറുന്നു അല്ലെ.

ജൈമിനി said...

അതെ, അതിനു കുറച്ചൊന്നും ധൈര്യം പോര. വ്യക്തിയെ വ്യക്തിയായിക്കാണാതെ ഒരു വിഭാഗത്തിന്റെ പ്രതിനിധിയായിക്കാണുന്നതാണ് ഇന്നത്തെ പ്രശ്നം!

ജൈമിനി said...
This comment has been removed by the author.
Dinkan-ഡിങ്കന്‍ said...

A "minority" among us represent us as the "majority" എന്നതാണ് ഇപ്പോള്‍ നടക്കുന്നത്. അതിന് ആക്കം കൂട്ടാനായി ഇത്തരം സംഭവങ്ങളും.

ഒരു
മരുതചെല്‍‌വല്‍, ശ്രീലങ്ക
ക്ഡൊഡൊ കിര്‍ക്കെ, അസം/മണിപ്പൂര്‍
മുഹമ്മെദ്, പാക്കിസ്ഥാന്‍
അഷെര്‍, ഇസ്രയേല്‍

എന്നീ പേരുകളും ഐഡെന്റിയും ആദ്യം നമ്മുടെ മനസില്‍ വരുത്തുന്ന ചിന്തകള്‍ എന്താണ് എന്നതു തന്നെയാണ് ചോദ്യവും ഉത്തരവും.
ഇത് എന്നും ഇങ്ങനെ നിലനിര്‍ത്തേണ്ടത് ചിലരുടെ ആവശ്യമാണ്

Jo said...

True that the tolerance is dying.

ലേഖാവിജയ് said...

താങ്കള്‍ക്കും കുടുംബത്തിനും നന്മ നിറഞ്ഞ പുതുവത്സരം ആശംസിക്കുന്നു !

കരീം മാഷ്‌ said...

കാലം മാറുന്നു
പേരുകളും ഐഡെന്റിയും മനസില്‍ വരുത്തുന്ന ചിന്തകള്‍
ഇങ്ങനെ നിലനിര്‍ത്തേണ്ടത് ചിലരുടെ ആവശ്യമാണ്

നിരക്ഷരൻ said...

ആദരാഞ്ജലികള്‍‌

മിന്നാമിനുങ്ങുകള്‍ //സജി.!! said...

കുറച്ചുപേര്‍ ചേര്‍ന്നത് കൊണ്ട് നാട് നന്നാകുമൊ മാഷെ..

ഭടന്‍ said...

പ്രിയപ്പെട്ട മൂര്‍ത്തി...

മഹാന്മാരുടെ മരണം
ഒരിയ്ക്കലുമിനി ഇങ്ങനെയുണ്ടാവാതിരിക്കട്ടെ..
നിരപരാധികളുടെയും.
കൂടെ മരിയ്ക്കുന്ന അവരെ
ആരോര്‍ക്കുന്നു!