ഒരു വമ്പന്‍ അമേരിക്കന്‍ ചാര ഉപഗ്രഹം കണ്ട്രോള് പോയി താഴേക്ക് വരുന്നുണ്ട്...ഫെബ്രുവരി അവസാനമോ മാര്‍ച്ച് ആദ്യമോ അത് ഭൂമിയില്‍ വീഴും എന്ന് ഔദ്യോഗികവൃത്തങ്ങള്‍ പറയുന്നു. 10000 പൌണ്ട് ഭാരവും ഏതാണ്ട് ഒരു ബസ്സിന്റെ വലിപ്പവുമുള്ള ഒന്ന്. 7700 പൌണ്ട്/3300 കിലോ ആണെന്ന് മറ്റു ചിലയിടങ്ങളില്‍ കാണുന്നു. NROL-21 USA-193 എന്നു പേരായ ഉപഗ്രഹമായിരിക്കാം താഴേക്ക് വന്നുകൊണ്ടിരിക്കുന്നതെന്ന് ഗ്ലോബല്‍ സെക്യൂരിറ്റി എന്ന സൈറ്റില്‍ കാണുന്നു.
2006 ഡിസംബര്‍ 14ന് Vandenberg എയര്‍ ഫോഴ്സ് ബെയ്സില്‍ നിന്നും വിക്ഷേപിക്കപ്പെട്ട ഈ ഉപഗ്രഹം വിക്ഷേപണം കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം തന്നെ സോളാര്‍ പാനലുകളുടെ തകരാര്‍ മൂലം പ്രവര്‍ത്തിക്കാതെ ആയി. 2007 ജനുവരിയില്‍ ഈ ക്ലാസിഫൈഡ് ഉപഗ്രഹവുമായുള്ള വാര്‍ത്താവിനിമയ ബന്ധവും നഷ്ട്രപ്പെട്ടു. 351 x 367 km ഭ്രമണപഥത്തിലേക്ക് വിക്ഷേപിക്കപ്പെട്ട ഇത് ഇപ്പോള്‍ 271 x 282 km ഭ്രമണപഥത്തിലാണെന്നും ദിവസേന 0.7 കി.മി വെച്ച് താഴ്ന്നു കൊണ്ടിരിക്കുകയാണെന്നുമാണ് വിദഗ്ദര്‍ പറയുന്നത്. താഴുന്നതിന്റെ വേഗത ഇനിയും കൂടിയേക്കും.
എവിടെ വന്ന് വീഴുമെന്നു പറയാന്‍ പറ്റില്ലത്രേ...
സര്‍ക്കാര്‍ ഏജന്‍സികള്‍ ഉപഗ്രഹത്തെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് പെന്റഗണ്‍ വക്താവ് Lieutenant Colonel Karen Finn അസോസിയേറ്റ് പ്രസ്സിനോട് പറഞ്ഞു. The satellite is "de-orbiting എന്നാണ് വക്താവ് പറഞ്ഞത്. ഉപഗ്രഹത്തില്‍ ഹൈഡ്രസീന്‍ (Hydrazine, a colorless liquid with an ammonia-like odor, is a toxic chemical and can cause harm to anyone who contacts it.) എന്ന/അടങ്ങിയ റോക്കറ്റ് ഇന്ധനം ഉണ്ടെന്ന റിപ്പോര്‍ട്ടുകളെക്കുറിച്ചും ഏത് തരത്തിലുള്ള ഉപഗ്രഹമാണിത് എന്നതിനെക്കുറിച്ചും വെളിപ്പെടുത്തുവാന്‍ ഇവര്‍ വിസമ്മതിച്ചു.. വിശദവിവരങ്ങള്‍ വെളിപ്പെടുത്താന്‍ പല ബുദ്ധിമുട്ടുകളും കാണും.
ഹൈഡ്രസീന്‍ കേന്ദ്ര നാഡീവ്യൂഹത്തെ ബാധിക്കുന്ന ഒന്നാണെങ്കിലും ചൂടും അള്‍ട്രാവയലറ്റ് രശ്മികളുമേറ്റാല് പെട്ടെന്ന് വിഘടിക്കപ്പെടുമെന്ന് ഫ്രഞ്ച് സെക്യൂരിറ്റി ഏജന്‍സി Ineris അവരുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇതിനു മുന്‍പും കണ്ട്രോള് പോയ കുറെ ഉപഗ്രഹങ്ങള്‍ ഭൂമിയില്‍ വീണിട്ടുണ്ട്. വലിയ കുഴപ്പമൊന്നുമില്ലാതെ. ഇതിന്റെ കാര്യത്തിലും പ്രശ്നങ്ങളൊഴിവാക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ് ഏജന്‍സികള്‍. ഒരു മിസൈല്‍ വെച്ച് ഇതിനെ തകര്‍ക്കാന്‍ പറ്റുമോ എന്ന കാര്യത്തെക്കുറിച്ചോ മറ്റു വിശദവിവരങ്ങളെക്കുറിച്ചോ ഇപ്പോള്‍ ഒന്നും പറയുന്നില്ലെന്ന് വക്താക്കള്‍ പറയുന്നു. മറ്റു രാജ്യങ്ങളെ വിവരമറിയിച്ചിട്ടുണ്ടെന്ന് ഇവര്‍ കൂട്ടിച്ചേര്‍ക്കുന്നു.
