Sunday, January 20, 2008

നാനൂറോളം ഔഷധച്ചെടികള്‍ വംശനാശ ഭീഷണിയില്‍

ഔഷധനിര്‍മാണത്തിനുപയോഗിക്കുന്ന നൂറു കണക്കിനു സസ്യങ്ങള്‍ വംശനാശഭീഷണിയിലെന്ന് പഠനം.

നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ വന്‍ തോതില്‍ കണ്ടിരുന്ന കുറുന്തോട്ടി, കറ്റാര്‍വാഴ, തഴുതാമ, പൂവാംകുറുന്തല്‍, പഞ്ചാരക്കൊല്ലി തുടങ്ങി വിദേശികളായ മഗ്നോളിയാസ്, ഹൂഡിയ, ക്രോക്കസ്, യൂ മരം എന്നിങ്ങനെ നാനൂറോളം സസ്യങ്ങളാണ് കുറ്റിയറ്റുപോകുന്നത്. 120 രാജ്യങ്ങളിലായി ബൊട്ടാണിക് ഗാര്‍ഡന്‍സ് കണ്‍സര്‍വേഷന്‍ ഇന്റര്‍നാഷണല്‍(BCGI) നടത്തിയ പഠനത്തിലാണ് ഈ വെളിപ്പെടുത്തല്‍. കുറ്റിയറ്റു പോകുന്ന ഏതാണ്ട് നാനൂറോളം സസ്യങ്ങളുടെ ലിസ്റ്റ് അവര്‍ തയ്യാറാക്കിയിട്ടുണ്ട്.

പ്രധാനമായും യൂറോപ്പില്‍ കണ്ടുവരുന്ന യൂ മരത്തിന്റെ തൊലിയില്‍നിന്നാണ് ക്യാന്‍സറിനുള്ള മരുന്നായ പാക്ളിടാക്സല്‍(paclitaxel) നിര്‍മിക്കുന്നത്. ഒരു ഡോസ് മരുന്നിന് ആറു മരങ്ങള്‍ വേണ്ടിവരും. അതിനാല്‍ത്തന്നെ ഈ മരങ്ങള്‍ നട്ടുവളര്‍ത്തുകയെന്നത് ബുദ്ധിമുട്ടാണ്.

കള്ളിമുള്‍ച്ചെടിവിഭാഗത്തില്‍പ്പെട്ട ഹൂഡിയ വിശപ്പില്ലായ്മക്കുള്ള മരുന്ന് നിര്‍മാണത്തിന് ഉപയോഗിക്കുന്നതാണ്. നമീബിയയാണ് ഹൂഡിയയുടെ ജന്മദേശം.അര്‍ബുദം, ചിത്തഭ്രമം, ഹൃദ്രോഗം എന്നിവയ്ക്കുള്ള മരുന്നായി ചൈനക്കാര്‍ 5000 വര്‍ഷമായി ഉപയോഗിക്കുന്ന ചെടിയാണ് മഗ്നോളിയ. ഇതിന്റെ അമ്പതു ശതമാനത്തോളം വനനശീകരണംമൂലം നശിച്ചു കഴിഞ്ഞു.

വനനശീകരണവും വന്‍തോതിലുള്ള ചൂഷണവുമാണ് ഈ ഔഷസസ്യങ്ങളുടെ നിലനില്‍പ്പ് അപകടത്തിലാക്കിയിരിക്കുന്നത്. ക്യാന്‍സറിനും എയ്‌ഡ്‌സിനും വരെ മരുന്ന് നിര്‍മിക്കാന്‍ കഴിയുന്ന സസ്യങ്ങള്‍ ഇനിയും കണ്ടെത്തി സംരക്ഷിച്ചില്ലെങ്കില്‍ അവയൊക്കെ ഈ ഭൂമുഖത്തുനിന്നുതന്നെ ഇല്ലാതാകും.

ഈ റിപ്പോര്‍ട്ട് പറയുന്നത് 5 ബില്യണ്‍ ജനങ്ങള്‍ ഇപ്പോഴും പരമ്പരാഗതമായ ചികിത്സാരീതിയാണ് പിന്‍‌തുടരുന്നതെന്നും അവരെ ഈ സസ്യങ്ങളുടെ നാശം ബാധിക്കും എന്നുമാണ്. ഈ സസ്യങ്ങളുടെ നാശം ആഗോളതലത്തില്‍ ആരോഗ്യ സംരക്ഷണ സംവിധാനങ്ങളെ ഗുരുതരമായി ബാധിക്കും എന്ന് ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയവരില്‍ ഒരാളായ Belinda Hawkins പറയുന്നു.

(അവലംബം: ബി.ബി.സി, ദേശാഭിമാനി വാര്‍ത്തകള്‍)

പഠനത്തിന്റെ പി.ഡി.എഫ് ഫയല്‍ ഇവിടെ

1 comment:

മൂര്‍ത്തി said...

ഔഷധനിര്‍മാണത്തിനുപയോഗിക്കുന്ന നൂറു കണക്കിനു സസ്യങ്ങള്‍ വംശനാശഭീഷണിയിലെന്ന് പഠനം.നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ വന്‍ തോതില്‍ കണ്ടിരുന്ന കുറുന്തോട്ടി, കറ്റാര്‍വാഴ, തഴുതാമ, പൂവാംകുറുന്തല്‍, പഞ്ചാരക്കൊല്ലി തുടങ്ങി വിദേശികളായ മഗ്നോളിയാസ്, ഹൂഡിയ, ക്രോക്കസ്, യൂ മരം എന്നിങ്ങനെ നാനൂറോളം സസ്യങ്ങളാണ് കുറ്റിയറ്റുപോകുന്നത്.