ഭൌമാന്തരീക്ഷത്തിലേക്ക് പ്രവേശിക്കുന്നതോടെ ഇതിന്റെ കുറെ ഭാഗങ്ങള്‍ കത്തിനശിക്കും. 2003ല്‍ കൊളംബിയ സ്പേസ് ഷട്ടില്‍ തകര്‍ന്നപ്പോള്‍ ഉണ്ടായതിലും വളരെ കുറച്ച് അവശിഷ്ട്രങ്ങള്‍ മാത്രമേ ഈ ഉപഗ്രഹത്തിന്റെ കാര്യത്തില്‍ ഭൂമിയില്‍ പതിക്കൂ എന്ന് വിദഗ്ദര്‍ പറയുന്നു.
ഇങ്ങിനെ കണ്ട്രോള് ഇല്ലാതെ ചാര ഉപഗ്രഹങ്ങള്‍ വീഴുന്നത് അമേരിക്കന്‍ രഹസ്യങ്ങള്‍ക്ക് ഭീഷണിയായേക്കാം. സാധാരണ ഗതിയില്‍ (ചാര) ഉപഗ്രഹങ്ങളൊക്കെ തിരിച്ചുവീഴുമ്പോള് നിയന്ത്രണ വിധേയമായി ലാന്‍ഡ് ചെയ്യിക്കാറുണ്ട്. അവശിഷ്ടങ്ങള്‍ മറ്റാര്‍ക്കും ലഭിക്കാത്ത രീതിയില്‍. ശത്രു രാജ്യങ്ങളിലെ ചാരസംഘടനകള്‍ക്ക് ഇതിന്റെ അവശിഷ്ടങ്ങള്‍ ലഭിക്കുന്നതിനെക്കുറിച്ചായിരിക്കും അമേരിക്കയുടെ ഏറ്റവും വലിയ വേവലാതി.
2002ല്‍ ഒരുപഗ്രഹത്തിന്റെ അവശിഷ്ടങ്ങള്‍ പേര്‍ഷ്യന്‍ ഗള്‍ഫ് പ്രദേശത്ത് പതിച്ചിരുന്നു.
രണ്ടായിരാമാണ്ടില്‍ നാസയുടെ എഞ്ചിനീയര്‍മാര്‍ റോക്കറ്റുകളുപയോഗിച്ച് 17 ടണ്ണുണ്ടായിരുന്ന ഒരുപഗ്രഹത്തെ പസഫിക് സമുദ്രത്തില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്യിച്ചിരുന്നു...
1979ല്‍ സ്കൈലാബ് എന്ന 78 ടണ്‍ ഭീമന് കണ്ട്രോള് നഷ്ടപ്പെട്ട് ഭൂമിയില്‍ വന്നു വീണതായിരുന്നു ഇതിനു മുന്‍പത്തെ സംഭവം. അതിന്റെ അവശിഷ്ടങ്ങള്‍ ഇന്ത്യാ മഹാസമുദ്രത്തിലും പടിഞ്ഞാറന്‍ ആസ്ത്രേലിയയിലും പ്രശ്നമുണ്ടാക്കാതെ വന്നു വീണു.
സ്കൈലാബ് വീണ സമയത്ത് എന്ത് മാത്രം ചര്‍ച്ചകളായിരുന്നു...എല്ലാവര്ക്കും അത് തന്നെയായിരുന്നു പറയാനുണ്ടായിരുന്നത്...സ്കൈലാബ് ഫാന്‍സ് അസോസിയേഷന് വരെ ഉണ്ടായിരുന്നോ എന്നു സംശയം.. സ്കൈലാബിനെക്കുറിച്ച് പറയാനറിയുന്ന മാഷന്മാര്ക്കായിരുന്നു സ്കൂളില്‍ അന്ന് വന്‍ ഡിമാന്‍ഡ്.
സ്കൈലാബിന്റെ പതനം ജാതകത്തില്‍ ചെലുത്തുന്ന ഫലം പ്രവചിച്ച് കാശുണ്ടാക്കാന്‍ ധാരാളം ജ്യോത്സ്യന്മാരും ഉണ്ടായിരുന്നു. അവരെ കളിയാക്കുന്ന ഒരു രസികന്‍ ലേഖനം ഇവിടെ
എന്തായാലും എല്ലാവരും ഒന്നു സൂക്ഷിച്ച് നടക്കുന്നത് കൊള്ളാം..(ഒരു സ്മൈലി)
ഇത് കൂടി വായിക്കാം..